Friday, November 9, 2012

കുന്തക്കാരുടെ ഭരണം

കുന്തക്കാരുടെ ഭരണം

ചരിത്രസംഭവങ്ങളെയും കല്‍പ്പിതകഥയെയും കൂട്ടിയിണക്കി എഴുതുന്ന കഥയാണ് ചരിത്രാഖ്യായിക. ചരിത്രമാണോ- അതെ. കഥയാണോ- അതും അതെ. ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളാക്കി, ഭാവനയില്‍പൊതിഞ്ഞ് അവതരിപ്പിച്ച് പണ്ട് കൈയടി വാങ്ങിയ ആള്‍ സി വി രാമനാണോ രാമന്‍പിള്ളയാണോ എന്ന് സംശയിക്കുന്നതില്‍ ഒരു തെറ്റുമില്ല. സംശയിക്കുന്നത് ആരാണെന്ന് നോക്കണം. കൊപ്രയാട്ടുന്നവനോട് നെയ്ത്തിനെക്കുറിച്ച് ചോദിച്ചാല്‍ ഊടും പാവുമില്ലാത്ത ഉത്തരമാണ് കിട്ടുക. മീശയുള്ള രാമനേക്കാള്‍ സുന്ദരന്‍ മീശയില്ലാത്ത രാമനാണെന്ന് തോന്നാം. ഇതുതാനല്ലയോ അതെന്ന് വര്‍ണ്യത്തിലാശങ്ക തോന്നിയിട്ടൊന്നും കാര്യമില്ല. തിരുമുഖത്തുപിള്ളയുടെ മകനായ അനന്തപത്മനാഭനെ വേഷംമാറ്റി ഭ്രാന്തന്‍ ചാന്നാനും ഷംസുദീനുമാക്കിയ സി വി രാമന്‍പിള്ളയ്ക്ക് അങ്ങനെതന്നെ കിട്ടണം. വേഷം മാറ്റിക്കുന്നതിലും കെട്ടിക്കുന്നതിലും വിദഗ്ധനായ ഒരു സാഹിത്യകാരനെ ഒരു തമാശയ്ക്ക് വേഷംമാറ്റിച്ചാല്‍ അത് വിവാദമാക്കുന്നവരെ വേണം തല്ലാന്‍. നാട്ടില്‍ വിവാദവിഷയങ്ങള്‍ എന്തൊക്കെ വേറെ കിടക്കുന്നു. വിശ്വമലയാളത്തെ വിശ്വോത്തര മലയാളമാക്കാന്‍ പ്രതിജ്ഞയെടുത്ത് കച്ചമുറുക്കിയ ഇരിക്കൂറിന്റെ കണ്ണിലുണ്ണിക്ക് ചുരുങ്ങിയപക്ഷം ഒരു പൊന്നാടയെങ്കിലും ചാര്‍ത്തിക്കൊടുക്കേണ്ടതാണ്. കോട്ടയത്ത് ജീവിച്ച്, ഇരിക്കൂറിന്റെ ജനപ്രതിനിധിയായി പുതുപ്പള്ളിയില്‍ നിത്യപൂജ നടത്തുന്ന അധ്വാനശീലന് രാജ്യഭരണഭാരം അലങ്കാരമായി കൊടുത്തത് വെറുതെയല്ല. ചരണ്‍സിങ്ങിന് ഒരു രാജ്നാരായണനുണ്ടായിരുന്നു. രാമന് ഒരു ഹനുമാനുണ്ടായിരുന്നു. എന്തിന്, പ്രേംനസീറിന് ഒരു അടൂര്‍ഭാസിയുണ്ടായിരുന്നു. സുധാകരന്‍ വളപട്ടണം യുദ്ധത്തിനുപോകുമ്പോള്‍ കെ എം ഷാജി, അബ്ദുള്ളക്കുട്ടി എന്നിങ്ങനെ പേരായ രണ്ട് അംഗരക്ഷകരുണ്ടായിരുന്നു. അതുപോലെ ഉമ്മന്‍ചാണ്ടിക്കൊപ്പം തിരുവഞ്ചൂരും കെ സി ജോസഫും ഉണ്ടാകുന്നതില്‍ ഒട്ടും തെറ്റുകാണരുത്. കുന്തക്കാര്‍ ഉണ്ടായതുകൊണ്ടായില്ല; ഉള്ളവര്‍ വിശ്വസ്തരുമാകണം. അക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഭാഗ്യവാനാണ്.

