ഒരു സമ്പന്നകുമാരനാണ് പാതിരാത്രിയില്‍ പൊതുവഴിയില്‍ കൊല്ലപ്പെട്ടതെന്നുള്ള വ്യത്യസ്തത മുത്തൂറ്റ് പോള്‍ വധക്കേസിനുണ്ട്. അതല്ലെങ്കില്‍ നാട്ടില്‍ പലപ്പോഴും നടക്കാറുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമാണത്-രണ്ടോ മൂന്നാ ദിവസം വാര്‍ത്തയില്‍ വരും; പിന്നെ എല്ലാവരും മറക്കും. ഇപ്പോള്‍ പോള്വധം ഇന്റര്‍ നാഷണല്‍ സംഭവമായി. കാരിയും കൂരിയും ഓംപ്രകാശും അച്ഛനും ലിജുവും രക്ഷിതാവ് കെ സി വേണുഗോപാലും സുധാകരനും സുധീരനുമെല്ലാം തിമിര്‍ത്താടുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാരിയുടെ അമ്മയോടൊപ്പം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച രാജു പുഴങ്കര ചെന്നിത്തലയ്ക്ക് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തുലാഭാരം നടത്തിച്ചയാളാണ്-പഞ്ചാരകൊണ്ട്. ഹര്‍ജി തള്ളിപ്പോയി. തള്ളിക്കൊണ്ട് ജസ്റ്റിസ് ശശിധരന് നമ്പ്യാര്‍, മാധ്യമങ്ങള്‍ക്ക് കണക്കിന് കൊടുത്തു.
"മാധ്യമവിചാരണയാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രതികളുടെ വിശദാംശങ്ങളും സാക്ഷിമൊഴികളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവണത ശരിയല്ല. ഇത് കേസന്വേഷണത്തെ ബാധിക്കും. അഭിഭാഷകര്‍പോലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. പിന്നീട് ചാനല്‍തന്നെ വിധിപറയുന്നു''
ജസ്റ്റിസ് ശക്തമായി കാര്യങ്ങള്‍ പറഞ്ഞു. പിറ്റേന്ന് പത്രം തുറന്നപ്പോള്‍ കണ്ടത് 'പൊലീസിന് കോടതിയുടെ വിമര്‍ശനം' എന്നുമാത്രം. മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യത്തിനും സത്യസന്ധതയ്ക്കുമെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഭീഷണിയുടെ സ്വരമാണെന്ന് ഒരു യൂണിയന് പുമാനും പ്രസ്താവിച്ചില്ല; അപലപിച്ചുമില്ല. ഒരു ചാനലും കുന്തവും പിടിച്ച് മാധ്യമവിശാരദന്മാരുടെ ചര്‍ച്ച കുത്തിയിളക്കാന്‍ പോയില്ല. രണ്ടുദിവസത്തിനുശേഷം പിണറായി വിജയന് പത്രക്കാരെ വിളിച്ചു. പറഞ്ഞത് കടുപ്പിച്ചുതന്നെ:
"കത്തിവിവാദം കേസ് വഴിതിരിച്ചുവിടുകയെന്ന വ്യക്തമായ ദുരുദ്ദേശ്യത്തിലാണ്. മാധ്യമം എന്ന നിലയ്ക്കുള്ള സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ പൊലീസ് ഇതേക്കുറിച്ചും അന്വേഷിക്കുമായിരുന്നില്ലേ. ഈ വാര്‍ത്ത നല്‍കിയത് ആര്‍ക്കുവേണ്ടിയാണെന്ന കാര്യം പുറത്തുവരണം. ഏതു വൃത്തികേടിനെയും അനുകൂലിക്കുന്നതാണ് മാധ്യമധര്‍മം എന്ന് കരുതരുത്.''
