Sunday, July 18, 2010

സ്വര്‍ഗത്തിലേക്കുള്ള കോണി

പടച്ചോനേ, പടച്ചോനേ ഇവര്‍ ഇബിലീസിന്റെ മക്കളോ എന്ന് ചോദിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനും രക്ഷ; യുഡിഎഫിനും രക്ഷ. ഒരു അയല മുറിച്ചാല്‍ എത്ര കഷണം കിട്ടുമെന്ന് ദൈവത്തോട് ചോദിക്കാന്‍ ഭ്രാന്തുള്ളവനേ അര്‍ഹതയുള്ളൂ. ഭ്രാന്തില്ലാത്തവന്‍ അയല മുറിച്ച് നോക്കും. കഷണം കുറഞ്ഞുപോയാല്‍ മനുഷ്യന്റെ കൈപ്പത്തി വെട്ടി എത്ര കഷണം കിട്ടുമെന്ന് പരീക്ഷിക്കും. അങ്ങനെയുള്ളവരെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രമാണം.

കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയും കൈപ്പത്തി വെട്ടുന്ന കൂട്ടരും കടുത്ത പ്രണയത്തിലാണ്. സ്കൂള്‍ കാലത്തെ പ്രണയികള്‍ വയസ്സുകാലത്ത് കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഒരുതരം മുടിഞ്ഞ പ്രേമം. മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല. എന്‍ഡിഎഫ് എന്ന് പേരെടുത്ത് വിളിക്കില്ല; പോപ്പുലര്‍ ഫ്രണ്ടേ എന്നും വിളിക്കില്ല. ചക്കരേ, തങ്കക്കുടമേ എന്ന മന്ത്രം മാത്രം ചുണ്ടില്‍. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും തനിയേ ചിരിക്കും. മുഖത്തും പ്രവൃത്തിയിലും പ്രസാദം വിടരും. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ പ്രണയക്കാര്യം മിണ്ടില്ല; കാട്ടില്ല. എന്നാല്‍ ആ പ്രണയത്തിന്റെ ശക്തിക്ക് പാമ്പന്‍ പാലത്തിന്റെ കരുത്താണെന്നാണ് മനഃശാസ്ത്രമതം. കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലീഗിനു പറ്റിയ പെണ്ണുതന്നെ എന്‍ഡിഎഫ്. നല്ലകാലത്ത് അവരുടെ കല്യാണം നടന്നിരുന്നെങ്കില്‍ ബിജെപിയും ശിവസേനയുമെന്നപോലെ അവര്‍ മാതൃകാദമ്പതികളായേനെ. അന്ന് കല്യാണം നടക്കാതെപോയതില്‍ കുഞ്ഞാലിക്കുട്ടിക്ക് കുണ്ഠിതമുണ്ടാകാതെ തരമില്ല.

ലീഗിനെ സിപിഐ എം എതിര്‍ക്കുന്നതാണുപോലും തീവ്രവാദപ്രവര്‍ത്തനം നാട്ടില്‍ വളര്‍ന്നുപൊങ്ങാനുള്ള കാരണം. സിപിഐ എം ലീഗിനെ മാത്രമല്ല, കോണ്‍ഗ്രസിനെ എതിര്‍ക്കുന്നുണ്ട്, വീരന്റെ പാര്‍ടിയെയും എം വി രാഘവന്റെ പോക്കറ്റ് പാര്‍ടിയെയും എതിര്‍ക്കുന്നുണ്ട്. എന്നിട്ടെന്തേ ലീഗിനെ എതിര്‍ക്കുമ്പോള്‍മാത്രം വര്‍ഗീയത വളരുന്നു? വര്‍ഗീയതയും കുഞ്ഞാലിക്കുട്ടിയുടെ ലീഗും തമ്മിലെന്ത് സംബന്ധം? ലീഗിന് കുത്തുകിട്ടുമ്പോള്‍ തീവ്രവാദികള്‍ക്ക് ബേജാറുണ്ടാകുന്നതെന്തിന്?

കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറേയില്ലെന്ന് തോന്നുന്നു. സ്വര്‍ഗത്തിലേക്കുള്ള കോണിയാണിതെന്നും ഇതില്‍ വോട്ടുചെയ്യുന്നവര്‍ക്ക് സ്വര്‍ഗവാതിലില്‍ ഫ്രീപാസുകിട്ടുമെന്നും പറഞ്ഞാണ് പാവപ്പെട്ട മുസല്‍മാനെ ലീഗ് പാട്ടിലാക്കാറുള്ളത്. മതത്തിന്റെ പേരുപറഞ്ഞ് സംഘടിപ്പിക്കുന്നവര്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ മതം രാഷ്ട്രീയവേഷം കെട്ടുന്നതുപോലെയാണെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിക്കില്ല. പക്ഷേ നാട്ടുകാര്‍ക്കെല്ലാം അറിയാം. അമ്മാതിരി പരിപാടിയെ സിപിഐ എം എതിര്‍ക്കുമ്പോള്‍, അതാണ് കുഴപ്പം എന്നു കരയുന്നത് ചില്ലറ തമാശയല്ലതന്നെ.

