മുല്ലപ്പള്ളി രാമചന്ദ്രന് യോഗ്യനായ നേതാവാണ്. അച്ചടി വടിവ്, നീലംമുക്കിയ വെണ്മ, നാടകനടിപ്പ്, ആദര്‍ശത്തിന്റെ അസ്ക്യത-ആന്റണി കോണ്‍ഗ്രസിനു വേണ്ട യോഗ്യതകളുടെ അപൂര്‍വ സംഗമം. കണ്ണൂരില്‍നിന്ന് രണ്ടുവട്ടം തോറ്റ് പത്തുവര്‍ഷം വനവാസം നടത്തിയതിന്റെയും ആക്രാന്തക്കുട്ടിയെ അല്‍ഭുതക്കുട്ടിയാക്കിയതിന്റെയും പരിക്കുമായാണ്, വടകരയില്‍ ഭാഗ്യപരീക്ഷണം നടത്തിയത്. ആന്റണിയുടെ കൃപകൊണ്ടുകിട്ടിയ സീറ്റ്, വീരന്റെ വീരോചിതവും വിമതന്റെ വിലാസലസിതവുമായ സഹായം, മകാരാദി മാധ്യമങ്ങളുടെ മാനസപുത്രസ്ഥാനം എന്നിവകൊണ്ട് രക്ഷപെട്ട് ഡല്‍ഹിയിലെത്തി. അവിടെ താലത്തിലാക്കി ഒരു സഹമന്ത്രിസ്ഥാനം കാത്തിരുന്നു. ആന്റണിയുടെ അലിവില്‍ ആഭ്യന്തരമന്ത്രി. വിധേയത്വം ആന്റണിയോടുമാത്രം. മൂലയ്ക്കിരുത്താന്‍ നോക്കിയ ഉമ്മന്‍ചാണ്ടിയോടും വെട്ടില്‍വീഴ്ത്താന്‍ നോക്കിയ ചെന്നിത്തലയോടും ഒടുങ്ങാത്ത പക.
കേരളത്തില്‍ പ്രസ്താവനകളുടെയും പത്രസമ്മേളനത്തിന്റെയും കുത്തകാവകാശം പതിച്ചെടുത്ത ചെന്നിത്തല-ഉമ്മന്‍ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കുംവിധം പ്രസ്താവനകളുടെ പ്രളയം തീര്‍ത്താണ് ആദ്യം ആഞ്ഞടിച്ചത്. കേന്ദ്രസേന, ക്രമസമാധാനം തുടങ്ങി മുസ്ളി പവര്‍ എക്സ്ട്രയുടെ കാര്യം വരെ പത്രസമ്മേളനം വിളിച്ച് വിളമ്പിയ ആഭ്യന്തര സഹമന്ത്രി, അതൊന്നും ഏശുന്നില്ലെന്നുകരുതി കുന്തിച്ചിരിക്കുമ്പോഴാണ് പഴയ കിങ്ങിണിക്കുട്ടനെ കണ്ടുമുട്ടിയത്. അച്ഛന് അകത്തും മകന് പുറത്തും. പാര്‍ടിയുണ്ടായിട്ടും അച്ഛന് നാട്ടില്‍ വിലയില്ല. പാര്‍ടിയില്ലാത്ത മകന് തീരെ വിലയില്ല. ഉപതെരഞ്ഞെടുപ്പുകാലത്ത് തറവാടടങ്ങുന്ന മണ്ഡലത്തില്‍പോലും അച്ഛനെ പ്രവേശിപ്പിച്ചില്ല. മകന് ക്ഷണിക്കാതെ പോയെങ്കിലും ഉണ്ണാതെ തിരിച്ചുപോരേണ്ടിവന്നു. ഒരുകാലത്ത് പ്രതാപികളായ തറവാട്ടുകാര് ഉണ്ണാനും ഉടുക്കാനുമില്ലാത്തവരായി തെക്കുവടക്കുനടക്കുന്നു. ആ തറവാട്ടില്‍നിന്ന് ഉപ്പും ചോറും തിന്നുവളര്‍ന്ന തിരുത്തല്‍കുട്ടികള്‍ സര്‍വപ്രതാപികളായി പത്രസമ്മേളനങ്ങള്‍ നടത്തി സുഖിച്ചുജീവിക്കുന്നു. ആര്‍ക്കും സഹിക്കാനാകാത്ത അവസ്ഥയാണ്. മുല്ലപ്പള്ളിക്കും സഹിച്ചില്ല. ആദ്യം കുത്തിയുണര്‍ത്തേണ്ടത് ഉറക്കം നടിച്ചുകിടക്കുന്നവരെത്തന്നെയാണെന്ന് മുല്ലപ്പള്ളിക്കുപോലും അറിയാം. ആന്റണിയുടെമുന്നില്‍ മൈക്കുംപിടിച്ച് ശിഷ്യന് മുരണ്ടു:
"ആന്റണി മൌനം വെടിയാന്‍ തന്റേടം കാണിക്കണം. തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മൌനം പാലിക്കുന്നത് നിര്‍ത്തണം. അത്തരക്കാരോട് പാര്‍ടി വിട്ടുപോകാന്‍ പറയണം.''
