Sunday, March 3, 2013

മന്ത്രിസഭയുടെ തറവില

ഓടുപൊളിച്ച് കക്കാന്‍ കയറിയ കള്ളനെ പിടികൂടിയാല്‍ അടിച്ചു ചെവിക്കല്ലുപൊട്ടിക്കുന്നത് നാട്ടുനടപ്പാണ്. ബസില്‍ പെണ്‍കുട്ടികളെ തോണ്ടുന്ന പൂവാലന്റെ മുതുകത്ത് നാല് ഇടി വീണില്ലെങ്കില്‍ പിന്നെന്ത് നാട്ടുനടപ്പ്. നിയമപുസ്തകത്തില്‍ എഴുതിവച്ചതും അല്ലാത്തതുമായ ഇത്തരം നാട്ടുനടപ്പുകള്‍ തെറ്റുമ്പോഴാണ് കുഴപ്പം കുതിച്ചുപൊന്തുന്നത്. ആ പോക്കിന് അപഥസഞ്ചാരമെന്ന് പറയും. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ഇപ്പോള്‍ പോകുന്ന വഴി അപഥസഞ്ചാരികളുടേതാണ്. ഒരു മന്ത്രി തല്ലുകിട്ടി ഒളിവില്‍ പോയെന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വരുന്നു. മന്ത്രിയെ ഒന്നു രണ്ടാഴ്ച കാണാനില്ലായിരുന്നു എന്നത് വാസ്തവം. മന്ത്രിസഭാ യോഗത്തിനില്ല. പൊതുപരിപാടികളില്‍ ഇല്ല. സ്വന്തം വകുപ്പിനു കീഴിലെ താരസ്വീകരണത്തിനും സന്തോഷ്ട്രോഫിയില്‍ കേരളത്തിന്റെ കളികാണാനുമില്ല. എവിടെപ്പോയെന്ന് തിരക്കി പ്രജകള്‍ വിഷമിച്ചുനില്‍ക്കുമ്പോഴാണ്, ഒരു മന്ത്രിയുടെ ജാരവേഷത്തെക്കുറിച്ചും അതിന്റെ മൂര്‍ധന്യത്തില്‍ മന്ത്രിമന്ദിരം കലഹവേദിയായതിനെക്കുറിച്ചും പത്രവാര്‍ത്ത വന്നത്. അതുതാനല്ലയോ ഇത് എന്ന സംശയമേ പ്രജാഹൃദയങ്ങളില്‍ അങ്കുരിച്ചുള്ളൂ. അപ്പോഴതാ വരുന്നു, ചീഫ് വിപ്പിന്റെ പ്രഖ്യാപനം. ആ മന്ത്രി ഇവന്‍ തന്നെയെന്ന്.

അടികൊണ്ട് മന്ത്രിയുടെ കണ്ണ് പഞ്ചറായെന്നും യൂറോപ്പുപോലിരുന്ന മുഖം എത്യോപ്യപോലായെന്നും സംസാരമുണ്ട്. ഒടുവില്‍ അജ്ഞാതവാസം കഴിഞ്ഞു പുറത്തുവന്നപ്പോള്‍ പറയത്തക്ക ഏച്ചുകെട്ടലുകളൊന്നും കാണാനില്ല. ഫാസ്റ്റ്ഫുഡിന്റെ കാലമല്ലേ, എന്തും സംഭവിക്കാം. ഇത്തവണ മേക്കപ്പിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് ആര്‍ക്കാണാവോ? മന്ത്രി ചാനലുകളിലൊക്കെ കമ്പി വഴി കയറി നിരപരാധിത്വം പാട്ടായും പാഠകമായും അവതരിപ്പിച്ചു. ആ മന്ത്രി ഞാനല്ല, അതു പറഞ്ഞ ചീഫ് വിപ്പിനെതിരെ കേസുകൊടുക്കുമെന്ന്. വിപ്പെത്ര കേസുകണ്ടു. കേസ് കൊടുക്കാനും എടുപ്പിക്കാനും കേസിനെ ഇല്ലാതാക്കാനുമുള്ള സാങ്കേതികവിദ്യയുടെ പേറ്റെന്റ് ഈരാറ്റുപേട്ടക്കാര്‍ക്കാണ്. ആര്‍ക്കുവേണ്ടിയും അത് ചെയ്തുകൊടുക്കും. തെറ്റിയാല്‍ ചെയ്തതെല്ലാം വിളിച്ചു കൂവുകയും ചെയ്യും. അല്ലെങ്കിലും തന്നോട് കളിച്ച മന്ത്രിയെ കളി പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ട് നാളുകുറെയായി. ഇവന്‍ ഇങ്ങേരുടെ മകന്‍തന്നെയോ എന്ന് പിതാവിന്റെ മുന്നില്‍ പ്രസംഗിച്ച് പുഞ്ചിരി സമ്മാനം വാങ്ങിയ വിപ്പിന് മന്ത്രിയുടെ കേസ് പുഷ്പഹാരം തന്നെ.

