Sunday, April 24, 2011

ഒരു കലികാലക്കുറിപ്പ്

കാലം കലികാലമാണ്. ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തിയാടുന്ന കാലം. ഒരു കലികാലക്കുറിപ്പ് വായിക്കുക: "ഈ സാഹചര്യത്തിലാണ് ഇടതുപക്ഷപാര്‍ടിയിലെ ജീര്‍ണതകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുകൊണ്ട് അഴിമതിയില്‍നിന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ നിലപാടെടുക്കണമെന്ന് ഈ ലേഖകന്‍ തെരഞ്ഞെടുപ്പിനുമുമ്പ് ആവശ്യപ്പെട്ടത്.'' ആരാണ് 'ഈ ലേഖകന്‍'? ഫിദല്‍ കാസ്ട്രോയാണോ? അമര്‍ത്യ സെന്‍? അശോക് മിത്ര? അങ്ങനെ സംശയിക്കാവുംവിധം ആധികാരികമാണാഹ്വാനം. കേരളത്തിലെ ജനങ്ങള്‍ ഈ മഹത്തായ ആഹ്വാനം മനസ്സാ സ്വീകരിച്ച് വോട്ടുചെയ്താലോ? അങ്ങനെ എല്‍ഡിഎഫ് ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്ന മഹാന്. തോറ്റാലോ? അയ്യോ, അത് സിപിഎം എന്ന പാര്‍ടിക്കെതിരായ തിളച്ചുമറിയുന്ന ജനരോഷം.

വീരേന്ദ്രകുമാറിന്റെ പത്രത്തില്‍ ഇടതുപക്ഷം എന്ന പംക്തിയില്‍, എല്‍ഡിഎഫിനെ നന്നാക്കാന്‍ അപ്പുക്കുട്ടന്‍ ആപ്പുമായി ഇറങ്ങിയിരിക്കുന്നു. ആരും ചെയ്യാനറയ്ക്കുന്ന വര്‍ഗീയതയുടെയും ജാതിയുടെയും പണക്കൊഴുപ്പിന്റെയും കളികള്‍ യുഡിഎഫ് കളിച്ചിട്ടും മാധ്യമങ്ങള്‍ യുഡിഎഫിന്റെ ക്വട്ടേഷന്‍ സംഘങ്ങളായിട്ടും അപ്പുക്കുട്ടന്റെ കണ്ണില്‍ അവയൊന്നും പതിഞ്ഞില്ല പോല്‍!
വോട്ട് പെട്ടിയിലായിക്കഴിഞ്ഞതോടെ വിശകലന വിദഗ്ധര്‍ കൂട്ടത്തോടെ ഇറങ്ങി. കേരളത്തിന്റെ ജനവിധി തന്റെ ഒരു പത്രലേഖനത്തിലൂടെ തീരുമാനിക്കപ്പെടുന്ന ഒന്നാണ് എന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനുവരെ തോന്നണമെങ്കില്‍, വരുന്ന മാസം നാം എന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു. എട്ടുകാലികള്‍ എത്രയെണ്ണം രണ്ടുകാലില്‍ നടന്നുവരാനിരിക്കുന്നു. ഇതാണ് പുതിയ സമ്പ്രദായം. എന്താണോ ഇല്ലാത്തത് അത് ഉണ്ട് എന്ന് പറഞ്ഞുറപ്പിക്കുന്ന രീതി. ഇതിനെയാണ് പണ്ട് നാണ്വാര് ആടിനെ പട്ടിയാക്കല്‍ എന്നു വിളിച്ചത്.

