Sunday, July 25, 2010

ചില ചാനല്‍ വിശേഷങ്ങള്‍

ഇന്ത്യന്‍ ദൃശ്യമാധ്യമചരിത്രത്തിലെ കുതിച്ചുചാട്ടവും നാഴികക്കല്ലും എന്തായിരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ- ഒളവണ്ണ പഞ്ചായത്തിലെ മുതുവനത്തറക്കാരി റജീന. ഒക്കത്ത് കൈക്കുഞ്ഞുമായി ഇന്ത്യാവിഷന്‍ ചാനലില്‍ ചെന്ന് ആ യുവതി നടത്തിയ വെളിപ്പെടുത്തലുകളോടെ പുതിയ; അനുകരണീയമായ വാര്‍ത്താചാനല്‍ സംസ്കാരമല്ല, ഒരു വിപ്ളവംതന്നെയാണ് സംഭവിച്ചത്. വാര്‍ത്തയും വിശകലനവും വിനോദപരിപാടികളുമല്ല ചാനലിന്റെ വിജയത്തിന് അടിസ്ഥാനം എന്ന സിദ്ധാന്തം രൂപംകൊണ്ടതും അതില്‍പ്പിന്നെയാണ്. ലൈംഗികച്ചുവയുള്ള പരിപാടികള്‍ക്കാണ് മാര്‍ക്കറ്റ് കിട്ടുക എന്നത് ബിഒടി (ഉണ്ടാക്കി കൈവശംവച്ച് അവസാനം കൈമാറുന്ന ഏര്‍പ്പാട്) മാധ്യമവിപ്ളവകാരിക്ക് അന്നേ അറിയാമായിരുന്നു. റജീന കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എരിവും പുളിയും ചേര്‍ത്ത് പറഞ്ഞപ്പോള്‍ അത് ഉശിരന്‍ മാര്‍ക്കറ്റുള്ള പരിപാടിയായി. അതില്‍പ്പിന്നെ അത്തരം പരിപാടികള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടമായിരുന്നു മലയാളത്തിലെ വാര്‍ത്താചാനലുകളുടേതെന്ന് വിപ്ളവത്തിന്റെ ആസൂത്രകന്‍ ഇപ്പോള്‍ നമ്മോട് പറയുന്നു. അഭയകേസിലെ സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ പരിശോധനാ സിഡി മനോരമ ന്യൂസ് അതേപടി സംപ്രേഷണം ചെയ്തത് റജീനാവിപ്ളവത്തിന്റെ ചുവടുപറ്റിയാണുപോലും. അതിലും ഉണ്ടല്ലോ ലൈംഗികബന്ധത്തിന്റെ കഥകള്‍.

വാര്‍ത്ത കൊടുക്കലല്ല, ഉണ്ടാക്കലാണ് ചാനലിന്റെ ധര്‍മം. സാധാരണ വാര്‍ത്ത പോരാ, മാതാപിതാക്കളും കുട്ടികളും ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത വാര്‍ത്തതന്നെ വേണം. മനോരമ ഇപ്പോള്‍ ഇന്ത്യാവിഷന് പഠിക്കുകയാണ്. പണ്ട് ചാരസുന്ദരിമാരുടെ ഇക്കിളിക്കഥകള്‍ സമാഹരിച്ച് പരമ്പരയാക്കി സര്‍ക്കുലേഷന്‍ കൂട്ടിയതിന്റെ ചാനല്‍പ്പതിപ്പ് അരങ്ങേറുന്നു. മംഗലാപുരത്ത് പബ്ബില്‍ കയറി ശ്രീരാമസേനക്കാര്‍ പെണ്‍കുട്ടികളെ അടിച്ചോടിച്ചത് കണ്ട് ആഹ്ളാദിച്ച ചാനലാണ് മുനീറിന്റേത്. പബ്ബില്‍ കയറുന്നവര്‍ക്ക് ഇങ്ങനെത്തന്നെ കിട്ടണമെന്നായിരുന്നു ചാനലിന്റെ ഉദ്ബോധനം. പടച്ചോനെക്കുറിച്ച് എഴുതുന്നയാളിന്റെ കൈവെട്ടണമെന്ന അതേന്യായം. അതും വിപ്ളവത്തിന്റെ കണക്കില്‍ പെടുത്താവുന്നതാണ്.

