"ബൈഠക്കുണ്ട്, ചിന്തയില്ല''-
ബിജെപി നേതാക്കള്‍ നല്ല തണുപ്പത്ത് ഒത്തുകൂടി കടുക്കക്കഷായം വച്ചതിനെക്കുറിച്ച് കേരളത്തിലെ നേതാവ് ശതമന്യുവിനോട് നേരിട്ടു പറഞ്ഞതാണിത്. അങ്ങ് സിംലയില്‍ ചിന്തയില്ലാത്ത ഇരിപ്പ് നടക്കുമ്പോള്‍ ഇങ്ങ് കേരളത്തിലെ കാവിഹൃദയങ്ങള്‍ കോവളത്ത് ത്രിനക്ഷത്രത്തിന്റെ തണുപ്പിലിരുന്ന് അറബിക്കടലിലെ തിരയെണ്ണുകയായിരുന്നു. ഇവിടെ വീരശൂര പരാക്രമികളാണ്. കത്തി പുറത്തെടുത്താല്‍ ചോരകണ്ടേ അടങ്ങൂ. വോട്ടു കുത്താന്‍ പോയാല്‍ കാശുവാങ്ങിയേ നിവരൂ. കേരളത്തിലെ ബിജെപി കൊമ്പത്തെയാണെന്നാണ് വയ്പ്. രാജ്യത്താകെയുള്ള ബിജെപികാര്യം തീരുമാനിക്കാന്‍ സിംലയില്‍ തണുപ്പുകൊള്ളാന്‍ പോയവരുടെ കൂട്ടത്തില്‍ ഒരൊറ്റ കേരളനീയനില്ല! അവിടെ കേന്ദ്രത്തെ തിളപ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ തിരയെണ്ണല്‍. ഒരു രാഷ്ട്രീയകക്ഷിയുടെ സംസ്ഥാനഘടകം അഭിമാനംകൊള്ളണം ഈ അസുലഭമുഹൂര്‍ത്തത്തില്‍.
ചിന്താശേഷിയുള്ളവര്‍ക്കുള്ളതാണല്ലോ ചിന്തന്‍ ബൈഠക്ക്. ചിന്തിക്കാത്ത ബൈഠക്കില്‍ ചിന്തിക്കാന്‍ ശേഷിയില്ലാത്തവര്‍ പോകാതിരുന്നതില്‍ അത്ഭുതമില്ല. ചിന്ത വേറെ; ഇരുത്തം വേറെ. കേരളം വേറെ; കേന്ദ്രം വേറെ. ഇവിടെ 'ചന്ത'ന്‍ ബൈഠക് മതി. നേതാക്കളും ജനപ്രതിനിധികളും ലളിതജീവിതം നയിച്ചു മാതൃക കാട്ടാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വന്ന നിര്‍ദേശം. നന്നായി. അതായത് കേന്ദ്രത്തില്‍നിന്നു വരുന്ന കോടികള്‍ പകുത്ത് വീതിച്ച് ലളിതമായ ഭാഗങ്ങളാക്കി വിതരണം ചെയ്യണമെന്ന്. ലളിതജീവിതം എന്നാല്‍, ദിവസം എത്ര യൂണിറ്റ് ചിക്കന്‍, എത്ര പെഗ്, ഏതിനം കാഷ്യുനട്ട് എന്നിങ്ങനെയുള്ള വിശദമായ ചാര്‍ട്ട് എഐസിസി ഉടനെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. അക്കാര്യത്തിലെങ്കിലും ഹിന്ദുത്വ പാര്‍ടിക്കും രാഹുല്‍ജി പാര്‍ടിക്കും ഒരേ നയമാണെന്നത് ആശ്വാസം.
