പണ്ട് പൊലീസ് സ്റേഷനില്‍ കയറുമ്പോള്‍ നടയടിയുണ്ട്. ഇടതുകാല്‍വച്ച് കയറിപ്പോയാല്‍, 'കഴുവേറീടെ മോനെ, മുടിപ്പിക്കാനായിട്ടാണോടാ' എന്നലറി അടി. വലതുകാല്‍വച്ചാലോ- 'നീയെന്തെടാ അച്ചിവീട്ടില്‍ പൊറുതിക്കു വന്നതോ' എന്നാവും മുരള്‍ച്ച; കൂടെ പൊരിഞ്ഞ അടിയും. ഇടതും വലതും ഓരോന്നായി വേണ്ട, രണ്ടുംപൊക്കി ചാടിനോക്കണം. അപ്പോള്‍ കിട്ടും പരുപരുത്ത അടി. 'എന്തെടാ പൊലീസ് സ്റ്റേഷനില്‍ തുള്ളിക്കളിക്കുന്നോ' എന്നാവും ഏമാന്റെ ചോദ്യം. ഇതിപ്പോള്‍ ഒരു നാട്ടുനടപ്പാണ്. ചില കാര്യങ്ങളില്‍ സിപിഐ എം എന്ന പാര്‍ടി മിണ്ടിയാല്‍ കുറ്റം; മിണ്ടിയില്ലെങ്കില്‍ കുറ്റം; കുറച്ചു മിണ്ടിയാല്‍ കുറ്റം; കൂടുതല്‍ മിണ്ടിയാല്‍ അതിലേറെ കുറ്റം. കുറ്റത്തിന്റെ അളവും തൂക്കവും നിശ്ചയിക്കുന്നത് ഇന്ദ്രനും ചന്ദ്രനും വീരനും കീചകനുമൊക്കെയാണ്.
അഴിമതിക്കാരെന്നു പേരുകേട്ടവരും പേരുകേള്‍പ്പിക്കാതെ അഴിമതി നടത്തിയവരുമായ ജഡ്ജിമാരും രാഷ്ട്രീയക്കാരും പത്രമുതലാളിമാരുമൊക്കെ തെക്കുവടക്കു നടക്കുന്ന നാടാണിത്. പണ്ടൊരു ജഡ്ജി കോളക്കമ്പനിക്കുവേണ്ടി വിധിപറഞ്ഞ് വാഴ്ത്തപ്പെട്ടവനായി. സ്വാശ്രയ കോളേജുകള്‍ക്കുവേണ്ടി വിധിപറഞ്ഞ ജഡ്ജിക്ക് ഉല്ലാസ നൌകയില്‍ സ്വാശ്രയത്വം അനുവദിച്ചുകൊടുത്ത ചരിത്രവുമുണ്ട്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണകള്‍ നടന്നും പറന്നും ചെന്നു ആ ജഡ്ജിയുടെ പിന്നാലെ. അത്തരമൊരാളെ നാടുകടത്തണമെന്നു പറഞ്ഞവര്‍ അധമന്‍മാരായി; അക്രമികളായി. അന്നൊന്നും അഴിമതിയുടെയും അളിഞ്ഞ ജുഡീഷ്യറിയുടെയും കഥകള്‍ക്കുപിന്നാലെ ഒരു ദേവേന്ദ്രനും പോയതുകണ്ടില്ല. ലാവ്ലിന്‍ കേസില്‍ ആദ്യം തെറ്റായി സിഎജി പറഞ്ഞതും പിന്നീട് തിരുത്തിയതുമായ കണക്കാണ് ഇന്നും മാധ്യമ വീരസിംഹങ്ങളുടെ സമരായുധം. ടു ജി സ്പെക്ട്രം കേസില്‍ സിഎജി പറഞ്ഞ കണക്കൊന്നും കണക്കല്ലെന്ന് അതേ മാധ്യമവീരര്‍ തന്നെ പറയുന്നു. ഇവിടത്തെ സിഎജി തങ്കക്കുടവും അവിടത്തേത് ചാണകക്കട്ടയും. അപ്പപ്പോള്‍ തനിക്കു തോന്നുന്നതുമാത്രമല്ല, മുതലാളിയുടെ വീട്ടിലെ വളര്‍ത്തുമൃഗത്തിനുതോന്നുന്നതുവരെ കോതയ്ക്ക് വിശേഷാല്‍ പാട്ടാണ്.
