Sunday, January 31, 2010

വൈരനിര്യാതന ബുദ്ധി

മുരളിയെ പുറത്തുനിര്‍ത്താന്‍ ഒരു ന്യായവും ഉണ്ണിത്താനെ അകത്തുകടത്താന്‍ മറ്റൊരു ന്യായവും. എം എം ഹസ്സനെ തൊടാതിരിക്കാന്‍ മറ്റൊരു ന്യായം. കോണ്‍ഗ്രസില്‍ പലര്‍ക്കും പല ന്യായമാണ്. കെപിസിസി എക്സിക്യൂട്ടീവ് ചേര്‍ന്നത് മുരളിയെ ഒതുക്കാന്‍ മാത്രമല്ല, കരുണാകരനെ അപമാനിക്കാനുമാണ്. ഭീഷ്മാചാര്യരെന്നു വിളിച്ചുനടന്നവര്‍, അദ്ദേഹത്തെ താങ്ങിയെണീപ്പിക്കുകയും ബഹുമാനം നടിക്കുകയും ചെയ്തുകൊണ്ടുതന്നെ ജീവിതത്തിന്റെ സായാഹ്നത്തില്‍ അപമാനിച്ചിറക്കിവിട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് എന്ന വസ്തുവിനെ പിടിച്ചുനിര്‍ത്തിയ മനുഷ്യന് സ്വന്തം പാര്‍ടിയില്‍നിന്ന് താങ്ങാനാവാത്ത അപമാനം. നാടുമുഴുക്കെ കോണ്‍ഗ്രസുകാരുടെ അടിതട അരങ്ങേറുമ്പോള്‍ കെപിസിസി എക്സിക്യൂട്ടീവില്‍മാത്രം നാടകം നടക്കാതിരിക്കുന്നത് ശരിയല്ലല്ലോ.

എം എം ഹസ്സനെക്കുറിച്ച് കേട്ടതും ധരിച്ചതുമെല്ലാം തെറ്റ്. കഴിഞ്ഞ ദിവസം ഹസ്സന്‍ ഒന്നു 'തുറന്നു' പറഞ്ഞപ്പോള്‍ അഴിഞ്ഞുവീണ മുഖംമൂടികളെത്ര. കോണ്‍ഗ്രസ് വക്താവും നിരാശാചിത്തനുമായ സുമുഖസുശബ്ദതാരം പൊട്ടിച്ചത് ഇമ്മിണി വല്യ വെടിയാണ്.. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ നാണക്കേട് മായ്ക്കാന്‍ ആന്റണി രാജികൊടുത്ത് ഡല്‍ഹിക്കുകയറി എന്നായിരുന്നുവല്ലോ നാട്ടുകാര്‍ കരുതിയത്. സംഗതി അതല്ല എന്ന് ഹസ്സന്‍ പറയുന്നു. ആന്റണിയെ ഓടിക്കാന്‍ ഗൂഢാലോചന നടന്നുവത്രെ. പുറത്തല്ല; കോണ്‍ഗ്രസിനകത്ത്. ആന്റണിയുടെ മന്ത്രിസഭയില്‍ ഇടം കിട്ടാത്തവരും ഭാവി അധികാരമോഹങ്ങളുള്ളവരും പങ്കാളികളായി. ഗത്യന്തരമില്ലാതെ ആന്റണി ഒഴിഞ്ഞു. പകരം കയറിയവര്‍ ആരൊക്കെ, മന്ത്രിസ്ഥാനം ഒപ്പിച്ചവരാര്, നേതൃത്വത്തിലേക്ക് കയറിയവരാര്-ഈ മുഖങ്ങള്‍ കൃത്യമായി പരിശോധിച്ചാല്‍ ഗൂഢാലോചനക്കേസ് തെളിയും. അധികാരത്തിനുവേണ്ടി സ്വന്തം നേതാവിനെ ഒറ്റുകൊടുത്ത യൂദാസുമാര്‍ ഇന്ന് മുരളീധരന്റെ നെഞ്ചത്തു കയറിയിരിക്കുന്നു. ഹസ്സന് വലിയ വിഷമമൊന്നും വേണ്ടതില്ല. ഇതൊക്കെ സാധാരണ സംഭവിക്കുന്നതാണ്. വെള്ളംകോരാനും വിറകുവെട്ടാനും പത്രക്കാരെ വിളിച്ച് പയ്യാരം പറയാനുമാണ് ഹസ്സന്റെ യോഗം. അതിനിടയ്ക്ക് കിട്ടിയ മന്ത്രിപ്പണിയും എംഎല്‍എപ്പണിയും സൌകര്യാനുസൃതമുള്ള സൌജന്യമായി കണ്ടാല്‍മതി.

