Monday, December 23, 2013

ഗതികിട്ടാ പ്രേതപുരസ്കാരം

ഒന്നേകാല്‍ നൂറ്റാണ്ട് പ്രായംചെന്ന ഖാദിപാര്‍ടി ഒന്നാംപിറന്നാളായിട്ടില്ലാത്ത ആം ആദ്മിക്കുഞ്ഞിനെ കണ്ടാണ് കാര്യം പഠിക്കുന്നത്. സ്വന്തം പാര്‍ടിയും നേതൃത്വവും ചര്‍ച്ചചെയ്ത് അംഗീകരിച്ച് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പരസ്യമായി കീറിയെറിഞ്ഞ് രാഹുല്‍ ഗാന്ധി ശിഷ്യപ്പെട്ടത് അരവിന്ദ് കെജ്രിവാളിനാണ്. കോണ്‍ഗ്രസ് അഴിമതി നടത്തിയാല്‍ കെജ്രിവാളിന്റെ പെട്ടിയില്‍ വോട്ട് വീഴും എന്ന സമവാക്യം ജനിച്ചതും നാടകവഴിക്കുതന്നെ. കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതുകിലിരുന്ന് അരങ്ങിലേക്ക് പ്രവേശിക്കുകയാണ്. പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഉപാധികളില്ല. ആം ആദ്മിയാണെങ്കില്‍ കുറെ ഉപാധി വച്ചിട്ടുമുണ്ട്. എങ്ങനെ നോക്കിയിട്ടും അതില്‍ ഒന്നുമാത്രം കാണുന്നില്ല- കോണ്‍ഗ്രസ് അഴിമതി അവസാനിപ്പിച്ചാലേ പിന്തുണ ആവശ്യമുള്ളൂ എന്ന നിബന്ധന. എളുപ്പവഴികളുടെ ഇക്കാലത്ത്, ഒരുപാധിയിലൂടെ കോണ്‍ഗ്രസിനെ അഴിമതിമുക്തമാക്കാനുള്ള അവസരം ആപ്പ് കളഞ്ഞുകുളിച്ചെന്നു സാരം. ഇനിയിപ്പോള്‍ അഴിമതിവിരുദ്ധപോരാട്ടത്തിന് ഇന്ദ്രപ്രസ്ഥത്തിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ വിശ്രമിക്കാം. ആര് ആര്‍ക്ക് പണിത ആപ്പാണ് ഈ പിന്തുണയെന്ന് തെളിഞ്ഞുവരാന്‍ സമയമെടുക്കും.

തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഗുസ്തിയായി കാണുന്നവര്‍ മല്ലന്മാരെ ഗോദയിലിറക്കാന്‍ പെടുന്ന പാട് കാണുമ്പോള്‍ മന്‍മോഹന്‍സിങ്ങുപോലും ചിരിച്ചുപോകും. ഫയല്‍വാന്‍ മോഡിയെ വെല്ലാന്‍ ആരുണ്ട് എന്നാണ് ഒരുഭഭാഗത്തെ ചോദ്യം. ഊട്ടിയും ഉഴിഞ്ഞും ഊതിപ്പെരുപ്പിച്ചും മറുഭാഗത്ത് അണിയിച്ചൊരുക്കിയ മല്ലന് മല്‍പ്പിടിത്തമറിയുമോ എന്ന് മാറ്റാന്മാരുടെ പരിഹാസം. ഗുസ്തി അടുത്തുവരുമ്പോള്‍ മല്ലന്മാരുടെ കായബലമാണ് ചര്‍ച്ചയ്ക്ക് വരുന്നത്. താടിയും കാവിയും ആറടി പൊക്കവുമാണ് ഇന്ത്യയെ ഭരിക്കാനുള്ള യോഗ്യതയെന്ന് നാഗ്പുരില്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ ആദ്യം വീണത് എന്നും തോല്‍ക്കാന്‍ വിധിക്കപ്പെട്ട ലാല്‍കൃഷ്ണ അദ്വാനിയാണ്. കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നത് കാട്ടുനീതിയാണെന്ന് വെറുതെ പറയാം. നടപ്പു നീതിയും അതുതന്നെയെന്ന് ഗാന്ധിനഗറിലേക്കുള്ള നോമിനേഷന്‍ പേപ്പര്‍ ഒപ്പിട്ട് കാത്തിരിക്കുന്ന അദ്വാന്‍ജിയെ കണ്ടാലറിയാം. ചുരുക്കത്തില്‍ നരേന്ദ്രമോഡിയുടെ ആകാരമോടിയാണ് രാജ്യത്തിന്റെ പ്രശ്നം. മോഡിയെ വിശേഷിപ്പിക്കാന്‍ പട്ടേലിന്റെ ഉരുക്കും വിവേകാനന്ദന്റെ വാക്കുമൊക്കെയാണ് കടമെടുക്കുന്നത്. അയാളുടെ നാവില്‍നിന്ന് അനുഗ്രഹവാക്കുകളേ പുറപ്പെടൂ, കൈകള്‍ നന്മയേ ചെയ്യൂ, മനസ്സ് നല്ലതേ വിചാരിക്കൂ; അയാള്‍ എവിടെപ്പോയാലും ആ സാന്നിധ്യം ലോകാനുഗ്രഹത്തിനായിരിക്കും. അയാള്‍ തന്റെ സാന്നിധ്യമാത്രത്താല്‍ അതിദുഷ്ടന്മാരെപ്പോലും ബഹുവിശിഷ്ടന്മാരാക്കിമാറ്റും. ആ സാന്നിധ്യംതന്നെ മനുഷ്യര്‍ക്ക് മംഗളകരമായിരിക്കും. അങ്ങനെയുള്ളവര്‍ വല്ല ഹീനകര്‍മവും ചെയ്യുമോ, അവര്‍ക്ക് ദുഷ്കര്‍മം ചെയ്യാന്‍ സാധിക്കുമോ? വിവേകാനന്ദന്റെ ചോദ്യങ്ങളാണ്. അത് മോടിയെക്കുറിച്ചാകുമ്പോള്‍ കേള്‍ക്കുന്നവന്‍ കരഞ്ഞുപോകും. ഇത്ര മഹാനായ ഒരവതാരത്തെയോ വംശഹത്യാകാരന്‍, വര്‍ഗീയവാദി എന്നൊക്കെ വിളിക്കുന്നത് എന്നതിശയിച്ചുപോകും.

