Sunday, January 20, 2013

വീഴാന്‍ പോകുന്ന വന്‍മരം

വംശവൃക്ഷത്തിലെ അവസാന കണ്ണി അഭിഷിക്തനായി. ഇനിയാര് എന്ന ചോദ്യത്തിന് തല്‍ക്കാലം ഉത്തരം വന്നിരിക്കുന്നു. രാഹുല്‍ "നമ്മെ നയിക്കും" എന്ന് ആന്റണിക്ക് പറയാം. യോഗ്യത എന്തെന്ന് ചോദിക്കരുത്. നെഹ്റുവിന് യോഗ്യതയുണ്ടായിരുന്നു. മകള്‍ ഇന്ദിരയ്ക്ക് പാരമ്പര്യമായി പകര്‍ന്നുകിട്ടിയത് പലവക വൈശിഷ്ട്യങ്ങളാണ്. അത് രണ്ടായി പകുത്തുപോയപ്പോള്‍ ഒരുഭാഗം ഇളയ മകനു കിട്ടി. അമ്മ ഭരണത്തില്‍; മകന്‍ സിംഹാസനത്തില്‍. തുര്‍ക്മാന്‍ഗേറ്റും വന്ധ്യംകരണവും അഞ്ചിന പരിപാടിയുമായി അടിയന്തരാവസ്ഥയുടെ പുത്രന്‍ വിലസി. കോണ്‍ഗ്രസിന് കൊടുത്ത സമ്മാനം എഴുപത്തേഴിലെ മുട്ടന്‍ തോല്‍വി.

എണ്‍പതില്‍ തിരിച്ച് ഭരണത്തിലെത്തിയപ്പോള്‍ ഇന്ദിര വീണ്ടും പ്രധാനമന്ത്രിയും മകന്‍ യഥാര്‍ഥ ഭരണാധികാരിയും. ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണെന്ന് അറിയാത്ത അക്കാലത്ത് ഒരുനാള്‍ സഞ്ജയ് മരണത്തിലേക്ക് വിമാനം പറത്തി. നാലുകൊല്ലം കഴിയും മുമ്പ് ഇന്ദിരയുടെ ജീവനും നഷ്ടമായപ്പോഴാണ് രാഷ്ട്രീയമെന്തെന്ന് അറിയാത്ത രാജീവ് വിമാനത്തില്‍ നിന്നിറങ്ങിയത്. നേരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് കയറിയത്. വിമാനം പറത്തലും നിശാ ക്ലബ്ബിലെ നൃത്തവും പോലെയല്ല ഭരണമെന്ന് മനസ്സിലാക്കുമ്പോഴേക്ക് ബൊഫോഴ്സ് കേസില്‍ പെട്ടു. ഒടുവില്‍ ഭരണം പോയി പ്രതിപക്ഷത്തായി. ആ ഇടയ്ക്കാണ്, ലങ്കന്‍ പുലികള്‍ രാജീവിന്റെ ജീവനെടുത്തത്. ആചാരപ്രകാരം അടുത്ത അവകാശിയായി രാഹുല്‍ അന്നേ വരേണ്ടതായിരുന്നു. രാജകുമാരന് പ്രായപൂര്‍ത്തിയും പക്വതയും വന്നെത്താതിരുന്നതിനാല്‍, പകരക്കാരിയായി രാജ്ഞി ഭരണഭാരമേറ്റു. ഇപ്പോഴിതാ, കിരീടധാരണമുഹൂര്‍ത്തം ചിന്തന്‍ ശിബിരമായി വന്നെത്തിയിരിക്കുന്നു.