ഭാജാപയിലേക്കു തന്നെ വരാം. രണ്ടു ലോക്‍സഭാ തെരഞ്ഞെടുപ്പുകളില്‍ അടുപ്പിച്ചു പരാജയം. സംസ്ഥാനങ്ങള്‍ പലതിലും അധികാരഭ്രംശം. അകത്തും പുറത്തും കത്തിപ്പടരുന്ന കലാപങ്ങള്‍. നാഗപ്പൂരില്‍നിന്നുയരുന്ന ഭീഷണികള്‍. വാജ്പേയി പതുക്കെ പിന്‍വാങ്ങി. അദ്വാന്‍ജി വരമ്പത്തുമല്ല; വയലിലുമല്ല. ജസ്വന്തിനെ പടിയടച്ച് പിണ്ഡംവച്ചു. വസുന്ധരക്കെതിരെ ധുരന്ധരന്‍മാര്‍ രംഗത്ത്. ജിന്നയോ പട്ടേലോ മഹാന്‍ എന്ന് ചര്‍ച്ച. ജസ്വന്തിന്റെ പുസ്തകം മോഡിക്ക് വേണ്ട; യദ്യൂരപ്പയ്ക്ക് വേണം. ഉപ്പുവച്ച കലം എന്നു കേട്ടിട്ടില്ലേ-അതിന്റെ അതേ പരുവം.
തലശേരിയിലെ കാവിമുണ്ടുകാര്‍ ഇനിയും കത്തിയും വാളുമെടുത്ത് നടക്കേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കട്ടെ. അവിടെയും നടക്കട്ടെ ഒരു ചിന്തയുള്ള ബൈഠക്.
*
ഇനി ചില മഹാന്മാരെക്കുറിച്ചാണ്. ആദ്യം ഒരു മാധ്യമ മഹാ പണ്ഡിതനെക്കുറിച്ച്. നാമധേയം ഒ അബ്ദുറഹിമാന്‍. മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം തലേക്കെട്ടിലും അരപ്പട്ടയിലും എഴുതിവച്ച പത്രത്തിന്റെ പത്രാധിപര്‍. അങ്ങനെയൊരു ലേബലുള്ളതുകൊണ്ടാകണം, മറ്റൊരു ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തകനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയത് ഈ പത്രാധിപ മഹാശയനാണ്. ജമാ അത്തെ ഇസ്ളാമിയും അശ്ളീല പത്രപ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഈ ആതിഥ്യത്തിനും ആതിഥേയത്വത്തിനും അര്‍ഥമില്ല. ക്രൈം നന്ദകുമാര്‍ വിഷമത്തില്‍പെടുമ്പോഴെല്ലാം ഓടിയെത്താറുള്ളത് ക്രൈം വീരേന്ദ്രകുമാറാണ്. നന്ദകുമാര്‍ മാധ്യമത്തില്‍ കോളമിസ്റ്റാകുന്ന കാലവും അതിവിദൂരമല്ല.
അബ്ദുറഹിമാന്‍ സാഹിബ് മാധ്യമ പ്രവര്‍ത്തനത്തെ ഒരിക്കല്‍ വിശദീകരിച്ചത്, "ആദ്യം കിട്ടുന്ന വാര്‍ത്ത ചൂടോടെ വായനക്കാരില്‍ എത്തിക്കുക എന്നതാണ് ഒരു പത്രസ്ഥാപനത്തിന്റെ ധര്‍മം. പ്രസിദ്ധീകരിച്ചത് തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തു നല്‍കും'' എന്നാണ്. കിട്ടുന്ന വാര്‍ത്ത ശരിയാണോ എന്ന് നോക്കേണ്ടതില്ല! അതിലുമുപരി ജമാഅത്തെ ഇസ്ളാമിക്കാര്‍ക്ക് തെറ്റുപറ്റുമോ! അതുകൊണ്ട് ലാവ്ലിന്‍ യുദ്ധവീരന്‍ ക്രൈം നന്ദകുമാറിന് മാധ്യമം പത്രാധിപര്‍ വക വീരചക്രം.
