Sunday, December 27, 2009

ഇരുതലമൂരി

ഇത് ശതമന്യു കണ്ടുപിടിച്ച തലക്കെട്ടല്ല. ഉണ്ണിത്താന്‍ മഞ്ചേരിയില്‍ യുദ്ധം നടത്തിയതിന്റെ പിറ്റേന്ന് വീരഭൂമിയില്‍ അമ്പരപ്പോടെമാത്രം കണ്ട് ആസ്വദിച്ച ഒന്നാംപേജ് വരയുടെ തലക്കെട്ട് 'ഇരുതലമൂരിയെ പിടികൂടി' എന്നാണ്. ഇതു വരച്ചയാള്‍ ഇന്നും ആ പത്രത്തിലുണ്ടോ എന്ന് ഉറപ്പില്ല. കാരണം കാര്‍ട്ടൂണിന് മേലാകെ മുനയാണ്. പലേടത്തും ചെന്ന് തറയ്ക്കും. ആ മുടി, കുറി, മീശ എന്നിവ മാറ്റിയും കുറച്ചുമെല്ലാം കാര്‍ട്ടൂണ്‍ കണ്ടുനോക്കൂ. പല വമ്പന്മാരുടെയും മുഖം തെളിഞ്ഞുവരുന്നില്ലേ? എങ്ങനെ സഹിക്കും? ഇത്ര മഹത്തായ വീരകൃത്യം നടത്തിയ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് അഭിനന്ദനങ്ങള്‍. തന്റേതല്ലാത്ത ആശയങ്ങളുമായി പകയും വിദ്വേഷവും ഉളുപ്പില്ലായ്മയും കുത്തിവച്ച വരകള്‍ നിരന്തരം വേണ്ടിവരുമ്പോള്‍ വല്ലപ്പോഴും ഇത്തരം ഒന്ന് വരയ്ക്കാനാകുന്നത് ആശ്വാസംതന്നെ.

ഉണ്ണിത്താന് കിട്ടിയ തല്ലിനെക്കുറിച്ച് പരസ്പര വിരുദ്ധമായ പല വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. സേവാദള്‍ നേതാവിനെയുംകൊണ്ട് ഡിസ്കഷന് പോയതിന്റെ പേരിലാണ് ആ തല്ല് എന്ന് വിശ്വസിക്കാന്‍ പ്രയാസം. വടികൊടുത്ത് അടി വാങ്ങി എന്നുപറയുന്നതാവും ശരി. ആള്‍ ഉണ്ണിത്താനാണാല്ലോ. തല്ല് പാഴ്സലായി വരുന്ന നാവ് കൈയിലുണ്ട്. അവിഹിതം പിടിക്കാന്‍ വന്നവരോട് സാറേ, ചേട്ടാ, മാമാ രക്ഷിക്കണേ എന്ന് പറഞ്ഞു കരഞ്ഞിരുന്നുവെങ്കില്‍ സംഗതി തിവാരി മോഡല്‍ ആവില്ലായിരുന്നു. തല്ലുകിട്ടിയപ്പോള്‍ മാത്രമാണ് തല കുനിഞ്ഞത്. ബോധം തിരിച്ചുകിട്ടിയപ്പോള്‍ പൂച്ച വീണ്ടും പുലിയായി.

ആദ്യം പറഞ്ഞത് ഷാനിമോള്‍ ഉസ്മാന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചാണ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെക്കുറിച്ച് മ്ളേച്ഛമായ പരാമര്‍ശം ഒരു ആഭാസനില്‍നിന്ന് ഉണ്ടായതിനോട് ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പ്രതികരിച്ചില്ല. പേടിയാണ് ഉണ്ണിത്താനെ. ആരെങ്കിലും പ്രതികരിച്ചുപോയാല്‍ അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും പുറത്തുവരും. കെപിസിസി ഓഫീസ് വ്യഭിചാരശാലയാണെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് ഇതേ ഉണ്ണിത്താനായിരുന്നല്ലോ. അന്ന് അത് തെളിയിക്കാന്‍ വൈദ്യപരിശോധന വേണമെന്ന് ആര്‍ക്കും തോന്നിയില്ല. ഐജിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹെഡ് കോണ്‍സ്റ്റബിളിന് ചുമതല നല്‍കുന്നുതുപോലെയാണ് എഐസിസി അംഗത്തിന്റെ അവിഹിതം അന്വേഷിക്കാന്‍ കെപിസിസി എകസ്ക്യൂട്ടീവ് അംഗത്തെ നിയോഗിക്കുന്നത്. മൊയ്തീന് വലിയ പണിയൊന്നുമില്ല. വലുതായൊന്നും ചെയ്യാനുമില്ല.

