സാധാരണ കോണ്‍ഗ്രസുകാരെപ്പറ്റി കേള്‍ക്കാറുള്ള മോശം കാര്യങ്ങള്‍ പലതും മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് സത്യമായും ശതമന്യു കേട്ടിട്ടില്ല. സുധാകരനെപ്പോലെ അഹിംസാവാദിയല്ല, രമേശിനെപ്പോലെ ബുദ്ധിമാനല്ല, രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലെ മിതഭാഷിയല്ല, ഉമ്മന്‍ചാണ്ടിയെപ്പോലെ നിഷ്കളങ്കനല്ല, സുധീരനെപ്പോലെ സത്യസന്ധനല്ല, തിരുവഞ്ചൂരിനെപ്പോലെ ഹൃദയാലുവല്ല-ആദര്‍ശത്തിന്റെ അസ്ക്യത നന്നായി ബാധിച്ച ഒരു ആന്റണി ഭക്തന്‍. രാവിലെ ആട്ടിന്‍പാല്‍, ഉച്ചയ്ക്ക് മോരും പച്ചരിച്ചോറും, അത്താഴത്തിന് നാല് പാളയങ്കോടന്‍ പഴം-ഇത്രയുമാണ് സിമ്പിള്‍ സോള്‍ജ്യറുടെ മെനു. ആദര്‍ശം വെറുതെ ചെലവാകില്ലെന്ന് അറിയുന്നതുകൊണ്ട്, കോണ്‍ഗ്രസിലുള്ളതിനേക്കാള്‍ ശിഷ്യന്മാരെ മാധ്യമ ലോകത്തുണ്ടാക്കിയിട്ടുണ്ട്. വാര്‍ത്ത വരുത്താനും വരുത്താതിരിക്കാനും ശിഷ്യഗണം ഇടപെട്ടുകൊള്ളും. കാണാന്‍ വരുന്നവരോട് വെളുക്കെ ചിരിക്കുക, ആ ചിരിയുടെ നിറമുള്ള മുണ്ടും ഷര്‍ട്ടും അണിയുക, ഞാനിവിടെ ഉണ്ടേ എന്നറിയിക്കാന്‍ ഇടയ്ക്കിടെ പ്രസ്താവന നടത്തുക, സന്ദര്‍ശകര്‍ക്കു മുന്നില്‍ തിരക്കു ഭാവിച്ച് പിന്നാമ്പുറത്തൂടെ അകത്തുകയറി പുതച്ചുകിടന്നുറങ്ങുക -ഒരു ആദര്‍ശവാനായ കോണ്‍ഗ്രസുകാരനുവേണ്ട അത്യാവശ്യം ഗുണങ്ങളെല്ലാം കൈയിലുണ്ട്. ആകെയുള്ള ആഗ്രഹവും ലഷ്യവും ജനസേവനം മാത്രം. വെറുംവെറുതെ സേവിക്കാന്‍ ചെന്നിത്തല സമ്മതിക്കാത്തുകൊണ്ടുമാത്രമാണ് എംപിയോ മന്ത്രിയോ ആകണമെന്നു ശഠിച്ചത്.കണ്ണൂരില്‍നിന്ന് അത് സ്ഥിരം തരപ്പെട്ടതായിരുന്നു. തോറ്റതോടെ സുധീരന്റെ അവസ്ഥയായി. ഒടുവില്‍ വടകര സീറ്റ് വീണുകിട്ടി. വീരന്റെയും വീരോചിതന്മാരുടെയും ചെലവില്‍ നിനച്ചിരിക്കാതെ നല്ലകാലം വന്നു. ജയിച്ചു; ലോട്ടറിയടിച്ചപോലെ മന്ത്രിയുമായി. ഡല്‍ഹിയില്‍നിന്നു തീരുമാനം വന്നപ്പോള്‍ അറിയാതെ വിളിച്ചുപോയി, സ്വാമിയേ അന്തോണീസ് പുണ്യാളാ എന്ന്.