പി സി ജോര്‍ജ് എന്ന മഹാനുഭാവനെക്കുറിച്ചാകട്ടെ അടുത്ത സങ്കീര്‍ത്തനം. പണ്ട് ജോര്‍ജിന് പാലാഴി എന്ന് കേട്ടാല്‍ മാണി എന്ന് കേള്‍ക്കുന്നത് പോലെയായിരുന്നു. ചൊറിഞ്ഞുവരും. ഇന്ന് അങ്ങനെ അല്ല. വീരനെപ്പോലെ ജോര്‍ജും സ്നേഹിക്കപ്പെടുന്നവരുടെ കൂടെയാണല്ലോ. അപ്പോള്‍ കാര്യങ്ങള്‍ മാണിസാറിന്റെ പക്ഷത്തു നിന്ന് കാണണം. പാലായില്‍ ഒരു റബര്‍ ഫാക്ടറി തുടങ്ങുക എന്നൊക്കെപ്പറഞ്ഞാല്‍ നടക്കാത്ത സ്വപ്നമാണ്. എംആര്‍എഫ് പോലും പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ എങ്ങനെ മാണിസാര്‍ പാലാഴി കടയും. 30 ഏക്കര്‍ സ്ഥലമുണ്ടല്ലോ, നിക്ഷേപകരുടെ പണം അതിന്റെ വിലയില്‍ സുരക്ഷിതമാണ് എന്നാണ് ജോര്‍ജ് സാര്‍ പറയുന്നത്. കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് പണം വാങ്ങി സ്ഥലം മേടിച്ചിട്ട് 14 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് കളിക്കുകയാണോ എന്നൊന്നും ചോദിക്കരുത്. ഇടതുമുന്നണിയിലോ മറ്റോ ആയിരുന്നെങ്കില്‍ എന്നേ മാണിസാര്‍ റിയല്‍എസ്റ്റേറ്റ് മാഫിയക്കാരനായേനെ. ഓരോരോ കാലങ്ങള്‍.
നന്ദകുമാറിന് പണംകൊടുക്കുന്നത് അഭിമാനമായി പറയുന്ന ജോര്‍ജിന് മാണിക്കെതിരായ വാക്കുകള്‍ വിഴുങ്ങുന്നതും ഭൂഷണംതന്നെ. സട കൊഴിഞ്ഞ സിംഹം, പൂടപോയ പൂച്ച എന്നെല്ലാം പറയുന്നതുപോലെ പല്ലു കൊഴിഞ്ഞ ജോര്‍ജ്! അടുത്ത മഹാന്‍ സാക്ഷാല്‍ എം പി വീരേന്ദ്രകുമാര്‍. അന്താരാഷ്ട്ര കരാര്‍ എന്ന് കേട്ടാല്‍ ആദ്യം ചാടി വീഴുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നത് പണ്ട് ഇദ്ദേഹമായിരൂന്നു. ആസിയന്‍ കരാര്‍ വന്നപ്പോള്‍ മഹാന്റെ ഒരു പ്രസ്താവനയും കാണാത്തതിനാല്‍ കേരളം ഒന്നു ശങ്കിച്ചു. മാത്യു ടി തോമസ് വായില്‍ കോലിട്ട് കിള്ളിയപ്പോള്‍ 'കരാര്‍ മോശം' എന്ന് മൊഴിഞ്ഞു. പണ്ട് കോലിടാതെ തനിയെ വരുമായിരുന്നു. ഇപ്പോള്‍ ചോദിച്ചാലേ പറയൂ. പൊതു മിനിമം പരിപാടിയുമായി സ്നേഹിക്കുന്നവരുടെ അടുത്ത് എത്തിയപ്പോള്‍ ഉള്ള ഓരോ പ്രശ്നങ്ങള്‍.