എന്നും എവിടെയും എപ്പോഴും ഉമ്മന്‍ചാണ്ടിക്ക് രണ്ട് കുന്തക്കാര്‍ കൂടെവേണം. കുന്തത്തിന്റെ സ്വഭാവം ഇടയ്ക്കിടെ മാറുമെന്നേയുള്ളൂ. ആഭ്യന്തരം, സാംസ്കാരികം എന്നിങ്ങനെയുള്ള കുന്തവും പിടിച്ച് അന്തമില്ലാതെ നില്‍ക്കുക, ഉമ്മന്‍ചാണ്ടി പറയുന്നിടത്ത് കുത്തുക എന്ന ജോലിയേ നിര്‍വഹിക്കേണ്ടതുള്ളൂ. അതിനിടയില്‍ ഭൂമി മലയാളം, സുഗതകുമാരി എന്നൊക്കെ പറഞ്ഞാല്‍ ആര് ശ്രദ്ധിക്കാന്‍. ഇനി ആരെങ്കിലും ശ്രദ്ധിച്ചാലും കോപിച്ചാലും ഒച്ചവച്ചാലും ഒരു കുന്തവും സംഭവിക്കാനില്ല. വേണമെങ്കില്‍ ഒന്നോ രണ്ടോ വട്ടം മാപ്പുപറയും. മാപ്പാണ് പുതിയ സമരായുധം. പിന്നെയും കേന്ദ്രമന്ത്രിയായി വിമാനമിറങ്ങിയ ശശി തരൂരിന്റെ വാമഭാഗത്തിന്റെ മേനിയില്‍ പൊറോട്ടമാവ് കുഴയ്ക്കുന്ന വിധം പരീക്ഷിച്ച യൂത്ത്കോണ്‍ഗ്രസ് നേതാവിന്റെ ആയുധവും മാപ്പുതന്നെ.

