
ഏതെങ്കിലും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നോ ആത്മഹത്യചെയ്തു എന്നോ കേട്ടാല്‍ ഉടനെ വിവാദത്തിന്റെ കുന്തവും കൊണ്ട് ഒടിയസേവാസംഘം പാഞ്ഞെത്തും. കഥയില്‍ എവിടെയെങ്കിലും ഒരു വിഐപി ബന്ധം ചാര്‍ത്തും. സൂചനയിലൂടെയും ആംഗ്യത്തിലൂടെയും മാന്യന്മാരെ കഥയിലേക്ക് കൊണ്ടുവരും. അപവാദം ആദ്യം പറയും, പിന്നെ എഴുതും, അതും കഴിഞ്ഞ് കോടതിയിലെത്തിക്കും. ഒരു കോടതി തള്ളിയാല്‍ മറ്റൊരു തരത്തില്‍ വേറൊരു കോടതിയില്‍. അന്വേഷണം സിബിഐക്ക് കിട്ടിയാല്‍ തെളിവെന്ന മട്ടില്‍ കടലാസുംകൊണ്ട് സിബിഐ ആപ്പീസിലേക്ക്. പുറത്തുവന്ന് ഞാന്‍ ഇത്ര തെളിവുകൊടുത്തു, ഇന്നയിന്ന സാക്ഷികളെ കൊണ്ടുവന്നു എന്ന് വീമ്പടിക്കും. ഈ നിലയില്‍ വികസിച്ചതാണ് കിളിരൂര്‍, കവിയൂര്‍ കേസുകള്‍. നാട്ടുകാര്‍ ആകാംക്ഷാപൂര്‍വം നോക്കിയിരുന്ന രണ്ട് വിവാദകേസുകളും സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് വച്ചു. പക്ഷേ, ഇന്നലെവരെ കൊണ്ടാടിയ മാധ്യമത്തമ്പുരാക്കന്മാര് ആ റിപ്പോര്‍ട്ടുകള്‍ കണ്ണുതുറന്ന് കണ്ടതേയില്ല.
സിബിഐക്ക് യഥാര്‍ഥത്തില്‍ പറ്റിയ അമളി ഒടിയന്മാരെ വിശ്വസിച്ചുപോയതാണ്. ഇപ്പോള്‍ അവര്‍ പറയുന്നു, കവിയൂര്‍ കേസുമായി ബന്ധപ്പെട്ട് വിഖ്യാത മാധ്യമപ്രവര്‍ത്തകനും അഴിമതിവിരുദ്ധപോരാളിയും സാംസ്കാരികനായകനുമായ ക്രൈം നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന്. അമ്പമ്പോ. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്ന് അത്ഭുതപ്പെടാം. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ലെന്നും അയാള്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചെന്നും അനഘയെ പീഡിപ്പിച്ചത് സ്വന്തം പിതാവുതന്നെയാകാമെന്നും സിബിഐ പറയുന്നു. നന്ദകുമാര്‍ കോടതിയെ മനഃപൂര്‍വം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പറയുന്നു. കിളിരൂര്‍ കേസില്‍ രാജു പുഴങ്കര എന്ന അഴിമതിവിരുദ്ധ പോരാട്ടനായകനാണ് നന്ദകുമാറിന്റെ പണി എടുത്തത്. അയാള്‍ തട്ടിപ്പുകേസില്‍ ജയിലിലാണ്. കള്ളത്തെളിവുണ്ടാക്കിയ ക്രിമിനല്‍ പണിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവാദിത്തവും സിബിഐക്കുണ്ടല്ലോ. അക്കാര്യമെന്തേ മിണ്ടാത്തത്?
ഇത് ഇന്ന് തുടങ്ങിയ പരിപാടി അല്ല. തിരുവനന്തപുരത്തെ ഒരു കരാറുകാരന് പെണ്‍വാണിഭവും നീലച്ചിത്ര നിര്‍മാണവും നടത്തുന്നതായി ക്രൈംവാരികയില്‍ വാര്‍ത്ത കൊടുത്തതിനെതിരെയുള്ള കേസില്‍ രക്ഷപ്പെടാന്‍ മറ്റൊരു 'ക്രൈം' അച്ചടിച്ച് വ്യാജ രേഖയുണ്ടാക്കി ഹാജരാക്കിയപ്പോള്‍ കോടതി ഈ നന്ദകുമാരനെ ശിക്ഷിച്ചു. മറ്റൊരു കോടതി കുടിലബുദ്ധിയെന്ന് വിളിച്ചു. കോഴിക്കോട്ടെ ഒരു ആശുപത്രിയുടമ നല്കിയ കേസില്‍ ശിക്ഷ കിട്ടി. കുമാരന് ആയിടയ്ക്ക് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്, ക്രൈമില്‍ വന്ന അപവാദകഥകളുമായി ബന്ധപ്പെട്ട് 38 കേസില്‍ പ്രതിയാണ് താന്‍ എന്നാണ്. ഇതൊന്നും സിബിഐ അന്ന് കണ്ടില്ല. പുള്ളി പറഞ്ഞത് വിശ്വസിച്ച് പലതും ചെയ്തുവച്ചു. പൂര്‍വകാല പ്രാബല്യത്തോടെ ഒന്നു പരിശോധിച്ചാല്‍ ഈ കുമാരന് തെളിച്ച വഴിയേ പോയതില്‍ എത്രയെത്ര അമളികള്‍ പറ്റിയിട്ടുണ്ട് എന്ന് തെളിയും. ആ നിലയ്ക്ക് അമളികളുടെ ഒരു തുടര്‍ക്കഥ പ്രസിദ്ധീകരിക്കുകയുമാകാം.
