Sunday, October 14, 2012

അഞ്ചുലക്ഷം കഥാപാത്രങ്ങള്‍


കുളം എന്ന് കേള്‍ക്കുന്നതും കുളമാക്കുന്നതും ഹരമുള്ള കൃത്യമായി കരുതുന്ന ചിലരുണ്ട്. എവിടെയും അഭിപ്രായം പറയും. കുത്തി നോക്കും. അച്ചിയെ ഇഷ്ടമല്ലെങ്കില്‍ അവരെക്കൊണ്ട് പലേടത്തും തൊടുവിച്ച് അതിന് കുറ്റംപറയും. ഇത്തരം രോഗം കേരളത്തില്‍ ആദ്യം കണ്ടെത്തിയത് വയനാട് ജില്ലയിലെ ഒരു കാപ്പിത്തോട്ടത്തിലാണ്. അവിടെനിന്ന് പകര്‍ന്നുകിട്ടിയതാകണം, വീരഭൂമിക്ക് ഈയിടെയായി ആ അസുഖം കൂടുതലാണ്.

 ശനിയാഴ്ച വീരവീര ലേഖകന്‍ എഴുതി: ".... പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങളും പരമ്പരാഗതരീതികളും പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലായിരുന്നു വി.എസ്സിന്റെ ഇടപെടല്‍. സി.പി.എം. ഔദ്യോഗികപക്ഷത്തിന് തിരിച്ചടി കൂടിയാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. വിഎസ്സിന്റെ കൂടംകുളം സന്ദര്‍ശനം അച്ചടക്കലംഘനമാണെന്ന് സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിരുന്നു. വിഎസ്സിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനനേതാക്കള്‍ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെടാനിരിക്കെയാണ് കത്ത് (വിഎസിന്റെ) അപ്രതീക്ഷിതമായി ചര്‍ച്ചയ്ക്കെടുത്തത്.'' ഇതും വായിച്ച് ഉറങ്ങിപ്പോയവര്‍ മയക്കം വിട്ടെണീറ്റപ്പോള്‍ അതേ വീരപത്രത്തില്‍ മറ്റൊരു വാര്‍ത്തയാണ് കാണുന്നത്. 'കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.'' എന്ന്. ഒപ്പം"കൂടംകുളം വിഷയത്തില്‍ വി.എസിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ പരസ്യശാസന''എന്നും.

ഇതിനെയാണ് മറിമായം എന്ന് വിളിക്കുന്നത്. സിപിഐ എം എന്ന പാര്‍ടി അതിന്റെ പരമോന്നത സമ്മേളനം ചര്‍ച്ചചെയ്ത് എടുത്ത ഒരു നിലപാട് നാലു വാര്‍ത്തയെഴുതിയാല്‍ മാറ്റേണ്ടിവരുമെന്ന് തോന്നുന്ന രോഗം. ഒരു ദിവസം 'നിലപാട് മാറ്റു'മെന്നും പിറ്റേന്ന് 'മാറ്റിയില്ല' എന്നും എഴുതുന്നതില്‍ പ്രത്യേക ജാള്യമൊന്നും ഇത്തരം രോഗികള്‍ക്കുണ്ടാകില്ല. അപ്പോള്‍ കാണുന്നതിനെ പിതൃതുല്യം ബഹുമാനിക്കുക എന്ന നന്മ കാത്തുസൂക്ഷിക്കുന്നതിനാല്‍ ഇവരെ ആരും കായികമായി കൈകാര്യം ചെയ്യാറുമില്ല.

പത്രത്തിന് രോഗമുണ്ടെങ്കിലും അതിന്റെ ഉടമസ്ഥന് വളര്‍ച്ചയുടെ കാലമാണ്. അഖിലലോകസോഷ്യലിസ്റ്റും ജനാധിപത്യവാദിയുമായ വീരേന്ദ്രകുമാറും മകനും നയിക്കുന്ന പാര്‍ടിയുടെ പേര് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് എന്നാണ്. ഇപ്പറഞ്ഞ വാക്കുകളില്‍ ഏതിനോടാണ് കൂടുതല്‍ ഇഷ്ടം എന്നേ സംശയിക്കാനുള്ളൂ. പാര്‍ടിയുടെ കേരള മഹാസമ്മേളനം കോഴിക്കോട്ട് നടന്നപ്പോള്‍ ജനാധിപത്യവും സോഷ്യലിസവും ഇഞ്ചിനിഞ്ച് മത്സരമായിരുന്നു. അച്ഛന്റെ മകനും മകന്റെ അച്ഛനും ലാളിത്യത്തിന്റെ പ്രതിരൂപങ്ങളാണ്. ഒറ്റമുണ്ട്, കാജാ ബീഡി, ഹെര്‍ക്കുലിസ് സൈക്കിള്‍- ഇതാണ് ശീലം. ധൂര്‍ത്ത്, ആഡംബരം, ഇവന്റ്മാനേജ്മെന്റ് എന്നതൊക്കെ മാര്‍ക്സിസ്റ്റുകാരുടെ പരിപാടിയാണ്. ലളിതമനോജ്ഞമായ സോഷലിസ്റ്റ് ജനാധിപത്യസംഗമത്തിന് പണവും വേണ്ട; പരിവാരവും വേണ്ട. അപ്പറഞ്ഞതൊന്നും മാതൃഭൂമി ജീവനക്കാര്‍ക്കും വേണ്ട. കര്‍മകുശലരും ത്യാഗിവര്യരുമായ പ്രവര്‍ത്തകര്‍ ശ്രമദാനം നടത്തും. വേജ്ബോര്‍ഡ് ഒരു മാര്‍ക്സിസ്റ്റ് പിന്തിരിപ്പന്‍ ഏര്‍പ്പാടാണ്.

