പണിയെടുക്കാതെ പണം പറ്റുന്നതിനെയാണ് നോക്കുകൂലി എന്നു പറയുന്നത്. പണി ആരോ എടുത്തോട്ടെ പണം ഇങ്ങ് പോരട്ടെ എന്നാണ് നോക്കുകൂലി ശാസ്ത്രം. ഒരുകാലത്ത് കേരളത്തില്‍ വ്യവസായം വരാത്തതിന് പഴികേട്ടത് തൊഴിലാളികളാണ്. ട്രേഡ് യൂണിയനും പണിമുടക്കുമായിരുന്നു പ്രതിക്കൂട്ടില്‍ നിന്നത്. കൊമ്പന് മീശയും വട്ടക്കെട്ടും ട്രൌസര്‍ പാതി വെളിയില്‍കാണുംവിധം മടക്കിക്കുത്തിയ മുണ്ടുമായി നില്ക്കുന്ന തൊഴിലാളിയെ വരച്ചും വര്‍ണിച്ചും ഇതാ വികസനവിരുദ്ധര്‍ എന്ന് പറഞ്ഞുപതിപ്പിച്ചു. ഇന്നിപ്പോള്‍ തൊഴിലാളികളാണ് വികസനം മുടക്കികള്‍ എന്നു പറയുന്നവനെ നാട്ടുകാര്‍ ഓടിച്ചിട്ടു തല്ലും. മെച്ചപ്പെട്ട വേതനം, അവകാശങ്ങള്‍ എന്നിവയ്ക്കൊപ്പം വ്യവസായത്തിന്റെ നിലനില്പ്പിനുവേണ്ടിയും പൊരുതുന്നവരാണ് തൊഴിലാളികള്‍. നോക്കുകൂലിക്കെതിരെ ശക്തമായ പ്രതികരണം വരുന്നതും തൊഴിലാളി സംഘടനകളില്‍നിന്നുതന്നെ.
അപ്പോള്‍പിന്നെ ആരാണ് നോക്കുകൂലിക്കാര്‍?
നാട്ടില്‍ ഒരു വലിയ വ്യവസായമായി, കൂറെയേറെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ പാകത്തില്‍ വന്ന ഒന്നാണ് സൈബര്‍സിറ്റി പദ്ധതി. എച്ച്എംടിയുടെ കൈവശമുള്ള ഭൂമി തുറന്ന ടെന്‍ഡര്‍ വിളിച്ച് ഏക്കറിന് 1.3 ലക്ഷത്തിന് ബ്ളൂസ്റ്റാര്‍ റിയല്‍ടേഴ്സ് എന്ന കമ്പനിക്ക് വ്യവസായം തുടങ്ങാന്‍ കൊടുത്തു. വന്നല്ലോ വിവാദം. വ്യവസായ മന്ത്രി എളമരം കരിം കുഴപ്പം കാണിച്ചു എന്നുവരെ പറഞ്ഞുവച്ചു. വന്ന കമ്പനിയെ തട്ടിപ്പുകാരാക്കി. ഒരാളെയും ഒഴിപ്പിക്കാതെ, പരിസ്ഥിതിയെ നോവിക്കാതെ സംസ്ഥാനത്ത് വരാനിരുന്ന വലിയൊരു തൊഴില്‍ദായക സംരംഭത്തെ ചവിട്ടി പുറത്താക്കാന്‍ മുന്നില്‍നിന്നത് ആരൊക്കെയാണെന്ന് വെറുതെ ഒന്ന് ഓര്‍ത്തുനോക്കാം. സംശയമില്ല, ഒന്നാമന് വീരഭൂമി തന്നെ. രണ്ടാം സ്ഥാനം ചെല്ലുക കോട്ടയത്തെ കണ്ടത്തില്‍ തറവാട്ടിലേക്കാണ്. മര്‍ഡോക്ക് എന്ന പാവം മാധ്യമ മുതലാളിക്ക് സ്പെഷ്യല്‍ ജൂറി പ്രൈസ് കൊടുക്കാം-സമഗ്ര സംഭാവനയ്ക്ക്. പ്രശ്നം നോക്കുകൂലിയുടേതാണ്. തരവും തഞ്ചവും നോക്കി മാധ്യമസിംഹങ്ങള്‍ക്കും ചാനല്‍തമ്പുരാക്കന്മാര്‍ക്കും കൃത്യമായി നോക്കുകൂലി കൊടുത്തിരുന്നുവെങ്കില്‍ ബ്ളൂസ്റ്റാര്‍ വന്നേനെ; കുറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും സ്വന്തം ചിത്രം പതിച്ച മാലയുംതൂക്കി എച്ച്എംടി ഭൂമിയിലൂടെ കറങ്ങി നടന്നേനെ. നോക്കുകൂലിയാണ് യഥാര്‍ഥ പ്രശ്നം. ഏതെങ്കിലും പുതിയ പദ്ധതി വരണോ, നിലവിലുള്ളത് നന്നാക്കണോ-കൊടുക്കണം നിശ്ചിത നോക്കുകൂലി. വരവു വന്നില്ലെങ്കില്‍ നാറ്റിച്ചുകളയും. അതാണ് മാധ്യമ ശക്തി.
