Sunday, July 5, 2009

കുലംകുത്തിയുടെ കാണാച്ചരട്

അണ്ണാന്‍കുഞ്ഞിനെ സ്കൂളിലയച്ച് മരംകയറ്റം പഠിപ്പിക്കേണ്ടതില്ല. ജന്മസ്വഭാവം എന്നൊന്നുണ്ട്. അത് അങ്ങനെ മായ്‌ച്ചുകളയാന്‍ പറ്റുന്നതല്ല. ചില മനുഷ്യര്‍ക്ക് പരമ്പരാഗതമായി പ്രത്യേക സ്വഭാവവിശേഷങ്ങളും പകര്‍ന്നുകിട്ടും. കുലത്തൊഴില്‍ എന്നെല്ലാം പറയുന്നത് അത്തരം പകര്‍ന്നുകിട്ടലിന്റെ വകഭേദമാണ്. അത് ഇന്നും തുടരുന്നുണ്ട്. നടന്‍ ശ്രീനിവാസന്റെ മകന്‍ വിനീത് മികച്ച നടനായതും കെ കരുണാകരന്റെ മകന്‍ മുരളി അച്ഛന്റെ വഴിയില്‍ മെയ്‌വഴക്കമുള്ള രാഷ്ട്രീയക്കാരനായതും നാം കാണുന്നുണ്ട്. ഡോക്ടറുടെ മക്കള്‍ ഡോക്ടര്‍മാരായി ഡോക്ടര്‍കുടുംബങ്ങളുണ്ടാവുക; അധ്യാപകന്റെ മക്കള്‍ അധ്യാപകക്കൂട്ടമാവുക- ഇതെല്ലാം നാട്ടിലെ കാഴ്ചയാണ്. ചില രാഷ്ട്രീയപാര്‍ടികളെ മക്കള്‍പ്പാര്‍ടികളെന്ന് പരിഹസിക്കാറുണ്ട്. കുടുംബപരമായി നല്ല വാസനകള്‍മാത്രമല്ല, ചീത്തത്തരങ്ങളും പകര്‍ന്നുകിട്ടുമെന്നതും സത്യം. കള്ളന്റെ മകന്‍ നല്ല കള്ളനാകുന്നതും കുടുംബം പരമ്പരാഗതമായി തട്ടിപ്പുകാരാകുന്നതും അതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം അവസ്ഥവരുമ്പോഴത്തെ ഒരുപ്രശ്നം പുതിയ തലമുറയെ കുറ്റപ്പെടുത്താനാകില്ല എന്നതാണ്. ഒരു തട്ടിപ്പ് കൈയോടെ പിടിച്ചുവെന്നിരിക്കട്ടെ- പ്രതിക്ക് പറയാം "അയ്യോ, ഞാന്‍ തെറ്റുകാരനല്ല; അതൊക്കെ അച്ഛനപ്പൂപ്പന്മാര്‍തൊട്ട് നടന്നുവരുന്ന കാര്യങ്ങളല്ലേ'' എന്ന്. അതായത് തട്ടിപ്പ്, തരികിട പരിപാടികള്‍ക്ക് കുലത്തൊഴിലിന്റെ ആനുകൂല്യം ലഭിക്കണമെന്ന്. സാന്ദര്‍ഭികമായി ശതമന്യു ഓര്‍മിച്ച ഒരു പൊതുതത്വമാണിത്. അല്ലാതെ, ഏതെങ്കിലും വ്യക്തിയെയോ കുടുംബത്തെയോ ഉദ്ദേശിച്ചെഴുതിയതല്ല.

*
സ്വന്തം വീട്ടിലെ കുറ്റവും കുറവും നാട്ടുകാരോട് വിളിച്ചുപറയുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. സ്വന്തം പാര്‍ടി പ്രസിഡന്റ് മറ്റൊരു പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ താളത്തിനൊത്ത് തുള്ളുന്നയാളാണെന്നു പറയുന്നത് അതിനേക്കാള്‍ മോശം. ഏതായാലും പിണറായി വിജയന് അഭിമാനിക്കാം- മുന്‍ പ്രധാനമന്ത്രി ദേവഗൌഡയെപ്പോലും വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നുണ്ടല്ലോ. ജനതാദളില്‍ കാരാട്ടിന്റെ ആറാട്ടാണ് എന്നത്രേ വീരവിരചിത പുതുകാവ്യം. സന്ദര്‍ഭോചിത പ്രതികരണം എന്ന് മലയാളത്തിലും വായ്ക്ക് തോന്നുന്നത് കോത്ക്ക് പാട്ട് എന്ന് സംസ്കൃതത്തിലും പറയുന്ന അവസ്ഥ വീരാളിപ്പട്ടാക്കി തലയില്‍കെട്ടി നടക്കുകയും ചെയ്യാം. മുന്നില്‍ മൈക്ക് വേണം; കേള്‍ക്കാന്‍ നാലാളുവേണം- എന്തും പറഞ്ഞുകൊടുക്കപ്പെടും. പത്രത്തില്‍ പടം അച്ചടിച്ചുവരുമെങ്കില്‍ ഏതുപുസ്തകവും എഴുതും. ഡല്‍ഹിയില്‍ ആരോ ചോദിച്ചെന്ന് കേട്ടു- പഴയ പുസ്തകങ്ങളൊക്കെ മാറ്റിയെഴുതേണ്ടിവരില്ലേ എന്ന്. പാവങ്ങള്‍. സ്വന്തമായി എഴുതിയിട്ടുണ്ടെങ്കിലല്ലേ മാറ്റിയെഴുതേണ്ട കാര്യം വരുന്നുള്ളൂ. ആരെങ്കിലും എഴുതിയാല്‍ നമുക്കെന്തുപാട്.