കേരളത്തിന്റെ പതിവ് അയ്യഞ്ചുകൊല്ലം ഭരണമാറ്റമാണ്. ഇത്തവണ ആ പതിവിന്റെ ബലത്തിലാണ് യുഡിഎഫ് അങ്കത്തിനിറങ്ങിയത്. ലോക്സഭയില്‍ അവര്‍ ജയിച്ചു; പഞ്ചായത്തിലും ജയിച്ചു. ഇനി നിയമസഭയിലും ജയിക്കാമെന്ന് കരുതി. ലോക്സഭയിലും പഞ്ചായത്തിലും എല്‍ഡിഎഫ് മത്സരിച്ചത് വിശാല വലതുപക്ഷ-മാധ്യമ സഖ്യത്തോടാണ്. അന്നുള്ളവര്‍ തന്നെ ഇന്നും എതിരാളികള്‍. പക്ഷേ, എല്‍ഡിഎഫിനെതിരെ മാധ്യമങ്ങള്‍ക്ക് ഒന്നും പറയാനുണ്ടായില്ല. സര്‍ക്കാരിന്റെ ഇടപെടലുകള്‍ സ്വന്തം ജീവിതത്തിലേക്ക് സംതൃപ്തിയും സമാധാനവും കൊണ്ടുവന്നു എന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ സങ്കുചിത വിലക്കുകള്‍ തകര്‍ത്ത് എല്‍ഡിഎഫിനുപിന്നില്‍ അണിനിരന്നു. പാര്‍ടിയെ കരിതേക്കാന്‍ ആയുധങ്ങളൊന്നും മാധ്യമ ക്വട്ടേഷന്‍കാരുടെ കൈയ്യിലുണ്ടായില്ല. ഏറ്റവുമൊടുവില്‍ രാഷ്ട്രീയപ്രശ്നങ്ങളെല്ലാം വിട്ട്, സര്‍ക്കാരിന്റെ നായകന്‍ വി എസിനെതിരെ യുഡിഎഫും മാധ്യമങ്ങളും ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പാര്‍ടി പ്രതിരോധത്തിന്റെ ഉരുക്കുകോട്ടതീര്‍ത്തു. കണക്കിന് മറുപടികള്‍ കിട്ടി. വി എസിനെ ഒറ്റതിരിഞ്ഞാക്രമിച്ച് എല്‍ഡിഎഫിനെ തോല്‍പ്പിച്ചുകളയാമെന്ന വ്യാമോഹം അട്ടത്തുവയ്ക്കേണ്ടിവന്നു യുഡിഎഫിന്. വി എസിനെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിയെടുത്ത് ഒരു കളി കളിക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി. വി എസും പാര്‍ടിയും രണ്ടാണ് എന്ന് പ്രചരിപ്പിക്കുകയും അങ്ങനെ ആകണമെന്ന് ആഗ്രഹിക്കുകയും ചെയ്തവര്‍ക്ക് ചുട്ട മറുപടിയായാണ് ലഭിച്ചത്.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ് നേതാവിനെ പ്രചാരണ വേദികളില്‍ ജനങ്ങള്‍ ആഹ്ളാദാരവത്തോടെ സ്വീകരിച്ചപ്പോഴും അഞ്ചുകൊല്ലം ഭരണം നയിച്ച മുഖ്യമന്ത്രി പ്രചാരണ നായകനായപ്പോഴും അതിനെ മറ്റൊരര്‍ഥത്തില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്- അപ്പുക്കുട്ടന്മാരുടെ നീചബുദ്ധി പറയുന്നു, വി എസിനെ കാണാനെത്തിയ ജനങ്ങള്‍ പാര്‍ടിയുടേല്ല; വി എസിന്റെ സ്വന്തമെന്ന്. അവര്‍ക്ക് അതാണ് വേണ്ടത്. വി എസിനെ പാര്‍ടി അല്ലാതാക്കണം. അതുകൊണ്ടാണ് അപ്പുക്കുട്ടന്റെ ഒരു ശിഷ്യന്‍ തെരഞ്ഞെടുപ്പുകാലത്ത് പലര്‍ക്കും 'തമാശ' സന്ദേശമയച്ചത്- സിപിഐ എമ്മിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് വോട്ടുചെയ്യണം എന്ന്. സിപിഐ എമ്മിന്റെ ആഭ്യന്തര കാര്യങ്ങള്‍ 'സേവ് ഫോറം' ബുള്ളറ്റിനായും 'മാര്‍ക്സിസ്റ് പത്രിക' ആയും പാര്‍ടി ശത്രുക്കള്‍ക്ക് എത്തിച്ചുകൊടുത്ത കുറ്റത്തിനാണ് അപ്പുക്കുട്ടന്‍ പുറത്തായത്. അന്ന് വി എസിനെതിരെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയ ആള്‍ക്ക് ഇന്ന് വി എസ് മഹാനെന്ന് തോന്നുന്നു. അത്തരം സ്ഥലജലവിഭ്രാന്തി അപ്പുക്കുട്ടനുണ്ട്; ശതമന്യുവിനില്ല. അതാണ് പാര്‍ടി ശത്രുവും പാര്‍ടിക്കാരനും തമ്മിലുള്ള വ്യത്യാസം.