വീരന്റെ പാര്‍ടിയില്‍ മാതൃഭൂമിയിലെന്നപോലെ ജനാധിപത്യാദര്‍ശസംശുദ്ധി അടിമുടിയാണ്. സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം വീരന്‍. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വീരന്‍. സമ്മേളനസംബന്ധമായ നാല് സെമിനാറില്‍ നാലിനും ഉദ്ഘാടനം വീരന്‍. പതാക ഉയര്‍ത്തല്‍, പൊതുസമ്മേളനം ഉദ്ഘാടനം, വളന്റിയര്‍മാര്‍ച്ച് ഉദ്ഘാടനം, സമാപനസമ്മേളനം ഉദ്ഘാടനം- ചുരുങ്ങിയ സമയം കൊണ്ട് ഇതൊക്കെ ചെയ്ത് അത്ഭുതം സൃഷ്ടിച്ചതിന് ഉദ്ഘാടകശ്രീ എന്ന പരമപദവും വീരോചിതം നല്‍കാവുന്നതാണ്. ബി ആര്‍ പി ഭാസ്കര്‍ പത്മശ്രീ അടിച്ചെടുക്കുംമുമ്പ് ഉദ്ഘാടകശ്രീ തരപ്പെടുത്താന്‍ ആളെ ഡല്‍ഹിക്ക് വിടാവുന്നതുമാണ്. കുറ്റം പറയരുത്- ഒരുദ്ഘാടനം കെ പി മോഹനനെ ഏല്‍പ്പിച്ച് ജനാധിപത്യത്തിന്റെ ഉത്തമ മാതൃക കാണിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റുകളുടെ ഏകീകരണം, ദേശീയകൂട്ടായ്മ തുടങ്ങിയ വലിയ പ്രഖ്യാപനങ്ങള്‍ സമ്മേളനത്തില്‍ വീരകണ്ഠത്തില്‍ നിന്നുതിര്‍ന്നു. മാര്‍ക്സിസ്റ്റുകാരെ തെറിവിളിച്ചശേഷം കിട്ടിയ സമയത്ത് അഖിലലോക- ദേശീയപ്രശ്നങ്ങളാണ് ചര്‍ച്ചചെയ്തത്. ശരിക്കും ഒരഖിലേന്ത്യാ നേതാവിന്റെ ലൈന്‍. പ്രകടനംകണ്ടവര്‍ക്ക് അതില്‍ അതിശയോക്തി തോന്നിയതേയില്ല. അഖിലേന്ത്യാ പാര്‍ടിയുടെ പ്രകടനമാണ് കോഴിക്കോടിനെ വീര്‍പ്പുമുട്ടിച്ചുനടന്നത്. ഒറിയക്കാരും ബംഗാളികളും തമിഴരും യുപിക്കാരും  മുദ്രാവാക്യം വിളിച്ചു. ചുറുചുറുക്കുള്ള ആസാമീസ് വളന്റിയര്‍മാര്‍ ചുവടുവച്ചു. നിര്‍മാണമേഖല സ്തംഭിച്ചെങ്കിലും ആളൊന്നിന് ആയിരം രൂപ കൂലി എന്ന പുതിയ മാതൃക സൃഷ്ടിച്ച ചരിത്രസംഭവം കൂടിയായി ആ മഹാപ്രകടനം. എട്ടുകോളം പച്ചത്തലക്കെട്ടില്‍ സമ്മേളനവാര്‍ത്ത വന്നപ്പോള്‍ മകന്റെ ഹരിതരാഷ്ട്രീയമോ പിതാവിന്റെ തോട്ടത്തിലെ പച്ചയോ എന്ന് ആരും സംശയിച്ചില്ല. കൃഷിയുടെ പച്ചയാണെന്നതുകൊണ്ട് കെ പി മോഹനന് സന്തോഷം. കൃഷ്ണന്‍കുട്ടിയും പ്രേംനാഥും സങ്കടപ്പെടരുത്. മോഹനന്റെ പച്ച ഉടനെ വാടാനിടയുണ്ടെന്നാണ് സമ്മേളനത്തിന്റെ യഥാര്‍ഥ സന്ദേശം. 
------------------
ഒരു നോവലില്‍ എത്ര കഥാപാത്രങ്ങളാകാം എന്ന ചോദ്യത്തിന് തെല്ലും പ്രസക്തിയില്ല. ഒരാളാകാം. രണ്ടുപേരാകാം. നൂറോ അഞ്ഞൂറോ ലക്ഷമോ കോടിയോ ആകാം. അഞ്ചുലക്ഷം പേര്‍ അണിനിരന്ന മഹാസമ്മേളനം നോവലിലെ ഒരു മുഹൂര്‍ത്തമാണെങ്കില്‍ ആ അഞ്ചുലക്ഷം പേരും കഥാപാത്രങ്ങളാണല്ലോ.  ഈ വര്‍ഷത്തെ നൊബേല്‍ സാഹിത്യപുരസ്കാരം നേടിയ ചൈനീസ് നോവലിസ്റ് മോ യാനിന്റെ നോവലില്‍ അഞ്ചുലക്ഷം കഥാപാത്രങ്ങള്‍ ഉണ്ടെന്ന് മനോരമ ലേഖനമെഴുതിയതില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല.