തെരഞ്ഞെടുപ്പുകാലത്ത് കേട്ട വിലാപകാവ്യം ആട്ടിപ്പുറത്താക്കിയെന്നോ ചവിട്ടിപ്പുറത്താക്കിയെന്നോ ഒക്കെയാണ്. ചവിട്ടിപ്പുറത്താക്കലിന്റെ കണ്ണീരും പരിഭവവും ഇനി എവിടെച്ചെന്ന് തീര്‍ക്കും? എല്‍ഡിഎഫിലിരിക്കെയാണ് ഇറങ്ങിപ്പോയി നാടുനീളെ നടന്ന് പുലഭ്യം വിളിച്ചുകൂവിയത്. കുലംകുത്തി എന്ന വാക്കിന്റെ അര്‍ഥം കുലംകുത്തികള്‍ക്ക് കഞ്ഞിവയ്ക്കുന്നവന്‍ എന്നുകൂടിയാണ്. അതിലും വലിയ അര്‍ഥവും അതിനുണ്ട്. സ്വന്തം പാര്‍ടിയെ നിര്‍ണായകഘട്ടങ്ങളില്‍ ശത്രുപക്ഷത്തിന് ഒറ്റിക്കൊടുക്കുന്നവന്‍ എന്നും കുലംകുത്തിയെ വിളിക്കാം. ഇപ്പോള്‍ സ്വന്തം പാര്‍ടിയുടെ അഖിലേന്ത്യാ പ്രസിഡന്റിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. തന്റെ താല്‍പ്പര്യമാണ് പാര്‍ടിയുടെ നയം എന്നുവരുമ്പോള്‍, അതുമാത്രമാണ് എല്ലാറ്റിനും മേലെ എന്നു കരുതിപ്പോകുമ്പോള്‍, ഉണ്ടാകുന്ന അപകടമാണ് സംഭവിച്ചത്. ഇനി കേന്ദ്രനേതൃത്വവും വേണ്ട, കേരളത്തിലെ മുന്നണിയും വേണ്ട രാമന്റെ ദുഃഖവും ഗാട്ടിന്റെ കാണാച്ചരടും വേണ്ട. സോഷ്യലിസം വേണ്ടേവേണ്ട. എങ്ങനെയെങ്കിലും ചെന്നിത്തലയുടെ കാര്യസ്ഥപ്പണിയോ ഇന്ദിരാഭവനിലെ കുശിനിക്കാരന്റെ ഉദ്യോഗമോ കിട്ടിയാല്‍മതി. അതിനായി ആരെയും തള്ളിപ്പറയും; എന്തും വിളിച്ചുപറയും. അല്ലെങ്കിലും ചുമലിലിരുന്ന് ചെവിതിന്നലായിരുന്നു എന്നത്തെയും ശീലം.

കാരാട്ടിന്റെ ആറാട്ടാണ് ദേവഗൌഡയുടെ നിലപാടുമാറ്റത്തിനുപിന്നിലെന്നു പറഞ്ഞയാള്‍ പിന്നെയും ഗൌഡയുടെ പാര്‍ടിയില്‍ തുടരുന്നുണ്ടെങ്കില്‍ അതിനെ എന്തുപറഞ്ഞ് വിശേഷിപ്പിക്കും? ഒരു പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് ദേശീയ അധ്യക്ഷനെക്കുറിച്ച് പറയേണ്ട കാര്യംതന്നെ ഇത്. ഇതാണ് സോഷ്യലിസ്റ്റ് പാരമ്പര്യം. ലെനിനിസമല്ല, ലാവലിനിസമാണ്, റിയാസ് ഫാരിസിന്റെ ബിനാമിയാണ് എന്നൊക്കെ പുലമ്പിയ നാവില്‍നിന്ന് ഇനി എന്തെല്ലാം കേള്‍ക്കാനിരിക്കുന്നു. പിതാവിന്റെ പാപം മക്കള്‍ ചുമക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍, ഈ മുഷിഞ്ഞമാറാപ്പു ചുമന്ന് ഒരാള്‍ പി ആര്‍ കുറുപ്പിന്റെ പാരമ്പര്യം വെടക്കാക്കുന്നതും വടകരയിലൊരാള്‍ ധര്‍മസങ്കടം കൊള്ളുന്നതും കാണുമ്പോള്‍ സഹതാപം തോന്നുന്നു.

