Monday, June 10, 2013

വാര്‍ധക്യകാലേ വിമതബുദ്ധി

കോഴിയമ്മയുടെ കഥപോലെയാണ്. കാവിയുടുത്ത രണ്ടുപേര്‍മാത്രം പാര്‍ലമെന്റില്‍ അലഞ്ഞുതിരിഞ്ഞ കാലമുണ്ടായിരുന്നു. അദ്വാന്‍ജിയും വാജ്പേയിജിയും. ആകാരത്തിന്റെയും ആര്‍എസ്എസിന്റെയും ബലത്തില്‍ വാജ്പേയിജി പിന്നെ പ്രധാനമന്ത്രിയായി. വെള്ളം കോരിയും വിറകുവെട്ടിയും രഥം പായിച്ചും കല്ലുകൂട്ടിയും കര്‍സേവ നടത്തിച്ചും അധികാരപീഠത്തിലേക്ക് വഴിവെട്ടിയ അദ്വാന്‍ജി സ്ഥിരം രണ്ടാമനായി. ചെറിയൊരുദാഹരണമെടുത്താല്‍ നമ്മുടെ ചെന്നിത്തലയെപ്പോലെ. എട്ടുകൊല്ലമായി കെപിസിസി എന്ന ഭാരവുംപേറി തെക്കുവടക്ക് നടക്കുന്നു. കേരളയാത്ര പലവട്ടം നടത്തുന്നു. ചാത്തന്‍സേവമുതല്‍ കൂടോത്രംവരെയുള്ള പലപണിയും പയറ്റുന്നു. എന്നിട്ടും രണ്ടാമനാകാന്‍പോലുമില്ല യോഗം. ആ കണക്കില്‍ അദ്വാന്‍ജി ഭാഗ്യവാന്‍.

വാജ്പേയിയുടെ ഒഴിവിലെങ്കിലും ഒന്നാമനാകാമെന്നു കരുതിയപ്പോള്‍ അക്കുറി അത്തിക്കാ പഴുത്തില്ല. പ്രതിപക്ഷത്തിരുന്ന് മടുത്തു. കോണ്‍ഗ്രസിന്റെ ശക്തിക്ഷയം കാണുമ്പോള്‍ ഒരുവട്ടംകൂടി ആ കിണര്‍വെള്ളം കോരിക്കുടിക്കാന്‍ മോഹമുണ്ടാകുന്നതില്‍ തെറ്റില്ല. അങ്ങനെ മോഹിക്കുന്നതിനുപോലും വിലക്ക് വീണിരിക്കുന്നു. നാഗ്പുരിലെ കാക്കിനിക്കറുകാര്‍ക്ക് ഒരാളോട് എക്കാലത്തും മമതയൊന്നുമില്ല. പുകഞ്ഞകൊള്ളിയെ അപ്പോള്‍ വലിച്ച് പുറത്തിടും. ആയകാലത്ത് സേവനം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് കൂലിയും കിട്ടിയിട്ടുണ്ടെന്നാണ് നിലപാട്. കയ്യൂക്കുള്ളവന്‍ കാര്യം കാണും. കയ്യൂക്കും മെയ്യൂക്കും ഗുജറാത്തിലാണ്. ഗാന്ധിനഗറില്‍നിന്ന് നാഗ്പൂരിലേക്ക് പവര്‍ ഹൈവേ വന്നിട്ടുണ്ട്. അദ്വാനിക്ക് താജ്മഹലിന്റെ കല്‍പ്പണിക്കാരുടെ ഗതിയാണ്. കഷ്ടപ്പെടാം; വിയര്‍പ്പൊഴുക്കാം- ഉടമസ്ഥതയും പകിട്ടും ഷാജഹാന് കിട്ടും. അല്ലെങ്കിലും യജമാനന്മാര്‍ക്കുവേണ്ടി ചോരയും നീരുമൊഴുക്കുന്നവരുടെയെല്ലാം ഗതി ഇതാണ്. അവസാനം ആരും തിരിഞ്ഞുനോക്കാനുണ്ടാകില്ല. യജമാനന്‍ അങ്ങോട്ട് നോക്കുകയേ ഇല്ല. ആര്‍എസ്എസ് ഇനി "ഏത് അദ്വാനി" എന്ന് ചോദിക്കുന്നതും കേള്‍ക്കാം.

