തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മുദ്രാവാക്യംവിളിയും പടക്കം പൊട്ടിക്കലും ഓട്ടവും ചാട്ടവുമൊക്കെ പതിവുകാഴ്ചയാണ്. പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ആരും ജയിച്ചില്ലേ? എവിടെയും കണ്ടില്ല ആഹ്ലാദപ്രകടനം. ജയിച്ച സ്ഥാനാര്‍ഥികളെ പൊക്കിയെടുത്ത് ഒന്ന് ഇളക്കി. അതോടെ കഴിഞ്ഞു ഒച്ചയും ബഹളവും. ഇതൊരു ജയമാണെന്ന് യുഡിഎഫിനും തോന്നുന്നില്ല. അല്ലെങ്കിലും ആരാണ് ജയിച്ചത്? ആരും ജയിച്ചതുമില്ല, തോറ്റതുമില്ല. ഭരണത്തിന് എതിരായ വികാരം എവിടെയും പൊട്ടിമുളച്ചതുകണ്ടില്ല. തരംഗവും കണ്ടില്ല. കേരളം പതിവു തെറ്റിച്ചു. അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഭരണക്കസേരയിലിരുന്നവരെ പ്രതിപക്ഷത്തേക്ക് അയക്കുന്ന പതിവ് ഇത്തവണ സാങ്കേതികമായിമാത്രമാണ് ശരിയായത്. മുള്‍മുനയില്‍ കസേരയിട്ടാണ് യുഡിഎഫ് ഭരണത്തില്‍ കയറാന്‍ പോകുന്നത്. ഭരണബെഞ്ചിലെ രണ്ടു എംഎല്‍എമാര്‍ക്ക് പന്നിപ്പനിപിടിച്ചാല്‍ ഭരണം ഗോപിയാകും. ഇനി നിയമസഭയില്‍ ടോയ്ലറ്റുകള്‍പോലും അടച്ചിടേണ്ടിവരും. രണ്ടോ മൂന്നോ എംഎല്‍എമാര്‍ ഒരുമിച്ച് ടോയ്ലറ്റില്‍പോയാല്‍ ഭരണം തകര്‍ന്നുപോയാലോ. ഇതുപോലൊരു അവസ്ഥ പണ്ട് കാസ്റ്റിങ് മന്ത്രിസഭയുടെ കാലത്തുണ്ടായിരുന്നു. അന്ന് നമ്പാടന്‍മാസ്റ്റര്‍ കാസ്റ്റിങ് ഭരണത്തിന്റെ തലവര മാറ്റിക്കുറിച്ചു. ഇപ്പോള്‍ ചാടാന്‍ തയ്യാറായി പലരും നില്‍പ്പുണ്ട്. ഒന്ന് കണ്ണുകാണിച്ചാല്‍ മതി വേലിചാടി ഇങ്ങുപോരും. അതു വേണ്ടെന്ന് ഇടതുഭാഗത്തുള്ളവര്‍ തീരുമാനിക്കുന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മാണിസാറിനും സ്വയം തല്ലിപ്പിരിയുംവരെ ഭരിക്കാം. ഇത് ഒരു ഇടവേളയാകുന്നു.
സിനിമയുടെ അല്‍പ്പഭാഗംപോലെയൊന്ന്. അതുകണ്ട് യുഡിഎഫിന്റെ പഴയകാലം ഓര്‍മിച്ചെടുക്കാമല്ലോ. പുതിയ അടിയും തകൃതിയായി തുടങ്ങിക്കഴിഞ്ഞു. ഉദ്ഘാടനം പാലായില്‍നിന്നാണ്. മാണിസാറിന്റെ മൂക്കിനുതുമ്പത്തുനിന്ന്. തക്കതായ കാരണങ്ങള്‍ ഇല്ലാതില്ല. വോട്ടെണ്ണുന്നതിനിടയില്‍ ഒന്നുരണ്ടുവട്ടം പാലായുടെ മാണിക്യം കരിപോലെ കറുത്തുപോയി. സ്വന്തം പാലാപട്ടണത്തില്‍ മാണിസാറിന് ഭൂരിപക്ഷം നൂറ്റിയെട്ട്. വീടിരിക്കുന്ന വാര്‍ഡില്‍ ഭൂരിപക്ഷം മഹത്തായ എട്ടു