Sunday, April 18, 2010

എഴുപതുകോടിയുടെ വിയര്‍പ്പ്

"എറങ്ങടാ ശവി. ഓട് കുടുമ്മത്തേക്ക്. ഇനി നിന്നെ ഷൊര്‍ണൂരങ്ങാടി കണ്ടാ കഴുത്തറക്കും. ഞാന്‍ ചാക്കുണ്യാ പറേണ. ഫഃ''
(അനന്തരം, വികെഎന്‍)

വല്യവല്യ ലേഖനങ്ങള്‍ തുടങ്ങുന്നത് ഇങ്ങനെ രണ്ടുവരി കൊടുത്തിട്ടാണ്. ഇരിക്കട്ടെ ശതമന്യുവിന്റെ വകയും ഒന്ന് എന്നു കരുതി നാണ്വാരെ കയറിപ്പിടിച്ചതാണ്. ഷൊര്‍ണൂരങ്ങാടിയിലെ ഏതെങ്കിലും വിമതനെ ഉദ്ദേശിച്ചല്ല ഉദ്ധാരണം. ചാക്കുണ്ണിയെ ഷൊര്‍ണ്ണൂരല്ല കേന്ദ്രന്റെ നാടായ ദില്ലിയിലാണ് ഇറക്കേണ്ടതെന്ന് തോന്നുന്നു. അവിടെ കുടുമ്മത്തേക്ക് പറഞ്ഞയക്കേണ്ട കുറെയെണ്ണത്തില്‍ ഒരാളോട് ശതമന്യുവിന് അസൂയയുമില്ല; വിരോധവുമില്ല. വാര്‍ത്ത കണ്ടപ്പോള്‍, ചിത്രങ്ങള്‍ കണ്ടപ്പോള്‍ ശരിക്കും 'കോരിവാരിത്തരിച്ചു'. സത്യമായും 'തിരിച്ചും മറിച്ചും കോരിത്തരിച്ചു'. കെപിസിസിയുടെ പിന്തുണ കൂടി കണ്ടപ്പോള്‍ സന്തോഷം എല്ലില്‍കുത്തി.

ഉണ്ണിത്താനെ കുറ്റമുക്തനാക്കി കുളിപ്പിച്ച് നടയ്ക്കിരുത്തിയത് കെപിസിസിയാണ്. വഴിവെട്ടിയ ഉണ്ണിത്താന്‍ മൂപ്പന് മണ്ഡപമുണ്ടാക്കി, വഴിപാടായ് കാലാകാലം വഴിവെട്ടുംവേല സംഘടിപ്പിക്കാന്‍ എന്‍പി മൊയ്തീന്‍ എന്ന ചെറു പൂജാരിക്ക് നോക്കുകൂലി കൊടുത്ത് ഹോമം നടത്തിച്ചിട്ട് ആഴ്ച രണ്ടേ ആയുള്ളൂ. പെരുവഴിയുള്ളപ്പോള്‍ പലവഴിയും വേണ്ട പുതുവഴിയും വേണ്ട. എന്‍ഡിതിവാരി, ഉണ്ണിത്താന്‍ എന്നിങ്ങനെയുള്ള മഹാന്‍മാരെപ്പോലെ തിരുവനന്തപുരത്തുകാര്‍ക്ക് സ്നേഹിക്കാന്‍ ഐക്യരാഷ്ട്ര സഭവഴി കെട്ടിയിറക്കിയ സൌന്ദര്യധാമത്തിന്റെ വഴി പെരിയ പുതുവഴിയാണ്-ബിഒടി.. ഒരു ഭാര്യ, ഒരു ഭര്‍ത്താവ്, ഒരു കുടുംബം എന്നെല്ലാമുള്ളത് പഴഞ്ചന്‍ രീതി. പുതുവഴി പാതിരാ സമരം, സംബന്ധം, കൂടിക്കഴിയല്‍, ഡേറ്റിങ്ങ് എന്നിങ്ങനെ. ഉണ്ണിത്താനെ പിടിച്ചാല്‍ മദനിയെ പൂശണം. ഒളിവിന്റെ മറവും സുഖവും ഗവേഷിക്കണം. ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന് ചോദിച്ച് ബുദ്ധിജീവിപ്പട്ടികയില്‍ ചിരപ്രതിഷ്ഠ നേടണം. അന്താരാഷ്ട്ര പൌരന്‍മാര്‍ക്ക് ഇന്റര്‍നാഷനല്‍ പാടാം. എന്നുവെച്ചാല്‍ രണ്ടുംകെട്ടാം നാലും കെട്ടാം. പണ്ട് ലീഗുകാര്‍ വിളിച്ച മുദ്രാവാക്യം രണ്ടുംകെട്ടും മൂന്നും കെട്ടും മാര്‍ക്സിസ്റ്റുകാരന്റെ ഓളേം കെട്ടും എന്നായിരുന്നു. ലീഗ് പിന്നെപ്പിന്നെ രണ്ടുംകെട്ടു.
പലകെട്ട് പുതുകാര്യമല്ല. മൂന്നുകെട്ടു നടത്തിയതിനെ എറിയാന്‍ ഇന്നുവരെ ഒരുകെട്ടുപോലും കെട്ടാത്ത അഴീക്കോടിന് എന്തവകാശം എന്നു ചോദിക്കാം. തരൂരിന്റെയും സുനന്ദ പുഷ്കറിന്റെയും പുഷ്കലകാലം വാര്‍ത്തയല്ല-കുട്ടി പട്ടിയെ കടിച്ചില്ലല്ലോ.