*
ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമറിയാമെന്നതുപോലെ വരകണ്ടാല്‍ പത്രമുതലാളിയുടെ കുടിലതയും മനസ്സിലാക്കാം. വീരേന്ദ്രകുമാറിന്റെ ദുഷ്ടമനസ്സ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകളിലാണ് ഇപ്പോള്‍ തെളിഞ്ഞുകാണുന്നത്. വീരന് വിരോധമുള്ളവര്‍ക്ക് ഗോപീകൃഷ്ണന്റെ വരയില്‍ പ്രത്യേക രൂപമാണ്. അവരുടെ വണ്ണം ഓരോ ദിവസം കഴിയുമ്പോഴും കൂടിക്കൂടി വരും. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ അന്ത്യമാണല്ലോ വീരേന്ദ്രകുമാറിന്റെ സമകാലിക അജന്‍ഡ. (അതിനായി ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലെ കേസിന്മേല്‍ പത്രം വക വാദവും തുടങ്ങിയിരിക്കുന്നു) സിപിഐ എമ്മിനകത്തു കയറി കളിക്കാനാണ് തുനിഞ്ഞിറങ്ങിയത്. ആ കളിക്ക് ഉത്തേജനം പകരാനാണ് കാര്‍ട്ടൂണ്‍ രസായനം. പിണറായിയെ, ധനമോഹിയായ നേതാവായി അവതരിപ്പിക്കാനാണ് കാര്‍ട്ടൂണുകളില്‍ ഓരോന്നിന്റെയും ശ്രമം. ഏറ്റവുമൊടുവില്‍, കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ വരച്ച കാര്‍ട്ടൂ നോക്കുക-
ജി സുധാകരന്‍ 'കണ്ഠമിടറി' നടക്കുകയും പിണറായിയും കടന്നപ്പള്ളിയും സിംഹാസന സമാനമായ കസേരകളില്‍ ഇരിക്കുകയുംചെയ്യുന്നു. കടന്നപ്പള്ളിയുടെ മടിയില്‍ കറുത്ത ബാഗ്; അതിലേക്ക് പിണറായിയുടെ കണ്ണുകള്‍. അതായത്, പണം മുടക്കിയാണ് കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം കിട്ടിയതെന്ന് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂ പ്രഖ്യാപനം. ഇതുപോലെ തിരിച്ചൊരു കാര്‍ട്ടൂ വന്നു എന്നിരിക്കട്ടെ. സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വീരന്‍. അദ്ദേഹത്തിന്റെ കണ്ണുകള്‍ കൂട്ടത്തിലുള്ള വ്യക്തിയുടെ പ്രത്യേക ഭാഗത്ത് തറയ്ക്കുന്നു. വീരന്റെ തനിസ്വഭാവം വ്യക്തമാക്കുന്ന വരയാണതെന്ന് പ്രകീര്‍ത്തിക്കാം; ശ്രദ്ധിക്കാതെ അവഗണിക്കാം. തരവഴിത്തരം ഒരുകൂട്ടര്‍ക്കുമാത്രമുള്ളതാണെന്ന ധാരണ വീരനുണ്ട്. തല്‍കാലം ടിയാന്റെ തനിസ്വഭാവം ഒരുകാര്‍ട്ടൂണിലും തെളിയുന്നില്ല. അഥവാ തെളിഞ്ഞാല്‍ സെന്‍സര്‍ബോര്‍ഡ് എങ്ങനെ പ്രതികരിക്കുമെന്നും പറയാനാവില്ല. ഗോപീകൃഷ്ണന്റെ പ്രതിഭ നീണാള്‍ വാഴട്ടെ. അതിനെ വിമര്‍ശിക്കുന്നത് ഭീഷണിയായോ പത്രപ്രവര്‍ത്തന മര്യാദകളുടെ ലംഘനമായോ ചിത്രീകരിക്കപ്പെടാതെയുമിരിക്കട്ടെ. ആമേന്‍.
