Sunday, June 10, 2012

താനേ കയറുന്ന പാരകള്‍

വാളകത്ത് പാരകയറ്റിയ കേസ് കേരള പൊലീസ് അന്വേഷിച്ച് ക്ഷീണിച്ചപ്പോള്‍, വയ്യ പൊല്ലാപ്പ് എന്നു കരുതി സിബിഐക്ക് വിട്ടു. തോക്ക്, ബോംബ്, ഡൈനാമിറ്റ്, മലപ്പുറം കത്തി, വാള്‍, കുറുവടി തുടങ്ങിയ അധുനാതുനായുധങ്ങളുമായി സിബിഐ പുലിപ്പട കൊട്ടാരക്കരയില്‍ വണ്ടിയിറങ്ങി. അതിഗംഭീരമായി അന്വേഷിച്ചപ്പോള്‍ ഒരു വലിയ സത്യം തുടക്കത്തില്‍ത്തന്നെ കണ്ടുപിടിച്ചു- അധ്യാപകന്റെ ആസനത്തില്‍ പാര കയറിയിരിക്കുന്നു. ഇതുപോലെ പാരകയറ്റിയ മറ്റൊരു സംഭവമേ ക്രിമിനല്‍കേസുകളുടെ ചരിത്രത്തില്‍ ഉള്ളൂ. പക്ഷേ, ആ കേസ് വ്യത്യസ്തമാണ്.

പാണ്ടിമണിയന്‍ എന്ന ഒരു മഹാത്മാവ് പാരകയറി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആ കേസില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളെ അറസ്റ്റ്ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷ അനുഭവിച്ച് മക്കള്‍ പുറത്തിറങ്ങിയപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലിലൂടെ യഥാര്‍ഥ പ്രതി ആരെന്ന് അവര്‍ പ്രഖ്യാപിച്ചത്. ആ മക്കള്‍ പറഞ്ഞ കഥ ഇങ്ങനെ:

പാണ്ടിമണിയന്‍ തങ്ങളുടെ വിഖ്യാത പിതാവായിരുന്നു. പുള്ളിക്കാരന്റെ പ്രധാന ദൗര്‍ബല്യം മറ്റുള്ളവരെ ദ്രോഹിച്ച് ആനന്ദിക്കുക എന്നതായിരുന്നു. പലതരത്തില്‍ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. പനിച്ചുകിടക്കുന്ന മകന്റെ കിടക്കയില്‍ വെള്ളംകോരിയൊഴിക്കുക, കഞ്ഞിയില്‍ മണ്ണുവാരിയിടുക, വെടക്കാക്കി തനിക്കാക്കുക, അരിയുംതിന്ന് ആളെയും കടിച്ച് പിന്നെയും മുറുമുറുക്കുക തുടങ്ങിയ സുകുമാരകലകളായിരുന്നു ദിനചര്യ. എല്ലാം സഹിച്ചു. അച്ഛനല്ലേ, പ്രായക്കൂടുതലല്ലേ എന്ന് നിനച്ചു. ഒടുവിലൊരുനാള്‍ പാണ്ടിമണിയന്‍ കിടപ്പിലായി. മക്കളെ അടുത്ത് വിളിച്ച്, തനിക്ക് മാനസാന്തരമുണ്ടായതായി പ്രഖ്യാപിച്ചു. ഇത്രയും കാലം മക്കളെ ദ്രോഹിച്ചതിന് പ്രായശ്ചിത്തം ചെയ്യണം. താന്‍ മരിച്ചാല്‍ മക്കള്‍ ഒരു പാര തന്റെ ആസനത്തില്‍ അടിച്ചു കയറ്റണം. മരണം സുഖമായി നടന്നു. മടിച്ചുമടിച്ചെങ്കിലും മക്കള്‍ അച്ഛന്റെ അവസാനത്തെ ആഗ്രഹം നടപ്പാക്കി. എങ്കിലല്ലേ, സ്വര്‍ഗവാതില്‍ തള്ളിത്തുറന്ന് മണിയന് അകത്തുകയറാനാവൂ.

