Sunday, December 20, 2009

അറിയാം; പക്ഷേ പറയില്ല

ഈ രാത്രിയില്‍ കോഴി കൂവുംമുന്‍പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്ന് യേശു പറഞ്ഞത് പത്രോസ് സത്യമാക്കി. യൂദാസ് ഗുരുനാഥനെ ഒറ്റിക്കൊടുത്ത് മുപ്പത് വെള്ളിപ്പണം പെട്ടിയിലാക്കി. ചതിയുടെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അബ്ദുള്‍നാസര്‍ മഅ്ദനിയെ കോയമ്പത്തൂരില്‍ ചെന്ന് കണ്ടതും പിന്തുണ കത്തായി വാങ്ങി നാട്ടില്‍ കൊണ്ട് വന്ന് വോട്ടാക്കി മാറ്റിയതും ഉമ്മന്‍‌ചാണ്ടി. കോട്ടയത്ത് വൈക്കം വിശ്വനെതിരെ വോട്ട് ചോദിച്ച് പോസ്റ്ററില്‍ മേഴ്സി രവിയുടെയും മഅ്ദനിയുടെയും ചിത്രം. പി പി തങ്കച്ചന് സ്വന്തമായി താടിയില്ലാത്തതുകൊണ്ട് താടിയുള്ള മദനിയുടെ ചിത്രം വെച്ച് പോസ്റ്ററടിച്ചാണ് വോട്ട് തേടിയത്. അദ്വാനിജിയെ ശരിപ്പെടുത്താന്‍ പോയ ഗണത്തില്‍പ്പെടുത്തി കൊടുംഭീകരനായി മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാ‍യപ്പോള്‍ മഅ്ദനി നല്ലവന്‍; പിഡിപിയുടെ വോട്ട് മധുരപ്പൂങ്കനി. പാലം കടക്കുന്നതുവരെ നാരായണാ എറ്റുവിളിച്ച് ചാടി മറുകരയെത്തിയപ്പോള്‍ മഅ്ദനിയെ നോക്കി കൂരായണാ വിളിച്ചു. യൂദാസിനും വേണ്ടേ പിന്തുടര്‍ച്ച? 'ആ'രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ആരോടുമരുളരുതോമലാളേ‘ എന്ന് ചാണ്ടി പറഞ്ഞത് മഅ്ദനി അനുസരിച്ചു. മഅ്ദനിക്ക് തീവ്രവാദത്തെ വേണ്ടാതായപ്പോള്‍ ചാണ്ടിക്ക് മഅ്ദനിയെയും വേണ്ട. പുതിയ കൂട്ടായി എ�ഡിഎഫ് വന്നുവല്ലോ. കേന്ദ്രത്തില്‍ നിന്ന് ഇണ്ടാസു വരുമ്പോഴും എന്‍.ഡി.എഫിന്റെ തേജസ് പത്രം പറയുന്നത്, യുഡിഎഫുകാര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഇത് ഇടതന്മാമാരുടെ കളിയാണെന്ന്! യുഡിഎഫിന്റെ പതിനാറിനേക്കാള്‍ പവറാണത്രേ എല്‍.ഡി.എഫിന്റെ പാര്‍ലമെന്റിലെ നാലിന്.

തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഇടതിന് പിന്തുണ പ്രഖ്യാപിച്ചതാണ് മഅ്ദനിക്ക് വിനയായത്. പിന്തുണ യുഡിഎഫിനെങ്കില്‍, നാട്ടില്‍ പതിനാറ് കൊലപാതകം നടത്തി മിണ്ടാതിരിക്കുന്ന എന്‍.ഡി.എഫിനെപ്പോലെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവേന നടക്കാമായിരുന്നു. മാതൃഭൂമിയും മിണ്ടില്ല; മനോരമയും മിണ്ടില്ല. എന്‍.ഡി.എഫിനെക്കുറിച്ച് മിണ്ടിയാല്‍ ബൈക്കില്‍ ആളുവരുമെന്നും പട്ടിയെ വെട്ടിക്കൊന്ന് പരിശീലിച്ചവരാണ് വരികയെന്നും പേടിക്കണമല്ലോ. പിന്നെ ഉമ്മന്‍‌ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും വെറുപ്പ് സമ്പാദിക്കുകയും വേണം. കൊല്ലുന്ന എ.ഡി.എഫ് അവിടെ കിടക്കട്ടെ; കൊല്ലാത്ത മഅ്ദനിയെ നമുക്ക് കൊല്ലാം. മഅ്ദനി ഐഎസ്എസ് കാലത്ത് ചെയ്തതും പറഞ്ഞതും നല്ലതെന്ന് മഅദനിപോലും പറഞ്ഞിട്ടില്ല. ഒരാളെ നന്നാകാനും വിടില്ലെന്നാണ് വാശി. വെടക്കാക്കി തനിക്കാക്കാന്‍ എളുപ്പമാണല്ലോ.

