"അജാഗളസ്തന മുഷ്ട്ര പൃഷ്ഠം നാസാന്തരേ രോമം തഥാണ്ഡ യുഗ്മം വൃഥാ.... ''എന്നാണ്. പെണ്ണാടിന്റെ കഴുത്തിലെ മുലയും ഒട്ടകത്തിന്റെ വാലും മൂക്കിലെ രോമവും ചെന്നിത്തലയുടെ വാക്കും എപ്രകാരമാണോ ഉപയോഗശൂന്യമായിരിക്കുന്നത് അതുപോലെ എന്ന് വിശദീകരിക്കുന്ന ശ്ലോകം കാളിദാസ സൃഷ്ടിയാണ്. ഇതും സമകാലീന രാഷ്ട്രീയവുമായി എന്തു ബന്ധം എന്നണോ? കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട മഹാത്മാവിന്റെ മലര്‍പ്പൊടി സിദ്ധാന്തം വായിച്ചപ്പോള്‍ അജഗളസ്തനത്തെ ഓര്‍മവന്നു എന്നു മാത്രം.
പണ്ട് കാക്കശ്ശേരി ഭട്ടതിരിയെ കാണാതായി. കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉദ്ദണ്ഡന് ഒരു ഉപായം തോന്നി. മൂന്നു വരിയുള്ള ഒരു ശ്ലോകമെഴുതി നാലാമത്തെ വരി പൂരിപ്പിക്കാന്‍ ആളുണ്ടോ എന്ന് നാടാകെ വിളംബരംചെയ്തു. ആകാശത്തില്‍ സഞ്ചരിക്കുന്നത് ഏത്; ആരാണ് രമ്യയായവള്‍; എന്താണ് ജപിക്കേണ്ടത്; അലങ്കാരം എന്ത്; ആരെ വന്ദിക്കണം; ലങ്ക എപ്രകാരം ഉള്ളത് എന്നിങ്ങനെ ആറ് ചോദ്യങ്ങളാണ് മൂന്നുവരിയില്‍. നാലാമത്തെ വരിയില്‍ ഇവയ്ക്കെല്ലാമുള്ള ഉത്തരമായിരിക്കണം എന്നാണ് നിബന്ധന. ഉപായം ഫലിച്ചു. നാലാംവരി അതിവേഗം വന്നു. 'വീരമര്‍ക്കട കമ്പിതാ' എന്നായിരുന്നു അത്. വി എന്നാല്‍ പക്ഷി. രമ (ഭഗവതി) ഋക്ക് (ഋഗ്വേദം) കടകം (തള), പിതാ (അച്ഛന്), ലങ്ക (വീരമര്‍ക്കട കമ്പിതം-ഹനുമാനാല്‍ വിറയ്ക്കപ്പെട്ട ദേശം) എന്നിങ്ങനെ എല്ലാ ഉത്തരങ്ങളും അടങ്ങുന്ന ആ ഒരു വരി എഴുതിയയാള്‍ സാക്ഷാല്‍ കാക്കശ്ശേരിയായിരുന്നു. ആളെ കൈയോടെ പിടികൂടാന്‍ ചെലവായത് മൂന്നുവരി.
അതുപോലെ നമ്മുടെ രമേശ് ചെന്നിത്തലയെ കുറച്ചുകാലത്തേക്ക് കാണാതായെന്നിരിക്കട്ടെ. കണ്ടെത്താന്‍ ഏതുമില്ല പ്രയാസം. ഒരാഴ്ചത്തെ മലയാളപത്രം എടുക്കണം. അതില്‍ ഏറ്റവും യുക്തിഹീനവും അബദ്ധജടിലവുമായ പ്രസ്താവന ഏതെന്നു നോക്കണം. പ്രസ്താവന വന്നിടത്തേക്ക് ഒരു വണ്ടിപിടിച്ചു ചെന്നാല്‍ അവിടെയുണ്ടാവും ചെന്നിത്തല.
