Sunday, January 10, 2010

ശീലാവതിയുടെ ചുമട്

പതിവ്രതാ ശിരോമണിയായ പുരാണനായികയാണ് ശീലാവതി. അവര്‍ക്ക് കിട്ടിയ ഭര്‍ത്താവ് പക്ഷേ ഒരു മഞ്ചേരി മോഡല്‍. പേര് ഉഗ്രശ്രവസ്സ്. കാഞ്ഞ പുള്ളിയാണ്. ഇടയ്ക്കിടയ്ക്ക് ബംഗളൂരുവില്‍ പോകും. അങ്ങനെ ഒരു യാത്രയില്‍ കുഷ്ഠരോഗം പിടിപെട്ടു. ശീലാവതി നാടാകെ ബ്രാഹ്മണ വീടുകളില്‍ അലഞ്ഞ് ഭിക്ഷ വാങ്ങി ഭര്‍ത്താവിനെ പോറ്റി; പരിചരിച്ചു. രോഗം അല്‍പ്പം ഭേദമായപ്പോള്‍ ഭര്‍ത്താവിനെ ചുമലിലേറ്റി ഭിക്ഷാടനം തുടങ്ങി. ഒരുദിവസം കൂറ്റനൊരു മാളികയ്ക്കു മുന്നിലെത്തിയപ്പോള്‍ ശീലാവതി ഭിക്ഷാടനം മതിയാക്കി ഭര്‍ത്താവിനെയും ചുമന്ന് തിരിച്ചു നടന്നു. വീടണഞ്ഞപ്പോള്‍ ഉഗ്രശ്രവസ്സ്, എന്തിന് പാതിവഴിയില്‍ തിരികെ വന്നു എന്നാരാഞ്ഞു. ആ മാളിക ഒരു വ്യഭിചാര സേവാഗൃഹമാണെന്നും അവിടെനിന്നുള്ള ജലം ചവിട്ടി അശുദ്ധമാകാതിരിക്കാനാണ് തിരിച്ചു നടന്നതെന്നും പതിവ്രതാ രത്നം പ്രതിവചിച്ചു. അതോടെ ഉഗ്രശ്രവസ്സിന് ഒരു സേവാദള്‍ മോഹം. തനിക്കും അങ്ങോട്ടുപോകണമെന്നായി. പാവം ശീലാവതി. എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവളാണല്ലോ. കുഷ്ഠംകൊണ്ട് വികലാംഗനായ ഭര്‍ത്താവിനെയും ചുമന്ന് അവര്‍ വേശ്യാഗൃഹത്തിലേക്ക് നടന്നു. കഥ പിന്നെയും തുടരുന്നു. പണ്ട് എം വി രാഘവന്‍ നിയമസഭയില്‍ വി ജെ തങ്കപ്പനെ അധിക്ഷേപിച്ചപ്പോള്‍ ഇങ്ങനെയൊരു കഥ പിണറായി വിജയന്‍ വിവരിക്കുന്നത് ശതമന്യു കേട്ടിട്ടുണ്ട്. ഇവിടെ കഥ വേറെ; കാലം വേറെ.

ശീലാവതിയുമായി ഒരുതരത്തിലും താരതമ്യം ചെയ്യാനാവാത്ത ഒരു കേസിലാണ് ഇപ്പോള്‍ ആ കഥ ഓര്‍മവന്നത്.