*
തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചു. മുപ്പത്തഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്കുന്ന ബജറ്റ്. അവശവിഭാഗങ്ങള്‍ക്കുള്ള പെന്ഷന് മൂന്നൂറു രൂപയാക്കി ഉയര്‍ത്തിയ ബജറ്റ്. നാലുപേരുള്ള കുടുംബത്തിന് ഒരുമാസം പരമാവധി വേണ്ടത് മുപ്പതുകിലോ അരി. അതു വാങ്ങാന്‍ വരുന്ന ചെലവ് അറുപതുരൂപ. ബാക്കി 240 രൂപ മറ്റുകാര്യങ്ങള്‍ക്ക്. കേരളത്തില്‍ പട്ടിണി എന്ന ഒന്ന് ഇനി ഉണ്ടാവില്ലെന്ന് ബജറ്റ് ഉറപ്പിക്കുന്നു. നമ്മുടെ നോക്കുകൂലി മാധ്യമങ്ങള്‍ എന്താണെഴുതിയത്? മാതൃഭൂമി പറഞ്ഞു: ഈ ബജറ്റ് കൈയടിക്കായി. മാത്തുക്കൂട്ടിച്ചായന്റെ പത്രം എഴുതി: അരിയിട്ടു വീഴ്ത്തല്. ദീപികയുടെ കണ്ണില്‍ തോമസ് ഐസക്കിന്റേത് പ്രഖ്യാപന മാമാങ്കമാണ്.
ചരിത്രം മൂന്നരക്കൊല്ലം മുമ്പ് തുടങ്ങിയതല്ല. അതിനുമുമ്പും കേരളമുണ്ടായിരുന്നു. അന്ന് നാം സ്ഥിരം കേട്ട രണ്ടു പ്രയോഗങ്ങളാണ് ട്രഷറി പൂട്ടലും ഓവര്‍ ഡ്രാഫ്റ്റും. തോമസ് ഐസക്കിന്റെ കാലത്ത് ആ രണ്ടു പ്രയോഗവും കേള്‍ക്കാനില്ല. കേന്ദ്രം തരുന്നതും നികുതികിട്ടുന്നതും വാങ്ങിവച്ച് ദൈനംദിന ഭരണം നടത്താനാണ് തീരുമാനമെങ്കില്‍ ഐസക് ശങ്കരണനാരായണനെപ്പോലെ സംപൂജ്യനായ ധനമന്ത്രി ആയേനെ. ബജറ്റ് എങ്ങനെയുള്ളതാകും എന്ന ആകാംക്ഷ പൊതുജനങ്ങളേക്കാള്‍ കൂടുതല്‍ മാധ്യമക്കാര്‍ക്കായിരുന്നു. അത് അങ്ങനെതന്നെ വേണമല്ലോ. പ്രതിബദ്ധത സഹിക്കാനാകാതെ എരിപൊരികൊള്ളുകയാണ് മാധ്യമങ്ങള്‍. ആ വെപ്രാളം മുഴുവന്‍ ബജറ്റ് അവതരണഘട്ടത്തില്‍ കാണാനായി. ബജറ്റ് വന്നുകൊണ്ടിരിക്കുമ്പോഴും വന്ന് നിമിഷങ്ങള്‍ക്കകവും വേണം ചര്‍ച്ചയും വ്യാഖ്യാനവും വിമര്‍ശവും താറടിയും.
