ഉപ്പോളം വരുമോ ഉപ്പിലിട്ടതെന്ന ചോദ്യം ന്യായം. പള്ളിയോളം വരുമോ പള്ളിപ്പത്രം എന്നുമാത്രം ചോദിക്കരുത്. പള്ളി കാണാത്തത് പള്ളിപ്പത്രം കാണും. പള്ളി പറയാത്തത് പള്ളിപ്പത്രം പറയും. പുതിയ മുഖങ്ങളുടെ കാലമാണിത്. ഇറ്റലിയില്‍നിന്നോ മറ്റോ ഒരു കുടുംബത്തെ കൊണ്ടുവന്ന് കുടിയിരുത്തി തൊഴിലെടുപ്പിച്ചാണ് ആസ്ഥാന പള്ളിപ്പത്രം പുതിയ മുഖംമൂടി പണിതത്. അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കുര്‍ബാന ഞായറാഴ്ചയുടെ സുപ്രഭാതത്തില്‍. നെറ്റിയില്‍ ഒട്ടിച്ചത് അവസാനത്തെ അത്താഴത്തിന്റെ ചിത്രം. ഡാവിഞ്ചി വരച്ച തിരുവത്താഴമല്ല- ഇന്റര്‍നെറ്റില്‍ ആരോ പ്രചരിപ്പിച്ച ഒരു രാഷ്ട്രീയ പാരഡി. ബറാക് ഒബാമയും സോണിയഗാന്ധിയും രാഹുലും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം മേശയ്ക്കരികിലിരുന്ന് സുഖഭോജനം നടത്തുന്ന ഗ്രൂപ്പ് ഫോട്ടോ. ഇത് മുതലാളിത്തത്തിന്റെ അവസാന അത്താഴമെന്ന് അടിക്കുറിപ്പ്. 'പാര്‍ടി പോസ്ററില്‍ ക്രിസ്തുവിനെ ഒബാമയാക്കി' എന്ന വാര്‍ത്തയ്ക്കൊപ്പമാണ് പള്ളിപ്പത്രം ഈ പാരഡിച്ചിത്രമടങ്ങിയ ബോര്‍ഡ് അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്താണ് ബോര്‍ഡ് വന്നതെന്ന് പത്രം മാലോകരെ അറിയിച്ചു. വായിച്ചവര്‍ കൌതുകത്തോടെ അങ്ങോട്ടുചെന്നു. അവിടെ അങ്ങനെയൊരു ബോര്‍ഡില്ല. കുറെ ദിവസംമുമ്പ് ഒരു ബോര്‍ഡ് വച്ചിരുന്നു; അപ്പോള്‍ത്തന്നെ എടുത്തുമാറ്റുകയും ചെയ്തു എന്ന് നാട്ടുകാരുടെ സാക്ഷ്യം. ആകെ കണ്ടവര്‍ പത്തോ നൂറോ.
പള്ളിപ്പത്രത്തിന് യേശുവിനോട് അദമ്യമായ സ്നേഹം ഉണ്ടാകണമല്ലോ. അതുകൊണ്ട് നൂറുപേര്‍ കണ്ട ബോര്‍ഡ് ലക്ഷങ്ങളെ കാണിച്ചേ അടങ്ങൂ എന്ന് ശപഥം ചെയ്തു. അങ്ങനെ പത്രം ചെല്ലുന്നിടത്തെല്ലാം യേശു അപമാനിക്കപ്പെട്ടു. തൃക്കണ്ണാപുരത്ത് ഒരു ബോര്‍ഡ് വച്ചാല്‍ മാറുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് എന്ന് ധരിച്ചുവശായ ചിലരും കോണ്‍ഗ്രസ് രക്തം സിരകളിലോടുന്ന മറ്റുചിലരും ചാടി റോഡിലിറങ്ങി. പള്ളിപ്പത്രംവക വിപ്ളവം അങ്ങനെ ആരംഭിച്ചു. പക്ഷേ ചീറ്റിപ്പോയി. ആദ്യം യേശുവിനെ അപമാനിച്ചത് ഈ പത്രംതന്നെയെന്നും ഇപ്പോള്‍ അപമാനിക്കല്‍ ആവര്‍ത്തിച്ചതിന്റെ കൂലിയും ഇവര്‍ക്കുതന്നെയെന്നും വെളിപ്പെട്ടപ്പോള്‍ വലിച്ചുപൊട്ടിച്ച റബര്‍ബാന്‍ഡുപോലെ ചുരുണ്ടുപോയി പുതിയ മുഖമുള്ള നമ്മുടെ ജേര്‍ണല്‍ ഓഫ് ചര്‍ച്ച്.