ചെറിയ രാഷ്ട്രീയ പാര്‍ടികളുടെയും പ്രാദേശികകക്ഷികളുടെയും ഉദയം പാര്‍ലമെന്ററി ജനാധിപത്യത്തിനും ഭരണസംവിധാനത്തിനും ഭീഷണിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞുകേട്ടു. അത്തരം പാര്‍ടികള്‍ മൊത്തത്തില്‍ സങ്കുചിത താല്‍പ്പര്യങ്ങളാണത്രെ ഉയര്‍ത്തിപ്പിടിക്കുന്നത്. കു. കുട്ടിയുടെ കോണിയും കു. മാണിയുടെ രണ്ടിലയും തൊട്ടുനോക്കാന്‍ കൊള്ളാവുന്നതല്ലെന്ന്. അതായത്, ലീഗിനെയും സിഎംപിയെയും മാണി കേരളയെയും ജെഎസ്എസിനെയുമെല്ലാം ചെന്നിത്തലയുടെ കോണ്‍ഗ്രസ് സഹിക്കുന്നത് ഗത്യന്തരമില്ലാതെയാണെന്ന്. ലീഗില്ലെങ്കില്‍ വടക്കന്‍ കേരളത്തില്‍ എത്ര സീറ്റ് കോണ്‍ഗ്രസിന് കിട്ടും? മാണി കേരളയും പരിവാരവുമില്ലെങ്കില്‍ മധ്യകേരളം വട്ടപ്പൂജ്യമാകും. തെക്കാണെങ്കില്‍ സകലഗുലാബി ജാതി-മത സഖ്യത്തിന്റെ പല്ലക്കിലാണ് ഖദറിട്ടവരുടെ യാത്ര. ആ കോണ്‍ഗ്രസാണ് പറയുന്നത്, ലീഗും മാണിയുമടക്കമുള്ള ചെറുകക്ഷികള്‍ രാജ്യത്തിനുതന്നെ ഭീഷണിയാണെന്ന്. ചെന്നിത്തലയോ ചാണ്ടിയോ ഇതുപറഞ്ഞിരുന്നുവെങ്കില്‍ സഹിക്കാം.

പണ്ട് ഇതുപോലൊരു പ്രധാനമന്ത്രി പറഞ്ഞത് ലീഗ് ചത്ത കുതിരയെന്നാണ്. ആ പ്രധാനമന്ത്രിയുടെ കുടുംബത്തില്‍തന്നെയാണ് ഇപ്പോഴും ഹൈകമാന്‍ഡ്. അതിന്റെ ലോ കമാന്‍ഡാണ് മന്‍മോഹന്‍ജി. അദ്ദേഹമാണ് പുതിയ വാചകരാജാ. കോണ്‍ഗ്രസാകുന്ന ഉഗ്രശ്രവസ്സിനെ ചുമലിലേറ്റി ഭിക്ഷതെണ്ടലും അധികാരഗൃഹത്തിലേക്ക് കൊണ്ടുപോകലും പരിചരിക്കലുമാണ് ശീലാവതിമാരുടെ (പുരാണ നായിക പൊറുക്കട്ടെ) പണി. മറ്റൊരു ഗതിയുമില്ലാത്തതുകൊണ്ടും മറ്റാരും കൂട്ടിന് വിളിക്കാത്തതുകൊണ്ടും അതേ മാര്‍ഗമുള്ളൂ.

പുതിയ കാലത്ത് ലീഗിനും മാണി കേരളയ്ക്കും എം വി രാഘവനുമൊക്കെ ഒരാശ്വാസമുണ്ട്. ഏതു വിഴുപ്പും നാറ്റവും ചുമക്കാമെന്ന് പ്രഖ്യാപിച്ച് ഒരു മഗ്സാസെ സോഷ്യലിസ്റ്റ് എത്തിയിട്ടുണ്ടല്ലോ. ക്യൂവില്‍ നില്‍ക്കുന്ന ജേക്കബിനും താമരാക്ഷനുമൊന്നും ചുമടെടുക്കേണ്ടിവരില്ല-കൂടെ നടന്നാല്‍ മതി. ആത്മാഭിമാനം എന്നത് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. അങ്ങനെ കിട്ടുമെങ്കില്‍ കുഞ്ഞാലിക്കുട്ടിയും മാണിസാറുമൊക്കെ അരക്കിലോയെങ്കിലും വാങ്ങിക്കഴിക്കുമായിരുന്നു; ഈ നാണക്കേട് സഹിച്ച് ഇനി കോണ്‍ഗ്രസിനെ ചുമക്കാനില്ല എന്ന് പറയുമായിരുന്നു.

ചത്ത കുതിരയ്ക്കും റബര്‍പാലിനുമെന്ത് ആത്മാവ്; അഭിമാനം. ഒരുകഴഞ്ച് അധികാരം നുണയാന്‍ കോണ്‍ഗ്രസിനെയല്ല ഏതുവിഴുപ്പിനെയും കുഷ്ഠത്തെയും തലയില്‍വച്ച് കാവടിയാടുന്നവരെക്കുറിച്ച് പറഞ്ഞിട്ടെന്ത്.