ആരാണ് പാര്‍ടി വിട്ടുപോകേണ്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞില്ല. അത് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അതോ രണ്ടുപേരും കൂടിയോ എന്നതും വ്യക്തമാക്കിയില്ല. പക്ഷേ, പാര്‍ടിക്കകത്തേക്ക് കൊണ്ടുവരേണ്ട ദിവ്യതേജസ്സ് മുരളീധരന്റേതാണെന്ന് പിറ്റേന്ന് വിശദീകരിച്ചു. മുരളിയെ തടയുന്നത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ്. മുരളി വന്നാല്‍ തങ്ങളുടെ ഗതി അധോഗതിയാകുമെന്ന് അവര്‍ക്ക് നിശ്ചയം. ആ തഴമ്പ്, പൂവമ്പഴത്തിന്റെ ശേല്, ശബ്ദഗാംഭീര്യം, ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്-ചപ്രത്തലമുടികൊണ്ടും തക്കാളിമോന്തകൊണ്ടുമൊന്നും പകരം വയ്ക്കാവുന്നതല്ല ഇതൊന്നും. മുരളി വന്നാല്‍ മുരളുന്ന കോണ്‍ഗ്രസാകും. കെപിസിസി ആപ്പീസില് ജലസേചനച്ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുണ്ടാകും. ആന്റണിക്കും മുല്ലപ്പള്ളിക്കും പാരവയ്ക്കുന്ന ആളല്ല മുരളി. വികാരത്തള്ളിച്ചയില്‍ പലതും പ്രാസമൊപ്പിച്ച് പറഞ്ഞിട്ടുണ്ടാകാമെങ്കിലും മാന്യനാണ്. പണ്ട് മുണ്ടുരിയിച്ച ദേഷ്യംകൊണ്ട് ഉണ്ണിത്താന് പലതും പറഞ്ഞെന്നുവരും. അല്ലെങ്കിലും അത്തരം ഡയലോഗുകളൊക്കെ ഇക്കാലത്ത് ആരെങ്കിലും കണക്കിലെടുക്കാറുണ്ടോ. അങ്ങനെ ആ നിയോഗം-കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുരളിയെ വിളിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്താനുള്ള നിയോഗം മുല്ലപ്പള്ളി ഏറ്റെടുത്തിരിക്കുന്നു. മുരളിയുടെ വരവ് ആരെക്കൊണ്ടും തടയാനൊക്കില്ലെന്നാണ് മുല്ലപ്പള്ളിക്ക് പിന്തുണയുമായെത്തിയ റിട്ടയേഡ് ഭീഷ്മാചാര്യന് പ്രസ്താവിച്ചിരിക്കുന്നത്. പഴയ പാരമ്പര്യം വച്ചു നോക്കിയാല്‍, മുല്ലപ്പള്ളി വടകര സീറ്റ് ത്യജിച്ച് കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും മുരളി കേന്ദ്ര സഹമന്ത്രിയായി വടകരയില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുകയും എന്നതാണ് അടുത്ത ഘട്ടം. മുരളിക്കുവേണ്ടത് സ്വയം തന്നെ തോന്നിക്കൊള്ളും. ഇനിയും കുറെ ഓടാനുള്ള പടമാണ്. ഇപ്പോള്‍ നൂണ് ഷോ ആയതുനോക്കേണ്ട.