അങ്ങനെയുള്ള പഞ്ചപാവമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇപ്പോള്‍ 'മെറ്റീരിയല്‍സ് രാമചന്ദ്രനായി' രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും കിട്ടിയമട്ടില്‍ മെറ്റീരിയല്‍സിന്റെ മൂന്നുപെട്ടി വടകരയിലേക്കും വന്നതാണ്. 100 മെറ്റീരിയല്‍സ് വന്നതില്‍ 25 എണ്ണം വഴിയില്‍ കാക്ക കൊത്തിപ്പോയി. മംഗലാപുരത്തിനും കോഴിക്കോടിനുമിടയ്ക്ക് എവിടെവച്ചോ ആണ് കാക്ക വന്ന് കൊത്തിയതെന്നും ആ കാക്കയ്ക്ക് കെ സുധാകരന്റെ മുഖച്ഛായ ഇല്ലായിരുന്നെന്നും പെട്ടിയും കൊണ്ടുവന്ന തിരുവള്ളൂര്‍ മുരളി ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇനിയുള്ള കാര്യങ്ങള്‍ മുരളി തന്നെ പറയട്ടെ (ശതമന്യുവിന്റെ പണി അത്രയും ലാഭം).
"കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാന്യമായി നിലനില്‍ക്കണമെന്ന ആഗ്രഹംകൊണ്ടാണ് നേതാക്കള്‍ക്ക് ഇത്തരത്തില്‍ ഒരു കത്ത് എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്. (തന്നെ തന്നെ, സത്യം തന്നെ) 25 ലക്ഷം രൂപ അത്ര വലിയ സംഖ്യയാണെന്ന വിശ്വാസമൊന്നും എനിക്കില്ല (അത് സത്യം). മൂന്നുതവണയായി ഒരുകോടി രൂപ ലഭിച്ചിട്ട് അതില്‍ അവസാനം ലഭിച്ച 50ല്‍ 25 ഞാനെടുത്തെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് എന്നെ വ്യക്തമായി അറിയില്ല (അതാണല്ലോ പ്രശ്നം). മൂന്നുതവണ പോകേണ്ടിവരുമെന്നോ ആദ്യ തവണ പോയ ഞാന്‍ തന്നെയാണ് പിന്നീട് പോകേണ്ടിവരുന്നതെന്നോ അറിഞ്ഞവനല്ല ഞാന്‍ (അറിയാക്കുട്ടി!). എന്റെ പാര്‍ടി പ്രവര്‍ത്തനം ആര്‍ക്കെങ്കിലും അലോസരമാണെങ്കില്‍ മാറിനില്‍ക്കാന്‍ മാന്യമായി പറഞ്ഞാല്‍ മാറാന്‍ ഞാന്‍ തയ്യാറാണ് (ചവിട്ടിപ്പുറത്താക്കിയാലും ഇപ്പറഞ്ഞ വാക്ക് പാലിക്കില്ല)... ...ഞങ്ങളുടെ സ്ഥാനാര്‍ഥിയുടെ വ്യക്തിവിശേഷം നേരില്‍ കണ്ടറിഞ്ഞവനാണ് ഞാന്‍. പണത്തിനോട് ആര്‍ത്തിയല്ലാതെ, വിശ്വസിക്കുന്നവര്‍പോലും വേണ്ടത്ര സഹായിക്കാതിരുന്നപ്പോഴും ഒരു കര്‍മയോഗിയെപ്പോലെ ഗോദയിലിറങ്ങി പോരാടിയ ആ നാളുകള്‍ എന്റെ മനസ്സില്‍ വ്യക്തമായുണ്ട്. ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിട്ട്, പുലര്‍ച്ചെ മുതല്‍ പാതിരവരെ ജനങ്ങളോടൊപ്പം ഇഴുകിച്ചേര്‍ന്ന് ഒരു സ്ഥാനാര്‍ഥിയെ വടകരയ്ക്ക് ഇതിനുമുമ്പൊന്നും ലഭിച്ചിട്ടില്ല (മുല്ലപ്പള്ളി രോമാഞ്ചം കൊള്ളട്ടെ)...വടകരക്കാര്‍ക്ക് അദ്ദേഹം സ്ഥാനാര്‍ഥി മാത്രമായിരുന്നില്ല. വടകര റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി ഈ നിമിഷംവരെ നെഞ്ചിലേറ്റിപ്പിടിച്ച (ഇപ്പോള്‍ നെഞ്ചില്‍നിന്ന് ഇറക്കിവച്ചു) ഉറ്റബന്ധുവാണ് അദ്ദേഹം...