*
ആന്ധ്രയില്‍ വൈ എസ് രാജശേഖരറെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ 450 പേര്‍ ഹൃദയംപൊട്ടി മരിച്ചുവെന്നാണ് മാധ്യമങ്ങളും കോണ്‍ഗ്രസും പ്രചരിപ്പിച്ചത്. മാധ്യമങ്ങളിലെ നാടകീയ അവതരണത്തിലും വികാരോദ്ദീപനത്തിലും വശായി ചിലദുര്‍ബലരൊക്കെ അങ്ങനെ മരിച്ചുവെന്നത് നേര്. എന്നാല്‍, തൊണ്ണൂറുശതമാനവും വാര്‍ധക്യസംബന്ധമായ അസുഖവും ഇതര രോഗ ബാധയുംമൂലം മരിച്ചവര്‍. അവരുടെ വീടുകളില്‍ കോണ്‍ഗ്രസുകാര്‍ തെരഞ്ഞുചെന്ന്, മരണം 'ഹൃദയംപൊട്ടിയതാ'ക്കി പണം കൊടുത്തു വശപ്പെടുത്തുകയായിരുന്നു. ഇതാണ് ആന്ധ്രാ സ്റ്റൈല്‍. പണംവാങ്ങി വാര്‍ത്തയെഴുതുന്ന പരിപാടി കണ്ടുപിടിച്ചതുതന്നെ ആന്ധ്രയിലെ ചില പത്രങ്ങളാണത്രെ. ചാനലുകളും മോശമല്ല.

ചിദംബരം തുറന്നുവിട്ട തെലങ്കാന ഭൂതം നാട്ടിലാകെ കുഴപ്പമുണ്ടാക്കുമ്പോള്‍ അതാ രണ്ട് ചാനലുകളില്‍ വരുന്നു ഒരു നെടുങ്കന്‍ വാര്‍ത്ത- രാജശേഖര റെഡ്ഡിയുടെ അപകടമരണത്തിനു പിന്നില്‍ അംബാനിമാരാണെന്ന്. കേട്ടയുടനെ കുട്ടിഖദറുകാര്‍ വടിയും കമ്പിപ്പാരയും പന്തവും കൊണ്ടിറങ്ങി. റിലയന്‍സിനെതിരെ കൂട്ട ആക്രമണം; കൊള്ള; ബന്ദ്. നാടാകെ കുഴപ്പം. എവിടെനിന്നാണ് വാര്‍ത്ത വന്നത്? ഒരു റഷ്യന്‍ വെബ്സൈറ്റില്‍നിന്നെന്ന് വിശദീകരണം. സൈറ്റില്‍ അങ്ങനെയൊന്ന് കാണിച്ചുതരാമോ-സോറി. ഇപ്പോള്‍ കാണുന്നില്ല.

ആര്, എവിടെ, എന്ത്, എപ്പോള്‍ എന്നൊന്നും അന്വേഷിക്കേണ്ടതില്ല. എന്തും വാര്‍ത്തയാക്കും. അതിന്റെ പേരില്‍ കലാപമുണ്ടായാലെന്ത്; നാട് കത്തിയാലെന്ത്-ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരല്ലേ. എന്നാല്‍, രണ്ടു മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത് അക്രമമാണ്. അനീതിയുമാണ്. വ്യാജ വാര്‍ത്ത സംപ്രേഷണംചെയ്താലും അച്ചടിച്ചുവിറ്റാലും അറസ്റ്റും കേസുമൊക്കെയുണ്ടാകുമെങ്കില്‍ കേരളത്തില്‍ ഈ മഹാകാര്യത്തിനുമാത്രം പ്രത്യേക ജയിലും കോടതിയും വേണ്ടിവരില്ലേ? വാറന്റില്ലാതെയാണ് പത്രാധിപന്മാരെ പിടിച്ചത്. അതിനെതിരെയാണ് സമരം. പത്രാധിപന്മാര്‍ക്ക് നുണപറയാം; അതു വിശ്വസിച്ച് നാട്ടിലാരെങ്കിലും കലാപമുണ്ടാക്കിയാല്‍ പത്രാധിപന്മാരെ ശിക്ഷിക്കാമോ? ഉണ്ണിത്താനെ ന്യായീകരിച്ചും കമ്യൂണിസ്റ്റുകാരെ അവഹേളിച്ചും സക്കറിയ മൈക്കിനുമുന്നില്‍ പ്രസംഗിച്ചാല്‍ മൈക്കില്ലാതെ അത് ചോദ്യം ചെയ്യാമോ? രണ്ടും കുഴപ്പമാണ്.