പണ്ട് വാല്മീകി എന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. പൂര്‍വാശ്രമത്തില്‍ പിടിച്ചുപറിക്കാരന്‍; നീചന്‍. ശരപ്രയോഗമേറ്റ് ക്രൌഞ്ചങ്ങളിലൊന്ന് താഴേക്ക് വീഴുമ്പോള്‍ അരുതേയെന്ന് വിലപിച്ചതും അതേ വാല്മീകി തന്നെ. മഅ്ദനിയെ വാല്മീകിയോടുപമിച്ചു എന്ന ആരോപണം ശതമന്യുവിനോട് വേണ്ട. തെറ്റില്‍ നിന്ന് ശരിയിലേരിയിലേക്കുള്ള യാത്ര പുരാണത്തിലുമുണ്ടെന്ന് വെറുതെ ഓര്‍മിച്ചുപോയതാണ്. അങ്ങനെ എത്രയെത്ര മാറ്റങ്ങള്‍; തകിടംമറിയലുകള്‍. കേരളത്തില്‍ ചെങ്കൊടി താഴ്ത്തിക്കാന്‍ ഒരണസമരത്തിലൂടെ അവതാരമെടുത്ത ദിവ്യരൂപം ഒരുനാള്‍ ഇറങ്ങിവന്ന് ചെങ്കൊടി തണലേറ്റിരുന്നു. അന്ന് ഹസ്സനും ആര്യാടനും ഉമ്മന്‍ചാണ്ടിയുമെല്ലാം കമ്യൂണിസത്തെയും സോഷ്യലിസത്തെയും വാഴ്ത്തിപ്പാടി. കുഞ്ഞാലി വധക്കേസില്‍ ആരോപണവിധേയനായ ആര്യാടനെ വേദിയിലിരുത്തി എം വി രാഘവന്‍ പറഞ്ഞു: ഇവന്‍ പണ്ട് പലതും ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥിയാണ്, വോട്ടു ചെയ്യണം. ആര്യാടന്‍ ജയിച്ചു.

1980ല്‍ നായനാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നു. എ കോണ്‍ഗ്രസും മാണികേരളയും അധികാരത്തിന്റെ ശീതളച്ഛായയിലിരുന്നു. കയറിവന്നതും ഇറങ്ങിപ്പോയതും ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്. അന്ന് ഒരുമിച്ചിരുന്നതുകൊണ്ട് പിന്നെ ഉമ്മന്‍‌ചാണ്ടി ചെയ്ത എല്ലാ കള്ളത്തരത്തിന്റെയും ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയിലാണോ? കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന് ഇടതായും വലതായും പോയപ്പോള്‍ മാര്‍ക്സിസ്റ്റുകരെ ചൈനാചാരന്മാരെന്ന് വിളിക്കാന്‍ മുന്‍പില്‍ സിപിഐ ആയിരുന്നു. കടുത്ത ശത്രുത. ഇന്നലത്തെ സഖാവ് ഇന്നത്തെ 'ചൈനാചാരന്‍'. മാര്‍ക്സിസ്റ്റുകാര്‍ കൂട്ടത്തോടെ ജയിലില്‍. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി. അന്ന് സിപിഐ എം പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം 'വെക്കട വലതാ ചെങ്കൊടി താഴെ; പിടിയെട വലതാ മൂവര്‍ണക്കൊടി' എന്ന്. കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ക്ക് സിപിഐ കൂട്ടുനിന്നു എന്നുവന്നപ്പോള്‍ ക്ഷോഭത്തോടെ വിളിച്ചത്. തിരിച്ചും അതേതീവ്രതയോടെ ആക്രമണമുണ്ടായി. ഭട്ടിന്‍ഡ പ്രമേയം വിരിഞ്ഞു. സിപിഐ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ മുന്നണിയിലേക്ക് സിപിഐ എമ്മും സിപിഐയും ഒന്നിച്ചുവന്നു. ഇന്ന് രണ്ടു ഒന്നിച്ച്. അന്നത്തെ മുദ്രാവാക്യം എടുത്തിട്ട് ആരെങ്കിലും അലക്കുമോ? നിങ്ങള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരല്ലേ അതുകൊണ്ട് നിങ്ങളെ തൊടാന്‍ ഞങ്ങളില്ല എന്ന് സിപിഐ എം പറയുമോ?