അപ്പുക്കുട്ടനും ആസാദും ഷൊര്‍ണൂരിലെ മുരളിയുമടങ്ങുന്ന ഇടതുപക്ഷ സൈദ്ധാന്തിക വേഷക്കാര്‍ക്ക് സിപിഐ എം തോറ്റുകാണണം എന്നേയുള്ളൂ. അതിനുള്ള പണിയാണ് തെരഞ്ഞെടുപ്പുകാലത്താകെ അവര്‍ എടുത്തത്. പക്ഷേ, ശങ്ക തീരുന്നില്ല. അഥവാ എല്‍ഡിഎഫ് ജയിച്ചാലോ? നിലവിലുള്ള സാഹചര്യവും രാഷ്ട്രീയ സ്ഥിതിഗതികളുംവച്ച് കണക്കുകൂട്ടുമ്പോള്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യതകളാണുള്ളത്. അങ്ങനെയൊരവസ്ഥ ഒഴിവാക്കാന്‍ യുഡിഎഫ് ജാതിശക്തികളെയും വര്‍ഗീയതയും കൂട്ടുപിടിച്ചിട്ടുണ്ട്. പണം മലവെള്ളംപോലെ ഒഴുക്കിയിട്ടുണ്ട്. എന്നിട്ടും ശങ്കതന്നെ.

അപ്പുക്കുട്ടന്റെയും സഹസൈദ്ധാന്തികരുടെയും വാക്കോ പ്രവൃത്തിയോ എല്‍ഡിഎഫിന് ഒരു വോട്ടും നേടിക്കൊടുത്തിട്ടില്ല. എന്നാല്‍, ഇക്കുറി പഞ്ചായത്ത്- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി അപ്പുക്കുട്ടന് സിപിഐ എമ്മിനെ ആക്രമിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എന്നുമാത്രമല്ല മടിച്ചു മടിച്ച് പറയേണ്ടിവന്നു- ഇടതുപക്ഷം ജയിക്കട്ടെ എന്ന്. തെറ്റിദ്ധാരണകള്‍മൂലവും തെറ്റിയും ഇടതുപക്ഷത്തിന് മുന്‍തെരഞ്ഞെടുപ്പില്‍ നഷ്ടമായ വോട്ട് ഇക്കുറി ചോര്‍ന്നുപോകില്ല എന്നുറപ്പിക്കാം. പാരയുടെ മുന തല്‍ക്കാലം രാകിമിനുക്കാതെ വച്ചു എന്നര്‍ഥം. അത് അപ്പുക്കുട്ടനെപ്പോലുള്ളവരുടെ ഗതികേട്. അവര്‍ക്ക് കള്ളം പറഞ്ഞും കാട്ടിയും ഇടതുപക്ഷവിരുദ്ധ വികാരം ഉണര്‍ത്തിവിടാന്‍ കഴിഞ്ഞില്ല.

"2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വോട്ടുചെയ്യാത്തവരും യുഡിഎഫിന് വോട്ടുചെയ്തവരുമായ സിപിഐ എമ്മിലെ ഒരുവിഭാഗവും ഈ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിനുപിന്നില്‍ അണിനിരന്നിട്ടുണ്ട്'' എന്നാണ് അപ്പുക്കുട്ടന്റെ വാദം. ഇത് എവിടെനിന്ന് കിട്ടി എന്ന് മനസ്സിലാകുന്നില്ല. എന്തായാലും എല്‍ഡിഎഫിന്റെ വോട്ടെല്ലാം പെട്ടിയില്‍ വീണ തെരഞ്ഞെടുപ്പാണിത് എന്ന് അപ്പുക്കുട്ടന്‍ സമ്മതിക്കുന്നതില്‍ ശതമന്യുവിനും സന്തോഷം. എന്നിട്ടും അതിനേക്കാള്‍ കൂടുതല്‍ വോട്ടാണ് യുഡിഎഫ് പിടിച്ചതെങ്കില്‍ ജയം അവര്‍ക്കുപോകും. ജാതിക്കണക്കും മതക്കണക്കും ജനാധിപത്യത്തെ നിയന്ത്രിക്കുമ്പോള്‍ അതും സംഭവിക്കാം. അങ്ങനെ ഒരവസ്ഥയുണ്ടായാലും എല്‍ഡിഎഫിനെ വിടാന്‍ പാടില്ല എന്ന അപ്പുക്കുട്ടന്റെ കുരുട്ടുബുദ്ധി പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ: "എല്‍ഡിഎഫിനെതിരായാണ് ഈ രാഷ്ട്രീയ തരംഗമെങ്കില്‍ മറക്കാനും പൊറുക്കാനും കഴിയാത്ത വിധം അതിരോഷത്തോടെ സമൂഹം ആ പാര്‍ടി നേതൃത്വത്തോടുപ്രതികരിക്കുന്നു എന്നുവേണം അതിനെ വ്യാഖ്യാനിക്കാന്‍.'' ജയിച്ചാല്‍ അതില്‍ പാര്‍ടിക്ക് പങ്കില്ല; തോറ്റാല്‍ കുറ്റം പാര്‍ടിക്ക് എന്ന്.

