Sunday, May 8, 2011

ജനാധിപത്യത്തിന്റെ അഞ്ചാംകാല്‍

നാലുകാലില്‍ ഇഴഞ്ഞുനീങ്ങുന്ന ജനാധിപത്യത്തിന് ഒരു ഊന്നുവടി അത്യാവശ്യമാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ളവര്‍ ഒത്തുപിടിച്ച് ജനാധിപത്യത്തിന്റെ ഊന്നുവടിയോ അഞ്ചാം കാലോ ആയി മാറുക എന്നതിനേക്കാള്‍ മഹത്തായ ത്യാഗമെന്തുണ്ട്? കേരളത്തിന്റെ സാംസ്കാരിക നായകരും നായികമാരുമായ ബി ആര്‍ പി ഭാസ്കറും സാറാ ജോസഫും ടി പി രാജീവനും ജെ ദേവികയും എം ജി എസും സക്കറിയയും പിയേഴ്സണും വേണുവും ജഗദീശനും കരുണാകരനും മാനുവലും ചേര്‍ന്നതാണ് അഞ്ചാംതൂണ്‍ . അതില്‍നിന്ന് അജിതച്ചേച്ചിയെ വിലക്കിയിരിക്കയാണത്രേ. സുഗതകുമാരിയുടെ അംഗത്വത്തിന്റെ കാര്യത്തില്‍ തീര്‍പ്പായിട്ടില്ലത്രേ. "അഴിമതിവിരുദ്ധ പോരാട്ടനായകന്‍" എന്ന നിലയില്‍ ക്രൈം നന്ദകുമാറിന് വിശിഷ്ടാംഗത്വം നല്‍കും.

ബാബു ഭാസ്കറിന്റെ നേതൃത്വത്തില്‍ അഴിമതിക്കാരെ പിടികൂടാന്‍ പ്രത്യേക കമാന്‍ഡോ സ്ക്വാഡ് രൂപീകരിക്കും. കാരി സതീശന്‍ , ഗുണ്ടുകാട് സാബു, വാക്കത്തി വര്‍ഗീസ് തുടങ്ങിയ സമരവളന്റിയര്‍മാര്‍ അതില്‍ അംഗങ്ങളാകും. രാവിലെ മുതല്‍ വൈകുവോളം മദ്യവിരുദ്ധ സത്യഗ്രഹമിരുന്നാല്‍ എന്തു തടയുമെന്ന ചോദ്യത്തിന് മൂന്നു ലാര്‍ജടിക്കാനുള്ള കാശ് കിട്ടുമെന്ന് മറുപടി പറയുന്ന ഒരു സിനിമാരംഗമുണ്ട്. അതുപോലെയാണ് നമ്മുടെ പുതിയ എസ്റ്റേറ്റു കച്ചവടക്കാര്‍ . അവര്‍ പറയുന്നത്, "പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നിയമനിര്‍മാണസഭകള്‍ , നിര്‍വഹണവിഭാഗം, നീതിന്യായവ്യവസ്ഥ, മാധ്യമലോകം എന്നീ നാലു നെടുംതൂണുകളും പരസ്പരം പ്രതിപ്രവര്‍ത്തിക്കുകയും തിരുത്തുകയും അങ്ങനെ വ്യവസ്ഥ മൊത്തത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതിയിരുന്നത്, ആ സ്വപ്നം തകര്‍ന്നിരിക്കുന്നു, അതുകൊണ്ട് രക്ഷകരിതാ ഞങ്ങള്‍ എഴുന്നള്ളുന്നേ"എന്നാകുന്നു.