*
സിപിഐ എമ്മില്‍ പ്രശ്നങ്ങള്‍ ഒതുങ്ങുന്നത് ഒട്ടും നല്ലതല്ല. രണ്ട് ഗ്രൂപ്പുവേണം; പ്രത്യയശാസ്ത്ര യുദ്ധം നടക്കണം; വാര്‍ത്തകള്‍ ചോര്‍ത്തിക്കിട്ടണം; സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് മത്സരമുണ്ടാകണം. ഇതൊന്നുമില്ലാതെ പാര്‍ടി നന്നായി മുന്നോട്ടുപോവുകയും സര്‍ക്കാര്‍ പാളിച്ചകള്‍ തിരുത്തി ജനങ്ങളെ സ്വാധീനിക്കുംവിധം മുന്നേറുകയും ചെയ്താല്‍ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കരുതുന്നത്? അതുകൊണ്ട്, പാര്‍ടിയില്‍ പുതിയ ചില ഗ്രുപ്പുകളുണ്ടാക്കിക്കളയാമെന്നാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തക രംഗത്തെ പ്രതിഭാധനന്മാരുടെ തീരുമാനം. കൂട്ടിക്കിഴിച്ചും ഗവേഷിച്ചും ഞങ്ങള്‍ എത്തിയ നിഗമനം, പുതിയ ഗ്രൂപ്പിനെ ഒരുഭാഗത്ത് തോമസ് ഐസക് നയിക്കട്ടെ എന്നാണ്. ധനമന്ത്രി എന്ന നിലയില്‍ കൂട്ടിയും കിഴിച്ചും ഒതുങ്ങിക്കൂടുന്നതിനു പകരം ലാവ്ലിന്‍, ആസിയന്‍, ലെനിനിസം എന്നൊക്കെ പറയാന്‍ അങ്ങേര്‍ക്ക് എന്താണവകാശം? ഐസക് അതിരുവിടുന്നു എന്ന് ആദ്യത്തെ ആരോപണം. ജി സുധാകരന്റെ ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്കു നല്‍കിയതിനുപിന്നില്‍ ഐസക്കാണെന്ന് രണ്ടാമത്തെ ആരോപണം. വ്യാപാരികളുടെ പ്രശ്നം ഇ പി ജയരാജന്‍ പ്രസംഗിച്ചപ്പോള്‍ അത് ഐസക്കിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് അടുത്ത കണ്ടെത്തല്‍. ആദ്യം മംഗളം എഴുതും പിന്നെ മനോരമയും മാതൃഭൂമിയും ഏറ്റെടുക്കും. ഇതാണ് ഞങ്ങളുടെ ഒരു രീതി. സിപിഐ എമ്മില്‍ ഞങ്ങള്‍ പുതിയ ഗ്രൂപ്പുണ്ടാക്കിക്കഴിഞ്ഞു.
ഞങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അടയ്ക്കാനും പ്രസ് ക്ളബ് വികസനത്തിനും ബജറ്റില്‍ പണം വകയിരുത്താന്‍ ഐസക്കിനെ ഞങ്ങള്‍ സഖാവേ, പൊന്നേ, മുത്തേ എന്നെല്ലാം സ്നേഹത്തോടെ വിളിക്കും. പണം കിട്ടിക്കഴിഞ്ഞാല്‍, വിദേശ ചാരാ, അധിനിവേശക്കാരാ എന്നൊക്കെ കൂടുതല്‍ സ്നേഹത്തോടെ വിളിക്കും. ഇതൊന്നും ഞങ്ങളുടെ കുഴപ്പമല്ല കേട്ടോ. ഇനി ഒരു ഗ്രൂപ്പുണ്ടാക്കിയില്ലെങ്കില്‍ ഞങ്ങളെങ്ങനെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടരും? ഐസക് പണം തന്നില്ലെങ്കില്‍ ഞങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഞങ്ങള്‍തന്നെ അടയ്ക്കേണ്ടിവരില്ലേ? സിപിഎമ്മിനെതിരെ വാര്‍ത്തയെഴുതിയില്ലെങ്കില്‍ വീരന്‍ മുതലാളി വിടുമോ? ഞങ്ങള്‍ക്കല്ലേ അറിയാവൂ ഞങ്ങളുടെ കഷ്ടപ്പാട്.