കെ ജി ബാലകൃഷ്ണനെതിരെ സിപിഐ എം വാളെടുത്ത് വെളിച്ചപ്പെടാത്തതാണത്രെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കുറ്റം. അതിന് ഒരു കാരണവും കണ്ടെത്തിക്കളഞ്ഞു-ലാവ്ലിന്‍ കേസില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ സഹായിച്ചുവത്രെ. ലാവ്ലിന്‍ കേസില്‍ ഏതായാലും ചീഫ് ജസ്റ്റിസിന്റെ സഹായം ആവശ്യമുള്ള തീര്‍പ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. ആ കേസിന്റെ വിചാരണ തുടങ്ങിയിട്ടുമില്ല. അങ്ങനെ ചിലത് നടന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ കുറെയാളുകള്‍ ഉറക്കമിളച്ച് പാടുപെട്ടിട്ടുണ്ടെന്നത് ചരിത്രസത്യം.
പിണറായി വിജയന് ഒരുതരത്തിലുള്ള നീതിയും കിട്ടിക്കൂടാ എന്ന് നിര്‍ബന്ധബുദ്ധിയുള്ളവരുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രി എന്ന് വിളിച്ചവരും അഴിമതിയുടെ കറ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉശിരനായ രാഷ്ട്രീയ നേതാവെന്ന് പിണറായിയെ വിശേഷിപ്പിച്ചവരും ഇന്നെന്തിന് അദ്ദേഹത്തിന്റെ ചോരയ്ക്കായി ദാഹിക്കുന്നു എന്ന് വാചാലമൌനക്കാര്‍തന്നെ പറയട്ടെ. തമിഴ്നാട്ടിലെ വ്യവസായവല്‍ക്കരണത്തെക്കുറിച്ച് പ്രസംഗിച്ചാല്‍, കയറുമെടുത്ത് ഗുജറാത്തിലേക്ക് പാഞ്ഞുചെന്ന് വാര്‍ത്തയെഴുതുന്നവരുടെ കൈയിലിരിപ്പും മനസിലിരിപ്പും അതിനൊപ്പം ചില്ലിട്ടുവയ്ക്കേണ്ടതാണ്.
ജഡ്ജിയല്ല, ദൈവംതമ്പുരാന്‍ നടത്തിയാലും അഴിമതി അഴിമതിതന്നെ.അഴിമതി നടത്തിയവരെ പിടിച്ചുകെട്ടാന്‍ ആരെക്കാളും മുന്നില്‍ മാര്‍ക്സിസ്റ്റുകാരുമുണ്ടാകും. കോണ്‍ഗ്രസ് പാര്‍ടിയിലെ ഗ്രൂപ്പിസത്തിന്റെ പേരില്‍ അഴിമതിക്കഥകള്‍ അങ്ങോട്ടുമിങ്ങോട്ടും വാരിയെറിയുമ്പോള്‍ അതിലൊരു പക്ഷത്ത് മാര്‍ക്സിസ്റ്റുകാരെ പ്രതിഷ്ഠിക്കണമെന്നു പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമല്ല. ശ്രീനിജന്‍ കോണ്‍ഗ്രസ്, ഭാസ്കരന്‍ കോണ്‍ഗ്രസ്; ജസ്റിസ് ബാലകൃഷ്ണനെ മനുഷ്യാവകാശ കമീഷന്റെ തലപ്പത്തിരുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍. കുട്ടപ്പന് സീറ്റുകിട്ടാന്‍ ശ്രീനിജനെതിരെ വെടിപൊട്ടി. അതിനൊപ്പം മാര്‍ക്സിസ്റ്റ് പാര്‍ടി ആചാരവെടി പൊട്ടിക്കാത്തതാണത്രെ കുറ്റം. തെളിവുവരട്ടെ, എന്നിട്ട് പ്രതികരിക്കാം എന്ന മാന്യതയൊന്നും ഇവിടെ നടപ്പില്ല. ഏതോ ഒരു കോണ്‍ഗ്രസുകാരന്‍ അയച്ച കടലാസിന്റെ മേല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ അതും കുറ്റമായി-അത്തരം അന്വേഷണംകൊണ്ട് കാര്യമില്ലപോലും. എങ്കില്‍ ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിക്കാത്തതെന്ത് എന്ന് ചോദിച്ചേക്കരുത്-പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് വരും.
*
ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സ്പെക്ട്രം അഴിമതി അഴിമതിയേ അല്ലത്രെ. എന്തിന് ജെപിസി അന്വേഷണം; വേണമെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കട്ടെ എന്നാണ് വെല്ലുവിളി. അത് നല്ല കാര്യം. രൂഭാ ഒന്നേമുക്കാല്‍ ലക്ഷം കോടി കൈയിലുള്ളപ്പോള്‍ അതില്‍ ഒരു നുറോനൂറ്റമ്പതോ കോടികൊടുത്താല്‍ എത്ര എംപിമാരെയും ചാക്കില്‍ കയറ്റാം. അങ്ങനെ ചാക്കില്‍ കയറാന്‍ പോവുകയും നല്ല തല്ലുപേടിച്ച് തല്‍ക്കാലം കയറാതിരിക്കുകയുംചെയ്ത കുട്ടിമാരെ ഈ കേരളത്തില്‍തന്നെ കണ്ടതാണല്ലോ. അതിനെക്കുറിച്ചൊന്നും എഴുതാനുള്ള സ്വാതന്ത്ര്യമോ അവകാശമോ ഒരു മുത്തുപ്പട്ടര്‍ക്കുമില്ല. അഥവാ ആര്‍ക്കെങ്കിലും മിണ്ടണമെന്നു തോന്നിയാല്‍ വായില്‍ കുത്തിത്തിരുകുന്നത് പത്രക്കടലാസാവില്ല-മുതലാളി വിരചിച്ച് ഗോഡൌണില്‍ കുന്നുകൂട്ടിയ വല്ല സാഹിത്യമഹാഗ്രന്ഥവുമായിരിക്കും.
