Sunday, August 22, 2010

കുതിരസവാരിഗിരി

'ഒരുരൂപാ നോട്ടുകൊടുത്താല്‍ ഒരുലക്ഷം കൂടെപ്പോരും' എന്നത് പഴയ ഭാഗ്യക്കുറിച്ചൊല്ല്. ഇപ്പോള്‍ ഒരു രൂപാപോലും കൊടുക്കാതെ കോടികളാണ് പോരുക. സംശയമുണ്ടെങ്കില്‍ വി ഡി സതീശനോടോ പി ടി തോമസിനോടോ ചോദിക്കാം. എന്തേ കേരളം അനങ്ങാത്തത്, തോമസ് ഐസക് അനങ്ങുന്നത്, അഴിമതി കണ്ടില്ലേ, കുടിശ്ശികപ്പിരിവ് നടക്കുന്നുണ്ടോ എന്നെല്ലാം ചാനലിലും പ്രസ്ക്ളബ്ബിലും കയറി ചോദിച്ചുകൊണ്ടേയിരിക്കണം. ചിലര്‍ അങ്ങനെയാണ്. എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരുന്നില്ലെങ്കില്‍ ഉറക്കം കിട്ടില്ല.

അങ്ങനെ പറച്ചിലിന്റെ വല്ലാത്ത അസുഖമുള്ള ആരോ കഴിഞ്ഞ ദിവസം കുതിരപ്പുറത്തു സഞ്ചരിക്കുന്നതാണ് സ്വപ്നം കണ്ടത്. കൊച്ചിവഴി കാറില്‍ പോകുമ്പോഴും കുതിരപ്പുറത്തുകയറിയാലും ഒരേ അനുഭവമാണത്രെ. അത് നല്ലതുതന്നെ. പരിസ്ഥിതി വാദം, പ്രണയം എന്നെല്ലാം പറഞ്ഞുനടക്കുന്ന കെല്‍ട്രോണ്‍ നീലാണ്ടനും കണ്ടല്‍ (കെ) സുധാകരനുമെല്ലാം അത് കണ്ട് പഠിക്കണം. എന്തൊക്കെ പ്രശ്നങ്ങളാണ് ഒറ്റയടിക്ക് പരിഹരിക്കപ്പെടുക. കുതിരപ്പുറത്ത് ഒരു ചുകന്ന ലൈറ്റുകൂടി ഫിറ്റ് ചെയ്ത് ഏമാന്‍ യാത്ര തുടങ്ങിയാല്‍, നാടിനെ അലട്ടുന്ന പെട്രോള്‍ വിലവര്‍ധന ഏശുകയേ ഇല്ല. കാറിന്റെ പുകയും കുതിരച്ചാണകവും തമ്മില്‍ തുലനം ചെയ്താല്‍ പരിസ്ഥിതിക്കിണങ്ങുന്നത് ചാണകംതന്നെ. റോഡ് പണിയുടെ പൊല്ലാപ്പ് തീരെയുണ്ടാകില്ല. കുതിരക്കെന്തിന് റബറൈസ്ഡ് റോഡും പതിബെല്ലും. നാല്‍പ്പത്തഞ്ചുമീറ്റര്‍ പാതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. ഇതാണ്, കഴിവുള്ളവര്‍ കസേരയിലിരിക്കണം എന്ന് പറയുന്നത്. ശബരിമല അയ്യപ്പന് കറങ്ങുന്ന കസേര ശുപാര്‍ശചെയ്ത ചങ്ങാതിക്ക് കുതിരസവാരിഗിരിഗിരി കൂട്ട്.