അങ്ങനെ അച്ഛന്റെ ആഗ്രഹം സാധിച്ച് സായൂജിച്ച മക്കളെത്തേടി അപ്പോഴേക്കും പ്രത്യേക അന്വേഷണസംഘം എത്തിയിരുന്നു. തെളിവ്, ""എന്നെ പാരകയറ്റിക്കൊല്ലാന്‍ മക്കള്‍ ഗൂഢാലോചന നടത്തുന്നു; രക്ഷിക്കണം"" എന്ന് സ്വന്തം കൈപ്പടയില്‍ എഴുതി പാണ്ടിമണിയന്‍ അയച്ച കത്ത്. കൊലക്കുറ്റത്തിന് മക്കള്‍ ജയിലിലേക്ക്. കേസ് പിന്നൊരിക്കലും "റീ ഓപ്പണ്‍" ആയില്ല. മരിച്ചാലും ദ്രോഹിക്കുന്ന ആ പിതാവിന്റെ ആസനത്തില്‍ കയറിയശേഷം പാരയ്ക്കുതന്നെ ലജ്ജയായി. പിന്നെ എറെക്കാലത്തിനുശേഷമാണ് വാളകത്തെ അധ്യാപകനുനേരെ പാര തിരിയുന്നത്.

സിബിഐ പുലികള്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പാരയും അധ്യാപകനുമേ ഉള്ളൂ. പാര എങ്ങനെ കയറി എന്നില്ല. ആര് കയറ്റി എന്നില്ല. ചോദ്യം ചെയ്യാനും ഗരുഡന്‍തൂക്കം തൂക്കാനും അടിച്ച് കരണക്കുറ്റി പൊട്ടിക്കാനും ഒരു കീചകനെയും പൊലീസ് കണ്ടില്ല; മൂത്ത സിബിഐ പൊലീസ് കാണുന്നുമില്ല. എന്തേ കാണാത്തത് എന്ന് ഒരു മാധ്യമപ്പൊന്നുതമ്പുരാനും ചോദിക്കുന്നുമില്ല. എല്ലാം ശാന്തം; ശുഭം. ആനവീട്ടിലെ പിതാവിനും പുത്രനും സ്തോത്രം.

കേരള പൊലീസിന് ഇപ്പോള്‍ പുഷ്കല കാലമാണ്. അതുകൊണ്ടാണ് പാരക്കേസ് കേന്ദ്രപ്പൊലീസിലേക്ക് പോയത്. രാജ്നാരായണന്‍ ചരണ്‍സിങ്ങിന്റെ മുന്നില്‍ ഇരുന്നിട്ടില്ല. മുട്ടുകുത്തി തൊഴുതുപിടിച്ച് നിന്നിട്ടേയുള്ളൂ. ചരണ്‍സിങ് കല്‍പ്പിക്കും; രാജ്നാരായണന്‍ അനുസരിക്കും. ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചു എന്നൊക്കെയുള്ള പേരുണ്ട്. ജോലി യജമാനസേവമാത്രം. നമ്മുടെ തിരുവഞ്ചൂര്‍ പാവങ്ങളുടെ രാജ്നാരായണനാണ്. ഉമ്മന്‍ചാണ്ടി കല്‍പ്പിക്കും; തിരുവഞ്ചൂര്‍ ആ കല്‍പ്പനകൊണ്ട് കല്ലുപിളര്‍ക്കും.

ലീഗിന് അഞ്ച് മന്ത്രിമാരെ കൊടുത്തു, ക്രൈസ്തവ ന്യൂനപക്ഷത്തിന് കണ്ടമാനം സ്ഥാനംകിട്ടി എന്നൊക്കെ പരാതി വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി കൈയിലുള്ള ഒന്നെടുത്ത് തിരുവഞ്ചൂരിന് എറിഞ്ഞുകൊടുത്തു. ആഭ്യന്തരമന്ത്രിയായതിന്റെ കഥ അത്രയേ ഉള്ളൂ. അല്ലെങ്കിലും നല്ല തണ്ടെല്ലുള്ള മുരളീധരനെയും ടി എന്‍ പ്രതാപനെയും വി ഡി സതീശനെയുമൊക്കെ മാറ്റിനിര്‍ത്തി തിരുവഞ്ചൂര്‍, ശിവകുമാര്‍, കെ സി ജോസഫ് തുടങ്ങിയ റബര്‍ജീവികള്‍ക്ക് മന്ത്രിസ്ഥാനം കൊടുത്തത് വെറുതെയല്ല. എല്ലാം ഉമ്മന്‍ചാണ്ടിയുടെ തമാശ.