രാഹുല്‍ജി കൊളമ്പിയക്കാരി കൊച്ചിനെയും കൊണ്ട് കുമരകത്ത് വിന്ന് വിനോദം സഞ്ചാരമാക്കിയപ്പോള്‍ പയ്യന്‍മാരൊന്നും ഡയറിയില്‍ തലവരകുറിച്ചില്ല. പാവം ഉണ്ണിത്താന്‍ മഞ്ചേരിയെക്കുറിച്ച് പഠിക്കാന്‍ ബംഗ്ളൂരിലേക്ക് പോകുമ്പോള്‍ പിടി വീണു. സുനന്ദപുഷ്കരനെയും കൊണ്ട് യുഎന്‍ റിട്ടേണ്‍ഡ് മന്ത്രിമഹോദയ് ഗണപതിസഞ്ചാരം നടത്തിയതും പയ്യന്‍സ് വാര്‍ത്തയോ കവിതയോ ആക്കിയില്ല. കവിതയുടെ കുത്തക ഇപ്പോള്‍ ചെമ്മനത്തിനാണ്. കേട്ടതും കേള്‍ക്കാത്തും സമാസമം ചേര്‍ത്ത് കവിത ഉണ്ടാക്കിക്കളയും. എന്തെടോ നമ്മുടെ മാര്‍ഗേകിടക്കുന്ന......എന്ന ശൈലിയില്‍. കവി നല്ല കവിതന്നെ-ഇരിപ്പിലാണ് കുഴപ്പം. തരൂര്‍ സുന്ദരന്‍ തന്നെ. മന്ത്രിപ്പണി എടുക്കുമ്പോഴാണ് കുഴപ്പം. സിനിമയിലെ അഭിനയമോ കോഫി അണ്ണന്റെ അസിസ്റ്റന്റു പണിയോ പോലെയാണ് മന്ത്രിപ്പണിയെന്നു നിനച്ചുപോയതുകൊണ്ട് പ്രശ്നങ്ങള്‍ തുടലുപൊട്ടിച്ച് ഓട്ടം തുടങ്ങിയിരിക്കുന്നു.

കെട്ടിന് കൊല്‍ക്കത്തയെന്നോ കാനഡയെന്നോ കാശ്മീരെന്നോ വ്യത്യാസം വേണ്ട. പണ്ട് വിവേകാനന്ദന്‍ ചിക്കാഗോയില്‍ പോയി പ്രസംഗിച്ച് ഞെട്ടിച്ചാണ് ലോക പുരുഷനായത്. അത്ര അധ്വാനിക്കേണ്ട കാര്യമൊന്നുമില്ല. പാലക്കാട്ടുനിന്ന് പോയി കാശ്മീരില്‍ കല്യാണമാലോചിച്ചാല്‍ ദേശീയ കല്യാണ രാമനാകാം. രാവിലെ ഇഡ്ഡലി-സാമ്പാറും ഉച്ചയ്ക്ക് കോണ്‍ടിനെന്റല്‍ ലഞ്ചും പാതിരാവില്‍ കോക്ക്ടെയിലുമായാല്‍ അന്താരാഷ്ട്ര വ്യക്തിത്വമാകാം. ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാക്കുന്നത് മഹാമോശം.