*
കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും എല്‍ഡിഎഫ് ജയിക്കുമോ എന്ന് ശതമന്യുവിനോടും പലരും ചോദിക്കുന്നു. അങ്ങനെ പ്രവചിക്കാന്‍ മാത്രം ജ്യോതിഷം പഠിക്കാത്തതുകൊണ്ട് ഉത്തരം പറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും 2006ല്‍ എല്‍ഡിഎഫ് അടിച്ചുകയറിയപ്പോള്‍ ഈ മൂന്നിടത്തും ജയിച്ചത് സുധാകരനും വേണുഗോപാലനും തോമസ് മാഷുമാണ്. വടിവാള്‍, പതയുന്ന സോപ്പ്, തിരുത എന്നിങ്ങനെയുള്ള സ്വന്തം ചിഹ്നങ്ങളിലല്ല, കൈപ്പത്തി ചിഹ്നത്തില്‍തന്നെ മത്സരിച്ചാണ് മൂന്നു മഹാരഥന്മാരും ജയിച്ച് തിരുവനന്തപുരത്തെത്തിയത്. നിയമസഭയിലെ എസിക്ക് തണുപ്പുപോരാത്തതുകൊണ്ടോ എന്തോ, മൂന്നുപേരും പാതിവഴിയില്‍ തിരുവനന്തപുരത്തെ ഉപേക്ഷിച്ച് ഡല്‍ഹിക്ക് വിമാനം കയറാന്‍ പുറപ്പെട്ടു. അങ്ങനെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും യുഡിഎഫിന് ജയിച്ചുകയറാന്‍ പറ്റിയ മണ്ഡലങ്ങളാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്, ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. അങ്ങനെയുള്ള സ്ഥലത്ത് എല്‍ഡിഎഫ് ജയിക്കുമോ എന്നു ചോദിച്ചാല്‍ എന്ത് ഉത്തരം പറയാന്‍. കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം എന്നാണ് ശതമന്യുവിന്റെ പക്ഷം.
പക്ഷേ, ആലപ്പുഴക്കാരും കൊച്ചിക്കാരും കണ്ണൂരുകാരും അതുകൊണ്ട് തൃപ്തിപ്പെടുന്ന മട്ടില്ല. അവര്‍ ജയിക്കാന്‍വേണ്ടിത്തന്നെയാണ് പോരാടിയത്. ഇരുപത്തയ്യായിരം മുതല്‍ പതിനായിരം വരെ ഭൂരിപക്ഷത്തിന്റെ കണക്കുപറഞ്ഞാണ് മൂന്നു മണ്ഡലത്തെയും ആദ്യം യുഡിഎഫ് വിശേഷിപ്പിച്ചതെങ്കില്‍, വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്ചു ജയിച്ചുപോരാന്‍ സാധ്യതയുണ്ടെന്നാണ്. അതായത്, ഫലം പ്രവചനാതീതമായിരിക്കുന്നെന്ന്. അതിനര്‍ഥം എല്‍ഡിഎഫ് ആദ്യറൌണ്ട് ജയിച്ചു എന്നാണ്. ഏത് ഭൂമികുലുക്കത്തെയും അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അഹങ്കരിച്ച മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പില്ലാത്തവയായി മാറിയിരിക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ വിജയം. പത്താംതീയതി വോട്ടെണ്ണുമ്പോള്‍ വരാനുള്ളത് ബോണസാണ്.
*
