പേരിലെന്തിരിക്കുന്നു എന്നു മാത്രം ചോദിക്കരുത്. എരണ്ട കൂവുമ്പോലെ സംസാരിക്കുന്ന സുഭാഷിണിയെയും കുഞ്ഞാലിക്കുട്ടിയെ നോക്കുമ്പോള്‍ അഹമ്മദ് സാഹിബിനെ കാണുംവിധം കടുത്ത കോങ്കണ്ണുള്ള സുലോചനയെയും ബലാത്സംഗക്കുറ്റത്തിന് ജയിലില്‍കഴിയുന്ന സുഗുണനെയുമെല്ലാം നാം കാണാറുണ്ട്. പേരും ആളും തമ്മിലോ വാക്കും പ്രവൃത്തിയും തമ്മിലോ വേണ്ടുന്ന ബന്ധത്തെക്കുറിച്ച് ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ല. അല്ലെങ്കിലും, രമേശ് ചെന്നിത്തല അഴിമതിക്കെതിരെയും എല്‍ കെ അദ്വാനി മതനിരപേക്ഷതയെക്കുറിച്ചും രാഹുല്‍ ഗാന്ധി ബുദ്ധിസാമര്‍ഥ്യത്തെക്കുറിച്ചുമെല്ലാം പറയുന്നത് നാം കേള്‍ക്കാറുണ്ടല്ലോ. ഇക്കഴിഞ്ഞ ദിവസം മന്മോഹന് സിങ് 'കടിഞ്ഞാണില്ലാത്ത ആഗോളവല്‍ക്കരണം' ആപത്താണെന്നു പറയുന്നതും കേട്ടു. ഇങ്ങനെയുള്ള കാലത്ത്, പട്ടിയെ ഓടിച്ചു വെട്ടിക്കൊല്ലുന്ന കൂട്ടര്‍ക്ക് ദേശീയ വികസന മുന്നണി എന്ന പേരുകേള്‍ക്കുമ്പോള്‍ ആരുംതന്നെ അതിശയിക്കാത്തത് നാം ഭാരതീയരും എല്ലാ ഭാരതീയരും നമ്മുടെ സഹോദരീ സഹോദരന്മാരുമായതുകൊണ്ടാണ്. പണ്ട് ഇന്ദിരാഗാന്ധി 'ഗരീബി ഹഠാവോ ' എന്നും സോഷ്യലിസം എന്നും പറഞ്ഞത് കേട്ടുനിന്ന ഭാരതീയര്‍ക്ക് അതിനേക്കാള്‍ വലിയ അനുഭവം ഉണ്ടാകാനില്ലല്ലോ.
നമ്മുടെ ദേശീയ വികസനമുന്നണിക്ക് ചുരുക്കപ്പേരുമുണ്ട്-എന്‍ഡിഎഫ്. 1993ല്‍ ജനനം. ബാബറി മസ്ജിദ് പൊളിക്കാനുള്ള തൂമ്പയും കൂന്താലിയുമായി അയോധ്യക്കുപോയി മടങ്ങുന്ന കര്‍സേവകര്‍ കോഴിക്കോട്ട് റെയില്‍വെ സ്റ്റേഷനില്‍ നിക്ഷേപിച്ച വിത്താണ് പിന്നീട് എന്‍ഡിഎഫ് എന്ന പേരുസ്വീകരിച്ച് വളര്‍ന്നുവലുതായതെന്നു ചരിത്രം. ആദ്യമാദ്യം കുറച്ചു പിള്ളാരാണ് കൂടെയുണ്ടായിരുന്നത്. പിന്നെ പണം വന്നു, ആളുവന്നു, പൊന്നുവന്നു, മോട്ടോര്‍ സൈക്കിളുകള്‍ വന്നു. ആടുകള്‍ ഏതുകാടും കടിക്കും. തമ്പുരാന്റേതാണെന്നോ ചെറുമന്റേതാണെന്നോ അതിനു നോട്ടമുണ്ടാകില്ല. അങ്ങാടിയാടിനെപ്പോലെ കാണുന്ന എല്ലാറ്റിലും കടിച്ച് എന്‍ഡിഎഫും ചവച്ചരച്ച് വളര്‍ന്നു. മുസ്ലിംപെണ്‍കുട്ടിയെ ഹിന്ദുപയ്യന്‍ പ്രേമിച്ചുവെന്നറിഞ്ഞാല്‍ അവനെ കടലില്‍ മുക്കിക്കൊന്നുകളയും. സിനിമാശാലകള്‍ കത്തിക്കും; ടിവികള്‍ തല്ലിപ്പൊളിക്കും. രാത്രികാലത്ത് അടിതട പഠനം. പകല്‍ ഹണ്‍ഡ്രഡ് സിസി ബൈക്കില്‍ ചെത്തിനടപ്പ്. കത്തി, കൊടുവാള്, ബോംബുകള്‍, ആനകള്‍, കൊടിതോരണം, നാനാഗാനങ്ങളാര്‍പ്പട്ടഹാസവുമായി പട്ടിപിടിത്തക്കാര്‍ വളരുമ്പോള്‍ മുസ്ലിം ലീഗ് കൊതിയോടെ നോക്കിനിന്നു. നാദാപുരത്ത് ലീഗ് ബലാത്സംഗക്കഥയുണ്ടാക്കി വോട്ടുതട്ടി, ആ സങ്കല്‍പ്പകഥയിലെ വില്ലനാക്കി പാവമൊരു പയ്യനെ വെട്ടിക്കൊന്ന് എന്‍ഡിഎഫ് കൈയറപ്പ് തീര്‍ത്തു.
ആര്‍എസ്എസ് കൊല്ലുമ്പോള്‍ എന്‍ഡിഎഫ് തിന്നും. ഗാന്ധിയെ ഞങ്ങള്‍ കൊന്നില്ലെന്ന് ആര്‍എസ്എസ് പറഞ്ഞു, തങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഭക്ഷിക്കുന്ന പച്ചപ്പാവങ്ങളാണെന്ന് എന്‍ഡിഎഫ് പറയുന്നു. ഇടയ്ക്കിടയ്ക്ക് ഉറക്കമുണരുമ്പോള്‍ മുസ്ലിം ലീഗ് ചില തമാശകള്‍ പറയാറുണ്ട്. അതില്‍ ഒന്ന് 'തീവ്രവാദികളെ ശരിപ്പെടുത്തിക്കളയും' എന്നാണ്. അങ്ങനെ, കണ്ണൂരിലെ ലീഗിന്റെ ശക്തികേന്ദ്രത്തില്‍ 'ശരിപ്പെടുത്തി' ലീഗ് ഒന്നാകെ എന്‍ഡിഎഫായിപ്പോയി. അവിടെ മാത്രമല്ല, മറ്റു പലേടത്തും പരിണാമം ഡാര്‍വിനെ ധിക്കരിച്ച് നടന്നു. എന്‍ഡിഎഫിന്റെ പേര് ലീഗ് മിണ്ടാറില്ല; കോണ്‍ഗ്രസ് അങ്ങനെയൊരു പേര് കേട്ടിട്ടേയില്ല.
എന്‍ഡിഎഫിനിപ്പോള്‍ പ്രായപൂര്‍ത്തിയായി. നാട്ടിലെ ചില്ലറ പരിപാടികള്‍ മടുത്തു. ബൈക്കില്‍ പാഞ്ഞ് പട്ടിയെ വെട്ടിക്കൊന്നിട്ടും സ്വന്തം കഴുത്തില്‍ മുറിവുണ്ടാക്കി ചോരകണ്ട് അറപ്പുതീര്‍ത്തിട്ടും ചില്ലറ നാടന്‍ബോംബും പൈപ്പ് ബോംബുമുണ്ടാക്കിയിട്ടും വാളുവീശി തലകൊയ്തിട്ടുമൊന്നും വലിയ കാര്യമില്ലെന്ന് തോന്നിത്തുടങ്ങി. ഇനി അല്‍പ്പം വിദേശക്കളിയാകാമെന്നാണ് വച്ചത്. ഇവിടെ പണിയില്ലാതെ കറങ്ങുന്ന പിള്ളാര്‍ക്കാണോ പഞ്ഞം. അവരെ പിടിച്ചുകൊണ്ടുപോയാല്‍ ആര് ചോദിക്കാന്‍. അഥവാ ചോദിച്ചാല്‍ ഖുര്‍ ആന്‍ പഠിപ്പിച്ച് നല്ലകുട്ടിയാക്കാന്‍ കൊണ്ടുപോവുകയാണെന്ന് പറയാം. പാവപ്പെട്ട ഉമ്മമാര് വിശ്വസിച്ചുകൊള്ളും. അങ്ങനെയാണ് ഫയാസിനെയും റഹിമിനെയുമൊക്കെ പിടിച്ച് കശ്മീരിലേക്ക് കൊണ്ടുപോയത്. നാട്ടിലെ പട്ടിപിടിത്തത്തിനുപകരം കശ്മീരില്‍ തോക്കുപിടിച്ച് പട്ടാളക്കാരെ വെടിവച്ചുകൊല്ലുന്ന പണി. പിടിച്ചാല്‍ സയനൈഡ് ശരണം. വെടികൊണ്ടാല്‍ അജ്ഞാതജഡമായി