അഴിമതി അഹിംസാ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ പല്ലുതേപ്പ്, കുളി, വസ്ത്രധാരണം എന്നിവപോലെ നിത്യ വഴിപാടാണ്. ക്രിക്കറ്റില്‍ പുത്തന്‍ പരിപാടി ഐപിഎല്‍. അതിന്റെ മുഴുവന്‍ രൂപം ഇന്ത്യന്‍ പൈസാ ലീഗ് എന്നോ ഇന്ത്യന്‍ പൈസാ ലൂട്ട്(കമഴ്ത്തല്‍) എന്നോ മറ്റോ ആണ്. നല്ല ഉഗ്രന്‍ പരിപാടി. നടത്തിപ്പുകാരില്‍ താരസുന്ദരിമാരുണ്ടാകും. കളി നടക്കുമ്പാള്‍ കുലുങ്ങാനും ആടാനും വിശറി വീശാനും സുന്ദരിപ്പെണ്‍കിടാങ്ങള്‍. കളികഴിഞ്ഞാല്‍ പാതിരാ സല്‍ക്കാരങ്ങള്‍. ആട്ടവും പാട്ടും. ബെറ്റുവെച്ച് പണം വാരാന്‍ അവസരം. കളിക്കാരെ മൊത്തമായും ചില്ലറയായും വാങ്ങാന്‍ താരരാജാക്കന്‍മാരും മദ്യരാജാക്കന്‍മാരും നിരന്നുനില്‍ക്കും. പണം നയാഗ്രപോലെ ഒഴുകിവരും. കറുത്തത് വെളുത്തതാകും.

ഇത്തരം ഒരു വികസനം കേരളത്തിനും വേണ്ടേ എന്നു ചിന്തിച്ചത് ഒരു കുറ്റമാണോ? കേരള ഹൌസില്‍ ജിംനേഷ്യമില്ലാഞ്ഞ് ഹോട്ടല്‍മുറിയില്‍ ത്യാഗജീവിതം നയിക്കേണ്ടിവന്ന തരൂരിന്, അത്യാവശ്യം ഇന്റര്‍ നാഷനല്‍ കാര്യങ്ങള്‍ കൊച്ചിയില്‍തന്നെ വേണം എന്ന് തീരുമാനിച്ചുകൂടെ? അങ്ങനെ നാടിനെ സ്നേഹിക്കുമ്പോള്‍ കുറെ പണച്ചാക്കുകളെ ഒന്നിപ്പിക്കേണ്ടിവരും. അല്‍പം അധ്വാനമുള്ള കാര്യമാണ്. വിയര്‍പ്പിന് കൂലി വേണം. വിയര്‍ത്തത് സുനന്ദയാണെങ്കിലും താനാണെങ്കിലും കൂലി വേണ്ടെന്നുവെക്കാനാകുമോ? ആ കൂലി നെല്ലായിട്ടു മതി എന്നാണ് പറഞ്ഞത്-ഓഹരിയായിട്ട്. എഴുപതുകോടിയുടെ വിയര്‍പ്പുള്ള സുനന്ദ! ആ വിയര്‍പ്പും കേന്ദ്ര മന്ത്രി പദവും തമ്മിലുള്ള ബന്ധത്തിന് സസ്കൃതത്തില്‍ അഴിമതി എന്നും പറയും. കോണ്‍ഗ്രസിന് അഴിമതി പഥ്യം. തരൂരിന്റെ മന്ത്രിപദം സംരക്ഷിക്കാന്‍ സുനന്ദയുടെ വിയര്‍പ്പിന്റെ വില തിരിച്ചുകൊടുക്കണമെന്നാണ് ഒടുവിലത്തെ ഫോര്‍മുല. ഒരു സഹന്ത്രിപദത്തിനും വേണം പാവപ്പെട്ട സുനന്ദമാരുടെ വിയര്‍പ്പ്. വീണ്ടും വികെഎന്നിനെത്തന്നെ ഓര്‍മ്മവരുന്നു.