ഈ മായാജാലത്തിലൂടെ ബഹുവിശിഷ്ടനാക്കി മാറ്റപ്പെട്ട മറ്റൊരാള്‍ ഇത്തവണ ക്രിസ്മസ് താരമായി ഉദിച്ചുയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് ക്രിസ്മസിന് സ്വപ്ന നക്ഷത്രങ്ങളുമായി പുറപ്പെട്ട ബീനാമ്മയെന്ന ഇടുക്കിക്കാരി യുവതിയെ തീവണ്ടിയുടെ ടോയ്ലറ്റില്‍ കശക്കിക്കൊന്നുകളഞ്ഞ ഗോവിന്ദചാമി നായകനും ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് തെറിപ്പിക്കപ്പെട്ട അലക്സാണ്ടര്‍ ജേക്കബ് വില്ലനുമായി ആടുന്നതാണ് ഇത്തവണത്തെ തട്ടുതകര്‍പ്പന്‍ ക്രിസ്മസ് ചിത്രം. കൊടുംകുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടാല്‍ തെറ്റ് മനസ്സിലാക്കി തിരുത്തി കന്യാസ്ത്രീയെ കല്യാണം കഴിക്കുന്നവന് മാനസാന്തരത്തിന്റെ പേരില്‍ ആശംസ നേരാം. അയാളെച്ചൂണ്ടി, ഇതാ പത്മ പുരസ്കാരത്തിന്റെ നേരവകാശി എന്ന് പുകഴ്ത്തുന്നത് ബി ആര്‍ പി ആയാല്‍പ്പോലും അതിന് അസ്വസ്ഥമനസ്സിനുള്ള ആനുകൂല്യം കിട്ടില്ല. മോഡിക്ക് ഉള്ളത് പലതും ഇല്ലെന്നു വരുത്താനാണ് ശ്രമം. ആരെയും കൊന്നിട്ടില്ല, വര്‍ഗീയ കലാപം ഉണ്ടാക്കിയിട്ടില്ല, ക്രൂര മനസ്സില്ല, കളങ്കമില്ല, അഴിമതി നടത്തില്ല, ദുഷ്ടചിന്തയില്ല, ഒരു യുവതിയെയും നോക്കിയിട്ടില്ല, പുറകെ ആളെവിട്ടിട്ടില്ല- ഇല്ലായ്മകളുടെ പരമ്പരയാണ് അവിടെ കേള്‍ക്കുന്നത്. മറുവശത്ത് ഇല്ലാത്തത് ഉണ്ടാക്കാനുള്ള യജ്ഞം. സല്‍ഗുണ സമ്പന്നനാണ് യുവ രാജനെന്ന് കോറസ്. നന്നായി പ്രസംഗിക്കും, കാര്യപ്രാപ്തിയുണ്ട്, പുഷ്പം വണ്ടിനെയെന്നപോല്‍ ജനങ്ങളെ ആകര്‍ഷിക്കും, ഭരണമിടുക്കാണെങ്കില്‍ പറയാനില്ല. ടാലന്റ് ടെസ്റ്റ് നടത്തും, കംപ്യൂട്ടര്‍ ജാതകകെമഴുതും- രാഹുലല്ലാതാരുണ്ട് ഇങ്ങനെ സര്‍വഗുണപ്രതാപനായി എന്നാണ് ചോദ്യം. ഒരുക്കിവിട്ടവര്‍ക്ക് വിശ്വാസമില്ലെങ്കിലും ഒരുങ്ങിയിറങ്ങുന്നയാള്‍ക്ക് ആത്മവിശ്വാസമുണ്ട്- കോണ്‍ഗ്രസ് അഴിമതിക്കെതിരെ പോരാടുമെന്നാണ് പുതിയ പ്രഖ്യാപനം. ഏത് കോണ്‍ഗ്രസ് എന്ന ചോദ്യം അസ്ഥാനത്താണ്. മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ആകാം, നേപ്പാളി കോണ്‍ഗ്രസാകാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അതിനുള്ള ത്രാണിയില്ലെങ്കിലെന്ത്. ഏതെങ്കിലും കോണ്‍ഗ്രസ് അതുചെയ്യുമല്ലോ.

