"മംഗലം കൂടാന്‍ ഞമ്മളുമുണ്ടേ ചങ്ങായീ'' എന്ന പാട്ടുകേട്ടപ്പോള്‍ തലശേരിക്കടുത്ത കുറെ ആശാന്മാര്‍ക്കുമാത്രമേ മനസ്സിലാകൂ എന്നാണ് ശതമന്യു കരുതിയത്. അത് തെറ്റായിപ്പോയി. ശ്രീനിവാസന്റെ മകന്‍ വിനീതമായി പാടിയ ആ പാട്ട് കഴിഞ്ഞ ദിവസം വേമ്പനാട്ടുകായലിലെ ഓളങ്ങള്‍ ഹിന്ദിയില്‍ മൂളുന്നത് കേട്ടു. അങ്ങനെയൊരു പാട്ടുപാടിയാണത്രേ രാജ്യത്തിന്റെ ഭാവിനായകന്‍ യുവരാജകുമാരന്‍ ആലപ്പുഴയിലെത്തിയത്. സ്വന്തം പൊന്നുചങ്ങാതിയുടെ മംഗലം കൂടാന്‍ 'കല്യാണകൌതുകം' ഡല്‍ഹിയില്‍നിന്ന് നെടുമ്പാശേരിലേക്ക് പറന്ന് അവിടെനിന്ന് സില്‍വര്‍ കളര്‍ സഫാരി കാറിലാണ് ആലപ്പുഴയില്‍ വന്നിറങ്ങിയത്.
വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നത് പണ്ട്. ഇപ്പോഴത് സാക്ഷാല്‍ എക്സിമയായാണ് മാറുന്നത്. ചികിത്സിച്ചാലും ചൊറിച്ചില്‍ മാറാത്ത അസുഖം. ശബരിമലയില്‍ മകരവിളക്ക് കാണാനെത്തിയ ഭക്തന്മാരില്‍ നൂറ്റിരണ്ടുപേര്‍ കൂട്ടത്തോടെ മരിച്ചു. വലിയ ഒരപകടം. യാദൃച്ഛികമായി സംഭവിച്ചത്. മനഃസാക്ഷിയുള്ള ആരും ആശ്വാസ വാക്കേ പറയൂ. കാട്ടിന്‍ നടുവില്‍ കൂരിരുട്ടില്‍ തിക്കിലും തിരക്കിലും പെട്ടാല്‍ മരിക്കുകയല്ലാതെ മറ്റൊന്നും നിര്‍വാഹമില്ല. അങ്ങനെ ജീവന്‍ പൊലിഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക; ജീവന്‍ ബാക്കിയുള്ളവര്‍ക്ക് ചികിത്സ നല്‍കുക, അപകടത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കുക, യാത്രാസൌകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് പിന്നെ ചെയ്യാനുള്ളത്. അത് സര്‍ക്കാര്‍ കുറ്റമറ്റ രീതിയില്‍ ചെയ്തു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഓടിയെത്തി. അതൊന്നും പ്രതിപക്ഷത്തിന്റെ പണിയല്ല. അവര്‍ സ്ഥലത്ത് കുതിച്ചെത്തുന്നുണ്ട്. പുല്ലുമേട് ദുരന്തം സംസ്ഥാനസര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണെന്ന് ചെന്നിത്തല. വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് ഉമ്മന്‍ചാണ്ടി. കുറ്റം പറയാനായിട്ട് തന്റെ യാചനായാത്ര നിര്‍ത്തിവച്ചാണ് ഉമ്മന്‍ചാണ്ടി എത്തിയത്. തെരഞ്ഞെടുപ്പടുക്കുന്നു. കൊട്ടുകാരും കൊട്ടിക്കലുകാരും നിരന്നുനിന്നിട്ടും വരാത്ത 'ഒരിതാ'ണ് പുല്ലുമേട്ടിലെ കൂട്ടമരണത്തോടെ യുഡിഎഫിന് വീണുകിട്ടിയത്.