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മെറ്റീരിയല്‍സ് (അതെന്തുകുന്തം?) കൊണ്ടുവരാനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് വിവിധ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മാധ്യമങ്ങളില്‍വന്ന പ്രധാന ആരോപണങ്ങള്‍ ഒന്ന് വടകരയിലെ സ്ഥാനാര്‍ഥിയുടെ മെറ്റീരിയല്‍സ് നല്‍കാതെ, ഞാന്‍ കൊണ്ടുവന്ന മറ്റു സ്ഥാനാര്‍ഥികളുടെ മെറ്റീരിയല്‍സ് കൃത്യമായി കൊണ്ടുപോയി കൊടുത്തെന്നാണ്. ഞാന്‍ വടകര സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രമാണ് മെറ്റീരിയല്‍സ് കൊണ്ടുവന്നതെന്ന യാഥാര്‍ഥ്യംപോലും ആരും അറിഞ്ഞിട്ടില്ല (കൂടെയുണ്ടായിരുന്നവരുടെ പേര് പറഞ്ഞില്ലെങ്കിലും തൊട്ടുകാണിച്ചാല്‍ മതി). 2009 മാര്‍ച്ച് 24ന് ഉച്ചയ്ക്ക് 2.30നാണ് മനോജ് എടാണി എന്നെ വിളിച്ചത്. ഉടന്‍ രണ്ടുജോഡി ഡ്രസുമായി അടുത്ത ഫ്ളൈറ്റില്‍ തിരുവനന്തപുരത്തും പ്രസിഡന്റിന്റെ കത്തുവാങ്ങി ദില്ലിക്കും പോകണമെന്നു പറഞ്ഞത്. എന്തിനാണ് പോകുന്നതെന്ന് സ്ഥാനാര്‍ഥിയും മനോജും എന്നോട് പറഞ്ഞിരുന്നില്ല. (അപ്പം തിന്നാല്‍ പോരെ) തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട അത്യാവശ്യ കാര്യത്തിനാണെന്നു ദില്ലിയില്‍ പരിചയമുള്ള ഒരാള്‍ പോകണമെന്നതുകൊണ്ടാണ് എന്നെ അയക്കുന്നതെന്നാണ് സ്ഥാനാര്‍ഥി പറഞ്ഞത്... രണ്ടുദിവസത്തിലേറെ സ്ഥാനാര്‍ഥിയുടെ നിര്‍ദേശപ്രകാരം മെറ്റീരിയല്‍സ് എന്റെ വീട്ടിലാണ് സൂക്ഷിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഭാരവാഹികള്‍ക്കു കൈമാറി. അതില്‍ സ്ഥാനാര്‍ഥി നല്‍കിയ റസീറ്റ് എന്റെ കൈവശമുണ്ട് (മുല്ലപ്പള്ളിയുടെ മന്ത്രിപ്പണി തെറിപ്പിക്കാന്‍ പോന്ന മെറ്റീരിയല്‍സ്).