മാന്ദ്യകാലത്ത് കേന്ദ്രമവതരിപ്പിച്ച ബജറ്റ് പോലെ ഒന്നാണ് ഐസക്കിന്റേതെങ്കില്‍ 'യഥാര്‍ഥ ഇടതുകിങ്കരന്മാരെ' അണിനിരത്തണം ചര്‍ച്ചയ്ക്ക്. ബാക്കി അവര്‍ നോക്കും. ഇടക്കിടെ ചില മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കണം. പരസപരബന്ധമില്ലാതെ സ്വിച്ചിട്ടപോലെ 'അധിനിവേശം', 'പ്രത്യയശാസ്ത്ര വ്യതിയാനം', 'മൂല്യച്യുതി', 'സമ്പന്നവര്‍ഗപ്രണയം' തുടങ്ങിയ രാഗങ്ങള്‍ അവര്‍ ആലപിച്ചുകൊള്ളും.
ക്ഷേമ ബജറ്റെങ്ങാനും ഐസക് അവതരിപ്പിച്ചാലോ? വക്രീകരണം അത്ര എളുപ്പമാകില്ല. ദൌര്‍ഭാഗ്യവശാല്‍ അതാണ് സംഭവിച്ചത്. മുപ്പത്തഞ്ചു ലക്ഷം കുടുബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി, അങ്ങനെ അരികിട്ടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, അവശന്മാര്‍ക്ക് മുന്നൂറുരൂപ പെന്ഷന്, പുതിയ പൊതുമേഖല സ്ഥാപനങ്ങള്‍-മൊത്തം ക്ഷേമം.
അപ്പോഴാണ് യഥാര്‍ഥ പ്രതിസന്ധി വന്നത്. എന്തു ചെയ്യും?
പി സി സിറിയക് മുതല്‍ പി സി ജോര്‍ജ് വരെ രംഗത്തെത്തി. 'ഗിമ്മിക്ക്', 'സ്വപ്നം', 'വാചകമടി' ഇങ്ങനെ ആര്‍ക്കും എവിടെയും പറയാവുന്ന കുറെ വാക്കുകളേ വിദഗ്ധ നാവുകളില്‍നിന്നുതിര്‍ന്നുള്ളൂ. ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചാല്‍; ജനങ്ങളുടെ ജീവിതഭാരം കൂട്ടാതിരുന്നാല്‍ അത് ഇത്രയ്ക്ക് വലിയ അപരാധമാണെന്ന് ശതമന്യുവിന് അപ്പോഴാണ് മനസ്സിലായത്. ബജറ്റല്ലേ-പ്രതികരിക്കാതിരുന്നാല്‍ മാനക്കേടാകും. കോണ്‍ഗ്രസുകാര്‍ പതിവുപോലെ വായില്‍ തോന്നിയത് പാടി. സിദ്ധാന്തപടു മാണിസാര്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ല. ഒരു കാട്ടില്‍ രണ്ട് സിംഹങ്ങള്‍ വേണ്ട. പലകുറി ബജറ്റവതരിപ്പിച്ച തഴമ്പ് തലോടി മാണി സാര്‍ ചാനലായ ചാനലുകളിലെല്ലാം കയറിയിറങ്ങി തോമസ് ഐസക്കിനെ പൊളിച്ചടുക്കി. ഒരു ചാനലില്‍ അദ്ദേഹം ചോദിച്ചു- കഴിഞ്ഞ വര്‍ഷം ചെലവാകാത്ത 10000 കോടി രൂപയുണ്ടെങ്കില്‍ പിന്നെ എങ്ങനെ 1.9 ശതമാനം കമ്മിയുണ്ടായി? മറ്റൊരു ചാനലില്‍ ചെന്ന് പ്രഖ്യാപിച്ചു: പെന്ഷന് ആനുകൂല്യങ്ങള്‍ കൊടുത്തുകഴിഞ്ഞാല്‍ സര്‍ക്കാര്‍ പൂട്ടിപ്പോകും. ഇനിയൊരു ചാനലില്‍ ചെന്ന് നികുതി ഇതര വരുമാനമില്ലാത്തതിനാല്‍ ഒന്നും നടക്കില്ല എന്ന് പ്രാകി. മൂന്നും ഒരിടത്ത് പറയാത്തതിനാലും ഒരവതാരകനും മറിച്ച് ചോദിക്കാത്തതിനാലും മാണി സാര്‍ നീണാള്‍ വാണു.