'വരുംജന്‍മത്തിലെങ്കിലും വരകവിയും വരപണ്ഡിതനുമായി വന്ന് വരലക്ഷ്മി ഉണ്ണുനീലിയുടെ വരനായ ഉണ്ണിത്താനായി വാഴാന്‍ വരംതരേണേ വരയ്ക്കല്‍ഭഗവതി വലിയമ്മേ വാഗീശ്വരീ.'

*
പിണറായി വിജയന്‍ ചെയ്ത 'തെറ്റ്' ലഘൂകരിക്കപ്പെടുകയാണ്. ആദ്യം അഴിമതി എന്നു പറഞ്ഞു. ലേലം വിളിപോലെ 374 കോടി, അഞ്ഞൂറുകോടി, അറുന്നൂറ്-ഒടുവില്‍ താഴോട്ടുവന്ന് നൂറ്, അവസാനം 86കോടിയില്‍ തട്ടിനിന്നു. അഴിമതിയല്ല-നഷ്ടം വരുത്തി എന്ന്. ആര് നഷ്ടം വരുത്തി? അത് സിബിഐ പറയില്ല. പിണറായി വല്ല സാമ്പത്തിക നേട്ടവുമുണ്ടാക്കിയോ? ഉണ്ടാക്കി എന്ന് പറയാന്‍ വകുപ്പില്ല. കാര്‍ത്തികേയനോ? കരാറിന്റെ തുടക്കക്കാരനെങ്കിലും നേട്ടമുണ്ടാക്കിയതതായി തെളിവില്ല. എന്നിട്ടും കാര്‍ത്തികേയന്‍ പട്ടികയ്ക്കു പറുത്ത്-പിണറായി പട്ടികയ്ക്കുള്ളില്‍. ആ പണിയെ രാഷ്ട്രീയക്കളി എന്ന് സിപിഐ എമ്മുകാര്‍ വിളിച്ചു. എന്താണ് പിണറായി ചെയ്ത മഹാപരാധം? നാട്ടില്‍ ഒരു ആശുപത്രിയുണ്ടാകട്ടെ എന്നാശിച്ചുപോയി. അതിന് സഹായം തരണമെന്ന് കാനഡക്കാരോട് പറഞ്ഞുപോയി. അത് അന്നുതൊട്ടിന്നുവരെ സിപിഐ എമ്മുകാര്‍ പറയുന്നു. രേഖകളില്‍ തെളിയുന്നു. എന്നിട്ടും അഴിമതി എന്ന് വിളിച്ചുകൂവാന്‍ ആളുണ്ടായി. ഇപ്പോള്‍ സിബിഐ തന്നെ സമ്മതിച്ചിരിക്കുന്നു-അഴിമതി നടന്നിട്ടില്ല എന്ന്. പണം ഇടപാടുനടന്നതായി തെളിവേ ഇല്ല എന്ന്.

ഇന്നലെവരെ പിണറായി വിജയനെ വേട്ടയാടിയവര്‍ക്ക് എന്തു പറയാനുണ്ട്? രാഷ്ട്രീയക്കാരുടെ കാര്യം പോകട്ടെ. മാധ്യമങ്ങള്‍ക്കോ? കുറഞ്ഞപക്ഷം ഒരു ഖേദപ്രകടനമെങ്കിലും? എവിടെ. അവര്‍ക്ക് ശശി തരൂരിന്റെ അഴിമതിയേക്കാള്‍ വലിയ വിഷയം തച്ചങ്കരിയുടെ വിദേശയാത്രയാണ്. ലാവലിന്‍ വരുമ്പോള്‍ തച്ചങ്കരീയം. ഇലക്ഷന്‍ വരുമ്പോള്‍ മദനികാമേശ്വരി. കാപട്യം കുടുക്കപൊട്ടിക്കുന്നുണ്ട്. കാപട്യക്കാരെ കൈകാര്യം ചെയ്യാനുള്ള വഴി ജനങ്ങള്‍തീരുമാനിച്ചുകൊള്ളും.