1911ല്‍ ജനിച്ച് നാല്‍പ്പത്തിയെട്ടിലാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള അന്ത്യശ്വാസം വലിച്ചത്. ജീവിച്ചിരിക്കുകയാണെങ്കില്‍ ഇപ്പോള്‍ നൂറുവയസ്സ് കഴിഞ്ഞിട്ടുണ്ടാകും. ആ കവിതയിലെ പ്രണയവും മധുരവും അറിഞ്ഞവര്‍ക്ക് നൂറുവയസ്സുള്ള ചങ്ങമ്പുഴയെ സങ്കല്‍പ്പിക്കാനാവുമോ? എഴുപതുവയസ്സിനപ്പുറം സങ്കല്‍പ്പിക്കാന്‍ തീരെ വയ്യ. ഏതാണ്ട് എഴുപതു വയസ്സ് കണക്കാക്കി പ്രതിമയുണ്ടാക്കിവച്ചതാണെന്ന സത്യം നിലനില്‍ക്കെ, അത് വഞ്ചിയൂരിലെ ഗുമസ്തന്‍കൃഷ്ണപിള്ളയുടെ പ്രതിമയാണെന്ന് അസൂയാലുക്കള്‍ പറഞ്ഞു. ഒരു നല്ലകാര്യമാണ് ചെയ്തത്്. എന്നിട്ടും പഴിയാണ് കേള്‍ക്കുന്നത്. ചങ്ങമ്പുഴ ഭാരതപ്പുഴപോലെ പുഴയാണെന്ന് കരുതി ചിത്രം വരച്ചുവച്ചില്ലല്ലോ. അതാണ് മഹത്വം. അതിനും കുറ്റം കണ്ടെത്തുന്നവര്‍ക്ക് അന്ധമായ രാഷ്ട്രീയ വിരോധംതന്നെ. മലയാളത്തിന് ഇതുപോലെ മാര്‍ക്കറ്റ് നേടിക്കൊടുത്ത മറ്റൊരു മന്ത്രിയുണ്ടോ? എന്തോന്ന് മുണ്ടശ്ശേരി. ഇനിയിപ്പോള്‍ ഗള്‍ഫില്‍നിന്ന് വരുന്നവര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വിശ്വമലയാളത്തെയാണ് ലിറ്റര്‍ കണക്കിന് വാങ്ങി നാട്ടിലേക്ക് കൊണ്ടുവരിക. സുഗതകുമാരിയോട് തല്ലുകൂടാനില്ല. അവര്‍ വല്ല മരത്തെയും കെട്ടിപ്പിടിച്ച് പാട്ടുപാടട്ടെ. സെമിനാര്‍ നടത്തണോ എന്നും നടത്തിയാല്‍ ആര് അധ്യക്ഷസ്ഥാനത്തിരിക്കണമെന്നും പട്ടേലര്‍ തീരുമാനിക്കും; തൊമ്മി അനുസരിക്കും. മാറ്റിവച്ച സെമിനാര്‍ ഇനി നടത്തുമ്പോള്‍ പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷനാകും, പീതാംബരക്കുറുപ്പ് സ്വാഗതം പറയും, കുമ്പക്കുടി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. മലയാളത്തിന്റെ പുതിയ വിപണിസാധ്യതകള്‍ അങ്ങനെയാണ് തെളിയാന്‍ പോകുന്നത്. ചരിത്രം തങ്കലിപികളാല്‍ മലയാളത്തിന്റെ നെഞ്ചില്‍ കുറിച്ചിടും- ഈ ഭാഷയെ രക്ഷിച്ചവന്‍ കുന്തക്കാരന്‍ ജോസഫ് എന്ന്. തെരുവുകവി, ഒന്നാംതരം കവി, രണ്ടാംതരം കവി, ഇടവഴി കവി എന്നിത്യാദി ജീവികള്‍ ആ സ്മാരകശിലയില്‍ വര്‍ഷാവര്‍ഷം പുഷ്പാര്‍ച്ചന നടത്തി വിശ്വമലയാള സ്മൃതിദിനമാചരിക്കും.

----------------------

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല താനെന്ന് പറയാന്‍ അനൂപ് ജേക്കബ്ബിന് ധൈര്യം കിട്ടിയത്, കൂടെ അധികമൊന്നും ചെണ്ടക്കാരില്ലാത്തുകൊണ്ടാണ്. ഉള്ളവര്‍ക്കാണെങ്കില്‍ കൗണ്ടര്‍ തുറന്ന് പിരിവെടുക്കാനുള്ള തിരക്കാണ്. ചെണ്ടയുടെ അവസ്ഥ തിരുവഞ്ചൂരിന്റേതാണ്. പുതുപ്പള്ളിയില്‍നിന്ന് കരമൊഴിവായിക്കിട്ടിയ ആഭ്യന്തരക്കുന്തവുംകൊണ്ട് ഇടയ്ക്കിടെ മുല്ലപ്പള്ളി കളിച്ച് ജീവിച്ച് പോയാല്‍ മതിയെന്നേയുള്ളൂ പുള്ളിക്കാരന്. സ്വന്തമായി ഒന്നുമില്ലാത്തവന്‍, നിസ്വാര്‍ഥന്‍, നിഷ്കാമ കര്‍മി എന്നെല്ലാമുള്ള പേരുകള്‍ക്ക് ചേര്‍ന്ന ദേഹമാണ്. അകത്തും പുറത്തും വിശേഷിച്ച് വിലമതിക്കാവുന്ന ഒന്നുമില്ല- നാവൊഴികെ. ആ മഹാത്യാഗിയായ മനുഷ്യകുലോത്തമനെയാണ് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ചെന്ന് മൂന്നു ചങ്ങാതിമാര്‍ വെല്ലുവിളിച്ചത്.