പക്ഷേ, അല്‍പ്പസമയത്തേക്കേ അത് നിലനിന്നുള്ളൂ. അതിനിടെ എത്തി 'കല്യാണകൌതുകം.' അയ്യപ്പന്മാര്‍ വേദനയും കണ്ണീരും കടിച്ചമര്‍ത്തുമ്പോള്‍ ആലപ്പുഴയിലെ പുന്നമടക്കായലില്‍ യുവരാജാവിന്റെ ഉല്ലാസച്ചിരിയാണ് മുഴങ്ങിയത്. മൂന്നുതരം പായസം കൂട്ടി സദ്യ ഉച്ചയ്ക്കും പാലപ്പവും കൊഞ്ചും താറാവുകറിയും വൈകിട്ടും. മാതൃഭൂമിയും മനോരമയും രാഹുല്‍ജിയുടെ പുല്ലാങ്കുഴല്‍ ആസ്വാദനം സവിസ്തരം വിളമ്പിയത് സേവകൂടാനാണ്. പുല്ലാങ്കുഴലോ അയ്യപ്പന്മാരുടെ മരണമോ പ്രധാനമെന്ന് ചോദിച്ചാല്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനുപോലും എളുപ്പത്തില്‍ ഉത്തരം പറയാന്‍ കഴിയില്ല. പിന്നല്ലേ കുഞ്ഞുകുട്ടിയായ രാഹുല്‍. ജാള്യം മൂത്തപ്പോള്‍ വണ്ടിപ്പെരിയാറില്‍ പോകുമെന്നും ആശുപത്രിയിലെങ്കിലും എത്തുമെന്നുമെല്ലാം പറഞ്ഞുനോക്കിയെങ്കിലും രാഹുല്‍ 'കല്യാണം കൂടി, കായല്‍സൌന്ദര്യം നുകര്‍ന്ന്' മടങ്ങി. അപ്പോഴും വണ്ടിപ്പെരിയാറില്‍നിന്ന് എല്ലാ മൃതദേഹവും കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. കേരളത്തെ കുറ്റപ്പെടുത്താനിറങ്ങിയ ഉമ്മന്‍ചാണ്ടി തിരിച്ചുപോയി യാചനായാത്ര വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇനി രാഹുലിനെക്കുറിച്ച് എന്തുപറയുമോ എന്തോ.
*
അതിവിരുതന്മാര്‍ക്ക് എപ്പോഴും ഓര്‍ക്കാനുള്ള പേരാണ് ഷെര്‍ലക് ഹോംസ്. സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ലിന്റെ ഷെര്‍ലക് ഹോംസിനെ ആദ്യം മലയാളത്തില്‍ അവതരിപ്പിച്ചത് കേസരിയാണ്. ഒരു തസ്കരവീരന്റെ ജീവിതം പറയുന്ന 'വാസനാവികൃതി' എന്ന കഥയിലൂടെ അങ്ങനെ മലയാളിക്കും ആസ്വദിക്കാനായി അപസര്‍പ്പകകഥ. 'മേനോക്കിയെ കൊന്നതാര്' എന്നൊരപസര്‍പ്പകകഥകൂടി കേസരി പിന്നെ രചിച്ചിട്ടുമുണ്ട്. ഒരു ഭാവനാസമ്പന്നനായ വിരുതന്‍ കഴിഞ്ഞ ദിവസം മാതൃഭൂമി എന്ന പത്രത്തിന്റെ അകംപുറത്ത് 'ഇടതുപക്ഷ'മെന്ന പംക്തിയില്‍ ഇങ്ങനെ എഴുതി:
ഷെര്‍ലക്ഹോംസിന്റെ ഓര്‍മക്കുറിപ്പുകളില്‍ ഒരിടത്ത് സ്കോട്ലന്‍ഡ്യാര്‍ഡ് പോലീസിലെ ഇന്‍സ്പെക്ടര്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്: "ഏതെങ്കിലും വിഷയം എന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?'' "രാത്രിനേരത്ത് നായ കുരയ്ക്കാതിരുന്ന വിചിത്രമായ കാര്യം''- ഷെര്‍ലക് ഹോംസ്. "രാത്രി നേരത്ത് നായ ഒന്നുംതന്നെ ചെയ്തില്ലല്ലോ''- പോലീസ് ഇന്‍സ്പെക്ടര്‍. "അതുതന്നെയാണ് വിചിത്രമായ സംഭവവും''- ഷെര്‍ലക് ഹോംസ്.
നായ രാത്രിനേരങ്ങളില്‍ ഇല അനങ്ങിയാല്‍പ്പോലും കുരയ്ക്കുമെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നാണ് പറയുന്നത്. അങ്ങനെ കുരയ്ക്കാതിരുന്നാല്‍ വിചിത്രമായ സംഭവംതന്നെ. ചില നേരങ്ങളില്‍ ചില മനിതരും അങ്ങനെയാണ്. ഏഷണി, കുശുമ്പ്, കുത്തിത്തിരിപ്പ് തുടങ്ങിയ മഹദ്കൃത്യങ്ങളില്‍ വ്യാപൃതരായിക്കൊണ്ടേയിരിക്കും. അവര്‍ വിശ്രമിച്ചാലാണ് 'വിചിത്രസംഭവം'.
