Sunday, October 10, 2010

ഒരു നിശബ്ദ ഘോഷയാത്ര

വോട്ടെടുപ്പ് അടുക്കുന്തോറും മാങ്ങയുടെ പുളിപ്പ് അറിയാന്‍ പറ്റും. അമിതമായ ആത്മവിശ്വാസം കുഴിയില്‍ ചാടിക്കും. അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണം മാറുമെന്ന് ഒരു കഥ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്ഷീണിച്ച ഇടതന്‍മാര്‍ക്ക് ഇനി എണീക്കാനാവില്ലെന്ന് മറ്റൊരു പ്രതീക്ഷ. വീരനും ഔസേപ്പും കുലംകുത്തിക്കുട്ടന്‍മാരും കടന്നുവന്നതിന്റെ സഹിക്കാനാവാത്ത സുഖം. മാധ്യമ മച്ചമ്പിമാരുടെ മണിമണിപോലത്തെ സഹായം എല്ലാറ്റിനും മേലെ. ഒരു കൈ രാമജന്‍മഭൂമിപ്പാര്‍ടിക്കെങ്കില്‍ മറ്റേക്കൈ കൈവെട്ടുകമ്പനിക്ക്. ആടിനെയും പൈക്കളെയും ആട്ടിത്തെളിച്ച് വലതുവശത്തെ കൂടാരത്തിലേക്ക് കയറ്റാമെന്ന് ഇടയന്‍മാരുടെ കൂട്ടപ്പാട്ട്. ആനന്ദലബ്ധിക്ക് ഇനി വേറൊന്നും വേണ്ട.

ഈ വരുന്നത് പഞ്ചായത്ത് ഭരണം. ഇനി വരാനിരിക്കുന്നത് സംസ്ഥാന ഭരണം. മഅ്ദനി, ലാവ്ലിന്‍ എന്നെല്ലാം പറഞ്ഞു ബഹളംവച്ചും നുണക്കഥകളിറക്കിയും ലോക്സഭയിലേക്ക് പത്തുപതിനാറുപേരെ പറഞ്ഞുവിട്ടിട്ടുണ്ട്. അതിനി തുടര്‍ന്നും നടക്കുമെന്ന് കരുതിപ്പോയതില്‍ കുറ്റം പറയാന്‍ പറ്റില്ല. അത്തിയില്‍ പഴുത്ത കായുണ്ടാകുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണുവരുന്നത് ചരിത്രാതീത കാലം മുതലുള്ള നാട്ടുനടപ്പാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ക്കാപ്പുറത്ത് ജയിച്ചപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പാകുന്ന അത്തിമരത്തിലേക്ക് കണ്ണുനട്ട് കാത്തിരുന്നതാണ് ചെന്നിത്തല-ഉമ്മന്‍ കോണ്‍ഗ്രസ്. കാര്യങ്ങള്‍ പിന്നെ പന്തിയില്‍ നിന്നില്ല. ചെറുപ്പക്കാരുടെ കൂട്ടം ക്യാമ്പസുകളിലാണല്ലോ. കേരളത്തിലെ നാനാ കോളേജുകളിലും തെരഞ്ഞെടുപ്പു നടന്നു. ഒരു സര്‍വകലാശാലയിലും കെ.എസ്.യുവിനെ കാണാനില്ല. നീലപ്പറവകളുടെ ജന്‍മനാട് ആലപ്പുഴയാണ്. അവിടെയുമില്ല, തൊട്ടടുത്ത പത്തനംതിട്ട ജില്ലയിലുമില്ല ഒരു കോളേജ് യൂണിയനില്‍പോലും കെ.എസ്.യുവിന്റെ നീലക്കൊടി.