വോട്ട്. മറ്റൊരു മാണിവന്ന് മാണിസാറിന്റെ മാനവുംകൊണ്ട് പോകേണ്ടതായിരുന്നു. കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാലും അതിന്റെ കലി അടങ്ങിയിട്ടില്ല. ലയനത്തിന് കനത്ത വില താനാണ് നല്‍കേണ്ടിവന്നത് എന്നത്രേ മാണിസാറിന്റെ വിലാപം. ആ വില പലിശസഹിതം തിരിച്ചുകിട്ടണം. കുഞ്ഞുമാണിക്കുഞ്ഞിന് കേന്ദ്രത്തില്‍ ഒരു സഹമന്ത്രിപദം, ജയിച്ച ഒമ്പതില്‍ പാതിയും മന്ത്രിമാരാകണം, ബാക്കിയുള്ളവര്‍ക്ക് വല്ലതും തടയുന്ന പദവികളും വേണം. കോണ്‍ഗ്രസ് ശോഷിച്ച് ശോഷിച്ച് എടുക്കാനും വയ്ക്കാനും പറ്റാത്ത പരുവത്തിലാണ്. മലപ്പുറം, കോട്ടയം എന്നീ ജില്ലകള്‍ കേരളത്തിന്റെ ഭൂപടത്തില്‍ ഇല്ലെങ്കില്‍ എന്ത് കോണ്‍ഗ്രസ്; എന്ത് യുഡിഎഫ്. കോഴിക്കോട്ടും ഇടുക്കിയിലും കൊല്ലത്തും കാസര്‍കോട്ടും കോണ്‍ഗ്രസിന്റെ കൊടി പോയിട്ട് പൊടിപോലും കാണാനില്ല. ലീഗിന്റെയും കേരളകോണ്‍ഗ്രസിന്റെയും ചെലവിലാണ് ഊണും ഉറക്കവും. ഗണേഷ്കുമാര്‍ കണ്ണുരുട്ടിയാല്‍ ഉമ്മന്‍ചാണ്ടി പേടിക്കണം. പണ്ട് ഗറ്റൗട്ട് പറഞ്ഞ ടി എം ജേക്കബ്ബിന് ഇനി വെള്ളിത്തളികയില്‍ വിളമ്പണം പാല്‍ക്കഞ്ഞി. വെറുതെയല്ല ഉമ്മന്‍ചാണ്ടിക്ക് കസേരകൊടുത്ത് ചെന്നിത്തല പിന്മാറിയത്. സത്യപ്രതിജ്ഞയ്ക്കുമുമ്പുതന്നെ പലതും മണക്കുന്നുണ്ട്. ഭരണത്തില്‍ വരുമ്പോള്‍തന്നെ ഇതാണ് ഗതിയെങ്കില്‍ ഇനിയുള്ള നാളുകളില്‍ എങ്ങനെ ഗതിപിടിക്കും. ഇതുവരെ ചെന്നിത്തലയെ പേടിച്ചാല്‍ മതിയായിരുന്നു. ഇനി അബ്ദുള്ളക്കുട്ടിയെയും പി സി ജോര്‍ജിനെയും പേടിക്കണം. മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി ചുമക്കും. ബാക്കിയുള്ള 71 പേര്‍ നോക്കുകൂലി വാങ്ങും. ചരിത്രം തിരുത്തിക്കുറിക്കുന്ന ഭരണമാണ് വരാന്‍പോകുന്നത്.
കസേരയില്‍ കയറുംമുമ്പുതന്നെ വിജിലന്‍സിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ഭരണം തുടങ്ങിയാല്‍ എങ്ങനെയൊക്കെ കാര്യങ്ങള്‍ നടക്കുമെന്ന് ഈ നടപടിയിലൂടെ തെളിയിച്ചു. ചെന്നിത്തലയ്ക്ക് ക്ലിഫ്ഹൗസിലേക്ക് കയറാനുള്ള മുഹൂര്‍ത്തം പൊട്ടിവിടരുംവരെ ഉമ്മന്‍ചാണ്ടി ഇരിക്കും. മുരളി, അടൂര്‍ പ്രകാശ്, ആര്യാടന്‍ തുടങ്ങിയ കല്ലുമുള്ള് മൂര്‍ഖന്‍പാമ്പുകളുടെ സംസ്ഥാന സമ്മേളനം സെക്രട്ടറിയറ്റ് കെട്ടിടത്തിലേക്ക് മാറാന്‍പോകുന്നു.