പി സി ജോര്‍ജ് നല്ല നാലു വാക്ക് പറയുക, ക്രൈം നന്ദകുമാര്‍ സദാചാരം പ്രസംഗിക്കുക, ദല്ലാള്‍ നന്ദകുമാര്‍ നിയമം പാലിക്കുക, വീരേന്ദ്രകുമാറിന് അവാര്‍ഡ് കിട്ടാതിരിക്കുക, മുരളീധരന്‍ അടങ്ങിനില്‍ക്കുക, ചെന്നിത്തലയുടെ അസൂയ ശമിക്കുക എന്നിങ്ങനെയുള്ള അവസ്ഥയൊന്നും മലയാളിക്കിനി ചിന്തിക്കാന്‍പോലും കഴിയില്ല. ഓരോരുത്തരും ജന്മലക്ഷ്യങ്ങളാണ് നിറവേറ്റുന്നത്. അതുപോലെ ഒരു തലവര കെ സുധാകരനുമുണ്ട്. നല്ലതേ ചെയ്യൂ; നന്മയേ പറയൂ- എല്ലാറ്റിനുമൊപ്പം "ക", "മ", "പ" തുടങ്ങിയ മലയാളത്തിലെ സമ്മോഹന പദങ്ങളുടെ അകമ്പടിയുണ്ടാകുമെന്നുമാത്രം.

വളപട്ടണത്തെ ഒരു പൊലീസ് ചെറുക്കന്‍ സുധാകരേട്ടന്റെ അനുയായിയെ പിടിച്ചുവയ്ക്കുക, ഇറക്കാന്‍ ചെന്ന മറ്റൊരു നേതാവിനുനേരെ കണ്ണുരുട്ടുക, കേസെടുക്കുക- ഇതെന്താ കോടിയേരിയുടെ ഭരണമാണോ? ഒരു സല്‍പ്രവൃത്തി ചെയ്തതിന് അന്യായമായി അറസ്റ്റ്ചെയ്യപ്പെട്ടയാളെ സ്റ്റേഷനില്‍ചെന്ന് ഇറക്കിക്കൊണ്ടുവരേണ്ടത് ഒരു പാര്‍ലമെന്റ് അംഗത്തിന്റെ മിനിമം ഉത്തരവാദിത്തമാണ്. എംപിക്ക് എംഎല്‍എമാര്‍ അകമ്പടിവേണം. എല്ലാം മൂന്നായാണ് പങ്കുവയ്പ്. അതിന്റെ പേരില്‍ തിരുവഞ്ചൂര്‍ എത്ര ഉയരത്തില്‍ ചാടും? ഏറി വന്നാല്‍ മുട്ടോളം. പിന്നെയും ചാടിയാല്‍ ഉമ്മന്‍ചാണ്ടി പിടിക്കും എന്ന് സുധാകരന് ഉറപ്പുണ്ട്. സ്ഥലത്തെ എസ്ഐയുടെ ഡ്യൂട്ടിമുതല്‍ മണല്‍കടത്തിന്റെ അകമ്പടിക്കാരന്റെ ജോലിവരെ ചെയ്യുന്ന ജനപ്രതിനിധിയെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. തിരുവഞ്ചൂരിന് സ്വന്തം പ്രസ്ഥാനത്തോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ചെയ്യാവുന്ന ഒരേയൊരു കാര്യം, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലും സുധാകര ഗുരുവിന്റെ ഓരോ ചിത്രം ചില്ലിട്ടുവയ്ക്കാനുള്ള ഉത്തരവിറക്കി അതിന്റെ നിര്‍വഹണം ഏതെങ്കിലും സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക എന്നതാണ്. നല്‍കേണ്ട അടിക്കുറിപ്പ് "ഇവരെ സൂക്ഷിക്കുക" എന്നതല്ല. "കുമ്പക്കുടി സുധാകരന്‍ ഈ ഭരണത്തിന്റെ ഐശ്വര്യം" എന്നാണ്.