*
സക്കറിയയെ പയ്യന്നൂരില്‍ ആരെങ്കിലും തല്ലിയതായോ ശാരീരികമായി ഉപദ്രവിച്ചതായോ സക്കറിയപോലും പറഞ്ഞിട്ടില്ല. വാക്കേറ്റവും കൈയേറ്റ ശ്രമവും-അത്രയേ ഉണ്ടായിട്ടുള്ളൂ എന്നാണ് സക്കറിയയുടെ ഭാഷ്യം. പണ്ട് ഒരു പ്രമുഖനോട് "എന്നെ അവന്‍ മാന്‍ഹാന്‍ഡില്‍ ചെയ്തുകളഞ്ഞു'' എന്ന് പരാതിപ്പെട്ട കഥയുണ്ട്. കേട്ടയാള്‍ക്ക് ആ വാക്കിന്റെ അര്‍ഥമറിയില്ല. അതെന്തോ വളരെ മോശമായ കാര്യമാണ് എന്നു ധരിച്ച് "എന്നാലും താന്‍ അവനെ മാന്‍ഹാന്‍ഡില്‍ ചെയ്തുകളഞ്ഞില്ലേ, തന്നെ വെറുതെ വിടാന്‍ പാടില്ല'' എന്നാണ് പ്രമുഖന്‍ പ്രതിവചിച്ചത്. പരുക്കന്‍ പെരുമാറ്റമോ കൈകൊണ്ടുള്ള തള്ളലോ 'മാന്‍ഹാന്‍ഡില്‍' ആണെന്ന് സക്കറിയക്ക് അറിയാതിരിക്കില്ല.

പയ്യന്നൂരില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും അറിയണമെന്നാണ് ശതമന്യുവിന്റെ പക്ഷം.

സക്കറിയക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അല്‍പ്പം കൂടുതലുമുണ്ട്. അദ്ദേഹം സാംസ്കാരിക നായകനാണല്ലോ. അനാശാസ്യത്തിന് പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാനും സേവാദള്‍ താരം ജയലക്ഷ്മിയെ പുകഴ്ത്താനും സക്കറിയ തുനിഞ്ഞാല്‍ ഡിവൈഎഫ്ഐക്കാര്‍ക്കെന്ത്? എന്നാല്‍, അതിന്റെ പേരില്‍ പയ്യന്നൂരിലെ ഉല്‍കൃഷ്ടമായ ഗാന്ധിമൈതാനിയില്‍ കയറിനിന്ന് കമ്യൂണിസ്റ്റ് നേതാക്കളെയും ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാ അസോസിയേഷന്‍ സംഘടനകളെയും അവഹേളിച്ച് പ്രസംഗിച്ചാല്‍ അത് ചോദിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം കേട്ടുനിന്നവര്‍ക്കുമുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താനെ വീട് വളഞ്ഞ് പിടിച്ചത് പൌരാവകാശ ലംഘനമാണെന്നും ഭരണക്കാര്‍ നിയമലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് സക്കറിയ പറഞ്ഞത്. ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും എസ്എഫ്ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്നത്രെ സാംസ്കാരിക നായകന്റെ ജഡ്ജ്മെന്റ്. ആദ്യകാലകമ്യൂണിസ്റ് നേതാക്കളുടെ ഒളിവുജീവിതം ലൈംഗിക അരാജകത്വത്തിന്റെ കഥയാണെന്നു പറഞ്ഞുവയ്ക്കാനും സംസ്കാരസമ്പന്നന്‍ മടിച്ചുനിന്നില്ല. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോള്‍ ആളുകള്‍ കൈയടിച്ചില്ല-എന്തേ ഇങ്ങനെ പറയാന്‍ എന്ന് എഴുത്തുകാരനോട് ചോദിച്ചു. എഴുത്തുകാരന്‍ ചൊടിച്ചു. ഉച്ചത്തില്‍ വര്‍ത്തമാനമായി. അത്രയേ ഉണ്ടായിട്ടുള്ളൂ.

അതിനെ വെറുതെ താലിബാനിസമെന്നൊന്നും പറഞ്ഞ് പയ്യന്നൂരിനെ അഫ്ഗാനിസ്ഥനാക്കിക്കളയല്ലേ കൂട്ടരേ.

ഉണ്ണിത്താനെയും സേവാദളത്തെയും പിടിച്ചത് ഡിവൈഎഫ്ഐക്കാരല്ല, ലീഗും കോണ്‍ഗ്രസും എല്ലാമടങ്ങുന്ന മഞ്ചേരിക്കാരാണെന്നെങ്കിലും സക്കറിയക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രശ്നമേ ഉണ്ടാകില്ലായിരുന്നു.