അവിടെ കിടക്കും. എന്‍ഡിഎഫ് സ്വകാര്യം പറയുന്നത്, 'കുട്ടികള്‍ വിശുദ്ധ യുദ്ധത്തിന് ' പോയി എന്നാണ്. ആര്‍ക്കുവേണ്ടിയാണ് യുദ്ധമെന്നതിന് ഉത്തരമില്ല. ഇവിടെ, എന്‍ഡിഎഫിന്റെ 'യുദ്ധം'കൊണ്ട് ഏതെങ്കിലും ഇസ്ലാമികവിശ്വാസി സംഘപരിവാറിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടോ? കശ്മീരിലെ യുദ്ധംകൊണ്ട് കണ്ണൂരിലെ ബാപ്പയും ഉമ്മയും കഞ്ഞികുടിച്ച് സമാധാനത്തോടെ കിടന്നുറങ്ങിയിട്ടുണ്ടോ? ഇതൊക്കെ വെറുതെ ചോദിക്കാമെന്നു മാത്രം. പണം വേണ്ടുവോളം വരുന്നുണ്ട്. അത് കണ്ട് പ്രലോഭിക്കാന്‍ ആളെയും കിട്ടുന്നുണ്ട്. കൊലപാതകം, റിക്രൂട്ട്മെന്റ്, പട്ടിപിടിത്തം-അതെല്ലാം സാധൂകരിക്കാന്‍ സ്വന്തമായി പത്രം, വാരിക, ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങള്‍ എല്ലാം തയ്യാര്‍.
ദേശീയവികസനം എകെ 47ല്‍ കൂടിയാണിപ്പോള്‍ നടപ്പാക്കുന്നത്. പാവം, പെറ്റുമ്മയ്ക്ക് പറയേണ്ടിവരുന്നു, സ്വന്തം മകന്റെ മൃതദേഹം കാണേണ്ടെന്ന്. മകനെ രാജ്യദ്രോഹിയായി മാറ്റിയവര്‍ക്കെതിരെയാണ് ആ ഉമ്മയുടെ കണ്ണീര്. കൊണ്ടുപോയി കൊല്ലിച്ചവര്‍ക്ക് മരിക്കുന്നതുവരെയുള്ള ആളെമതി. രാജ്യദ്രോഹിയുടെ മൃതദേഹം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പണംമുടക്കില്ല. ആരോരുമില്ലാത്ത ഉമ്മയ്ക്ക് അതിന്റെ ചെലവു വഹിക്കാനും കഴിയില്ല. പിന്നെ മരിച്ചിടത്തെ ശവക്കുഴിയില്‍തന്നെ അവസാനം. ആ ഉമ്മയുടെ വിലാപത്തിന് വിലയിടരുതേ. അതില്‍ രാജ്യസ്നേഹവും പുത്രവാത്സല്യവും നൈരാശ്യവും രോഷവും എല്ലാമുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന് യുവ സന്യാസിനിയെക്കൊണ്ട് ബോംബുവയ്പിച്ച് ആളെക്കൊല്ലിച്ചും കന്യാസ്ത്രീകളെ തുണിയുരിച്ച് നടത്തിച്ചും കുരിശിനുമുകളില്‍ കാവിക്കൊടികെട്ടിയും 'സ്വയം സേവന'മാകാമെന്നാണല്ലോ. ദേശീയ വികസനമുന്നണിക്ക് പിള്ളാരെപ്പിടിച്ചുകൊണ്ടുപോയി കൊല്ലിക്കുന്ന വികസനവുമാകാം. കോണ്‍ഗ്രസ് ഒന്നും മിണ്ടില്ല. ഇ അഹമ്മദും പാണക്കാട് തങ്ങളും കറുത്തൊരു വാക്ക് പറയില്ല. എല്ലാറ്റിനെയും എതിര്‍ക്കാന്‍ കുറെ മാര്‍ക്സിസ്റ്റുകാര്‍ വരുന്നുണ്ട്. അവരെ നമുക്ക് ഒറ്റയ്ക്കുകിട്ടുമ്പോള്‍ വെട്ടിക്കൊല്ലാം, തെറിവിളിച്ച് നാറ്റിച്ചുകളയാം.