സുനാമി വരുന്നത് കാലേക്കൂട്ടി കണ്ടുപിടിക്കുന്ന ചില ജീവികളുണ്ട്. അതുപോലെ, ഭരണമാറ്റം നേരത്തെ മണത്തറിയുന്നത് പൊലീസ് സേനയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരുന്നത്, അവരോടായിരിക്കും നാലാംകൊല്ലത്തെ പൊലീസ് സംഘടനയുടെ കൂറ്. ഇവിടെ, നിലവിലുള്ള നേതൃത്വംതന്നെ ഇക്കുറി അസോസിയേഷനില്‍ വിജയം തൂത്തുവാരി. കോണ്‍ഗ്രസ് അനുകൂലികള്‍ തോറ്റ് വീട്ടിലിരിക്കുന്നു. ഇതൊക്കെ ചില ലക്ഷണങ്ങളാണ്.

അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണം മാറും എന്നൊരു ധാരണ ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. അഞ്ചുകൊല്ലം ഇടതന്‍മാര്‍ കഷ്ടപ്പെട്ട് ഭരിച്ച് നാട് നന്നാക്കിക്കൊള്ളും. അതുകഴിഞ്ഞ് തങ്ങള്‍ വരും; ഭരിക്കും; വിഴുങ്ങും. ഇതിങ്ങനെ തുടര്‍ന്നുപോയാല്‍ ഇടതുഭരണവും വലതുകൊള്ളയും മാറിമാറി വന്നുകൊള്ളും. അഞ്ചുകൊല്ലത്തെ കൊള്ളമുതല്‍ പത്തുകൊല്ലത്തെ സുഖജീവിതത്തിനുള്ള ഇന്ധനമാണല്ലോ. ഇത്തവണ

ഈ ഗണിതത്തിന് അല്‍പ്പസ്വല്‍പ്പം മാറ്റമുള്ളതായാണ് തോന്നുന്നത്. നാലുകൊല്ലം തികച്ച സര്‍ക്കാരിനെക്കുറിച്ച് പറയത്തക്ക ആക്ഷേപമൊന്നും കേള്‍ക്കാനില്ല. സര്‍ക്കാര്‍ചെയ്ത നല്ല നല്ല കാര്യങ്ങള്‍ ജനങ്ങള്‍ ഓര്‍ക്കുന്നുമുണ്ട്. വലതുമുന്നണി കലഹമുന്നണിയാണ്. ഇടതുവശത്ത് പാര്‍ടികള്‍ കുറവ്; പിണക്കവും കുറവ്. ആനപ്പുറത്തുകയറി മുന്നണിപ്രവേശം നടത്തിയ വീരനും സ്വന്തം കുതിരയെ ആരാനുകൊടുത്ത് മാണിയെന്ന ട്രോജന്‍ കുതിരയില്‍ കയറി മുന്നണിപ്രവേശംചെയ്ത ഔസേപ്പും ഗതിപിടിച്ചിട്ടില്ല. ഗൌരിയമ്മയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കളി തീരെ പിടിക്കുന്നില്ല. എല്ലാം കുഴഞ്ഞുമറിഞ്ഞുകിടപ്പാണ്. നാട്ടിലൂടെ നടക്കുമ്പോള്‍ വലതന്‍മാരുടെ താവളത്തിലെ ഒച്ചപ്പാടേ കേള്‍ക്കുന്നുള്ളൂ.

*
മുരളിയെ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പേടിയാണ്. അതുകൊണ്ട് പാര്‍ടിയില്‍ വേണ്ട. എന്നാല്‍, കോഴിക്കോട്ടുകാര്‍ക്ക് മുരളിയുടെ സഹായം കൂടിയേതീരു. അവര്‍ തലയില്‍ മുണ്ടിട്ട് മുരളീധരന്റെ വീട്ടിലേക്ക് കയറിച്ചെന്നാണ് കൊടുക്കല്‍ വാങ്ങല്‍ തീര്‍പ്പാക്കിയത്. മുരളിക്കൂട്ടത്തിന് സീറ്റ് നല്‍കിയതില്‍ കെറുവിച്ച് കോണ്‍ഗ്രസുകാര്‍ റിബലുകളായി. വീരന്റെ പാര്‍ടി ഉള്ളിടത്ത് ഒറ്റയ്ക്കാണ്.