9 comments:

ശതമന്യു said...

സക്കറിയക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അല്‍പ്പം കൂടുതലുമുണ്ട്. അദ്ദേഹം സാംസ്കാരിക നായകനാണല്ലോ. അനാശാസ്യത്തിന് പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാനും സേവാദള്‍ താരം ജയലക്ഷ്മിയെ പുകഴ്ത്താനും സക്കറിയ തുനിഞ്ഞാല്‍ ഡിവൈഎഫ്ഐക്കാര്‍ക്കെന്ത്? എന്നാല്‍, അതിന്റെ പേരില്‍ പയ്യന്നൂരിലെ ഉല്‍കൃഷ്ടമായ ഗാന്ധിമൈതാനിയില്‍ കയറിനിന്ന് കമ്യൂണിസ്റ്റ് നേതാക്കളെയും ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാ അസോസിയേഷന്‍ സംഘടനകളെയും അവഹേളിച്ച് പ്രസംഗിച്ചാല്‍ അത് ചോദിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം കേട്ടുനിന്നവര്‍ക്കുമുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താനെ വീട് വളഞ്ഞ് പിടിച്ചത് പൌരാവകാശ ലംഘനമാണെന്നും ഭരണക്കാര്‍ നിയമലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് സക്കറിയ പറഞ്ഞത്. ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും എസ്എഫ്ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്നത്രെ സാംസ്കാരിക നായകന്റെ ജഡ്ജ്മെന്റ്. ആദ്യകാലകമ്യൂണിസ്റ് നേതാക്കളുടെ ഒളിവുജീവിതം ലൈംഗിക അരാജകത്വത്തിന്റെ കഥയാണെന്നു പറഞ്ഞുവയ്ക്കാനും സംസ്കാരസമ്പന്നന്‍ മടിച്ചുനിന്നില്ല. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോള്‍ ആളുകള്‍ കൈയടിച്ചില്ല-എന്തേ ഇങ്ങനെ പറയാന്‍ എന്ന് എഴുത്തുകാരനോട് ചോദിച്ചു. എഴുത്തുകാരന്‍ ചൊടിച്ചു. ഉച്ചത്തില്‍ വര്‍ത്തമാനമായി. അത്രയേ ഉണ്ടായിട്ടുള്ളൂ.

അതിനെ വെറുതെ താലിബാനിസമെന്നൊന്നും പറഞ്ഞ് പയ്യന്നൂരിനെ അഫ്ഗാനിസ്ഥനാക്കിക്കളയല്ലേ കൂട്ടരേ.

മൂര്‍ത്തി said...

മിക്കവാറും പത്രങ്ങള്‍ സക്കറിയ പറഞ്ഞതെന്ത് എന്നത് കൊടുക്കാതെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. അദ്ദേഹം പറഞ്ഞത് വ്യക്തമായി കൊടുത്താല്‍ ഈ വാര്‍ത്ത വെച്ച് ഉണ്ടാക്കാവുന്ന മൈലേജ് നഷ്ടപ്പെടുമല്ലോ. ഉണ്ണിത്താന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ കളിച്ച കളി ഇതിലും മറ്റൊരു രീതിയില്‍ കളിക്കുന്നു.

വാരിക്കുന്തം said...

സഖറിയയുടെ വാക്കുകള്‍

ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ പൊതുസ്‌ഥലത്തു വച്ച്‌ കാസര്‍ഗോഡ്‌ മുന്‍ എം.പി. ടി.ഗോവിന്ദന്റെ മകന്‍ അടക്കമുള്ളവരാണ്‌ കൈയേറ്റം നടത്തിയത്‌.