കേന്ദ്രസേന വന്നാല്‍ എന്താണ് വിശേഷം? പാവപ്പെട്ട കുറെ മീശക്കാര്‍ വെയിലുകൊണ്ടും ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചും മൂന്നാലുദിവസം കഷ്ടപ്പെടേണ്ടിവരും. നാട്ടുകാര്‍ക്ക് നോക്കിച്ചിരിക്കാന്‍ ഒരു വക കിട്ടും. അതിലപ്പുറമുള്ള ഒന്നും കണ്ണൂരില്‍ കണ്ടില്ല. കേന്ദ്ര സേനയെക്കാള്‍ കടുത്ത ലാത്തിച്ചാര്‍ജിന് ത്രാണിയുള്ള ചിലരെ കണ്ണൂരില്‍ കൊണ്ടുവന്നിരുന്നു. ഒന്ന്-കെ മുരളീധരന്. മൈക്കുകെട്ടി ഇലക്ട്രിക് പോസ്റ്റുകളോട് കിന്നാരം പറഞ്ഞ് പുള്ളിക്കാരന് രണ്ടാംദിവസം സ്ഥലംവിട്ടു. രണ്ടാമത് വന്നത് രാജ്മോഹന്‍ ഉണ്ണിത്താന്. ഒരുണ്ണിയുറുമ്പുകടിച്ച ഗൌരവംപോലും തന്നെക്കാണുമ്പോള്‍ കണ്ണൂരുകാര്‍ക്കില്ലെന്നുകണ്ട് വന്നപോലെ ടിയാനും പോയി. മൂന്നാമത് വന്നത് ആനയുടെ പേരും പാപ്പാന്റെ തഴമ്പുമുള്ള നടികര്‍തിലകം. അവിടത്തെ സ്ഥാനാര്‍ഥിയും നടികര്‍ തിലകവും തമ്മില്‍ സ്വഭാവ വിശേഷത്തില്‍ ഒട്ടേറെ സാമ്യം. പുള്ളിക്കാരന് വന്ന് ആദ്യം പറഞ്ഞത്, പെണ്‍വാണിഭത്തെക്കുറിച്ചാണ്. ഒരു കെട്ടിടത്തില്‍ താമസിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടെങ്കില്‍ അത് കേസെടുക്കേണ്ട കുറ്റമത്രെ. അടുത്തതായി പറഞ്ഞത് സാരിയുടെ വിലയെക്കുറിച്ച്. അനുഭവമാണല്ലോ പലര്‍ക്കും ഗുരുനാഥന്. ആര് ബാലകൃഷ്ണപിള്ള എന്ന നേതാവ് സ്വന്തം ഭാര്യക്ക് വാങ്ങിക്കൊടുത്ത സാരി ഒരു വലിയ അഴിമതിക്കേസിന്റെ തുമ്പായി മാറിയിരുന്നു. അതുതാനല്ലേ ഇതുമെന്ന് തോന്നാം. വര്‍ണ്യത്തിലാശങ്ക. ഉല്‍പ്രേക്ഷയാണ്. നമ്മുടെ ജനപ്രതിനിധികള്‍ക്കൊക്കെ ഇത്ര വലിയ സാംസ്കാരികനിലവാരം പാടുണ്ടോ, അതിന് പരിധി നിശ്ചയിക്കേണ്ടതല്ലേ എന്നൊക്കെ ഗണേശ്കുമാറിനെ കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. കാണുമ്പോള്‍ ആ തോന്നല്‍ മാറും. അച്ഛന് പെരുന്തച്ചന് കോംപ്ളക്സുണ്ടോ എന്ന് ചോദിക്കുമ്പോള്‍, 'ഉണ്ടില്ല' എന്നു മറുപടിപറയുന്നതാണല്ലോ തറവാട്ടുമഹിമ. ആട്ടുന്നവനെ നെയ്യാന്‍ ഏല്‍പ്പിക്കാം. ആടുന്നവനെ നേരെ നിര്‍ത്താന്‍ നോക്കരുത്.
*
അബ്ദുള്ളക്കുട്ടി നന്നെ ചെറുപ്പത്തിലേ മദ്രസ പഠനത്തിന് പോയിരുന്നെന്ന് പരിചയപ്പെടുത്തുന്ന കോണ്‍ഗ്രസ് പത്രം എ എ ഷുക്കൂര്‍ മതപഠനം നടത്തിയിട്ടുണ്ടോ എന്നു പറയുന്നില്ല-ഡൊമിനിക് പ്രസന്റേഷന് സണ്‍ഡേ സ്കൂളില്‍ പോയിട്ടുണ്ടോ എന്നുമില്ല. ചെറുപ്പത്തിലല്ലാതെ പ്രായപൂര്‍ത്തിയായാല്‍ ആരെങ്കിലും മദ്രസയില്‍ പഠിക്കാന്‍ പോകുന്നുണ്ടോ എന്നും വിശദീകരിക്കുന്നില്ല. മാതാപിതാക്കള്‍ മകനെ പള്ളിമുക്രിയാക്കണമെന്നാഗ്രഹിച്ചതാണ് അബ്ദുള്ളക്കുട്ടിയുടെ മഹത്തായ ജീവചരിത്രത്തിന്റെ തുടക്കമത്രെ. നാളെ പാലായിലോ കോട്ടയത്തോ ഇതേ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടിവന്നാല്‍, മാതാപിതാക്കളുടെ ആഗ്രഹം എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്തുനോക്കാം. ഇതാണ് മഹത്തായ മതേതര പാര്‍ടിയുടെ തെരഞ്ഞെടുപ്പുമുഖം.