അഞ്ചുകൊല്ലം ഭരിച്ചശേഷമാണ് എല്‍ഡിഎഫ് ജനവിധി തേടിയത്. ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടഭ്യര്‍ഥിച്ചത്. അതിനൊപ്പം യുഡിഎഫ് അഞ്ചുകൊല്ലം മുമ്പ് കേരളത്തെ എങ്ങനെ നശിപ്പിച്ചു എന്ന് ഓര്‍മിപ്പിച്ചാണ് പ്രചാരണം മുന്നേറിയത്. ഇതെല്ലാം കാണുന്ന ജനങ്ങള്‍ അപ്പുക്കുട്ടന്‍ ആഗ്രഹിക്കുന്ന വഴിയേ പോകില്ലല്ലോ. എല്ലാം മനസ്സിലാക്കി, പെട്ടിയിലിരിക്കുന്ന വോട്ടിനെക്കുറിച്ച് പ്രബന്ധം രചിക്കാന്‍ വരുമ്പോള്‍, തന്നെയും അശോക് മിത്രയെയും ഒരേ ഗണത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍, ഒരു മുന്‍ പത്രാധിപരുടെ അഹന്ത എത്ര വലുതാണെന്നോര്‍ത്ത് ശതമന്യു കോള്‍മയിര്‍ കൊള്ളട്ടെ. ജയിച്ചാല്‍ അഹങ്കരിക്കുകയും തോറ്റാല്‍ തളര്‍ന്ന് ചുരുണ്ടുകൂടുകയും ചെയ്യേണ്ട ഒന്നാണ് ഇടതുപക്ഷമെന്ന് അപ്പുക്കുട്ടന്റെ പഴയ കെഎസ്യു ബുദ്ധിക്ക് തോന്നാം. ആ തോന്നലില്‍ സിന്ധു ജോയിക്കും അപ്പുക്കുട്ടനും ഒരേ മാര്‍ക്കാണ്. ആ ന്യായംവച്ച് തെങ്ങേല്‍ കയറിയാല്‍ പത്തലൊടിഞ്ഞ് കമിഴ്ന്ന് വീഴാനാണ് സാധ്യത.

*
ഇടതുപക്ഷം ജയിക്കട്ടെ; ഭരിക്കട്ടെ; അപ്പുക്കുട്ടന്‍ എതിര്‍ക്കട്ടെ; രോഷപ്പെടട്ടെ-സഹായിക്കാതിരുന്നാല്‍ മതി. ഈ സ്നേഹം താങ്ങാനുള്ള ശേഷി ഇനിയും ഇടതുപക്ഷത്തിനില്ല. അപ്പുക്കുട്ടന്‍, ക്രൈം നന്ദകുമാര്‍ തുടങ്ങിയ മഹാരഥന്മാരുടെ സേവനം മാതൃഭൂമിക്കും യുഡിഎഫിനുംതന്നെ കിട്ടിക്കൊള്ളട്ടെ. ഫീസില്ലാത്ത വക്കീല്‍പണിക്ക് ഇടതുപക്ഷത്തിന്റെ തിണ്ണ നിരങ്ങുന്നതെന്തിന്?

1 comment:

ശതമന്യു said...

കാലം കലികാലമാണ്. ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തിയാടുന്ന കാലം. ഒരു കലികാലക്കുറിപ്പ് വായിക്കുക: "ഈ സാഹചര്യത്തിലാണ് ഇടതുപക്ഷപാര്‍ടിയിലെ ജീര്‍ണതകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുകൊണ്ട് അഴിമതിയില്‍നിന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ നിലപാടെടുക്കണമെന്ന് ഈ ലേഖകന്‍ തെരഞ്ഞെടുപ്പിനുമുമ്പ് ആവശ്യപ്പെട്ടത്.'' ആരാണ് 'ഈ ലേഖകന്‍'? ഫിദല്‍ കാസ്ട്രോയാണോ? അമര്‍ത്യ സെന്‍? അശോക് മിത്ര? അങ്ങനെ സംശയിക്കാവുംവിധം ആധികാരികമാണാഹ്വാനം. കേരളത്തിലെ ജനങ്ങള്‍ ഈ മഹത്തായ ആഹ്വാനം മനസ്സാ സ്വീകരിച്ച് വോട്ടുചെയ്താലോ? അങ്ങനെ എല്‍ഡിഎഫ് ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്ന മഹാന്. തോറ്റാലോ? അയ്യോ, അത് സിപിഎം എന്ന പാര്‍ടിക്കെതിരായ തിളച്ചുമറിയുന്ന ജനരോഷം.