*
അടി യുഡിഎഫിലാണെങ്കിലും നമ്മുടെ മാധ്യമസഖാക്കളുടെ നോട്ടം ഇടത്തേക്കാണ്. ഇടതുപക്ഷം തോറ്റുപോയി എന്ന് ഭാഗ്യവശാല്‍ ആരും എഴുതിക്കണ്ടില്ല. അവര്‍ക്കിപ്പോള്‍ പ്രതിപക്ഷനേതാവ് ആരാകുമെന്ന് തീരുമാനിക്കാനുള്ള തിരക്കാണ്. രണ്ടു സീറ്റിന് വിജയം നഷ്ടപ്പെട്ടുപോയെങ്കിലും കേരളത്തില്‍ ഏറ്റവും ജനസമ്മതിയുള്ള പാര്‍ടി സിപിഐ എമ്മാണെന്ന് ആര്‍ക്കും സംശയമില്ല. കിട്ടിയ വോട്ടിന്റെ കണക്കുനോക്കിയാല്‍ മുന്നണികള്‍ തമ്മില്‍ ഒരുലക്ഷത്തിന്റെ വ്യത്യാസമേ ഉള്ളൂ. അത്രയും സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാമെങ്കില്‍ , പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനാണോ പ്രയാസം. വെറും അഞ്ചുമിനിറ്റിന്റെ കാര്യംമാത്രം. ആരാവണമെന്നോ ആരാവേണ്ട എന്നോ ഇടതുപക്ഷത്തുനിന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, അതില്‍ തര്‍ക്കമുണ്ടെന്ന് മാതൃഭൂമി പറയുന്നു, മനോരമ പറയുന്നു, മറ്റു പലരും പറയുന്നു. യുഡിഎഫില്‍ കൂട്ടത്തല്ല് നടക്കുമ്പോഴാണ് സാങ്കല്‍പ്പികമായ ഈ വിവാദം കത്തിച്ചുവിടുന്നത് എന്നോര്‍ക്കണം.
100 സീറ്റ് കിട്ടുമെന്ന് യുഡിഎഫ് കട്ടായം പറഞ്ഞിടത്താണ് തോറ്റോ ജയിച്ചോ എന്നു പറയാനാവാത്ത സ്ഥിതിയിലെത്തിയത്. എല്‍ഡിഎഫിന് വിഷമിക്കാന്‍ ഏറെയൊന്നുമില്ല. ഈ നേട്ടത്തിന്റെ കാരണങ്ങളെക്കുറിച്ചും തര്‍ക്കിക്കേണ്ടതില്ല. എല്ലാവരും ഒത്തുനിന്ന് ജയിക്കാന്‍വേണ്ടി അശ്രാന്തം പരിശ്രമിച്ചു അതിന് പ്രതീക്ഷയ്ക്കടുത്ത ഫലംതന്നെ ലഭിക്കുകയുംചെയ്തു. ജാതിയുടെയും മതത്തിന്റെയും സംഘടിതശക്തികളുടെ കൂറ് വലത്തോട്ടായിരുന്നു. സമദൂരക്കാര്‍ ആരോരുമറിയാതെ ഒരുവശത്തേക്ക് ചാഞ്ഞുവെന്ന് പിന്നീട് അവര്‍തന്നെ പറഞ്ഞു. പോരാഞ്ഞ് മുഖ്യമന്ത്രിക്കെതിരെ അനാവശ്യ പരാമര്‍ശങ്ങളും നടത്തി. മാധ്യമങ്ങള്‍ വലത്തുതന്നെയായിരുന്നു. മതം പറഞ്ഞാണ് മലപ്പുറം പിടിച്ചത്. മാണി- ജോസഫ് മധുവിധുവിന് മണിയറ ഒരുക്കിയത് പട്ടക്കാരാണെന്ന് ജോസഫ് പറഞ്ഞതാണ്. അക്കഥ പിന്നെയാരും മാറ്റിപറഞ്ഞിട്ടില്ല. നേമത്ത് രാജഗോപാലിന് കിട്ടിയ വോട്ടിന് നന്ദി പറയേണ്ടത് ഖദറിട്ട ചങ്ങാതിമാരോടാണ്.
ഇതൊക്കെയായിട്ടും രാഷ്ട്രീയം പറഞ്ഞ് ഇടതുപക്ഷം വോട്ടു ചോദിച്ചു, നേടുകയുംചെയ്തു. പ്രചാരണം നയിച്ച വി എസിനും ഘടകകക്ഷി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കാകെയും അവകാശപ്പെടാവുന്ന നേട്ടം. അതിന്റെ അളവ് തിട്ടപ്പെടുത്തി തമ്മിലടിപ്പിക്കാനാണ് പുതിയ അഭ്യാസം. വി എസിന്റെ നേതൃത്വത്തെക്കുറിച്ചോ അതു മുന്നണിക്കുണ്ടാക്കിയ നേട്ടത്തെക്കുറിച്ചോ ഇവിടെ ആരും തര്‍ക്കം പറഞ്ഞിട്ടില്ല. എന്നിട്ടും എന്തേ ഇപ്പോള്‍ വിവാദമുയര്‍ത്താന്‍ ?