ഭാഗ്യക്കുറിയില്‍ തുടങ്ങി സവാരിഗിരിയിലെത്തിപ്പോയതാണ്. ലോട്ടറിയാണ് യഥാര്‍ഥ വിഷയം. തോമസ് ഐസക് കഷ്ടപ്പെട്ട് സിക്കിമിലും ഭൂട്ടാനിലും പോയി ചാക്കുകണക്കിന് ടിക്കറ്റ് തലച്ചുമടായി കൊണ്ടുവന്ന് ഇവിടെ വില്‍ക്കുന്നതാണ് എന്ന് കണിശമായും തോന്നിപ്പോകും വി ഡി സതീശന്റെ പറച്ചില്‍ കേട്ടാല്‍. ഐസക് മന്ത്രിയാകുന്നതിനുമുമ്പും ഇന്നാട്ടില്‍ ലോട്ടറിയുണ്ടായിരുന്നുവെന്ന് സതീശനുമാത്രം അറിയില്ല. വാര്‍ത്ത ചോര്‍ത്തിക്കൊടുപ്പുകാരന്റെ കൂടെക്കിടന്ന് രാപ്പനിയും കുബുദ്ധിയും സ്വായത്തമാക്കിയ പി ടി തോമസിന് സതീശന്റെയത്ര മാന്യതയുടെ ആവശ്യമില്ല. ഉണ്ട ചോറിന് നന്ദികാണിക്കാന്‍ പുള്ളിക്ക് പണ്ടേ നല്ല മിടുക്കാണ്. ഗുരുനാഥന്‍ പി സി ജോര്‍ജാണോ വീരേന്ദ്രകുമാറാണോ ആവോ. രണ്ടുപേരുടെയും നിലവാരത്തിനൊപ്പം ഏതാണ്ട് എത്തിയിട്ടുണ്ട് കോണ്‍ഗ്രസിലെ ഈ യുവകോമള വൃദ്ധന്‍.

തോമസ് ഐസക്കിനെ മീശപിരിച്ച് പേടിപ്പിച്ച്, കോക്രികാട്ടി തമാശിച്ചാല്‍ ലോട്ടറി വിവാദമാകുമെന്നും അത് തെരഞ്ഞെടുപ്പിലെ ഒറ്റനമ്പറാക്കാമെന്നുമുള്ള ആശയാണ് ആശാന്‍മാരുടെ മനം നിറയെ. കുറെപ്പണം കുടിശ്ശികയുണ്ട്; പിരിച്ചെടുക്കുന്നില്ല എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നെപ്പിന്നെ, അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇന്നാട്ടിലേക്ക് ലോട്ടറി വരുന്നു; തടയൂ; തടയൂ സര്‍ക്കാരേ എന്നായി. ആരുതടയണം എന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് പണ്ട് സംശയമുണ്ടായിരുന്നില്ല. കേന്ദ്രം തടയണം; സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന് പലവട്ടം കത്തെഴുതി. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വന്തക്കാരെ വേലായുധാ എന്നുതന്നെ വിളിക്കണം; കരളുകണ്ടാല്‍ ചെമ്പരത്തിപ്പൂവ് എന്നുതന്നെ പറയണം.

കേന്ദ്രം നിയമം കൊണ്ടുവരുന്നു; ലോട്ടറിക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ ചിദംബരവും ഭാര്യയും സ്വന്തക്കാരും വരുന്നു. എന്നിട്ടും ഐസക്കിനോടാണ് ഉമ്മന്‍ചാണ്ടിയുടെ മുറുമുറുപ്പ്. നിങ്ങള്‍ ലോട്ടറി നടത്തുന്നുണ്ട്; അതുകൊണ്ട് മറ്റു ലോട്ടറി തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല എന്നാണ് കേന്ദ്രം കേരളത്തോട് പറയുന്നത്. അഥവാ സാന്റിയാഗോ മാര്‍ട്ടിന്റെയും കെന്നഡിയുടെയും കേന്ദ്രത്തില്‍ കൈ വയ്ക്കണമെങ്കില്‍ കേരളത്തിന്റെ ഭാഗ്യക്കുറി ആദ്യമങ്ങ് നിര്‍ത്തിക്കോളണമെന്ന്. അത് തല്‍ക്കാലം നടപ്പുള്ള കാര്യമല്ലെന്ന് സതീശന് നന്നായറിയാം. പാവപ്പെട്ട ലോട്ടറി വില്‍പ്പനക്കാരന്റെ കഞ്ഞിയില്‍തന്നെ വേണമല്ലോ മണലിറക്കാന്‍. കേരളത്തില്‍ ഗവമെന്റുണ്ട്; ഭാഗ്യക്കുറി വകുപ്പുണ്ട്; പരാതിയില്ലാതെ ലോട്ടറി നടക്കുന്നുമുണ്ട്. സിക്കിമിലും നാഗാലാന്‍ഡിലുമെല്ലാം അങ്ങനെ വല്ലതുമുണ്ടോ?

