Sunday, July 10, 2011

പാദുകങ്ങള്‍ ഭരിക്കട്ടെ

"പണം കൊടുത്ത് നിങ്ങള്‍ക്കൊരു നല്ല നായയെ വാങ്ങാനാകും. എന്നാല്‍ , സ്നേഹം കൊടുത്താല്‍ മാത്രമേ അത് വാലാട്ടൂ" എന്ന് റിച്ചാര്‍ഡ് ഫ്രീഡ്മാന്‍ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറേയായി. മലയാള മനോരമ കെ എം മാണിയുടെ ബജറ്റിനെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗം എഴുതിയ ദിവസംതന്നെ മാതൃഭൂമി ആ ഉദ്ധരണി എന്തിന് പ്രസിദ്ധീകരിച്ചെന്ന് പെട്ടെന്ന് മനസ്സിലായില്ല. "മാനവ പ്രശ്നങ്ങള്‍തന്‍ മര്‍മകോവിദന്‍മാര്‍" ഇരിക്കുന്നിടം മാതൃഭൂമി ഓഫീസാണല്ലോ. എന്തായാലും മനോരമ അത്തരമൊരു വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്. അവര്‍ എഴുതിയ ഒരു വാചകം ഇങ്ങനെ "പെന്‍ഷന്‍ കുടിശ്ശിക വരുത്തിയില്ലെന്നും കരാറുകാരുടെ കടം വീട്ടിയെന്നും ട്രഷറി ഒറ്റദിവസം പോലും അടച്ചുപൂട്ടിയില്ലെന്നുമൊക്കെ വിദഗ്ധ ധനമാനേജ്മെന്റിന്റെ സാക്ഷ്യപത്രങ്ങളായി മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് അവകാശപ്പെടുന്നു". അത്ഭുതം. ഐസക്കിന്റേത് അവകാശവാദം മാത്രമാണത്രേ.

ട്രഷറി പൂട്ടിയോ പെന്‍ഷന്‍ കുടിശ്ശിക വന്നോ എന്നൊന്നും മനോരമയ്ക്ക് അറിയില്ല. അത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അവര്‍ക്ക് കെല്‍പ്പുമില്ല. പക്ഷേ, അവരുടെ കണ്ണില്‍ മാണിയുടെ ബജറ്റ് "ശരിയായ ദിശയിലുള്ള തുടക്ക"മാണ്. സാമ്പത്തിക അച്ചടക്കവും ദൂരക്കാഴ്ചയും തെളിയുന്നതുമാണ്. പണ്ട് മാണി ഒരു കമ്മിയുമല്ല-മിച്ചവുമല്ല എന്ന "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ചപ്പോള്‍ രക്ഷിക്കാന്‍ മനോരമ പോലുമുണ്ടായിരുന്നില്ല. പണം മാത്രം കൊടുത്താല്‍ പോരാ സ്നേഹവും കൊടുക്കണമെന്ന് മാതൃഭൂമി ഓര്‍മിപ്പിച്ചതിന്റെ പൊരുള്‍ ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ എന്തുപറയാന്‍! കെ എം എന്നതിനെക്കുറിച്ച് കോട്ടയം-മലപ്പുറം എന്ന് ആദ്യം പറഞ്ഞതും മാതൃഭൂമിയാണ്. പിന്നീടേ മറ്റുള്ളവര്‍ ഏറ്റുപിടിച്ചിട്ടുള്ളൂ.