എല്ലാം കേട്ടും കണ്ടും മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയാണ് ശരിയായ താരം. മന്ത്രിയെ തൊട്ടാല്‍ ഭൂരിപക്ഷം കുഴപ്പത്തിലാകും. ചീഫ് വിപ്പിനെ തോണ്ടിയാല്‍ മാനം കപ്പല്‍കയറും. കുര്യന്റെ കുരുക്കഴിക്കാമെങ്കില്‍ മന്ത്രിയുടെ ജാരക്കുപ്പായം അലക്കിവെളുപ്പിച്ച് നീലംമുക്കിയെടുക്കാനും വലിയ കാര്യമൊന്നുമില്ല. അതിനു വേണമെങ്കില്‍, തലശ്ശേരിക്കാരന്‍ വക്കീലിന്റെ നിയമോപദേശം വാങ്ങിയാല്‍ മതി. ഉഭയകക്ഷി സമ്മതം, സദാചാരപൊലീസ്, പെരുന്തച്ചന്‍ പക എന്നിങ്ങനെയുള്ള ചില പ്രയോഗങ്ങളുമായി രക്ഷപ്പെടുത്താന്‍ മാധ്യമത്തമ്പുരാക്കന്മാര്‍ എത്തിക്കൊള്ളും. ഇതിനെ ഉമ്മന്‍ചാണ്ടിയുടെ ഗതികേട് എന്നൊന്നും വിളിക്കരുത്. ഗതിയുള്ളവര്‍ക്കാണ് ഗതികേട്. ഇവിടെ നല്ലൊരു നട്ടെല്ലുതന്നെയില്ല. അത് പാണക്കാട്ട് പണയംവച്ചിരിക്കയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തറവില നിശ്ചയിച്ച് രക്ഷപ്പെടുത്തേണ്ട സമയം അതിക്രമിച്ചു. ഇല്ലെങ്കില്‍ വില കുറഞ്ഞുകുറഞ്ഞ് പാവങ്ങള്‍ ഒരു വിലയുമില്ലാത്തവരായിപ്പോകും.