രാവിലെ കട്ടന്‍കാപ്പിക്കുപകരം ഒരു ഗ്ളാസ് ഉപജാപവും ബ്രേക്‍ഫാസ്റ്റിന് രണ്ട് പ്ളേറ്റ് നുണയും ഉച്ചയ്ക്ക് ഇലനിറയെ കുശുമ്പും അത്താഴത്തിന് പരദൂഷണവും ശീലമാക്കിയ ഒരാള്‍ താനാണ് സോഷ്യലിസ്റ്റ്, തന്റെ ആസനത്തിലാണ് തഴമ്പ് എന്നെല്ലാം പറഞ്ഞ് മുന്നില്‍വരുമ്പോള്‍ സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന ഓക്കാനമുണ്ടല്ലോ- അതാണ് ഇന്ന് കേരളം ഗൌരവമായി ചര്‍ച്ചചെയ്യേണ്ട പ്രശ്നം. യുഡിഎഫുകാരും ചിന്തിക്കണം. കൂടെ കൂട്ടുമ്പോള്‍ രമേശ് ചെന്നിത്തലയുടെ നിലവാരമെങ്കിലും വേണ്ടേ?

*
1996ല്‍ അന്നത്തെ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും കനഡയില്‍ പോയതും പിന്നീട് വൈദ്യുതിമന്ത്രിയും ബോര്‍ഡ് അംഗങ്ങളും കനഡയില്‍ പോയതും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ അനുവാദത്തോടെയാണെങ്കിലും ലാവ്ലിന്‍ എന്ന കമ്പനിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് വീരഭൂമിയുടെ എക്സ്ക്ളൂസീവ്. 1996ല്‍ മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും കനഡ യാത്ര സംബന്ധിച്ച സെക്രട്ടറിയറ്റിന്റെ മിനുട്ട്സ് ഡല്‍ഹി-പത്തനംതിട്ട റൂട്ടില്‍ സൌജന്യമായി സപ്ളൈചെയ്യുന്നുണ്ട്. കനഡ യാത്ര എന്തിനാണെന്ന് സെക്രട്ടറിയറ്റ് ചര്‍ച്ചചെയ്തില്ല, അതിനര്‍ഥം ലാവ്ലിന്‍ കരാര്‍ പാര്‍ടി അറിഞ്ഞില്ലെന്നാണെന്ന് വീരലേഖകന്‍ സമര്‍ഥിക്കുന്നു. നാട് ഭരിക്കുന്ന മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഉല്ലാസയാത്ര നടത്താനാണോ പാര്‍ടി അനുവാദം നല്‍കിയത്. എന്തിനാണ് പോകുന്നതെന്ന് വ്യക്തമായി അറിയിക്കാതെ മുഖ്യമന്ത്രിക്കും മന്ത്രിക്കും വിദേശയാത്ര നടത്താന്‍ പാര്‍ടി അനുവാദം നല്‍കുമെന്നു പറയുന്ന ലേഖകന്റെ തലപരിശോധിക്കണമെന്ന് കുറിപ്പെഴുതാന്‍ ഭൂമിമലയാളത്തില്‍ ആരോരുമില്ലാതെപോയല്ലോ ഗുരുവായൂരപ്പാ! ലേഖകന് സ്ഥിര ബുദ്ധിയില്ലെന്നു പറഞ്ഞാല്‍, അത് പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റമാകുമോ, പിന്നീടെതെങ്കിലും കേസിലെ സാക്ഷിമൊഴിയാകുമോ എന്നും ഭയപ്പെടണം. ഇക്കാലത്തെയാണ് കലികാലമെന്ന് വിളിക്കുന്നത്.

*
സിപിഐ എം പൊളിറ്റ്ബ്യൂറോ ചെയ്തത് വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി. ഇനി യോഗം ലൈവായി സംപ്രേഷണംചെയ്യാനുള്ള വഴിയുണ്ടാക്കണം. അല്ലെങ്കില്‍ എന്തൊക്കെ പാടാണ് പാവങ്ങള്‍ പെടേണ്ടത് എന്നു ചിന്തിക്കാന്‍പോലുമാകുന്നില്ല. പിബിയില്‍ രണ്ടുമൂന്നുപേര്‍ ഒന്നുപറഞ്ഞു എന്ന് ഒരുദിവസം- അതിന്മേല്‍ ചര്‍ച്ചയും വിശകലനവും. പിറ്റേന്ന് അവര്‍ ഒന്നും പറഞ്ഞില്ലെന്ന്- അതിന്റെ പേരിലും ചര്‍ച്ച. ഒടുവില്‍ എം വി ജയരാജന്‍ ചോദിക്കുകയാണ്- ഭഗത്തേ നിങ്ങള്‍ പൊളിറ്റ്ബ്യൂറോയില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന്. ലൈവ് സംപ്രേഷണാവകാശം കൊടുത്താല്‍ ഇത്തരം അനുഭവമെങ്കിലും ഒഴിവാക്കാവുന്നതാണ്.

1 comment:

ശതമന്യു said...