ലീഗിന്റെ അകത്ത് വര്‍ഗീയതയുണ്ടെന്നും മുസ്ളിം വര്‍ഗീയതയുടെ കുത്തക വിട്ടുകൊടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും മാണിസാറിനും മിണ്ടാതിരിക്കാം. ഇതെല്ലാം കണ്ടുംകേട്ടും അമ്പരക്കുന്ന ശതമന്യുവിന്റെ മനസ്സില്‍ ഒരു ചിന്ന ചോദ്യം മാത്രം-ഇങ്ങനെയൊക്കെ 'മതനിരപേക്ഷ'മായാണ് ചിന്തിക്കുന്നതെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് ആ പാര്‍ടി പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നുകൂടെ? അണികളെ അവരുടെ ഇഷ്ടത്തിന് വിട്ടുകൂടെ?

*
തന്റെ പത്രാധിപത്യത്തിലുള്ള വാരികയില്‍ വന്ന അപവാദകഥകളുമായി ബന്ധപ്പെട്ട് 38 കേസില്‍ പ്രതിയായെന്ന് ഒരാള്‍പത്രസമ്മേളനം നടത്തി പ്രസംഗിക്കുന്നു. ഇത്തരം ഭ്രാന്തന്മാരെയാണ് പടച്ചോന്‍ വളരെ മോശം വാക്കുകൊണ്ട് സംബോധനചെയ്തത്. മുന്നില്‍ കാണുന്ന ഭ്രാന്തിന് ചികിത്സിക്കാതെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ വള്ളിപുള്ളി ഒഴിവാക്കാതെ ജനങ്ങള്‍ക്കുവിളമ്പുന്ന മാധ്യമങ്ങള്‍ക്കാണ് യഥാര്‍ഥ മനോരോഗചികിത്സ വേണ്ടത്. അകറ്റിനിര്‍ത്തേണ്ടതിനെയും അറപ്പുകാട്ടേണ്ടതിനെയും ലാളിക്കാനും ഓമനിക്കാനും ആയുധമാക്കാനും ആളുകളുണ്ടാകുമ്പോള്‍ അനാശാസ്യം വ്യവസ്ഥാപിതമാകും. ക്രൈം പ്രസിദ്ധീകരിക്കുന്നതെന്തും 'സ്വന്ത'മെന്ന വ്യാജേന വായനക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നവര്‍ അത്തരം വ്യവസ്ഥാപിതരാണ്. നിങ്ങള്‍ക്ക് ആരോടെങ്കിലും ശത്രുതയുണ്ടോ-അവരെ ചൂണ്ടിക്കാണിക്കൂ. അഴിമതിക്കാര്‍, പെണ്‍വാണിഭക്കാര്‍, സ്ത്രീലമ്പടന്മാര്‍, തട്ടിപ്പുവീരന്മാര്‍, മാഫിയകള്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും കൂട്ടത്തില്‍ അവരെ ഉള്‍പ്പെടുത്തി നാറ്റിച്ചു നാനാവിധമാക്കാന്‍ സംവിധാനങ്ങള്‍ തയ്യാര്‍. ഓരോന്നിനും വ്യത്യസ്ത നിരക്കാകുമെന്നുമാത്രം.

നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയെ അവഹേളിച്ചു തറപറ്റിക്കണോ-നിങ്ങളുടെ മണ്ഡലത്തിനായി പ്രത്യേക പതിപ്പ് തയ്യാറാക്കപ്പെടും. 'വിദേശരാജ്യങ്ങളില്‍ തട്ടിപ്പുനടത്തി പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടികളുമായി മുങ്ങുകയും ഇപ്പോള്‍ നാട്ടില്‍ പെണ്‍വേട്ടയുമായി വിലസുകയും ചെയ്യുന്ന വീരന്‍' എന്ന് സചിത്ര പരസ്യം. കൂടുതല്‍ വിവരം അറിയാവുന്നവര്‍ ബന്ധപ്പെടുക എന്ന അറിയിപ്പോടെ ഇ മെയില്‍ വിലാസം കൂടെ. കോടതിയെ പുല്ലുവിലയാണ്. കോടതി വിലക്കിയാലും അപവാദകഥ നാട്ടിലാകെ പറഞ്ഞുനടക്കും. സ്ത്രീകളുടെ നഗ്നചിത്രം രഹസ്യമായി പകര്‍ത്തി അതുകാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ബ്ളാക്ക്മെയിലിങ്ങിന്റെ മറ്റൊരു രൂപം. ഇതാണ് ക്വട്ടേഷന്‍ ജോലി.