പഴയ പുലികളും സിംഹങ്ങളുമെല്ലാം മടയിലാണ്. എല്ലാവര്‍ക്കും മോഡിയെയാണ് പേടി. കഥകളിയില്‍ വെളുത്ത താടിയുള്ളത് ഹനുമാനാണ്. മോഡിയുടെ സ്വഭാവക്കാര്‍ക്ക് ചുവന്ന താടിയാകും. ഇവിടെ നിറത്തില്‍ വ്യത്യാസമുണ്ടെന്നുമാത്രം. മോഡിയുടെ ചുവന്ന താടിയെ സകലര്‍ക്കും പേടിയാണ്. പഴയ പടക്കുതിര ഉമാഭാരതിയും യശ്വന്ത് സിന്‍ഹയും ജസ്വന്ത്സിങ്ങും രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയുമൊന്നും പുറത്തേക്ക് വരുന്നില്ല. എന്തിന്, രാഹുല്‍മാജിക്കിന്റെ ബദല്‍മാജിക്കുകാരനായ വരുണ്‍ ഗാന്ധിക്കുപോലും ഗോവയിലെ കടല്‍ക്കാറ്റ് അലര്‍ജിയാണത്രേ. ഗോവയില്‍ മോഡിയെ അരിയിട്ടുവാഴിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് അദ്വാനിസംഘം ഡല്‍ഹിയിലിരുന്ന് വിലപിക്കുന്നത്. സ്വസ്ഥമായി ഇരുന്നു കരയാനും വിടാതെ, കുറെ ശൂലക്കാരെ പ്രകടനത്തിനായി അദ്വാന്‍ജിയുടെ വീടിനുമുന്നിലേക്ക് പറഞ്ഞുവിടുകകൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് തീര്‍പ്പായിക്കിട്ടി.

ഇപ്പോള്‍ അദ്വാന്‍ജിയാണ് വിമതന്‍. മോഡി ഔദ്യോഗികന്‍. നാല് വ്യാജ ഏറ്റുമുട്ടല്‍, അഞ്ചാറിടത്ത് കലാപം, ആയിരം മുസ്ലിങ്ങളെ കൊന്നുതള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍കൂടി നടത്തിയാല്‍ നാഗ്പുരിലെ ആസ്ഥാനവുംകൂടി ആര്‍എസ്എസ് മോഡിക്ക് പോക്കുവരവ് നടത്തിക്കൊടുക്കും. നാളെ മോഡിയേക്കാള്‍ ചുവന്ന താടിയുമായി പ്രമോദ് മുത്തലിക്കാണ് വരുന്നതെങ്കില്‍ മോടി അങ്ങോട്ടുപോകും.

എണ്‍പത്തഞ്ച് വയസ്സായിട്ടും അടങ്ങിയൊതുങ്ങി വിശ്രമജീവിതം നയിക്കാത്തതെന്ത് എന്നാണ് അദ്വാന്‍ജിയോടുള്ള ആര്‍എസ്എസിന്റെ ചോദ്യം. അധികാരവും പ്രായവും തമ്മിലുള്ള ഇക്വേഷന്‍ ആര്‍എസ്എസിന് വലിയ വശമില്ല. ശാന്തമായും സമാധാനമായും മുന്നോട്ടുപോയ നാട്ടില്‍ കലാപത്തിന്റെ വിത്തെറിഞ്ഞ് വളവും വെള്ളവും കൊടുത്ത് വളര്‍ത്തി ഫലപ്രാപ്തിയായ അധികാരം പിടിക്കുമ്പോള്‍ അദ്വാന്‍ജി ഓര്‍ത്തുകാണില്ല- ഒടുക്കം ഇവ്വിധമാകുമെന്ന്. രഥയാത്ര നടത്തിയതും വാക്കുകളില്‍ വര്‍ഗീയതയുടെ വിഷംപുരട്ടിയതും ബാബരി പള്ളി പൊളിച്ചതുമെല്ലാം എന്തിനായിരുന്നുവെന്ന് ഇനി സ്വസ്ഥമായി ആലോചിക്കട്ടെ. മോഡിയുടെ കുട്ടികള്‍ വീട്ടിലേക്ക് കയറിവരാതെ നോക്കിയാല്‍ അത്രയും നല്ലത്. ഏറ്റുമുട്ടലും അപകടമരണവുമൊന്നും ആര്‍എസ്എസിന് പുതുമയല്ല. അത് അദ്വാന്‍ജിക്ക് നന്നായറിയാമെന്നതുകൊണ്ട്, മുതിര്‍ന്ന നേതാവായി പെന്‍ഷന്‍പറ്റി വിശ്രമജീവിതം നയിക്കാം. അതല്ലെങ്കില്‍ വിമതനായി കാലംകഴിക്കാം. രണ്ടായാലും മുന്നോട്ടുള്ള ഗതി അധോഗതിതന്നെ.