ഒടുവില്‍ അപ്പുക്കുട്ടന്റെ ഏഷണി വന്നത് ദേശാഭിമാനിക്കെതിരെയാണ്. അത് അങ്ങനെത്തന്നെ വേണം. പൂര്‍വാശ്രമത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരനായിരുന്ന അപ്പുക്കുട്ടനെ മാധ്യമനിരീക്ഷകന്‍ എന്ന പദവിയിലേക്കുയര്‍ത്തിയ സ്ഥാപനത്തെ അങ്ങനെ വെറുതെ വിടാന്‍ പാടില്ലല്ലോ. മറ്റു പലരും കമ്യൂണിസ്റ്റായശേഷമാണ് ദേശാഭിമാനിയില്‍ എത്തിയത്. അപ്പുക്കുട്ടന്‍ ദേശാഭിമാനിയിലെത്തിയശേഷമാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കാരനായത്. ദേവഗിരി കോളേജിലെ പ്രീഡിഗ്രിക്കാലത്തെ കെ.എസ്.യു വേഷവും പട്ടാളത്തില്‍ ചേരാന്‍ ത്സാന്‍സിയില്‍ പോയകാലത്തെ കോണ്‍ഗ്രസ് രൂപവും മാറാന്‍ ദേശാഭിമാനി ഓണപ്പതിപ്പിന്റെ താല്‍ക്കാലിക പ്രൂഫ് വായനക്കാരനാകേണ്ടിവന്നു അപ്പുക്കുട്ടന്. അതില്‍പ്പിന്നെയാണ് ചുവന്ന കൊടിയോടുള്ള അയിത്തം മാറിയത്. അങ്ങനെ വൈകിവന്ന ബോധോദയത്തിന്റെ കുഴപ്പം അന്നുമുതല്‍ പുറത്തുപോകുംവരെയും പുറത്തുപോയി ഇലയനക്കമില്ലാതെപോലും നിരന്തരം മാര്‍ക്സിസ്റ് പാര്‍ടിയെ നോക്കി ഓരിയിടുമ്പോഴും തെളിഞ്ഞുകാണുന്നുണ്ട്.
കെ ജി ബാലകൃഷ്ണന്‍ വിഷയത്തില്‍ മറ്റു പത്രങ്ങള്‍ വാര്‍ത്തയെഴുതിയപോലെ ദേശാഭിമാനി ഒരുങ്ങിക്കെട്ടി പുറപ്പെടാത്തതിലാണ് അപ്പുക്കുട്ടന്റെ ദുഃഖം. അത് പാര്‍ടി ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പുകൊണ്ടാണുപോലും. ആ വാദം സാധൂകരിക്കാന്‍ ദേശാഭിമാനിയില്‍ ചില സന്ദേശങ്ങള്‍ കൈമാറി എന്നൊക്കെ പറയുന്നുമുണ്ട്്. ഒളിഞ്ഞുനോട്ടം ശീലമാക്കിയവര്‍ക്ക് എവിടെനിന്നായാലും ചിലതൊക്കെ തടഞ്ഞുകിട്ടും. ദേശാഭിമാനിയെയും പ്രസ്ഥാനത്തെയും ഒറ്റിക്കൊടുത്ത് ശത്രുപാളയത്തിലെ അരിവയ്പുകാരനായി മാറിയ അപ്പുക്കുട്ടന് ചിലതൊക്കെ പഴയശീലങ്ങള്‍വച്ച് ഗണിച്ചെടുക്കാനാകും. അങ്ങനെ ഗണിച്ചുണ്ടാക്കിയതാണ് 'സന്ദേശ' കഥ.
കെ ജി ബാലകൃഷ്ണനെതിരെ ദേശാഭിമാനി വാര്‍ത്ത കൊടുക്കാതിരുന്നിട്ടില്ല. മറ്റു ചിലര്‍ ചെയ്തപോലെ ബാലകൃഷ്ണന്‍ വിരുദ്ധ ക്യാമ്പയിനിലേക്ക് പോയിട്ടില്ല എന്നുമാത്രം. അത് പലവട്ടം വിശദീകരിക്കപ്പെട്ടതാണ്. അപ്പുക്കുട്ടന്‍ ഇച്ഛിക്കുന്നതുപോലെ ദേശാഭിമാനിക്ക് എഴുതാനാകില്ല. കെ ജി ബാലകൃഷ്ണനെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനാക്കിയ ഒരു കൂട്ടരുണ്ട്- കോണ്‍ഗ്രസുകാര്‍. അവരാണ് 2ജി സ്പെക്ട്രം ഇടപാടില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍. അവരോട് എന്തേ അപ്പുക്കുട്ടന് ഒന്നും ചോദിക്കാനില്ലേ? അവിടെയല്ലേ അപ്പുക്കുട്ടാ യഥാര്‍ഥ സെന്‍സര്‍ഷിപ്പ്?