വളഞ്ഞുനിന്ന്‌ അസഭ്യം പറഞ്ഞവരെയെല്ലാം വ്യക്‌തമായി തിരിച്ചറിയാനാകും. ഭരണപക്ഷത്ത്‌ ഇരിക്കുന്ന അവരുടെ കൈയിലാണ്‌ പോലീസ്‌. പരാതികൊടുത്താല്‍ ചിലപ്പോള്‍ താനായിരിക്കും അകത്തുപോകുക. മഞ്ചേരിയില്‍ വീട്‌ ചവിട്ടിത്തുറന്ന്‌ അകത്തുകയറി രാജ്‌മോഹന്‍ ഉണ്ണിത്താനേയും സ്‌ത്രീയേയും അധിക്ഷേപിച്ചവര്‍ക്ക്‌ യാതൊരു കുറ്റവും ഇല്ല. അറസ്‌റ്റ് ചെയ്യപ്പെട്ട ഉണ്ണിത്താനാണ്‌ കുറ്റം. പുതിയകാലഘട്ടത്തില്‍ യുവജനപ്രസ്‌ഥാനത്തിന്റെ ഹൃദയവും തലച്ചോറും ചുരുങ്ങിവരുന്നതായാണ്‌ കാണുന്നത്‌.

ഡി.വൈ.എഫ്‌.ഐ മുമ്പ്‌ ഇങ്ങനെയായിരുന്നില്ല. സി.പി.എം പോലുള്ള സംഘടനയെ നാളെ നയിക്കേണ്ടവരാണ്‌ ഈ യുവജന നേതാക്കള്‍. എന്നാല്‍ അഹന്തയും അഹങ്കാരവുമാണ്‌ ഡി.വൈ.എഫ്‌.ഐക്കാരെ നയിക്കുന്നത്‌. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന പഴയ നിലപാടുകളിലേക്ക്‌ ഇടതുപക്ഷം തിരിച്ചെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂര്‍ത്തി said...

ഇത് സക്കറിയ പ്രസംഗിച്ചതെന്ത് എന്ന് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത. മറ്റു പത്രങ്ങളില്‍ ഇതിലെ പലതും വിഴുങ്ങി.

ഉണ്ണിത്താനെ പിടിച്ചത് പൌരാവകാശ ലംഘനമെന്ന്സക്കറിയ; കമ്യൂണിസ്റ്റുകാരെ തെറിവിളിയും

പയ്യന്നൂര്‍: അനാശാസ്യത്തിന് പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാന്‍ കമ്യൂണിസ്റ്റ് നേതാക്കളെയും ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാഅസോസിയേഷന്‍ സംഘടനകളെയും അവഹേളിച്ച് സക്കറിയയുടെ പ്രസംഗം. ക്ഷുഭിതരായ ജനം പരിപാടി കഴിഞ്ഞിറങ്ങിയ എഴുത്തുകാരനെ ചോദ്യം ചെയ്തു. പയ്യന്നൂരില്‍ പുസ്തക പ്രകാശനച്ചടങ്ങിലാണ് സാമാന്യ ബോധമുള്ളവര്‍ പറയാത്തരീതിയില്‍ രാജ്മോഹന്റെ കാമകേളികളെ ന്യായീകരിക്കാന്‍ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളെയാകെ അവഹേളിച്ചത്.രാജ്മോഹന്‍ ഉണ്ണിത്താനെ വീട് വളഞ്ഞ് പിടിച്ചത് പൌരാവകാശ ലംഘനമാണെന്നും ഭരണകൂടം നിയമ ലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. ഇതിന് പിന്നാലെ നടക്കുന്ന ഡിവൈഎഫ്ഐയും മഹിളാഅസോസിയേഷനും എസ്എഫ്ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്നുമായിരുന്നു സക്കറിയയുടെ പ്രസംഗം. വീട് വളഞ്ഞു പിടിച്ചവര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും പറഞ്ഞ് ഉണ്ണിത്താനോടുള്ള കൂറ് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യകാലകമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവ് ജീവിതം ലൈംഗിക അരാജകത്വത്തിന്റെ കഥയാണെന്നു പ്രസംഗിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയെ ആകെ താറടിക്കാനാണ് പിന്നീട് സക്കറിയ തുനിഞ്ഞത്. ഈ സമയം സദസിലുണ്ടായിരുന്ന ചിലര്‍ ഇത് വളരെ മോശമാണെന്ന് സക്കറിയയോട് പറയുന്നുണ്ടായിരുന്നു.പ്രസംഗം കഴിഞ്ഞ് പോകാന്‍ ഇറങ്ങിയ സക്കറിയയോട് കൂടിനിന്ന ചിലര്‍ പ്രസംഗത്തിലെ അനൌചിത്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം അവരോട് ക്ഷുഭിതരായി. ഇത് കേട്ട ജനങ്ങളും ക്ഷുഭിതരായി. കൂടെയുണ്ടായിരുന്ന സി വി ബാലകൃഷ്ണനും എന്‍ ശശിധരനുമെല്ലാം ചേര്‍ന്ന് സക്കറിയയെ കാറില്‍ കയറ്റി അയക്കുകയായിരുന്നു. പിന്നീട് ഇവര്‍ ചാനല്‍ ഓഫീസുകളില്‍ വിളിച്ച് സക്കറിയയെ കൈയേറ്റം ചെയ്തുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ആളുകള്‍ ഉച്ചത്തില്‍ സംസാരിച്ചുവെന്നല്ലാതെ ആരെയും കൈയേറ്റം ചെയ്തിട്ടില്ല. പൊലീസില്‍ ഇത്തരത്തിലുള്ള പരാതിയും ഇല്ല. പയ്യന്നൂരിലെ ഡിസംബര്‍ ബുക്സിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ഉണ്ണിത്താനെ ന്യായീകരിച്ച സക്കറിയയെ ചോദ്യം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്ഐക്ക് പങ്കില്ലെന്ന് പയ്യന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് എം സഞ്ജീവനും സെക്രട്ടറി കെ വി പ്രശാന്ത് കുമാറും അറിയിച്ചു.