ഇന്ദിര ഇന്ത്യയായി സ്വയം മാറി ഹിറ്റ്ലറുടെ പെണ്‍ജന്മമാണെന്ന് വന്നപ്പോള്‍ അര്‍ധഫാസിസത്തിന്റെ അപകടത്തെ ചെറുക്കാന്‍ ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ നയിച്ച യുദ്ധത്തില്‍ കമ്യൂണിസ്റ്റുകാരും ജനസംഘവുമുണ്ടായിരുന്നു. അതുകൊണ്ട്, ജനസംഘം പഴയ സഖ്യകക്ഷിയല്ലേ, വരൂ നമുക്ക് ഭായിഭായി കളിക്കാമെന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാരന്‍ ഇന്നു പറയുമോ? സോവിയറ്റ് യൂണിയന്റെ പരിപ്പെടുക്കാന്‍ നടന്ന പലരും ഫാസിസത്തെ ചെറുക്കാനുള്ള ഐക്യമുന്നണിയില്‍ അണിയണിയായി നിലകൊണ്ട് സാക്ഷാല്‍ സ്റ്റാലിന്റെ ഉത്തരവുകള്‍ അനുസരിച്ചിരുന്നില്ലേ? തെരഞ്ഞെടുപ്പുകളില്‍ അടിയന്തര സംവിധാനങ്ങള്‍ രൂപപ്പെടും. സ്ഥലത്തെയും കാലത്തെയും തിരിച്ചറിഞ്ഞ് പറ്റാവുന്ന വിധത്തില്‍ പ്രയോഗിക്കാനുള്ളതാണ് അത്തരം സമീപനം. മനോരമയും മാതൃഭൂമിയും മര്‍ഡോക്കും മുനീര്‍വിഷനും ഐക്യമുന്നണിയുണ്ടാക്കി മാര്‍ക്സിസ്റ്റ് മേധം നടത്തുന്നില്ലേ? അവര്‍ യുഡിഎഫിന്റെ സഖ്യകക്ഷിയല്ലേ? എല്ലാ ആക്രമണങ്ങളും സഹിച്ച് അനങ്ങാതിരിക്കാനാനോ ഇടതുപക്ഷത്തിന്റെ നിയോഗം?

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ക്ഷീണിപ്പിക്കാനും സംഘടിതശ്രമം നടക്കുന്നു എന്നാണ് 19ആം പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചത്. കേരളത്തില്‍ ആക്രമണത്തിന്റെ തോത് അല്പം കൂടുതലാണ്. ആ സമയത്ത്, ഞങ്ങളിതാ പഴയ കൂട്ടരല്ല, നന്നായിട്ടുണ്ട്, തീവ്രവാദം തീരെയില്ല എന്ന് വിളിച്ചുപറഞ്ഞ് പിന്തുണ നല്‍കാനെത്തിയ പിഡിപിയെ മതിലിനുപുറത്ത് നിര്‍ത്തണമായിരുന്നുവോ? വോട്ട് വേണ്ടെന്നു പറയണമായിരുന്നുവോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞു; എല്‍ഡിഎഫ് നാല് സീറ്റിലേക്ക് ചുരുങ്ങി; മഅ്ദനിയുടെ തെരഞ്ഞെടുപ്പ് പിന്തുണയുടെ കാലവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത ആണവകരാറും ഇസ്രയേലി അഴിമതിയും അമേരിക്കന്‍വിധേയത്വവും വിലക്കയറ്റവുമൊന്നും മിണ്ടാതെ മഅദനിയിലും ലാവ്ലിനിലും ചര്‍ച്ച തളച്ചിടാന്‍ യുഡിഎഫിന് കഴിഞ്ഞു. തീവ്രവാദകക്ഷിയുമായി കൂട്ടുകൂടി എന്ന പ്രചാരണത്തില്‍ മതനിരപേക്ഷവിശ്വാസികളായ ചിലരെല്ലാം വീണുപോയി. അത് വോട്ടില്‍ പ്രതിഫലിച്ചു. പിഡിപിയുമായി യോജിച്ച് വേദി പങ്കിട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. അതേസമയം, എന്‍ഡിഎഫ് എന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ എന്ന വര്‍ഗീയവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ സംഘടനയുടെ പിന്തുണ യുഡിഎഫിന് കിട്ടിയിരുന്നു എന്ന കാര്യം കേന്ദ്ര കമ്മിറ്റി ഓര്‍മിപ്പിക്കുകയും ചെയ്തു. അത്രയുമാണ് കാര്യം.ഇതിലെന്ത് അവ്യക്തത? തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ടികള്‍, ഗ്രൂപ്പുകള്‍, ജനവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കേണ്ടത് ആവശ്യമാണ്; അതേസമയം, അത്തരത്തിലുള്ള നീക്കങ്ങളിലൂടെ പാര്‍ടിയുടെ മതനിരപേക്ഷ വ്യക്തിത്വം മാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കണം ഇതാണ് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ച നിലപാട്. രാഷ്ട്രീയമോ തെരഞ്ഞെടുപ്പ്പരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ജാതിയെയും വര്‍ഗീയതയെയും ഉപയോഗിക്കുന്നതിനെതിരായ പോരാട്ടം തുടരുമെന്നാണ് പാര്‍ടി പ്രഖ്യാപിച്ചിട്ടുള്ളത്.