ഒരുകാലത്ത് നാട്ടിലെ യുവമന്ത്രിയും സാംസ്കാരിക കോമളനുമായിരുന്ന പന്തളം സുധാകരന്‍ ഇന്ന് എവിടെ എന്ന് ഹസ്സന്‍ അന്വേഷിച്ചിട്ടുണ്ടോ? അങ്ങനെ എത്രയാളുകള്‍ വഴിനടന്നുപോയി. അക്കൂട്ടത്തില്‍ ഹസ്സന് ഒരു ലോട്ടറിയടിച്ചതുകൊണ്ട് ഇപ്പോഴും ഇങ്ങനെയൊക്കെ കഴിഞ്ഞുകൂടാന്‍ പറ്റുന്നു. വല്ലതുമൊക്കെ വിളിച്ചുപറഞ്ഞ് ഭാവിതാരങ്ങളുടെ അപ്രീതി സമ്പാദിച്ച് ഇനിയുള്ള കാലം കറുപ്പിക്കേണ്ടതുണ്ടോ? സ്വന്തം പാര്‍ടിയുടെ ആപത്കാല നേതാവായ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിവിടാന്‍ ചാരനാക്കിയതില്‍ ഹസ്സനും പങ്കില്ലേ? ഉമ്മന്‍ ചാണ്ടി ചെയ്യാത്ത എന്താണ് മുരളി ചെയ്തിട്ടുള്ളത്? കോണ്‍ഗ്രസ് വിട്ട് മറുപാളയത്തില്‍പോയി മാര്‍ക്സിസ്റ് പാര്‍ടിയോടൊപ്പം അന്തിയുറങ്ങിയ ആളല്ലേ ഉമ്മന്‍ചാണ്ടി? സ്വന്തം പാര്‍ടിയില്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കി എതിരാളികള്‍ക്ക് പാര്‍ടിയെ ഒറ്റുകൊടുത്ത ചരിത്രമല്ലേ ചെന്നിത്തലയ്ക്ക്?

അത്തരം ആഗ്രഹങ്ങളൊക്കെ മുരളിക്കും ഉണ്ടായിരുന്നുവെങ്കിലും സാഹചര്യം ഒത്തുവന്നില്ല. അദ്ദേഹം ഒരു സുന്ദരനായിപ്പോയി-അതൊരു കുറ്റമാണോ? ബ്യൂട്ടി പാര്‍ലറിലെ പറ്റുവരവുകൊണ്ടും മുരളിയെ കീഴ്പ്പെടുത്താനാവുന്നില്ലെങ്കില്‍ ഉള്ള സൌന്ദര്യം മതി എന്നങ്ങ് വയ്ക്കണം. അല്ലാതെ മുരളിയുമായുള്ള സൌന്ദര്യ മത്സരമാണോ കേരളത്തിലെ കോണ്‍ഗ്രസിന്റെ രോമാഞ്ചതാരമായ ചെന്നിത്തലാജിക്ക്? മുരളീധരന്‍ ചങ്കൂറ്റത്തോടെ നാലു വര്‍ത്തമാനം പറയുന്നവനായിപ്പോയി. അത് എങ്ങനെ ഉമ്മന്‍ചാണ്ടിക്ക് സഹിക്കാത്ത കാര്യമാകും? മുരളി വന്നാല്‍ എന്താണാവോ കുഴപ്പം എന്ന് ചോദിക്കുന്നതിനേക്കാള്‍, ആര്‍ക്കാണ് പ്രശ്നം എന്ന ചോദ്യമാകും ഉചിതം. ഏതുകുറ്റവും നടന്നാല്‍, കുറ്റവാളിയെ കണ്ടെത്താന്‍ പൊലീസ് ആദ്യം നോക്കുന്നത്, അതുകൊണ്ട് ആര്‍ക്ക് പ്രയോജനം എന്നാണ്. ഇവിടെ മുരളി വരാതിരുന്നാല്‍ ഒന്നാം പ്രയോജനം ചെന്നിത്തലയ്ക്ക്. ഉമ്മന്‍ചാണ്ടിയില്‍നിന്ന് നിയമസഭാകക്ഷി നേതൃത്വം തട്ടിയെടുക്കാനുള്ള വഴിയില്‍ ഒരു തടയണ നിര്‍മിക്കുന്നത് നന്നല്ലല്ലോ. രണ്ടാം പ്രയോജനം ഉമ്മന്‍ചാണ്ടിക്കുതന്നെ. ചെന്നിത്തലയുടെ ഭീഷണി അതിജീവിക്കുകയും മുരളിയെ ചെറുത്തുനില്‍ക്കുകയുമെന്നാല്‍ എളുപ്പപ്പണിയല്ല. മൂന്നാം പ്രയോജനം അച്ഛന്റെ മോള്‍ക്കാണ്. മോന്‍ വേണോ മോള്‍ വേണോ എന്ന ചോദ്യം ഇപ്പോഴേ ഉണ്ടാകൂ. പോകെപ്പോകെ കൂടാരത്തില്‍ കയറുകമാത്രമല്ല, കയറ്റിയവരെ പുറത്തേക്ക് തള്ളുകകൂടിച്ചെയ്യുന്ന ഒട്ടകമെന്നത്രെ നേരാങ്ങളെയെക്കുറിച്ച് ഉണ്ണിയാര്‍ച്ചയുടെ ചൊല്ല്.

