
പൂവമ്പഴത്തിന്റെ രൂപവും പാഷാണത്തിന്റെ ഗുണവുമുള്ള കളഭഗന്ധന്‍ കാര്യങ്ങള്‍ സ്വന്തം വഴിയില്‍ നടത്തുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചക്കവീണ് മുയലുചത്തപ്പോള്‍ എല്ലാം തന്റെ മിടുക്കെന്ന് വീരവാദം; ലഡ്ഡുവിതരണം; വാര്‍ഷികാഘോഷം. ഇതേ മഹാന്റെ കാലത്താണ് നിയമസഭാതെരഞ്ഞെടുപ്പില്‍ നൂറില്‍നിന്ന് നാല്‍പ്പതിലേക്ക് താണതെന്നത് ആരും മിണ്ടുന്നുമില്ല. മറ്റേ മഹാന്‍ എന്നാണ് ഇന്നുള്ള നേതൃസ്ഥാനവും പോയിക്കിട്ടുക എന്ന അങ്കലാപ്പിലാണ്. വിമോചനസമരാഹ്വാനവും ഇടയലേഖനവുമൊന്നും ക്ളച്ചുപിടിച്ചിട്ടില്ല. കളഭഗന്ധമുള്ള പാരയാണ് വലിയ പാര.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിപോലെയാണ് കോണ്‍ഗ്രസ്. ആര്‍ക്കും എത്രയും വയ്ക്കാം എപ്പോഴും വയ്ക്കാം കടന്നുവരൂ എന്നതാണ് അടിസ്ഥാന മുദ്രാവാക്യം. അങ്ങനെ ഒരു ഇറക്കുമതികൊണ്ടേ സംഗതി പിടിച്ച പിടിയില്‍ വരൂ എന്ന് ആന്റണിക്കും പഴയ ശിഷ്യന്‍ ഉമ്മന്‍ചാണ്ടിക്കും തോന്നിയതില്‍ കുറ്റമില്ല. അതിനുപറ്റിയ 'മെറ്റീരിയല്‍' പിതാവിന്റെ പുത്രനല്ലാതെ മറ്റാരുണ്ട്?
*
ചില നിരീക്ഷണങ്ങള്‍ വായിക്കാം:
1. തോണ്ടിയെറിഞ്ഞ മാലിന്യങ്ങള്‍ വീണ്ടും വാരിക്കൂട്ടിയാല്‍ മാരകരോഗങ്ങള്‍ പാര്‍ടിയില്‍ ഇനിയും പടരും.
2.എന്‍സിപി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള അഭ്യര്‍ഥന മൃതദേഹത്തെ തൂക്കിക്കൊല്ലാന്‍ ആവശ്യപ്പെടുന്നതുപോലെയാണ്.
3. അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പതുതവണ അഭിപ്രായം മാറ്റിപ്പറഞ്ഞ് രാഷ്ട്രീയസദാചാരത്തിന്റെ അവസാന കണികയും കളഞ്ഞുകുളിച്ച പാര്‍ടിയുടെ അന്ത്യമാണിത്.
4. കോണ്‍ഗ്രസിന് ശവക്കച്ച പുതപ്പിക്കാന്‍ ശ്രമിച്ചവര്‍ സ്വയം വെള്ളപുതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.
5.ചാണ്ടി ചെന്നിത്തല 'പ്രൈവറ്റ് കമ്പനി'യിലേക്കും 'ശവപ്പറമ്പി'ലേക്കും തിരിച്ചുവരാന്‍ സ്വന്തം പാര്‍ടിയെ കെട്ടിത്തൂക്കി.
6. കോണ്‍ഗ്രസെന്ന കടലിന്റെ മാറിടത്തില്‍ വിഷംപടര്‍ത്തുന്ന ജീവികളെ തിരിച്ചുവരാന്‍ അനുവദിക്കരുത്. കാറുംകോളും അകന്ന് ശാന്തമായ കടലില്‍ വീണ്ടും രാക്ഷസത്തിരകള്‍ പൊന്തിവരാന്‍ അതിടയാക്കും.
7.അഞ്ചുവര്‍ഷം മുമ്പ് ഒരു പാര്‍ടിക്കകത്ത് രണ്ട് പാര്‍ടിയായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. രോഗഗ്രസ്തമായ ആ അവയവങ്ങള്‍ മുറിച്ചുമാറ്റിയാണ് ആ രോഗം ഭേദമാക്കിയത്.