*
വിവരാവകാശനിയമം രാഷ്ട്രീയപാര്‍ടികള്‍ക്കും ബാധകമാണെന്ന് കമീഷന്‍ വിധിച്ചു- അതിനെതിരെ പ്രതികരണം വന്നപ്പോള്‍ ചില മാധ്യമകേസരിമാര്‍ക്ക് ഇളക്കം. എന്തിന് ഒളിച്ചുവയ്ക്കണമെന്നാണ് ഒരു ചോദ്യം. സര്‍ക്കാര്‍സഹായം പറ്റുന്നതല്ലേ, അകത്തുള്ളതെല്ലാം പുറത്തുപറയൂ എന്നാണ് അടുത്ത ഉപദേശം. സര്‍ക്കാര്‍സഹായം പറ്റുന്നവരെല്ലാം രഹസ്യം പുറത്തുവിടണമെന്നാണ് തത്വമെങ്കില്‍ നമ്മുടെ മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഗതി എന്താകുമോ എന്തോ. മുട്ടുമ്പോള്‍ ടണ്‍കണക്കിന് പരസ്യം. സബ്സിഡി. എല്ലാ പന്തിയിലും മുന്നിരയില്‍ ഇരിപ്പിടം- സര്‍ക്കാരില്‍നിന്ന് മാധ്യമങ്ങള്‍ പറ്റാത്ത ആനുകൂല്യങ്ങള്‍ എന്തുണ്ട് എന്നേ ചോദിക്കാനുള്ളൂ. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ വീടെടുക്കാന്‍ സബ്സിഡി അമ്പതിനായിരം. ഫ്ളാറ്റ് തരപ്പെടുത്തിയാല്‍ വിലപോലും അടക്കില്ല. ഒച്ചപ്പാടുണ്ടായാല്‍, ഒത്തുതീര്‍പ്പായി തട്ടിപ്പുകാശ് കൊടുത്ത് ഫ്ളാറ്റ് സ്വന്തമാക്കും. തീവണ്ടിയില്‍ കൂലി പകുതിമതി. കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര. പ്രസ്ക്ലബുകള്‍ക്ക് ഓരോ ബജറ്റിലും ലക്ഷങ്ങള്‍. ഇടയ്ക്കിടെ വിനോദയാത്രകള്‍. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയം പകുതി സര്‍ക്കാര്‍വക- ഇത്രയും ആനുകൂല്യങ്ങള്‍ പറ്റുന്ന മാധ്യമപ്രവര്‍ത്തകന്റെയും മാധ്യമങ്ങളുടെയും ഏത് ഇടപാടാണ് ഇനി രഹസ്യമാക്കി വയ്ക്കാന്‍ കഴിയുക? വീരേന്ദ്രകുമാറും മാമ്മന്‍ മാത്യൂവും ഒ അബ്ദുറഹിമാനുമൊക്കെ എഡിറ്റോറിയല്‍ യോഗത്തില്‍ സിപിഐ എമ്മിനെ നിലംപരിശാക്കണമെന്ന് പ്രസംഗിക്കുന്ന കാര്യം നാളെമുതല്‍ പത്തു രൂപായ്ക്ക് ആര്‍ക്കും കിട്ടുന്ന പരസ്യമാകില്ലേ? എത്ര കോപ്പി തൂക്കിവിറ്റു; എത്രയെണ്ണം ആടുതിന്നു എന്ന് വിവരാവകാശം വഴി നാട്ടുകാരെ അറിയിക്കേണ്ടിവരില്ലേ?

ഇതേന്യായംവച്ചാണെങ്കില്‍ നാളെ ഇന്ത്യന്‍ സൈന്യത്തിന് എത്ര തോക്കുണ്ട്; പീരങ്കിയില്‍ എത്ര ഉണ്ടയുണ്ട് എന്ന് പാകിസ്ഥാന്‍കാരന്‍ വന്ന് പത്തു രൂപാ അടച്ച് ചോദിച്ചാല്‍ കൊടുക്കേണ്ടിവരില്ലേ? സൈന്യത്തിന് ചെലവിന് കൊടുക്കുന്നതും സര്‍ക്കാരാണല്ലോ. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എന്തൊക്കെ അടവുപയറ്റുമെന്ന് ബിജെപിക്കാരന് അറിയാന്‍ പത്തു രൂപാ മതി എന്നുവന്നാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ജഗപൊകതന്നെ. എ ഗ്രൂപ്പ് എങ്ങനെ ചെന്നിത്തലയെ വെട്ടുമെന്ന് തീരുമാനിക്കുന്ന യോഗത്തിന്റെ മിനുട്സ് അതേപടി കെ സുധാകരന് കിട്ടുന്ന കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍കൂടി പറ്റുന്നില്ല.