കണ്ണൂരില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇടതുമുന്നണിക്ക് ജയമാണ്. 28 സീറ്റില്‍ എതിരില്ലാത്ത ജയം. സ്വയം പിന്‍മാറിയ സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോക്ക് വിവാദത്തില്‍ നായകനാക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. സ്ഥാനാര്‍ഥിതന്നെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞു-താന്‍ കോണ്‍ഗ്രസല്ല; ആരും ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന്.

വയനാട്ടില്‍ മാണിക്കും വീരനും കിട്ടിയത് സീറ്റല്ല-അവഗണനയാണ്. വീരന്റെ പാര്‍ടിക്കുപോലും അവിടെ റിബല്‍. പാലക്കാട്ട് അച്യുതന്റെ കള്ളാണ് പ്രശ്നം. എ പറയുന്നു അത് വിഷക്കള്ളെന്ന്. അച്യുതന്‍ പറയുന്നു-എങ്കില്‍ നിങ്ങള്‍ക്ക് സീറ്റില്ലെന്ന്. മലപ്പുറത്തെ നിലമ്പൂര്‍ നഗരസഭയില്‍ യുഡിഎഫിലെ കോണ്‍ഗ്രസും ലീഗുമൊഴികെയുള്ളവരുടെ പിന്തുണ എല്‍ഡിഎഫിനാണ്. കോണ്‍ഗ്രസും ലീഗും വലിയേട്ടന്‍മാരായല്ല-വല്യ കാരണവന്‍മാരായാണ് അവിടെ മുറുക്കിത്തുപ്പുന്നത്. ആലപ്പുഴ ഇന്ന് വിമതപ്പുഴയാണ്. ഗൌരിയമ്മയുടെയും ഡിസിസി പ്രസിഡന്റ് ഷുക്കൂറിന്റെയും വാര്‍ഡുകളിലടക്കം യുഡിഎഫിന് വിമതശല്യം. ഇടുക്കിയിലേക്ക് കയറിയാല്‍ ഒരു പാട്ടുകേള്‍ക്കാം. "പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്....'' തലചായ്ക്കാന്‍ മണ്ണിലിടമില്ലാതെ വിനീതഗായകന്‍ പാടിപ്പാടി നടക്കുകയാണ്. പിടിച്ചതും പറക്കുന്നതും നഷ്ടപ്പെട്ട മോഹഭംഗക്കാരന്റെ പാട്ട്. കൈവെട്ടുകാരുമായാണ് കോണ്‍ഗ്രസിന് സൌഹൃദം. മാണിയും ഔസേപ്പും ലീഗും വേണ്ട; കൈവെട്ടുന്ന കത്തിമതി കോണ്‍ഗ്രസിന്. മാണിക്ക് ലയന സമ്മാനം കോണ്‍ഗ്രസുമായി നേരിട്ടുള്ള യുദ്ധത്തിലെ പങ്കാളിത്തമാണ്.

റബറും റിബലുമാണ് കോട്ടയത്തെ യുഡിഎഫിന്റെ ഇരട്ട സന്താനങ്ങള്‍. കോട്ടയം നഗരസഭയില്‍ 52 വാര്‍ഡില്‍ 30 എണ്ണത്തിലും യുഡിഎഫിന് റിബല്‍. കെപിസിസി മെമ്പര്‍മാരും ഡിസിസി ഭാരവാഹികളും അസംതൃപ്തരുടെ കൂട്ടത്തില്‍. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യം പൂത്തുകായ്ച്ചു നില്‍ക്കുന്നത് വരവൂര്‍ പഞ്ചായത്തിലാണ്. ഇരുവര്‍ക്കും പൊതുസ്ഥാനാര്‍ഥികള്‍; ചിഹ്നം 'മാങ്ങ'. നല്ല പുളിയുള്ള മാങ്ങ തന്നെ. വല്ലച്ചിറയില്‍ ആകെ 14 വാര്‍ഡ്. കോണ്‍ഗ്രസ് 9, ബിജെപി 5 എന്ന നിലയില്‍ വിഭജനം. എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടില്‍ അഞ്ച് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം തനിച്ച്. പിറവത്ത് ഒറ്റയ്ക്കു നില്‍ക്കാന്‍ ധൈര്യം ജേക്കബ് ഗ്രൂപ്പിനാണ്.