*****
'പദവിയില്‍ തെണ്ടിടും തണ്ടുതപ്പി' എന്ന പ്രയോഗം എവിടെയാണ് കണ്ടതെന്ന് ഓര്മകിട്ടുന്നില്ല. യൂത്ത്കോണ്‍ഗ്രസിന്റെ ഒരു ഭാരവാഹിയെക്കുറിച്ചാണോ അതോ യുവമൂര്‍ച്ച, യൂത്ത് ലീഗ് ഇത്യാദികളുടെ സംസ്ഥാന അധ്യക്ഷന്മാരെക്കുറിച്ചാണോ പറഞ്ഞത് എന്ന് ഓര്‍ത്ത് തീര്‍ച്ചപ്പെടുത്താന്‍ ബഹുകഷ്ടം! ഒരേവണ്ടിക്ക് കെട്ടേണ്ട മൂന്നു കാളകള്‍ എന്ന പ്രയോഗം ഏതായാലും ഈ മാന്യമഹാത്രയത്തെക്കുറിച്ചാണെന്നത് ഉറപ്പ്. പണ്ട് പന്തളം കേരള വര്‍മ എഴുതിയത്,
"ഉള്ളിലുത്തമ വിദ്യകൊണ്ടു വിവേകലേശമുദിച്ചിടാതുള്ള
മര്‍ത്ത്യരുമോര്‍ത്തുകൊള്‍ക പശുക്കളും സമമെന്നുതാന്‍
പള്ളതീറ്റികള്‍കൊണ്ടുതീര്‍ക്കണമെന്നുമാത്രമുറച്ച-
തിനുള്ള വേലകള്‍ രണ്ടുകൂട്ടരുമിങ്ങ് ചെയ്തുവരുന്നഹോ''
എന്നാണ്. സംഗതി അത്രയേ ഉള്ളൂ. ഒരാള്‍ സ്വന്തം സംഘടനയ്ക്ക് ഭാരവാഹിയെ നിശ്ചയിക്കാന്‍ റേറ്റ് നിശ്ചയിച്ച് പണം വാങ്ങുകയാണുപോല്‍. പുറത്ത് ഖദറും അകത്ത് സിമിയുമാണുപോല്‍. 'എന്റെ കൂടെ ശയിക്കൂ, സൂന്ദരീ നിന്നെ ഞാന്‍ ഭാരവാഹിയാക്കാം' എന്നു പറയുന്ന ജില്ലാ വായ്നോക്കിക്ക് സംസ്ഥാന മുന്തിയറുപ്പന് കൂട്ട്. യുവമൂര്‍ച്ചക്കാരനും യൂത്ത് ലീഗനും മറ്റൊരുതരമാണ്. എന്‍ഡിഎഫുകാരെക്കുറിച്ചുകേട്ടാല്‍ അവര്‍ സിപിഎമ്മിനെ തെറിവിളിക്കും. ഇഷ്ടമുള്ളവരെ വാഴ്ത്തിവയ്ക്കയും ശിഷ്ടരായവരെ നിന്ദചെയ്കയും ചെയ്യുന്ന യുവനേതാക്കള്‍ കേരളത്തിന്റെ ഭാവിവാഗ്ദാനങ്ങള്‍ തന്നെ. രമേശ് ചെന്നിത്തല, പി പി മുകുന്ദന്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് തരമൊത്ത പിന്മുറക്കാര്തന്നെ വേണമല്ലോ.