മുരളിയോടുള്ള വൈരനിര്യാതനം സ്വന്തം സ്ഥാനം സംരക്ഷിക്കാനുള്ള പലരുടെയും കൊതി സമാഹരിക്കുമ്പോഴാണ് പൂര്‍ണതയിലെത്തുന്നത്. കോണ്‍ഗ്രസല്ലേ. ഇന്നുഞാന്‍; നാളെ നീ എന്ന പ്രമാണം അക്ഷരംപ്രതി നടപ്പാക്കപ്പെടുന്ന പാര്‍ടിയാണ്. തല്‍ക്കാലം പന്ത് ഹൈകമാന്‍ഡിലാണെന്നാണ് ലീഡര്‍ പറയുന്നത്. ചെന്നിത്തലയും അത് ശരിവയ്ക്കുന്നു. അവിടെ ആന്റണിയാണ് താരം. ഹൈകമാന്‍ഡില്‍നിന്ന് ഉത്തരവുവന്നാല്‍ ഐസായിപ്പോകുന്നതേയുള്ളൂ എല്ലാം. രായ്ക്കുരാമാനം സിദ്ധിക്കിനെ എടുത്ത് പുറത്തിട്ട് സ്വന്തക്കാരനെ യൂത്തിലെ മൂത്തതാക്കാന്‍ ചെന്നിത്തലയ്ക്കു കഴിഞ്ഞുവെങ്കില്‍ ചെന്നിത്തലയെത്തന്നെ വെട്ടി മുരളിയെ ഇരുത്താനും അതല്ലെങ്കില്‍ മുട്ടുശാന്തിക്ക് തെന്നലയെ വരുത്താനും ആന്റണിക്കും കഴിയും. പ്രവചനങ്ങളരുത്. എല്ലാം കാത്തിരുന്നുതന്നെ കാണാം.

*
ഹസ്സന്‍ ഇത് എന്തു ഭാവിച്ചിട്ടാണെന്ന് തിട്ടമില്ല. അച്ഛന്‍ പത്തായത്തിലില്ല എന്നാണ് പറഞ്ഞത്. അതായത്, ആന്റണിയെ മാറ്റാന്‍ നടത്തിയ നീക്കത്തില്‍ പകരം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കില്ലെന്ന്. അപ്പോള്‍ പരോക്ഷമായാണ് ഉമ്മന്‍ചാണ്ടി കളിച്ചതെന്ന്. കരുണാകരനെ മാറ്റാന്‍ ഹൈകമാന്‍ഡ് എടുത്ത തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്ന ചിരിക്കു വകയുള്ള പുളുവുമുണ്ട് കൂട്ടത്തില്‍. തലയുംകുത്തിനിന്ന് പാര പണിത് കരുണാകരനെ ഇറക്കിവിട്ടവരുടെ മുന്നിരയില്‍ ഹസ്സനെയും കണ്ടതാണ്. കരുണാകരനെ മാറ്റുന്നതിനോട് താനടക്കമുള്ളവര്‍ അന്ന് യോജിച്ചെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ ആ നടപടി ശരിയായില്ലെന്ന് തോന്നുന്നുണ്ട് പോലും. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെന്നല ബാലകൃഷ്ണപിള്ളയെ ആഘോഷപൂര്‍വമോ ഉപചാരപൂര്‍വമോ ആയല്ല ഇറക്കിവിട്ടതെന്ന് ഹസ്സന് പരാതി. കരുണാകരനെ ആഘോഷപൂര്‍വമായാണല്ലോ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിവിട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയായിട്ടും തനിക്ക് സീറ്റ് നിഷേധിച്ചത് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്പരം സംസാരിച്ചായിരിക്കുമല്ലോ എന്ന ഹസ്സന്റെ പറച്ചിലാണ് ഏറ്റവും മനോഹരം. ഇനിയെങ്കിലും മുറിവേല്‍പ്പിക്കാതെ ഹസ്സന്‍സാഹിബിനെ ഗൌനിക്കണം. അല്ലെങ്കില്‍ ആന്റണിയുടെ സ്വൈരം കെടും.