മലര്‍പ്പൊടി സിദ്ധാന്തമായിരുന്നു കഴിഞ്ഞയാഴ്ചത്തെ വിവരക്കേട്. ചെന്നിത്തല പറയുന്നത് കോണ്‍ഗ്രസിനെയും ബിജെപിയെയും ഒഴിവാക്കിയുള്ള ഒരു ഭരണത്തിനുവേണ്ടി സിപിഐ എം ശ്രമിക്കുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നംപോലെയാണെന്നാണ്. 77ല്‍ കോണ്‍ഗ്രസിന്റെ ഭരണകുത്തക പൊട്ടിത്തകര്‍ന്നതും 89ല്‍ ദേശീയമുന്നണി വന്നതും തൊണ്ണൂറുകളില്‍ ദേവഗൌഡ വന്നതും 2004ല്‍ ഒരിറ്റു പിന്തുണയ്ക്കുവേണ്ടി ഇടതുപക്ഷത്തിന്റെ ഉമ്മറത്തിണ്ണയില്‍ കരഞ്ഞുവിളിച്ചതും ചെന്നിത്തലയുടെ ചരിത്ര പുസ്തകത്തിലില്ല. നാല് നാലരക്കൊല്ലം ഇടതുപക്ഷം ചെവിക്കു പിടിച്ച് നേര്‍വഴിക്ക് നടത്തിച്ച പിന്തുണക്കാലം ആ മനസ്സില്‍നിന്ന് മാഞ്ഞുപോയി. ചെന്നിത്തലയുടെ ചരിത്രം തുടങ്ങുന്നത് മന്‍മോഹന്‍സിങ്ങിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചശേഷമാണ്. ശരിയാണ്. ഇടതുപക്ഷത്തിനൊപ്പം ഇ അഹമ്മദിന്റെ മുസ്ലീം ലീഗില്ല. അതുകൊണ്ട് ഇസ്രയേല്‍ എംബസിയുടെ വിരുന്നില്‍ കോഴിക്കാല് കടിച്ചുപറിക്കുകയും പുറത്തുവന്ന് ഏമ്പക്കംവിട്ട് പലസ്തീന് ഐക്യദാര്‍ഢ്യം ആചരിക്കുകയുംചെയ്യുന്ന മഹാന്മാരില്ല. കുതിരക്കച്ചവടത്തിന്റെ പണം എണ്ണിവാങ്ങി പെട്ടിയിലാക്കി ബോണസായി മുഖ്യമന്ത്രിസ്ഥാനം നേടുകയും അതുംകൊണ്ട് സ്വന്തം നാട്ടിലെത്തിയപ്പോള്‍ ജനങ്ങളുടെ ചവിട്ടുകൊണ്ട് ഓടേണ്ടിവരികയും ചെയ്ത ഷിബുസൊറനുമില്ല ഇടതുപക്ഷത്ത്. ഡല്‍ഹി, മുംബൈ, വാഷിങ്ങ്ടണ്‍, ലഖ്നൌ ഷട്ടില്‍സര്‍വീസ് നടത്തുന്ന അമര്സിങ്ങിനെയോ പഞ്ചനക്ഷത്ര അവശവര്ഗ നേതാവ് പസ്വാന്ജിയെയോ ഇടതുപക്ഷത്ത് കാണില്ല. മഹാരാഷ്ട്രയില്‍ ചുമലില്‍കയറി ഇരിക്കുകയും കേരളത്തില്‍ തള്ളിപ്പറയുകയും ചെയ്യുന്ന എന്‍സിപി എന്ന സാധനവും ഇടതിനോടൊപ്പമില്ല. മാണി, പിള്ള, ജേക്കബ്, പി സി ജോര്‍ജ് ഇത്യാദി ലോകനേതാക്കള്‍ നയിക്കുന്ന കേരള കോണ്‍ഗ്രസുകളും ഇടതിനോടൊപ്പമല്ലതന്നെ.