രണ്ടാമത്തെ യാത്ര എറണാകുളത്തുനിന്നു നേരിട്ട് ദില്ലിക്കായിരുന്നു... അന്ന് അതേദിവസംതന്നെ ദില്ലിയിലുണ്ടായിരുന്ന എല്ലാ ആളുകളും (മെറ്റീരിയല്‍സ് വിമാനം നിറയെ!) ഒരേ വിമാനത്തിലാണ് രാത്രി ഒമ്പതോടടുപ്പിച്ച് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലുണ്ടായ പ്രശ്നങ്ങളില്‍ (നാലുപേരില്‍നിന്ന് 25 ലഷം രൂപവീതം പിടിച്ച പ്രശ്നം) ഞാനും ഇടുക്കി സ്ഥാനാര്‍ഥിയുടെ ആളും അകപ്പെട്ടില്ല (സമര്‍ഥന്മാര്‍)...
മൂന്നാമത്തെ ദില്ലിയാത്ര സോണിയാജിയുടെ വടകര പരിപാടിയുടെ ദിവസമായിരുന്നു (നല്ല ദിവസം). ജലദോഷം കാരണം വിമുഖത പറഞ്ഞ (വിക്സ് ആക്ഷന്‍ ഫൈവ് ഹഡ്രഡ് വടകരയില്‍ കിട്ടില്ല) എന്നോട് നിര്‍ബന്ധമായും നീ തന്നെ പോകണമെന്നും തിരിച്ചുവരുമ്പോള്‍ കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഇറങ്ങാതെ മംഗലാപുരത്തിറങ്ങി വന്നാല്‍ മതിയെന്നും നിര്‍ദേശിക്കുകയാണ് ഉണ്ടായത്. പാലക്കാട്, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളില്‍നിന്നു വന്നവരും എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തില്‍ ഞങ്ങളെല്ലാം ദില്ലിക്കുപോയി. അവിടെനിന്നു വയനാട്ടില്‍നിന്നും വന്ന ആളെയും (വയനാട്ടിലേക്ക് വലിയ പെട്ടിയാണ് വന്നതെന്ന് കേള്‍വി) കണ്ടുമുട്ടി. ഒരു ടാക്സിയിലാണ് ഞങ്ങള്‍ മെറ്റീരിയല്‍സ് കളക്ട് ചെയ്യാന്‍ പോയത് (തിരിച്ചുവരുമ്പോള്‍ ലോറി പിടിച്ചുകാണും)... ദില്ലിയില്‍നിന്നാണ് മംഗലാപുരത്തേക്കു നേരിട്ട് വിമാനമില്ലെന്ന് അറിയുന്നതും മുംബൈയില്‍ ഇറങ്ങി മാറി കയറേണ്ടിവരണമെന്ന് അറിഞ്ഞതും. ...രാജുവാണ് ബംഗളൂരുവിലേക്ക് ടിക്കറ്റ് ഏര്‍പ്പാട് ചെയ്തത്... രാജു ചില നിര്‍ദേശം തന്നിരുന്നു. ഒരു വിമാനം മാറി മറ്റൊന്നില്‍ക്കൂടി യാത്ര ചെയ്യാന്‍ പാടില്ല, ബംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് കാറിലോ ബസിലോ നേരിട്ട് യാത്ര ചെയ്യാന്‍ പാടില്ല. മെറ്റീരിയല്‍സിന്റെ അളവോ, യാത്രാകാര്യങ്ങളോ സ്ഥാനാര്‍ഥിയോടല്ലാതെ മറ്റൊരാളോടോ പറയാന്‍ പാടില്ല (എല്ലാം ടോപ്പ് സീക്രട്ട്)... മനോജ് കാറുമായി വരാമെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ബസില്‍ യാത്ര പുറപ്പെട്ടത്. 2.10ന് മനോജിനെ വിളിക്കുകയും സ്ഥാനാര്‍ഥിയുടെ ഭാര്യ (സന്തുഷ്ട കുടുംബം!) മനോജിന് വരാന്‍ സൌകര്യമില്ലെന്നും അവരുടെ അടുത്ത ബന്ധു മംഗലാപുരത്തു കാത്തുനില്‍ക്കുമെന്നും പറഞ്ഞു. 2.58ന് സ്ഥാനാര്‍ഥിയുടെ ഭാര്യയെ ഒരു ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ തിരിച്ചുവിളിച്ച് യാത്രാകാര്യങ്ങള്‍ സംസാരിച്ചു(ഗാന്ധിജിക്ക് കസ്തൂര്‍ബപോലെ; നെഹ്റുവിന് കമലപോലെ, ആന്റണി ജിക്ക് എലിസബത്ത് പോലെ-ഭാര്യ ഒരു സുഹൃത്ത്). അപ്പോഴവര്‍ ബന്ധുവിനു വരാന്‍ കഴിയില്ലെന്നും സ്ഥാനാര്‍ഥിയുടെ സുഹൃത്തായ വക്കീല്‍ മംഗലാപുരത്ത് കാത്തുനില്‍ക്കുമെന്നും പറഞ്ഞു. 3.04ന് സ്ഥാനാര്‍ഥിയുടെ ഭാര്യ വിളിച്ച് വക്കീലിനെ ഏര്‍പ്പാടാക്കരുതെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചതായി അറിയിക്കുകയാണ് ഉണ്ടായത്.''