8.കല്ലുമാത്രമല്ല കോണ്‍ഗ്രസ് തറവാടിന്റെ പൂമുഖത്തേക്ക് അമേധ്യങ്ങള്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. കോണ്‍ഗ്രസിന്റെ പതിനാറടിയന്തിരം അവര്‍ പ്രഖ്യാപിച്ചു. ഇടതുമുന്നണിയില്‍ ഇടംതേടി പറശിനിക്കടവിലെ പട്ടികളെപ്പോലെ എ കെ ജി സെന്ററിന്റെ അടുക്കളപ്പുറത്ത് വാലാട്ടിനിന്നിട്ടും യജമാനന്‍ കനിഞ്ഞില്ല. മോങ്ങിയും കുരച്ചും ദയനീയ അഭ്യര്‍ഥന നടത്തിയിട്ടും എറിഞ്ഞോടിച്ചു.
9.എല്ലാ വഴിയുമടഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ പോയി കെപിസിസിയിലേക്ക് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്ളാറ്റ്ഫോം ടിക്കറ്റുപോലും കിട്ടിയില്ല.
ഇതൊന്നും ശതമന്യുവിന്റെ നിരീക്ഷണങ്ങളല്ല. സാക്ഷാല്‍ രമേശ് ചെന്നിത്തല നയിക്കുന്ന വീക്ഷണം എന്ന കടലാസില്‍ അച്ചടിച്ചുവന്ന മുഖപ്രസംഗമാണ്. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമുള്ള താക്കീതുകള്‍! കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമാണ്!
*
ഒരു ഫോണ്‍ സംഭാഷണം.
എ: ഹലോ, നമസ്കാരം.കോത്താഴത്തെ കോദണ്ഡനല്ലേ? ഇത് മാവിലായിലെ മഹാദേവനാണ്.
ബി: നമസ്കാരം. വിളിച്ചതില്‍ സന്തോഷം. ഞാനിപ്പോള്‍ ഒരു ശുദ്ധീകരണപ്രക്രിയയിലാണ്. അല്‍പ്പം തിരക്കുണ്ട്.
എ: ഓ...താങ്കള്‍ കുളിക്കുകയാണ് അല്ലേ.
ബി: കുളിച്ചിട്ട് മൂന്നുമാസമായി. ഈ ശുദ്ധീകരണം ആശയപരമാണ്.
എ: അങ്ങനെയാണോ? അസുഖം ഇപ്പോള്‍ ഏതവസ്ഥയിലാണ്? ഇടതുഭാഗം തളര്‍ന്നോ? വലത്തേക്കാലിന് നീരുണ്ടോ?
ബി: ശാരീരികപ്രശ്നമൊന്നുമില്ല. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നടന്നതെല്ലാം മനസ്സില്‍നിന്ന് വാനിഷ്ഡ്. പിന്നെ ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്നൊരു തോന്നല്‍. എഴുതുന്നതിനൊന്നും മറുപടികിട്ടുന്നില്ല.
എ: അത് ഗുരുതരമായ രോഗമാണല്ലോ. ചികിത്സ വേണ്ടിവരും.
ബി: ചികിത്സയോ? താങ്കള്‍ ഭീഷണിപ്പെടുത്തുകയാണോ സഖാവെ?
എ: സഖാവേന്നോ? അത് വിളിക്കാനുള്ള അവസ്ഥയിലാണോ താങ്കള്‍ ഇപ്പോള്‍?
ബി: ദേ, പിന്നെയും ഭീഷണി. ഞാനിപ്പക്കരയും.
എ: തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.
ഇതി ഫോണ്‍ സംഭാഷണം സമാപ്തം.
പിറ്റേന്ന് ചാനലില്‍ വാര്‍ത്ത:
കോത്താഴത്തുകാരനെ മാവിലായിക്കാരന്‍ ഭീഷണിപ്പെടുത്തി; യഥാര്‍ഥ ഇടതുപക്ഷം അപകടത്തില്‍!