ഒരുകൊല്ലമേയുള്ളൂ തെരഞ്ഞെടുപ്പിന്. മാജിക്കൊന്നും ഏശുന്ന നിലയിലല്ല. യുപിയില്‍ പാടുകിടന്നിട്ടും പഞ്ചാബിലും ജാര്‍ഖണ്ഡിലും തലകുത്തി നിന്നിട്ടും രാഹുലിനെ ജനം തിരിഞ്ഞുനോക്കിയില്ല. കോണ്‍ഗ്രസിനെ ആരെതിര്‍ക്കുന്നുവോ അവര്‍ക്കാണ് എന്നതാണ് പുതിയ രീതി. അഴിമതി കണ്ട് പൊറുതിമുട്ടിയവര്‍ അണ്ണ ഹസാരെ വിളിച്ചാലും ബാബാരാംദേവ് കണ്ണുകാട്ടിയാലും കൂടെ പോകുന്ന പരുവത്തിലാണ്. മന്‍മോഹന്‍ വലുതായി മിണ്ടാത്തതുകൊണ്ട് പ്രത്യേക കുഴപ്പത്തിലൊന്നും ചെന്നുചാടിയിട്ടില്ല. ഇതിപ്പോള്‍ വാ തുറന്നാല്‍ വിഡ്ഢിത്തം പ്രവഹിക്കും. ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരുമ്പോള്‍ യോഗ്യനായ ഒരാള്‍ തലപ്പത്തില്ലാത്തതിന്റെ കുറവുണ്ടായിരുന്നു. അത് മാറിക്കിട്ടി. പണ്ട് കരുണാകരന്റെ പ്രതാപകാലത്ത് മുരളിയെ "ഏക വൈസ് പ്രസിഡന്റ്" ആക്കിയതാണ്. അതുപോലെ ഒരു "ഏക വൈസ് പ്രസിഡന്റാ"ണ് വന്നിരിക്കുന്നത്.

പരമ്പരയായി അധികാരം കിട്ടുമ്പോള്‍ പ്രത്യേകിച്ച് വിവരമൊന്നും വേണമെന്നില്ല. എല്ലാം ഇവന്റ് മാനേജ്മെന്റുകാര്‍ നടത്തിക്കൊള്ളും. നമ്മുടെ അബ്ദുറബ്ബ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നതുപോലെ ഈസിയായ കാര്യമാണത്. ചുറ്റുമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നിടത്ത് ഒപ്പുവയ്ക്കണം, ചെവി കടിക്കനുസരിച്ച് തലയാട്ടണം. കോഴിക്കോട്ടെ പൊറോട്ടക്കാരനൊക്കെ ഇനി താരമാകാന്‍ പോകുകയാണ്. നേരെയങ്ങ് ചെന്നാല്‍ മതി. സമ്മാനമായി പണ്ടവും പണവും നിറച്ച കിഴികിട്ടും. 37-ാം വയസ്സില്‍ മുഖ്യമന്ത്രിയായി 72-ാം വയസ്സിലെത്തി നില്‍ക്കുമ്പോഴും രാജ്യസേവനം തുടരുന്ന എ കെ ആന്റണി ഇനി അരയില്‍ തോര്‍ത്തുചുറ്റി കുമ്പിട്ടുനില്‍ക്കും പുതിയ രാജാവിനു മുന്നില്‍. ഇതാണ് കോണ്‍ഗ്രസിന്റെയൊരു യോഗം. ദീപസ്തംഭത്തെ വാഴ്ത്തിപ്പാടുക, കിട്ടുന്നത് വാങ്ങി മടിയില്‍തിരുകുക- അതാണ് കര്‍മം. ആ കര്‍മം സുസംഘടിതമായി നടത്തുന്നതിലാണ് യഥാര്‍ഥ ഗാന്ധിസം കുടികൊള്ളുന്നത്. ഗാന്ധിസം പുരോഗമിച്ച് രാഹുല്‍ ഗാന്ധിസംവരെ എത്തിയിട്ടുണ്ട്. രാജാവ് വിഭാര്യനായ സ്ഥിതിക്ക് ഇനിയിപ്പോള്‍ റോബര്‍ട്ട് വധേരയുടെ കുഞ്ഞുങ്ങള്‍ക്കാകും ഭാവിഗാന്ധിസത്തിന്റെ അനന്തരാവകാശം. എന്തുപറഞ്ഞാലും കോണ്‍ഗ്രസ് പടര്‍ന്നുപന്തലിച്ച ഒരു വലിയ മരം തന്നെയാണ്. റാഞ്ചിപ്പറക്കുന്ന പരുന്തുമുതല്‍ പകല്‍ കാഴ്ചയില്ലാത്ത വാവലിനുവരെ ചേക്കേറാം. ഇത്രയേറെ ചേക്കേറികളുണ്ടായാല്‍ മരം കടപുഴകി വീഴില്ലേ എന്ന ചോദ്യം ഈയിടെ ഒരു ചര്‍ച്ചയില്‍ കേട്ടു. കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോള്‍ നടന്ന ചര്‍ച്ചയാണ്. സാധാരണഗതിയില്‍ ഒരു പാര്‍ടിയെ നയിക്കുന്നവര്‍ ഇത്ര എന്ന് തീരുമാനിച്ചാണ് ആളെ തെരഞ്ഞെടുക്കുക. കോണ്‍ഗ്രസിന് പരിപാടിയുമില്ല, ലക്ഷ്യവുമില്ല, ഭാരവാഹിത്വത്തിനോ കൈയും കണക്കുമില്ല. പലതും പേമെന്റ് സീറ്റാണ്. അതല്ലെങ്കില്‍, ജാതിതിരിച്ചും കുലംതിരിച്ചും ഗ്രൂപ്പുതിരിച്ചും വീതംവയ്പ്.