ഇത്രയും പോരേ 'മെറ്റീരിയല്‍സ് രാമചന്ദ്രന്റെ കഥ അറിയാന്‍. ഈ കത്തും കഥയും ഏതായാലും നമ്മുടെ മഹാ പത്രങ്ങളായ മാതൃഭൂമിയിലും മനോരമയിലും വായിച്ചുരസിക്കാന്‍ മലയാളിക്ക് ഭാഗ്യമില്ല. സിപിഐ എമ്മിന്റെ ബ്രാഞ്ച്സെക്രട്ടറി കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്നു വായ്പയെടുത്ത പണമാണ് വഴിയില്‍ സംശയിച്ച് പിടിച്ചിരുന്നെങ്കില്‍ കാണാമായിരുന്നു കഥ! പിടിക്കപ്പെട്ടത് വിദേശപണം, സമ്പന്നവര്‍ഗത്തിന്റെ ആയുധമാണ് പണം, നവലിബറലിസത്തിന്റെ സങ്കീര്‍ണമായ ഘോരഗഹ്വരങ്ങളില്‍നിന്നു സ്വയംഭൂവായി ഉയര്‍ന്നുവന്നതാണാ പണം; ഇടതുപക്ഷ വിരുദ്ധമാണാ പണം, അതിനു പിന്നില്‍ കാണാച്ചരടുകള്‍ എന്നൊക്കെ കേള്‍ക്കാമായിരുന്നു. അങ്ങനെ സാദാ മുല്ലപ്പള്ളി രാമചന്ദ്രന്‍ മെറ്റീരിയല്‍സ് രാമചന്ദ്രനായ കഥ ഇവിടെ അവസാനിക്കുന്നു.
തെരഞ്ഞെടുപ്പു കമീഷനോട് പറഞ്ഞത് ആകെ 12 ലക്ഷം മെറ്റീരിയല്‍സേ ചെലവായിട്ടുള്ളൂ എന്നാണ്. ഹെ, ഒരു നാലുലക്ഷം കൂടി ഇരിക്കട്ടെ എന്നു പറഞ്ഞ് കമീഷന്‍ അത് 16 ലക്ഷമാക്കി. ബാക്കി കുറെ മെറ്റീരിയല്‍സ് കണക്കില്‍പ്പെടാതെ കിടക്കുന്നുണ്ട്. അത് ഏതുവഴി പോയെന്നറിയാന്‍ ഒരു റെയ്ഡിനെങ്കിലും ഉത്തരവിടാന്‍ ധൈര്യമുള്ളവര്‍ ഇനി മലബാര്‍ എക്സ്പ്രസില്‍ വടക്കോട്ടു പോകേണ്ടിവരുമായിരിക്കും! അമ്മേ, ലോകനാര്‍ കാവ് ഭഗവതീ...