കുരിശിലേറ്റപ്പെട്ട ക്രിസ്തുവിനൊപ്പം വി പി സിങ്ങിനെ ക്രിസ്തുവാക്കി പണ്ട് ഒരു ദുഃഖവെള്ളിയാഴ്ച നാളില്‍ തിരുച്ചിത്രം വക്രീകരിച്ച പാരമ്പര്യമോര്‍ത്തുകൊണ്ടാകാം പുതിയ മുഖത്തിന്റെ തിരുപ്പിറവിക്ക് ഞായറാഴ്ചതന്നെ തെരഞ്ഞെടുത്തത്. അന്നാകുമ്പോള്‍ പള്ളിയില്‍ ആളുകള്‍ വരും; പുതിയമുഖം കാണും. കണ്ടാല്‍ വികാരം കത്തിജ്വലിക്കും. വിമോചന സമരകാലത്തെന്നപോലെ കുഞ്ഞുങ്ങളും കൂടുംകുടുക്കയും തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കും. അതോടെ മാര്‍ക്സിസ്റുകാര്‍ ഇരുന്നുപോകും- കോട്ടയത്തെ മലര്‍പ്പൊടിക്കാരന്‍ ഇത്രയും സ്വപ്നമൊക്കെ ന്യായമായും കണ്ടിരുന്നു.
ക്രിസ്തു വിമോചകനാണെന്ന് പിണറായി പറഞ്ഞപ്പോള്‍, പിണറായി പറഞ്ഞത് തെറ്റ് എന്നാണ് രമേശ് ചെന്നിത്തല തിരിച്ചടിച്ചത്. അപ്പോള്‍ ഏതാണ് ശരി? യേശു വിമോചകനല്ല എന്നതോ? ആത്മപ്രശംസയും പരനിന്ദയും നിറഞ്ഞ പ്രാര്‍ത്ഥനയ്ക്കുശേഷം ദൈവപ്രീതി നേടാതെ ദേവാലയത്തില്‍നിന്നു മടങ്ങുന്ന പരീശനെക്കുറിച്ച് യേശു പറഞ്ഞിട്ടുണ്ട്. രമേശില്‍നിന്ന് പരീശനിലേക്കുള്ള ദൂരം എത്രയാണാവോ. ദൈവനിന്ദ കാട്ടി എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഒരു കവലയില്‍ ഏതാനും നിമിഷം ആരെങ്കിലും ഒരു ബോര്‍ഡുവച്ചാല്‍ നിന്ദിക്കപ്പെടുന്ന മഹത്വമേ യേശുക്രിസ്തുവിനുള്ളൂ എന്ന് ധരിക്കുന്നതിനേക്കാള്‍ വലിയ യേശുനിന്ദ വേറെ ഏതുണ്ട്? യേശുവിനെ ഒബാമയാക്കി ബോര്‍ഡുവന്നത് കൊടുംപാതകം; കര്‍ത്താവിനെ വി പി സിങ്ങാക്കി നാടായ നാട്ടിലെല്ലാം കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച പള്ളിപ്പത്രത്തിന്റെ പണി ഏത് ഗണത്തില്‍ വരും?
മാര്‍ക്സിസ്റുകാര്‍ യേശുവിന്റെ പോസ്റര്‍ വച്ചു എന്ന വാര്‍ത്ത വായിച്ച് തലസ്ഥാനത്തെ ഒരു വികാരി പ്രദര്‍ശനം കാണാന്‍ പോയി. കണ്ട് തൃപ്തിപ്പെട്ട് പിറ്റേന്ന് പള്ളിയില്‍ കുര്‍ബാന സമയത്ത് ചോദിച്ചു; മാര്‍ക്സിസ്റുകാര്‍ യേശുവിനെ ആദരിക്കുന്നതില്‍ ഇവര്‍ക്കെന്താണിത്ര വിഷമം എന്ന്. സംഗതി അതാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് തിരിച്ചറിവുണ്ട്; പള്ളിക്കും ഉണ്ട്. അതുകൊണ്ട് വന്ദ്യവയോധിക പുരോഹിതര്‍ പള്ളിപ്പത്രത്തിന് കൂട്ടുപാടിയില്ല. എന്നിട്ടും പക്ഷേ പുതിയ മുഖവുമായി പത്രം നടനം തുടരുകയാണ്. അതല്ലാതെ നിവൃത്തിയില്ല. പുതുപ്പള്ളിക്കാരന്‍ കുഴപ്പത്തിലാണ്.