*
മണികുമാര്‍ സുബ്ബ എന്നൊരു നേതാവുണ്ട് കോണ്‍ഗ്രസിന്. വലിയ പുള്ളിക്കാരനാണ്. ആസ്തി രണ്ടായിരം കോടിക്കുമുകളില്‍. സ്വന്തം നാട് അങ്ങ് നേപ്പാളിലാണ്. ഒരു കൊലപാതകക്കേസില്‍ പെട്ടപ്പോള്‍ അതിര്‍ത്തികടന്നിങ്ങ് പോന്നു. അത്തരം പാവങ്ങളെ പടച്ചവന്‍ തുണച്ചില്ലെങ്കില്‍ വലിയ ദൈവമായ കോണ്‍ഗ്രസ് തുണയ്ക്കുമല്ലോ. കേസ് കൊലപാതകം മാത്രമായതുകൊണ്ട് ആദ്യം അസം നിയമസഭയിലേക്കേ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടിയുള്ളൂ. രണ്ടുതവണ എംഎല്‍എയായപ്പോള്‍ മറ്റുചില തട്ടിപ്പുകേസുകള്‍ കൂടി വന്നു. അതോടെ പ്രൊമോഷന്‍. അസമിലെ തേജ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക്. ഇങ്ങനെയൊക്കെയാണ് പാര്‍ടി വളര്‍ത്താന്‍ കഴിയുക. പലരും ധരിച്ചിട്ടുണ്ടാകും കര്‍ണാടകത്തിലെ ബിയര്‍ മല്ലയ്യനൊക്കെയാണ് പാര്‍ലമെന്റിലെ വന്‍കിട പാര്‍ടി എന്ന്. തെറ്റിപ്പോയി. സുബ്ബണ്ണനുമുന്നില്‍ മല്ലയ്യന്‍ വെറും തൃണമൂല്‍.

കോണ്‍ഗ്രസ് എംപിയായിരുന്ന സുബ്ബണ്ണനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലോട്ടറി രാജാവ്. ആ അണ്ണനുവേണ്ടിയാണ് ചിദംബരയ്യാവും ഹൈകമാന്‍ഡിലെ സകല അയ്യനണ്ണന്മാരും തുനിഞ്ഞിറങ്ങിയത്. ഇവിടെ സതീശനും പി ടി തോമസും ബഹളംവച്ചിട്ട് കാര്യമൊന്നുമില്ല. ചാക്കുകണക്കിന് ലോട്ടറിടിക്കറ്റ് കൊണ്ടുവന്ന് കേരളത്തില്‍ തള്ളുന്നവര്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കണം. അല്ലെങ്കില്‍ അതിനുള്ള അധികാരം കേരളത്തിന് കൊടുക്കാന്‍ കേന്ദ്രത്തില്‍ പോയി സമ്മര്‍ദിക്കണം. അതൊന്നുംചെയ്യാതെ ദേശാഭിമാനിക്ക് അഡ്വാന്‍സ് നല്‍കിയ രണ്ടുകോടിയുടെ കഥപറഞ്ഞ് ഒറ്റനമ്പര്‍ കളി നടത്താന്‍ നോക്കിയാല്‍ സംഗതി പാളിപ്പോവുമേ.

മാത്തുക്കുട്ടിച്ചായന് പകരം വന്നയാള്‍ മിടിമിടുക്കനാണെന്നാണ് ശതമന്യു ആദ്യം കരുതിയത്. പക്ഷേ, ശകുനം നന്നല്ല. മനോരമയുടെ വരവുകണക്കില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വക വരവു ക എത്ര ക എന്ന് അളന്നു തിട്ടപ്പെടുത്തി പരസ്യപ്പെടുത്തിയാണ് മാര്‍ട്ടിനെക്കൊണ്ട് ദേശാഭിമാനിക്കഥ പറയിച്ചിരുന്നതെങ്കില്‍ പത്രാധിപ മഹാശയന്റെ മാന്യത അളന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞേനെ.