ആന്ധ്രയിലെ തെലുങ്കുദേശം, തമിഴ് നാട്ടിലെ എഐഎഡിഎംകെ, ഗൌഡയുടെ ജനതാദള്‍, രാമചന്ദ്രന് കടന്നപ്പള്ളിയുടേതുപോലുള്ള പാര്‍ടികള്‍. പിന്നെ ഇടതുപക്ഷവും. അവര്‍ക്കും ഒരു കൈ നോക്കാനുള്ള സ്വാതന്ത്ര്യം ചെന്നിത്തല കൊടുക്കണം. ചികഞ്ഞുനോക്കുമ്പോള്‍ ചെന്നിത്തലയുടെ പാര്‍ടിയേക്കാള്‍ ആള്‍ക്കൂട്ടവും നയവുമൊക്കെ അവരുടെ കൈയിലുമുണ്ടാകാം. കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ ഏതായാലും ഐക്യം ഗംഭീരമാണല്ലോ. രാംവിലാസ് പാസ്വാന് ബിഹാറില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നു. ഉത്തര്‍പ്രദേശില്‍ അമര്‍സിങ് കോണ്‍ഗ്രസിന്റെ മണ്ഡലത്തില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നു. കര്‍ണാടകത്തില്‍ മഷിയിട്ടുനോക്കിയാലും കോണ്‍ഗ്രസിനെ കാണുന്നില്ല. അടുത്ത പ്രധാനമന്ത്രി രാഹുല്‍ യുവരാജനാകണമെന്ന് പ്രണബ് മുഖര്‍ജി പറയുന്നു. മന്മോഹന്റെ മുഖത്ത് നൈരാശ്യം നിറയുന്നു. കോണ്‍ഗ്രസിന്റെ ജയസാധ്യത തെളിയിക്കുന്ന സംഭവങ്ങളാണല്ലോ ഇതെല്ലാം. അതുകൊണ്ട് സ്വപ്നമത്രയും ചെന്നിത്തലതന്നെ കാണട്ടെ.
*
കേരളത്തില്‍ അതിഗംഭീരമാണ് കോണ്‍ഗ്രസിന്റെ സ്ഥിതി. ചില സാമ്പിള്‍ പത്രവാര്ത്തകളിതാ:
കോണ്‍ഗ്രസ് തമ്മിലടി തെരുവുയുദ്ധമായ ആലപ്പുഴയില്‍ വീണ്ടും ആക്രമണം
കെപിസിസി അംഗം സുനില്‍ജോര്‍ജ് ഉള്‍പ്പെടെ നാലുപേര്‍ക്ക് വെട്ടേറ്റതിനു പിന്നാലെ ആലപ്പുഴ സൌത്ത് ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുനിസിപ്പല്‍ കൌസിലറുമായ സഞ്ജീവ്ഭട്ടി (48)നെ ഒരു സംഘം ആക്രമിച്ചു. കെ സി വേണുഗോപാല്‍ എംഎല്‍എയുടെ അടുത്തയാളും ഐ ഗ്രൂപ്പ് നേതാവുമാണ് ഭട്ട്. -ആലുവയിലെ കോണ്‍ഗ്രസ് നിയോജകമണ്ഡലം യോഗത്തില്‍ കൈയാങ്കളി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എട്ട് മണ്ഡലം പ്രസിഡന്റുമാര്‍ ഡിസിസി പ്രസിഡന്റിന് പരാതിനല്‍കി.
കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍തല്ലി
കാസര്‍കോട് ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പു, ജനറല്‍സെക്രട്ടറി കരിമ്പില്‍ കൃഷ്ണന് തുടങ്ങിയ നേതാക്കള്‍ക്ക് അടിയേറ്റു. ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിന് ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് കൂട്ടത്തല്ല്. -ആലപ്പുഴ എംഎല്‍എ കെ സി വേണുഗോപാലിന്റെ ഗുണ്ടകളാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്കഴിയുന്ന കെപിസിസി അംഗം സുനില്‍ ജോര്‍ജ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിന്റെ പിന്തുണയും ഗുണ്ടകള്‍ക്കുണ്ടായിരുന്നു
സ്വപ്നം കാണാന്‍ പറ്റിയ അവസ്ഥ. ഇത്ര സ്നേഹസുരഭിലമായ സഹവര്‍ത്തിത്വമുള്ള പാര്‍ടിയെ നയിക്കുന്ന ചെന്നിത്തല നാളെ കേരളത്തെയല്ല, ഐക്യരാഷ്ട്രസഭയെത്തന്നെ നയിക്കണം.
*
ചിലരില്‍ പൂത്തുലയുന്നത് ലാവ്ലിന് സ്വപ്നമാണ്. സുനാമിയായി ലാവ്ലിന് വരുന്നെന്നും ഫെബ്രുവരിയില്‍ ചിലതെല്ലാം സംഭവിക്കുമെന്നുമാണ് ഒരു സിന്‍ഡിക്കറ്റ് പത്രത്തിന്റെ സിന്‍ഡിക്കറ്റ് ലേഖകന്‍ കഴിഞ്ഞദിവസമെഴുതിയ മുഖ്യവാര്‍ത്ത. പിണറായി വിജയന് മുഖ്യപ്രതിയാകുമത്രേ. സിപിഐ എമ്മിനെ ഞെട്ടിക്കാനുള്ള പ്രോജ്വല കണ്ടുപിടിത്തം; പ്രവചനം! ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജിലന്‍സ് മുങ്ങിത്തപ്പിയിട്ടും കിട്ടാത്ത ഒന്ന് കണ്ടുപിടിച്ച് പുറത്തിടാനാണല്ലോ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് സിബിഐയെ കൊണ്ടുവന്നത്. അവരും മുങ്ങിത്തപ്പട്ടെ. വേവുന്നതിനുമുമ്പ് കലത്തില്‍ കൈയിടാന്‍ എന്തേ സിന്‍ഡിക്കറ്റുകാര്‍ക്ക് ഇത്ര ആവേശം. സിപിഐ എമ്മിനെ കരുതിയാണെങ്കില്‍ ആ പരിപ്പ് വേവാന്പോകുന്നില്ല എന്നാണ് ശതമന്യുവിന് തോന്നുന്നത്. പണ്ട് വിജിലന്‍സിനെ കൊണ്ടുവന്നതും പിന്നെ സിബിഐയെ ഏല്‍പ്പിച്ചതും വാര്‍ത്തകളെഴുതി കോലാഹലം സൃഷ്ടിച്ചതും അനുബന്ധ കഥകള്‍ പ്രചരിപ്പിച്ചതും എന്തിനുവേണ്ടിയാണെന്ന് നന്നായി സിപിഐ എമ്മുകാര്‍ക്കറിയാം; ഇന്നാട്ടിലെ സാധാരണക്കാര്ക്കെല്ലാമറിയാം. കറുത്തവാവ് അടുക്കുമ്പോള്‍ ചില ജീവികളില്‍ കാണുന്ന അസുഖം പോലെയുള്ള ഒന്നാണിത്. പാര്‍ടി സമ്മേളനം, പാര്‍ടി ജാഥ, തെരഞ്ഞെടുപ്പ് കാലങ്ങളിലാണ് രോഗം മൂര്‍ഛിക്കുക. കോണ്‍ഗ്രസ് നയിക്കുന്ന ഭരണത്തിനുകീഴിലുള്ള അന്വേഷണ ഏജന്‍സി സിപിഐ എം നേതൃത്വത്തെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കില്ലെന്നും നന്നായറിയാം.