തിരുവഞ്ചൂര്‍ പറഞ്ഞത്, നായര്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിക്ക് തന്നെ ശാസിക്കാനും ശിക്ഷിക്കാനും അധികാരമുണ്ടെന്നാണ്. ശിക്ഷിക്കുന്നതും ശാസിക്കുന്നതും ജാതി-മതനേതാക്കളാണ്. എല്ലാ കണക്കും കൂട്ടിയപ്പോള്‍ നാല് വൈസ്പ്രസിഡന്റ്, 21 ജനറല്‍ സെക്രട്ടറി, 42 സെക്രട്ടറി, പിന്നെ പ്രസിഡന്റും ട്രഷററും. എല്ലാം ചേര്‍ത്ത് ഭാരവാഹികള്‍ 69. ഈ 69നു പുറമെ ജില്ലാ പ്രസിഡന്റുമാരുടെ നിരകൂടി വന്നപ്പോള്‍ മൊത്തം ഫ്ളക്സ് കുമാരന്മാരുടെ എണ്ണം 83. ഒറ്റയടിക്ക് സെക്രട്ടറിയറ്റിനു മുന്നില്‍ വന്ന ഫ്ളക്സ് ബോര്‍ഡുകളും അത്രതന്നെ. ഒരു പ്രധാന ഭാരവാഹി കെപിസിസി ഓഫീസിലെത്തി അനുഗ്രഹം തേടിയപ്പോള്‍ ചെന്നിത്തല കരുതിയത് തമിഴ്നാട്ടില്‍ നിന്നുവന്ന "തോഴര്‍കള്‍" എന്നത്രേ. എഴുന്നേറ്റ് വണക്കം പറഞ്ഞപ്പോഴാണ്, ഞാന്‍ ജനറല്‍ സെക്രട്ടറിയല്യോ എന്ന ചോദ്യം ഉയര്‍ന്നത്. എല്ലാ ഭാരവാഹികള്‍ക്കും ഫോട്ടോ വച്ച ഐഡന്റിറ്റി കാര്‍ഡ് നല്‍കാനാണ് ഒടുവിലത്തെ തീരുമാനം. വലിയ അക്ഷരത്തില്‍ പേരുണ്ടാകും. പരസ്പരം പരിചയപ്പെടാന്‍ കോവളത്ത് ത്രിദിന "ശിബിര്‍" നടത്താനും ആലോചിക്കുന്നു. ഭാരവാഹികള്‍ക്ക് നിശ്ചയിക്കുന്ന ചുമതലകളുടെ പേര്, "കണിച്ചുകുളങ്ങര", "പെരുന്", "ചങ്ങനാശേരി" ഇത്യാദിയാണ്. അവനവനാത്മസുഖത്തിനായുള്ളത് ആചരിച്ചുകൊള്ളണം എന്നതാണ് ഭരണഘടനാതത്ത്വം. എല്ലാം കഴിഞ്ഞ് വല്ലതും ബാക്കിയുണ്ടെങ്കില്‍ ഇന്ദിരാ ഭവനില്‍ എത്തിച്ചാല്‍മതി. അങ്ങോട്ടുകയറുമ്പോള്‍ മുരളീധരന്റെ കണ്ണില്‍പെടാതെ നോക്കണമെന്നു മാത്രം. വന്നുവന്ന് എല്ലാവര്‍ക്കും പേടിയുള്ളതായി മുരളിയേ ഉള്ളൂ. അവിടെ നല്ലകാലത്തും ആപത്തുകാലത്തും വിപരീതബുദ്ധിയായതുകൊണ്ട് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിഴച്ചുപോകുന്നു; തിരുവഞ്ചൂര്‍ മുറിമൂക്കുകൊണ്ട് രാജ്യഭാരം പേറുന്നു. എങ്ങനെനോക്കിയാലും മരം പടുമരമായി. താങ്ങാനാകാത്ത ഭാരം ചില്ലകളിലുണ്ട്. പോരെങ്കില്‍ പുരയ്ക്ക് ചാഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. എന്ന് കടപുഴകി വീഴുമെന്ന് തിട്ടമില്ല. സ്വയം വീണില്ലെങ്കില്‍ മുറിച്ചുമാറ്റാന്‍ എപ്പോള്‍ ജനം വളയുമെന്നും കണക്കാക്കാനാകില്ല.