സിക്കിം ശിങ്കത്തിന്റെയും ഭൂട്ടാന്‍ ഡിയറിന്റെയും പരസ്യം വിളമ്പി പണം എണ്ണിവാങ്ങുന്നവരാണ് മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും എല്ലാം എന്നിരിക്കെ ദേശാഭിമാനി വാങ്ങുന്ന പരസ്യക്കൂലിക്കുമാത്രം എന്തേ ഒരയിത്തം? പരസ്യപ്പണം അഡ്വാന്‍സായി വാങ്ങിയപ്പോള്‍ അതിനെ കോഴയെന്നു വിളിച്ചവര്‍, ആ പണം തിരിച്ചുകൊടുത്തിട്ടുണ്ട് എന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചതില്‍ ശതമന്യുവിന് പെരുത്ത് ആശ്വാസമുണ്ട്. ദേശാഭിമാനി പരസ്യത്തിന് പണം വാങ്ങിയതിന്റെ കണക്ക് പറഞ്ഞ് സര്‍ക്കാരിനെ പേടിപ്പിക്കുന്നതില്‍ എവിടെ ന്യായം? അങ്ങനെയെങ്കില്‍ അതിനേക്കാള്‍ പണം നിര്‍ഭയം നിരന്തരം വാങ്ങിക്കൊണ്ടേയിരിക്കുന്നവരല്ലേ “ലോട്ടറി മാഫിയയുടെ വലിയ സംരക്ഷകര്‍?

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലോട്ടറി വഴി ഒഴുകുന്ന കോടികള്‍ക്ക് നന്ദിപ്രകാശനം അവര്‍ നടത്തട്ടെ. അതിന്റെ പേരില്‍, സര്‍ക്കാര്‍ ലേബലില്‍ ലോട്ടറി ക്വട്ടേഷനെടുത്ത സുബ്ബമാരെയും മാര്‍ട്ടിന്‍മാരെയും സംരക്ഷിക്കട്ടെ. ആ പരിപാടി മറച്ചുവയ്ക്കാന്‍ തോമസ് ഐസക്കിന്റെ മുതുകില്‍തന്നെ കയറിത്തുള്ളണമെങ്കില്‍ ആ ആഗ്രഹവും നടക്കട്ടെ. ഒരു സതീശനും മറ്റൊരു പി ടി തോമസും ഒരു ചെന്നിത്തലയും പറഞ്ഞതുകൊണ്ട് തോമസ് ഐസക് അഴിമതിക്കാരനാണ് എന്ന് ആരെങ്കിലും കരുതിക്കൊള്ളുമെങ്കില്‍ അതും നടക്കട്ടെ. റോസ് ഹൌസിനു മുന്നില്‍ ചെന്ന് ആരെങ്കിലും ഓരിയിട്ടാല്‍ തെറിച്ചുപോകുന്നതാണ് ആ മൂക്ക് എന്ന് കരുതുന്നവരുടെ വിശ്വാസ സ്വാതന്ത്ര്യവും ഹനിക്കരുതല്ലോ. എല്ലാം കഴിഞ്ഞ് വിയര്‍ത്തുക്ഷീണിച്ച് വീട്ടിലേക്കു പോകുമ്പോള്‍ പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ നിരക്കില്‍ വിട്ടുവീഴ്ച ചെയ്യരുത് സതീശനും പി ടി തോമസും.