രാഷ്ട്രീയത്തില്‍ രാഷ്ട്രീയത്തിന്റെ വഴിയുമുണ്ട്; വൃത്തികേടിന്റെ വഴിയുമുണ്ട്. രണ്ട് വഴിയിലുമുള്ള ആക്രമണങ്ങളെ സിപിഐ എം നേരിട്ടിട്ടുമുണ്ട്. എ കെ ജിയെ ഗുണ്ടാത്തലവനെന്നും ഇ എം എസിനെ തട്ടിപ്പുകാരനെന്നും വി എസിനെ വെട്ടിനിരത്തല്‍ വീരനെന്നും വിളിക്കുകമാത്രമല്ല അവരെക്കുറിച്ച് നിറംപിടിപ്പിച്ച നുണക്കഥകള്‍ നാടാകെ പ്രചരിപ്പിക്കുകയുംചെയ്തവരാണ് ഇക്കൂട്ടര്‍. അത്തരക്കാരില്‍നിന്ന് ഇന്നത്തെ പാര്‍ടി നേതൃത്വത്തിന് നന്മ ലഭിക്കുമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടോ ആവോ. വൃത്തികേടിന്റെ വഴിയിലൂടെ ആരെങ്കിലും ആക്രമിച്ചാല്‍ ഒലിച്ചുപോകുന്ന നേതാക്കള്‍ സിപിഐ എമ്മിലുണ്ടെന്ന് കരുതുന്നവര്‍ക്ക് വിശാലവണക്കം. ആര്‍എസ്എസുകാരന്റെ വിഷംപുരട്ടിയ കോടാലിയും കോണ്‍ഗ്രസ് നേതാവ് കൊടുത്തയച്ച പിസ്റ്റളും കെട്ടിച്ചമച്ച ആരോപണങ്ങളും ചെയ്യുന്നത് ഒരേ ധര്‍മംതന്നെ. അവയ്ക്കുമുന്നിലെല്ലാം പകച്ചുനിന്നിരുന്നുവെങ്കില് സിപിഐ എം എന്നേ ഒലിച്ചുപോയേനെ..
സിന്ഡിക്കറ്റുകാരേ..... അല്‍പ്പം ചരിത്രം പഠിക്കൂ....... അല്ലെങ്കില്‍ കാത്തിരിക്കൂ, ക്രൈം കുമാരന് ഡിജിപി പട്ടം കിട്ടുന്നതുവരെയെങ്കിലും.....
5 comments:
പണ്ട് കാക്കശ്ശേരി ഭട്ടതിരിയെ കാണാതായി. കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉദ്ദണ്ഡന് ഒരു ഉപായം തോന്നി. മൂന്നു വരിയുള്ള ഒരു ശ്ലോകമെഴുതി നാലാമത്തെ വരി പൂരിപ്പിക്കാന്‍ ആളുണ്ടോ എന്ന് നാടാകെ വിളംബരംചെയ്തു. ആകാശത്തില്‍ സഞ്ചരിക്കുന്നത് ഏത്; ആരാണ് രമ്യയായവള്‍; എന്താണ് ജപിക്കേണ്ടത്; അലങ്കാരം എന്ത്; ആരെ വന്ദിക്കണം; ലങ്ക എപ്രകാരം ഉള്ളത് എന്നിങ്ങനെ ആറ് ചോദ്യങ്ങളാണ് മൂന്നുവരിയില്‍. നാലാമത്തെ വരിയില്‍ ഇവയ്ക്കെല്ലാമുള്ള ഉത്തരമായിരിക്കണം എന്നാണ് നിബന്ധന. ഉപായം ഫലിച്ചു. നാലാംവരി അതിവേഗം വന്നു. 'വീരമര്‍ക്കട കമ്പിതാ' എന്നായിരുന്നു അത്. വി എന്നാല്‍ പക്ഷി. രമ (ഭഗവതി) ഋക്ക് (ഋഗ്വേദം) കടകം (തള), പിതാ (അച്ഛന്), ലങ്ക (വീരമര്‍ക്കട കമ്പിതം-ഹനുമാനാല്‍ വിറയ്ക്കപ്പെട്ട ദേശം) എന്നിങ്ങനെ എല്ലാ ഉത്തരങ്ങളും അടങ്ങുന്ന ആ ഒരു വരി എഴുതിയയാള്‍ സാക്ഷാല്‍ കാക്കശ്ശേരിയായിരുന്നു. ആളെ കൈയോടെ പിടികൂടാന്‍ ചെലവായത് മൂന്നുവരി.