ക്വട്ടേഷന്‍ കുമാരനെ ഊട്ടിവളര്‍ത്താന്‍ കുറെ കുമാരന്മാര്‍ വേറെയുണ്ട്. ലാവലിന്‍ വന്നപ്പോഴാണ് ക്വട്ടേഷന്‍ വിശാലരൂപത്തില്‍ നടന്നത്. ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായ കുമാരന്‍ വിളിച്ചുപറഞ്ഞത്, ഇത് പിണറായി വിജയന്‍ ചെയ്യിച്ചതാണ് എന്നത്രെ. അതാണ് മുന്ത്യടവ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ചതിന് കുട്ടികള്‍ ആപ്പീസ് തല്ലിത്തകര്‍ത്തു. അന്ന് പറഞ്ഞുപരത്തിയത്, അത് ലാവലിന്‍ കേസിലെ രേഖകള്‍ നശിപ്പിക്കാനുള്ള അക്രമമായിരുന്നു എന്ന്. ഏതുരേഖ? എന്തു രേഖ? കൈയിലുള്ള രേഖയൊന്നും ഇതുവരെ സിബിഐക്ക് കൊടുത്തിട്ടില്ലേ? 374 കോടി, കമല ഇന്റര്‍നാഷണല്‍, ടെക്ക്നിക്കാലിയ, അമിത സ്വത്ത് സമ്പാദനം, വരദാചാരിയുടെ തല-ഇങ്ങനെ പറഞ്ഞുപരത്തിയ ഒരുകാര്യമെങ്കിലും സ്ഥാപിക്കാന്‍ കഴിഞ്ഞോ കുമാരന്മാര്‍ക്ക്?

38 കേസ് നിലവിലുണ്ട്. അപകീര്‍ത്തിക്കിരയായ അനേകം പേരുടെ രോഷം നിലനില്‍ക്കുന്നുണ്ട്. അത്തരം ആരുടെയെങ്കിലും രൂക്ഷമായ പ്രതികരണം വന്നാലോ? ഉടനെ പറയാം കീചകന്‍ ചത്തു; ഭീമനെതിരെ കേസെടുക്കണമെന്ന്. ഫലത്തില്‍, തന്നെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐ എമ്മിനുമേല്‍ ചാരിവച്ചിരിക്കുന്നു രസികകുമാരന്‍.

മാണി കേരളയിലെ പുത്തന്‍കൂറ്റ് പി സി ജോര്‍ജും യുഡിഎഫിലെ പുരപ്പുറം തൂക്കുന്ന പുത്തനച്ചി കുമാരനും അശ്ളീലകുമാരന്റെ പിറക്കാതെപോയ മാതാപിതാക്കളാണ്. മാണിസാറിന് പക്ഷേ പുള്ളിക്കാരനെ പഥ്യമാണോ എന്തോ. വെറുപ്പൊന്നുമില്ലാത്തതിനാലാകണം അശ്ളീല വെബ്സൈറ്റ് പരിപാടിക്ക് പാലായില്‍ത്തന്നെ സൌകര്യം ചെയ്തത്. മാണിസാറിന്റെ പ്രിയശിഷ്യന്‍ ജോസഫ് എം പുതുശേരിയെ ഹൈക്കോടതി അയോഗ്യനാക്കി പ്രഖ്യാപിക്കുന്നതിലേക്ക് എത്തിയത് ക്രൈം കുമാരന്റെ ഒരു ഇലക്ഷന്‍ സ്പെഷ്യലാണ്. കല്ലൂപ്പാറയില്‍ എതിര്‍ സ്ഥാനാര്‍ഥി ടി എസ് ജോണിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി തയ്യാറാക്കിയ ക്രൈം വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കേസായി. പുതുശേരിയെ ഹൈക്കോടതി അയോഗ്യനാക്കി. സുപ്രീംകോടതിയില്‍ ചെന്ന് സ്റ്റേ സമ്പാദിക്കേണ്ടിവന്നു പുതുശേരിക്ക്. ടി എസ് ജോണിനെ വെടക്കാക്കി കല്ലൂപ്പാറയെ സ്വന്തമാക്കിയ പുതുശേരിക്ക് അശ്ളീലകുമാരന്റെ വക ബോണസ്. കോടതിയില്‍ തട്ടിപ്പുകാട്ടിയപ്പോള്‍ കിട്ടിയ പേര് കുടിലബുദ്ധി കുമാരനെന്നാണ്-ക്രൂക്കഡ്.