മുനീര്‍ നല്ല ജനാധിപത്യവാദിതന്നെ. സ്വന്തം പാര്‍ടിയിലെ നേതാവിനെതിരെ ആരോപണമുന്നയിക്കാന്‍ ഒരു പെണ്‍കുട്ടിയെ സ്വന്തം ചാനലിലേക്ക് കൊണ്ടുവരാന്‍ ഒത്താശ ചെയ്യുകയും അതിലൂടെ ശത്രുനേതാവിന്റെ രാഷ്ട്രീയഭാവിയില്‍ മാലിന്യനിക്ഷേപം നടത്തുകയും ചെയ്യുന്നതാണ് പുതിയ കാലത്തെ ജനാധിപത്യം. അത്രയ്ക്കങ്ങ് ജനാധിപത്യത്തിന്റെ സൂക്കേട് വര്‍ധിച്ചിട്ടുണ്ടെങ്കില്‍, ആ നേതാവിന്റെ അനുയായിയായി തുടരാന്‍ തന്നെക്കിട്ടില്ല എന്നുകൂടി മുനീര്‍ പറയേണ്ടിയിരുന്നില്ലേ? ആ നേതാവിന്റെ കൂടെ മന്ത്രിസഭയിലിരുന്ന് കരാറുകാരില്‍നിന്ന് ഇരന്ന് വാങ്ങിയ കാശുകൊണ്ട് കുറെയെണ്ണത്തിനെ തീറ്റിപ്പോറ്റിയാണല്ലോ ചാനല്‍ നടത്തിയത്.

സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന പുത്തന്‍ വക്കം മുനീര്‍മൌലവിയും സ്വാഹാഭിമാനി വിപ്ളവപ്രതിഭയും ഒളിച്ചുവയ്ക്കുന്ന ചിലതുണ്ടല്ലോ. ചാനലിന്റെ കടം; കരാറുകാര്‍ കൊടുത്ത കേസുകള്‍; വ്യാജരേഖയുണ്ടാക്കി വായ്പ തട്ടിയതിന്റെ പൊല്ലാപ്പ്, സ്വയംഭൂവായി വന്ന വിയര്‍പ്പോഹരി- അങ്ങനെ പലതും. ഒരാള്‍ മാതൃഭൂമിലും അപരന്‍ കലാകൌമുദിയിലും കയറിയിരുന്ന് വിപ്ളവപ്രസംഗം നടത്തുമ്പോള്‍ അത്തരം കഥകള്‍ എന്തേ മറന്നുപോയി? അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം ചെയര്‍മാന്റെയും പ്രിയപ്പെട്ടവരുടെയും അഴിമതി ഒഴികെയാണ് യുദ്ധമെന്ന് വാര്‍ത്താ വിപ്ളവപ്രതിഭയ്ക്ക് ഗസറ്റില്‍ പ്രസിദ്ധം ചെയ്യേണ്ടിവരും.

*
വിപ്ളവാനന്തര യാത്ര വീരഭൂമിയിലേക്കാണെന്നും കേള്‍ക്കുന്നുണ്ട്. മുനീറല്ലെങ്കില്‍ തെരഞ്ഞെടുക്കാന്‍ പറ്റിയ കേന്ദ്രം അതുതന്നെയാണ്. വീരേന്ദ്രകുമാര്‍, നന്ദകുമാര്‍, നികേഷ്കുമാര്‍. വാര്‍ത്താ മാധ്യമരംഗത്ത് കുമാരസംഭവം നടക്കാന്‍ പോകുന്നു. എന്തൊക്കെയാകണം പുതിയ വിപ്ളവകരമായ പരിപാടികളെന്ന് നന്ദകുമാര്‍ ക്ളാസെടുക്കും.