 കോട്ടയത്തെ 'അച്ചായന്‍ വീട്ടില്‍' നിന്ന് ഭാഷയെ പോഷിപ്പിക്കാന്‍ നിയുക്തനായ ഡോ. കെ എം വേണുഗോപാലിന്റെ 'മിണ്ടരുത്' എന്ന ലേഖനത്തിലാണ് ആ പരാമര്‍ശം വന്നത് എന്നതുകൊണ്ട് സംഗതി സത്യമെന്നേ കരുതാവൂ. അതുവായിച്ച് വിശ്വസിക്കാതെ കുബുദ്ധികള്‍ വാര്‍ത്താ ഏജന്‍സിനോക്കിപ്പോയത് ഒട്ടും ശരിയായില്ല. ഏജന്‍സി വാര്‍ത്തയില്‍ ചൈനീസ് (ചിത്ര) ലിപിയെക്കുറിച്ചാണ് കാണുന്നത്. ബ്രഷ് ഉപയോഗിച്ച് വരയും കുറിയുമായി അഞ്ചുലക്ഷം അക്ഷരങ്ങളാണ് നോവലില്‍ ഉപയോഗിച്ചതെന്ന്. അക്ഷരം എന്നാല്‍ കഥാപാത്രവുമാണ്. അക്ഷരലക്ഷം എന്ന് കേട്ടിട്ടില്ലേ. മനോരമയായതുകൊണ്ട് തെറ്റ് പറ്റിയാല്‍ അത് തെറ്റാകില്ല. തിരുത്തേണ്ടതുമില്ല. ആരുടെയെങ്കിലും കത്ത് എഴുതിവാങ്ങി പത്രത്തില്‍ അച്ചടിച്ചുവിട്ടാല്‍ മതി. തിരുത്താത്ത വമ്പന്‍ നുണകള്‍ അഞ്ചുലക്ഷത്തിലേറെയുള്ളപ്പോള്‍ ഭാഷാജ്ഞാനിയുടെ പരിഭാഷയിലെ അഞ്ചുലക്ഷം നിസ്സാരംതന്നെ.
 ---------
അമ്മായിയമ്മ, തറവാട്ടുകാരണവര്‍ തുടങ്ങിയ സര്‍വാധികാരികളുടെ കൂട്ടത്തിലാണ് മന്ത്രിപദം. മന്ത്രിയാകുമ്പോള്‍ വിടുവായത്തം സമൃദ്ധമായി പറയാം; വിഡ്ഢിത്തം മൊത്തക്കച്ചവടം നടത്താം. അഹങ്കാരത്തിന്റെ കയറ്റിറക്കുമതി ഏറ്റെടുക്കാം. തിരുവഞ്ചൂര്‍ പൊലീസിന്റെ പണിയാണെടുക്കുന്നത്. ക്ളിഫ് ഹൌസിലെ പാറാവുഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ചെന്ന് ഹെഡ്കോണ്‍സ്റ്റബിളിന്റെ യൂണിഫോമിടും. അതു കണ്ടിട്ടാകണം, നമ്മുടെ വനംമന്ത്രി തേക്കടി തടാകത്തിലൂടെ രാത്രിയാത്ര നടത്തിയത്. വന്യജീവികളുടെ ക്ഷേമം നേരിട്ട് അന്വേഷിക്കേണ്ടയാളാണ് വനംമന്ത്രി. മൃഗങ്ങള്‍ പലതും മന്ത്രിയെപ്പോലെതന്നെ രാത്രി സഞ്ചാരത്തില്‍ തല്‍പ്പരരാണ്. രാജാ- പ്രജാ സമാഗമം നിശാകാലത്താകുന്നതില്‍ തെറ്റൊന്നുമില്ല. വിനോദസഞ്ചാരമന്ത്രിയും ഇറങ്ങി രാത്രികാലത്ത് തടാകശീതളിമയിലേക്ക്. പുള്ളിയുടെ വകുപ്പുതല ക്ഷേമാന്വേഷണ വേദിയും തടാകംതന്നെ. ഈ മഹാമനസ്കതയെ വാഴ്ത്തുന്നതിന് പകരം, നിയമം ലംഘിച്ചു; ലൈഫ് ജാക്കറ്റിട്ടില്ല തുടങ്ങിയ വേണ്ടാതീനങ്ങള്‍ പറഞ്ഞുപരത്തുന്നവരെവേണം തല്ലാന്‍. റെയില്‍വേ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രാത്രികാലത്ത് റെയില്‍ സഞ്ചാരം നടത്താതിരുന്നാല്‍ മതി.