*
വര്‍ഗീയത ഒരു മനോരോഗമാണെന്ന് പറയുന്നത് കേട്ടു. മനോരോഗങ്ങള്‍ മറ്റു പലതുമുണ്ട്. ഒരു ചാനല്‍ "മലയാളിഹൗസ്" എന്നപേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായം അത്തരത്തിലൊന്നാണ്. ഇങ്ങനെയാണ് ശരാശരി മലയാളി ജീവിക്കുന്നതെങ്കില്‍ മാന്യന്മാര്‍ തമിഴ്നാട്ടിലോ കര്‍ണാടകത്തിലോ താമസമാക്കുന്നതാകും ഉചിതം. മലയാളിഹൗസില്‍ ആടിയും പാടിയും ചാഞ്ഞും ചരിഞ്ഞും തിമിര്‍ക്കുന്നവരില്‍ മലയാളികള്‍ക്ക് പരിചിതമായ പല മുഖങ്ങളുമുണ്ട്. അതിലൊരാള്‍ സിന്ധു ജോയിയാണ്. എസ്എഫ്ഐയില്‍നിന്ന് കരണംമറിഞ്ഞ് കോണ്‍ഗ്രസിലെത്തുകയും പള്ളിപ്പാട്ടുപാടി ജനമനസ്സുകള്‍ കീഴടക്കുകയും ഖദറിന്റെ പരിലാളനയില്‍ ഒന്നുമല്ലാതാവുകയും ചെയ്തപ്പോള്‍ ചെന്നുപെട്ടത് മലയാളിഹൗസില്‍. ശബരിമല തന്ത്രികുടുംബത്തിന്റെ യുവപ്രതിനിധിയും കൂട്ടിനുണ്ട്. അവരിരുവരും പങ്കെടുക്കുന്ന പരിപാടിയിലെ മൂല്യശോഷണവും കുഴപ്പവും എസ്എഫ്ഐയുടെയും ശബരിമലയുടെയും തലയില്‍വച്ച് സിപിഐ എമ്മിനെതിരെ ഒരു പത്രം കഴിഞ്ഞ ദിവസം വാളോങ്ങിക്കണ്ടു. മലയാളിഹൗസിലെ കാണാന്‍ പറ്റാത്ത കാഴ്ചകള്‍ക്ക് ഉത്തരവാദിത്തം സിപിഐ എമ്മിനാണുപോലും. സിന്ധു ജോയി പണ്ട് എസ്എഫ്ഐക്കാരിയായിരുന്നില്ലേ- അതുകൊണ്ട് കിടക്കട്ടെ സിപിഐ എമ്മിന് ഉത്തരവാദിത്തം എന്ന്. ഈ മാനസികാവസ്ഥയെ മനോരോഗമെന്ന് വിളിക്കാമോ എന്ന് ഉറപ്പില്ല. അങ്ങനെ വിളിച്ചാല്‍, ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തില്‍ മുഖപ്രസംഗമെഴുതുന്നവരെ മനോരോഗികളെന്ന് വിശേഷിപ്പിക്കേണ്ടിവരും. അത് മോശമല്ലേ. സിമിയുമായുള്ള ബന്ധം ഇരുപത് കൊല്ലംമുമ്പ് ഉപേക്ഷിച്ചതുകൊണ്ട് ഞങ്ങള്‍ മഹാന്മാരാണെന്ന ജമാഅത്തെ ഇസ്ലാമിക്കാരന്റെ വാദം കൈയടിച്ച് അംഗീകരിക്കാം. സിന്ധു ജോയി എസ്എഫ്ഐയുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും അത് അംഗീകരിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമിക്കാരന് പ്രഖ്യാപിക്കുകയും ചെയ്യാം. മാധ്യമത്തെ തൊട്ടുകളിക്കാന്‍ ആരുണ്ടിവിടെ?

*
മാളത്തിലുള്ളത് ആകെ പുറത്തുവരുമ്പോള്‍ കേരളത്തിന്റെ ഗോപുമോന്‍ ഒരു പച്ചപ്പാവംതന്നെ. അമ്പലം വിഴുങ്ങികളുടെ കൂട്ടത്തിലെ ഒരു പൂട്ടുപൊളിപ്പന്‍മാത്രം. ചെന്നിത്തലയെ വെടക്കാക്കി തിരുവഞ്ചൂര്‍ രക്ഷപ്പെട്ടതുപോലെ ഒരു രക്ഷപ്പെടലിന് വകുപ്പുണ്ട്.

1 comment:

ajith said...

എല്ലാം വാസ്തവമായ അവലോകനങ്ങള്‍