*
മൂന്നാറിനെയും പൂച്ചകളെയുംകുറിച്ച് വാതോരാതെ പറഞ്ഞുനടന്നവര്‍ക്ക് വല്ല അസ്ക്യതയും ബാധിച്ചോ? കൈയേറ്റവും കുടിയേറ്റവും തമ്മില്‍ ചില വ്യത്യാസങ്ങളൊക്കെയുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചറിവു വന്നത് നന്നായി. മൂന്നാറിലെ വല്യ കൈയേറ്റക്കാരന്‍ ടാറ്റയാണെന്നും മൂന്നാര്‍ പട്ടണം ടാറ്റയില്‍നിന്ന് പിടിച്ചെടുക്കണമെന്നും സിപിഐ എമ്മും എല്‍ഡിഎഫും പറഞ്ഞപ്പോള്‍ ആരും കേട്ടില്ല. വര്‍ഷങ്ങളായി മൂന്നാറില്‍ ജീവിക്കുന്ന പാവങ്ങളെ കുടിയിറക്കിവിട്ടുള്ള കളി വേണ്ടതില്ലെന്നും വന്‍കിട കൈയേറ്റക്കാര്‍ക്കെതിരെയാകട്ടെ യുദ്ധമെന്നും പറഞ്ഞപ്പോള്‍, അത് പാര്‍ടി ആപ്പീസ് സംരക്ഷിക്കാനുള്ള തന്ത്രമെന്നായി. നിയമവാഴച നിലനില്‍ക്കുന്ന നാട്ടില്‍, ഭൂമി കൈയേറ്റം കണ്ടെത്തിയാല്‍ അത് തടയാനും ഒഴിപ്പിക്കാനുമൊക്കെ നിയമപരമായ വഴികളുണ്ട്. അതല്ലാതെ, യുദ്ധംചെയ്ത് മോചിപ്പിക്കേണ്ടവിധം ശത്രുരാജ്യം പിടിച്ചടക്കിയ ഭൂമിയൊന്നും ഇന്നാട്ടിലില്ല. അത് കെ എം മാണിക്ക് മനസിലായി; പി സി ജോര്‍ജിന് മനസിലായിട്ടില്ല. പാര്‍ടി ചെറുതായതുകൊണ്ട് നേതാവിനെ തിരുത്തുന്ന ഉപനേതാവുണ്ടായാല്‍ മാണികേരളയ്ക്ക് തല്‍ക്കാലം പ്രശ്നമില്ല. അല്ലെങ്കിലും ശല്യക്കാരെ സ്വന്തക്കാരാക്കുന്നത് ഒരു മികച്ച അടവല്യോ.

പുറം പേജില്‍ മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ചുള്ള ഗംഭീര കഥകളും ഇടുക്കിയിലെ അകം പേജില്‍ സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരെ കുടിയിറക്കുകയാണെന്ന വിലാപവുമായാണ് ഏതാനും പത്രങ്ങള്‍ കുറെ ദിവസമായി പുറത്തിറങ്ങിയത്. അവര്‍ ഒരു വിശാല രണ്ടാം മൂന്നാര്‍ ദൌത്യത്തെയും പല്ലും നഖവും നീണ്ടുവരുന്ന ജെസിബികളെയും സ്വപ്നം കണ്ടു. ഇപ്പോള്‍ സംഘഗാനം ടാറ്റയ്ക്കുവേണ്ടിയാണ്. വയനാട്ടില്‍ സ്വന്തം മുതലാളിമാര്‍ കൈയേറിയ ഭൂമിക്ക് കാവല്‍നില്‍ക്കുന്ന പത്രം മൂന്നാറിലെത്തി കൈയേറ്റവിരുദ്ധ സമരത്തിനിറങ്ങിയതില്‍ പ്രശ്നമില്ല. ഉത്തരേന്ത്യയില്‍ മരണവീടുകളില്‍ കൂലിക്ക് കരയാന്‍ പോകുന്നവരുണ്ട്. അതുപോലെ നാടുചുറ്റി തെറിവിളിക്കുന്ന (കൂലി നെല്ലായോ പണമായോ അല്ലാതെ അവാര്‍ഡായി കിട്ടിയാല്‍ മതിയാകും) ഒരു ഭൂമികൈയേറ്റക്കാരന്റെയും കവലച്ചട്ടമ്പിത്തരം കൈമുതലാക്കിയ അവസരവാദികളായ യുഡിഎഫ് പുത്തന്‍കൂറ്റുകാരുടെയും വാദിച്ചുവാദിച്ച് തോല്‍ക്കാന്‍ ജനിച്ച ചില വക്കീലന്മാരുടെയും ഇടയില്‍ 'നരനായിങ്ങനെ ജനിച്ചു' ജീവിക്കേണ്ടിവന്നതില്‍ നമുക്ക് ഏതെങ്കിലുമൊരു കോടതി മുമ്പാകെ സങ്കടം പറയാം. അനുകൂല വിധി കിട്ടാന്‍ സാധ്യത ഇല്ലാതില്ല.