*

കേരളത്തില്‍ ഘടകകക്ഷികള്‍ക്ക് മൂന്നു സീറ്റ് കൊടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തതന്നെ. മൂന്നാംസീറ്റിനുവേണ്ടി ഇനി ലീഗ് കരയേണ്ടതില്ല. മാണിസാറിന് രണ്ടാംസീറ്റ് കിട്ടി പുത്രദോഷമുണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. വീരേന്ദകുമാറിന്റെ കാര്യമാണ് ശരിക്കും&ഹറൂൗീ;തീര്‍പ്പായത്. കോഴിക്കോട്ട് മത്സരിച്ച് പാര്‍ലമെന്റിലെത്തി വീണ്ടും കേന്ദ്രമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിടത്തുനിന്ന് ഞെട്ടിയുണര്‍ന്ന് പതിച്ചത് യുഡിഎഫിന്റെ പാളയത്തിലാണ്. അവിടെയും ഗതിപിടിക്കുന്നില്ല. മകന് മന്ത്രിപദം തരപ്പെടുത്താന്‍ നോക്കിയപ്പോള്‍ ഭാഗികവിജയം. ഒരു മകന്‍ മന്ത്രിയായി- സ്വന്തം മകനല്ല പി ആര്‍ കുറുപ്പിന്റെ മകന്‍. സീറ്റുകിട്ടാത്തതിന്റെ കെറുവ് മൂത്തപ്പോള്‍ ഇടതുപക്ഷത്തുനിന്ന് ഇറങ്ങാന്‍ കഴിഞ്ഞു. ഇനി വലതുപക്ഷത്തുനിന്ന് ഇറങ്ങി കെറുവു തീര്‍ത്താല്‍ കയറിച്ചെല്ലാന്‍ ഇടമില്ല. പി സി ജോര്‍ജ് കാര്യം കടുപ്പിച്ച് മാണിസാറിനെ വലതുപാളയത്തില്‍നിന്ന് ഇറക്കിവിട്ടാലും വീരനെ പരിഗണിക്കുമെന്നു കരുതാന്‍ ന്യായമില്ല. അങ്ങനെ, സ്വന്തം ചാനലിലെ അവതാരകരുടെ വിലപോലും രാഷ്ട്രീയത്തില്‍ ഇല്ലാതെ മുന്‍ സോഷ്യലിസ്റ്റ് അവാര്‍ഡിതനാവുകയാണ്. ഗതികിട്ടാ പ്രേതസ്മാരക പുരസ്കാരം നേടിയതിന്റെയും വാങ്ങുന്നതിന്റെയും പിന്നെ സ്വീകരണത്തിന്റെയും പടം പത്രത്തില്‍ അച്ചടിച്ചാല്‍ അതുതന്നെ യഥാര്‍ഥ പത്രത്തിന്റെ ശക്തി. പത്രത്തോടൊപ്പം വളരട്ടെ ആ സംസ്കാരവും. വീരനേക്കാള്‍ വലിയ വീരന്മാര്‍ ചാനല്‍വാഴുമ്പോള്‍ ധാര്‍ഷ്ട്യപാരമ്പര്യത്തിന്റെ കുറ്റിയറ്റുപോകുമെന്ന്ഭഭയം വേണ്ടതില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അംഗീകാരം നേടി നേതാവായി, ജനപ്രതിനിധിയായി വരുന്നവരേക്കാള്‍ കേമന്മാര്‍ ചാനല്‍ അവതാരകരാണ്. അവര്‍ക്ക് സമനിലതെറ്റി പെരുമാറാം; മുന്നിലിരിക്കുന്നവരുടെ മുഖത്തേക്ക് ഒളിപ്പിച്ച ലക്ഷ്യത്തിനുവേണ്ടി അധിക്ഷേപം തുപ്പാം. അവതാരകന്‍ യജമാനനും ചര്‍ച്ചയ്ക്കെത്തുന്നവര്‍ അടിമയും എന്നാണ് ന്യൂജനറേഷന്‍ സങ്കല്‍പ്പം. ചര്‍ച്ചാവേദി കോടതിയാക്കാം. മുന്നിലിരിക്കുന്നവരെ കൂട്ടില്‍കയറ്റി വിചാരണചെയ്യാം. ക്യാമറയുടെയും മൈക്കിന്റെയും സമയത്തിന്റെയും നിയന്ത്രണം അവതാരകന്റെ കൈയിലാണ്. കാണുന്ന ജനങ്ങള്‍ക്ക് രോഷം വന്ന് കല്ലെറിഞ്ഞാല്‍ ടിവി തകരുമെന്നേയുള്ളൂ. തനിക്കിഷ്ടമില്ലാത്ത രാഷ്ട്രീയ കക്ഷികളെയും അതിന്റെ നേതാക്കളെയും അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന, ഒരേസമയം വലതുപക്ഷ ഏജന്റിന്റെയും ആക്ടിവിസ്റ്റിന്റെയും വേഷം കെട്ടുന്ന, രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന ആങ്കര്‍ വിദൂഷകരെ പോറ്റിവളര്‍ത്തുന്നതും ഒരു വീരകൃത്യംതന്നെ.