*
നീലാണ്ടന്‍ നമ്പൂതിരി ഒന്ന് ഞെട്ടിയപ്പോള്‍ പത്രങ്ങളും ചാനലുകളും കൂട്ടത്തോടെ ഞെട്ടിത്തെറിച്ചു. അരൂരിലെ കെല്‍ട്രോണില്‍നിന്ന് പ്രൊമോഷന്‍ കിട്ടിയാലും അനക്കാന്‍ പാടില്ല മഹാപണ്ഡിതനെ എന്നാണ് തീട്ടൂരം. നാട്ടിലെ സേവനം സസ്പെന്‍ഡ് ചെയ്ത് ദുബായിലെ ഡിക്ക്ചെനിയുടെ കമ്പനിയില്‍ പണമുണ്ടാക്കാന്‍ പോയപ്പോള്‍ നീലാണ്ടനെ ഓര്‍ത്ത് ഞെട്ടാന്‍ ആരുമുണ്ടായിരുന്നില്ല. അന്ന് കുഞ്ഞുകുട്ടി കിടാങ്ങളെയും മാതാപിതാക്കളെയും ആര് നോക്കുമെന്ന വിലാപവുമുണ്ടായിരുന്നില്ല. അഞ്ചുകൊല്ലം കൊണ്ട് സമ്പാദിച്ച അമേരിക്കന്‍ പണം ചാക്കിലാക്കി ചുമന്ന് തിരിച്ചുവന്ന് ജനകീയാസൂത്രപ്പണി സൂത്രത്തില്‍ ഒപ്പിച്ച് പണിയെടുക്കാതെ നാളുനീക്കിയപ്പോള്‍ ആര്‍ക്കും ഇക്കിളിപോലുമുണ്ടായില്ല. സ്വന്തം പോക്കറ്റില്‍നിന്ന് കാശുമുടക്കി പുസ്തകമെഴുതി വിമാനംകയറി ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര കമ്മിറ്റി ഓഫീസ് തിണ്ണയില്‍ പാടുകിടന്നപ്പോള്‍ നീലാണ്ടന്റെ നാട്ടിലെ കാര്യം നോക്കാന്‍ ഇന്നത്തെ ഞെട്ടിത്തെറിപ്പുകാര്‍ കരാറെടുത്തിരുന്നുവോ?
ഹൈദരാബാദ് നല്ല സ്ഥലമാണ്. തെലങ്കാനാ സമരത്തെക്കുറിച്ചും ആഗോളവല്‍ക്കരണവും ഐടിമേഖലയും എന്ന വിഷയത്തെ കുറിച്ചും പഠിച്ച് തീസീസെഴുതാന്‍ പറ്റിയ സ്ഥലം. ഇടയ്ക്ക് മടുപ്പുവരുമ്പോള്‍ രാമോജി റാവു ഫിലിം സിറ്റിയില്‍പോയി കാറ്റുകൊള്ളാം; ചിരഞ്ജീവി എങ്ങനെ നേതാവായി; രാമറാവുവിന്റെ വിജയരഹസ്യം തുടങ്ങിയവയുടെ ട്രിക്കുകള്‍ നേരിട്ട് പഠിക്കുകയുമാകാം. റിട്ടയര്‍ ചെയ്ത് തിരിച്ചുവരുമ്പോഴും വേണ്ടേ ചില തരികിടപ്പണികളൊക്കെ. നീലകണ്ഠലു നന്നായി വരട്ടെ.