മാധ്യമങ്ങള്‍ രാഷ്ട്രീയം കളിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരായും തിരിച്ചും രൂപാന്തരം വന്നതിന്റെ കഥകളും ധാരാളം. ഒരു ചാനല്‍ തുടങ്ങുക; അതിന്റെ തലപ്പത്തിരിക്കുക; ഒളവണ്ണയ്ക്ക് വണ്ടി അയച്ച് റജീനയെ കൂട്ടിക്കൊണ്ടുവന്ന് പ്രസംഗിപ്പിക്കുക. ഇത്രയേ ഉള്ളൂ വിജയരഹസ്യം. ഇനി അതുകൊണ്ടും സംഗതി നടക്കുന്നില്ലെന്ന് വന്നാല്‍ സ്വന്തം ലേഖകനെ മൈദപ്പശയും പോസ്ററുംകൊണ്ട് ഏതെങ്കിലും പാര്‍ടി ആപ്പീസിന്റെ മതിലിനടുത്തിറക്കി വിട്ടാല്‍ മതി. എല്ലാം കഴിഞ്ഞാല്‍ ഞാന്‍തന്നെ മഹാന്‍ എന്ന് ഇംഗ്ളീഷിലും മലയാളത്തിലും എഴുതിയ ടീഷര്‍ട്ടുമായി ആഴ്ചപ്പതിപ്പിന്റെ ആപ്പീസുകള്‍ കയറിയിറങ്ങിയാല്‍ മതി. മഹത്വം ഇടങ്ങഴിക്കണക്കിന് കിട്ടും. മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന നാട്ടില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍തന്നെ മഹാന്മാര്‍. മഹാനുഭാവന്മാര്‍ക്ക് പ്രണാമമര്‍പ്പിക്കാം.

*
ജഡ്ജി നല്ല ജഡ്ജി ജഡ്ജി നല്ല ജഡ്ജിയാണ്. എം വി ജയരാജന്‍ പറഞ്ഞ അത്രയും കുഴപ്പങ്ങളൊന്നുമില്ല. ചിലപ്പോള്‍ ഇരുത്തം ശരിയാകില്ല. തന്റെ ഇരുത്തമല്ല, ശബരിമല അയ്യപ്പന്റെ ഇരുത്തമാണ് ശരിയാകാത്തതെന്നുവരെ പറഞ്ഞുകളയും. അയ്യപ്പന് കറങ്ങുന്ന കസേരയിലിരുന്നുകൂടേ എന്നാണ് ഒരു ചോദ്യം. പതിനെട്ടാംപടിയുടെ എണ്ണം കൂട്ടാനും ആറ്റുകാല്‍ പൊങ്കാല മൈതാനിയിലേക്ക് മാറ്റാനും ആഗ്രഹിച്ചുപോകും. ഇനിയിപ്പോള്‍, തിരുവനന്തപുരത്തുകാര്‍ ഗിന്നസ് ബുക്കിലേക്ക് കടക്കുന്ന മൈതാനി നിര്‍മിക്കേണ്ടിവരും. സ്ഥലം കിട്ടുന്നില്ലെങ്കില്‍ അറബിക്കടല്‍ നികത്താനുള്ള അപേക്ഷയുമായി ചെന്നാല്‍ മതി. താന്‍തന്നെ വാദം കേട്ട് വിധിപറയുകയും ആ വിധിയെ ന്യായീകരിച്ച് പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.

കര്‍ട്ടനുമുന്നിലുള്ള കാര്യങ്ങളല്ല, പുറകിലുള്ളത് എത്തിനോക്കാനാണ് ജഡ്ജിയദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യം. വിധിയെ വിമര്‍ശിക്കാം; ജഡ്ജിയെ വിമര്‍ശിച്ചുകൂടെന്നാണല്ലോ പ്രമാണം. ജഡ്ജിക്ക് വിധി പറയാം; മൈക്കുകെട്ടി വിമര്‍ശിച്ചവര്‍ക്ക് മറുപടി കൊടുക്കാം എന്നൊരു മറുന്യായമുണ്ടോ ആവോ. അഡീഷണല്‍ സെക്രട്ടറിയെ ശിഖണ്ഡിയെന്ന് വിളിച്ചു. ശിഖണ്ഡി എന്നാല്‍ നപുംസകം. ഒരു ന്യായാധിപന് ആരെയും എന്തും വിളിക്കാനുള്ള നിയമനിര്‍മാണവും നടത്തേണ്ടിവരും. അഡ്വക്കറ്റ് ജനറലിന്റെ ആപ്പീസിലെ കര്‍ട്ടന്‍ പൊക്കിനോക്കാനുള്ള ആഗ്രഹം എങ്ങനെയാണ് ജഡ്ജിക്കുണ്ടാകുന്നത്? വിഡ്ഢികള്‍ എങ്ങനെ വിധി പുനഃപരിശോധിക്കുമെന്ന ചോദ്യവും ആത്മനിഷ്ഠംതന്നെ. താന്‍ പിടിച്ച മുയലിന് നാല് കൊമ്പുണ്ടെന്ന് പ്രസംഗിച്ച് സമര്‍ഥിക്കുന്നവര്‍തന്നെ വേണം കൊമ്പിന്റെ എണ്ണം തിട്ടപ്പെടുത്താനുള്ള റിവ്യൂ ഹര്‍ജി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനും.