രാഷ്ട്രസേവനം കൈയേറിയ വനഭൂമിയിലൂടെമാത്രം പോരല്ലോ. തിരുവനന്തപുരത്ത് എല്‍എംഎസ് പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുദ്രാവാക്യം മുഴക്കി വഴി തടയാന്‍ ആവേശപൂര്‍വം ഇറങ്ങിയ ഒരവതാരകന്‍ അതെല്ലാം മറന്ന് ചാനല്‍ചര്‍ച്ചയില്‍ വഴിതടയല്‍ സമരത്തിനെതിരെ ഗീര്‍വാണമടിക്കുന്നതു കണ്ട് അമ്പരക്കാനുള്ള ഭാഗ്യവും സന്ധ്യാകാലത്ത് കേരളീയനുണ്ടായി. ചാനല്‍ചര്‍ച്ചകളില്‍ ജനാധിപത്യപരമായ ഉള്ളടക്കം ഒട്ടുമേ പാടില്ല എന്നതാണ്&ഹറൂൗീ;മാധ്യമ സ്വാതന്ത്ര്യം. മാതൃഭൂമിയുടെ ചാനലിനെ കോടതി മുറിയെന്നു പറയാനാകില്ല. ജഡ്ജിയുടെ ഭാവത്തിലാണ് അവതാരകനെന്നും കരുതാനാകില്ല. മദോന്മത്തനായ തറവാട്ടു കാരണവരുടെ ധാര്‍ഷ്ട്യംകൊണ്ടാണ് കളി. ആദരണീയരായ നേതാക്കളെപ്പോലും പരിഹസിച്ചും ഇകഴ്ത്തിയും നടത്തുന്ന പ്രകടനങ്ങള്‍ ക്ഷമയുടെ സകല മതിലും തകര്‍ക്കുന്നതാണ്.

