Sunday, September 20, 2009

വിശുദ്ധ മാധ്യമപ്പശുക്കള്‍

ശശി തരൂരിന് സോണിയ ഗാന്ധിയെ വിശുദ്ധപശുവെന്ന് തമാശയ്ക്ക് വിളിക്കാമെങ്കില്‍, എത്രയും ബഹുമാനപ്പെട്ട മാധ്യമ കുലോത്തമന്മാരെ ശതമന്യുവിന് വിശുദ്ധ സിന്ധിപ്പശു എന്നോ വിശുദ്ധ ജഴ്സി എന്നോ ഏറ്റവും കുറഞ്ഞത് ശുദ്ധമായ നാടന്‍ പശുവെന്നോ ആയിരംവട്ടം വിളിക്കാം. തരൂര്‍ അറിവില്ലാപ്പൈതലാണ്. രാഷ്ട്രീയത്തിലെ; വിശേഷിച്ചും കോണ്‍ഗ്രസിലെ വളവും തിരിവുമൊന്നും മനസ്സിലായിട്ടില്ല. അല്ലെങ്കിലും ചെലവുചുരുക്കാന്‍ വിമാനത്തില്‍ ആയിരം രൂപ കുറഞ്ഞ ക്ളാസില്‍ സഞ്ചരിച്ച് പത്രത്തില്‍ വാര്‍ത്ത വരുത്തുന്നത് ആന്റണിയുടെ കാന്റീന്‍ ഭക്ഷണംപോലൊരു തരികിടയാണെന്ന് തരൂരിന് നന്നായറിയാം. ദിവസം ഒരുലക്ഷം വാടക കൊടുത്ത് മൂന്നുമാസം സുഖിയന്‍ ഹോട്ടലില്‍ താമസിച്ച മൂപ്പന്‍മന്ത്രിയുടെ സഹായിമന്ത്രിയാണ് തിര്വന്തോരം ശശി അഥവാ ശശി തരൂര്‍. കോണ്‍ഗ്രസിനോട് പ്രത്യേക സ്നേഹമുള്ളതുകൊണ്ടൊന്നുമല്ല സ്ഥാനാര്‍ഥിയായതും ജയിച്ചതും ഇപ്പോള്‍ മന്ത്രിയായതും. സ്ഥാനാര്‍ഥിയാകുന്നോ എന്ന ചോദ്യവുമായി ആദ്യംചെന്നത് ഖദറിട്ട മാന്യന്മാരായതുകൊണ്ട് കോണ്‍ഗ്രസായെന്നുമാത്രം. കോണ്‍ഗ്രസിന് പ്രത്യേകിച്ച് പരിപാടിയോ ലക്ഷ്യമോ ഒന്നുമില്ലെങ്കിലും പൊതുജനം കഴുതകളാണെന്നത് ആ പാര്‍ടിയുടെ അംഗീകൃത വിശ്വാസപ്രമാണമാണ്. തരൂര്‍ അത് മനസ്സിലാക്കാന്‍ വിട്ടുപോയി. കന്നുകാലികള്‍ എന്നേ ജനത്തെ അദ്ദേഹം കരുതുന്നുള്ളൂ. ആ കന്നുകാലികള്‍ സഞ്ചരിക്കുന്ന ക്ളാസില്‍ താനും പോകാം; അതുകണ്ട് വിശുദ്ധപശുക്കള്‍ കോരിത്തരിക്കട്ടെ എന്നു കരുതിയതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല.

ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തികപ്രശ്നം പരിഹരിക്കാന്‍ കുറച്ചു കേന്ദ്ര മന്ത്രിമാര്‍ ബിസിനസ് ക്ളാസില്‍നിന്ന് കന്നുകാലി ക്ളാസിലേക്കിറങ്ങിയാല്‍ മതിയെന്ന് കണക്കുകൂട്ടിയ ബുദ്ധി ഐസിലിട്ട് സൂക്ഷിക്കേണ്ടതാണ്. തീവണ്ടിയില്‍ കയറാന്‍ റെയില്‍വേ സ്റ്റേഷന്റെ മുറ്റത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ചെലവുചുരുക്കല്‍ മാതൃക കാട്ടിയ വിശുദ്ധ മകന്‍പശുജിയെ നേതാവായി അംഗീകരിക്കാത്തതാണ് ശശി തരൂരിന്റെ ഇപ്പോഴത്തെ കുറ്റം. വിശുദ്ധ അമ്മപ്പശുവിന്റെ ഫോണില്‍വിളിച്ച് മാപ്പുയാചിച്ചതുകൊണ്ട് പ്രശ്നം വെറുമൊരു തമാശയായി അവസാനിച്ചെങ്കിലും മകന്‍ജി വിടുമെന്ന് തോന്നുന്നില്ല. അഥവാ വിട്ടാലും ഉമ്മന്‍ചാണ്ടി സമ്മതിക്കുമെന്നും തോന്നുന്നില്ല. വിജയന്‍ തോമസിനെയും ചെന്നിത്തലയെയും കൈകാര്യം ചെയ്യുന്നതുപോലെ എളുപ്പമല്ല ഇത്. തരൂരിന് ആദര്‍ശത്തിന് പഠിക്കാന്‍ ഒരു ട്യൂഷന്‍ ഏര്‍പ്പെടുത്താവുന്നതാണ്. സുധീരന്‍ജി ഇപ്പോള്‍ ട്യൂഷന്‍മാഷായി പ്രവര്‍ത്തിക്കുകയാണ്. ആദര്‍ശം തലയില്‍നിന്നിറക്കിവയ്ക്കാതെ എങ്ങനെ കോടാലിപ്പണി ചെയ്യാം എന്നതാണ് ഇഷ്ടവിഷയം. പറയുമ്പോള്‍ അഴിമതി, അക്രമം, സംശുദ്ധി, ആദര്‍ശം എന്നിങ്ങനെയുള്ള വാക്കുകള്‍ സമൃദ്ധമായി ഉപയോഗിക്കണം. മുടിയും മീശയും(ഉണ്ടെങ്കില്‍മാത്രം) ഗോദ്റെജ് ഹെയര്‍ ഡൈ തേച്ച് കറുപ്പിക്കണം. വെള്ളക്കുപ്പായമേ ഇടാവൂ. അല്‍പ്പം ഉജാലയും കുറെയേറെ കഞ്ഞിപ്പശയും നിര്‍ബന്ധം. നില്‍ക്കുമ്പോള്‍ റെയിലുവിഴുങ്ങിയപോലെ വേണം. പകല്‍സമയത്ത് കോടാലികളുമായി ബന്ധം പാടില്ല. വിശുദ്ധ സംഭാവന പിരിക്കുമ്പോള്‍ കോടാലിയോട് അടുക്കളഭാഗത്തൂടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ പറയണം. തിരുവനന്തപുരത്ത് മിസ്റ്റര്‍ ക്ളീന്‍ജി വാങ്ങിയ ആദര്‍ശവീടിന്റെ മട്ടുപ്പാവിലിരുന്ന് ഒരുമാസം സുധീരം ട്യൂഷന്‍ സഹിച്ചശേഷം തരൂര്‍ജി ഗോദയിലിറങ്ങി നോക്കൂ-ഒരു മാടനെയും മറുതയെയും പേടിക്കേണ്ടിവരില്ല.

*
പറഞ്ഞുതുടങ്ങിയത് മാധ്യമപ്പശുക്കളെക്കുറിച്ചാണെങ്കിലും തരൂരിലേക്ക് തെറ്റിക്കയറിപ്പോയി. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍‍' എന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. അത് വിവേകികളെക്കുറിച്ചാണ്; നമ്മുടെ മാധ്യമ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുതന്നെ.

ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ മൂക്കു പരന്ന ചീനക്കാര്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വെടിവച്ചു വീഴ്ത്തിയതിന്റെ സ്കൂപ്പ് വാര്‍ത്തയെഴുതിയ മഹാ റിപ്പോര്‍ട്ടര്‍മാര്‍ ഇങ്ങ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യ സമരത്തിന് ത്യാഗോജ്വല പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇവിടെ ചെറിയ ചെറിയ കള്ളങ്ങളെഴുതുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ പറയുന്നു. വാര്‍ത്ത എഴുതിയവരുടെ പക്കല്‍ തെളിവുണ്ടോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു. സിപിഎമ്മിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ എഴുതരുതത്രെ. വാര്‍ത്ത വ്യാജമാണോ കള്ളമാണോ എന്നൊക്കെ തീരുമാനിക്കാന്‍ മാധ്യമരംഗത്തെ കുലപതികളുണ്ടായിരിക്കെ പിണറായി, കോടിയേരി, ഇ പി ജയരാജന്‍,തോമസ് ഐസക് തുടങ്ങിയ മാര്‍ക്സിസ്റ്റുകാര്‍ക്ക് അടങ്ങിനിന്നുകൂടേ? അവര്‍ മാധ്യമ സ്വാതന്ത്ര്യധ്വംസനം നടത്തുമ്പോള്‍ ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ എങ്ങനെ മിണ്ടാതിരിക്കും.

ആദ്യം പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് തന്നെ രംഗത്തിറങ്ങിയത് പ്രശ്നത്തിന്റെ ആ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ്(യൂണിയന്റെ പരമോന്നത യോഗത്തില്‍ ചര്‍ച്ചയ്ക്കുവന്ന സുപ്രധാന വിഷയങ്ങള്‍ അംഗങ്ങള്‍ തമ്മില്‍തമ്മില്‍ തെറിവിളിച്ചും അഴിമതിയും കുരുത്തക്കേടും ആരോപിച്ചും എഴുതിയ ഊമക്കത്തുകളാണത്രെ. കെയുഡബ്ള്യുജെ എന്നാല്‍ കേരള ഊമക്കത്ത് റൈറ്റിങ് ജേണലിസ്റ്റ് യൂണിയനാണോ എന്നാണ് ഒരംഗം സംശയം പ്രകടിപ്പിച്ചത്.) മാധ്യമസ്വാതന്ത്ര്യ ധ്വംസകര്‍ മാര്‍ക്സിസ്റ്റുകാരായതുകൊണ്ട് ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയ പടനായകരും ഉടന്‍ പ്രതികരിച്ചു. നിയമസഭ സ്തംഭിപ്പിച്ചുപോലും പ്രതിഷേധം. ഇതെല്ലാം കണ്ട് ആവേശം മൂത്താണ് അന്യജീവനുതകി സ്വജീവിതം ധന്യമാക്കാന്‍ രണ്ട് പാവപ്പെട്ട റിപ്പോര്‍ട്ടര്‍മാര്‍ അങ്ങ് അതിര്‍ത്തിയില്‍ ചാടിയിറങ്ങിയത്. ചൈനക്കാര്‍ വെടിവച്ചിട്ടുമില്ല, ഇന്ത്യക്കാര്‍ക്ക് കൊണ്ടിട്ടുമില്ല എന്നാണ് ഇരുരാജ്യവും പറയുന്നത്. എന്നുമാത്രമല്ല, ഇങ്ങനെ കള്ളവാര്‍ത്തയെഴുതി ഇന്ത്യാ ചീനാ ഭായി ഭായി വെള്ളത്തിലാക്കരുതെന്ന് മന്‍മോഹന്‍ജിയും ഉപദേഷ്ടാവും മറ്റും മറ്റും പറയുന്നു. ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് വെടിവയ്പുവാര്‍ത്തയെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയിരുന്നു. ഇനി ഏതാണ് ആ ഉന്നത വൃത്തങ്ങള്‍ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ കോടതിയില്‍ പറയട്ടെ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേന്ദ്ര ആഭ്യന്തരവകുപ്പ് ആജ്ഞാപിക്കുന്നത്.