അനന്തന്റെ നാട്ടില്‍ ദൈവംപോലും കിടക്കുകയാണ്-കോണ്‍ഗ്രസുകാര്‍ കാലുവാരുമോ എന്ന് പേടിച്ച്. തരൂരും തരൂരിയുമുള്ളതുകൊണ്ട് പ്രചാരണത്തിന് കൊഴുപ്പു കുറവില്ല. ആകെമൊത്തം അളന്നുനോക്കുമ്പോള്‍ യുഡിഎഫിന്റേത് ഒരുഘോഷയാത്ര തന്നെ. ഒച്ചയും അനക്കവുമില്ലാത്ത, ഒരു മഞ്ചലും വഹിച്ചുള്ള ഘോഷയാത്ര.

*
രാഹുല്‍ജി വന്നിരുന്നുവെങ്കില്‍ ഫിഷ്‌മോളി കഴിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് കലക്കിമറിച്ചേനെ എന്നാണ് ഗെയിംസിന്റെ കുശിനിച്ചുമതലയുള്ള ജിജി തോംസണ്‍ പറയുന്നത്. ഭക്ഷണത്തെക്കുറിച്ച് ഇതുവരെ ആരും പരാതി പറയാത്തതുകൊണ്ട് താനും കേമന്‍ തന്നെ. വന്നവര്‍ക്കും തിന്നവര്‍ക്കും വലിയ മതിപ്പാണത്രെ. എല്ലാ പ്രശ്നങ്ങള്‍ക്കും ഇരുപത്തിനാലുമണിക്കൂര്‍കൊണ്ടാണ് പരിഹാരമുണ്ടായത്. രാഹുല്‍ ഗാന്ധിയാണ് എല്ലാം ചെയ്തിരുന്നതെങ്കില്‍ ഇത്ര സമയം വേണ്ടിവരില്ല-ഉദ്യോഗസ്ഥന്‍ പറയുന്നു.

റിട്ടയര്‍മെന്റ് കാലമാകാറായെന്ന് തോന്നുന്നു. സുരേഷ് കല്‍മാഡിയെക്കുറിച്ച് മിണ്ടരുത്; ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുത്താം; മന്‍മോഹനെ പുകഴ്ത്താം. അവസാനം രാഹുല്‍ജിയുടെ കാല്‍ക്കല്‍ വീഴുകയുമാവാം. രാജ്യം മുഴുവന്‍ ലാവണങ്ങള്‍ നിരന്നു കിടക്കുകയല്ലേ. ഫിഷ് മോളി ചൂടാറാപ്പാത്രത്തില്‍ കാണിക്കവച്ചാല്‍ കിട്ടുന്ന പദവി ഏതാണാവോ. പാമോയിലില്‍ത്തന്നെ പാചകം വേണം. വെളിച്ചെണ്ണയെങ്ങാന്‍ രാഹുല്‍ജിയുടെ കൊളസ്ട്രോള്‍ കൂട്ടിയാലോ.

*
ഉടനെ വരാനിടയുള്ള പരസ്യം:

മകനേ സതീശാ തിരിച്ചുവരൂ. ഇനി മാര്‍ട്ടിനങ്കിള്‍ കണ്ണുരുട്ടില്ല. സിങ്വി മാമന്‍ ചോക്കലേറ്റ് തരും.

4 comments:

ശതമന്യു said...

ഉടനെ വരാനിടയുള്ള പരസ്യം:

മകനേ സതീശാ തിരിച്ചുവരൂ. ഇനി മാര്‍ട്ടിനങ്കിള്‍ കണ്ണുരുട്ടില്ല. സിങ്വി മാമന്‍ ചോക്കലേറ്റ് തരും.

