Monday, October 6, 2008

ആണവക്കല്യാണം

മന്‍മോഹന്‍സിങ് വാഷിങ്ടണില്‍ ചെന്ന് പാടുകിടന്നിട്ടും നടക്കാത്ത കാര്യം കോണ്ടലീസ റൈസ് ഡല്‍ഹിയില്‍ വന്ന് ചുളുവില്‍ സാധിച്ചുകളയുമെന്ന് കരുതിയതാണ്. റൈസ് വരുന്നു; പ്രണബ് മുഖര്‍ജി സ്വീകരിക്കുന്നു; രണ്ടുപേരും ഒരു മേശയ്ക്കപ്പുറവുമിപ്പുറവുമിരുന്ന് ചിരിക്കുന്നു; എണീറ്റു നിന്ന് ഹസ്തദാനം നടത്തുന്നു; കടലാസ് ഒപ്പിട്ട് പരസ്പരം കൈമാറുന്നു; മന്‍മോഹനും സോണിയാജിയും അതുകണ്ട് കൈയടിക്കുന്നു; ഇന്ത്യ ആണവസ്വര്‍ഗമായി എന്നവര്‍ പ്രതികരിക്കുന്നു- കരാര്‍ അതോടെ നടപ്പാക്കിത്തുടങ്ങും എന്നാണ് കോത്താഴം ടൈംസിന്റെ ആസ്ഥാന ലേഖകന്‍ മനസ്സിലാക്കിയത്. അതിനൊപ്പിച്ചുള്ള അഡ്വാന്‍സ് വാര്‍ത്ത, തലക്കെട്ട്, ചിത്രങ്ങള്‍, സ്പെഷ്യല്‍ പേജുകള്‍, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പരസ്യങ്ങള്‍ എന്നിത്യാദി കാര്യങ്ങള്‍ കോത്താഴത്തെ ആപ്പീസില്‍ തയ്യാറാക്കി വച്ചതുമാണ്.

ഈ കരാറെന്നൊക്കെ പറയുന്നത് ഒരു പെണ്ണുകാണല്‍പോലെയാണ്. ആദ്യം പെണ്ണിനെ ദൂരെനിന്ന് കാണും. പിന്നെ നാട്ടുകാരോട് അന്വേഷിക്കും. അതുകഴിഞ്ഞ് പെണ്ണുകാണാന്‍ ചെറുക്കനും ചങ്ങാതിമാരും ചെല്ലും; പിന്നെ ചെറുക്കന്‍ വീട്ടുകാര്‍. അവര്‍ താല്‍പ്പര്യമറിയിച്ചാല്‍ തിരിച്ചങ്ങോട്ട് അന്വേഷണം; സന്ദര്‍ശനം. എല്ലാംകൂടി ആറേഴുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നശേഷമാകും നിശ്ചയവും ഉറപ്പിക്കലുമെല്ലാം. അവസാനം ആദ്യരാത്രിയാണറിയുക, പെണ്ണ് ഉറക്കത്തില്‍ എണീറ്റു നടക്കുന്നവളാണെന്നും ചെറുക്കന് കിറുക്കുണ്ടെന്നും മറ്റും. ഇതൊക്കെ നാട്ടില്‍ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍. അതുപോലെതന്നെയാണ് ഇവിടെ ആണവ കരാറിന്റെ കാര്യവും. ഇരുവീട്ടുകാരും ഇപ്പോള്‍ പലവട്ടം പരസ്പരം സന്ദര്‍ശിച്ച് ചായയും മിക്സ്ചറും കഴിച്ചുകഴിഞ്ഞു. ഇനി ഉറപ്പിക്കലാണ്. അതിനാണ് മന്‍മോഹന്‍ജി വിമാനം കയറി അങ്ങോട്ടുചെന്നത്. അവിടത്തെ നാട്ടുനടപ്പ് വേറെയാണത്രേ. 'ഞങ്ങള്‍ അങ്ങോട്ടുവന്ന് ഉറപ്പിച്ചോളാം' എന്നാണ് തറവാട്ടുകാരണവരായ ജോര്‍ജ് ബുഷ് പറഞ്ഞത്. അങ്ങനെയാണ് റൈസ് മാഡത്തിനെ ഡല്‍ഹിക്കയച്ചത്. ഇപ്പോള്‍ പറയുന്നു, ഇനിയും അവിടത്തെ കാരണവര്‍ സമ്മതം മൂളിയിട്ടില്ല, ഉറപ്പിക്കല്‍ അതുകഴിഞ്ഞാകാം എന്ന്. ഡല്‍ഹിയില്‍ മന്‍മോഹന്റെയും സോണിയാ മാഡത്തിന്റെയും ക്ഷമ കെടുകയാണ്.

'എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും,
കൃഷ്ണ കൃഷ്ണ നിരൂപിച്ചുകാണുമ്പോള്‍
തൃഷ്ണകൊണ്ടേ ചലിക്കുന്നിതൊക്കെയും'

എന്നാണ് പൂന്താനം പാടിയത്.

ആ തൃഷ്ണയല്ല ഈ തൃഷ്ണ. ഇവിടെ സര്‍ക്കാരിന്റെ കാലാവധിയാണ് എണ്ണിയെണ്ണിക്കുറയുന്നത്. ഇനി കഷ്ടിച്ച് മാസങ്ങള്‍മാത്രം. എന്നാലോ, ഒരു കുന്നോളം മോഹങ്ങള്‍ ഉള്ളിലുണ്ട്. മനസ്സില്‍ ആ കാമുകന്റെ രൂപംമാത്രമാണ്. കാണാന്‍ നല്ല കിനാവുകള്‍കൊണ്ട് കണ്ണാടിമാളിക തീര്‍ത്ത്, ആ മാളികയുടെ മുറ്റം നിറയെ മുന്തിരിവള്ളി പടര്‍ത്തി കാമുകസമാഗമം കാത്തിരിക്കുന്ന പൂവാകപോലത്തെ കുഞ്ഞുണ്ണൂലിക്ക് മനസ്സ് നിയന്ത്രിക്കാനാകുന്നില്ല.

ആണവകരാര്‍ വന്നാല്‍, ഇന്ത്യയില്‍ കുറെ ആണവോര്‍ജനിലയം സ്ഥാപിക്കാന്‍ അമേരിക്ക എന്തരൊക്കെയോ യന്ത്രങ്ങളും അതിലിട്ട് കത്തിക്കാനുള്ള 'കരി'യും തരും, അതോടെ എ കെ ബാലന്റെ വൈദ്യുതിവകുപ്പില്‍ സകലമാന വിളക്കും അണുശക്തികൊണ്ട് കത്തും എന്നൊക്കെയാണ് നമ്മുടെ ചെന്നിത്തല മനസ്സിലാക്കിയിരിക്കുന്നത്. ഇതുവരെ അമേരിക്ക തരാത്തത് ഇനി തരുമ്പോള്‍ ഇടതുപക്ഷത്തിന് കണ്ണുകടിയാണെന്നും അതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ കൊടിപിടിച്ച് കരിദിനം ആചരിക്കുന്നതെന്നും ടിയാന്‍ മനസ്സിലാക്കിയിട്ടുണ്ട്. രണ്ടാംക്ളാസിലെ കുട്ടിക്ക് എംഎക്കാരന്റെ സിലബസ് പഠിക്കാന്‍ കൊടുക്കുമ്പോള്‍ പലതും സംഭവിക്കും. അതിന് കുട്ടിയെ പഴിച്ചിട്ട് കാര്യമില്ല. ആണവകരാര്‍ എന്നാല്‍ ഒന്നാന്തരമൊരു കച്ചവടമാണെന്ന് മനസ്സിലാകാത്തവരാണ് ബുഷിനെ പ്രണയിക്കുന്ന മന്‍മോഹനെ വാഴ്ത്തുന്ന കോത്താഴം ടൈംസില്‍ ഇരിക്കുന്നത്. 'ചെമ്പിലൊരമ്പഴക്കായ പുഴുങ്ങി ചേറ്റില്‍ വിളമ്പിത്തന്നാലും' രുചിയോടെ ഭുജിക്കുന്ന അവര്‍ പറയും, ആണവം എന്നാല്‍ ഇന്ത്യയുടെ രക്ഷാ മന്ത്രമെന്ന്. സ്ത്രീധന നിരോധമുള്ളതുകൊണ്ട്, കൊടുക്കലും വാങ്ങലും പുറത്തുപറയരുതെന്നാണ് വിവാഹസിദ്ധാന്തം. അതുകൊണ്ട്, എല്ലാം രഹസ്യമാണ്.