*
കണ്ണൂരിലെ വീരനായകന്‍ കോണ്‍ഗ്രസില്‍ ഗുണ്ടാപ്പിരിവിനിറങ്ങിയതും പോസ്റര്‍വിപ്ളവത്തിന് നേതൃത്വം നല്‍കിയതും പൊലീസില്‍നിന്ന് പടയാളികളെ വാടകയ്ക്കെടുത്തതുമെല്ലാം ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നവചൈതന്യം നല്‍കുന്ന കാലമാണ്. പൊലീസിനെ ആഭ്യന്തരമന്ത്രി ഭരിക്കണോ ഗുണ്ടാനേതാവ് ഭരിക്കണോ എന്ന പ്രത്യയശാസ്ത്ര പ്രമേയമാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്കെടുത്തിരിക്കുന്നത്. മാര്‍ക്സിസ്റുകാര്‍ വെറും സമ്മേളനം നടത്തുമ്പോള്‍ കോണ്‍ഗ്രസ് സമ്പൂര്‍ണസമ്മേളനം നടത്തും. ജോസഫ് വടക്കോട്ടും ജോര്‍ജ് തെക്കോട്ടും നടക്കുന്നു. കുഞ്ഞാലിക്കുട്ടി പടിഞ്ഞാട്ടാണ് നടപ്പെങ്കില്‍ ബഷീര്‍ കിഴക്കുനോക്കുന്നു. പിറവത്തെ ഫലം വന്നാല്‍ ഭരണം വീഴുമെന്ന് ചില കണിയാന്മാര്‍ പറഞ്ഞിട്ടുമുണ്ട്. ഇതെല്ലാം കാണുമ്പോള്‍ ഒരുകൈ സഹായിക്കണമെന്ന് പള്ളിപ്പത്രത്തിന്റെ റബര്‍ മാനേജ്മെന്റിന് തോന്നുന്നതില്‍ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.
*
പുതിയ മുഖങ്ങളുടെ കഥ തീരുന്നില്ല. സ്വന്തം പാര്‍ടിയെ നന്നാക്കുക, അതില്‍ ആളെച്ചേര്‍ക്കുക തുടങ്ങിയ പരമ്പരാഗതരീതികള്‍ വിട്ട് അന്യപാര്‍ടികളുടെ നല്ലനടപ്പിന് ഇവന്റ് മാനേജ്മെന്റ് ക്വട്ടേഷന്‍’നല്‍കുന്ന പുതിയ രീതിയും മുഖവും കഴിഞ്ഞ ദിവസം കേരള രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഉദയംചെയ്തു. ഒരു നേതാവിന് ഒരു സുപ്രഭാതത്തില്‍ സംശയം- താന്‍ ഇടതാണോ വലതാണോ എന്ന്. എണീറ്റയുടനെ പത്രലേഖകനെ വിളിച്ച് ചിന്താമുകുളങ്ങളും സന്ദേഹകാവ്യവും പങ്കുവച്ചു. ഒന്നിച്ചു നില്‍ക്കുന്ന പാര്‍ടി മഹാമോശം- അവരുടെ സമ്മേളനത്തില്‍ ജനങ്ങള്‍ കൂടുന്നു. അവരുടെ വാര്‍ത്തകള്‍ പത്രങ്ങള്‍ ആഘോഷിച്ച് കൊടുക്കുന്നു. അവര്‍ പ്രദര്‍ശനം മാത്രമല്ല അതിനൊപ്പം ഭക്ഷ്യമേളയും നടത്തുന്നു. അവിടെ കരിമീനുണ്ട്. നമ്മുടെ പാര്‍ടിക്കാര്‍ക്ക് കരിമീന്‍ കഴിച്ചാല്‍ വയറിളകും. കുടുംബശ്രീക്കാരുടെ ചായ പറ്റുകയേ ഇല്ല. ഇതാണോ കമ്യൂണിസം? ഇതാണോ ആദര്‍ശം? അതുകൊണ്ട് ഞാനും എന്റെ പാര്‍ടിയും സിന്ദാബാദ്. മറ്റേപ്പാര്‍ടി തുലയട്ടെ എന്ന്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആട്ടെ, പോട്ടെ എന്ന് എല്ലാവരും കരുതി. അവഗണനയും നല്ല മരുന്നാണല്ലോ. ഇവിടെ അവഗണന വളമായി. അല്‍പ്പസ്വല്‍പ്പം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ആരായാലും