Suraj said...

ജിജി തോംസണിന്റെ തലതൊട്ട ഗുരു നമ്മുടെ കേ.വി തോമസാവാതെ തരമില്ല...കരിമീൻ വച്ച് ‘മോളി’യുണ്ടാക്കാനുള്ള വിദ്യ ഗെയിംസ് കഴിയുമ്മുമ്പേ തോമാച്ചൻ തോംസാച്ചനെ പഠിപ്പിച്ചിട്ടുണ്ടാവും ;)

ജനശക്തി said...

തിരുതയെ മറക്കാമോ?

Anonymous said...

ഫിഷ്‌മോളിയും ,തിരുതയും ,തോമസും ,സതീശനും ,അബ്ദുല്ലകുട്ടിയും ,സുധാകരനും ,അഭിഷേക് സിന്ഗ്വിയും ,സാന്റിയാഗോ മര്ടിനും, ഒരു കൂട്ടം കച്ചവട മാധ്യമങ്ങളും അടങ്ങുന്ന ഹൃദയമില്ലാത്ത പയിന്കിളി രാഷ്ട്രീയ സംസ്കാരമാണ് നമ്മുടെതു പോലൊരു രാജ്യത്തു ബഹു ഭൂരിപക്ഷത്തിനും പഥ്യം... ! മദ്യഷാപ്പുകളുടെ മുന്നില്‍ അച്ചടക്കത്തോടെ അഭിമാനത്തോടെ നെഞ്ചു വിരിച്ചു വരി വരിയായി നില്‍ക്കുന്ന, ലാഭം മാത്രം സ്വപ്നം കാണുന്ന സുഘ്യന്മാരായ ഒരു ജനതയോട്, കേരളത്തിലെ ചോരയില്‍ ചരിത്രമെഴുതിയ കര്‍ഷക സമരങ്ങളിലൂടെ നേടിയെടുത്ത ഭൂമിയെല്ലാം വിറ്റു തുലച്ചു കൊള്ളയടിക്കുന്ന മാഫിയ-ദല്ലാളന്മാരായ മൂല്ലിയങ്ങള്‍ മുഴുവന്‍ കയ്യൊഴിഞ്ഞ ഒരു ജനതയോട്,പോരാട്ടങ്ങളെ കുറിച്ചും,ജീവിത മൂലിയ്ങ്ങളെ കുറിച്ചും, പുരോഗമന രാഷ്ട്രിയാതെ കുറിച്ചും, പറഞ്ഞിട്ടൊരു പ്രയോജനവുമില്ല ....!
ഇവടെ അബ്ദുല്ലകുട്ടിയും,വീരേന്ദ്ര കുമാറും സതീശനും സുധാകരനും ജോര്‍ജും ,മാണിയും,ചാണ്ടിയും ഇങ്ങനെ ജയിച്ചു
കൊണ്ടേയിരിക്കും,നമ്മളെ ഭരിച്ചു കൊണ്ടേയിരിക്കും.........!
ചെയ്യാനുള്ളത് ഇടതുപക്ഷമെന്നു പറഞ്ഞു നടക്കുന്നവരെയെങ്കിലും നൂറു ശതമാനം ഇടതുപക്ഷമാക്കുക അവരെ പുരോഗമന- മതേതരത്വ ജീവിത വീക്ഷണങ്ങളെ കൃത്യമായി പഠിപ്പിക്കുക ,അത് പൂര്‍ണമായും അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക അങ്ങിനെ
സുശിക്ഷിതമായ ഒരു പടയണി ഉണ്ടാക്കുക....സ്വയം പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് തന്നെ ഒരു 'സമ്പൂര്‍ണ ലെഫ്റ്റ്'
ആവുക.......
വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള അതിരുകള്‍ തേഞ്ഞു മാഞ്ഞു ഇല്ലതുവുന്നതിനു മുമ്പേയെങ്കിലും...................