*****
ഒസാമ ബിന്‍ ലാദന് പുസ്തകമെഴുതുകയാണ്. അതിങ്ങ് വന്നോട്ടെ. പലരും ഞെട്ടും. സാധാരണ എഴുത്തായിരിക്കില്ല അത്.
'ഇത്തിരി മധുസേവിക്കൂ,
കുതികുത്തിവരും നിന്‍കാവ്യം
അദ്രിയില്‍ മഴപെയ്യുമ്പോള്‍
പുഴകുത്തിയൊലിക്കുമ്പോലെ'
എന്നാണ് പ്രമാണം. അഫ്ഗാനിസ്ഥാനിലെ മഞ്ഞുമലകളിലെ ഒളിത്താവളത്തിലാണ് ഒസാമയെന്ന് ബുഷ് വിശ്വസിക്കുന്നുണ്ട്. അവിടെനിന്ന് കുതികുത്തിവരുന്ന എഴുത്തിനെ എങ്ങനെ തടയാമെന്ന കാര്യം ഒരു അന്താരാഷ്ട്രപ്രശ്നം തന്നെയാണ്. ഒരുകണക്കിന് പുസ്തകമെഴുത്തുഭീഷണി ആഗോളവല്‍കൃതമായിട്ടുണ്ട്. കഴിഞ്ഞദിവസം സൂര്യനെപ്പോലെ തിളങ്ങുന്ന ഒരു ചാനലില്‍ കയറിയിരുന്ന് അനന്തപുരിയുടെ ആസ്ഥാന ഗായകനും പറയുന്നതുകേട്ടു, ആരു തടുത്താലും താന്‍ എഴുതുകതന്നെ ചെയ്യുമെന്ന്. കൊച്ചിയിലെ ലക്ഷംരൂപ വാടകയുള്ള ഹാളിലിരുന്ന് പാട്ടുകച്ചേരി നടത്തിയതിന്റെ ക്ഷീണം മാറുംമുമ്പാണ്, വികാരജീവിയുടെ എഴുത്തുപ്രഖ്യാപനം. പറയാനുള്ളതും എഴുതാനുള്ളതുമൊക്കെ വാര്‍ത്തയായും കഥയായും സിന്‍ഡിക്കറ്റ് മാര്‍ഗം പ്രകാശിപ്പിച്ചുകഴിഞ്ഞു. കള്ളും മട്ടും തീര്‍ന്നിട്ടും ഇനിയും എഴുതാനുണ്ടത്രേ.
'ഒരു മലര്‍കൊണ്ടു നമ്മള് ഒരു വസന്തം തീര്‍ക്കും,
ഒരുതിരികൊണ്ടു നമ്മള് ഒരു കാര്‍ത്തിക തീര്‍ക്കും'
എന്ന പാട്ടിന്റെ പേറ്റന്റ് പുള്ളിക്കാരന് എടുത്തിട്ടുണ്ട്. പുസ്തകമിങ്ങുവരട്ടെ. അതിനുശേഷം നമുക്ക് സന്തോഷ് മാധവനെക്കൊണ്ടും ടോട്ടല്‍ ശബരീനാഥിനെക്കൊണ്ടും ആത്മകഥയെഴുതിക്കാം. എല്ലാ നല്ല കലാകാരന്മാരും എഴുത്തുകാരുമാകട്ടെ!
*****
തല്ക്കാലം കൊച്ചി ബിഷപ്പ് തട്ടുമ്പുറത്തായി. ദത്തെടുപ്പ്, ചോരകൊണ്ടഭിഷേകം, ദിവ്യഗര്‍ഭം-ഇങ്ങനെ എന്തെല്ലാം കഥകള്‍. ശബരിമല അയ്യപ്പനെ പൂജിക്കാന്‍ അരക്കുപ്പി മാക്‍ഡുവല്‍ ബ്രാണ്ടിയുംകൊണ്ട് കൊച്ചിയിലെ ശോഭയുടെ ഫ്ലാറ്റില്‍ചെന്ന തന്ത്രിയുടേതായിരുന്നു കഴിഞ്ഞാണ്ടത്തെ അവാര്‍ഡ് കഥ. ഒരു തന്ത്രി ശോഭയ്ക്ക് ബ്രാണ്ടിപൂജ നടത്തി പിടിക്കപ്പെട്ടാല്‍ എല്ലാ തന്ത്രിമാരും അങ്ങനെയെന്ന് പറയാനാകില്ല. ഒരു ബിഷപ്പിന് തട്ടുകേടുവന്നാല്‍ എല്ലാ പിതാക്കന്മാരും അങ്ങനെയാവില്ല. പക്ഷേ, ഏതോ ഒരു സിപിഎംകാരന് പീഡനക്കേസില്‍ പ്രതിയാകുമ്പോള്‍ എല്ലാ സിപിഎമ്മുകാരും അങ്ങനെയെന്ന് മനോരമ എഴുതും. ഇതിനെയാണ് പത്രധര്‍മം പത്ര ധര്‍മം എന്നു വിളിക്കുന്നത്.