രാഹുല്‍ഗാന്ധി കുമരകത്ത് വന്നതും ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ഏതാണ്ട് ഒരുപോലെതന്നെ. രാഹുലിന് പൊലീസ് കാവല്‍നിന്നു - ഉണ്ണിത്താനെ പൊക്കി ലോക്കപ്പിലാക്കി. കോവ്വ്ഗ്രസുകാര്‍ക്ക് ന്യായമായും ചോദിക്കാം-ഇതെന്തുനീതി, ഇതെന്ത് ന്യായം എന്ന്.

*
അല്ലെങ്കിലും ഉണ്ണിത്താന് ഇനി വലിയ ജാള്യമൊന്നും വേണ്ട. പ്രായംകൊണ്ട് രണ്ട് ഉണ്ണിത്താന്മാര്‍ വേണം ഒരു നാരായദത്ത് തിവാരിയാകാന്‍. വയസ്സ് എണ്‍പത്താറ്. കിടക്കയില്‍ കൂടെ മൂന്നു സ്ത്രീകള്‍. അതിലൊരാള്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നത്രെ. നാരായ ദത്ത് തിവാരി കോണ്‍ഗ്രസ് കണ്ടുപിടിച്ച വീരനാണ്. നല്ല തണുപ്പുള്ള നൈനിറ്റാളിലാണ് ജനനമെങ്കിലും സിരകളില്‍ ചൂടുള്ള രക്തം. പ്രധാനമന്ത്രിസ്ഥാനത്തുവരെ പരിഗണിക്കപ്പെട്ട പേര്. രാജീവ് മന്ത്രിസഭയില്‍ പലവകുപ്പുകള്‍ മാന്തിയ മന്നന്‍. സീതാറാം കേസരിയെയും നരസിംഹറാവുവിനെയും പ്രണബ് മുഖര്‍ജിയെയുംകാള്‍ വലിയ നേതാവ്. മൂന്നുവട്ടം യുപി മുഖ്യമന്ത്രി. ഉത്തരാഖണ്ഡ് എന്ന പുതിയ സംസ്ഥാനം വന്നപ്പോള്‍ പൂതിതോന്നി അവിടെയും മുഖ്യന്‍. പ്രായക്കൂടുതല്‍ കാരണം 2006ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് പ്രഖ്യാപിച്ചയാളാണ്. മുഖ്യമന്ത്രിസ്ഥാനത്ത് പറ്റാതാകുമ്പോള്‍ കൊടുക്കാനുള്ളതായതുകൊണ്ട് ഹൈദരാബാദിലെ താരാട്ടുപാട്ടുകേട്ട് ഉറങ്ങാനാണ് നിയോഗിച്ചത്.

ഇതാണ് കോണ്‍ഗ്രസ്. ഉണ്ണിത്താന്മാരുടെയും രാഹുല്‍മാരുടെയും തിവാരിമാരുടെയും കോണ്‍ഗ്രസ്. എണ്‍പത്താറുകഴിഞ്ഞാലും ഉശിരുപോകാത്ത പാര്‍ടി! കൊല്ലം-മഞ്ചേരി-ബംഗളൂരു റൂട്ടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സഞ്ചാരം. ഇത് എളുപ്പവഴിയാണ്. സേവാദള്‍ അഖിലേന്ത്യാ സെക്രട്ടറിയെന്നാല്‍ സേവനതല്‍പ്പരയാകുമെന്നും ആ സേവനം ഉണ്ണിത്താന് സ്ഥിരമായി വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്നും എഐസിസി ഒരു പത്രക്കുറിപ്പിറക്കിയാല്‍ തീരുന്നതേയുള്ളൂ സംശയങ്ങള്‍. ഉണ്ണിത്താനും ജയലക്ഷ്മിയും ഡിസ്കഷന്‍ പണ്ടേ തുടങ്ങിയതാണ്. സംഘടനയ്ക്കുള്ളിലും പുറത്തും അസൂയാലുക്കള്‍ ഇതുപറഞ്ഞ് ഒച്ചപ്പാടുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയുന്നുണ്ട്. ഉണ്ണിത്താനില്‍നിന്ന് ഇതല്ലാതെ പ്രതീക്ഷിക്കരുതെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്വകാര്യം പറഞ്ഞത്.