*

ചീഫ് വിപ്പ് പറഞ്ഞ ജാരവേഷം മാത്രമല്ല മന്ത്രിസഭയിലെ കൗതുകം. കെഎസ്ആര്‍ടിസി നടത്താന്‍ ചുമതലപ്പെട്ട മന്ത്രി പറയുന്നത്, ഇങ്ങനെ മുന്നോട്ടുപോകില്ല, ഡല്‍ഹിയില്‍ പോയിട്ടും രക്ഷയില്ലെന്നാണ്. ആനവണ്ടി നിര്‍ത്തിയിടും, വൈദ്യുതി എപ്പോഴും കിട്ടുമെന്ന് ഇനി പ്രതീക്ഷിക്കേണ്ട, ഒന്നും ശരിയാവില്ല എന്നൊക്കെ പറയാനാണ് ആര്യാടന്റെ മന്ത്രിസ്ഥാനം. പ്രതീക്ഷയൊന്നുമില്ലെങ്കിലും മന്ത്രിപ്പട ഡല്‍ഹിക്ക് തിരിക്കുകയാണ്. അവിടെച്ചെന്ന് ആരെയെങ്കിലും കാണുമെന്ന് ഉറപ്പില്ല. വണ്ടി പോയിക്കഴിഞ്ഞാണ് ഉമ്മന്‍ചാണ്ടി ടിക്കറ്റെടുക്കുന്നത്. റെയില്‍ ബജറ്റില്‍ കിട്ടാത്ത പരിഗണന പിടിച്ചുവാങ്ങാനാണത്രെ വിമാനം കയറിയത്. എന്തുവേണമെന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല, എന്തൊക്കെ കിട്ടിയെന്ന് നോക്കിയിട്ടില്ല, വേണ്ട സമയത്ത് ഒന്നും ചെയ്തിട്ടില്ല- എന്നിട്ടും നാട്ടുകാരുടെ ചെലവില്‍ ഡല്‍ഹി കാണാന്‍ പോകുകയാണ്.

21കേന്ദ്രമന്ത്രിമാരെ കാണുമെന്ന് പ്രഖ്യാപിച്ചത് നന്നായി. ഒന്നോ രണ്ടോ പേരെയെങ്കിലും കാണാതിരിക്കില്ല. ഇവിടെനിന്നുള്ള എട്ടുപേര്‍ പണിയൊന്നുമില്ലാതെ അവിടെ കോട്ടും ഷാളുമണിഞ്ഞ് ചുറ്റിനടക്കുന്നുണ്ട്. അവരുടെ വക ഓരോ നേരം ഭക്ഷണം കഴിച്ചാല്‍തന്നെ യാത്ര സഫലമാകും. കേരളത്തില്‍ വിഴിഞ്ഞവുമില്ല, കൊച്ചി മെട്രോയുമില്ല, എമേര്‍ജിങ് കേരള പോയ വഴിയേ പുല്ലുപോലും കാണാനുമില്ല. ആ നിലയ്ക്ക് ഇത്തരം ഉല്ലാസയാത്രകള്‍ തന്നെയാണ് ഫലപ്രദം.

ഡല്‍ഹിയിലാകുമ്പോള്‍ മന്ത്രിമന്ദിരത്തില്‍ കയറി ആരെങ്കിലും തല്ലിയെന്ന ദുഷ്പേരിനും സാധ്യതയില്ല.

*

ഭരണമുന്നണി ഇത്ര നല്ല അവസ്ഥയിലെത്തിയ കാലമുണ്ടായിട്ടില്ല. പി സി ജോര്‍ജിന്റെ 20 ചിത്രം ഫ്രെയിം ചെയ്ത് എല്ലാ മന്ത്രി മന്ദിരങ്ങളുടെയും പൂമുഖത്ത് തൂക്കിവയ്ക്കാന്‍ സമയമായി. ഈ വീടിന്റെ ഐശ്വര്യമെന്ന് അടിക്കുറിപ്പുമാകാം. ജോര്‍ജിനെപ്പോലെ എല്ലാംതികഞ്ഞ ഒരു ചീഫ് വിപ്പില്ലായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഗതിയെന്താകുമെന്ന് ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല. നെല്ലിയാമ്പതിയില്‍ കൈയേറ്റക്കാര്‍ക്കുവേണ്ടി ധീരമായി ഇടപെട്ടതും നാട്ടില്‍ ഹരിതസേനയ്ക്ക് വിത്തിട്ടതും മഹാനായ ജോര്‍ജാണ്. പിള്ളയും പിള്ളയുടെ പിള്ളയും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തെ ഊട്ടിവളര്‍ത്തി രാഷ്ട്രീയപ്രശ്നമാക്കിയതും ജോര്‍ജ് തന്നെ. പി ജെ ജോസഫ് എന്ന പ്രതിഭാസത്തെ ഒതുക്കി മൂലയ്ക്കിരുത്തിയതിന്റെ സമ്മാനവും പാര്‍സല്‍ ചെയ്ത് ഈരാറ്റുപേട്ടയിലേക്ക് അയക്കണം. ഉമ്മന്‍ചാണ്ടിയെ നല്ലപിള്ളയാക്കാന്‍ ജഡ്ജിയെ തെറിവിളിച്ചതും സെല്‍വരാജിനെ പാട്ടിലാക്കി പാഴാക്കിയതും ജോര്‍ജിന്റെ കണക്കുപുസ്തകത്തിലേക്കുതന്നെ പോകും.