കൊതിച്ചുപോകും. നേരെ ചൊവ്വെ എന്തെങ്കിലും പറഞ്ഞാല്‍ ചാനലുകാര്‍ തിരിഞ്ഞുനോക്കില്ല. അച്ഛന്‍ മോനെ തല്ലിയാല്‍ വാര്‍ത്തയില്ല. മോന്‍ അച്ഛനെ തല്ലണം. അതും ചെകിട്ടത്തുതന്നെ തല്ലണം. അപ്പോള്‍ വലിയ വാര്‍ത്തയാകും. തുണിയുടുത്തുനടന്നാല്‍ ആരും ശ്രദ്ധിക്കില്ല. ഉടുതുണി ഉരിഞ്ഞ് നിരത്തിലിറങ്ങിയാല്‍ അക്കൊല്ലത്തെ വാര്‍ത്താപുരുഷനാകും. അങ്ങനെയൊക്കെ നിനച്ച് ഇറങ്ങിത്തിരിച്ചതാണ്. സ്വന്തം വീട്ടിലെ അടുപ്പില്‍ തീയുണ്ടോ അരി വേവുന്നുണ്ടോ എന്നൊന്നും നോക്കേണ്ടതില്ല. ഭോജ്യങ്ങള്‍ അടുത്ത വീട്ടില്‍നിന്ന് സമയാസമയം എത്തിക്കൊള്ളും. ഇരുന്ന് ഭുജിക്കുന്ന കഷ്ടപ്പാടേ സഹിക്കേണ്ടതുള്ളൂ. പിന്നെ കമ്മിറ്റികളില്‍ ഇരിക്കണം. പണ്ട് കോവിലകത്തേക്ക് മോരുകൊണ്ടുപോയ കഥയുണ്ട്. ഒരു കുടം മോരുമതിയല്ലോ. അത് വീട്ടില്‍ കറവയുള്ളവര്‍ കൊണ്ടുവരും. അതില്‍ വെള്ളമൊഴിച്ചാലും നമുക്ക് കുഴപ്പമൊന്നുമില്ല.
വയറുനിറഞ്ഞാല്‍ എന്തെങ്കിലും ഒരു വിനോദം വേണമല്ലോ. അന്നം തരുന്നവനെ നോക്കി നാലു തെറിവിളിക്കുന്നതിനെയും ചില പുതിയ നിഘണ്ടുക്കളില്‍ ആദര്‍ശാത്മക രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് വിളിക്കും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ഒരു കലയാണ്. ആ കല അന്യംനിന്നുപോകാതിരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അടിയന്തരശ്രദ്ധ കാണിക്കേണ്ടതുണ്ട്. കലാകാരന്മാരുടെ വംശം കുറ്റിയറ്റുപോകാതിരിക്കാന്‍ അവശകലാകാര പെന്‍ഷന്‍ എങ്കിലും അനുവദിക്കണം.
1 comment:
പള്ളിപ്പത്രത്തിന് യേശുവിനോട് അദമ്യമായ സ്നേഹം ഉണ്ടാകണമല്ലോ. അതുകൊണ്ട് നൂറുപേര്‍ കണ്ട ബോര്‍ഡ് ലക്ഷങ്ങളെ കാണിച്ചേ അടങ്ങൂ എന്ന് ശപഥം ചെയ്തു. അങ്ങനെ പത്രം ചെല്ലുന്നിടത്തെല്ലാം യേശു അപമാനിക്കപ്പെട്ടു. തൃക്കണ്ണാപുരത്ത് ഒരു ബോര്‍ഡ് വച്ചാല്‍ മാറുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് എന്ന് ധരിച്ചുവശായ ചിലരും കോണ്‍ഗ്രസ് രക്തം സിരകളിലോടുന്ന മറ്റുചിലരും ചാടി റോഡിലിറങ്ങി. പള്ളിപ്പത്രംവക വിപ്ളവം അങ്ങനെ ആരംഭിച്ചു. പക്ഷേ ചീറ്റിപ്പോയി. ആദ്യം യേശുവിനെ അപമാനിച്ചത് ഈ പത്രംതന്നെയെന്നും ഇപ്പോള്‍ അപമാനിക്കല്‍ ആവര്‍ത്തിച്ചതിന്റെ കൂലിയും ഇവര്‍ക്കുതന്നെയെന്നും വെളിപ്പെട്ടപ്പോള്‍ വലിച്ചുപൊട്ടിച്ച റബര്‍ബാന്‍ഡുപോലെ ചുരുണ്ടുപോയി പുതിയ മുഖമുള്ള നമ്മുടെ ജേര്‍ണല്‍ ഓഫ് ചര്‍ച്ച്.
Post a Comment