2 comments:
സാധാരണ കോണ്‍ഗ്രസുകാരെപ്പറ്റി കേള്‍ക്കാറുള്ള മോശം കാര്യങ്ങള്‍ പലതും മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് സത്യമായും ശതമന്യു കേട്ടിട്ടില്ല. സുധാകരനെപ്പോലെ അഹിംസാവാദിയല്ല, രമേശിനെപ്പോലെ ബുദ്ധിമാനല്ല, രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലെ മിതഭാഷിയല്ല, ഉമ്മന്‍ചാണ്ടിയെപ്പോലെ നിഷ്കളങ്കനല്ല, സുധീരനെപ്പോലെ സത്യസന്ധനല്ല, തിരുവഞ്ചൂരിനെപ്പോലെ ഹൃദയാലുവല്ല-ആദര്‍ശത്തിന്റെ അസ്ക്യത നന്നായി ബാധിച്ച ഒരു ആന്റണി ഭക്തന്‍. രാവിലെ ആട്ടിന്‍പാല്‍, ഉച്ചയ്ക്ക് മോരും പച്ചരിച്ചോറും, അത്താഴത്തിന് നാല് പാളയങ്കോടന്‍ പഴം-ഇത്രയുമാണ് സിമ്പിള്‍ സോള്‍ജ്യറുടെ മെനു. ആദര്‍ശം വെറുതെ ചെലവാകില്ലെന്ന് അറിയുന്നതുകൊണ്ട്, കോണ്‍ഗ്രസിലുള്ളതിനേക്കാള്‍ ശിഷ്യന്മാരെ മാധ്യമ ലോകത്തുണ്ടാക്കിയിട്ടുണ്ട്. വാര്‍ത്ത വരുത്താനും വരുത്താതിരിക്കാനും ശിഷ്യഗണം ഇടപെട്ടുകൊള്ളും. കാണാന്‍ വരുന്നവരോട് വെളുക്കെ ചിരിക്കുക, ആ ചിരിയുടെ നിറമുള്ള മുണ്ടും ഷര്‍ട്ടും അണിയുക, ഞാനിവിടെ ഉണ്ടേ എന്നറിയിക്കാന്‍ ഇടയ്ക്കിടെ പ്രസ്താവന നടത്തുക, സന്ദര്‍ശകര്‍ക്കു മുന്നില്‍ തിരക്കു ഭാവിച്ച് പിന്നാമ്പുറത്തൂടെ അകത്തുകയറി പുതച്ചുകിടന്നുറങ്ങുക -ഒരു ആദര്‍ശവാനായ കോണ്‍ഗ്രസുകാരനുവേണ്ട അത്യാവശ്യം ഗുണങ്ങളെല്ലാം കൈയിലുണ്ട്. ആകെയുള്ള ആഗ്രഹവും ലഷ്യവും ജനസേവനം മാത്രം. വെറുംവെറുതെ സേവിക്കാന്‍ ചെന്നിത്തല സമ്മതിക്കാത്തുകൊണ്ടുമാത്രമാണ് എംപിയോ മന്ത്രിയോ ആകണമെന്നു ശഠിച്ചത്.കണ്ണൂരില്‍നിന്ന് അത് സ്ഥിരം തരപ്പെട്ടതായിരുന്നു. തോറ്റതോടെ സുധീരന്റെ അവസ്ഥയായി. ഒടുവില്‍ വടകര സീറ്റ് വീണുകിട്ടി. വീരന്റെയും വീരോചിതന്മാരുടെയും ചെലവില്‍ നിനച്ചിരിക്കാതെ നല്ലകാലം വന്നു. ജയിച്ചു; ലോട്ടറിയടിച്ചപോലെ മന്ത്രിയുമായി. ഡല്‍ഹിയില്‍നിന്നു തീരുമാനം വന്നപ്പോള്‍ അറിയാതെ വിളിച്ചുപോയി, സ്വാമിയേ അന്തോണീസ് പുണ്യാളാ എന്ന്.
ഇതാണ് കോണ്‍ഗ്രസുകാരുടെ ഡയലക്ടിക്കല്‍ മെറ്റീരിയലിസം. “പാര്‍ട്ടിക്കായി പിരിക്കുക; തനിക്കായി വെട്ടിക്കുക ” എന്ന ലളിതസിദ്ധാന്തം.
നീലകണ്ഠന്റെ സ്ഥലം മാറ്റം ഇന്നത്തെ പത്രങ്ങളില്‍ വാര്‍ത്തയല്ല. ഒറ്റ ദിവസം കൊണ്ട് കാറ്റുപോയി.
Post a Comment