കരാര്‍ ഒപ്പിടുംമുമ്പേ ഇന്ത്യ രേഖാമൂലം ഉറപ്പുനല്‍കിയ ഒരു കാര്യം പത്ത് റിയാക്ടര്‍ വാങ്ങാമെന്നാണ്. ഈ റിയാക്ടറുകളുടെ വില 2.8 ലക്ഷം കോടി രൂപ. ഇന്ത്യാ രാജ്യത്തിന്റെ ഒരുകൊല്ലത്തെ ചെലവിനായി ചിദംബരം സ്വാമി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റ് തുകയുടെ പകുതിയേ വരൂ ഇത്. അതുകൊണ്ടാണ്, ആണവകരാറിലൂടെ ഇന്ത്യയെ വില്‍ക്കുന്നു എന്ന ഇടതന്മാരുടെ വാക്കിന് ശതമന്യു വില നല്‍കാത്തത്. മുഴുവനായി വില്‍ക്കുന്നില്ലല്ലോ, മറിച്ചു മുറിച്ച് പതുക്കയല്ലേ വില്‍പ്പന. പാവം ബുഷ് സായ്പ്പ്. ആണവമെന്നൊക്കെ പറഞ്ഞാല്‍ അമേരിക്കക്കാര്‍ക്ക് കലിയാണ്. പത്തുമുപ്പതുകൊല്ലമായി ഒരൊറ്റ റിയാക്ടര്‍ അമേരിക്കയുടെ മണ്ണില്‍ സ്ഥാപിച്ചിട്ടില്ല. 1979ലാണ് അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡിലുള്ള കൂറ്റന്‍ ആണവനിലയത്തില്‍ അപകടമുണ്ടായത്. അതോടെ, അവിടത്തുകാര്‍ തീരുമാനിച്ചു, തങ്ങള്‍ക്ക് ഇനി ആണവോര്‍ജം കൂടുതല്‍ വേണ്ടെന്ന്. അമേരിക്കയില്‍ ഈ ബിസിനസ് നടത്തുന്ന അനവധി കമ്പനികളുണ്ട്. അവ നിര്‍മിക്കുന്ന റിയാക്ടറുകള്‍ വിറ്റഴിക്കണം. അവിടെയുള്ള യുറേനിയവും വിറ്റുതീര്‍ക്കണം. വില്‍ക്കണമെന്ന് കരുതിയാല്‍ പോരല്ലോ. വാങ്ങാന്‍ ആളുവേണ്ടേ. അതിനാണ് മന്‍മോഹനുനേരെ കടക്കണ്ണെറിഞ്ഞത്.

'ഒരിക്കല്‍ നീയെന്‍ കുളിര്‍ക്കിനാവില്‍ നിറഞ്ഞുനിന്നില്ലേ,
വസന്തമായ് ഞാന്‍ നിന്‍ മണിയറയില്‍ വിരുന്നുവന്നില്ലേ'

എന്നൊക്കെ സായ്പ്പ് പാടിയപ്പോള്‍ മനോമോഹന്റെ മനസ്സിളകി. അല്ലെങ്കിലും, ഇന്ത്യ പണ്ട് സ്വന്തമായി യുറേനിയം കുഴിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ വിലക്കുമായി എത്തിയത് ഇതേ മനോമോഹനനാണ്-1992ല്‍. അന്ന് തലേക്കെട്ടില്‍ ഇന്ത്യയുടെ ധനകാര്യമന്ത്രിസ്ഥാനമായിരുന്നു. റിയാക്ടര്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റിങ് ഹൌസ് തുടങ്ങിയവ നന്നായിക്കാണാന്‍ പഴയ ലോകബാങ്കുദ്യോഗസ്ഥനായ മന്‍മോഹനല്ലെങ്കില്‍ മറ്റാര്‍ക്കാണ് ആഗ്രഹമുണ്ടാവുക?