*

പത്രത്തോടൊപ്പം ഇപ്പോള്‍ വില്‍ക്കുന്നത് നല്ല തങ്കപ്പെട്ട സംസ്കാരമാണ്. ചെയ്ത പണിക്ക് ന്യായമായ കൂലി ചോദിച്ചവനെ അച്ചന്‍കോവിലിലേക്കും മാങ്കുളത്തേക്കും സ്ഥലംമാറ്റും. വേജ് ബോര്‍ഡ് തരുമോ സാറേ എന്ന് ചോദിച്ചാല്‍ മൂന്ന് ലൈബ്രേറിയന്മാര്‍ ഒരേസമയം ഡല്‍ഹിയില്‍ തണുപ്പടിക്കേണ്ടി വരും. ബംഗ്ളൂരു, കൊല്‍ക്കത്ത- ഈയിടെ കശ്മിരീലെ ദ്രാല്‍ താഴ്വരയില്‍ ബ്യൂറോ തുടങ്ങാനാണ് ആലോചന വന്നത്. യൂണിയന്‍കാരന് പറ്റുന്ന സ്ഥലം അതാണത്രേ.

സ്വന്തം പത്രത്തില്‍ എന്തുമെഴുതാം. ഏതു നേതാവിന്റെയും പാര്‍ടിയുടെയും പരിപ്പെടുക്കാം. പക്ഷേ, പത്രത്തെക്കുറിച്ച് ആരും ഒന്നും മിണ്ടരുതെന്നതാണ് ശരിക്കും പ്രചരിപ്പിക്കേണ്ട സംസ്കാരം. ഏതോ ഒരാള്‍ എന്തോ എഴുതിയപ്പോള്‍, ഉടന്‍ കോഴിക്കോട്ടുവന്ന് എംഡിയെ മുഖം കാണിക്കണമെന്നാണ് ടെലിഫോണ്‍ വഴി ഉത്തരവുപോയതത്രേ. രാജവാഴ്ചയേക്കാള്‍ കടുത്ത മാടമ്പിവാഴ്ചയുടെ കാലമാണ്. പിറന്നപടി 1923ല്‍ തന്നെയാണ് നില്‍പ്പ്. വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകണം ഏതു കൊലകൊമ്പനും. അല്ലെങ്കില്‍ കേസ് കൊടുത്ത് നാറ്റിക്കളയുമെന്നാണ് തീരുമാനം. നാറ്റിക്കുന്ന കാര്യത്തില്‍ ഗവേഷണം പലവഴിക്ക് നടത്തിയിട്ടുണ്ട്- ആ ഒറ്റക്കാര്യത്തിനാണ് ഇനി അവാര്‍ഡ് ലഭിക്കേണ്ടത്. നിയമം കൊണ്ടാണ് കളി എന്നതിനാല്‍ ഒരുവിധപ്പെട്ടവരെല്ലാം പേടിക്കണം. കേസുകൊടുത്ത് നാറ്റിക്കുമെന്നതിന് വാര്‍ത്ത കൊടുത്ത് നാറ്റിക്കുമെന്നതിനേക്കാള്‍ കടുപ്പമുണ്ട്. സാദാ നിയമം പോരാതെ വന്നപ്പോള്‍ ഇപ്പോള്‍ സൈബര്‍ നിയമമാണ് ആയുധം. വല്ലഭനും വീരനും പുല്ലും ആയുധമാണ്.