8 comments:
കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും എല്‍ഡിഎഫ് ജയിക്കുമോ എന്ന് ശതമന്യുവിനോടും പലരും ചോദിക്കുന്നു. അങ്ങനെ പ്രവചിക്കാന്‍ മാത്രം ജ്യോതിഷം പഠിക്കാത്തതുകൊണ്ട് ഉത്തരം പറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും 2006ല്‍ എല്‍ഡിഎഫ് അടിച്ചുകയറിയപ്പോള്‍ ഈ മൂന്നിടത്തും ജയിച്ചത് സുധാകരനും വേണുഗോപാലനും തോമസ് മാഷുമാണ്. വടിവാള്‍, പതയുന്ന സോപ്പ്, തിരുത എന്നിങ്ങനെയുള്ള സ്വന്തം ചിഹ്നങ്ങളിലല്ല, കൈപ്പത്തി ചിഹ്നത്തില്‍തന്നെ മത്സരിച്ചാണ് മൂന്നു മഹാരഥന്മാരും ജയിച്ച് തിരുവനന്തപുരത്തെത്തിയത്. നിയമസഭയിലെ എസിക്ക് തണുപ്പുപോരാത്തതുകൊണ്ടോ എന്തോ, മൂന്നുപേരും പാതിവഴിയില്‍ തിരുവനന്തപുരത്തെ ഉപേക്ഷിച്ച് ഡല്‍ഹിക്ക് വിമാനം കയറാന്‍ പുറപ്പെട്ടു. അങ്ങനെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും യുഡിഎഫിന് ജയിച്ചുകയറാന്‍ പറ്റിയ മണ്ഡലങ്ങളാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്, ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. അങ്ങനെയുള്ള സ്ഥലത്ത് എല്‍ഡിഎഫ് ജയിക്കുമോ എന്നു ചോദിച്ചാല്‍ എന്ത് ഉത്തരം പറയാന്‍. കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം എന്നാണ് ശതമന്യുവിന്റെ പക്ഷം.
പക്ഷേ, ആലപ്പുഴക്കാരും കൊച്ചിക്കാരും കണ്ണൂരുകാരും അതുകൊണ്ട് തൃപ്തിപ്പെടുന്ന മട്ടില്ല. അവര്‍ ജയിക്കാന്‍വേണ്ടിത്തന്നെയാണ് പോരാടിയത്. ഇരുപത്തയ്യായിരം മുതല്‍ പതിനായിരം വരെ ഭൂരിപക്ഷത്തിന്റെ കണക്കുപറഞ്ഞാണ് മൂന്നു മണ്ഡലത്തെയും ആദ്യം യുഡിഎഫ് വിശേഷിപ്പിച്ചതെങ്കില്‍, വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്ചു ജയിച്ചുപോരാന്‍ സാധ്യതയുണ്ടെന്നാണ്. അതായത്, ഫലം പ്രവചനാതീതമായിരിക്കുന്നെന്ന്. അതിനര്‍ഥം എല്‍ഡിഎഫ് ആദ്യറൌണ്ട് ജയിച്ചു എന്നാണ്. ഏത് ഭൂമികുലുക്കത്തെയും അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അഹങ്കരിച്ച മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പില്ലാത്തവയായി മാറിയിരിക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ വിജയം. പത്താംതീയതി വോട്ടെണ്ണുമ്പോള്‍ വരാനുള്ളത് ബോണസാണ്.
കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം..
ഒരൊപ്പ്!
എല്‍ ഡി എഫ് അനുകൂല തരംഗം ആഞ്ഞടിച്ച 2006ഇല് കിട്ടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞില്ലെങ്കില്‍ തന്നെ അവറ് തോറ്റു
കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ്
വിജയം എന്നാണ് ശതമന്യുവിന്റെ പക്ഷം.
ദേ കിടക്കണു എല്ലാം......കുടം പടിക്കല്‍ കൊണ്ട് ഉടക്കല്ലെ ചേട്ടാ...ആത്മവിശ്വാസം വിടണ്ടാ.. ഒരു ദിവസം കൂടി എയറെല്ലാം പിടിച്ചു നടക്കാം...
പിണറായി, അച്ചുതാനന്തനെ ഇറക്കി...... ജയരാജ ഗുരുക്കളെ ഇറക്കി.....കള്ളനെയും , വ്യാജനെയും ഇറക്കി, സിനുലാലിനെ ഓടിച്ചിട്ടുപിടിച്ചു നിര്‍ത്തി പൊരുതിയിട്ട്? അപ്പൊ ജയം ഇല്ലെ?