2 comments:
ഒസാമ ബിന്‍ ലാദന് പുസ്തകമെഴുതുകയാണ്. അതിങ്ങ് വന്നോട്ടെ. പലരും ഞെട്ടും. സാധാരണ എഴുത്തായിരിക്കില്ല അത്.
'ഇത്തിരി മധുസേവിക്കൂ,
കുതികുത്തിവരും നിന്‍കാവ്യം
അദ്രിയില്‍ മഴപെയ്യുമ്പോള്‍
പുഴകുത്തിയൊലിക്കുമ്പോലെ'
എന്നാണ് പ്രമാണം. അഫ്ഗാനിസ്ഥാനിലെ മഞ്ഞുമലകളിലെ ഒളിത്താവളത്തിലാണ് ഒസാമയെന്ന് ബുഷ് വിശ്വസിക്കുന്നുണ്ട്. അവിടെനിന്ന് കുതികുത്തിവരുന്ന എഴുത്തിനെ എങ്ങനെ തടയാമെന്ന കാര്യം ഒരു അന്താരാഷ്ട്രപ്രശ്നം തന്നെയാണ്. ഒരുകണക്കിന് പുസ്തകമെഴുത്തുഭീഷണി ആഗോളവല്‍കൃതമായിട്ടുണ്ട്. കഴിഞ്ഞദിവസം സൂര്യനെപ്പോലെ തിളങ്ങുന്ന ഒരു ചാനലില്‍ കയറിയിരുന്ന് അനന്തപുരിയുടെ ആസ്ഥാന ഗായകനും പറയുന്നതുകേട്ടു, ആരു തടുത്താലും താന്‍ എഴുതുകതന്നെ ചെയ്യുമെന്ന്. കൊച്ചിയിലെ ലക്ഷംരൂപ വാടകയുള്ള ഹാളിലിരുന്ന് പാട്ടുകച്ചേരി നടത്തിയതിന്റെ ക്ഷീണം മാറുംമുമ്പാണ്, വികാരജീവിയുടെ എഴുത്തുപ്രഖ്യാപനം. പറയാനുള്ളതും എഴുതാനുള്ളതുമൊക്കെ വാര്‍ത്തയായും കഥയായും സിന്‍ഡിക്കറ്റ് മാര്‍ഗം പ്രകാശിപ്പിച്ചുകഴിഞ്ഞു. കള്ളും മട്ടും തീര്‍ന്നിട്ടും ഇനിയും എഴുതാനുണ്ടത്രേ.
'ഒരു മലര്‍കൊണ്ടു നമ്മള് ഒരു വസന്തം തീര്‍ക്കും,
ഒരുതിരികൊണ്ടു നമ്മള് ഒരു കാര്‍ത്തിക തീര്‍ക്കും'
എന്ന പാട്ടിന്റെ പേറ്റന്റ് പുള്ളിക്കാരന് എടുത്തിട്ടുണ്ട്. പുസ്തകമിങ്ങുവരട്ടെ. അതിനുശേഷം നമുക്ക് സന്തോഷ് മാധവനെക്കൊണ്ടും ടോട്ടല്‍ ശബരീനാഥിനെക്കൊണ്ടും ആത്മകഥയെഴുതിക്കാം. എല്ലാ നല്ല കലാകാരന്മാരും എഴുത്തുകാരുമാകട്ടെ!
ശതമന്യുവിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ "ചെകുത്താന് "എന്നൊരു കവിത ഓര്‍മ്മ വന്നു.ഇവിടെ ഇട്ടിട്ടുണ്ടേ .
http://kaappilaan.blogspot.com/2008/05/blog-post_1349.html
Post a Comment