നാട്ടില്‍ വര്‍ഗീയ വികാരങ്ങളെ വോട്ട് നേട്ടത്തിനായി പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചു എന്ന പച്ചപ്പരമാര്‍ഥം മറച്ചുപിടിക്കേണ്ടത് യുഡിഎഫിന്റെ അമാലന്മാരുടെ കടമതന്നെ. അത് അവര്‍ നടത്തട്ടെ. പാര്‍ടിയിലെയും മുന്നണിയിലെയും ഐക്യമാണ് തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്നത്. അതു കൂടുതല്‍ ദീപ്തമായി തുടരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് തകര്‍ക്കാനാണ് വലതുപക്ഷം കൊതിക്കുന്നത്. അതുകൊണ്ടാണ് അവര്‍ വിവാദങ്ങള്‍ നെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ എന്നോ വരാനിരിക്കുന്ന പാര്‍ടി സമ്മേളനങ്ങളെക്കുറിച്ച് പ്രബന്ധം രചിക്കാന്‍ മാധ്യമ പടുക്കള്‍ തയ്യാറായപ്പോള്‍ അസുഖം വ്യക്തമായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇനിയും വിവാദങ്ങള്‍ പൂവിടും. അതു അവഗണിച്ച് സാര്‍ഥവാഹകസംഘം മുന്നോട്ടു പോകുകയുംചെയ്യും.
*
ചില നുറുങ്ങുകള്‍ :
എം വി രാഘവന്റെയും ഗൗരിയമ്മയുടെയും പാര്‍ടികള്‍ക്ക് അകാലചരമം. ഗൗരിയമ്മ തോറ്റപ്പോള്‍ കെപിസിസി ഓഫീസില്‍ കൂട്ട കൈയടിയായിരുന്നു. വോട്ടണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഗൗരിയമ്മ ഇറങ്ങിവരുമ്പോള്‍ പക്ഷേ, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആദരവോടെ മാറിനിന്നു. ആര്‍ക്ക് ആരോടാണ് ആദരവും കൂറുമെന്ന് ഗൗരിയമ്മയ്ക്കുമാത്രം മനസ്സിലായിട്ടുണ്ടാകില്ല. കണ്ണുകാണാത്തവരെയും നടക്കാന്‍വയ്യാത്തവരെയും ജനങ്ങള്‍ വീട്ടിലിരുത്തിയെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. ആ ജോര്‍ജ് മുന്നണിക്ക് അകത്ത്. ഗൗരിയമ്മ പടിക്ക് പുറത്ത്. നല്ല ന്യായംതന്നെ.
ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്ന് യുഡിഎഫ് പറഞ്ഞിട്ടുണ്ട്. ആ ഒരു രൂപപോലും കൊടുക്കാന്‍ ജനങ്ങളുടെ കൈയില്‍ ഉണ്ടാകില്ല എന്ന അവസ്ഥയാണ് പെട്രോള്‍ വിലവര്‍ധനയിലൂടെ വന്നിരിക്കുന്നത്. ഇനിയാരും ഓട്ടോയില്‍ കയറേണ്ട, ബൈക്കും കാറും ഓടിക്കേണ്ട. വോട്ടു ചെയ്തവര്‍ക്ക് ഇങ്ങനെയല്ലാതെ നന്ദി പറയാന്‍ കഴിയുമോ. -കണ്ണൂരില്‍ എല്‍ഡിഎഫ് ഒന്നുകൂടി മെച്ചപ്പെട്ടുവെങ്കില്‍ ഭരണം കൈയിലാകുമായിരുന്നുവെന്ന് ഒരു പറച്ചില്‍ . അവിടെ ആകെ പതിനൊന്ന് മണ്ഡലം. എല്‍ഡിഎഫ് ജയിച്ചത് ആറിടത്ത്. യുഡിഎഫ് അഞ്ചിടത്ത്. യുഡിഎഫിന്റെ അഞ്ചുപേര്‍ക്കുംകൂടി കിട്ടിയ ഭൂരിപക്ഷം 25,346. എല്‍ഡിഎഫ് ജയിച്ച ആറിടത്ത് കിട്ടിയ ഭൂരിപക്ഷം 1,62,114. അതായത്, എല്‍ഡിഎഫിന്റെ ഒരു മണ്ഡലത്തിലെ ശരാശരി ഭൂരിപക്ഷത്തിന്റെ അടുത്തെത്തില്ല യുഡിഎഫിന്റെ ആകെ ഭൂരിപക്ഷം എന്നര്‍ഥം. മണ്ഡലം വെട്ടിമുറിച്ചപ്പോഴുണ്ടായ കുഴപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 1,40,678 വോട്ട് കൂടുതല്‍ കിട്ടി എല്‍ഡിഎഫിന് കണ്ണൂരില്‍ . പഴി വേറെ, സത്യം വേറെ. കണ്ണൂരിനെ ഒന്ന് കൊട്ടിയാലും ചിലരുടെ അസ്ക്യത മാറും.
