'നിന്നെക്കാണാന്‍ എന്നെക്കാളും ചന്തംതോന്നും കുഞ്ഞിപ്പെണ്ണേ, എന്നിട്ടെന്തേ നിന്നെകെട്ടാന്‍ ഇന്നുവരെ വന്നില്ലാരും' എന്നൊരു പാട്ട് കേട്ടു. പഴയൊരു നാടന്‍പാട്ട് പുതിയ രൂപത്തില്‍ വന്നതാണ്. ചന്തം തോന്നിയതുകൊണ്ട് കാര്യമില്ല; കെട്ടാന്‍ തയ്യാറായി ആളു വരികതന്നെവേണം. അങ്ങനെ വരാന്‍ ചില ചട്ടവട്ടങ്ങളൊക്കെയുണ്ട്. തലകുത്തിമറിഞ്ഞും സര്‍വ വേണ്ടാതീനങ്ങളിലും കൈയിട്ടും വിജയമൊപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ല. സദാ കണ്ണുതുറന്നിരിക്കണം. അണയാത്ത കണ്ണുവേണമെന്നാണ് കവി പാടിയത്. അടുത്താരെങ്കിലും മണ്ണും ചാരി നില്ക്കുന്നുണ്ടോ എന്ന് നോക്കണം. കണ്ണുതെറ്റിയാല്‍ പെണ്ണും കൊണ്ടുപോകും.
കേരളത്തിലെ ബോബനും മോളിയും നേരിടുന്ന അവസ്ഥ നോക്കുക! പാടായ പാടൊക്കെ പെട്ടാണ് പതിനാറു സീറ്റില്‍ യുഡിഎഫിനെ ജയിപ്പിച്ചത്. അതിന് ഒഴുക്കിയ വിയര്‍പ്പെത്ര; ചെയ്തുകൂട്ടിയ അന്യായങ്ങളെത്ര. ആരാണ് വിജയശില്‍പ്പി എന്നുചോദിച്ചാല്‍ ഉമ്മന്‍ചാണ്ടിയെന്നോ രമേശ് ചെന്നിത്തലയെന്നോ ഒറ്റയുത്തരം പറയാന്‍ കഴിയില്ല. രണ്ടുപേരും ഇരുദേഹവും ഒരുമോഹവുമായി പൂര്‍ത്തിയാക്കിയ ദുര്‍മന്ത്രവാദങ്ങളുടെ കണക്കെടുത്താല്‍ ചന്ദ്രസ്വാമിയും സന്തോഷ് മാധവനും തോറ്റുപോകും. എല്ലാമായിട്ടെന്ത്? ഡല്‍ഹിയില്‍ മന്മോഹന്ജി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഒന്നു കണ്ട് സന്തോഷിക്കാന്‍പോലും തോന്നിയില്ല. മണ്ണും ചാരി നിന്ന ആന്റണിയാണ് പെണ്ണിന്റെ കൈയും പിടിച്ച് രജിസ്റ്റര്‍ ഓഫീസിലേക്ക് പോയത്.