ഇതാണ് പറഞ്ഞ പ്രധാന കാര്യം. ഹൈക്കോടതി ജഡ്ജി സൂചിപ്പിച്ച കാര്യങ്ങള്‍ അല്‍പ്പംകൂടി സ്പഷ്ടമായി പിണറായി വിശദീകരിച്ചു. അതാ, കടന്നല്‍ക്കൂടിളകിവരുന്നു. മുള്ളിലും പല്ലിലും കൊമ്പിലും വാലിലും വിഷമുള്ള ഇനങ്ങള്‍ പറന്നുവരുന്നു. സുധീരാക്രോശം ബാലെ, ചെന്നിത്തലചരിതം ആട്ടക്കഥ, സുധാകരന് തുള്ളല്‍, ഏഷ്യാനെറ്റിന്റെ സിനിമാറ്റിക് ഡാന്‍സ്, മനോരമ വക ചവിട്ടുനാടകം. കൂട്ടത്തില്‍ മനോരമയിലെ സീനിയര്‍ സബ്എഡിറ്ററുടെ ഒരു ദുര്‍ബലശബ്ദവും-പിണറായി ഭീഷണിപ്പെടുത്തുകയാണെന്ന്. ശമ്പളം വാങ്ങുന്ന പത്രത്തിനുവേണ്ടി പറയാനേ തനിക്കധികാരമുള്ളൂ എന്നും നാട്ടിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നത് ഇമ്മാതിരി വെടക്കത്തരം പറയാനല്ലെന്നും ടിയാന് മറന്നുപോയി-ഒരല്പ്പനേരത്തേക്ക്(എച്ച്എംവി). കാക്കി നിക്കറിനുമേല്‍ മല്മല് മുണ്ടുടുത്ത ഒരു ആര്‍എസ്എസുകാരനും പത്രപ്രവര്‍ത്തക യൂണിയന് നേതാവിന്റെ ബലംപിടിച്ച് ചാനല്‍ചര്‍ച്ചയില്‍ കയറി പിണറായിക്കെതിരെ ഓംകാളി ആക്രോശിക്കുന്നതുകേട്ടു. എല്ലാറ്റിനും സംഘടനയുടെ ബലം! ചെരുപ്പുനക്കലും യൂണിയന് അജണ്ടയോ?
എല്ലാവര്ക്കും പത്രസമ്മേളനം നടത്താം, സിപിഎമ്മിനെ പുലഭ്യം പറയാം. രമേശ് ചെന്നിത്തല വക എട്ട്, എം ലിജു വക നാല്, ഉമ്മന്‍ചാണ്ടി വക മൂന്ന്, കെ സുരേന്ദ്രന് വക നാല്, പി സി ജോര്‍ജുവക എത്രയെന്ന് തിട്ടമില്ല-ഇങ്ങനെ പത്രസമ്മേളനങ്ങളുടെ പൂരം. എല്ലാം കാരി, കൂരി, ചാള, അയല തുടങ്ങിയവയ്ക്കുവേണ്ടി. അത് അവരുടെ ജന്മാവകാശം. അതിന് സിപിഐ എം മറുപടി പറയാന്‍ പാടുണ്ടോ? പ്രത്യേകിച്ച് സെക്രട്ടറി പിണറായി വിജയന് മിണ്ടാമോ എന്നതാണ് ചോദ്യം. രണ്ടു പത്രസമ്മേളനം വിളിക്കുക എന്ന മഹാപാതകമല്ലേ പിണറായി ചെയ്തത്. അക്രമം തന്നെ, തന്നെ. പ്രതിഷേധിക്കണം; പ്രകടനം നടത്തണം. മാധ്യമപ്രവര്ത്തകന് ശബരീനാഥിന്റെ തൊണ്ടിമുതല്‍ കട്ടുകൊണ്ടുപോകാം, പൊലീസ് അസിസ്റ്റന്റ് കമീഷണറുടെ വീട് ക്വട്ടേഷന്‍ കൊടുത്ത് ആക്രമിപ്പിക്കാം. ഓംപ്രകാശിന്റെ സല്‍ക്കാരം ഉച്ചയ്ക്കും വൈകിട്ടും മുടങ്ങാതെ സ്വീകരിച്ച് ഏമ്പക്കം വിടുന്ന മാധ്യമപുരുഷോത്തമന്മാര്‍ തലസ്ഥാനത്തുണ്ട്. സ്വന്തം മകനും ഓംപ്രകാശും ഒരുകിണ്ണത്തില്‍നിന്ന് ഉണ്ണുന്നതും ഒരുപായില് കിടക്കുന്നതും പറഞ്ഞ് കോള്‍മയിര്‍ക്കൊണ്ട മാധ്യമജിയെ ഇപ്പോള്‍ കാണാനേയില്ല. വന്നുവന്ന് പ്രതികള്‍ക്കുവേണ്ടിയാണ് വാദം. കാരിയുടെ മാതാശ്രീ കുന്തീദേവി. ഓംപ്രകാശന്റെ പിതാശ്രീ പത്മവ്യൂഹത്തില്‍പെട്ട അഭിമന്യുവിനെ ഓര്‍ത്ത് ദുഃഖിക്കുന്ന അര്ജുനന്. കെ സുധാകരനെ അറിയില്ലെന്ന് പറയാന്‍ ശട്ടംകെട്ടിയാണ് ഓംപിതാവിനെ അഭിമുഖത്തിനിറക്കിയത്. അഭിമുഖങ്ങളും ഫാസ്റ്റ് ഫുഡുപോലെയായി. സിഡി കവറിലാക്കി ചാനല്‍ ആപ്പീസുകളിലെത്തും. അഭിനയിക്കുന്നത് കാരിയാകും. തള്ളമാരും തന്തമാരുമാകും. സംവിധാനം ഖദറിട്ട വിരുതന്മാരാണ്. പിന്നണിയില്‍ മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇപ്പോഴത്തെ എംപി-വടക്കന്‍. സുമുഖനോ ദുര്‍മുഖനോ എന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം.