അതായത്, വ്യാജവാര്‍ത്ത എഴുതിയ പത്രക്കാരെ കേസെടുത്ത് കോടതി കയറ്റുമെന്നും മാധ്യമ സ്വാതന്ത്ര്യവും മാങ്ങാത്തൊലിയുമൊന്നും ഇവിടെ നടപ്പില്ലെന്നും. കേരളത്തിലെ എന്തോ ഒന്ന് ധ്വംസിക്കപ്പെട്ടതിന്റെ പേരില്‍ വാളെടുത്തവര്‍ മാര്‍ച്ച് ചെയ്യട്ടെ മുല്ലപ്പള്ളിയുടെ ഡല്‍ഹിയിലെ മാധ്യമ സ്വാതന്ത്ര്യ ഓഫീസിലേക്ക്. അവിടെച്ചെന്ന് നിരാഹാരമിരുന്നോ ധര്‍ണനടത്തിയോ മോചിപ്പിക്കട്ടെ സ്വന്തക്കാരെ. ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസാണ് കേസെടുക്കുന്നതത്രെ. ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്റ്യന്‍ പോള്‍, രാംകുമാര്‍, ബി.ആര്‍.പി ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്.

*
ഇല്ലാത്ത വെടിവയ്പിന്റെ വാര്‍ത്ത കൊടുത്തവര്‍ പരിക്കേല്‍ക്കാത്ത പട്ടാളക്കാരെ തല്ലിപ്പരിക്കേല്‍പ്പിച്ചാല്‍ സത്യസന്ധ പത്രപ്രവര്‍ത്തനമെന്ന് വിളിക്കാമായിരുന്നു. ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍, അത് ഭീഷണിയാണെന്നും തെറിവിളിയാണെന്നും വാര്‍ത്തകൊടുപ്പിക്കുന്നതും ആ വാര്‍ത്ത വന്നില്ലെങ്കില്‍ കേസുകൊടുത്ത് വാര്‍ത്തയാക്കുന്നതും അതും വന്നില്ലെങ്കില്‍ എംഡിയെക്കൊണ്ട് സഹപ്രവര്‍ത്തകരെ തെറിവിളിപ്പിക്കുന്നതുമൊക്കെയാണ് നമ്മുടെ നാട്ടിലെ ശരിയായ പത്രപ്രവര്‍ത്തനം. സ്വന്തം പത്രം കൊടുക്കാത്ത ചവറുകള്‍ ആരാന്റെ പത്രത്തില്‍ കൊടുപ്പിക്കുന്ന മിടുക്കാണ് എണ്ണപ്പെടുക. മൂകാംബികയില്‍ നൂറുദിവസം ഭജനയിരുന്നാലും മനസ്സിലെ ചെളി മായുമെന്ന് തോന്നുന്നില്ല. ഏതോ ഒരു മൃഗം കടലില്‍ചെന്നാലും ജലപാനം നാവുകൊണ്ടായിരിക്കുമെന്ന് ചൊല്ലുണ്ട്. ഇത്തരം ജീവികളുടെ പരിദേവനങ്ങള്‍ മേനക ഗാന്ധി വിസ്തരിച്ചെഴുതിയിട്ടുണ്ട്. ജെയിംസ് തര്‍ബാര്‍ എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞത്, " മരണാനന്തര ജീവിതത്തെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ടെങ്കില്‍ നായകള്‍ സ്വര്‍ഗത്തിലെത്തട്ടെ എന്ന് ആഗ്രഹിക്കുമായിരുന്നു. വളരെക്കുറച്ച് മനുഷ്യര്‍മാത്രം പോയാല്‍ മതിയെന്നും'' എന്നാണ്. ആരൊക്കെ സ്വര്‍ഗത്തില്‍ പോകും എന്നതും ഒരു ചര്‍ച്ചാ വിഷയമാക്കാവുന്നതാണ്.