അങ്ങ് ഹസാരെ തൊപ്പിയും പാളത്താറുമിട്ട് ഉണ്ണാവ്രതമിരുന്നപ്പോള്‍ കൊട്ടിപ്പാട്ടു നടന്നതു കണ്ടുണ്ടായ ഇളക്കമാണ്. വേറെ പണിയൊന്നുമില്ലാത്തതിന്റെ അസ്ക്യത. എല്ലാ അഴിമതിയെയും സംരക്ഷിക്കും; കണ്‍മുന്നില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ മിണ്ടില്ല-നിങ്ങള്‍ സിപിഐ എം ആകാതിരുന്നാല്‍ മതിയെന്നതാണ് നമ്മുടെ അഞ്ചാംകാല്‍ മാന്യന്മാരുടെ നിബന്ധന. അവരുടെ പോരാട്ടം മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ മാത്രമായിരുന്നു ഇന്നലെവരെ. 2ജി സ്പെക്ട്രമെന്നും കോമണ്‍വെല്‍ത്ത് കളിയെന്നും ആദര്‍ശ് ഫ്ളാറ്റെന്നും മറ്റും നാടാകെ പറഞ്ഞപ്പോള്‍ അഞ്ചാം കാലുകാരന്റെ നാവ് പൊന്തിയിരുന്നില്ല. ഇപ്പോള്‍ ഒരുവിധം പരിപ്പൊന്നും വേവാത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും പത്രത്തില്‍ പേര് അച്ചടിച്ചു വരേണമല്ലോ. അതിനായി കിടക്കട്ടെ പാവപ്പെട്ട ജനാധിപത്യത്തിന് ഒരു കാലുകൂടി. എന്തായാലും പുതിയ കാല്‍ അരാജകത്വത്തിന്റെ കാല്‍ ആകാതിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. മേലെതമ്പാനൂരിലെ തമിഴ്നാടന്‍ ഖാദിക്കടയില്‍ ബീയാര്‍പിക്കായി ജൂബയും തൊപ്പിയും തയ്യാറായിട്ടുണ്ട്. നാളെ കാണാം, തൊപ്പിവച്ച് വടികുത്തി "ഹേ റാം" വിളിയുമായി ബീയാര്‍പിയുടെ സത്യഗ്രഹം. പന്തലില്‍ സുഗതകുമാരിയെ കൊണ്ടുവരണമെന്നും വേണ്ടെന്നും രണ്ടുണ്ട് അഭിപ്രായം.

ഏതായാലും സക്കറിയയും കെ എം റോയിയും ഉണ്ടാകും. ജനകീയവികസന സമിതി, ഇടത് ഏകോപനസമിതി, ജനകീയവികസന മുന്നണി, അധിനിവേശ പ്രതിരോധ സമിതി- ഇത്യാദി മഹാപ്രസ്ഥാനങ്ങളുടെ ഉത്തരാധുനിക രൂപമത്രേ അഞ്ചാം കാല്‍ . ഒരു ചെറിയ വ്യത്യാസമുണ്ട്. ഇവിടെ നമ്മുടെ സി ആര്‍ നീലകണ്ഠനെ കാണുന്നില്ല. പുള്ളിക്കാരന്‍ സ്വന്തം ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടാകും. അഞ്ചാം എസ്റ്റേറ്റുകാര്‍ സാക്ഷാല്‍ വീരന്റെ എസ്റ്റേറ്റിലേക്ക് മാര്‍ച്ചുചെയ്യുന്നത് കാണാന്‍ കൊതിയാകുന്നു.

*
കൈരളി ടിവിയുടെ എംഡിസ്ഥാനത്തു നിന്ന് മര്‍ഡോക്ക് ചാനലിന്റെ ഉദ്യോഗസ്ഥാനത്തേക്കുള്ള ചാട്ടം പെട്ടെന്ന് ആര്‍ക്കും പ്രതീക്ഷിക്കാവുന്നതല്ല. ജോണ്‍ബ്രിട്ടാസ് കഴിവുള്ള മാധ്യമപ്രവര്‍ത്തകനാണ്-അതുകൊണ്ട് മര്‍ഡോക്ക് കൈമാടി വിളിച്ചു. കൈരളിയില്‍ നിന്ന് വിടുതല്‍ വേണമെന്നും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കണമെന്നും ബ്രിട്ടാസ് ആഗ്രഹം പ്രകടിപ്പിച്ചു. പോകാന്‍ നിശ്ചയിച്ചവരെ വിലക്കേണ്ടതില്ലെന്നും നല്ലവാക്കു പറഞ്ഞ് പിരിയാമെന്നും ചാനല്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയും ചെയ്തു. കൈരളിയുടെ മുമ്പത്തെ മറ്റൊരു എംഡി ഇന്ന് മര്‍ഡോക്കിന്റെ ചാനലിലുണ്ട്. കൈരളി വാര്‍ത്താവിഭാഗത്തിന്റെ തലവനായിരുന്ന മറ്റൊരാള്‍ ഇന്നിരിക്കുന്നത് എന്‍ഡിഎഫ് മുഖപത്രത്തിന്റെ പത്രാധിപക്കസേരയിലാണ്. അങ്ങനെ പലരും വരും; പോകും. എല്ലാവരും കമ്യൂണിസ്റ്റുകാരാകണമെന്നില്ല. പാര്‍ടി അനുഭാവികള്‍ക്കും അംഗങ്ങള്‍ക്കും ഏതെങ്കിലും വ്യവസ്ഥാപിത സ്ഥാപനത്തില്‍ ജോലിചെയ്യുന്നതിന് വിലക്കുമില്ല. മനോരമയിലും മാതൃഭൂമിയിലും ബിബിസിയിലും പാര്‍ടി അംഗങ്ങള്‍ക്ക് ജോലിചെയ്യാമെങ്കില്‍ അനുഭാവികള്‍ക്ക് സ്റ്റാര്‍ ഗ്രൂപ്പ് നിഷിദ്ധമാകുന്നതെങ്ങനെ?