ഇനിയിപ്പോള്‍ മന്ത്രി ബാബുവിനെ തൃപ്പൂണിത്തുറ ഭാഗത്തെ ഏതെങ്കിലും ബാറില്‍ചെന്നാല്‍ രാത്രികാലങ്ങളില്‍ കാണാവുന്നതാണ്. ബിവറേജസിനുമുന്നില്‍ കാണാന്‍ സാധ്യതയില്ല. അവിടത്തെ നീണ്ട ക്യൂ കണ്ട്, സി ആര്‍ നീലകണ്ഠന്‍ ഒരിക്കല്‍ കരുതിയത് എന്തോ പിക്കറ്റിങ് നടക്കുന്നതായാണ്. ചാടിയിറങ്ങി പ്രസംഗിച്ചതും, ഈ സമരം എന്തേ മാര്‍ക്സിസ്റ്റുകാര്‍ ഏറ്റെടുക്കാത്തതെന്ന് ചോദിച്ചതും മന്ത്രി ബാബു അറിഞ്ഞിട്ടുണ്ട്. അതുവഴിപോയാല്‍ തന്നെയും സമരസേനാനിയാക്കിക്കളയും നീലകണ്ഠനെന്ന് നന്നായി ബാബുവിനറിയാം. എല്ലാ മന്ത്രിമാരും ഇതേ ശീലം തുടങ്ങിയാല്‍ ഭക്ഷ്യവകുപ്പിന് ടി എച്ച് മുസ്തഫയെ തിരിച്ചുകൊണ്ടുവന്നാല്‍ മതിയാകുമോ എന്തോ? എന്തായാലും സാംസ്കാരികവകുപ്പ് പി സി ജോര്‍ജിനെ ഏല്‍പ്പിക്കാവുന്നതാണ്.

1 comment:

manoj pm said...

ഇനിയിപ്പോള്‍ മന്ത്രി ബാബുവിനെ തൃപ്പൂണിത്തുറ ഭാഗത്തെ ഏതെങ്കിലും ബാറില്‍ചെന്നാല്‍ രാത്രികാലങ്ങളില്‍ കാണാവുന്നതാണ്. ബിവറേജസിനുമുന്നില്‍ കാണാന്‍ സാധ്യതയില്ല. അവിടത്തെ നീണ്ട ക്യൂ കണ്ട്, സി ആര്‍ നീലകണ്ഠന്‍ ഒരിക്കല്‍ കരുതിയത് എന്തോ പിക്കറ്റിങ് നടക്കുന്നതായാണ്. ചാടിയിറങ്ങി പ്രസംഗിച്ചതും, ഈ സമരം എന്തേ മാര്‍ക്സിസ്റ്റുകാര്‍ ഏറ്റെടുക്കാത്തതെന്ന് ചോദിച്ചതും മന്ത്രി ബാബു അറിഞ്ഞിട്ടുണ്ട്. അതുവഴിപോയാല്‍ തന്നെയും സമരസേനാനിയാക്കിക്കളയും നീലകണ്ഠനെന്ന് നന്നായി ബാബുവിനറിയാം.