ശതമന്യുവിന് കിട്ടിയ ഒരു എസ്എംഎസ് ഇങ്ങനെ:

"കനല്‍പോലെ ജ്വലിക്കുന്ന വിപ്ളവ തേജസ്സിനെ ചാരംകൊണ്ടു മുടാനാവില്ല. പിണറായിക്ക് കൊലമരം തീര്‍ത്ത വീരന്‍മാരെയും വര്‍ഗ വഞ്ചകരെയും കാലം തൂക്കിക്കെട്ടുന്നു. സഖാവ് പിണറായി, അടിപതറാതെ മുന്നോട്ട്.''

വളയാത്ത തണ്ടെല്ലുള്ള നേതാക്കള്‍ ആക്രമണങ്ങളെ അതിജീവിക്കും. കേസില്‍ കുടുക്കിയും അപവാദം പറഞ്ഞും അവരെ നശിപ്പിച്ചുകളയാം എന്നുകരുതുന്ന അതിശയോക്തിക്കാരും അല്‍പബുദ്ധികളും പ്രതികാരക്കാരും കാശിക്കുപോകേണ്ടിവരും. അല്ലെങ്കില്‍ അവരെ കുടുമ്മത്തേക്ക് പറഞ്ഞയക്കാന്‍ ചാക്കുണ്ണി ഷൊര്‍ണ്ണൂരങ്ങാടിയില്‍ നിന്നു വരും. എന്നിട്ട് നീട്ടി ആട്ടും-എറങ്ങി ഓടടാ ശവി. ഫഃഃഃഃഃ.

*
മാതൃഭൂമിയുടെ തലക്കെട്ട്:

പിണറായിക്കെതിരെ കൂടുതല്‍ അന്വേഷണം: തെളിവില്ലെന്ന് സിബിഐ
ചായക്കടയില്‍ ചോദ്യം വന്നു
"അല്ലപ്പാ ഇനിയുമുണ്ടോ അന്വേഷണം?''
ഉത്തരം: അത് സര്‍വൈവല്‍ ജേണലിസം. എന്ന്വെച്ചാല്‍, തലകുത്തിവീണാലും കാല് മേലെ. നോ അന്വേഷണം. നോ ന്യൂസ്.
ചോ: അപ്പം കശ്മലന്‍?
ഉ: പണം പുളിമരത്തിലും പുളിയാര്‍മലയിലും കായ്ക്കും. കശ്മലന് കിഴികിട്ട്യാമതി.
ചോ: കിഴി കെട്ടണ്ടേ?
ഉ: തല്‍ക്കാലം നോ നിവൃത്തി. കീചകനല്ലേ. ഭീമന് പഴിവരും. കിഴിയും വേണ്ട, പഴിയും വേണ്ട.

1 comment:

ശതമന്യു said...

ഇന്നലെവരെ പിണറായി വിജയനെ വേട്ടയാടിയവര്‍ക്ക് എന്തു പറയാനുണ്ട്? രാഷ്ട്രീയക്കാരുടെ കാര്യം പോകട്ടെ. മാധ്യമങ്ങള്‍ക്കോ? കുറഞ്ഞപക്ഷം ഒരു ഖേദപ്രകടനമെങ്കിലും? എവിടെ. അവര്‍ക്ക് ശശി തരൂരിന്റെ അഴിമതിയേക്കാള്‍ വലിയ വിഷയം തച്ചങ്കരിയുടെ വിദേശയാത്രയാണ്. ലാവലിന്‍ വരുമ്പോള്‍ തച്ചങ്കരീയം. ഇലക്ഷന്‍ വരുമ്പോള്‍ മദനികാമേശ്വരി. കാപട്യം കുടുക്കപൊട്ടിക്കുന്നുണ്ട്. കാപട്യക്കാരെ കൈകാര്യം ചെയ്യാനുള്ള വഴി ജനങ്ങള്‍തീരുമാനിച്ചുകൊള്ളും.