3 comments:
"ബൈഠക്കുണ്ട്, ചിന്തയില്ല''-
ബിജെപി നേതാക്കള്‍ നല്ല തണുപ്പത്ത് ഒത്തുകൂടി കടുക്കക്കഷായം വച്ചതിനെക്കുറിച്ച് കേരളത്തിലെ നേതാവ് ശതമന്യുവിനോട് നേരിട്ടു പറഞ്ഞതാണിത്. അങ്ങ് സിംലയില്‍ ചിന്തയില്ലാത്ത ഇരിപ്പ് നടക്കുമ്പോള്‍ ഇങ്ങ് കേരളത്തിലെ കാവിഹൃദയങ്ങള്‍ കോവളത്ത് ത്രിനക്ഷത്രത്തിന്റെ തണുപ്പിലിരുന്ന് അറബിക്കടലിലെ തിരയെണ്ണുകയായിരുന്നു. ഇവിടെ വീരശൂര പരാക്രമികളാണ്. കത്തി പുറത്തെടുത്താല്‍ ചോരകണ്ടേ അടങ്ങൂ. വോട്ടു കുത്താന്‍ പോയാല്‍ കാശുവാങ്ങിയേ നിവരൂ. കേരളത്തിലെ ബിജെപി കൊമ്പത്തെയാണെന്നാണ് വയ്പ്. രാജ്യത്താകെയുള്ള ബിജെപികാര്യം തീരുമാനിക്കാന്‍ സിംലയില്‍ തണുപ്പുകൊള്ളാന്‍ പോയവരുടെ കൂട്ടത്തില്‍ ഒരൊറ്റ കേരളനീയനില്ല! അവിടെ കേന്ദ്രത്തെ തിളപ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ തിരയെണ്ണല്‍. ഒരു രാഷ്ട്രീയകക്ഷിയുടെ സംസ്ഥാനഘടകം അഭിമാനംകൊള്ളണം ഈ അസുലഭമുഹൂര്‍ത്തത്തില്‍.
പി.സി. ജോര്‍ജ്ജ് ഇന്ത്യാവിഷനില്‍ പറഞ്ഞത് പൈസ കിട്ടാനുള്ളവര്‍ ചെയ്യേണ്ടത് സിവില്‍ കേസ് കൊടുക്കലാണ് എന്നാണ്. കാശ് തിരിച്ച് ചോദിച്ച് ബുദ്ധിമുട്ടിക്കലല്ല എന്ന് സാരം.
ഇവിടുത്തെ മാധ്യമപ്രവര്‍ത്തകരാണല്ലോ സി പി എമ്മിന്ടെ കാര്യങള്‍ തീരുമാനിക്കുന്നത് കോണ്‍ഗ്രസ്സുകാര്‍ക്കിപ്പോള്‍വീരനുംകൂട്ടരുമാണ് താരങള്‍ ഇതെത്രവരെ പോകുമെന്ന് നമുക്ക് കണ്ടറിയാം പി.സി.ജോര്‍ജിനാണെങ്കില്‍ മന്ദ്രികസേരയിലേക്കാണു നോട്ടം അതു നേടണമെങ്കില്‍ മാണിയെ കൂട്ട് പിടിച്ചേ പറ്റൂ അങനെയാവുമ്പോള്‍ ആദ്യം പറഞകാര്യങള്‍ വിഴുങുക തന്നെ ചെയ്യും കാത്തിരുന്നു കാണാം
Post a Comment