കൊന്തയ്ക്കും ജപമാലയ്ക്കും വിഭൂതിക്കും നികുതി കുറച്ചതിലായി ചില മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധ. എന്തുകൊണ്ടാണ് വില കുറച്ചത് എന്ന് ഐസക് വിശദീകരിച്ചത് തന്ത്രപൂര്‍വം തമസ്കരിച്ചു. അത് വിശ്വാസികളെ സ്വാധീനിച്ച് വോട്ടുതട്ടാനാണെന്ന് മനോരമയുടെ വിശ്വാസം! അപ്പോള്‍ മദ്യത്തിന്റെ നികുതി കൂട്ടിയതോ? കുടിയന്മാരെ വെറുപ്പിച്ച് അവരുടെ വോട്ട് നഷ്ടപ്പെടുത്താനോ? (ഇതൊന്നും ബാധകമല്ലാത്ത ഒരേയൊരാള്‍ ഈശ്വരവിലാസം റോഡിലെ എം എം ഹസ്സനാണ്. കണക്കുമറിയില്ല, ബജറ്റുമറിയില്ല-ഉണ്ണിത്താന് സ്റ്റൈല്‍ വാചകമടിമാത്രം ഭക്ഷണം.)
ഊര്‍ജ സംരക്ഷണത്തിന് കിട്ടുന്ന കേന്ദ്രവിഹിതം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ പണമാണെന്നും അത് വാങ്ങിയാല്‍ ഓഹരി വില്‍പ്പനയെ എതിര്‍ക്കാന്‍ അവകാശമില്ലെന്നും ഒരു മാധ്യമ പ്രവര്‍ത്തക ചര്‍ച്ചയില്‍ രോഷം കൊള്ളുന്നതുകണ്ടു. ആ പണം വാങ്ങാതിരുന്നാല്‍ പൊതുമേഖലാ ഓഹരി വില്‍പ്പന കേന്ദ്രം നിര്‍ത്തുമോ ആവോ? പണം വാങ്ങിയില്ലെങ്കില്‍ കേന്ദ്രസഹായം പാഴാക്കി എന്ന് ഭാവിയിലേക്ക് ഒരു സ്കൂപ്പ് കിട്ടിയേക്കും. വന്നുവന്ന് മാധ്യമ പ്രവര്‍ത്തകര്‍ മികച്ച ഫ്യൂച്ചറിസ്റ്റുകളായി. ഒരു വെടിക്ക് എത്ര പക്ഷികള്‍.
രണ്ടു വാല്‍ക്കഷണങ്ങള്‍:
1. കേന്ദ്രം തരുന്ന പണം കേരളം ഉപയോഗിച്ച് മിടുക്കുകാട്ടുന്നുവെന്ന് മാതൃഭൂമിക്ക് ആക്ഷേപം. കേന്ദ്രം അധ്വാനിച്ച് പണമുണ്ടാക്കി സ്വന്തം മക്കളെ പോറ്റുന്നതിനുപകരം സംസ്ഥാനങ്ങളാകുന്ന ആരാന്റെ കുട്ടികള്‍ക്ക് ചെലവിനുകൊടുക്കുന്നത് കഷ്ടം തന്നെ. വയനാട്ടിലെ തോട്ടംപോലെ അച്ഛനപ്പൂപ്പന്മാരുടെ കാലത്ത് വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ പണമാണല്ലോ കേന്ദ്രത്തിന്റെ കൈയിലുള്ളത്. അതങ്ങനെ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാന്‍ പാടുണ്ടോ!