2004ല്‍ തോറ്റു തുന്നംപാടിയപ്പോള്‍ കുറ്റിപറിച്ച് കൈയില്‍കൊടുത്ത് ദില്ലിക്ക് വിമാനംകയറ്റി വിട്ടതാണ്. ഇനി ഇങ്ങോട്ടുവരാന്‍ പാടില്ലെന്ന് താക്കീതും നല്കി. വന്നാല്‍ത്തന്നെ ഈശ്വരവിലാസം റോഡിലെ 'അഞ്ജന'ത്തില്‍ അടങ്ങിയൊതുങ്ങിയിരുന്നുകൊള്ളണം. കേരളക്കാര്യം ബോബനും മോളിയും പങ്കുവച്ചുകൊള്ളും എന്നായിരുന്നു കരാര്‍. അടുത്ത തെരഞ്ഞെടുപ്പെത്തിയപ്പോള്‍ അതാ പറന്നുവരുന്നു പോയ മച്ചാന്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ആന്റണി; പ്രചാരണത്തില്‍ ആന്റണി; വിജയിച്ചപ്പോള്‍ ആന്റണി; ഇപ്പോള്‍ സത്യപ്രതിജ്ഞചെയ്യുന്നതും ആന്റണി. വേട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് പത്രക്കാരെ വിളിച്ച് 'താന്‍ കെപിസിസി പ്രസിഡന്റായതിന്റെ ഗുണമാണീഫല'മെന്ന് ചെന്നിത്തല പറഞ്ഞു ചിരിച്ചു. ഉമ്മന്‍ചാണ്ടിയാകട്ടെ 'കണ്ടില്ലേ എന്റെ മിടുക്ക്' എന്നമട്ടിലാണ് പ്രതികരിച്ചു ചിരിച്ചത്. കേന്ദ്രത്തില്‍ മന്ത്രിസഭ ഉറപ്പായ ഉടനെ അടുത്തവിമാനം പിടിച്ച് ഡല്‍ഹിയിലെത്തുകയും ചെയ്തു. എല്ലാമായിട്ടെന്ത്-ഡല്‍ഹിയില്‍ മൂന്നുനാലു ദിവസം ചപ്പാത്തി കഴിച്ചത് മിച്ചം. എല്ലാ സൌഭാഗ്യങ്ങളും ആന്റണിക്കാണ്; കൂടെ വയലാര്‍ജിക്കുമാണ്. ആന്റണിയുടെ ആളുകളാണ് ജയിച്ച് ഡല്‍ഹിയിലെത്തിയതില്‍ മുക്കാല്‍പ്പങ്കും.
വെളുക്കുവോളം കോരിയ വെള്ളം കുടമുടഞ്ഞ് ഒഴുകിപ്പോകുന്നത് കണ്ടുനില്ക്കുന്ന ബോബന്റെയും മോളിയുടെയും ദുഃഖമാണ് ദുഃഖം. വയലാര്‍ജിയും ആന്റണിയും കേന്ദ്രമന്ത്രിക്കുപ്പായമിടുമ്പോള്‍ ലീഡര്‍ക്ക് ഏതെങ്കിലും രാജ്ഭവനില്‍ സുഖശയനവും തരപ്പെടുമെന്നാണ് കേള്‍ക്കുന്നത്. ബോബനും മോളിക്കും തല്‍ക്കാലത്തേക്ക് ആശയ്ക്ക് വകയൊന്നും കാണുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലംവച്ച് രണ്ടുകൊല്ലം കഴിഞ്ഞ് നിയമസഭ പിടിക്കാമെന്ന മോഹവും മണ്ടിമണ്ടിക്കരേറുന്ന മട്ടില്ല. വോട്ടുകണക്ക് നോക്കുമ്പോള്‍ നാല്‍പ്പതു നിയമസഭാ മണ്ഡലത്തില്‍ ഇടതന്മാര്ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇരുപതിടത്ത് നേരിയ വ്യത്യാസം മാത്രം. പത്തുപതിനഞ്ചിടത്ത് ആഞ്ഞുപിടിച്ചാല്‍ മറിഞ്ഞുപോരുന്ന വ്യത്യാസം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുവെ ഇടതിന് മേല്‍ക്കൈ കിട്ടുമെന്നിരിക്കെ അടുത്ത ഭരണം സ്വപ്നംകാണാനുള്ള അവസരമൊന്നും ബോബനുമില്ല; മോളിക്കുമില്ല.