*
ഉണ്ണിത്താനെതിരെ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയിലാണ് മഞ്ചേരിക്കാര്‍ കൈകടത്തിയതെന്നും ഉഭയസമ്മത പ്രകാരമുള്ള വേഴ്ച കുറ്റകരമല്ലെന്നും വലിയ വാദങ്ങള്‍ നാട്ടില്‍ പരക്കുന്നുണ്ട്. സംഗതിയൊക്കെ ശരിതന്നെ. കോണ്‍ഗ്രസ് നേതാക്കള്‍ നിയമം പാലിക്കുന്നവരാണ്. നിയമപാലനത്തിന് കെപിസിസി ഓഫീസില്‍ ബക്കറ്റും വെള്ളവും വേണം, തീവണ്ടിയില്‍ എസി ടൂ ടയറില്‍ രണ്ടു ബര്‍ത്ത് തിരിച്ച് പ്രത്യേക കൂപ്പെ ഉണ്ടാക്കണം; രാജ്ഭവനില്‍ നാലുപേര്‍ക്ക് സുഖശയനത്തിന് പറ്റുന്ന കട്ടില്‍ വേണം; കുമരകത്ത് സ്പെഷ്യല്‍ സ്യൂട്ടുവേണം. നിയമ പാലനത്തിനുള്ള ഇത്തരം ചെറിയ ചെറിയ സംവിധാനങ്ങള്‍ നാട്ടിലാകെ ചെയ്യേണ്ടതാണ്.

ഉണ്ണിത്താന്‍ വാര്‍ത്തയല്ലാതായി, പകരം തിവാരി കയറിയെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്ത പാതി മുക്കിയെങ്കിലും നാട്ടിലാകെ പാട്ടാണ് കോണ്‍ഗ്രസിന്റെ അരമന രഹസ്യങ്ങള്‍. 'മഞ്ചേരി സംഭവ'ത്തോടെ യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രീയ വഷളന്റെ പതനമാണ് സംഭവിച്ചത്. ഉണ്ണിത്താനുപകരം പിടിക്കപ്പെട്ടത് സിപിഎം ബ്രാഞ്ചംഗമായിരുന്നെങ്കിലോ? 'സിപിഎം നേതാവ് അവിഹിതത്തിന് പിടിയില്‍' എന്ന് ഒന്നാംപേജ് വാര്‍ത്തവരും. മാത്രമോ. പുറകെ വരും വിഐപി, വിവിഐപി കൂട്ടിച്ചേര്‍ക്കലുകള്‍. കിളിരൂര്‍, കവിയൂര്‍....ഒന്നും കേരളീയര്‍ മറന്നിട്ടില്ല. സിപിഎം കാരെക്കുറിച്ച് എന്തുപറഞ്ഞാലും വാര്‍ത്തയാണ്. കോണ്‍ഗ്രസുകാരെ ഉടുതുണിയില്ലാതെ പിടിച്ചാല്‍ അത് സാധാരണ സംഭവം. മാധ്യമക്കാരെ കുറ്റംപറഞ്ഞിട്ടും വലിയ കാര്യമില്ല. മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ പരിപാടി നിഷിദ്ധമെന്നും കോണ്‍ഗ്രസുകാര്‍ ഇതിന്റെയെല്ലാം ആശാന്മാരാണെന്നും ജനങ്ങള്‍ക്ക് നന്നായറിയാം.