സംഗതി ക്വട്ടേഷന്‍ പണിയാണ്. കാശു വാങ്ങി തലയോ കൈയോ കാലോ വെട്ടുന്നതുപോലെ പണത്തിനുവേണ്ടി മാന്യന്മാരെ അപമാനിക്കും; കേസുകൊടുക്കും; എഴുതിനാറ്റിക്കും. കോടതികളെയും അന്വേഷണ ഏജന്‍സികളെയും തെറ്റിദ്ധരിപ്പിച്ചുള്ള ഈ പരിപാടിക്ക് കവിയൂര്‍ കേസില്‍ മാത്രമല്ല തിരിച്ചടികിട്ടുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ലാവലിന്‍ കേസ് അന്വേഷിച്ചിരുന്ന അശോക്കുമാര് എന്ന ഉദ്യോഗസ്ഥനെ മറ്റേതോ കേസ് ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുമാരന് കോടതിയിലെത്തി. ആരോപണങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി മറുപടി പറഞ്ഞ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് ".... മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ പരിഗണിച്ച് ടി പി നന്ദകുമാറിന്റെ പെറ്റീഷന് തളളിക്കളഞ്ഞ് നീതി നടപ്പാക്കണം'' എന്നാണ്. പിറ്റേന്നിറങ്ങിയ മാതൃഭൂമി 'പിണറായിയുടെ പണമിടപാടുകളും അന്വേഷിക്കുന്നു - സിബിഐ' എന്നാണ് വാര്‍ത്ത കൊടുത്തത്. മനോരമ കുറേക്കൂടി മനോധര്‍മം പുലര്‍ത്തി. 'ലാവലിന്‍ തുടരന്വേഷണം - പിണറായിയുടെ ഹര്‍ജി തടസ്സമല്ലെന്ന് സിബിഐ' എന്നായിരുന്നു അവരുടെ തലവാചകം. നന്ദകുമാറിന്റെ ഹര്‍ജി തളളണമെന്ന് സിബിഐ എന്നു തലക്കെട്ടെഴുതിയാല്‍ നന്ദകുമാറിന്റെ പിന്നില്‍ കളിക്കുന്നവരുടെ മറ്റേലക്ഷ്യം നടക്കുകയില്ലല്ലോ. കവിയൂര്‍ കേസിലും അത് സംഭവിച്ചു. തള്ളിയത് നന്ദകുമാറിന്റെ ഹര്‍ജിയാണ്. ആ പേരുമാത്രം മനോരമയിലുമില്ല; മാതൃഭൂമിയിലുമില്ല. നന്ദകുമാറിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?
സിപിഐ എം സമ്മേളനം വരുമ്പോള്‍ നന്ദകുമാര്‍ ഒടിവിദ്യ കനപ്പിക്കും. പിണറായി വിജയന്റെ 'പണമിടപാടുകളെ'ക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതുസംബന്ധിച്ച് 2010 ഏപ്രില്‍ 17ന് സിബിഐ സത്യവാങ്മൂലം കോടതിയില്‍ നല്കി. പിണറായിക്കെതിരെ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏതെങ്കിലും പ്രസക്തമായ സൂചനകൊണ്ടുപോലും ന്യായീകരിക്കപ്പെടുന്നതല്ല എന്നാണ് അതില്‍ പറയുന്നത്.