കലികാലം എന്നതിനുപകരം; ഇപ്പോള്‍ വഴുതനങ്ങാക്കാലമാണ്. പണ്ട് കര്‍ഷകത്തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിച്ച് ട്രാക്ടര്‍ വന്നപ്പോള്‍ കഞ്ഞിയും വേണം; ട്രാക്ടറും വേണം എന്ന് പറഞ്ഞത് കുറ്റമായിരുന്നു. മനുഷ്യരെ പുറത്താക്കൂ-നമുക്ക് കംപ്യൂട്ടര്‍ മതി എന്നാണ് ചിലര്‍ സിദ്ധാന്തിച്ചത്. അത് നടപ്പില്ല-മനുഷ്യന്റെ നിലനില്‍പ്പ് ഉറപ്പാക്കിയിട്ടുമതി കംപ്യൂട്ടറിന്റെ സര്‍വാധിപത്യം എന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍, ഇതാ വികസന വിരോധികള്‍ എന്നായി. വയലെല്ലാം നികത്തി തെങ്ങും റബറും മണിമാളികകളും നട്ടപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞു-ഭക്ഷണത്തിന് ബുദ്ധിമുട്ടുമേ എന്ന്. അത് വികസന വിരോധമായി. ഇപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ പറയുന്നു- നമുക്ക് ശാസ്ത്രത്തിന്റെ ചില നേട്ടങ്ങളൊക്കെ കൃഷിയില്‍ ഉപയോഗിച്ചുകൂടേ എന്ന്. ഇതാ ഇവര്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടി വിടുപണിചെയ്യുന്നു; ഇവര്‍ വിലക്കെടുക്കപ്പെട്ടിരിക്കുന്നു എന്നാണ് അതിനോടുള്ള പ്രതികരണം.
കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞതുകൊണ്ട് കാര്യമൊന്നും നേടാനില്ല. സ്വന്തമായി പറയാന്‍ രാഷ്ട്രീയം വലുതായി ഇല്ലേയില്ല. മാര്‍ക്സിസ്റ്റുകാരെ ഒന്നു കുത്തിയാല്‍ വാര്‍ത്തയാകും. ഒന്നിച്ചിരിക്കുന്നയാളെ മോശക്കാരനാക്കിയാലേ ചിലര്‍ക്ക് സദ്ഗുണസമ്പന്നപ്പട്ടം കിട്ടൂ. അതും അതിജീവനത്തിനുള്ള ഒരു മാര്‍ഗംതന്നെ. വഴുതന ഇന്ത്യയുടെ സ്വന്തമാണ്-അതിന്റെ വൈവിധ്യങ്ങള്‍ ഇവിടെയാണ്. അത്കൊണ്ട് ജനിതക വഴുതന നമുക്ക് വേണ്ട എന്നു പറഞ്ഞതിനെവച്ചാണ് ആഘോഷം. ഒരാള്‍ തടവിനോക്കിയപ്പോള്‍ വഴുതനങ്ങയുടെ തല ഒബാമയുടെ താടിപോലിരിക്കുന്നു. മറ്റൊരാളുടെ കരസ്പര്‍ശത്തില്‍ വഴുതനയ്ക്ക് സര്‍കോസിയുടെ സ്വഭാവമാണ്. ഇനിയൊരു തടവിപ്പിടിത്തത്തില്‍ വഴുതനങ്ങയ്ക്ക് റബറിന്റെ മാര്‍ദവമാണ്. അങ്ങനെ വഴുതനങ്ങയ്ക്ക് കുരുടന്‍മാരുടെ നിര്‍വചനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇന്നാട്ടില്‍ ജൈവവൈവിധ്യമില്ലാത്ത റബറിന്റെ ജനിതകമാറ്റം വരുത്തിയ സന്തതി വന്നാല്‍ നാടിനെന്തു ദോഷം-റബറിനെന്തു ദോഷം എന്ന് ഈ അന്ധശാസ്ത്രജ്ഞര്‍ പറയേണ്ടതല്ലേ?