മൊയ്തീന്റെ അന്വേഷണം തീരുമ്പോള്‍ ഉണ്ണിത്താന്‍ തിരിച്ചുവരും. ചാനലുകള്‍ അയാളെ വിളിച്ചിരുത്തി സദാചാരമൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിക്കും. അഥവാ കോണ്‍ഗ്രസ് തിരിച്ചെടുത്തില്ലെങ്കിലോ-ഉണ്ണിത്താനും എഴുതാനുണ്ടാകും ഒരാത്മകഥ. അതില്‍ ചെന്നിത്തല വരും, ഉമ്മന്‍ചാണ്ടി വരും, പി ജെ കുര്യന്‍ വരും, മറ്റുപലരും വരും. അത്രയ്ക്കൊന്നും താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലാത്തതുകൊണ്ട് ഉണ്ണിത്താനെ അതിവേഗകോടതിയില്‍ കയറ്റി കുറ്റമുക്തനാക്കി ഒരു കെപിസിസി സെക്രട്ടറിസ്ഥാനമെങ്കിലും കൊടുക്കേണ്ടതാണ്.

*
ചോദ്യം: ഉണ്ണിത്താനോ തിവാരിയോ മഹാന്‍? മറുചോദ്യം: കോഴിയോ മുട്ടയോ ആദ്യമുണ്ടായത്?

4 comments:

മനനം മനോമനന്‍ said...

എവിടേ വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ? അർത്ഥഗർഭമായ മൌനമാണല്ലോ! നമ്മൾ ഇവിടെയൊക്കെത്തന്നെ കാണും. സമാനമായ സാഹചര്യങ്ങളിലൊക്കെ ഈ മൌനം തന്നെ സൂക്ഷിയ്ക്കണം. ലോകത്തിലെ ഏറ്റവും മോശം പർട്ടി സി.പി.എമ്മും, ലോകത്തിലെ ഏറ്റവും മോശപ്പെട്ട നേതാക്കൾ സി.പി.എം നേതാക്കളും ആണെന്ന മട്ടിൽ ഉറഞ്ഞു തുള്ളുന്ന നിങ്ങൾക്കെന്തേ കണ്ണിൽ തിമിരം ബധിച്ചുവോ?

Anonymous said...

ഇതിലും വലിയ സംഭവങ്ങള്‍ ഉണ്ട് എന്ന മട്ടിലാണ്‌ നമ്മുടെ "എന്തോവിഷന്‍" മാന്യന്മാര്‍ അന്നേ ദിവസം നമ്മുടെ പി സി ജോര്‍ജ്ജ് ചേട്ടനെ കൊണ്ട് വന്നു . അങ്ങേരുടെ വായില്‍ നിന്നു വരുന്നത് കേള്‍ക്കുമ്പോള്‍ കുടുംബത്ത് ഇരിക്കുന്ന ഒരു ആണും ടി വി തല്ലി പോളികകതിരിക്കില്ല . അത്രയും "സംസ്കാര - സംസ്കരണ - പ്രസംഗം " അദേഹത്തിന് എന്തോ കൊറേ കാര്യങ്ങള്‍ സി പി എം കാരെ കുറിച്ച് അറിയാമത്രേ ? പക്ഷെ സദാചാരം അനുവദിക്കുന്നില്ല പുറത്തു പറയാന്‍ എന്ന് . പക്ഷെ പറയുന്ന വാക്കുകള്‍ കേട്ടപ്പോള്‍ മനസിലായി ഏതു സ്ഥലത്ത് നിന്നാണ് അ മാന്യന്‍ വരുന്നതെന്ന് . അതോ മകന്റെ അമ്മായിയപ്പന്‍ ഒരിക്കല്‍ ഇത് പോലെ ഒന്ന് (അദേഹം ലോകപ്രസസ്തനാണ് ) കസറിയാതിന്റെ ഓര്മ തികട്ടിലാണോ എന്തോ ? ഒന്നും അങ്ങേരു പറഞ്ഞില്ല .. സദാചാരം കാണിക്കാന്‍ പലപ്പോഴും അവസരം കിട്ടാറില്ലല്ലോ.... തിവാരിയും,രാഹുല്‍ "ജി " യും ,ഗീത പാരായണ വിദഗ്ദ്ധന്‍ "മുരളി കുഞ്ഞും " നമുക്ക് കാണിച്ചു തന്നിട്ടുണ്ട് --- എന്താണ് "കോണ്‍ഗ്രസ്‌ സദാചാര കമ്മിറ്റി " യുടെ പ്രവര്‍ത്തങ്ങള്‍ (ഇവരുടെ കുഞ്ഞാടുകള്‍ തന്നെയാണ് - sfi കാര്‍ പെണ്‍കുട്ടികളുടെ മേലെ കിടന്നു സമരം ചെയ്യുന്നതിന്റെ ചിത്രം വെച്ച് മുന്ബോരിക്കല്‍ സദാചാരം കാണിച്ചു തന്നിട്ടുള്ളത് ). പിന്നെ ഇതൊന്നും ഇവര്‍ക്ക് പുത്തരിയല്ല കാരണം ഇത്തരക്കാര്‍ തന്നെയാണ് കോണ്‍ഗ്രസില്‍ എന്നും വഴ്തപെടുന്നതും ... ഉണ്ണിത്താന് അഭിമാനിക്കാം താന്‍ കോണ്‍ഗ്രസ്‌ തന്നെ യാണ് എന്ന് തെളിയിച്ചതില്‍ ... പിന്നെ വീരന് ഇതില്‍ ഒന്നും പറയാനില്ല - സ്വന്തം പെങ്ങളെ പറ്റിച്ചു ഭൂമി കയ്യേറി - എന്നാണ് അവര്‍ നെഞ്ഞതടിച്ചു പറഞ്ഞത് ... വീരനായ മാന്യന്‍ ഇപ്പോള്‍ സദാചാര കമ്മിറ്റിയുടെ ചെയര്‍മാനാണ് ....
വാല്‍കഷ്ണം : പിണറായിക്ക് സൂഫിയ മദനിയില്‍ ആണോ കണ്ണെന്നു "മഞ്ചേരി താന്‍ " പറഞ്ഞപ്പോള്‍ - കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് അങ്ങേര്‍ക്കു മുന്പില്‍ വിരിഞ്ഞിരുന്ന പെണ്ണുങ്ങള്‍ തന്നെയാണെന്ന് ഓര്‍ക്കുമ്പോള്‍ "അഭിമാന പൂരിതമാകുന്നു അന്ത:രംഗം " - പക്ഷെ അപ്പോഴേക്കും "ആവേശത്തിന്റെ അന്ത്യ രംഗമായി - കയ്യോടെ പിടിച്ചു ഒളിസേവ "