*

വെടിക്കെട്ടുകാരന്റെ കുഞ്ഞിന് ഉടുക്കുകൊട്ട് കേട്ടാല്‍ ചിരിവരും. വല്യ വല്യ ന്യൂക്ളിയര്‍ റിയാക്ടറുകള്‍ക്കിടയിലാണോ ചെറിയ തീപ്പെട്ടിപോലത്തെ നാനോ കാറിന്റെ കാര്യം.

അതുകൊണ്ടാണ് പശ്ചിമബംഗാളില്‍ ബുദ്ധദേവന്‍ കാര്‍ഫാക്ടറിയുംകൊണ്ട് ഇനിമേലില്‍ നടക്കേണ്ടതില്ല എന്ന് സോണിയാ മാഡവും മമതാ ദീതിയും ചേര്‍ന്നങ്ങ് തീരുമാനിച്ചുകളഞ്ഞത്. ടാറ്റാ നാടന്‍ മുതലാളി. എന്നുവച്ചാല്‍ ദേശീയ ബൂര്‍ഷ്വാസി. അയാള്‍ എന്തരിനാണ് ബുദ്ധദേവന്റെ ബംഗാളില്‍ കൊണ്ടുചെന്ന് കമ്പനി സ്ഥാപിക്കണത്? ദേശീയ ബൂര്‍ഷ്വാസി എന്നുവച്ചാല്‍ നമ്മുടെ ആളല്ലേ. അങ്ങേര്‍ക്കെന്താണ് മാര്‍ക്സിസ്റ്റുകളുമായി ബന്ധം? വേറെയെവിടെ വേണമെങ്കിലും കമ്പനി വയ്ക്കാം, ഭൂമി പിടിച്ചെടുക്കുകയോ പിടിക്കാതെ അളന്നുതിരിച്ച് സ്വന്തമാക്കുകയോ ചെയ്യാം. ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളില്‍മാത്രം വ്യവസായം തുടങ്ങാന്‍ പാടില്ല. അഥവാ തുടങ്ങിയാല്‍ ഞങ്ങള്‍ സമരിച്ച് പൂട്ടിക്കും. ഞങ്ങള്‍ നേരിട്ടുവന്നില്ലെങ്കില്‍ പുലിയായോ പാമ്പായോ നക്സലായോ ഗീതാനന്ദനായോ വരും. മാര്‍ക്സിസ്റ്റുകാര്‍ക്കെന്തിനാണ് വ്യവസായം? അവര്‍ക്ക് കട്ടന്‍ചായ, പരിപ്പുവട, ദിനേശ് ബീഡി- അത്രയും മതി. വ്യവസായം വല്ല ആന്ധ്രയിലോ കര്‍ണാടകത്തിലോ വരട്ടെന്നേ. അന്‍പുമണിയുടെ പുകവലിനിരോധം വന്നതുകൊണ്ട് എവിടെ പുക ഉയരുന്നതുകണ്ടാലും പിടിക്കപ്പെടുമെന്നായി. നാനോ കാറിന്റെ പുകക്കുഴലുകണ്ടിട്ടാകണം മാഡവും ദീതിയും തോളോടുതോള്‍ ചേര്‍ന്ന് പൊലീസുകളിച്ചത്. നാനോ പോയാല്‍ മമതയ്ക്കെന്ത്. എന്തുതന്നെയായാലും ബംഗാളില്‍ മാര്‍ക്സിസ്റ്റ് ക്രൂരന്മാര്‍തന്നെ ഇനിയും ജയിക്കും.