ന്യായമായ ശമ്പളം വേണമെന്നുള്ളവര്‍ക്കേ സ്ഥലംമാറ്റമുള്ളൂ. കിമ്പളം കിട്ടുന്ന ആസ്ഥാന ഗായകര്‍ക്ക് തിരുവനന്തപുരത്തിരുന്ന് കൊല്‍ക്കത്തയിലെ കാര്യങ്ങള്‍ ദൃക്സാക്ഷി വിവരണം നടത്താം. ഇനിയിപ്പോള്‍, നാടാകെ ആട്ടുകല്ലുമുക്കുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കമാണ്. അതിന്റെ തത്സമയ സംപ്രേഷണം ഉടന്‍ കാണാന്‍ മലയാളിക്ക് ഭാഗ്യമുണ്ടാകും. വേജ് ബോര്‍ഡ് ആനുകൂല്യം ചോദിച്ചതിന് സ്ഥലംമാറ്റപ്പെട്ട മാധ്യമസിംഹങ്ങളുടെ സ്മരണയ്ക്കായി അച്ചന്‍കോവിലിലും മാങ്കുളത്തും ബെല്ലാരിയിലും രാമക്കല്‍മേട്ടിലും തുടര്‍ന്നുള്ള കാലങ്ങളില്‍ ആട്ടുകല്ലിന്റെ പ്രതിമകള്‍ സ്ഥാപിക്കാവുന്നതാണ്.

വാലറ്റം അഥവാ കുമാരസംഭവം: 

ക്രൈം നന്ദകുമാര്‍ എന്ന പത്രാധിപര്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്: ക്രൈം ഗ്രൂപ്പില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ന്യൂസ് റിപ്പോര്‍ട്ടര്‍ ഈവനിങ് പത്രത്തിന്റെ ഒന്നാം വാര്‍ഷികം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ചീഫ് വിപ്പ് പി സിജോര്‍ജ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി......എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

സുപ്രസിദ്ധ ക്രിമിനല്‍ ലോയര്‍ അന്തരിച്ച കെ കുഞ്ഞിരാമമേനോന്റെ സ്മരണാര്‍ഥം മനോലോകം ഗ്രൂപ്പ് പബ്ലിഷിങ് കമ്പനി ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച നിയമകാര്യ ലേഖനത്തിനുള്ള 2009-ലെ അവാര്‍ഡ് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ എം പി വീരേന്ദ്രകുമാറിനും 2010-ലെ അവാര്‍ഡ് അഡ്വ. കെ രാംകുമാറിനും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. മാതൃഭൂമി പത്രത്തില്‍ കുപ്പിവെള്ള കച്ചവടത്തിന്റെ കള്ളക്കളികളെക്കുറിച്ചും കുടിവെള്ള ചൂഷണത്തെക്കുറിച്ചും എം പി വീരേന്ദ്രകുമാര്‍ എഴുതിയ കുപ്പിവെള്ള കച്ചവടവും ചില വസ്തുതകളും എന്ന നിയമകാര്യലേഖന പരമ്പരക്കാണ് 2009-ലെ അവാര്‍ഡ് ലഭിച്ചത്. (അര്‍ഹതയുണ്ടായിട്ടും ഇതില്‍ പേരുവരാതിരുന്നവരെയും അവാര്‍ഡ് കിട്ടാത്തവരെയും ഓര്‍ത്ത് ശതമന്യു ഒരല്‍പ്പം കണ്ണീരൊഴുക്കട്ടെ)

1 comment:

ajith said...

നേരടി സ്കാന്‍ റിപ്പോര്‍ട്ട് കലക്കി കേട്ടോ.
ഉണ്ണാമന്‍ രാജകുമാരന്‍ വംശവൃക്ഷത്തിന്റെ അവസാന ഫലമായിരിക്കുമെന്നും അത് മൂപ്പെത്തുന്നതിനുമുമ്പ് തന്നെ താഴെവീഴുമെന്നും കാകദൃഷ്ടി ഉവാച