ഈ കുമാരനെക്കുറിച്ച് അധികം പറഞ്ഞാല്‍ നാറ്റം സഹിക്കാനാകില്ല. എന്നിട്ടും ആ കോലവും ചുമലില്‍വച്ച് നിയമയുദ്ധം നടത്തുന്ന മഹാമാന്യന്മാരെയും മാധ്യമ ശിങ്കങ്ങളെയും ഓര്‍ക്കുമ്പോള്‍ കോരിത്തരിക്കുന്നു. അഴിമതി വിരുദ്ധ-സദാചാരസംരക്ഷണ പോരാട്ടത്തിലെ വീരേതിഹാസം.

*
കണ്ടല്‍ കണ്ടുള്ള ഇണ്ടലുംകൊണ്ട് മണ്ടിമണ്ടി ഡല്‍ഹിയില്‍വരെ പോയി ജയറാം രമേശിനെ ചാക്കില്‍കയറ്റിയപ്പോള്‍ കെ സുധാകരന്റെ വികസനസ്വപ്നം പൂവണിഞ്ഞു. കണ്ടല്‍ കാട്ടിലെ മാലിന്യം നീക്കി വെടിപ്പാക്കിയാല്‍ പരിസ്ഥിതി തകര്‍ന്നുപോകുമത്രെ. മീന്‍പിടിച്ചാല്‍ കടലിന്റെ ആവാസവ്യവസ്ഥ തകരും. ശരണം വിളിച്ച് കാനനപാതയിലൂടെ അയ്യപ്പന്മാര്‍ നടന്നാല്‍ വനത്തിന്റെ പരിസ്ഥിതിക്ക് ഡെങ്കിപ്പനി വരും. മാരാമ കണ്‍വന്‍ഷന്‍ നടത്തിയാല്‍ പമ്പയിലെ മീന്‍കുഞ്ഞുങ്ങള്‍ക്ക് വയറിളക്കം പിടിപെടും. റോഡുവെട്ടിയാലും വീടുവച്ചാലും പ്രകൃതിക്ക് ഹാര്‍ട്ട് അറ്റാക്കുണ്ടാകും.

ബിനോയ് വിശ്വത്തിനെതിരെ ജയറാം രമേശ് കേസെടുക്കാന്‍ സാധ്യതയുണ്ട്-ഫോറസ്റ്റ് ഡിപ്പോകളിലാണല്ലോ നല്ല മരം വെട്ടി വില്‍ക്കുന്നത്. ഇനി നമുക്ക് ഗുഹകളില്‍ പാര്‍ക്കാം. പഴവും പച്ചക്കറിയും പച്ചയ്ക്ക് തിന്നാം. വീഗാലാന്‍ഡിന്റെ ജല സംരക്ഷണവും വിസ്മയ പാര്‍ക്കിന്റെ ജലചൂഷണവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റെടുക്കാം. എല്ലാ ദിവസവും വൈകിട്ട് ചര്‍ച്ച സംഘടിപ്പിക്കാം.

1 comment:

ശതമന്യു said...

കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയും കൈപ്പത്തി വെട്ടുന്ന കൂട്ടരും കടുത്ത പ്രണയത്തിലാണ്. സ്കൂള്‍ കാലത്തെ പ്രണയികള്‍ വയസ്സുകാലത്ത് കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഒരുതരം മുടിഞ്ഞ പ്രേമം. മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല. എന്‍ഡിഎഫ് എന്ന് പേരെടുത്ത് വിളിക്കില്ല; പോപ്പുലര്‍ ഫ്രണ്ടേ എന്നും വിളിക്കില്ല. ചക്കരേ, തങ്കക്കുടമേ എന്ന മന്ത്രം മാത്രം ചുണ്ടില്‍. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും തനിയേ ചിരിക്കും. മുഖത്തും പ്രവൃത്തിയിലും പ്രസാദം വിടരും. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ പ്രണയക്കാര്യം മിണ്ടില്ല; കാട്ടില്ല. എന്നാല്‍ ആ പ്രണയത്തിന്റെ ശക്തിക്ക് പാമ്പന്‍ പാലത്തിന്റെ കരുത്താണെന്നാണ് മനഃശാസ്ത്രമതം. കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലീഗിനു പറ്റിയ പെണ്ണുതന്നെ എന്‍ഡിഎഫ്. നല്ലകാലത്ത് അവരുടെ കല്യാണം നടന്നിരുന്നെങ്കില്‍ ബിജെപിയും ശിവസേനയുമെന്നപോലെ അവര്‍ മാതൃകാദമ്പതികളായേനെ. അന്ന് കല്യാണം നടക്കാതെപോയതില്‍ കുഞ്ഞാലിക്കുട്ടിക്ക് കുണ്ഠിതമുണ്ടാകാതെ തരമില്ല.