3 comments:
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മുദ്രാവാക്യംവിളിയും പടക്കം പൊട്ടിക്കലും ഓട്ടവും ചാട്ടവുമൊക്കെ പതിവുകാഴ്ചയാണ്. പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ആരും ജയിച്ചില്ലേ? എവിടെയും കണ്ടില്ല ആഹ്ലാദപ്രകടനം. ജയിച്ച സ്ഥാനാര്‍ഥികളെ പൊക്കിയെടുത്ത് ഒന്ന് ഇളക്കി. അതോടെ കഴിഞ്ഞു ഒച്ചയും ബഹളവും. ഇതൊരു ജയമാണെന്ന് യുഡിഎഫിനും തോന്നുന്നില്ല. അല്ലെങ്കിലും ആരാണ് ജയിച്ചത്? ആരും ജയിച്ചതുമില്ല, തോറ്റതുമില്ല. ഭരണത്തിന് എതിരായ വികാരം എവിടെയും പൊട്ടിമുളച്ചതുകണ്ടില്ല. തരംഗവും കണ്ടില്ല. കേരളം പതിവു തെറ്റിച്ചു. അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഭരണക്കസേരയിലിരുന്നവരെ പ്രതിപക്ഷത്തേക്ക് അയക്കുന്ന പതിവ് ഇത്തവണ സാങ്കേതികമായിമാത്രമാണ് ശരിയായത്. മുള്‍മുനയില്‍ കസേരയിട്ടാണ് യുഡിഎഫ് ഭരണത്തില്‍ കയറാന്‍ പോകുന്നത്. ഭരണബെഞ്ചിലെ രണ്ടു എംഎല്‍എമാര്‍ക്ക് പന്നിപ്പനിപിടിച്ചാല്‍ ഭരണം ഗോപിയാകും. ഇനി നിയമസഭയില്‍ ടോയ്ലറ്റുകള്‍പോലും അടച്ചിടേണ്ടിവരും. രണ്ടോ മൂന്നോ എംഎല്‍എമാര്‍ ഒരുമിച്ച് ടോയ്ലറ്റില്‍പോയാല്‍ ഭരണം തകര്‍ന്നുപോയാലോ. ഇതുപോലൊരു അവസ്ഥ പണ്ട് കാസ്റ്റിങ് മന്ത്രിസഭയുടെ കാലത്തുണ്ടായിരുന്നു. അന്ന് നമ്പാടന്‍മാസ്റ്റര്‍ കാസ്റ്റിങ് ഭരണത്തിന്റെ തലവര മാറ്റിക്കുറിച്ചു. ഇപ്പോള്‍ ചാടാന്‍ തയ്യാറായി പലരും നില്‍പ്പുണ്ട്. ഒന്ന് കണ്ണുകാണിച്ചാല്‍ മതി വേലിചാടി ഇങ്ങുപോരും. അതു വേണ്ടെന്ന് ഇടതുഭാഗത്തുള്ളവര്‍ തീരുമാനിക്കുന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മാണിസാറിനും സ്വയം തല്ലിപ്പിരിയുംവരെ ഭരിക്കാം. ഇത് ഒരു ഇടവേളയാകുന്നു.
കലക്കി ........ഇത് സത്യം......
പാവം ഗൌരിയമ്മ , ഇനി ഒരു തിരഞ്ഞെടുപ്പ് കൂടെ കാണുമോ ?
ഇടത്ത് പക്ഷത്തിന്റെ കൂടെ വന്നിരുന്നെങ്കില്‍ മരിക്കുന്നത് മാന്യമായിട്ടു ആകാമായിരുന്നു.
Post a Comment