*
മാണിസാര്‍ പണ്ടേ ഒരു തിരുത്തല്‍വാദിയാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തം വരെ തിരുത്തിയെഴുതാന്‍ ധീരത കാട്ടിയ ആ കര്‍മകൗശലത്തിന് തോമസ് ഐസക്കിന്റെ ഒരു ബജറ്റ് തിരുത്തുന്നത് എത്രയോ നിസ്സാരം. ഐസക്കിന് എന്തൊക്കെ നോക്കണം. മര്‍മം അറിയാവുന്നവന് പശുവിനെ അടിക്കാന്‍ പ്രയാസമാകും. മാണിസാറിന് ഒരു പെരിസ്ട്രോയിക്കന്‍ - അധ്വാനവര്‍ഗ സിദ്ധാന്ത പ്രയോഗം നടത്തിയാല്‍ മതി. പാലായില്‍ നിന്നു പുറപ്പെട്ടാല്‍ ബസ് കോട്ടയത്ത് ഒന്നുനിര്‍ത്തും. അടുത്ത സ്റ്റോപ്പ് മലപ്പുറത്തു മാത്രമാണ്. ഇടയ്ക്ക് ബെന്നി ബെഹനാനോ ചെന്നിത്തലയോ ടി എന്‍ പ്രതാപനോ കൈകാട്ടിയാല്‍ ആ വണ്ടി നില്‍ക്കില്ല. ബ്രേക്ക് മാണിസാറിന്റെ കൈയിലാണ്. ഉമ്മന്‍ചാണ്ടിക്ക് വേണമെങ്കില്‍ വണ്ടിയില്‍ കയറി ഇരിക്കാം-ഒച്ച വയ്ക്കരുത്.

മാണിസാര്‍ നിസ്സാരക്കാരനല്ല-ഒന്‍പതു സീറ്റ് കൈയിലുണ്ട്. മാണി-ലീഗ് സംബന്ധം ഇങ്ങനെയങ്ങുറച്ചാല്‍ മുഖ്യമന്ത്രിക്ക് മുടിയും പറപ്പിച്ച് വെറുതേ നടക്കാം. ഭരണം പാലായില്‍നിന്ന് മലപ്പുറത്തേക്കും തിരിച്ചും സഞ്ചരിച്ചുകൊണ്ടിരിക്കും. അര്‍ഹതയുള്ളതേ ലഭിക്കുന്നുള്ളൂ; അതിനെ അസന്തുലിതാവസ്ഥ എന്നുവിളിക്കരുത് എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വിനയം.

സാഹിബിന് അര്‍ഹതയുള്ളത് ഇപ്പോഴെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം. മലപ്പുറത്തുനിന്ന് അഴീക്കോട്ടേക്ക് ഒരു സൈക്കിള്‍ പോലും ഓടാത്തതാണ് യൂത്ത് ലീഗിലെ ഏകസ്ഥാനക്കാരനായ എംഎല്‍എ ഷാജിയുടെ പരിഭവം. ഷാജിയും പറയുന്നു ബജറ്റ് അസന്തുലിതമാണെന്ന്. പ്രതിപക്ഷത്തിന് പണി കുറഞ്ഞു. ഇത്രയും വരെയുള്ള നടപ്പുവശം നോക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് രണ്ട് പ്രതിപക്ഷനേതാക്കന്മാരെ കാണേണ്ടിവരും. ചെന്നിത്തല പ്രതിപക്ഷനേതാവിന്റെ കുപ്പായം ഇട്ട് ശീലിച്ചുതുടങ്ങിയിട്ടുണ്ട്.

സ്വന്തം പാര്‍ടിക്കെതിരെയാകുമ്പോള്‍ ചെന്നിത്തലയ്ക്ക് നല്ല മാര്‍ക്കറ്റ് കിട്ടും. ഉമ്മന്‍ചാണ്ടി പണ്ട് ചെയ്തത് ഇന്ന് ചെന്നിത്തല ചെയ്യുന്നു. വന്നുവന്ന് ഇത്തരം തുരപ്പന്‍ പരിപാടികള്‍ക്ക് ഐഎസ്ഐ മുദ്ര കൊടുക്കുന്ന ഏര്‍പ്പാടും തുടങ്ങിയിട്ടുണ്ട്. പാരവയ്ക്കുന്നവരും പാലം വലിക്കുന്നവരും ഇനി മഹാന്മാരുടെ ഗണത്തിലത്രേ.