ഈ സവിശേഷമായ അവസ്ഥയെയാണ് ഗതികേട് എന്നു വിളിക്കുന്നത്. സ്വന്തം പാര്‍ടിക്ക് വിജയമുണ്ടായിട്ടും ആ വിജയം തങ്ങളുടേതല്ല എന്നുതോന്നുന്ന ഗതികേട് ഇനിയാര്‍ക്കുമുണ്ടാകാതിരിക്കട്ടെ എന്ന് ശതമന്യൂ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അഞ്ചുകൊല്ലം മുമ്പ് തന്നെ നാണംകെടുത്തി കെട്ടുകെട്ടിച്ചവരോട് മധുരമായി പ്രതികാരം നിര്‍വഹിച്ച് ആന്റണിജിക്ക് അഭിവാദ്യങ്ങള്‍. അങ്ങ് ഒരു ഒന്നൊന്നര 'എ കെ' തന്നെ.
*
ധാര്ഷ്ട്യക്കാരന് എന്നതിന് ധൃഷ്ടതയുള്ളവന്‍ എന്നര്‍ഥം. ധൃഷ്ടത ധൈര്യമാണ്. എന്തിനെയും കൂസലില്ലാതെ നേരിടാനുള്ള അവസ്ഥയാണ്. അത് അത്ര മോശമായ കാര്യമല്ല. കേരളത്തിലെ സിപിഎമ്മിന് ധാര്‍ഷ്ട്യമാണെന്ന് ആരോ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചപ്പോഴാണ് 'എന്താണപ്പാ ഈ ധാര്‍ഷ്ട്യം' എന്ന് ചിന്തിച്ചുപോയത്. പത്രസമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നത്? ആക്രമിക്കപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുന്നത്? നുണക്കഥകള്‍ കൂലംകുത്തിയൊഴുകിവരുമ്പോള്‍ തളര്‍ന്നുപോകാത്തത്? എല്ലാ മര്യാദകളും ധാര്‍മികതയും ചവിട്ടിയരച്ച് വേട്ടയാടുമ്പോള്‍ പിന്തിരിഞ്ഞോടാത്തത്? കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി ആയിപ്പോയത്? സമ്മര്‍ദങ്ങള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും വഴങ്ങാത്തത്?
ധാര്‍ഷ്ട്യം അളക്കുന്ന ഇടങ്ങഴി ചാലക്കമ്പോളത്തില്‍ സകല കടകളിലും കയറിയിറങ്ങിയിട്ടും കിട്ടിയില്ല. മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊഞ്ചിക്കുഴയുന്നതാണ് നല്ല രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷണമെന്ന് തോന്നുന്നു. ഉള്ളില്‍ ഒന്നും പുറത്ത് മറ്റൊന്നും വേണം. നിങ്ങള്‍ പോയപോലെ തിരിച്ചുവരുമോ എന്ന് ചോദിക്കുമ്പോള്‍ ചോദ്യകര്‍ത്താവിനെ കെട്ടിപ്പിടിച്ചുമ്മവയ്ക്കണം. ക്ഷ, ഖ, ഠ, ഘ, ഭ തുടങ്ങിയ കടുപ്പമുള്ള അക്ഷരങ്ങളൊന്നും ഉച്ചരിക്കരുത്. മോരും ചോറും മാത്രമേ കഴിക്കാവൂ. (മോരില്‍ മുളകിടരുത്-ധാര്‍ഷ്ട്യമാകും!) പച്ചക്കള്ളം പറയുന്നവരെ കള്ളനെന്നോ നുണയനെന്നോ വിളിക്കരുത്-കൂടിവന്നാല്‍ 'അസത്യവാനായ മഹാനുഭാവ' എന്ന് അഭിസംബോധന ചെയ്യാം. ആയതിനാല്‍ ഇനി നമുക്ക് ധാര്‍ഷ്ട്യം ഉപേക്ഷിച്ച് മര്യാദരാമന്മാരാകാന്‍ പഠിക്കാം.