*
മുതിര്‍ന്നതും മുതിരാത്തതുമായ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമത്സരമാണ് രസകരം. പിണറായി പറഞ്ഞതിന്റെ മെറിറ്റിലേക്ക് കടക്കേണ്ട അവര്‍ക്കാര്‍ക്കും. മാന്യമായ ഭൂതകാലം പോലുമില്ലാത്ത സമ്പന്നപുത്രന്റെ മരണവും സിപിഎമ്മും തമ്മിലെന്തുബന്ധം എന്ന് ആരും ചോദിക്കരുത്. അരയും തലയും മുറുക്കി ഏഷ്യാനെറ്റ് പോലുള്ള വിദേശ മാധ്യമ കുത്തകയും നാടന്‍ പിഡബ്ള്യുഡി ചാനലും(സ്പോണ്‍സേഡ് ബൈ മുത്തൂറ്റ്) ഇടപെടുന്നതിന്റെ യുക്തി ചോദിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാകുന്നു. മഠത്തില്‍ രഘുവിന്റെ ദുബായിലെ ഹോട്ടലില്‍ ഓംപ്രകാശനും പുത്തന്‍പാലം രാജേഷും ഉണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്ത ഫൈസല്‍ ബിന്‍ അഹമ്മദ് എന്ന ലേഖകനും ബിന്‍ ലാദനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. എന്തായാലും ആ മാധ്യമലാദന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് ഏഷ്യാനെറ്റിന്റെ താടിവച്ച ഒരു മഹാനും ക്യാമറയ്ക്കുമുന്നില്‍വന്ന് നിഷേധിക്കുന്നതുകണ്ടില്ല, കള്ളം പറഞ്ഞതിന്റെ ജാള്യവും അവരുടെ മുഖത്തുകണ്ടില്ല.
പോള്‍ വധവും സിപിഎമ്മും തമ്മില്‍ എന്തുബന്ധം എന്ന ചോദ്യം ഏതെങ്കിലും മാധ്യമവിശാരദനോട് ചോദിച്ചുനോക്കൂ. ഒരക്ഷരം മിണ്ടില്ല. ബന്ധമുണ്ടെന്ന് പറഞ്ഞുപരത്താനുള്ള ക്വട്ടേഷനാണ് അവര്‍ എടുത്തത്. കത്തിക്കഥ അങ്ങനെ വന്നതാണ്-ഒരു യഥാര്‍ഥ ക്വട്ടേഷന്‍ പണി (അതിന്റെ വിശദാംശം പിന്നെപ്പറയാം). കത്തിക്കഥ കേട്ടതോടെ യുവമോര്‍ച്ചക്കാരും യൂത്തന്മാരും ആഞ്ഞുതുള്ളി. കോടിയേരി രാജിവയ്ക്കണമെന്ന്. കൊല്ലനെ തേടിയായി അടുത്ത യാത്ര. കാരി ഡിവൈഎഫ്ഐക്കാരനല്ല എന്നറിഞ്ഞതോടെ ഏഷ്യാനെറ്റിന് വര്‍ഗബോധം ഉണര്‍ന്നു. 'അമ്മയുടെ ക്യാന്‍സര്‍ രോഗത്തിന് ചികിത്സിക്കാനുള്ള പണം സമ്പാദിക്കാന്‍ കുറ്റമേറ്റവന്‍ കാരി'. സെന്റിമെന്റ്സ്. കാരി നിരപരാധി! കാരിയുടെ അമ്മയുടെ പേരിലുള്ള മൊബൈല്‍ ഫോണ്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കിട്ടിയതെങ്ങനെ? അതും പൊലീസ് കൊണ്ടിട്ട് വണ്ടികയറ്റി ചതച്ചുകളഞ്ഞതാണെന്ന ക്വട്ടേഷന്‍ കഥ ഉടനെ വരുമായിരിക്കും.
മൊബൈല്‍ തുമ്പില്‍ നിന്നാണ് അന്വേഷണം കാരിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ട് ആദ്യമായി നല്‍കിയത് ഐപ്പ് വള്ളിക്കാടന് എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറാണ്. വാര്‍ത്ത വിഴുങ്ങാന്‍ മര്‍ഡോക്കിന് സേവകന്മാരെ കിട്ടാനാണോ പഞ്ഞം. പോളിനെ കൊന്നത് ആരായാലും; എന്തിനു വേണ്ടിയായാലും അത് സിപിഎമ്മിന്റെ ഉത്തരവാദിത്തമായി പ്രഖ്യാപിച്ച് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ഇന്നാട്ടിലെ മാധ്യമപ്രവര്‍ത്തനസ്വാതന്ത്ര്യത്തെ രക്ഷിക്കണമെന്നാണ് ശതമന്യുവിന്റെ അഭ്യര്‍ഥന.
മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്ന, ഗുണ്ടകളുമായി ചങ്ങാത്തമുള്ള, മറ്റുപല സദ്ഗുണങ്ങളുമുണ്ട് എന്ന് പറയപ്പെടുന്ന ഒരു ബ്ളേഡ് കമ്പനിക്കാരനെപ്പറ്റി ഒരു ദുരൂഹതയും ആരും ഉയര്‍ത്താന്‍ പാടില്ല-അത് മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള കടന്നാക്രമണമാകും. അക്കാര്യത്തില്‍ അന്വേഷണാത്മകത തീരെ വേണ്ട. അന്വേഷിച്ചാല്‍ വിപണനസാധ്യതയും എരിവും പുളിയും ഉള്ള കഥകള്‍ കിട്ടുമെന്നത് മാധ്യമശത്രുക്കളുടെ കുപ്രചാരണമാണ്. അന്വേഷണം പോളിലേക്ക് തിരിയരുത്.
മുത്തൂറ്റ് ഗ്രൂപ്പിന് സിപിഎം ബന്ധമില്ല; യുഡിഎഫ് ബന്ധുത്വമുണ്ട്. പരസ്യം തരുന്നത് മുത്തൂറ്റുകാരാണ്-സിപിഎമ്മല്ല. പണ്ട് പോളിന്റെ മയക്കുമരുന്ന് വാര്‍ത്ത മുക്കിയപ്പോള്‍ അനുഭവമുള്ളതാണ്. ഇനിയും ചോദിച്ചാല്‍ ഇനിയും കിട്ടും. ബാങ്കിലെ കടം വീട്ടാനും വക കാണും. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാമോ-മുത്തൂറ്റിനെ പിണക്കാമോ? ആയതിനാല്‍ നമുക്ക് കോടിയേരി-പിണറായി ദുരൂഹത ആഘോഷിക്കാം. പിണറായി പത്രസമ്മേളനം നടത്തിയത് കോടിയേരിക്ക് വേലവയ്ക്കാന്‍ എന്ന് സിദ്ധാന്തിക്കാം. കൂട്ടത്തില്‍ തോമസ് ഐസക് എഴുതാന്‍ പോകുന്ന പുസ്തകത്തിന്റെ പ്രചാരം കൂട്ടാനാണ് സിപിഎം പ്രതികരിച്ചതെന്നും പറഞ്ഞുവയ്ക്കാം.
മുത്തൂറ്റ്-മാധ്യമബന്ധം, മുത്തൂറ്റ്-ഉമ്മന്‍ചാണ്ടി ബന്ധം തുടങ്ങിയ സെന്‍സേഷണല്‍ സംഗതികളിലേക്കുള്ള വാതിലുകള്‍ ആരും തുറക്കരുതേ. അഥവാ തുറന്നാല്‍ ഞങ്ങള്‍ പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റിനെ തന്നെ ചാവേറാക്കിക്കളയും. ഇത് ഒരു ഭീഷണിയായി ആരും കാണരുത്. പത്രപ്രവര്‍ത്തകര്‍ പള്ളയ്ക്കിട്ട് കുത്തിയാലും അത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രം. പ്രതിഷേധിക്കാനും പ്രസ്താവന ഇറക്കാനും എതിര് പ്രസ്താവനകള്‍ മുക്കാനും സ്വാതന്ത്ര്യമുള്ളവരാണല്ലോ ഞങ്ങള്‍.