യൂത്തുകോണ്‍ഗ്രസുകാര്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം നടത്തിയത് 'ഗുണ്ടാ രാജി'നെതിരെയാണ്. സമരം ഗുണ്ടായിസമായപ്പോള്‍ പൊലീസ് പീരങ്കിയില്‍നിന്ന് വെള്ളം ചീറ്റി. വെള്ളം വീണപ്പോള്‍ യൂത്തിന്റെ പ്രസിഡന്റിന് ബോധക്ഷയം. പണ്ട് സമരക്കാര്‍ക്കുനേരെ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വീരേന്ദ്രകുമാറിന്റെ പഴയ നേതാവ് വിളിച്ചുകൊടുത്ത മുദ്രാവാക്യം, "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ'' എന്നതായിരുന്നു. 'വെള്ളം ചീറ്റുന്നു....... പോരാളികളെ സമരം നാളെ' എന്ന് വിളിക്കാന്‍ ഇവിടെ നേതാവിന് ബോധമുണ്ടായിരുന്നില്ല. അബോധാവസ്ഥയില്‍ മിനറല്‍വാട്ടര്‍ കുടിച്ച്, ഒറ്റക്കണ്ണിലൂടെ ക്യാമറക്കണ്ണുകളിലേക്ക് നോക്കി ഉറപ്പുവരുത്തിയ നേതാവിനെ എടുത്ത് ആശുപത്രിയിലാക്കുക എന്ന ഭാഗം അഭിനയിക്കാന്‍ വിശ്വസ്ത അനുയായികളുടെ വന്‍ പട മുന്നോട്ടുവന്നു. തലഭാഗം(വലിയ കനമില്ലാത്ത ഭാഗം) പിടിച്ചത് ഗുണ്ടാ വിരുദ്ധ പോരാട്ടത്തിന്റെ വീരപോരാളി-ഒരു ബലാത്സംഗക്കേസടക്കം ഇരുപതു കേസിലെ പ്രതി. ഡോക്ടര്‍മാരുടെ വിദേശ ഡിഗ്രിപോലെ മോഷണം, ഭവനഭേദനം, പിടിച്ചുപറി, കത്തിക്കുത്ത് തുടങ്ങിയ ബിരുദങ്ങള്‍ ധാരാളമുള്ള മഹാന്‍. മനോരമയില്‍ പിറ്റേന്ന് വര്‍ണചിത്രമായി ടിയാന്‍ മിന്നി. അടുത്ത ദിവസമാണ് ഗുണ്ടാ വിരുദ്ധ പോരാട്ടം നയിച്ചയാളിന്റെ ബിരുദങ്ങള്‍ പുറത്തുവന്നത്. എഴുതാന്‍ ദേശാഭിമാനിമാത്രം.

മുനീറിന്റെ ചെക്കുകേസ് വെറും പണമിടപാടുകേസാക്കുന്ന, മുല്ലപ്പള്ളിയുടെ 25 ലക്ഷം വെട്ടിച്ചവനെ ഇന്നുവരെ കണ്ടിട്ടേയില്ലാത്ത, കോടാലി സുധീരന്റെ മേല്‍വിലാസമറിയാത്ത, വരദാചാരിയുടെ പേരുതന്നെ മറന്നുപോയ മാധ്യമ മഹത്വം ഇവിടെയും മിന്നുകയാണ്. യൂത്തു പ്രസിഡന്റിനെ താങ്ങിയെടുത്ത ബലാത്സംഗ വീരന്റെ ചിത്രവുമില്ല, വാര്‍ത്തയുമില്ല. ഓംപ്രകാശ് പണ്ട് മാര്‍ക്സിസ്റ്റാണെന്നു പത്തുവട്ടംകൂടി ആവര്‍ത്തിച്ചാല്‍ ഈ പാപങ്ങള്‍ തീരുമായിരിക്കും.