*
പിണറായി വിജയന്റെ ചോരയ്ക്കുവേണ്ടിയുള്ള ദാഹം തീരുന്ന മട്ടില്ല. പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് ഗവര്‍ണര്‍ തീരുമാനമെടുക്കുമ്പോള്‍ മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ നിയമജ്ഞന്‍തന്നെ എഴുതിക്കണ്ടു. ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ ആ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ വീരേന്ദ്രകുമാര്‍ രംഗത്തിറക്കിയത് അഡ്വക്കറ്റ് രാംകുമാറിനെയാണ്. ക്രൈം നന്ദകുമാറിനുവേണ്ടി രാംകുമാര്‍ തയ്യാറാക്കിയ വക്കീല്‍നോട്ടീസ് വായിച്ച് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ശതമന്യൂവും കോള്മയിര് കൊണ്ടിട്ടുണ്ട്. നന്ദകുമാറിന്റെ ഹര്‍ജിയില്‍ അന്വേഷണ ഉത്തരവിട്ട് ഹൈക്കോടതി നടത്തിയ വിധിപ്രഖ്യാപനത്തിന്റെ തലത്തിലേ രാംകുമാര്‍ ഇപ്പോഴും എത്തിയിട്ടുള്ളൂ. വീരന്റെ നിര്‍ബന്ധം സഹിക്കാതെ ലേഖനമെഴുതുമ്പോള്‍ കൈയില്‍ ആ വിധിയേ ഉള്ളൂ. അതുകൊണ്ട് സിബിഐ അന്വേഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍പോലും വക്കീല്‍സാര്‍ അറിഞ്ഞിട്ടില്ല. പത്താംക്ളാസിലെ സിലബസ് വച്ച് എംഎ പരീക്ഷയെഴുതാന്‍ പോയതിന്റെ ശേലുണ്ട് വക്കീലിന്റെ വാദത്തിന്.
*
വയലാര്‍ രവി സത്യപ്രതിജ്ഞചെയ്തത് ദൈവനാമത്തിലാണ്. മുമ്പെല്ലാം അദ്ദേഹത്തിന് ദൃഢപ്രതിജ്ഞയോടായിരുന്നു താല്‍പ്പര്യം. പ്രായം കൂടുമ്പോള്‍ മനസ്സിന്റെ ദാര്‍ഢ്യം കുറയുമായിരിക്കും. പിന്നെ ഈശ്വരോ രക്ഷതു എന്നു കരുതുന്നതില്‍ തെറ്റില്ല. അതുകൊണ്ടാണ് പണ്ടുകാലത്ത് പലരും കാശിക്ക് പോയത്. ദൈവമാര്‍ഗത്തില്‍ വയലാര്‍ജിക്ക് സര്‍വൈശ്വര്യങ്ങളും ഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
വാല്‍ക്കഷണം:
തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയമുണ്ടായപ്പോള്‍ യുഡിഎഫ് നേതാക്കളും അവരെ സഹായിച്ച വീരേന്ദ്രകുമാറിനെപ്പോലുള്ളവരും ആഘോഷിച്ച് ചിരിച്ചതിനെക്കുറിച്ച് ശതമന്യു എഴുതി. വര്‍ണ്യത്തിലാശങ്കയേതുമില്ലാതെയാണ് എഴുതിയത്. യുഡിഎഫിനെ വിമര്‍ശിച്ചാല്‍, അത് മറ്റുചില ഉദ്ദേശം വച്ചാണെന്ന് വരിയും ചിരിയും വാക്കും അടര്‍ത്തിയെടുത്ത് പൊക്കിപ്പിടിച്ചാരോപിച്ചാല്‍ വിമര്‍ശനംതന്നെ അതോടെ മുടക്കിക്കളയാമെന്നാണ് വിചാരമെങ്കില് അത്തരം വിചാരക്കാരെ നമസ്കരിക്കുകയല്ലാതെ നിര്‍വാഹമില്ല. അവര്‍ക്കും ഉണ്ടാകട്ടെ സമാധാനം.