2. പലരും ഇനിയും വരുമെന്ന് കുഞ്ഞാലിക്കുട്ടി. ആക്രിക്കച്ചവടം മൊത്തമായി തുടങ്ങുന്നത് നല്ലതുതന്നെ. പി സി ജോര്‍ജിനെയും വീരന്‍കുട്ടിയെയും അബ്ദുള്ളക്കുട്ടിയെയുംപോലെ ഇനി ആരെങ്കിലുമുണ്ടെങ്കില്‍ തൂക്കി വാങ്ങാവുന്നതേയുള്ളൂ. കൂലിയോ നോക്കുകൂലിയോ ആരും ചോദിക്കുമെന്ന പേടി വേണ്ട. തുരുമ്പുവില; ഇരുമ്പ് ലാഭം.
6 comments:
കേന്ദ്രം തരുന്ന പണം കേരളം ഉപയോഗിച്ച് മിടുക്കുകാട്ടുന്നുവെന്ന് മാതൃഭൂമിക്ക് ആക്ഷേപം. കേന്ദ്രം അധ്വാനിച്ച് പണമുണ്ടാക്കി സ്വന്തം മക്കളെ പോറ്റുന്നതിനുപകരം സംസ്ഥാനങ്ങളാകുന്ന ആരാന്റെ കുട്ടികള്‍ക്ക് ചെലവിനുകൊടുക്കുന്നത് കഷ്ടം തന്നെ. വയനാട്ടിലെ തോട്ടംപോലെ അച്ഛനപ്പൂപ്പന്മാരുടെ കാലത്ത് വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ പണമാണല്ലോ കേന്ദ്രത്തിന്റെ കൈയിലുള്ളത്. അതങ്ങനെ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാന്‍ പാടുണ്ടോ!
“മുപ്പത്തഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്കുന്ന ബജറ്റ്. അവശവിഭാഗങ്ങള്‍ക്കുള്ള പെന്ഷന് മൂന്നൂറു രൂപയാക്കി ഉയര്‍ത്തിയ ബജറ്റ്. നാലുപേരുള്ള കുടുംബത്തിന് ഒരുമാസം പരമാവധി വേണ്ടത് മുപ്പതുകിലോ അരി. അതു വാങ്ങാന്‍ വരുന്ന ചെലവ് അറുപതുരൂപ. ബാക്കി 240 രൂപ മറ്റുകാര്യങ്ങള്‍ക്ക്. കേരളത്തില്‍ പട്ടിണി എന്ന ഒന്ന് ഇനി ഉണ്ടാവില്ലെന്ന് ബജറ്റ് ഉറപ്പിക്കുന്നു“
അങ്ങനെ ബി.പി.എൽ. എന്ന് വിഭാഗക്കാർ ഇല്ലാതാകുന്നു, കേരളത്തിൽ.
നോക്കുകൂലി സാധരണക്കാർ ഇപ്പോഴും കൊടുക്കുന്നു. അതിന് ഒരു മാറ്റവുമില്ല...
ബി.പി.എല്‍ മാനദണ്ഡം എന്തുവാ അന്കിള്? 300 രൂപ കിട്ടിയാല്‍ എ.പി.എല്‍ ആകുമോ?
രണ്ടു രൂപ വച്ച് അരിയും മാസം 300 രൂപ പെൻഷനും ലഭിച്ചാൽ പട്ടിണി ഇല്ലാതാക്കുമെന്നു ഉറപ്പാക്കുന്ന ഒരു ബഡ്ജറ്റിനെ പറ്റി പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. പട്ടിണിയില്ലാതെ ജീവിക്കുന്നവരെ ബി.പി.എൽ. എന്നു പറയാൻ കഴിയുമോ. ഒരു 100 ദിവസം തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലികൂടി കിട്ടിയാൽ കുശാലായില്ലേ.
അലോചിച്ചു നോക്കു, കൊല്ലം മുഴുവനും ഇങ്ങനെയാണെങ്കിൽ പട്ടിണി ഒഴിവാക്കികൂടേ. ഒരു നെഗറ്റിവ് കമന്റായി മാത്രം കാണണ്ടാ.
അയ്യേ! അങ്ങിനെ ആരെങ്കിലും കരുതുമോ?
Post a Comment