*
ഒന്നായ നിന്നയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായ ഇണ്ടലുംകൊണ്ടാണ് ലീഗില്‍ പലരും നടക്കുന്നത്. ഒരാള്‍ക്ക് ഒരു സ്ഥാനമെന്നായിരുന്നു തത്വം. ഇപ്പോള്‍ ഒരു സ്ഥാനം രണ്ടുപേര്‍ക്കെന്നായി. കുഞ്ഞാലിക്കുട്ടി "ഒന്നൊന്നര"കുട്ടിയാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. പുലി എന്നല്ല-പുപ്പുലി എന്നാണദ്ദേഹത്തെ അനുയായികള്‍ വിളിക്കുന്നത്. പഴയ മല്ലന്മാരെക്കുറിച്ചു പറയുമ്പോള്‍ നാലാള്‍ക്കൊത്ത ശരീരം എന്നൊക്കെ വര്‍ണിക്കാറുണ്ട്. ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അങ്ങനെ കാണുകയാണ്. രണ്ടാള്‍ക്കൊത്ത കുട്ടിയാണ് ഇന്ന് കുഞ്ഞാലിക്കുട്ടി. ഒരു കെ പി എ മജീദും ഒരു ഇ ടി മുഹമ്മദ് ബഷീറും സമാസമം ചേര്‍ന്നാലേ കുഞ്ഞാലിക്കുട്ടിക്കൊപ്പം എത്തൂ എന്നാണ് പാണക്കാട്ടെ തങ്ങള്‍ പറയുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പാദുകങ്ങള്‍ കസേരയില്‍ വച്ച് ഇനി കെ പി എ മജീദ് പാര്‍ടിയെ ഭരിക്കും. പണ്ട് ഇബ്രാഹിംകുഞ്ഞ് വ്യവസായവകുപ്പു ഭരിച്ചതും അങ്ങനെയാണ്. ഇ ടി മുഹമ്മദ് ബഷീറിന് പൊതുകാര്യത്തിന്റെ ചുമതലയാണ്. സംഘടനയെ തൊടാന്‍ പാടില്ല. സൂര്യനു താഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാം-അതില്‍ തൃപ്തിപ്പെട്ടുകൊള്ളണം. ഒരാള്‍ക്ക് ഒരുസ്ഥാനമെന്നത് ആര്‍ക്കും പറയാവുന്ന തത്വം തന്നെ-പക്ഷേ എല്ലാവര്‍ക്കും ബാധകമാകില്ല. അഖിലേന്ത്യാ പ്രസിഡന്റിന് ആ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്രമന്ത്രിയാകാം. അതിലും തൃപ്തിവരാതെ ക്യാബിനറ്റ് പദവി കിട്ടാന്‍ ഉറക്കമിളയ്ക്കാം. അഖിലേന്ത്യാ പ്രസിഡന്റ് പദം ഒരു സ്ഥാനമായി ആരും കാണുന്നില്ല. അതല്ല, കേരളത്തിലെ വ്യവസായമന്ത്രിയെപ്പോലെ ചുമതലാബോധം കേന്ദ്ര സഹമന്ത്രിക്ക് വേണ്ടതില്ല എന്നതുകൊണ്ടാണ് അഹമ്മദ് സാഹിബിന് രണ്ടു സ്ഥാനം കിട്ടുന്നതെന്ന ശ്രുതിയുമുണ്ട്.