പ്രിയപ്പെട്ട മാധ്യമ സ്വാതന്ത്ര്യക്കാരേ, നിങ്ങളാണ് ശരി. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. എഴുതുവിന്‍, പ്രചരിപ്പിക്കിന്‍-നിങ്ങള്‍ക്ക് തോന്നുന്ന എന്തും. ആരും ചോദ്യംചെയ്യരുതെന്നാവശ്യപ്പെട്ട് നമുക്ക് ഒരു സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാം. കെ സുധാകരന്‍, കോടാലി ശ്രീധരന്‍, വേടന്‍ജയരാജന്‍, കാരി സതീശന്‍ തുടങ്ങിയ ഗാന്ധിശിഷ്യന്മാര്‍ നമ്മെ നയിക്കട്ടെ. നടന്നുക്ഷീണിക്കുമ്പോള്‍ പ്രസ്താവന കുടിച്ച് ദാഹം തീര്‍ക്കണമെങ്കില്‍ നമ്മുടെ ഊമക്കത്തുകാര്‍ സഹായിക്കും.

9 comments:

ശതമന്യു said...

ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് വെടിവയ്പുവാര്‍ത്തയെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയിരുന്നു. ഇനി ഏതാണ് ആ ഉന്നത വൃത്തങ്ങള്‍ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ കോടതിയില്‍ പറയട്ടെ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേന്ദ്ര ആഭ്യന്തരവകുപ്പ് ആജ്ഞാപിക്കുന്നത്.

അതായത്, വ്യാജവാര്‍ത്ത എഴുതിയ പത്രക്കാരെ കേസെടുത്ത് കോടതി കയറ്റുമെന്നും മാധ്യമ സ്വാതന്ത്ര്യവും മാങ്ങാത്തൊലിയുമൊന്നും ഇവിടെ നടപ്പില്ലെന്നും. കേരളത്തിലെ എന്തോ ഒന്ന് ധ്വംസിക്കപ്പെട്ടതിന്റെ പേരില്‍ വാളെടുത്തവര്‍ മാര്‍ച്ച് ചെയ്യട്ടെ മുല്ലപ്പള്ളിയുടെ ഡല്‍ഹിയിലെ മാധ്യമ സ്വാതന്ത്ര്യ ഓഫീസിലേക്ക്. അവിടെച്ചെന്ന് നിരാഹാരമിരുന്നോ ധര്‍ണനടത്തിയോ മോചിപ്പിക്കട്ടെ സ്വന്തക്കാരെ....മുനീറിന്റെ ചെക്കുകേസ് വെറും പണമിടപാടുകേസാക്കുന്ന, മുല്ലപ്പള്ളിയുടെ 25 ലക്ഷം വെട്ടിച്ചവനെ ഇന്നുവരെ കണ്ടിട്ടേയില്ലാത്ത, കോടാലി സുധീരന്റെ മേല്‍വിലാസമറിയാത്ത, വരദാചാരിയുടെ പേരുതന്നെ മറന്നുപോയ മാധ്യമ മഹത്വം ഇവിടെയും മിന്നുകയാണ്. യൂത്തു പ്രസിഡന്റിനെ താങ്ങിയെടുത്ത ബലാത്സംഗ വീരന്റെ ചിത്രവുമില്ല, വാര്‍ത്തയുമില്ല. ഓംപ്രകാശ് പണ്ട് മാര്‍ക്സിസ്റ്റാണെന്നു പത്തുവട്ടംകൂടി ആവര്‍ത്തിച്ചാല്‍ ഈ പാപങ്ങള്‍ തീരുമായിരിക്കും.

പ്രിയപ്പെട്ട മാധ്യമ സ്വാതന്ത്ര്യക്കാരേ, നിങ്ങളാണ് ശരി. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. എഴുതുവിന്‍, പ്രചരിപ്പിക്കിന്‍-നിങ്ങള്‍ക്ക് തോന്നുന്ന എന്തും.

Suraj said...