ഇടിമുഴക്കം said...

കോൺ‌ഗ്രസ്സ്-മാതൃഭൂമി-മനോരമ-ഇന്ത്യാവിഷൻ-ഏഷ്യാനെറ്റ്-ജൈഹിന്ദ് സദാചാര സംരക്ഷകരെ ഒരുത്തനേയും കണ്ടില്ല. ദിവസം ചുരുങ്ങിയത് രണ്ട് പത്രസമ്മേളനം നടത്തുന്ന പി സി ജോർജ്ജ് എന്ന മഹാന്റേയും നാവു പൊങ്ങിയില്ല. ഇത് കോൺ‌ഗ്രസ്സിന്റെ പാരമ്പര്യമാണെന്നും നിങ്ങൾ സി പി എംകാർക്ക് ഇതിലൊക്കെ എന്തു കാര്യം എന്നും വലതുപക്ഷ ചിന്തകരുടെ മതം. ആയിരിക്കാം.. കോൺ‌ഗ്രസ്സിനു അങ്ങനെ ഒരു പൈതൃകവും പാരമ്പര്യവും ഉണ്ട്. നെഹൃവിന്റെ കാലം മുതലെ ഉണ്ടായിരുന്നല്ലൊ ഇതൊക്കെ. അതു കൊണ്ട് ഉണ്ണിത്താനേയും തീവാരിയേയും ഒന്നും കുറ്റം പറയേണ്ടതില്ല.. അപ്പൂപ്പൻ വേലി ചാടിയതെങ്കിൽ കൊച്ചുമക്കൾ ഒരു മതിലെങ്കിലും ചാടാതെ എങ്ങനെ????

ramachandran said...

പി സി ജോര്‍ജ്ജ് ,ഉണ്ണിത്താന്,വീരന്
കെ സുധാകരന് തുടങ്ങിയ രാഷ്ട്രിയ വൈകൃതങ്ങള്,രാഷ്ട്രിയഅശ്ലീലംങ്ങള്‍.. ....
സാംസ്കാരിക കേരള സംവാദങ്ങളെ മലിന മാക്കിയ ഇത്തരവഷളമാരുടെ ബ്ലൊഗിലെ
പതിപ്പുകളാണ്, വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ...'ഇരുതലമൂരികള... ഒളിസേവകാര്.......