ബ്രിട്ടാസ് കൈരളിയെ മുന്‍നിരയിലെത്തിക്കാന്‍ ശരിക്കും പ്രയത്നിച്ചു. അതിന്റെ ഫലം ഉണ്ടാകുകയും ചെയ്തു. അതിനുള്ള പ്രതിഫലമാണ് യാത്രയയപ്പിലൂടെ കിട്ടിയത്. ഇനി എക്കാലത്തും കൈരളിയെ സേവിച്ചുകൊള്ളാമെന്ന് കരാറില്ല. പിന്തുടര്‍ന്ന് മര്‍ഡോക്കിന്റെ മടയില്‍ചെന്നും ബ്രിട്ടാസിനെ സ്നേഹിക്കുമെന്ന കരാറുമില്ല. മര്‍ഡോക്കിന്റെ ശമ്പളം വാങ്ങി ഇടതുപക്ഷത്തിന് സേവ ചെയ്യാമെന്ന് ബ്രിട്ടാസ് കരുതുന്നുമുണ്ടാകില്ല. മര്‍ഡോക്കിന്റെ ശമ്പളക്കാരെയാകെ ആക്രമിക്കണമെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? വിയോജിപ്പ് മര്‍ഡോക്ക് എഴുന്നള്ളിക്കുന്ന മാധ്യമക്കുത്തകയോടാണ്-അതിന്റെ രാഷ്ട്രീയത്തോടാണ്.

എങ്കിലും ബ്രിട്ടാസേ, അത്തരമൊരു മടയിലേക്ക് പോകണമായിരുന്നോ എന്ന് പഴയ പരിചയക്കാര്‍ക്കൊക്കെ ചോദിക്കാം. "അങ്ങനെ പോകുന്നതാണ് അഭികാമ്യമെന്ന് തോന്നി; അത് ചെയ്യുന്നു" എന്നാണ് മറുപടിയെങ്കിലോ? നന്മ ആശംസിച്ച് പിന്മാറുക തന്നെ. അതാണ് മാന്യത. ഇവിടെയും അതാണുണ്ടായത്. അതിന്റെ താത്വിക-ബൗദ്ധിക പ്രശ്നങ്ങളെക്കുറിച്ച് കുലംകഷമായി ചര്‍ച്ചിക്കാനൊന്നുമില്ല. കൈരളിക്ക് ബ്രിട്ടാസില്‍ നിന്നും ബ്രിട്ടാസിന് കൈരളിയില്‍ നിന്നും അമൂല്യമായ അനുഭവം കിട്ടിയിട്ടുണ്ട്. ആ കൊടുക്കല്‍ വാങ്ങലിന്റെ കാലംകഴിയുമ്പോള്‍ , രണ്ടുകൂട്ടര്‍ക്കും വിഷമമില്ലാത്ത വേര്‍പിരിയല്‍ ഉണ്ടായെങ്കില്‍ അതുതന്നെ നല്ല കാര്യം. അതില്ലായിരുന്നെങ്കില്‍ "നന്ദികെട്ടവരേ മാര്‍ക്സിസ്റ്റുകളേ" എന്ന വിളിയും കേള്‍ക്കേണ്ടിവരുമായിരുന്നു. ഇപ്പോള്‍ മാന്യമായി കാര്യങ്ങള്‍ അവസാനിച്ചിരിക്കുന്നു. മര്‍ഡോക്കിന്റെ കാലാളായി വരുമ്പോള്‍ ആവഴിക്കുള്ള യുദ്ധം നടക്കും. ഇനിയും ബ്രിട്ടാസിനും ഇടതുപക്ഷത്തിനും യോജിക്കാവുന്ന മേഖലയുണ്ട്-മര്‍ഡോക്കിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ന്യായമായ പരാതികളുയരുമ്പോള്‍ ഇടതുപക്ഷമല്ലാതെ സഹായിക്കാന്‍ മറ്റാരുണ്ടാകും? മലയാളത്തിന്റെ സ്വന്തമെന്നു കെട്ടിയാടിയ ഏഷ്യാനെറ്റ് മര്‍ഡോക്ക് കൈക്കലാക്കുന്നതിനെതിരെ ഇവിടെ സിപിഐ എമ്മിന്റെ ശബ്ദമേ ഉയര്‍ന്നിരുന്നുള്ളൂ. അന്ന് മിണ്ടാതിരുന്നവര്‍ , ഇപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആ ചാനലില്‍ ചേരുമ്പോള്‍ അലറുന്നു; മുക്രയിടുന്നു. അതില്‍ ഒരനീതിയുണ്ട്. അതാണ് ബ്രിട്ടാസിന്റെ കൂടുമാറ്റത്തേക്കാള്‍ ഗുരുതരം.