*
മുരളി നിരാഹാരമിരിക്കുന്നതില്‍ തെറ്റില്ല. ദുര്‍മേദസ്സിന് ഏറ്റവും പറ്റിയ മരുന്നുതന്നെ നിരാഹാരം. അതുപക്ഷേ പിതാവിന് അറിയില്ല. എല്ലാവരെയും നന്നായി ഭക്ഷണം കഴിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തിലെ പങ്കാളികള്‍ക്ക് ലീഡര്‍ വിളമ്പിയ ഭക്ഷണത്തിന്റെ മാഹാത്മ്യം കണ്ടില്ലേ. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റാത്തവരാണോ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് ലീഡര്‍ ചോദിച്ചത്. കോണ്‍ഗ്രസിന്റെ കഥ ഇതിനേക്കാള്‍ മനോഹരമായി ആരുപറയും?

തെരഞ്ഞെടുപ്പു വരുമ്പോഴേക്കും മറ്റാരും ഒന്നും ചെയ്യേണ്ടിവരില്ലെന്നാണ് തോന്നുന്നത്. കടിച്ചതും പിടിച്ചതും പോയ ജോസഫ് ഒരുഭാഗത്ത്. രണ്ടാം പാര്‍ടി ഞാനോ നീയോ എന്ന് മാണിയും കുഞ്ഞാലിക്കുട്ടിയും. ഏതു കുറുമുന്നണിയും ആവാമെന്ന് കരുതുന്ന ചെറു കൃമികീടങ്ങള്‍. എന്തൊക്കെ സംഭവിക്കുമോ ആവോ?

2 comments:

ശതമന്യു said...

.മണികുമാര്‍ സുബ്ബ എന്നൊരു നേതാവുണ്ട് കോണ്‍ഗ്രസിന്. വലിയ പുള്ളിക്കാരനാണ്. ആസ്തി രണ്ടായിരം കോടിക്കുമുകളില്‍. സ്വന്തം നാട് അങ്ങ് നേപ്പാളിലാണ്. ഒരു കൊലപാതകക്കേസില്‍ പെട്ടപ്പോള്‍ അതിര്‍ത്തികടന്നിങ്ങ് പോന്നു. അത്തരം പാവങ്ങളെ പടച്ചവന്‍ തുണച്ചില്ലെങ്കില്‍ വലിയ ദൈവമായ കോണ്‍ഗ്രസ് തുണയ്ക്കുമല്ലോ. കേസ് കൊലപാതകം മാത്രമായതുകൊണ്ട് ആദ്യം അസം നിയമസഭയിലേക്കേ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടിയുള്ളൂ. രണ്ടുതവണ എംഎല്‍എയായപ്പോള്‍ മറ്റുചില തട്ടിപ്പുകേസുകള്‍ കൂടി വന്നു. അതോടെ പ്രൊമോഷന്‍. അസമിലെ തേജ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക്. ഇങ്ങനെയൊക്കെയാണ് പാര്‍ടി വളര്‍ത്താന്‍ കഴിയുക. പലരും ധരിച്ചിട്ടുണ്ടാകും കര്‍ണാടകത്തിലെ ബിയര്‍ മല്ലയ്യനൊക്കെയാണ് പാര്‍ലമെന്റിലെ വന്‍കിട പാര്‍ടി എന്ന്. തെറ്റിപ്പോയി. സുബ്ബണ്ണനുമുന്നില്‍ മല്ലയ്യന്‍ വെറും തൃണമൂല്‍.

തെക്കടവന്‍ said...

ലോട്ടറി വിവാദം എന്നാല്‍ ഒരു തരം മലര്‍ന്നു കിടന്നു തുപ്പല്‍ ആണെന്ന് കോണ്‍ഗ്രസ്‌ മന്ദബുദ്ധികള്‍ മനസ്സിലാക്കുന്നുണ്ടോ ..
ചിദംബരത്തിന്റെ ഫാരിയയും മനികുമാര്‍ സുബ്ബയും എല്ലാം ചേര്‍ന്ന കോണ്‍ഗ്രസ്‌ രാജാക്കന്മാര്‍ അണിനിരന്ന ഇ തട്ടിപ്പ് അറിഞ്ഞിട്ടും അറിയാതെ പൊട്ടന്‍ കളിക്കുന്ന കശ്മലന്മാരെ ജനം നിങ്ങളുടെ ഉടുതുണി ഉരിയുന്ന നാള്‍ അടുത്തിരിക്കുന്നു