---------------------

ശ്രീനാരായണ ഗുരു ദൈവമാണോ ആള്‍ദൈവമാണോ എന്ന് ചോദിക്കുന്നത് സാക്ഷാല്‍ നീതിന്യായകോടതിയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ ഗുരുവിനെ ഒരേയൊരു ദൈവമാക്കി മാറ്റാന്‍ നോക്കുന്നവര്‍ ഗുരുവിന്റെ ചിത്രവുംകൊണ്ട് പെരുന്നയില്‍ ചെന്ന് അഫിലിയേഷനും ശ്രമിക്കുന്നു. ആരോടും മിണ്ടാതെ മഞ്ഞപുതച്ച് ചില്ലുകൂട്ടിലിരിക്കുന്ന ശ്രീനാരായണ ഗുരുവിനെ ചൂണ്ടി ആള്‍ദൈവമാണോ അത് എന്ന് കോടതിയെക്കൊണ്ട് ചോദിപ്പിച്ച മഹാനും നാട്ടില്‍ അല്ലലില്ലാതെ നടക്കുന്നുണ്ട്. ഉമേഷ് ചള്ളിയിലാണോ ചെളിയിലാണോ എന്ന് പരിശോധന വേണം. അകത്ത് ചെളിയാകാനേ തരമുള്ളൂ. അല്ലെങ്കില്‍ ഗുരുവിനെ ഇവ്വിധം അപമാനിക്കുമായിരുന്നില്ല. ഭരണഘടന വായിച്ചിട്ടുമില്ല, വിവരം തൊട്ടു തീണ്ടിയിട്ടുമില്ല. ദേവസ്വംമന്ത്രിസ്ഥാനത്തിന് പറ്റിയ പുള്ളിയായിട്ടും അകറ്റി നിര്‍ത്തുന്നത് കഷ്ടംതന്നെ. ചുരുങ്ങിയത് ദേവസ്വം ബോര്‍ഡംഗമെങ്കിലുമാക്കണം കണിച്ചുകുളങ്ങര- പെരുന്ന ഭഗവാന്റെ നാമത്തില്‍ വേണമെങ്കില്‍ സത്യപ്രതിജ്ഞയെടുക്കും.

1 comment:

manoj pm said...

പി സി ജോര്‍ജ് നല്ല നാലു വാക്ക് പറയുക, ക്രൈം നന്ദകുമാര്‍ സദാചാരം പ്രസംഗിക്കുക, ദല്ലാള്‍ നന്ദകുമാര്‍ നിയമം പാലിക്കുക, വീരേന്ദ്രകുമാറിന് അവാര്‍ഡ് കിട്ടാതിരിക്കുക, മുരളീധരന്‍ അടങ്ങിനില്‍ക്കുക, ചെന്നിത്തലയുടെ അസൂയ ശമിക്കുക എന്നിങ്ങനെയുള്ള അവസ്ഥയൊന്നും മലയാളിക്കിനി ചിന്തിക്കാന്‍പോലും കഴിയില്ല. ഓരോരുത്തരും ജന്മലക്ഷ്യങ്ങളാണ് നിറവേറ്റുന്നത്. അതുപോലെ ഒരു തലവര കെ സുധാകരനുമുണ്ട്. നല്ലതേ ചെയ്യൂ; നന്മയേ പറയൂ- എല്ലാറ്റിനുമൊപ്പം "ക", "മ", "പ" തുടങ്ങിയ മലയാളത്തിലെ സമ്മോഹന പദങ്ങളുടെ അകമ്പടിയുണ്ടാകുമെന്നുമാത്രം.