ഇടതുപക്ഷം എന്ന പേരിട്ട് വലതുപക്ഷത്തിനുവേണ്ടിയല്ലാതെ എന്നെങ്കിലും അപ്പുക്കുട്ടന് എഴുതാന്‍ കഴിയുന്ന ഒരു കാലം വരുമായിരിക്കും. അതുവരെ വീരന്‍ കല്‍പ്പിക്കുന്നതുമാത്രം എഴുതുക. ഉപദേശികളെ തല്‍ക്കാലം ദേശാഭിമാനി റിക്രൂട്ട് ചെയ്യുന്നില്ലെന്നാണ് വിവരം. പണ്ടുപറഞ്ഞതും പടയില്‍ തോറ്റതും ആസനത്തിലെ തഴമ്പിന്റെ പഴക്കവും പറഞ്ഞ് ആളെ പേടിപ്പിക്കാന്‍ നോക്കാതെ, സ്വയം ഏതു തറയിലാണ് നില്‍ക്കുന്നതെന്ന് പരിശോധിച്ചെങ്കില്‍ അപ്പുക്കുട്ടന് ഈ വാസനാവികൃതി തോന്നില്ലായിരുന്നു. പഴയൊരു പത്രപ്രവര്‍ത്തകനായ പി രാജന്‍ എറണാകുളത്തുതന്നെയുണ്ട്. രേഖകള്‍ അവിടെ കിട്ടും. എഴുതാമോ സത്യസന്ധമായി? അപ്പോഴറിയും സെന്‍സര്‍ഷിപ്പെന്തെന്ന്.
2 comments:
പക്ഷേ, അല്‍പ്പസമയത്തേക്കേ അത് നിലനിന്നുള്ളൂ. അതിനിടെ എത്തി 'കല്യാണകൌതുകം.' അയ്യപ്പന്മാര്‍ വേദനയും കണ്ണീരും കടിച്ചമര്‍ത്തുമ്പോള്‍ ആലപ്പുഴയിലെ പുന്നമടക്കായലില്‍ യുവരാജാവിന്റെ ഉല്ലാസച്ചിരിയാണ് മുഴങ്ങിയത്. മൂന്നുതരം പായസം കൂട്ടി സദ്യ ഉച്ചയ്ക്കും പാലപ്പവും കൊഞ്ചും താറാവുകറിയും വൈകിട്ടും. മാതൃഭൂമിയും മനോരമയും രാഹുല്‍ജിയുടെ പുല്ലാങ്കുഴല്‍ ആസ്വാദനം സവിസ്തരം വിളമ്പിയത് സേവകൂടാനാണ്. പുല്ലാങ്കുഴലോ അയ്യപ്പന്മാരുടെ മരണമോ പ്രധാനമെന്ന് ചോദിച്ചാല്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനുപോലും എളുപ്പത്തില്‍ ഉത്തരം പറയാന്‍ കഴിയില്ല. പിന്നല്ലേ കുഞ്ഞുകുട്ടിയായ രാഹുല്‍. ജാള്യം മൂത്തപ്പോള്‍ വണ്ടിപ്പെരിയാറില്‍ പോകുമെന്നും ആശുപത്രിയിലെങ്കിലും എത്തുമെന്നുമെല്ലാം പറഞ്ഞുനോക്കിയെങ്കിലും രാഹുല്‍ 'കല്യാണം കൂടി, കായല്‍സൌന്ദര്യം നുകര്‍ന്ന്' മടങ്ങി. അപ്പോഴും വണ്ടിപ്പെരിയാറില്‍നിന്ന് എല്ലാ മൃതദേഹവും കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. കേരളത്തെ കുറ്റപ്പെടുത്താനിറങ്ങിയ ഉമ്മന്‍ചാണ്ടി തിരിച്ചുപോയി യാചനായാത്ര വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇനി രാഹുലിനെക്കുറിച്ച് എന്തുപറയുമോ എന്തോ.
Post a Comment