വിശുദ്ധ മകന്‍പശുജിയെ ?

വിശുദ്ധ ക്ടാവ് ആരുന്നു വേണ്ടീർന്നത് ;))

Roby said...

തകർപ്പൻ...

Unknown said...

"തീവണ്ടിയില്‍ കയറാന്‍ റെയില്‍വേ സ്റ്റേഷന്റെ മുറ്റത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ചെലവുചുരുക്കല്‍ മാതൃക കാട്ടിയ വിശുദ്ധ മകന്‍പശുജിയെ നേതാവായി അംഗീകരിക്കാത്തതാണ് ശശി തരൂരിന്റെ ഇപ്പോഴത്തെ കുറ്റം."

ഇന്നത്തെ കാലത്ത് ഹെലിക്കോപ്ടര്‍ യാത്രയൊക്കെ എത്രത്തോളം അപകടം പിടിച്ചതാന്നു ആന്ത്രാ രാജശേകരന്‍ റെഡി സംഭവം കാണിച്ചുതന്നു.എന്നിട്ടും ട്രെയിനില്‍ കേറാന്‍ കോപ്ടര്‍ പിടിച്ചു വരാന്നൊക്കെ പറഞ്ഞാല് ??
ഇനിയിപ്പോ കേരളാ പോലീസിന്റെ സുരക്ഷാ പാളിച്ച്ചയാണോ റെഡിയുടെ ചോപ്പര്‍ തകരാന്‍ കാരണം എന്ന് തെളിയാനിരിക്കുന്നത്തെ ഉള്ളൂ..അതുവരെ അടങ്ങിയിരുന്നോ.

മരത്തലയന്‍ said...

വാളയാറും കളിയിക്കാവിളയും ഉപ്പളയും ഒക്കെ ഉള്ളതിനാല്‍ സി.പി.എം രക്ഷപ്പെട്ടു നില്‍ക്കുന്നു. ഇല്ലെങ്കില്‍ ആര്‍ട്ടിക്ക് പ്രദേശത്ത് ഗ്ലേസിയര്‍ ഉരുകിയതിനും അന്റാര്‍ട്ടിക്കയില്‍ പെന്‍‌ഗ്വിന്റെ മുട്ട കാണാതായതിനും കൊടിയേരി രാജിവെക്കണം എന്ന ആവശ്യം ഉയരുന്നത് കാണാമായിരുന്നു.

ജിവി/JiVi said...

വിശുദ്ധപശുക്കള്‍ക്ക് വിശുദ്ധ മാധ്യമ പശുക്കളെ തൊഴിക്കുകയും കുത്തുകയും ഒക്കെ ചെയ്യാം. അതൊക്കെ വീട്ടുകാര്യം. നിങ്ങളാരാ കമ്മികളെ ഇതൊക്കെ ദേശാഭിമാനി വഴി അലക്കാന്‍?

Rajeeve Chelanat said...

ഒപ്പ്.
അഭിവാദ്യങ്ങളോടെ

Rajesh T.C said...

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ യാത്രാചിലവ് ചുരുക്കിയുള്ള ഈ നാടകം കളി എത്ര നാൾ ഇവർ തുടരും. വീടു മോടി പിടിപ്പിക്കാനും, സുരക്ഷാക്രമീകരണങ്ങൾക്കും, ഓഫീസ് സ്റ്റാഫിനുമായി കോടികളാണത്രെ ഇവർ ചിലവിടുന്നത്. ഒരു മന്ത്രി തന്റെ ഓഫീസിൽ ഇറ്റാലിയൻ മാർബിൾ വിരിക്കാൻ പറഞ്ഞു പോലും.(ഇറ്റാലിയൻ ആയാൽ മേഡം സന്തോഷിക്കുമായിരിക്കും).

ഇടിമുഴക്കം said...

എന്നാലും സോണിയ ഗാന്ധിയെ പശു എന്ന് വിളിച്ചത് മോശമായി പോയി