ഷൈജൻ കാക്കര said...

സഹിത്യ അകാഡമിയുടെ ഉപകാര സ്മരണ!

സക്കറിയ സംഭവം സാഹിത്യകാരൻ എം. മുകുന്ദൻ പഠിച്ച്‌ വരുന്നതെയുള്ളു, എല്ലാവരും കാത്തു നിൽക്കുക!

സക്കറിയയുടെ കൊരലിന്‌ പിടിച്ചവർ ആരായിരുന്നാലും, അവർ സമൂഹത്തിലെ "നികൃഷ്ടജീവികൾ" (കടപാട്‌ - പിണറായി) ആണ്‌ എന്ന്‌ തട്ടിവിടാനും മുകുന്ദന്റെ പുതിയ ദൈവം സമതിക്കുന്നില്ലേ? ദൈവത്തിന്റെ വികൃതികൾ!

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹഹ............
സക്കറിയ ഉയര്‍ത്തിക്കൊണ്ടുവന്ന മാനുഷികമായ അടിസ്ഥാന പ്രശ്നങ്ങളെ ശീലാവതിയിലൂടെയൊക്കെ സഞ്ചരിച്ചാണെങ്കിലും തള്ളിക്കളയണം!ആ ശീലാവതിക്കഥയും പുരാണേതിഹാസങ്ങളും ഡിഫിയുടെ സദാചാര സംഹിതയായിരിക്കുന്നു എന്നതില്‍ അത്ഭുതമില്ല.

ഡിഫിയിലും സി.പി.എം ലും ചേക്കേറുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളും ട്രോജന്‍ കുതിരകളായി അവരുടെ അജണ്ടകള്‍ നടപ്പാക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ ചങ്കിനകത്ത് ഞെരിച്ച് കൊല്ലപ്പെടുന്ന പുരോഗമന ശബ്ദമാണ്. ചിന്താശേഷിയുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുകതന്നെ വേണം.
ചിത്രകാരന്റെ പോസ്റ്റ്:സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!!
സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

റെജി ആമ്പല്ലൂർ said...

ചിത്രകാരനു പറ്റിയ കൂട്ടുകാരു തന്നെ ഉണ്ണിത്താനും സക്കറിയയും.സി പി എമ്മിനെ തെറി വിളിക്കാൻ അവസരം നോക്കി നടക്കുകയാണ് ചിത്രകാരൻ എന്ന കപടദളിത് സ്നേഹി.ഇത്തരം സാമൂഹ്യവിപത്തുകളെ ബൂലോഗം അർഹിക്കുന്ന അവഗണനയോടെ ചവറ്റു കൊട്ടയിൽ തള്ളുന്നു. ചിത്രനെ അനുകൂലിച്ച് കമന്റ് ഇടുന്നത് എല്ലാം ചിത്രൻ തന്നെ ഉണ്ടാക്കിയ ഐ ഡികൾ ആണ്

റോഷ്|RosH said...