*
ക്രൈം നന്ദകുമാര്‍ ആരാണെന്ന് സുപ്രീം കോടതിയില്‍ എല്ലാവര്‍ക്കും മനസ്സിലായിക്കാണും. കേവിയറ്റ് ഹര്‍ജിയല്ലേ രാജധാനി എക്സ്പ്രസില്‍ കയറി അങ്ങ് ചെന്നിരിക്കുന്നത്. പിണറായി വിജയന്‍ സുപ്രീം കോടതിയിലെത്തുമ്പോള്‍ അറിയിച്ചുകൊള്ളണം; എനിക്കും ചിലതു പറയാനുണ്ടെന്ന്. കേരളത്തിലെ അഴിമതിവിരുദ്ധ, സദാചാരസംരക്ഷണ പോരാട്ടത്തിന്റെ ഈ വീരനായകന്റെ മഹദ്ജീവിതത്തിലെ നാള്‍വഴികള്‍ അറിയണമെന്ന ഉല്‍ക്കടമായ ആഗ്രഹം മനസ്സില്‍ നുരഞ്ഞുപൊങ്ങുകയാണ്. പ്രിയപ്പെട്ട വായനക്കാരോട് ഒരപേക്ഷയുണ്ട്. ക്രൈം ദ്വൈവാരികയുടെ അമൂല്യമായ പഴയ ലക്കങ്ങള്‍ ആരെങ്കിലും കൈവശം രഹസ്യമായി വയ്ക്കുന്നുണ്ടെങ്കില്‍ കോപ്പികള്‍ അയച്ചുതരണം. അതിലൂടെ അദ്ദേഹം പറഞ്ഞ മോഹന്‍ലാലിന്റെ, നയന്‍താരയുടെ, ഗണേശന്റെ, നന്ദിനിയുടെ, മാഷ് ടീച്ചറെ പ്രണയിച്ചതിന്റെ കഥകളെല്ലാം ഓര്‍മിക്കപ്പെടേണ്ടതല്ലേ.
ടി ജെ എസ് ജോര്‍ജിനെപ്പോലുള്ള പത്രപ്രവര്‍ത്തക സെലിബ്രിറ്റികളെപ്പോലും സ്വന്തം വഴിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ പ്രതിഭ എന്ന നിലയില്‍ അര്‍ഹിക്കുന്ന അംഗീകാരം ക്രൈം നന്ദകുമാറിന് കിട്ടിയിട്ടുണ്ടോ എന്ന് കേരളസമൂഹം ചിന്തിക്കണം. ടി ജെ എസ് പിണറായി വിജയനെക്കുറിച്ച് എഴുതുമ്പോള്‍പോലും ആധാരമാക്കുന്നത് ക്രൈം നന്ദകുമാറിന്റെ വാക്കുകളാണ്. നാട്ടില്‍ ചെയ്യുന്നതുപോരാഞ്ഞ് ഡല്‍ഹിയിലിറങ്ങുന്ന പത്രത്തില്‍ ലേഖനമെഴുതുകയും അതിന്റെ മലയാളപരിഭാഷ സ്വന്തം കടലാസില്‍ അച്ചടിച്ച് സായുജ്യമടയുകയും ചെയ്യുന്ന രക്ഷാകര്‍ത്താവിന്റെ പാരമ്പര്യം മനോഹരമായി പിന്‍തുടര്‍ന്ന്, വഞ്ചിയൂര്‍ മുതല്‍ ഇന്ദ്രപ്രസ്ഥം വരെയുള്ള കോടതികളെ പോരാട്ടഭൂമിയാക്കിയ നന്ദകുമാര്‍ജി നമ്മെ നയിക്കട്ടെ.
കേരളം വളരുകയാണ്. ക്രൈം ദ്വൈവാരികയുടെ തലക്കെട്ടിലും തെളിയട്ടെ 'സത്യമേവ ജയതേ' എന്ന പൊന്നക്ഷരങ്ങള്‍.
2 comments:
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിപോലെയാണ് കോണ്‍ഗ്രസ്. ആര്‍ക്കും എത്രയും വയ്ക്കാം എപ്പോഴും വയ്ക്കാം കടന്നുവരൂ എന്നതാണ് അടിസ്ഥാന മുദ്രാവാക്യം. അങ്ങനെ ഒരു ഇറക്കുമതികൊണ്ടേ സംഗതി പിടിച്ച പിടിയില്‍ വരൂ എന്ന് ആന്റണിക്കും പഴയ ശിഷ്യന്‍ ഉമ്മന്‍ചാണ്ടിക്കും തോന്നിയതില്‍ കുറ്റമില്ല. അതിനുപറ്റിയ 'മെറ്റീരിയല്‍' പിതാവിന്റെ പുത്രനല്ലാതെ മറ്റാരുണ്ട്?
മുരളിയെ കിലുക്കത്തിലെ ഇന്നസെന്റുമായി താരതമ്യപ്പെടുത്തി ജൈഹിന്ദ് ചാനലില്‍ മുരളീ വിരുദ്ധം ആഞ്ഞടിക്കുന്നു..”എനിക്ക് വെശക്ക്ണൂ, ഏഴ് ദിവസായി ആഹാരം കഴിച്ചിട്ട്”ന്നാണത്രെ മുരളി ഇപ്പോള്‍ പറയുന്നത്.
മദാമ്മ, അലുമിനിയം പട്ടേല്‍ തുടങ്ങി എല്ലാ പ്രസംഗത്തിന്റെയും ക്ലിപ്പിംഗ്സോടെ.
Post a Comment