ആഭ്യന്തരവകുപ്പില്‍ ബിനാമിഭരണമാണ്. യഥാര്‍ഥ ഡിജിപി ഉമ്മന്‍ചാണ്ടിതന്നെ. ഇടയ്ക്ക് ചില കോമാളിത്തരങ്ങള്‍ തിരുവഞ്ചൂരിനെക്കൊണ്ട് ചെയ്യിക്കും. അങ്ങനെയൊരു കോമാളിത്തമാണ് വടകരയില്‍ നടക്കുന്നത്. അടിയന്തരാവസ്ഥയുടെ സുഖവും കുളിരും നന്നായി അനുഭവിച്ച ഉമ്മന്‍ചാണ്ടി ഇപ്പോഴും പറയുന്നത്, അന്ന് നടന്നതെല്ലാം നല്ലത് എന്നാണ്. കക്കയം ക്യാമ്പ്, ഉരുട്ടിക്കൊല എന്നിങ്ങനെയുള്ള നല്ല നല്ല കലാപരിപാടികള്‍ ഇനിയും വരണമെന്നാണ്. അല്ലെങ്കിലും അതിനാണല്ലോ തിരുവഞ്ചൂരിനെ ഇരുത്തിയിരിക്കുന്നത്.

*
വടകരയിലേത് പ്രത്യേക പൊലീസാണ്. പടം ആദ്യം പരേഡ് പിന്നെ എന്നാണ് ആ പൊലീസിന്റെ പുതിയ തിയറി. കഷ്ടപ്പെട്ട് വണ്ടിപിടിച്ച് മുംബൈയില്‍ചെന്ന് അവിടത്തെ പൊലീസിനെയും കൂട്ടി സിഐഡി കളിച്ച് ഒരാളെ പിടിച്ചുകൊണ്ടുവരുന്നു. ആറുദിവസം ഇടിയോടിടിയായിരുന്നത്രേ. കോടതിയിലെത്തുമ്പോള്‍ തലയില്‍ കറുത്ത മുഖംമൂടി. എന്താണതെന്ന് ചോദിച്ചവര്‍ക്ക് തിരിച്ചറിയല്‍ പരേഡല്ലേ വരുന്നതെന്ന മറുപടി. കോടതിക്കകത്തേ മുഖംമൂടിയുള്ളൂ. പുറത്ത് മുഖംമൂടി ഇല്ലാത്ത സുന്ദരന്‍ചിത്രം ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും. കുറ്റംപറയരുതല്ലോ. എല്ലാവര്‍ക്കും എന്നുപറയാനാകില്ല. കൈരളിക്കും ദേശാഭിമാനിക്കും മാത്രം കൊടുക്കില്ല.

ആറുദിവസം ഉറങ്ങാന്‍ അനുവദിക്കാതെയാണത്രേ ചോദ്യംചെയ്യല്‍. രണ്ടുദിവസം ഉറങ്ങാന്‍വിടാതെ ചെന്നിത്തലയെ ഒന്നിരുത്തിനോക്കണം. സുധീരന്‍ മഹാമനുഷ്യനെന്നും ഉമ്മന്‍ചാണ്ടി നല്ലവനുക്ക് നല്ലവനെന്നും ഒരു മടിയുമില്ലാതെ പറയും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരിക്കലും താനില്ല എന്ന് ആണയിടും. ഈ സര്‍ക്കാരിനെ പാരവയ്ക്കുന്ന കാര്യം ചിന്തിച്ചിട്ടേയില്ല എന്ന് തലയില്‍ കൈവച്ച് നൂറ്റൊന്ന് ആവര്‍ത്തി പറയും. അതാണ് ചോദ്യംചെയ്യലിന്റെ തിരുവഞ്ചൂര്‍ശൈലി.