അതുപോലെ നമ്മുടെ രമേശ് ചെന്നിത്തലയെ കുറച്ചുകാലത്തേക്ക് കാണാതായെന്നിരിക്കട്ടെ. കണ്ടെത്താന്‍ ഏതുമില്ല പ്രയാസം. ഒരാഴ്ചത്തെ മലയാളപത്രം എടുക്കണം. അതില്‍ ഏറ്റവും യുക്തിഹീനവും അബദ്ധജടിലവുമായ പ്രസ്താവന ഏതെന്നു നോക്കണം. പ്രസ്താവന വന്നിടത്തേക്ക് ഒരു വണ്ടിപിടിച്ചു ചെന്നാല്‍ അവിടെയുണ്ടാവും ചെന്നിത്തല.
അല്ല ഉള്ളത് പറഞ്ഞാല്‍,ഈ ഫെബ്രുവരിയില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ സംഭവിച്ചു എന്നിരിക്കട്ടെ. താങ്കള്‍ അതിനെ കുറിച്ചെന്തെഴുതും?
പ്രതിപക്ഷത്തെ വകക്ക് കൊള്ളില്ലെന്നും, ഒരു ക്രൌഡ് പുള്ളര്‍ പുറത്ത് നില്‍പ്പുണ്ടെന്നും ഉപയോഗിക്കുന്നില്ലെന്നും പറഞ്ഞ കരുണ്ജിയുടെ വിമര്‍ശനത്തെ പോസ്റ്റിറ്റീവ് ആയി എടുത്ത ചെന്നിത്തലയെത്തന്നെ കളിയാക്കണം. കോണ്‍ഗ്രസ്സിനെക്കുറിച്ച് ശതമന്യുവിനു ഒരു ചുക്കും അറിയില്ല. അടിക്കുംതോറും യോജിക്കുകയും യോജിക്കും തോറും അടിക്കുകയും ചെയ്യുന്ന ഒരു വല്ലാത്ത പാര്‍ട്ടിയാണത്. ‘സത്യ‘മുള്ള പാര്‍ട്ടി.
അനോണി വെയിറ്റ് പ്ലീസ്. ഫിബ്രവരി വന്നോട്ടെ.
രാജ്യസഭാ സീറ്റ്: പത്മജ സോണിയയെ കാണും
ന്യൂഡല്‍ഹി: സംസ്ഥാനത്തു നിന്നും യു.ഡി.എഫിന് ഒഴിവുള്ള രാജ്യസഭാ സീറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന് നല്‍കണമെന്ന് പത്മജ വേണുഗോപാല്‍ ഇന്ന് സോണിയ ഗാന്ധിയെ കാണും. സീറ്റ് ആവശ്യപ്പെട്ട് കെ.എം മാണിയും സോണിയ ഗാന്ധിയെ കാണുന്നുണ്ട്.
അച്ഛന്റെ മകള്‍. മകളുടെ അച്ഛന്.
ശതമന്യു മനോരമയും മാത്ര്ഭൂമിയും മാത്രമേ വായിക്കാറുള്ളൂ?ചുവന്ന മഷികൊണ്ട് എഴുതി ചോരയാണെന്ന് പറയുന്ന “നേര് അറിയിക്കുന്ന, നേരത്തെ അറിയിക്കുന്ന” പത്രങ്ങളും, ചെങ്കൊടിയ്ക്ക് ജെയ് വിളിയ്ക്കുന്ന ചുകന്ന ചാനലുകളേയും കുറിചും എന്തെങ്കിലും ഒക്കെ എഴുതണെ...
Post a Comment