അഭിലാഷ് പണ്ടത്തെ "ഇസ്രയെല്‍ അഴിമതി, ലോകസഭാ ഇലക്ഷന് കണക്കുകൂട്ടല്‍ " എല്ലാം തെളിയിച്ചു ജയിച്ചിട്ടാണല്ലൊ വരവ്.
പാഞ്ഞിരപ്പാടത്തിനപ്പോ ഉറപ്പാണല്ലേ സംഭവം പ്രവചനാതീതം എങ്കിലും ആണെന്ന്. sure seat ആയിരുന്നില്ലേ? മൂന്നിലും ജയിക്കുമോ, ഭൂരിപക്ഷം കൂടുമോ എന്നൊന്ന് പറഞ്ഞൂടേ പാഞ്ഞിരപാടം? ചോദ്യം മാത്രം പോരല്ലോ ഉത്തരവും ഇടക്കൊക്കെ പറയാം.
ഉപതെരെഞ്ഞെടുപ്പുകള്‍ എന്നും LDF നു അനുകൂലമായിരുന്നു.അത് എന്തായാലും മാറും. എന്നാലും ഭൂരിപക്ഷം പറയാന്‍ ഞാന്‍ ആളല്ലാ. നല്ല മല്‍സരം തന്നെ ആയിരുന്നു.
പിന്നെ ഒരു കാര്യം "കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍" എന്നതൊക്കെ ഒരു വിചിത്ര വാദമല്ലെ? ഒരു തരം മുന്‍ കൂര് ജാമ്യം!! അതുമാത്രമല്ല ഇന്നലെ വരെ ജയിക്കുമെന്നുറപ്പിച്ചു പറഞ്ഞ്, അണികളെ പറഞ്ഞ് പറ്റിച്ചത് ഈ നേതാക്കള്‍ തന്നെയല്ലെ?
"എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം" എന്നത് വേണമെങ്കില്‍ UDF നും ജാമ്യമെടുക്കുന്നത് പോലെയാക്കാം...
"LDFന്റെ ഉറപ്പുള്ള 3 ലോകസഭാമണ്ഡലങ്ങളില്‍ UDF നേടിയ സീറ്റുകളും, അതു നേടാന്‍ നഷ്ടമാക്കിയ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു ഇനി എത്ര സീറ്റ് കിട്ടുന്നുവോ അതാണ് വിജയം " ചുരുക്കി പറഞ്ഞാല്‍ UDF നു ഒരെണ്ണം കിട്ടിയാലും മൂന്നെണ്ണം കിട്ടിയാലും ലാഭം.
എന്തെ? ജാമ്യം എടുക്കാന്‍ എല്‍ഡിഎഫിന് മാത്രമെ വാക്കുകള്‍ കിട്ടൂ എന്നുണ്ടൊ?
ഇത്ര വളഞ്ഞ് പിടിച്ചിട്ടും മൂക്കില്‍ തൊടുന്നില്ലല്ലോ പാഞ്ഞിരപ്പാടം. തെരഞ്ഞെടുപ്പ് തുടങ്ങുന്ന സമയത്ത് കോണ്‍ഗ്രസുകാര്‍ പറഞ്ഞിരുന്നതാണ് ഉറച്ച മണ്ഡലം എന്ന്. അത് മാറിയെന്നെ പറയുന്നുള്ളൂ. എന്തായാലും പാഞ്ഞിരപ്പാടത്തിനും എത്ര സീറ്റ് എന്നു പറയാനാവാത്ത സ്ഥിതിക്ക് നാളെ രാവിലെ വരെ കാക്കാം.bye..
എറുണാകുളത്തും ആലപ്പുഴയിലും യു.ഡി.എഫ് തോൽക്കണം. അടിച്ചേൽപ്പിച്ചവർക്ക് ചുട്ട അടി കിട്ടണം.
കണ്ണൂരും അടിച്ചേൽപ്പിച്ചതാണെങ്കിലും, ഇവിടെ എൽ.ഡി.എഫ് ജയിക്കുന്നതു ജനാധിപത്യത്തിനു നല്ലതല്ല. ഇലക്ഷൻ ജയിക്കാനും ഒരു മര്യാദ ഒക്കെ വെണ്ടേ!
എന്റെ ബ്ലോഗിലെ "ജെനാധിപത്യ ഉമ്മകൾ" അതും കൂടി ചേർത്തു വയിക്കുക.
Post a Comment