കോടതിയാണ്; എതിര്‍ത്ത് മിണ്ടിക്കൂടാ എന്ന നിയമമൊന്നും ഇന്ത്യാ മഹാരാജ്യത്തില്ല. ജഡ്ജിമാരെ വിമര്‍ശിച്ചുകൂടെന്ന ആചാരവും ഇല്ല. ജഡ്ജി സ്റ്റേജില്‍ കയറി രാഷ്ട്രീയം പ്രസംഗിച്ചാല്‍ രാഷ്ട്രീയത്തിന്റെ ഭാഷയില്‍തന്നെ മറുപടി കിട്ടും. കോടതിമുറിയില്‍ അഹിതം പറഞ്ഞാല്‍, ചോദ്യംചെയ്ത് കോടതിയില്‍തന്നെ ആളുകളെത്തും. അതാണ് നടപ്പുരീതി. ഏതെങ്കിലുമൊരു ജഡ്ജിയുടെ അഭിപ്രായത്തെയോ നിലപാടിനെയോ ഖണ്ഡിച്ച് ആരെങ്കിലും മിണ്ടിപ്പോയാല്‍ അതാ കോടതിക്കെതിരെ യുദ്ധം നടത്തുന്നു എന്ന് ബഹളംവയ്ക്കുന്നവരെ സൂക്ഷിക്കണം. അവരുടെ ഉദ്ദേശ്യം വേറെയാണ്. ഇവിടെ വിമര്‍ശം വസ്തുനിഷ്ഠം; കാര്യമാത്ര പ്രസക്തം. ജഡ്ജിക്കുമില്ല; വിമര്‍ശകര്‍ക്കുമില്ല കൊമ്പ്.

*
‘ഇതുവരെ പുറപ്പെട്ടില്ലേ?’ എന്ന ചോദ്യത്തിന് ‘വേണമെങ്കില്‍ അരമണിക്കൂര്‍മുമ്പേ പുറപ്പെടാ‘മെന്ന് മറുപടി പറയുന്ന ഒരു ചലച്ചിത്രരംഗമുണ്ട്. അങ്ങനെ അരമണിക്കൂര്‍മുമ്പേ പുറപ്പെടാന്‍ നമ്മുടെ വീരേന്ദ്രകുമാരന്‍ പുതിയൊരു കുമാരനുമായി രംഗത്തിറങ്ങിയിരിക്കുന്നു. ദീപക് കുമാരന്‍. ലാവ്ലിന്‍ കേസിന്റെ കാര്യം ഇപ്പോള്‍ തലയ്ക്ക് സ്ഥിരതയുള്ള ആരും മിണ്ടാറില്ല. കുറെ കാലം മുങ്ങിത്തപ്പിനോക്കിയിട്ടും ആഗ്രഹിച്ചപോലെ ഒന്നും കിട്ടിയില്ല. മാത്രമല്ല, ഒടുവില്‍ സിബിഐ കോടതിയില്‍, പിണറായി വിജയന്‍ പണം വാങ്ങിയെന്നത് അടിസ്ഥാനത്തിന്റെ തരിമ്പുപോലുമില്ലാത്ത ആരോപണമാണെന്ന് സത്യവാങ്മൂലത്തിലൂടെ തെളിയിക്കുകയും ചെയ്തു. സാധാരണ മാനസികാവസ്ഥയും മാന്യതയുമുള്ളവര്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കും. കുമാരന്മാര്‍ക്ക് അങ്ങനെ പറ്റുമോ? ഉടനെ വരുത്തി ഒരു വാടകക്കുമാരനെ. അത്തരക്കാര്‍ക്ക് ഇന്നതേ പറയാവൂ എന്നില്ല. ഇപ്പോള്‍ പറയുന്നു, റബ്കോ എന്ന സ്ഥാപനം ജനിക്കുന്നതിനും പിണറായി മന്ത്രിയാകുന്നതിനും മുമ്പ് റബ്കോയുമായി താന്‍ പ്രൊജക്ട് പങ്കുവച്ചുവെന്ന്. സ്നേഹം പങ്കിടുന്നതുപോലെ ഒരു പ്രൊജക്ട് പങ്കിടല്‍. അങ്ങനെയുള്ള പങ്കിടലിന്റെ തത്സമയ ദൃശ്യങ്ങളുമായി വീരേന്ദ്രകുമാറിന്റെ കങ്കാണിമാരുടെ അസമയത്തെ അഴിഞ്ഞാട്ടം. ഒരു കുമാരന്‍ മുങ്ങിയതിന്റെ കുറവുതീര്‍ക്കാന്‍ മറ്റൊരു കുമാരന്‍ വരുമ്പോള്‍ എല്ലാ കുമാരന്മാര്‍ക്കും സന്തോഷം.