10 comments:
തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയമുണ്ടായപ്പോള്‍ യുഡിഎഫ് നേതാക്കളും അവരെ സഹായിച്ച വീരേന്ദ്രകുമാറിനെപ്പോലുള്ളവരും ആഘോഷിച്ച് ചിരിച്ചതിനെക്കുറിച്ച് ശതമന്യു എഴുതി. വര്‍ണ്യത്തിലാശങ്കയേതുമില്ലാതെയാണ് എഴുതിയത്. യുഡിഎഫിനെ വിമര്‍ശിച്ചാല്‍, അത് മറ്റുചില ഉദ്ദേശം വച്ചാണെന്ന് വരിയും ചിരിയും വാക്കും അടര്‍ത്തിയെടുത്ത് പൊക്കിപ്പിടിച്ചാരോപിച്ചാല്‍ വിമര്‍ശനംതന്നെ അതോടെ മുടക്കിക്കളയാമെന്നാണ് വിചാരമെങ്കില് അത്തരം വിചാരക്കാരെ നമസ്കരിക്കുകയല്ലാതെ നിര്‍വാഹമില്ല. അവര്‍ക്കും ഉണ്ടാകട്ടെ സമാധാനം.
കൊള്ളാം.....മകൻ ചത്തതിൽ കുഴപ്പമില്ല, മരുമോളുടെ താലി അറ്റുകണ്ടല്ലോ, അതുമതി. അതുമതി.
ini Karat saghaav adutha numberum aayi irangunnathu vare ingane chorinjondirikkadathlyoo.. oru thaalathinu choriyuu..onnu randu varshamenkilum ithu thanne aayirikkum pani :)
താങ്കള്‍ ദേശാഭിമാനിയുടെ ഏത് എഡിഷന് ഇല് ആണ് ജോലി ചെയ്യുനത്?
ഓണ്‍ലൈന്‍ ദേശാഭിമാനി യും താങ്കളുടെ പോസ്റ്റും തമ്മില്‍ വല്യ അന്തരം കാണുനില്ല....
സ്ഥിരം ആടിനെ പട്ടി ആക്കുന്ന പരിപാടി തന്നെ........
ശെരിക്കും സി പി എം തോറ്റിട്ടില്ല കേട്ടോ...
:)
മറ്റുള്ളവര്‍ക്കിട്ട് 'പണി'കള്‍ കൊടുത്തു മാത്രം ശീലമുള്ള ഇടതിനിട്ടു ഒരു 'പണി' കിട്ടിയപ്പോള്‍ വേദാന്തം പറഞ്ഞു തുടെങ്ങിയോ? ചെയ്ത പാപങ്ങള്‍ ഒക്കെ ഇങ്ങനെ ആണ് തീരുന്നത് എന്ന് കരുതി സമാധാനിക്കുക..
2004ല്‍ യു.ഡി.എഫ്.ന് ഒരു സീറ്റ് മാത്രം. ഇനി 2014ല്‍ എല്‍.ഡി.എഫ്. 20ല്‍ 20ഉം ജയിക്കും. അതാണ് ജനാധിപത്യം. സി.പി.എം.തകര്‍ന്നു എന്ന് കരുതി വിഢികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവര്‍ക്ക് നല്ല നമസ്ക്കാരം!
ചില'ധാര്ഷ്ട്യക്കാര്' പറയുന്നത് കേട്ടാല്‍ തോന്നും കേരള ചരിത്രത്തില്‍ ഇന്നേവരെ സ.പി.എം ഇരുപതില്‍ ഇരുപതും കിട്ടിക്കൊണ്ടിരിക്ക്വരുന്നു, ഇപ്പൊ നാലായിപ്പോയി എന്ന്.അധികം പിന്നോട്ട് പോണ്ടാ,ഒരു 77 മുതല്‍ നോക്കാം.77ല്‍ വട്ട പൂജ്യം,80ല്‍ എട്ട്,84ല്‍ മൂന്നു,89ല്‍ നാല്,91 ല്‍ മൂന്നു,96ലു പത്തു,99ല്‍ നാല്...2004ല്‍ 19എന്നിങ്ങനെ.