മലപ്പുറമാണ് ജില്ല. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിപ്പിച്ചെടുക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അങ്ങനെ വരുമ്പോള്‍ എംപിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടാകില്ല. ഇ ടി മുഹമ്മദ് ബഷീറിനും ഒരേസമയം രണ്ടുസ്ഥാനം കിട്ടിയാല്‍ കുഴപ്പമില്ലെന്ന് അര്‍ഥം. ഇതൊക്കെ അതത് സമയത്ത് സൗകര്യത്തിനുവേണ്ടിയുള്ള തത്വങ്ങളാണ്. ആരോ പറഞ്ഞുകേട്ടു രണ്ട് ജനറല്‍സെക്രട്ടറിസ്ഥാനം ലീഗിന്റെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന്. ഒരു ബിരിയാണി സദ്യയിലൂടെ മാറ്റാനാകുന്നതേയുള്ളൂ ആ ഭരണഘടനയും. അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റും അതിനേക്കാള്‍ വലിയ ജനറല്‍സെക്രട്ടറിയുമായിരുന്നു ഇന്നലെവരെ ആ പാര്‍ടിക്ക്. ഇപ്പോള്‍ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ വന്നു. രണ്ടുപേര്‍ക്കും അധികാരമില്ല. പകരം അധികാരമാകെ കുഞ്ഞാലിക്കുട്ടിയില്‍ . ഇന്ത്യന്‍ കുഞ്ഞാലിക്കുട്ടിലീഗ് എന്ന് പേരുമാറ്റിയാലും കുഴപ്പം വരാനില്ല. മുനീറിന്റെ ശല്യം തീരെ ഉണ്ടാകില്ല. മന്ത്രിയായപ്പോള്‍ അത് പഞ്ചായത്തായല്ലോ.

*

ശ്രീപത്മനാഭന്‍ കിടന്നിടത്തുനിന്ന് എണീക്കാത്തത് വെറുതെയല്ല. അത്രയധികം പൊന്നും രത്നവുമൊക്കെയാണല്ലോ സൂക്ഷിച്ചുവച്ച് കാവല്‍ കിടക്കുന്നത്. പുതിയ കാലത്ത് ഒന്നു കണ്ണുചിമ്മാന്‍പോലും അവസരം കിട്ടി എന്നുവരില്ല. എപ്പോഴാണ് കവര്‍ച്ചക്കാര്‍ വരുന്നത് എന്ന് തിട്ടവുമില്ല. ഏലത്തോട്ടം മുതലാളി ജ്വല്ലറി കവര്‍ച്ചചെയ്ത് കടംതീര്‍ക്കാന്‍ പോകുന്ന കാലമാണ്. പിന്നെങ്ങനെ ശ്രീപത്മനാഭന് സ്വസ്ഥത കിട്ടും. നിലവറകളില്‍ കണ്ടതും കാണാനിരിക്കുന്നതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യവസ്തുക്കളാണ്. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ പത്മനാഭനു സമര്‍പ്പിച്ച കാണിക്ക. നിലവറ ഓരോന്നായി തുറക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ മാത്രമല്ല, ലോകത്തുള്ള സകലരും അത്ഭുതംകൊണ്ടു. അമൂല്യനിധിയെന്നും അപൂര്‍വശേഖരമെന്നും അതുല്യാനുഭവമെന്നും വ്യാഖ്യാനമുണ്ടായി. രാജകുടുംബം സ്വത്ത് ചെലവാക്കാതെ സൂക്ഷിച്ചുവച്ചതിനെ പലരും പ്രകീര്‍ത്തിച്ചു. കാര്യമൊക്കെ ശരിതന്നെ. എന്നാല്‍ , എന്തിനും വേണമല്ലോ ഒരു താരതമ്യം. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഇത്രയുംകാലം ഭരിച്ചും കരംപിരിച്ചും വിദേശികളില്‍നിന്ന് സമ്മാനം വാങ്ങിയുമൊക്കെ ഇത്രയേ ഉണ്ടാക്കാനായിട്ടുള്ളൂ.