എതിര്‍ സ്ഥാനാര്‍ഥി അസുഖമന്വേഷിക്കാന്‍ വന്നാല്‍ 'നാടകം വേണ്ട' എന്ന് മുഖത്തടിച്ചു പറയുന്നത് മാന്യതയും അഴിമതിക്കാരെയും തട്ടിപ്പുകാരെയും കൈയേറ്റക്കാരെയും അസത്യപ്രചാരകരെയും മുഖത്തുനോക്കി വിമര്‍ശിക്കുന്നത് ധാര്‍ഷ്ട്യവുമാണത്രെ. മാന്യതയ്ക്കുള്ള ഐഎസ്ഐ മുദ്ര ഏതോ ഒരു കമ്മട്ടത്തില്‍ അച്ചടിക്കുന്നുണ്ട്. എന്തായാലും മാര്‍ക്സിസ്റ്റ് പാര്‍ടിക്കിത് കഷ്ടകാലമാണ്. അല്ലെങ്കില്‍ കഷ്ടത്തിലാക്കുന്ന കാലമാണ്. കോണ്‍ഗ്രസ് കട്ടാല്‍ മാര്‍ക്സിസ്റ്റിനെ പിടിക്കും. വാര്‍ത്തയില്‍ പേരുവരണമെങ്കില്‍ ഒരുകാര്യവുമില്ലാതെ മാര്‍ക്സിസ്റ്റുകാരെ തെറിവിളിക്കും. ചെന്നൈക്കാര്യം പറഞ്ഞാല്‍ സംഗതി ഗുജറാത്തിലെത്തിച്ച് മോഡിയെ വരുത്തും. വഴുതനങ്ങയില്‍ പിടിച്ചാല്‍ റബറുകൊണ്ട് തടുക്കും. വികസനം വേണമെന്ന് പറഞ്ഞാല്‍ മൂരാച്ചിയാക്കും.
ഒരു സെമിനാറില്‍ കേട്ടത്, മനോരമ ഏറ്റവും കൂടുതല്‍ മാര്‍ക്സിസ്റ്റുകാരെ എതിര്‍ത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും ഒന്‍പതു സീറ്റില്‍ ഒതുങ്ങേണ്ടിവന്നു എന്നാണ്. അങ്ങനെയാണ് കാര്യമെങ്കില്‍ ആക്രമണം നാനാഭാഗത്തുനിന്നും കൂടുതല്‍ ശക്തിയായിത്തന്നെ നടക്കട്ടെ എന്നേ ശതമന്യുവിന് പറയാനുള്ളൂ.
1 comment:
കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞതുകൊണ്ട് കാര്യമൊന്നും നേടാനില്ല. സ്വന്തമായി പറയാന്‍ രാഷ്ട്രീയം വലുതായി ഇല്ലേയില്ല. മാര്‍ക്സിസ്റ്റുകാരെ ഒന്നു കുത്തിയാല്‍ വാര്‍ത്തയാകും. ഒന്നിച്ചിരിക്കുന്നയാളെ മോശക്കാരനാക്കിയാലേ ചിലര്‍ക്ക് സദ്ഗുണസമ്പന്നപ്പട്ടം കിട്ടൂ. അതും അതിജീവനത്തിനുള്ള ഒരു മാര്‍ഗംതന്നെ. വഴുതന ഇന്ത്യയുടെ സ്വന്തമാണ്-അതിന്റെ വൈവിധ്യങ്ങള്‍ ഇവിടെയാണ്. അത്കൊണ്ട് ജനിതക വഴുതന നമുക്ക് വേണ്ട എന്നു പറഞ്ഞതിനെവച്ചാണ് ആഘോഷം. ഒരാള്‍ തടവിനോക്കിയപ്പോള്‍ വഴുതനങ്ങയുടെ തല ഒബാമയുടെ താടിപോലിരിക്കുന്നു. മറ്റൊരാളുടെ കരസ്പര്‍ശത്തില്‍ വഴുതനയ്ക്ക് സര്‍കോസിയുടെ സ്വഭാവമാണ്. ഇനിയൊരു തടവിപ്പിടിത്തത്തില്‍ വഴുതനങ്ങയ്ക്ക് റബറിന്റെ മാര്‍ദവമാണ്. അങ്ങനെ വഴുതനങ്ങയ്ക്ക് കുരുടന്‍മാരുടെ നിര്‍വചനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇന്നാട്ടില്‍ ജൈവവൈവിധ്യമില്ലാത്ത റബറിന്റെ ജനിതകമാറ്റം വരുത്തിയ സന്തതി വന്നാല്‍ നാടിനെന്തു ദോഷം-റബറിനെന്തു ദോഷം എന്ന് ഈ അന്ധശാസ്ത്രജ്ഞര്‍ പറയേണ്ടതല്ലേ?
Post a Comment