ഇനി ചന്ദ്രശേഖരനെ കൊന്നത് ചൈനയില്‍നിന്ന് വന്ന കമ്യൂണിസ്റ്റ് ക്വട്ടേഷന്‍സംഘമാണെന്ന് പറയിക്കണോ? നാലിടി കൂടുതല്‍ ഇടിച്ചാല്‍ വേണമെങ്കില്‍ ഫിദല്‍ കാസ്ട്രോവിന്റെ പേരും പറയിക്കാം. അത്രയേ ഉള്ളൂ ഇടിയുടെ കാര്യം. മൊഴി പത്രത്തില്‍ വരും; പൊലീസ് കോടതിയില്‍ നിഷേധിക്കും, കേസ് അതിന്റെ വഴിക്ക് പോകും.

തിരുവഞ്ചൂരിന് കേസല്ല പ്രശ്നം- മാര്‍ക്സിസ്റ്റ് പാര്‍ടിയെ പുതപ്പിച്ചു കിടത്തിക്കലാണ്. അതിനിപ്പോള്‍ ചെറുപയര്‍ തിന്ന് കൊഴുത്ത ചില അപ്പനപ്പൂന്‍മാരുടെ സേവനവും ആവശ്യപ്പെട്ടുവെന്ന് വരാം. പിടിക്കുന്നവരോട് മുഖം മൂടാന്‍ പൊലീസ് ആവശ്യപ്പെടും. എന്നിട്ട്, കണ്ടില്ലേ മാര്‍ക്സിസ്റ്റുകാര്‍ മുഖത്ത് തുണിയുമിട്ട് പോകുന്നത് എന്ന് ആര്‍എംപിയുടെ സൈദ്ധാന്തികക്കുന്തങ്ങള്‍ ആക്രോശിക്കും. അത് മാധ്യമങ്ങള്‍ പാടിപ്പരത്തും. ഇമ്മാതിരി ജന്മങ്ങളെ തൊട്ടാല്‍ അക്കൈ നാറുമെന്നതുകൊണ്ട് അത്രയും സമാധാനം.

*
വീരേന്ദ്രകുമാര്‍ ഒന്നുപറഞ്ഞാല്‍ അതിന് ഒമ്പത് അര്‍ഥമാകും. എം ടിക്കും ഒ എന്‍ വിക്കും ജ്ഞാനമില്ല പീഠമേയുള്ളൂ എന്നുപറഞ്ഞത് വെറുതെയല്ല. ഇപ്പോഴിതാ വീരന്റെ പുസ്തകപ്പരസ്യം വന്നിരിക്കുന്നു. "പ്രതിരോധത്തിന്റെ ശബ്ദം വാക്കുകളിലൂടെ മലയാളിയെ ബോധ്യപ്പെടുത്തിയ മഹാശ്വേതാദേവിയുടെ പുസ്തകങ്ങള്‍" വില്‍പ്പനയ്ക്ക് എന്ന്.

എന്തായാലും ബംഗാളില്‍ വെറുതെയിരുന്ന മഹാശ്വേതാദേവിയെ ഇങ്ങ് കേരളത്തിലേക്ക് വിമാനം കയറ്റി കൊണ്ടുവന്ന് നാണംകെടുത്തിയതിന് ആരെങ്കിലും ഒരവാര്‍ഡ് വീരന് കൊടുക്കണം. പിണറായി വിജയന്റെ വീടിനെക്കുറിച്ചും എം എം മണിയുടെ "പ്രാകൃത രൂപ"ത്തെക്കുറിച്ചും പറഞ്ഞ് നാണംകെട്ടതിന് കൂലിയായി ആ ദേവിക്ക് പുസ്തകത്തിന്റെ റോയല്‍റ്റി അല്‍പ്പമെങ്കിലും അയച്ചുകൊടുത്താല്‍ അത്രയും നന്ന്.