3 comments:

ശതമന്യു said...

പുറം പേജില്‍ മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ചുള്ള ഗംഭീര കഥകളും ഇടുക്കിയിലെ അകം പേജില്‍ സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരെ കുടിയിറക്കുകയാണെന്ന വിലാപവുമായാണ് ഏതാനും പത്രങ്ങള്‍ കുറെ ദിവസമായി പുറത്തിറങ്ങിയത്. അവര്‍ ഒരു വിശാല രണ്ടാം മൂന്നാര്‍ ദൌത്യത്തെയും പല്ലും നഖവും നീണ്ടുവരുന്ന ജെസിബികളെയും സ്വപ്നം കണ്ടു. ഇപ്പോള്‍ സംഘഗാനം ടാറ്റയ്ക്കുവേണ്ടിയാണ്. വയനാട്ടില്‍ സ്വന്തം മുതലാളിമാര്‍ കൈയേറിയ ഭൂമിക്ക് കാവല്‍നില്‍ക്കുന്ന പത്രം മൂന്നാറിലെത്തി കൈയേറ്റവിരുദ്ധ സമരത്തിനിറങ്ങിയതില്‍ പ്രശ്നമില്ല. ഉത്തരേന്ത്യയില്‍ മരണവീടുകളില്‍ കൂലിക്ക് കരയാന്‍ പോകുന്നവരുണ്ട്. അതുപോലെ നാടുചുറ്റി തെറിവിളിക്കുന്ന (കൂലി നെല്ലായോ പണമായോ അല്ലാതെ അവാര്‍ഡായി കിട്ടിയാല്‍ മതിയാകും) ഒരു ഭൂമികൈയേറ്റക്കാരന്റെയും കവലച്ചട്ടമ്പിത്തരം കൈമുതലാക്കിയ അവസരവാദികളായ യുഡിഎഫ് പുത്തന്‍കൂറ്റുകാരുടെയും വാദിച്ചുവാദിച്ച് തോല്‍ക്കാന്‍ ജനിച്ച ചില വക്കീലന്മാരുടെയും ഇടയില്‍ 'നരനായിങ്ങനെ ജനിച്ചു' ജീവിക്കേണ്ടിവന്നതില്‍ നമുക്ക് ഏതെങ്കിലുമൊരു കോടതി മുമ്പാകെ സങ്കടം പറയാം. അനുകൂല വിധി കിട്ടാന്‍ സാധ്യത ഇല്ലാതില്ല.

ഗുപ്തന്‍ said...

വെട്ടിനിരത്തലും ചവിട്ടിത്താഴ്തലും ഒക്കെ സി പി എമ്മിലേ പാടുള്ളൂ എന്ന് കാങ്ക്രസ്സ് കാര്‍ക്ക് മനസ്സിലായിട്ടില്ല സഖാവേ. പറഞ്ഞുകൊട് വിവരം വയ്ക്കട്ടേ .. ബൈദവേ ഗൌരിയമ്മയെ സിപിയെമ്മില്‍ എന്നാ തിരിച്ചെടുക്കുന്നെ ?

Unknown said...

സഖാവെ, കാങ്ക്രസ്സുകാരു കോമാളി കളിച്ച് ചിരിപ്പിക്കാന്‍ ശ്രമപ്പെടുന്നത് നര്‍മ്മം എന്ന ലേബല്‍ കണ്ടിട്ടായിരിക്കുമല്ലേ?