നൂറ്റാണ്ടുകള്‍കൊണ്ടുണ്ടാക്കിയത് കുറെ ശരപ്പൊളി മാലയും രത്നങ്ങളും പൊന്നും വെള്ളിയും. എല്ലാം ചേര്‍ത്താല്‍ ലക്ഷം കോടിയില്‍ എത്തുന്നില്ല. എ രാജ, ദയാനിധിമാരന്‍ , പി ചിദംബരം, കനിമൊഴി തുടങ്ങിയ പ്രതിഭകളൊന്നും അക്കാലത്ത് ജീവിച്ചിരുന്നില്ലെന്നര്‍ഥം. 2ജി സ്പെക്ട്രം എന്ന ഒറ്റ ഇടപാടില്‍ അവരുണ്ടാക്കിയത് 1.76 ലക്ഷം കോടിരൂപയാണ്. അത് ഏതൊക്കെ നിലവറയിലാണ് സൂക്ഷിച്ചുവച്ചതെന്ന് കണ്ടെത്താന്‍പോലും ആര്‍ക്കും കഴിയുന്നുമില്ല. കഷ്ടപ്പെട്ട് ഇവിടെ നിലവറ തുറന്നപ്പോള്‍ കണ്ടത് അതിന്റെ പകുതിയോളമാണ്. ഏതാണ് മിടുക്ക്?

*
നാഗാലാന്‍ഡില്‍ പട്ടിസൂപ്പ് കഴിക്കേണ്ടിവരുന്നതു ഭയന്ന് കെ ശങ്കരനാരായണന്‍ സസ്യഭുക്കായി. കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടിവരുമെന്നു ഭയന്നാണ് അദ്ദേഹം ഗവര്‍ണറായത്. ഇത്തരത്തിലൊരു ബുദ്ധി ചെന്നിത്തലയുടെ തലയില്‍ ഉദിച്ചെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ഉറക്കം സ്വസ്ഥമായേനെ.

4 comments:

ശതമന്യു said...

"പണം കൊടുത്ത് നിങ്ങള്‍ക്കൊരു നല്ല നായയെ വാങ്ങാനാകും. എന്നാല്‍ , സ്നേഹം കൊടുത്താല്‍ മാത്രമേ അത് വാലാട്ടൂ" എന്ന് റിച്ചാര്‍ഡ് ഫ്രീഡ്മാന്‍ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറേയായി. മലയാള മനോരമ കെ എം മാണിയുടെ ബജറ്റിനെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗം എഴുതിയ ദിവസംതന്നെ മാതൃഭൂമി ആ ഉദ്ധരണി എന്തിന് പ്രസിദ്ധീകരിച്ചെന്ന് പെട്ടെന്ന് മനസ്സിലായില്ല. "മാനവ പ്രശ്നങ്ങള്‍തന്‍ മര്‍മകോവിദന്‍മാര്‍" ഇരിക്കുന്നിടം മാതൃഭൂമി ഓഫീസാണല്ലോ. എന്തായാലും മനോരമ അത്തരമൊരു വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്.

കല്യാണിക്കുട്ടി said...

rally funny................
sathyasandhamaaya ezhuthu...........

r s kurup said...

well said
rskurup

Unknown said...

മാഷേ ഏതോ ഒരു വര്‍ത്തമാന ദിനപത്രത്തിന്റെ എഡിറ്റോറിയാല്‍ പഠിക്കുന്നത് പോലെ ഉണ്ടായിരുന്നു..... എന്തൊരു രാഷ്ട്രീയ വീക്ഷണം, വിമര്‍ശനം, വിസ്ഫോടനം, നല്ല ഒഴുക്കുണ്ട് താങ്കളുടെ ഭാഷക്ക്... അല്പം നര്‍മം കൂട്ടിയാല്‍ നനായിരിക്കും.
പണം കൊടുത്തു നായെ വാങ്ങിയിട്ട് കാര്യമില്ല, ഭക്ഷണം കൊടുത്തില്ലേല്‍ നല്ല കടിയും കിട്ടും, അല്ല പിന്നെ.
പാവം ആ പദ്മനാഭന്‍ സാറിനെ വെറുതെ വിട്ടേക്കൂ, എല്ലാവരെയും അനുഗ്രഹിക്കുകയെ ഉള്ളൂ ആ കരുണാമയന്‍