*
ശശി തരൂരിന് രാപ്പാര്‍ക്കാന്‍ അരലക്ഷം ദിവസവാടകയുള്ള സ്യൂട്ട് ദില്ലിയില്‍. മൂന്നുമാസം പാര്‍ത്തതിന് കൊടുക്കേണ്ടത് നാല്പത്തഞ്ചു ലക്ഷം. അത് സ്വന്തം പണമത്രെ. കിട്ടിയ വഴി വഴിയേ പറയുമായിരിക്കും. അനന്തപുരിയിലെ വോട്ടര്‍മാര്‍ എത്ര ഭാഗ്യവാന്മാര്!
5 comments:
ല്ലാവര്ക്കും പത്രസമ്മേളനം നടത്താം, സിപിഎമ്മിനെ പുലഭ്യം പറയാം. രമേശ് ചെന്നിത്തല വക എട്ട്, എം ലിജു വക നാല്, ഉമ്മന്‍ചാണ്ടി വക മൂന്ന്, കെ സുരേന്ദ്രന് വക നാല്, പി സി ജോര്‍ജുവക എത്രയെന്ന് തിട്ടമില്ല-ഇങ്ങനെ പത്രസമ്മേളനങ്ങളുടെ പൂരം. എല്ലാം കാരി, കൂരി, ചാള, അയല തുടങ്ങിയവയ്ക്കുവേണ്ടി. അത് അവരുടെ ജന്മാവകാശം. അതിന് സിപിഐ എം മറുപടി പറയാന്‍ പാടുണ്ടോ? പ്രത്യേകിച്ച് സെക്രട്ടറി പിണറായി വിജയന് മിണ്ടാമോ എന്നതാണ് ചോദ്യം. രണ്ടു പത്രസമ്മേളനം വിളിക്കുക എന്ന മഹാപാതകമല്ലേ പിണറായി ചെയ്തത്. അക്രമം തന്നെ, തന്നെ. പ്രതിഷേധിക്കണം; പ്രകടനം നടത്തണം. മാധ്യമപ്രവര്ത്തകന് ശബരീനാഥിന്റെ തൊണ്ടിമുതല്‍ കട്ടുകൊണ്ടുപോകാം, പൊലീസ് അസിസ്റ്റന്റ് കമീഷണറുടെ വീട് ക്വട്ടേഷന്‍ കൊടുത്ത് ആക്രമിപ്പിക്കാം. ഓംപ്രകാശിന്റെ സല്‍ക്കാരം ഉച്ചയ്ക്കും വൈകിട്ടും മുടങ്ങാതെ സ്വീകരിച്ച് ഏമ്പക്കം വിടുന്ന മാധ്യമപുരുഷോത്തമന്മാര്‍ തലസ്ഥാനത്തുണ്ട്. സ്വന്തം മകനും ഓംപ്രകാശും ഒരുകിണ്ണത്തില്‍നിന്ന് ഉണ്ണുന്നതും ഒരുപായില് കിടക്കുന്നതും പറഞ്ഞ് കോള്‍മയിര്‍ക്കൊണ്ട മാധ്യമജിയെ ഇപ്പോള്‍ കാണാനേയില്ല. വന്നുവന്ന് പ്രതികള്‍ക്കുവേണ്ടിയാണ് വാദം.
ശതമന്യു വളരെ വ്യക്തമായ ഭാഷയിൽ പറഞ്ഞിരിക്കുന്നു ചില സത്യങ്ങൾ.
നന്നായി എഴുത്ത്.
പക്ഷേ ഒരു സംശയം, വളരെ ക്ഷമയോടെ, സംയമനത്തോടെ ഉത്തരം പ്രതീക്ഷിക്കുന്ന ഒരു ചോദ്യമുണ്ട്.
സി.പി.എം. എന്ന രാഷ്ട്രീയ സംഘടനക്ക് ഈ കേസിൽ എന്താണു താല്പര്യം?