യുഡിഎഫിന് ജോര്‍ജ് എന്ന നേതാവുണ്ടാകുമ്പോള്‍ മറ്റൊരു മുഖ്യമന്ത്രിയെന്തിന്? എന്തിന് കെപിസിസിക്ക് ഒരു പ്രസിഡന്റ്? പി പി തങ്കച്ചന് ഉള്ളനേരത്ത് കപ്പലണ്ടിയോ കായ വറുത്തതോ കൊറിച്ച് വീട്ടിലിരുന്നു കൂടെ? യുഡിഎഫിനെ ജോര്‍ജ് നയിക്കില്ലേ? നാട്ടിലാകെ നല്ല നല്ല കാര്യങ്ങളാണ് നടക്കുന്നത്. ഒരു സര്‍ക്കാര്‍ ഉണ്ടെന്ന് തോന്നുകയേ ഇല്ല. റെയില്‍ ബജറ്റ് പവന്‍കുമാര്‍ ബെന്‍സലിന്റെയും പൊതുബജറ്റ് ചിദംബരത്തിന്റെയും കാര്യമാണ്. അതില്‍ കേരളം ഇടപെടേണ്ടതില്ല. കെഎസ്ആര്‍ടിസി പൂട്ടുന്നെങ്കില്‍ പൂട്ടട്ടെ- നാട്ടുകാര്‍ക്ക് സ്വന്തം കാറുവാങ്ങി യാത്ര തുടരാം. അല്ലെങ്കില്‍ പ്രൈവറ്റ് ബസില്‍ കയറാം. വെള്ളമില്ലെങ്കിലും വൈദ്യുതിയില്ലെങ്കിലും കേരളം നശിച്ചു പോകുകയൊന്നുമില്ല. പണ്ടുകാലത്ത് ഇവിടെ കറന്റുണ്ടായിരുന്നോ? കുടിവെള്ളം പൈപ്പിലൂടെ കിട്ടിയിട്ടൊന്നുമല്ല പണ്ട് ജനങ്ങള്‍ ജീവിച്ചത്. പൈപ്പ് പൊട്ടിയാലും വെള്ളം വറ്റിയാലും പുതിയ പദ്ധതികള്‍ കൊണ്ടുവരും- വിദേശ കമ്പനികളെയും. അതുവരെ വല്ല അഴുക്കുവെള്ളവും കുടിച്ചുജീവിച്ചാല്‍ ലോകാവസാനമൊന്നും സംഭവിക്കില്ല.