വീരന് മാതൃഭൂമി, മാര്കിസിന്റെയും എങ്ങല്സി ന്റെയും മരുമക്കള്‍(സ്വയം പ്രഖ്യാപിത), ധാര്‍ഷ്ട്യം തീരെയില്ലാത്തവര്‍,ഒക്കെയുണ്ടായിട്ടും എത്രയോ വട്ടം മൂന്നുംനാലും സീറ്റാ കേരളത്തില്‍ പലവട്ടം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ്കളില്‍ ലഭ്ച്ച്ചത്.
ഒറ്റുകാര്‍, മാധ്യമ മാഫിയ,NDF കുഞ്ഞാമുവില്‍ ഇല്ലാത്ത 'വര്‍ഗ്ഗീയത്' പി.ഡി.പീല്‍ കാണുന്ന ഭാര്‍ഗവന്മാര്‍,അല്പരായ ചന്ദ്രന്മാരും, ചൂഡന്മാരും,എല്ലാം ഒത്തു പാരവെച്ചിട്ടും 67 ലക്ഷംവോട്ടും(വെറും രണ്ടുലക്ഷം വോട്ടാ കുറവ് 2004ല്‍ നിന്നും),നാല് സീറ്റും സി.പി.എമ്മിന് കിട്ടി എന്നത് അതിശയകര്മായ നേട്ടം തന്നെ. പിന്നെ ശോര്നൂരില്‍ രാജേഷിനു കണ്ണന്ജിപ്പിക്കുന്ന്ന ഭൂരിപക്ഷം കിട്ടി എന്നതും,വടകരയില്‍ അതി(കപട) വിപ്ലവകാരിക്ക് വെറും ഇരുപതിനായിരം വോട്ടു കിടിയതുമൊക്കെ-ചുരുങ്ങിയത് എഴുപതിനായിരമെന്നാണ് മനോരമയിലും മാതൃഭൂമിയിലും വായിച്ചത്- മാഫിയ മാധ്യമങ്ങള്‍ പറയുന്നിടത്തല്ല കാര്യങ്ങള്‍ എന്ന്തന്നെ വെളിവാക്കുന്നു.
ഒരു കാര്യം കൂടി, ഈ മാഫ്യങ്ങള്‍ക്ക് ജനത്തില്‍ ചെറിയ തോതിലെങ്കിലും വിഷം കുത്തി വെക്കാന്‍ കഴിയുന്നു എന്നതും ശ്രദ്ധികണം.
മലയാളം ഏതെങ്കിലും വിധത്തില്‍ മനസ്സിലാകുന്ന കേരളത്തിലെ ഏതുകുഞ്ഞിനും തെരഞ്ഞെടുപ്പിനു മുന്‍പേ ഒരര്‍ത്ഥം മനസ്സിലായിരിക്കും. ഈ തെരഞ്ഞെടുപ്പ് ജയിച്ചാല്‍ പിണറായിയുടെ നേതൃപാടവത്തിന്റെ വിജയവും തോറ്റാല്‍ അത് വി എസ്സിന്റെ കുത്സിതശ്രമങ്ങളുടെ വിജയവുമായി വ്യാഖ്യാനിക്കപ്പെടും എന്നതാണ് അത്.
ധാര്ഷ്ട്യത്തെപ്പറ്റി എഴുതിയതിന് പ്രത്യേകമായ കൈയ്യടി. അല്ല, പിണറായി വിഭാഗം സി പി എം നേതാക്കളല്ലാത്ത മറ്റാരെങ്കിലുമാണ് ഈ ധാര്‍ഷ്ട്യം കാണിച്ചിരുന്നതെങ്കില്‍ ധാര്‍ഷ്ട്യത്തിന്റെ ആദര്‍ശാധിഷ്ഠിത നാനാര്‍ത്ഥങ്ങളെക്കുറിച്ച് ആരെല്ലാം എന്തെല്ലാം എഴുതുമായിരുന്നില്ല!
Post a Comment