ഒരു നാലംകിട ഗുണ്ടാ ആക്രമണത്തെ, പോലീസ് വളരെ സ്തുത്യർഘമായ രീതിയിൽ അന്വോഷിക്കുമ്പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറി എന്തിനു പത്രസമ്മേളനം നടത്തണം?
അഥവാ ഒരു വിശദീകരണം ആവശ്യമാണെങ്കിൽ പത്രസമ്മേളനം നടത്തേണ്ടത് അന്വോഷണം നിയന്ത്രിക്കുന്ന പോലീസ് മേധാവിയോ അങ്ങേയറ്റം ആഭ്യന്തരമന്ത്രിയോ അല്ലേ?
മുൻപ് സെക്രട്ടറി ആയിരുന്ന ആരെങ്കിലൂം ഭരണകരമായ കാര്യങ്ങളിൽ ഇത്തരം കൈകടത്തലുകൾ നടത്തിയിട്ടുണ്ടോ ?
ശരിക്കും പാർട്ടിയെ വിദൂരമായിപ്പോലും ബാധിക്കാത്ത ഒരു സംഭവത്തെ “വെടക്കാക്കി തനിക്കാക്കുക”യല്ലേ സഖാവ് പിണറായി വിജയൻ ചെയ്തത്?
ഉത്തരം പ്രതീക്ഷിക്കുന്നു.
ഒന്നും വേണ്ടാ,ആ സുകുമാരക്കുറുപ്പ് സംഭവത്തില്‍ 'മുമ്പ് സെക്രട്ടറി ആയിരുന്ന'വീ.എസ് ഒരു കുഞ്ഞു അഭിപ്രായം പോലും പറഞ്ഞിരുന്നോ, 'ഭരണകരമായ കാര്യങ്ങളിൽ ഇത്തരം കൈകടത്തലുകൾ നടത്തിയിട്ടുണ്ടോ'.അക്കാലത്തെ പത്രങ്ങള്‍ ഒന്ന് വായിച്ചു നോക്കൂ, ഹോ,അന്ന് ചാനല്‍ ബിന്ലാടന്മാര് ഇല്ലായിരുന്നു.എന്തൊരു ഭാഗ്യം കെട്ട കാലം ?
ഇനി പത്രസമ്മേളനം നടത്തണെങ്കില്് തന്നെ യശ്മാന്മാരില് നിന്ന് approval വാങ്ങണ്ടേ,വാങ്ങിയോ ?
ഇത് ജനങ്ങളെ 'വിദൂരമായി പോലും ബാധിക്കുന്നില്ല, പിന്നല്ലേ "പാർട്ടിയെ വിദൂരമായിപ്പോലും ബാധിക്കുന്നത്'
പിന്നെ മുത്തൂറ്റ്,വിഷന്‍,പുതുപ്പള്ളി കുടുംബ ബന്ധ ലൈനിലെക്കൊന്നും വല്ലാതെ അന്വേഷിക്കണ്ട,കേട്ടോ, ഞങ്ങള്‍ “വെടക്കാക്കി തനിക്കാക്കും'. അതിനുള്ള സോര്സും വകുപ്പും പടച്ചോന് സഹായിച്ചു ഞങ്ങള്‍ക്കുണ്ട്.
സഖാവ് പറയുന്നതെല്ലാം ഒരു പരിധി വരെ വളരെ ശരിയായ കാര്യങ്ങള്‍ ആണ്. പക്ഷെ സഖാവ് ആലോചിക്കേണ്ട വേറെ ചില കാര്യങ്ങള്‍ ഉണ്ട്. അതായതു, പോലീസ് എത്ര സ്തുത്യര്‍ഹമായി കേസ് അന്വേഷിച്ചാലും, എന്തുകൊണ്ട് വലിയൊരു വിഭാഗം ജനങ്ങള്‍ CPM നെ സംശയത്തോടെ വിലയിരുത്തുന്നു.....അതിനു കാരണം മാധ്യമ ദുഷ്പ്രചരണവും സാമ്രാജ്യത്ത അധിനിവേശവും "മാത്രം" ആണെന്നൊക്കെ പറഞ്ഞാല്‍, സെക്രട്ടറി സഖാവ് പറഞ്ഞ പോലെ "സുന്ദര വിഡ്ഢികള്‍ക്കു ദൂരെ നിന്ന് നല്ല നമസ്കാരം" പറയുകയേ നിര്‍വാഹം ഉള്ളു.
ഇതും
http://ele2009.blogspot.com/
Post a Comment