1 comment:

ശതമന്യു said...

‘ഇതുവരെ പുറപ്പെട്ടില്ലേ?’ എന്ന ചോദ്യത്തിന് ‘വേണമെങ്കില്‍ അരമണിക്കൂര്‍മുമ്പേ പുറപ്പെടാ‘മെന്ന് മറുപടി പറയുന്ന ഒരു ചലച്ചിത്രരംഗമുണ്ട്. അങ്ങനെ അരമണിക്കൂര്‍മുമ്പേ പുറപ്പെടാന്‍ നമ്മുടെ വീരേന്ദ്രകുമാരന്‍ പുതിയൊരു കുമാരനുമായി രംഗത്തിറങ്ങിയിരിക്കുന്നു. ദീപക് കുമാരന്‍. ലാവ്ലിന്‍ കേസിന്റെ കാര്യം ഇപ്പോള്‍ തലയ്ക്ക് സ്ഥിരതയുള്ള ആരും മിണ്ടാറില്ല. കുറെ കാലം മുങ്ങിത്തപ്പിനോക്കിയിട്ടും ആഗ്രഹിച്ചപോലെ ഒന്നും കിട്ടിയില്ല. മാത്രമല്ല, ഒടുവില്‍ സിബിഐ കോടതിയില്‍, പിണറായി വിജയന്‍ പണം വാങ്ങിയെന്നത് അടിസ്ഥാനത്തിന്റെ തരിമ്പുപോലുമില്ലാത്ത ആരോപണമാണെന്ന് സത്യവാങ്മൂലത്തിലൂടെ തെളിയിക്കുകയും ചെയ്തു. സാധാരണ മാനസികാവസ്ഥയും മാന്യതയുമുള്ളവര്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കും. കുമാരന്മാര്‍ക്ക് അങ്ങനെ പറ്റുമോ? ഉടനെ വരുത്തി ഒരു വാടകക്കുമാരനെ. അത്തരക്കാര്‍ക്ക് ഇന്നതേ പറയാവൂ എന്നില്ല. ഇപ്പോള്‍ പറയുന്നു, റബ്കോ എന്ന സ്ഥാപനം ജനിക്കുന്നതിനും പിണറായി മന്ത്രിയാകുന്നതിനും മുമ്പ് റബ്കോയുമായി താന്‍ പ്രൊജക്ട് പങ്കുവച്ചുവെന്ന്. സ്നേഹം പങ്കിടുന്നതുപോലെ ഒരു പ്രൊജക്ട് പങ്കിടല്‍. അങ്ങനെയുള്ള പങ്കിടലിന്റെ തത്സമയ ദൃശ്യങ്ങളുമായി വീരേന്ദ്രകുമാറിന്റെ കങ്കാണിമാരുടെ അസമയത്തെ അഴിഞ്ഞാട്ടം. ഒരു കുമാരന്‍ മുങ്ങിയതിന്റെ കുറവുതീര്‍ക്കാന്‍ മറ്റൊരു കുമാരന്‍ വരുമ്പോള്‍ എല്ലാ കുമാരന്മാര്‍ക്കും സന്തോഷം