ഈ രായുമോന്‍- സഖറിയ സംഭവങ്ങളും, അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും തീരെ അര്‍ത്ഥരഹിതമായ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്.
രായുമോന്‍ പിണറായിയെയും പ്രകാശിനെയും കുറിച്ച് തല്ലുകൊള്ളിത്തരം പറഞ്ഞപ്പോള്‍ ഡിഫി കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. പക്ഷെ അതിനു സ്വീകരിച്ച വഴി മോശമായി പോയി. പുരോഗമനാശയങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ഒരു പ്രസ്ഥാനം ചെയ്യേണ്ട ഒരു കാര്യമല്ലായിരുന്നു അത്. വാര്‍ത്തകളും, സമൂഹം തന്നെയും പൈങ്കിളിവത്കരിക്കപ്പെട്ട കാലത്ത് മാധ്യമങ്ങള്‍ സംഭവം നന്നായി തന്നെ ഉപയോഗിച്ചു.

Anonymous said...

സക്കറിയയുടെ നേര്‍ക്ക്‌ ഉണ്ടായതു കയ്യേറ്റമാണെങ്കില്‍ അത് തികച്ചും നിര്ഭാഗ്യമാണ് ... അങ്ങിനെ സംബവിക്കരുതയിരുന്നു .... പിന്നെ സഖറിയയെ പെട്ടന്ന് രംഗത്ത് അവതരിപ്പിച്ചു കയ്യടി നേടിയ മാന്യ മലയാള സുപ്രഭാതവും , സക്തിയുള്ള വീരു പത്രവും എന്തെ "പെണ്ണതന്‍" തലയില്‍ കയ്യും വെച്ച് , പിന്നെ മുഖം മറച്ചും ഇരിക്കുന്ന പടം കൊടുത്തില്ല ." രണ്ടാം ക്ലാസ്സില്‍ പോകുന്നു ഞാന്‍ " എന്ന ചിഹ്നം കാണിച്ചു കോടതിയില്‍ നിന്നും , ഉന്മേഷത്തോടെ ഇറങ്ങി വരുന്ന പടം അവര്‍ക്ക് കിട്ടി .. പിന്നെ അയാളെ പിടിച്ചത് ഡിഫി കാരന് എന്നത് -- മറ്റൊരു പബ്ലിസിറ്റി സ്ടന്റ്റ് അല്ലെ ? സഖറിയ അതിനെ ന്യയീകരിചോട്ടെ .. പക്ഷെ അതിന്റെ പേരില്‍ മുന്നില്‍ ഇരിക്കുന്ന ആളുകളുടെ അച്ചന്മാരും,ബന്ധുക്കളുടെയും പേരില്‍ "കമ -കഥ " കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പേരില്‍ അടിച്ചു വിടാന്‍ പാടില്ലായിരുന്നു . അത് ആരും ചര്‍ച്ചക്കെടുതില്ലല്ലോ ? ഉണ്ണിത്താനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ്‌ കാര് പോലും മിനകെട്ടില്ല .. ഒരു പി സി ജോര്‍ജ് (മുന്‍ മാന്യന്‍ ) ആണ് വന്നത് ... മോളുടെ അമ്മായിയപ്പന്റെ പേരിലുള്ള കേസ് ഇപ്പോള്‍ തീര്ന്നത്തെ ഉള്ളൂ ... എന്നിട്ടും സഖറിയ കാണിച്ച ആവേശം എന്തിനായിരുന്നു ..അ പേരിലും സി പി ഐ എമുകരെ ഒന്ന് "കൊട്ടാം" എന്ന് കരുതിയിട്ടോ .. അന്നും ഒരാളെ കണ്ടില്ല സന്ധ്യക്ക്‌ .... ഒരു സി ആര്‍ നീലനെയോ ,ബി ആര്‍ പി ചേട്ടനെയോ ..മറ്റും ...
പിന്നെ ശ്രീരാമ സേന ഇതിന്റെ വാല് പിടിച്ചു രംഗത്തിറങ്ങേണ്ട ... സഖറിയ ഉയര്‍ത്തുന്നത് "മനുഷികമായാല്‍" കുഴപ്പമില്ല .. പക്ഷെ അതും പറഞ്ഞു അക്കൂട്ടത്തില്‍ "ലൈംഗിക മാനവികത " ഉയര്‍ത്തി മറ്റുള്ളവരുടെ നേര്‍ക്ക്‌ ചളി വരി എറിഞ്ഞാല്‍ അനുങ്ങളയാല്‍ ചോദ്യം ചെയ്തിരിക്കും ...അതല്ലാത്തവര്‍ വായില്‍ തോന്നിയത് കോതക്ക് പട്ടു എന്ന് പാടുമായിരിക്കും .