*
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി വി ആര്‍ ഷേണായിക്ക് ബി ആര്‍ പി ഭാസ്കറിനേക്കാള്‍ യുവത്വവും പ്രസരിപ്പുമുണ്ട്. ഒട്ടും ഓര്‍മക്കുറവില്ല. പ്രത്യേകിച്ച് ബംഗാളിന്റെ കണക്കുപറയുമ്പോള്‍. ചിലര്‍ക്ക് പെന്‍ഷനാകുമ്പോഴാണ് ബോധോദയവും വീണ്ടുവിചാരവുമുണ്ടാകുന്നത്. ഷേണായിയുടെ കഥ അതല്ല. ഒട്ടും മാറിയിട്ടില്ല; ഓര്‍മ പോയിട്ടുമില്ല.

40 വര്‍ഷം മുമ്പ് ബംഗാളിലെ ബരാക്പുരിലെ ചണമില്ലില്‍ പോയപ്പോള്‍ ഉണ്ടായ അതേ പൊടി ഇപ്പോഴും ഉണ്ടെന്നു കണ്ടെത്തിക്കളഞ്ഞു ബുദ്ധിശാലി. ചണയില്‍ നിന്നു ചാക്ക് ഉണ്ടാക്കുമ്പോഴുള്ള പൊടി ഇല്ലാതാക്കാന്‍ ഇടതുമുന്നണി ഭരണത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് സിപിഐ എം തോല്‍ക്കണമെന്ന്. 40 വര്‍ഷം മുമ്പും മലയാളി അരിഭക്ഷണമാണ് കഴിക്കുന്നത്. ഇപ്പോഴും അതിലൊരു മാറ്റവുമില്ല. നെല്ലില്‍ നിന്നാണ് അരി കിട്ടുന്നത്. അതും മാറിയിട്ടില്ല. അതുകൊണ്ട് ഇവിടെയും ഒരു വികസനവും നടന്നിട്ടില്ല-സിപിഐ എം തോല്‍ക്കണമെന്നു പറയാഞ്ഞത് ഭാഗ്യം. 40 വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യത്തിനിടെ ഒരു തവണയെങ്കിലും സിപിഐ എം ജയിക്കണമെന്ന് ഷേണായി എഴുതിയിട്ടുണ്ടോ? കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഓരോ തവണയും തോല്‍ക്കണമെന്നുതന്നെയാണ് എഴുതിയത്. ഇപ്പോള്‍ പറയുന്നു: "ഇത്തവണ തോല്‍ക്കണം" എന്ന്. ഇതിനെയാണ് നാം നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനമെന്ന് വിളിക്കുന്നത്.

1 comment:

ശതമന്യു said...

നാലുകാലില്‍ ഇഴഞ്ഞുനീങ്ങുന്ന ജനാധിപത്യത്തിന് ഒരു ഊന്നുവടി അത്യാവശ്യമാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ളവര്‍ ഒത്തുപിടിച്ച് ജനാധിപത്യത്തിന്റെ ഊന്നുവടിയോ അഞ്ചാം കാലോ ആയി മാറുക എന്നതിനേക്കാള്‍ മഹത്തായ ത്യാഗമെന്തുണ്ട്? കേരളത്തിന്റെ സാംസ്കാരിക നായകരും നായികമാരുമായ ബി ആര്‍ പി ഭാസ്കറും സാറാ ജോസഫും ടി പി രാജീവനും ജെ ദേവികയും എം ജി എസും സക്കറിയയും പിയേഴ്സണും വേണുവും ജഗദീശനും കരുണാകരനും മാനുവലും ചേര്‍ന്നതാണ് അഞ്ചാംതൂണ്‍ . അതില്‍നിന്ന് അജിതച്ചേച്ചിയെ വിലക്കിയിരിക്കയാണത്രേ. സുഗതകുമാരിയുടെ അംഗത്വത്തിന്റെ കാര്യത്തില്‍ തീര്‍പ്പായിട്ടില്ലത്രേ. "അഴിമതിവിരുദ്ധ പോരാട്ടനായകന്‍" എന്ന നിലയില്‍ ക്രൈം നന്ദകുമാറിന് വിശിഷ്ടാംഗത്വം നല്‍കും.