ലാവലിന്‍ കേസിന്റെ സ്വയം പ്രഖ്യാപിത പിതാവാണ് ഈ നന്ദകുമാര്‍. അന്വേഷണസംഘത്തിനു മുമ്പാകെ ആ 'പിതാവ്' 2008 ഡിസംബര്‍ അഞ്ചിന് മൊഴി നല്കി. അവിടെ മൈതാനപ്രസംഗം ആവര്‍ത്തിച്ചു. സിബിഐ രേഖപ്പെടുത്തിയത്, പ്രത്യേകമായി ചോദിച്ചപ്പോള്‍ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള ഒരു കാര്യവും തന്റെ പക്കല്‍ ഇല്ല എന്ന് നന്ദകുമാര്‍ പറഞ്ഞു എന്നാണ്. ഒരു തെളിവും തന്റെ പക്കലില്ല എന്ന് ആരോപണകര്‍ത്താവുതന്നെ തുറന്നുപറയുന്നു. എന്നിട്ടും ഇതേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പല ഹര്‍ജികളുമായി കോടതിയിലെത്തുന്നു. ഒരിക്കല്‍പ്പോലും തെളിവുകള്‍ ഹാജരാക്കാതെ, ഒരു ഹര്‍ജി തളളുമ്പോള്‍ മറ്റൊരു ഹര്‍ജിയുമായി രംഗപ്രവേശം ചെയ്യുന്നു. അയാളുടെ ഹര്‍ജികള്‍ വാര്‍ത്തയാകുന്നു. ഹര്‍ജി തള്ളണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യംപോലും വളച്ചൊടിച്ച് ഹര്ജിക്കാരന് അനുകൂലമായി വാര്‍ത്ത ചമയ്ക്കുന്നു.
പിണറായി വിജയന്, എം എ ബേബി, തോമസ് ഐസക് എന്നിവര്‍ നികുതിവെട്ടിപ്പ് നടത്തിയെന്നും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ച് 2008ല്‍ നന്ദകുമാര്‍ നല്കിയ ഹര്‍ജിയുടെ ഗതിയും ഇതുതന്നെ. ടെക്നിക്കാലിയ എന്ന കമ്പനി പിണറായി വിജയന്റെ ബിനാമി സ്ഥാപനമാണ്, പിണറായി കൊട്ടാരം പോലൊരു വീടു നിര്‍മിച്ചു, സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഒരു സ്ഥാപനം പിണറായി നടത്തുന്നു എന്നൊക്കെയായിരുന്നു നന്ദകുമാറിന്റെ ആരോപണങ്ങള്‍. അതാണ് മാതൃഭൂമിയും മനോരമയും അഴിമതിവിരുദ്ധ പോരാട്ട നായകരും പാടിയത്. എവിടെ തെളിവ്? അവര്‍ക്ക് ഉത്തരമില്ല. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ 2008 ജനുവരി ഒന്നിന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍നായര്‍ കേന്ദ്ര ആദായനികുതി വകുപ്പിനുവേണ്ടി സത്യവാങ്മൂലം നല്കി; ഹര്‍ജി കോടതി തളളി. എന്നിട്ടും ഒടിയന്മാര് പാടിനടക്കുന്നു.
സിബിഐക്ക് സംഗതി മനസ്സിലായി. ഇന്നലെവരെ ഇത്തരം ഒടിയന്മാരെയാണല്ലോ കൂടെക്കൊണ്ടുനടന്നത് എന്നൊരു വീണ്ടുവിചാരംകൂടി വന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ഇതില്‍ നന്ദകുമാറിനെ പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം. സാധാരണനിലയില്‍ നാട്ടുമ്പുറത്ത് ഇത്തരക്കാര്‍ക്ക് ചികിത്സ നല്കാന് പ്രത്യേക പരിശീലനമൊന്നും വേണ്ട. തൊട്ടാല്‍ കൈ നാറുമെന്നതുകൊണ്ട് ആരും അത്തരം സാഹസത്തിന് മുതിരുന്നില്ല എന്നത് ആശ്വാസകരം തന്നെ. പക്ഷേ നമ്മുടെ മാധ്യമങ്ങളുടെ സ്ഥിതി അതാണോ? ഈ നാറ്റക്കെട്ട് കൊണ്ടുനടന്ന് കുങ്കുമക്കെട്ടാണെന്ന് പറയാന്‍ നാണമാകുന്നില്ലേ ഇവര്‍ക്ക്? സിബിഐക്ക് പറ്റിയത് അമളിയാണെന്നെങ്കിലും ആശ്വസിക്കാം. ഇങ്ങനെ കള്ളക്കഥകളുണ്ടാക്കി ആളെപ്പറ്റിക്കുന്ന പലരെയും അവര്‍ മുമ്പും കണ്ടുകാണുമല്ലോ.
*
ചിലര്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കള്ളം പറയുന്നു; കള്ളക്കേസുണ്ടാക്കുന്നു. മറ്റു ചിലര്‍ സ്വന്തം സമ്മേളനം വാര്‍ത്തയാക്കാന്‍ മറ്റേപ്പാര്‍ടിയെ തെറിവിളിക്കുന്നു. എനിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മറ്റേയാള്‍ കുടുതല്‍ മാര്‍ക്ക് വാങ്ങിയതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നത് രസമുള്ള വിമര്‍ശനംതന്നെ. അവിടെയും രക്ഷ മാധ്യമങ്ങള്‍ തന്നെ. കേരളം ഇന്നും ഏറ്റവുമധികം ഭൂതപ്രേതപിശാചുക്കള്‍ വസിക്കുന്ന നാടാണെന്ന് എഴുതിത്തെളിയിക്കാന്‍ ഒരു സായ്പും ഇല്ലാതെപോയല്ലോ.