പിഡിപി പിന്തുണച്ചത് തെരഞ്ഞെടുപ്പിലെ കാര്യം. സൂഫിയ മഅ്ദനി അറസ്റ്റിലായത് കേസുമായി ബന്ധപ്പെട്ട നിയമപരമായ നടപടി. രണ്ടും രണ്ടായി എല്‍ഡിഎഫ് കാണുന്നതുകൊണ്ട് രാഷ്ട്രീയം അതിന്റെ വഴിക്കും നിയമം അതിന്റെ വഴിക്കും. അങ്ങനെ ഉമ്മന്‍‌ചാണ്ടി കാണാത്തതുകൊണ്ട് നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടു; അത് പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞ് തലയൂരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം പറയില്ലെന്നു മാത്രം. പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാരുടെ അന്തസ്സ് വര്‍ധിക്കുമല്ലോ. എന്‍ഡിഎഫോ പിഡിപിയോ വര്‍ഗീയ-തീവ്രവാദശക്തി എന്ന് മനോരമ ഒരുനാളും 'നിങ്ങള്‍ പറയൂ' എന്ന മേമ്പൊടിയുമായി ചോദിച്ചിട്ടില്ല.

*
ദാസനും വിജയനും കര്‍ണാടക പൊലീസായി ബംഗ്ലാദേശില്‍ പോയ കഥ എഴുതിയ അതേമഹാന്റെ ഭാവനയിലാണ് ഏതാനുംമാസംമുന്‍പ് അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തി ഗവര്‍ണര്‍ക്ക് കൊടുത്തു എന്ന കഥയും വിരിഞ്ഞത്. രണ്ടും മനോരമയുടെ പൊള്ളക്കഥ. ഇതാണ് യുഡിഎഫിനുള്ള മാധ്യമസഹായം.

ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിക്ക് ഉപദേശം നല്‍കാന്‍ വീരഭൂമിയെ നിയമിച്ചു എന്നും കേള്‍ക്കുന്നു. അത് മറ്റൊരു മാധ്യമസഹായം.

ശംഭോ മഹാദേവാ.

1 comment:

ശതമന്യു said...

ഈ രാത്രിയില്‍ കോഴി കൂവുംമുന്‍പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്ന് യേശു പറഞ്ഞത് പത്രോസ് സത്യമാക്കി. യൂദാസ് ഗുരുനാഥനെ ഒറ്റിക്കൊടുത്ത് മുപ്പത് വെള്ളിപ്പണം പെട്ടിയിലാക്കി. ചതിയുടെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അബ്ദുള്‍നാസര്‍ മഅ്ദനിയെ കോയമ്പത്തൂരില്‍ ചെന്ന് കണ്ടതും പിന്തുണ കത്തായി വാങ്ങി നാട്ടില്‍ കൊണ്ട് വന്ന് വോട്ടാക്കി മാറ്റിയതും ഉമ്മന്‍‌ചാണ്ടി. കോട്ടയത്ത് വൈക്കം വിശ്വനെതിരെ വോട്ട് ചോദിച്ച് പോസ്റ്ററില്‍ മേഴ്സി രവിയുടെയും മഅ്ദനിയുടെയും ചിത്രം. പി പി തങ്കച്ചന് സ്വന്തമായി താടിയില്ലാത്തതുകൊണ്ട് താടിയുള്ള മദനിയുടെ ചിത്രം വെച്ച് പോസ്റ്ററടിച്ചാണ് വോട്ട് തേടിയത്. അദ്വാനിജിയെ ശരിപ്പെടുത്താന്‍ പോയ ഗണത്തില്‍പ്പെടുത്തി കൊടുംഭീകരനായി മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാ‍യപ്പോള്‍ മഅ്ദനി നല്ലവന്‍; പിഡിപിയുടെ വോട്ട് മധുരപ്പൂങ്കനി. പാലം കടക്കുന്നതുവരെ നാരായണാ എറ്റുവിളിച്ച് ചാടി മറുകരയെത്തിയപ്പോള്‍ മഅ്ദനിയെ നോക്കി കൂരായണാ വിളിച്ചു. യൂദാസിനും വേണ്ടേ പിന്തുടര്‍ച്ച?