ധര്‍മം കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കണമെന്നാണല്ലോ ആപ്തവാക്യം. ആടിയ കാലും പാടിയ നാവും വെറുതെ പിന്നെയിരിക്കില്ല. മമത ഇനിയും പാടും; ആടും. അതും ഒരു പൊതുപ്രവര്‍ത്തനമാണല്ലോ.

*

വാല്‍ക്കഷണം:

എം എന്‍ വിജയന്‍ അനുസ്മരണത്തിന് അധിനിവേശക്കാര്‍ ചേരിതിരിഞ്ഞു എന്ന് വാര്‍ത്ത. പാഠം സുധീഷ് ചിലതെല്ലാം 'വെളിപ്പെടുത്തി'. കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര തുടങ്ങിയ 'ശിഷ്യഗുണങ്ങള്‍' ഒത്തുചേരുമ്പോള്‍ ഇനിയും ചില വെളിപ്പെടുത്തലുകള്‍ വരാനുണ്ട്. കല്ലെറിഞ്ഞ് ആരും കടന്നലിനെ ഇളക്കാതിരുന്നെങ്കില്‍!

6 comments:

ശതമന്യു said...

ഈ കരാറെന്നൊക്കെ പറയുന്നത് ഒരു പെണ്ണുകാണല്‍പോലെയാണ്. ആദ്യം പെണ്ണിനെ ദൂരെനിന്ന് കാണും. പിന്നെ നാട്ടുകാരോട് അന്വേഷിക്കും. അതുകഴിഞ്ഞ് പെണ്ണുകാണാന്‍ ചെറുക്കനും ചങ്ങാതിമാരും ചെല്ലും; പിന്നെ ചെറുക്കന്‍ വീട്ടുകാര്‍. അവര്‍ താല്‍പ്പര്യമറിയിച്ചാല്‍ തിരിച്ചങ്ങോട്ട് അന്വേഷണം; സന്ദര്‍ശനം. എല്ലാംകൂടി ആറേഴുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നശേഷമാകും നിശ്ചയവും ഉറപ്പിക്കലുമെല്ലാം. അവസാനം ആദ്യരാത്രിയാണറിയുക, പെണ്ണ് ഉറക്കത്തില്‍ എണീറ്റു നടക്കുന്നവളാണെന്നും ചെറുക്കന് കിറുക്കുണ്ടെന്നും മറ്റും.....

ശ്രീവല്ലഭന്‍. said...

:-)

A Cunning Linguist said...

കൂടുതല്‍ പറയുന്നില്ല... ടൈമില്ല... ഉടനെ വരാം... കമന്റ് ട്രാക്കാനും വീണ്ടും വരാനും ഒരു കമന്റ്... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആണവക്കല്ല്യാണം :)

ആ ഹസ്തദാനം ഒന്നൊന്നര ആയിരുന്നില്ലേ

മൂര്‍ത്തി said...

പെണ്ണിനു ജീവിതകാലം മുഴുവന്‍ ചിലവിനു കൊടുക്കാനൊന്നും ബാധ്യതയില്ലെന്ന് ചെറുക്കന്‍ പറഞ്ഞോ? ഞാനുണ്ടില്ലെങ്കിലും നിന്നെ ഊട്ടാം എന്നത് നിയമപരമായി ബാധ്യത ഇല്ലാത്ത വാചകമാണെന്ന്. പിന്നെ പെണ്ണിന്റെ വീട്ടുകാരുടെ അയല്‍‌വക്കക്കാരുമായുള്ള ഇടപെടല്‍ പയ്യന്റെ വീട്ടുകാരുടെ താല്പര്യത്തിനു യോജിച്ചതായിരിക്കണം എന്നൊക്കെ പറഞ്ഞെന്നും കേള്‍ക്കുന്നു. 13നല്ലേ മിന്നുകെട്ട്?

ശതമന്യു പോകുന്നുണ്ടോ?

ജിവി/JiVi said...

പെണ്ണിന്റെ പൊന്നും പണവും അടിച്ചെടുത്തിട്ട് മൊഴിചൊല്ലാവുന്ന വിധത്തിലുള്ള വിവാഹനിയമം ഉണ്ടാക്കിയിട്ടുണ്ടല്ലോ.