അര്‍ണബ് ഗോസ്വാമി അധ്യക്ഷനായി പാര്‍ടി ഉണ്ടാക്കിയാല്‍ കേരളത്തില്‍നിന്ന് അതിന്റെ കേന്ദ്രസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായി ഒട്ടേറെ ആസാമിമാര്‍. അവര്‍ ആംആദ്മിയാകും, നക്സലൈറ്റാകും, അഴിമതിവിരുദ്ധ പോരാട്ടക്കാരനാകും, മതമൗലികവാദിയാകും, മനുഷ്യാവകാശത്തിന്റെ അപ്പോസ്തലവേഷം കെട്ടും- എല്ലാം ഇടതുപക്ഷത്തിന് എതിരായി ഉപയോഗിക്കാമെങ്കില്‍. തട്ടിപ്പുകേസില്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേഷംകെട്ടി നടക്കുന്ന മുഖ്യമന്ത്രി; കാപട്യക്കാരനായ ഭരണാധികാരിക്ക് നാടകം കളിക്കാന്‍ സൗകര്യമൊരുക്കി ജനങ്ങളുടെ നികുതിപ്പണം വാരിയെറിയുന്ന സര്‍ക്കാര്‍; നാടുനീളെ ആഘോഷം നടത്തുന്ന തട്ടിപ്പുസംഘങ്ങള്‍- ചാനല്‍ മഹാന്മാര്‍ക്ക് അതൊന്നും കാഴ്ചയല്ല. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക തട്ടിപ്പിനുവേണ്ടി ജനങ്ങളെ തടയുകയും വിഷമിപ്പിക്കുകയുംചെയ്യുന്ന പൊലീസിനെതിരെ ചൂലെടുക്കാന്‍ ഒരു മാധ്യമ മഹാന്റെയും മൈക്ക് പൊന്തുന്നില്ല. ഒരു മഹതിയുടെയും നാവ് പൊന്തുന്നില്ല.

കയറുപൊട്ടിച്ച വിത്തുകാളയെന്നപോല്‍ ചീഫ്വിപ്പ് മുക്രയിട്ട് പായുമ്പോള്‍ വൈക്കോല്‍ കാട്ടി പ്രലോഭിപ്പിച്ച് ചാനല്‍മുറിയില്‍ സ്വീകരിച്ചിരുത്തി ആദരിക്കാനാണ് മാധ്യമപ്പോരാട്ടക്കാര്‍ക്ക് താല്‍പ്പര്യം. ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് മടി. ലീഗ് മിണ്ടുന്നില്ല. ജോസഫ് നട്ടെല്ല് തൊടുപുഴയില്‍ പരണത്തുവച്ചു. മുരളീധരന്‍ വീണ്ടും അവഗണിക്കപ്പെടുന്നു. കാവിയിട്ട ജോര്‍ജിനെക്കുറിച്ച് പറഞ്ഞാല്‍, തിരുവഞ്ചൂരിന്റെ തറവാട്ടുമഹിമ പുറത്തുവരികയാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും മോഡിയെ ഊട്ടാമെങ്കില്‍ തനിക്കായിക്കൂടേ എന്ന് ജോര്‍ജിന്റെ ചോദ്യം. ജോര്‍ജിനെ തൊട്ടാല്‍ ഇനി എന്തൊക്കെ പൊട്ടും എന്നോര്‍ത്താകുലപ്പെട്ട് പി ടി തോമസ് മൗനിബാബയായി. വീരനെ തൊട്ടാല്‍ വാര്‍ത്തയെഴുതി നാറ്റിക്കും. ജോര്‍ജിനെ തൊട്ടാല്‍ ചാണകക്കുഴിയില്‍ വീണ നാറ്റം വരും. ദല്ലാളിനെ തൊട്ടാല്‍ കേസില്‍ കുടുക്കും. ഏതു നാറ്റവും മാറ്റിയെടുക്കാന്‍ ചാനല്‍ലേപനമുണ്ടെകില്‍ ഒട്ടും ഭയംവേണ്ട എന്നുമാത്രം.

3 comments:

manoj pm said...

സ്വന്തം ചാനലിലെ അവതാരകരുടെ വിലപോലും രാഷ്ട്രീയത്തില്‍ ഇല്ലാതെ മുന്‍ സോഷ്യലിസ്റ്റ് അവാര്‍ഡിതനാവുകയാണ്. ഗതികിട്ടാ പ്രേതസ്മാരക പുരസ്കാരം നേടിയതിന്റെയും വാങ്ങുന്നതിന്റെയും പിന്നെ സ്വീകരണത്തിന്റെയും പടം പത്രത്തില്‍ അച്ചടിച്ചാല്‍ അതുതന്നെ യഥാര്‍ഥ പത്രത്തിന്റെ ശക്തി.

ajith said...

ഇത്രയൊക്കെ അനുകൂലസാഹചര്യങ്ങളുള്ളപ്പോള്‍ ഭാരതവ്യാപിയായി തഴച്ച് വളരുന്ന ഒരു ഇടതുപക്ഷത്തെ ഞാന്‍ സ്വപ്നം കാണുന്നു.

Cv Thankappan said...

പാഠങ്ങള്‍ പഠിച്ച് നന്മയുടെ വഴിയിലൂടെ
സഞ്ചരിച്ചിരുന്നുവെങ്കില്‍......
ആശംസകള്‍