ശരിയായ ലാഭം കെ ജി ശങ്കരപ്പിള്ളയ്ക്കാണ്. അദ്ദേഹത്തിന്റെ കവിത മഹാശ്വേതാദേവിയുടെ കത്തിലൂടെയും മാതൃഭൂമിയില്‍ അച്ചടിച്ചു വന്നുവല്ലോ. അത് ഇംഗ്ലീഷിലാണോ, ബംഗാളിയിലാണോ പരിഭാഷപ്പെടുത്തി ആയമ്മയെക്കൊണ്ട് വായിപ്പിച്ചതെന്ന് വ്യക്തമല്ല. പരിഭാഷ നിര്‍വഹിച്ചത് ആരെന്നുമറിയില്ല. കവിതയുടെ പരിഭാഷ (ഇതുവരെ തയ്യാറായിട്ടില്ലെങ്കില്‍ ഉടനെ തയ്യാറാക്കി) മാതൃഭൂമി ബുക്സിനെക്കൊണ്ട് പ്രസിദ്ധീകരിപ്പിക്കാനും ഇടയുണ്ട്. പരിഭാഷ വീരന്റെ പേരിലായാല്‍ ആയിനത്തില്‍ അവാര്‍ഡും തരപ്പെടും.

*
പിന്‍കുറിപ്പ്:

നടപടി ഉണ്ടാകുമെന്ന് ആദ്യം. ഇല്ലായെന്ന് പിന്നെ. സിപിഐ എമ്മില്‍ ആര്‍ക്കൊക്കെ നടപടി വേണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് ഇപ്പോള്‍ അച്ചായന്റെ ചാനല്‍ ഓഫീസിലാണ്.

2 comments:

ശതമന്യു said...

ആറുദിവസം ഉറങ്ങാന്‍ അനുവദിക്കാതെയാണത്രേ ചോദ്യംചെയ്യല്‍. രണ്ടുദിവസം ഉറങ്ങാന്‍വിടാതെ ചെന്നിത്തലയെ ഒന്നിരുത്തിനോക്കണം. സുധീരന്‍ മഹാമനുഷ്യനെന്നും ഉമ്മന്‍ചാണ്ടി നല്ലവനുക്ക് നല്ലവനെന്നും ഒരു മടിയുമില്ലാതെ പറയും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരിക്കലും താനില്ല എന്ന് ആണയിടും. ഈ സര്‍ക്കാരിനെ പാരവയ്ക്കുന്ന കാര്യം ചിന്തിച്ചിട്ടേയില്ല എന്ന് തലയില്‍ കൈവച്ച് നൂറ്റൊന്ന് ആവര്‍ത്തി പറയും. അതാണ് ചോദ്യംചെയ്യലിന്റെ തിരുവഞ്ചൂര്‍ശൈലി.

ഇനി ചന്ദ്രശേഖരനെ കൊന്നത് ചൈനയില്‍നിന്ന് വന്ന കമ്യൂണിസ്റ്റ് ക്വട്ടേഷന്‍സംഘമാണെന്ന് പറയിക്കണോ? നാലിടി കൂടുതല്‍ ഇടിച്ചാല്‍ വേണമെങ്കില്‍ ഫിദല്‍ കാസ്ട്രോവിന്റെ പേരും പറയിക്കാം. അത്രയേ ഉള്ളൂ ഇടിയുടെ കാര്യം. മൊഴി പത്രത്തില്‍ വരും; പൊലീസ് കോടതിയില്‍ നിഷേധിക്കും, കേസ് അതിന്റെ വഴിക്ക് പോകും.

ഗോപകുമാര്‍.പി.ബി ! said...

കത്തില്‍ മലയാളം കവിത കണ്ടപ്പോള്‍ ഞാനുമോര്‍ത്തു ഇത്. "ഓരോ ചിരിക്കു പിന്നിലും ഒരു തേറ്റ ഒളിഞ്ഞിരിക്കുന്നു"വെന്നെഴുതിയ കവിയല്ലേ' അതുകൊണ്ടുതന്നെ ഈ ഭാഗം കണ്ടപ്പോള്‍ വലിയ സന്തോഷം !
(റ്റി.പി.യെ ആരോ വെട്ടി നുറുക്കിയപ്പോള്‍ പത്രക്കാര്‍ക്കുണ്ടായത്ര സന്തോഷമില്ലാട്ടോ !)