പെട്ടിക്കടക്കാരന്‍ വൈസ്ചാന്‍സലറായി സര്‍വകലാശാല ഭരിച്ച് തെളിയിക്കുമെന്ന ധീരതീരുമാനമെടുത്ത വിദ്യാഭ്യാസമന്ത്രിയെ വിവരം കെട്ടവനെന്ന് വിളിച്ച ജനങ്ങളാണ്. സര്‍വകലാശാലയ്ക്ക് ഭൂമിയുണ്ടെങ്കില്‍ അത് വെറുതെ കാടുപിടിച്ച് നശിപ്പിക്കാനുള്ളതല്ല. ഒരിടത്ത് ഒ വി വിജയന്റെ പ്രതിമയും കൂമന്‍കാവുമാണ് സ്ഥാപിക്കാന്‍ പോയത്. പച്ചക്കൊടി പാറി കച്ചവടം നടത്തേണ്ടിടത്ത് കൂമന്‍കാവോ? അല്ലെങ്കിലും കാവ് എന്നത് ഒരു മതസങ്കല്‍പ്പമാണ്. പ്രതിമയും വേണ്ട, കൂമന്‍കാവും വേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ കൂമനെപ്പോലെ അതിനോട് എതിര്‍പ്പു പ്രകടിപ്പിച്ച ജനങ്ങളാണ് ശരിക്കും ഈ നാടിന്റെ വികസനം മുടക്കികള്‍.

ഭരണത്തിന്റെ ബസ് കട്ടപ്പുറത്തായാലെന്ത്, കാര്യങ്ങള്‍ അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നുണ്ട്. ഏറ്റെടുത്ത ക്വട്ടേഷനുകള്‍ വിജയിപ്പിച്ച വിജയശ്രീമാരായ മന്ത്രിമാര്‍ നിരവധിയുണ്ട്. അതിലൊന്നാമനായ രാധാകൃഷ്ണവേഷം ഷുക്കൂര്‍ കേസിലെ സാക്ഷികളെ പഠിപ്പിക്കാന്‍ കണ്ണൂരില്‍ ക്യാമ്പുചെയ്യുന്നതുകൊണ്ട് തല്‍ക്കാലം തലസ്ഥാനത്തില്ല എന്നുമാത്രം. ടയറു നാലും പോയെങ്കിലും വണ്ടിയുടെ എന്‍ജിന്‍ ചീഫ് വിപ്പ് നന്നാക്കിക്കൊള്ളും. മാണിസാര്‍ തള്ളാനുള്ള പുറപ്പാടിലാണ്. തള്ളിത്താഴെയിടാനാണോ എന്ന് ചിലര്‍ സംശയിച്ചുകണ്ടു. പി സി ജോര്‍ജ് കൂടെയുള്ളപ്പോള്‍ അതേതായാലും സംഭവിക്കില്ല. പോയവര്‍ വരുമെന്ന് എവിടെ പറഞ്ഞുകേട്ടാലും ഒരു മുരള്‍ച്ച ഉയരുന്നത് പതിവായിട്ടുണ്ട്. "എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്, തായേ, അമ്മാ, വല്ലതും തരണേ" എന്ന ഭാവത്തിലുള്ള വിലാപമാണ് അത്. ചിലര്‍ പോകുമ്പോള്‍ വലിയ പ്രതീക്ഷയിലായിരിക്കും. അവിടെ ചെന്നാലാണ് സംഗതിയുടെ കിടപ്പ് മനസ്സിലാകുക. പിന്നെ കിടക്കപ്പൊറുതിയുണ്ടാകില്ല. കുമാരന്മാര്‍ക്കൊന്നും താങ്ങുവിലയില്ലാത്ത കാലമാണ്.

വാല്‍ക്കഷ്ണം:

വണ്ടി ഒരുകൊല്ലം കൂടി പോകുമോ, അതിനു മുമ്പ് പി ജെ കുര്യന്‍ മുഖ്യമന്ത്രിയാകുമോ എന്നതാണ് പുതിയ പ്രശ്നം. ഏതായാലും ആ കട്ടില്‍ ഹരിപ്പാട്ടുകാര്‍ക്ക് കിടക്കാനുള്ളതല്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ആരോഗ്യവകുപ്പിലെ വര്‍ക്കിങ് അറേഞ്ച്മെന്റ് പോലെ മന്ത്രിസഭയിലും ചില അറേഞ്ച്മെന്റുകള്‍ ഉടനെ നടത്തിയാല്‍ കൊള്ളാം.

No comments: