കേരളത്തില്‍ ഒരുകാര്യവും നന്നായി പോകുന്നില്ല എന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. അതുതന്നെയാണ് യുഡിഎഫിന്റെ പ്രശ്നവും. ഒരുകാര്യവും ശരിയായി നടക്കുന്നില്ല. എവിടെത്തിരിഞ്ഞാലും ആരോപണങ്ങള്‍. ജയിക്കുമെന്ന് കരുതി തുടങ്ങിവച്ച തെരഞ്ഞെടുപ്പുപ്രചാരണം ഇപ്പോള്‍ സാമാന്യം നന്നായൊന്ന് തോറ്റുകിട്ടിയാലും മതി എന്ന മട്ടില്‍. ആളില്ലായ്മയാണ് പ്രധാന പ്രശ്നം. സര്വേക്കാര് ഉന്തിയിട്ടും ഫലിക്കുന്നില്ല. മനോരമ സഹായിച്ചുസഹായിച്ച് ഉമ്മന്‍ചാണ്ടി തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ്.
രാഹുല്‍ജിയുടെ ചെരുപ്പില്‍ ആണികയറിയ പടത്തിന് മനോരമ അടിക്കുറിപ്പ് കൊടുത്തു, 'ഇങ്ങനെ പിഴുതെറിയണം' എന്ന്. എല്‍ഡിഎഫിനെ പിഴുതെറിയണം എന്നാണ് അച്ചായന് ഉദ്ദേശിച്ചതെങ്കിലും എറിയപ്പെടുന്നത് കോണ്‍ഗ്രസാണെന്ന് തോന്നുന്നു. ചെന്നിത്തല ചെല്ലുന്നിടത്തെല്ലാം കുഴപ്പം. പണം പെട്ടിക്കണക്കിന് വരുന്നു, പാതിയും പോകുന്നത് പെട്ടിയിലേക്ക്. ഒടുവില്‍ കേന്ദ്രത്തിന്റെ ഐബി റിപ്പോര്‍ട്ട് പറയുന്നു, ജയിക്കും പക്ഷേ അത് എല്‍ഡിഎഫാണെന്ന്. ആന്റണിക്ക് ജയിക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല. അതുകൊണ്ടാണ് പഴയ കര്‍ഷക ആത്മഹത്യയും മറ്റും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.
ഇനിയിപ്പോള്‍ ഉമ്മന്‍ചാണ്ടിയും മനസ്സില്‍ കാണുന്നുണ്ട്-അഥവാ ജയിച്ചുപോയാല്‍ മണ്ണും ചാരി നിന്നവന് ചെന്നിത്തലയാകുമോ എന്ന്. അതാണല്ലോ അനുഭവം. അതുകൊണ്ട് വലിയ ആവേശമൊന്നും വേണ്ട; മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന് പുതിയ പ്രവചനം. ജനങ്ങള്‍ എങ്ങനെയാണ് പിഴുതെറിയുക എന്ന ഒരാധി എല്ലാവരുടെയും മനസ്സിലുണ്ട്. മനോരമയ്ക്ക് മനോനില തെറ്റിയാല്‍ മറിഞ്ഞുവീഴുന്നതാണ് മലയാളത്തിന്റെ മനസ്സെന്ന് കരുതുന്നവര്‍ക്കും ശേഖരിക്കേണ്ടിവരും ഒരു കുപ്പി വിഷം.
*
ഞായറാഴ്ച തലസ്ഥാനത്ത് കേട്ടു മല്യാലത്തില്‍ ഒരു രോദനം. 'രാഹുല്‍ജി കസേരയില്‍ ആളില്ലാതെ കാണരുത്. ആളില്ലാത്തതുകൊണ്ട് പരിപാടി വൈകരുത്.....' മന്ത്രിസ്ഥാനം രാജിവച്ച എംപിയുടെ നിലവിളിയായതുകൊണ്ടാകണംകസേരകള്ക്ക് കുലുക്കമില്ല.
'ഭാവിഭാരതത്തിന്റെ വാഗ്ദാന'ത്തിന് ഞായറാഴ്ച പൊതുയോഗം പൂജപ്പുര മൈതാനിയില്‍. രാവിലെ പത്തിന് തുടങ്ങാനിരുന്നതാണ്. ഒന്‍പതേമുക്കാലായപ്പോള്‍ മൈതാനിയില്‍ എസ്പിജിക്കാരും രാഹുല്‍ജി എടുത്ത് ഉമ്മവയ്ക്കാന്‍ പോകുന്ന കുട്ടിയുടെ ജാതകമന്വേഷിക്കാനെത്തിയ മാധ്യമശിങ്കങ്ങളും മാത്രം. വേദിയില്‍ ശശി തരൂരും തലേക്കുന്നില്‍ ബഷീറും പിന്നെ കോണ്‍ഗ്രസ് പൊതുയോഗങ്ങളില്‍ മൈക്ക് ഭക്ഷിക്കുന്ന പതിവുകാരും. 'ജനലക്ഷങ്ങളെ' ഉച്ചഭാഷിണിയിലൂടെ ക്ഷണിച്ചുകൊണ്ടിരുന്നു. ആരും കയറിയില്ല. സമയം പത്തായപ്പോഴാണ് തരൂരിന്റെ രോദനം.
എല്ലാറ്റിനും പകരക്കാരനായ തലേക്കുന്നില്‍ ബഷീറിന്റേതായിഅടുത്ത ഊഴം." ദയവായി സ്റ്റേഡിയത്തിന് പുറത്തുള്ള ജനങ്ങളെ പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടു വരണം. പുറത്തുള്ള ജനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല, അതുപോലെയാണോ നമ്മള്, എല്ലാവരും പുറത്തുപോയി ജനങ്ങളെ കൂട്ടി വരൂ. പരിപാടിയുടെ വിജയത്തിന് അല്‍പ്പം ത്യാഗം സഹിക്കണം. അകത്ത് വന്ന് കസേരയില്‍ ഇരുന്നാല്‍ തൊപ്പിയും കുടിക്കാന്‍ വെള്ളവും തരും.'' ഒരു താല്‍ക്കാലിക കെപിസിസി പ്രസിഡന്റിന് ഇത്രയൊക്കെയേ പറയാനാവൂ.
സമയം 10.20. ഏതാനും പേര് വന്ന് കസേരയിലിരുന്നു. ആക്ടിങ് പ്രസിഡന്റിന്റെ അനൌസ്മെന്റ് വീണ്ടും. "രാജീവ്ജി ഉടന്‍ എത്തും. (ആളെത്താത്ത ടെന്ഷനില് പേരുമാറിപ്പോയി) അതുവരെ യുഡിഎഫ് ജില്ലാ കവീനര്‍ മോഹന്‍കുമാര്‍ സംസാരിക്കും. പിന്നിലുണ്ടെങ്കില്‍ മോഹന്‍കുമാര്‍ സ്റ്റേജിലേക്ക് വരണം.'' എബടെ? കാത്തുകാത്തിരുന്നിട്ടും മോഹന്‍കുമാര്‍ വന്നില്ല. അല്ലെങ്കിലും താന്‍ മത്സരിക്കാത്ത തെരഞ്ഞെടുപ്പിന് മോഹന്‍കുമാര്‍ എന്തിന് വിയര്‍ക്കണം.
സമയം 10.40. മോഹന്‍കുമാര്‍ വരാഞ്ഞപ്പോള്‍ പകരക്കാരനുണ്ടായി-ശശി തരൂര്‍. കേള്‍വിക്കാരില്ലാത്തിനാല്‍ തരൂരിന് പ്രസംഗം വന്നില്ല.
11.10: അതാ രക്ഷകനെത്തി. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്. തലേക്കുന്നില്‍ നെടുവീര്‍പ്പിട്ട് മുരളിയെ ക്ഷണിച്ചു. കുറെക്കാലമായി മൈക്ക് കിട്ടാത്ത ക്ഷീണത്തിലായ മുരളിക്ക് ആവേശം പോരാ. ഒഴിഞ്ഞ കസേരകള്‍ക്ക് കുലുക്കമില്ല. അഞ്ച് മിനിറ്റ് കൊണ്ട് മുരളി അവസാനിപ്പിച്ചു. വള്ളംകളിയുടെ ദൃക്സാക്ഷിവിവരണം പോലെ മൈക്ക് വീണ്ടും തരൂരിന്. പതിനഞ്ചുമിനിറ്റ് ഊന്നിയിട്ടും വള്ളം നീങ്ങുന്നില്ല. പതിനൊന്നരയ്ക്ക് അതാ വരുന്നു നേതാവ്. മൈതാനത്തിന് തൊട്ടടുത്തുള്ള ലാറ്റക്സിന്റെ ഗസ്റ് ഹൌസില്‍ അതുവരെ രാഹുല്‍ജി വിശ്രമിക്കുകയായിരുന്നു. ജനം ഉണ്ടെങ്കിലേ പ്രസംഗിക്കൂ എന്ന് ഇന്നത്തെ വാശി. ഒരുമണിക്കൂറുകൊണ്ട് എങ്ങനെയൊക്കെയോ കുറെപ്പേരെ മൈതാനിയില്‍ കയറ്റിവിട്ടു. എന്നിട്ടും നിരത്തിയ കസേരകളില്‍ പത്തിലൊന്നും അനാഥം.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നാണ്. ആളില്ലാത്തതിന് യുവരാജാവിന് പള്ളിക്കലി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട മോഹന്‍കുമാറിന് പരിഭാഷകന്റെ വേഷം. ഒന്നാംതരം പരിഭാഷയായിരുന്നു-'അതായത് രാഹുല്‍ജി ഉദ്ദേശിച്ചത്...........' എന്ന ശൈലിയില്‍. എന്തുകാര്യം. പ്രസംഗം മോഹന്‍കുമാര്‍ തെറ്റിച്ചെന്ന് ശകാരമായി. ആദ്യം സീറ്റും ഇപ്പോള്‍ അഭിമാനവുംപോയ മോഹന്‍കുമാര്‍ തലകുനിച്ചു; പകരം തരൂരിന് പരിഭാഷാ ചുമതല. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തിയതും യുവരാജന്‍തന്നെ. കൂട്ടത്തില്‍ ജി കാര്‍ത്തികേയന്‍മാത്രം വന്നില്ല. അരുവിക്കരയില്‍ ജയിക്കേണ്ടെന്നാകും.
*
ആള്‍ക്കൂട്ടമില്ലെങ്കിലെന്ത്. യുഡിഎഫിന് വോട്ടുകിട്ടിയില്ലെങ്കിലെന്ത്. ചില ഹോട്ടലുകളുടെ പരസ്യം ഗംഭീരമായി വരുന്നുണ്ട്. യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് ദില്ലിവാലാ നേതാക്കളെക്കൊണ്ട് പ്രയോജനമൊന്നുമുണ്ടായിട്ടില്ലെങ്കിലും ഹോട്ടലുകാര്‍ തൃപ്തരാണ്. തങ്ങളുടെ വിഭവങ്ങള്‍ക്ക് രണ്ട് ബ്രാന്‍ഡ് അംബാസഡര്‍മാരെ കിട്ടി എന്നതാണവരുടെ സന്തോഷം-സോണിയ മാഡത്തെയും മകനെയും. വോട്ട് ചോദിക്കാനോ അതോ, ഹോട്ടലുകളിലും ചായക്കടകളിലും കയറിയിറങ്ങി കേരളീയ ഭക്ഷണത്തിന്റെ രുചി അറിയാനോ വന്നതെന്നാണ് ഇപ്പോള്‍ വോട്ടര്‍മാരുടെ സംശയം. മാഡം കോഴിക്കോട്ട് ഹെലികോപ്റ്റര്‍ ഇറങ്ങിയ ഉടനെ അന്വേഷിച്ചത് മകന് പാതിരാത്രിക്ക് കയറിച്ചെന്ന് ഭക്ഷണം കഴിച്ച ഹോട്ടലിനെക്കുറിച്ചാണത്രെ.
'മാഡം ഇറങ്ങിയപ്പോള്‍ ആകെ കഫ്യൂഷന്, ഉടന്‍ ചെന്നിത്തല എം കെ രാഘവന് എംപിയെ വിളിച്ചു. അല്‍പ്പം കഴിയുമ്പോള്‍ ഭക്ഷണം എത്തി. ഹോട്ടലുടമയുടെ ഭാര്യയാണ് ഭക്ഷണം കൊണ്ടുവന്നത്. ഉടന്‍ ഭാര്യയുടെ നേരെ എസ്പിജിക്കാര്‍ കണ്ണുരുട്ടി. എസ്പിജിക്കാര്‍ ഭക്ഷണം രുചിച്ചുനോക്കി. ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പായപ്പോള്‍ ഗ്രീന്‍ സിഗ്നല്‍. വീണ്ടും കണ്ഫ്യൂഷന്, വിഭവങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം. ഏത് കഴിക്കും? ചെന്നിത്തല കണ്ഫ്യൂഷന് തീര്‍ത്തു. "സോണിയാജി, ട്രൈ ബിരിയാണി''. കണ്ഫ്യൂഷന് തീര്‍ന്നു, ബിരിയാണി രുചിച്ചുനോക്കി, ബൌളില്‍ കൈ കഴുകി....' ഇത്രയും എഴുതി പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനം നടത്തിയത് മനോരമയാണ്. അവരിപ്പോള്‍ അങ്ങനെയാണ്. മൂന്നു ദിവസം അണ്ണ ഹസാരെ പുറത്തും ലതിക സുഭാഷ് അകത്തുമായിരുന്നു മനോരമയ്ക്ക്. ഡല്‍ഹിയില്‍ അഴിമതിക്കെതിരെ കടന്നല്‍കൂടു പൊട്ടിയപോലെ ജനങ്ങള്‍ ഇളകിയെത്തുമ്പോള്‍ ഇവിടെ ലതിക സുഭാഷിന്റെ പ്രശസ്തി ഏതുവരെ എന്ന കോട്ടയം ഗവേഷണം.
മാതാവിന്റെയും പുത്രന്റെയും വെള്ളത്താടിയുള്ള പരിശുദ്ധാത്മാവിന്റെയും പ്രസംഗംകൊണ്ട് യുഡിഎഫിന് ഗുണമുണ്ടായില്ലെങ്കിലും കോഴിക്കോട്ടെ ഹോട്ടലുകാരനും തിരുവനന്തപുരത്ത് പുത്രദര്ശന സൌഭാഗ്യം ലഭിച്ച ഭോജനാലയക്കാരനും ലാഭംതന്നെ ലാഭം. മനോരമയുടെ 'അനുഗ്രഹം' സിദ്ധിച്ച ലതിക സുഭാഷിനാകട്ടെ കഷ്ടാല്‍ കഷ്ടം. വി എസ് പറഞ്ഞതില്‍ തെറ്റും കുറ്റവുമില്ലെന്നാണ് ഇലക്ഷന് കമീഷന് തീര്‍പ്പാക്കിയത്. അപ്പോള്‍ എവിടെയാണ് കുറ്റം? വി എസിന്റെ വാക്കുകള്‍ വ്യാഖ്യാനിച്ചതില്‍. അതിനാരാണ് ഉത്തരവാദി? മലയാള മനോരമ പത്രവും ചാനലും. ചെന്നിത്തലയുടെ പറ്റുപടിക്കാരനായ ഐഎന്‍ടിയുസിക്കാരന്‍ പത്രക്കാരന്റെ വേഷത്തില്‍ ചെന്ന് വി എസിനോട് കുത്തിക്കുത്തിച്ചോദിച്ച് വാങ്ങിയ ഉത്തരമാണ് വിവാദമായത്. സാഹചര്യത്തെളിവുകള്‍ വളരെ മോശമാണ്. ചെന്നിത്തല കുടുങ്ങും. പാവം വനിതാ സ്ഥാനാര്‍ഥി. വി എസില്‍ കുറ്റം ചാര്‍ത്താന്‍ മനോരമ എടുത്തിട്ടലക്കിയത് അവരുടെ മാനം. ഉമ്മന്‍ചാണ്ടി നേരിട്ടു വിളിച്ച് വിലക്കിയതുകൊണ്ടത്രെ, ആ വിവാദം ആഘോഷിക്കുന്നതില്‍നിന്ന് മനോരമ പൊടുന്നനെ പിന്മാറിയത്. എന്നാലും മൂന്നു ദിവസം ഉണ്ടാക്കിയ ബഹളവും ചെലവാക്കിയ കടലാസും മഷിയും വനിതാ സ്ഥാനാര്‍ഥിയുടെ മാനവും എങ്ങനെ തിരിച്ചുകിട്ടും?
പ്രസംഗത്തിന് ഗുണവും മണവുമൊന്നുമില്ലെങ്കിലും ഭക്ഷണത്തില്‍ അത് വേണമെന്ന് നിര്‍ബന്ധമില്ലാത്തവരുമുണ്ട്.
"മത്സ്യമടക്കം കേരളീയ ഭക്ഷണത്തിന്റെ വൈവിധ്യമത്രയും പ്രധാനമന്ത്രിക്കുവേണ്ടി സജ്ജമായിരുന്നുì ചിന്നക്കട റസ്റ്ഹൌസില്‍. പക്ഷേ, മിതഭക്ഷണം മതിയെന്നായി മന്മോഹന്. തക്കാളിസൂപ്പില്‍ തുടങ്ങി തനിക്ക് സുപരിചിതമായ ചപ്പാത്തിയും സബ്ജിയും കഴിച്ച് ഉച്ചഭക്ഷണം അവസാനിപ്പിച്ച അദ്ദേഹം ഞാലിപ്പൂവന് പഴത്തിലൂടെ കേരളീയരുചിയും നുണഞ്ഞു.''
ഇതാണ് മാധ്യമ വിവരണം. പാവം. അവിടെയും അങ്ങനെത്തന്നെ.
*
ലതിക സുഭാഷിന് കെട്ടിവയ്ക്കാന്‍ പണം നല്‍കിയില്ലെന്ന് കിളിരൂര്‍ പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞതിനു പിറകെ, നെന്മാറയില് എം വി രാഘവന് കെട്ടിവയ്ക്കാന്‍ പണം നല്‍കിയെന്ന വാര്‍ത്തയ്ക്കും നിഷേധം. ചിലപ്പോള്‍ ഇത്തരം നിഷേധ പ്രസ്താവനകളും ഗുണംചെയ്യും-രാഘവന് എന്നൊരു സ്ഥാനാര്‍ഥി ഉണ്ടെന്ന് നാലുപേര്‍ അറിഞ്ഞുവല്ലോ.
3 comments:
ഞായറാഴ്ച തലസ്ഥാനത്ത് കേട്ടു മല്യാലത്തില്‍ ഒരു രോദനം. 'രാഹുല്‍ജി കസേരയില്‍ ആളില്ലാതെ കാണരുത്. ആളില്ലാത്തതുകൊണ്ട് പരിപാടി വൈകരുത്.....' മന്ത്രിസ്ഥാനം രാജിവച്ച എംപിയുടെ നിലവിളിയായതുകൊണ്ടാകണംകസേരകള്ക്ക് കുലുക്കമില്ല.
'ഭാവിഭാരതത്തിന്റെ വാഗ്ദാന'ത്തിന് ഞായറാഴ്ച പൊതുയോഗം പൂജപ്പുര മൈതാനിയില്‍. രാവിലെ പത്തിന് തുടങ്ങാനിരുന്നതാണ്. ഒന്‍പതേമുക്കാലായപ്പോള്‍ മൈതാനിയില്‍ എസ്പിജിക്കാരും രാഹുല്‍ജി എടുത്ത് ഉമ്മവയ്ക്കാന്‍ പോകുന്ന കുട്ടിയുടെ ജാതകമന്വേഷിക്കാനെത്തിയ മാധ്യമശിങ്കങ്ങളും മാത്രം. വേദിയില്‍ ശശി തരൂരും തലേക്കുന്നില്‍ ബഷീറും പിന്നെ കോണ്‍ഗ്രസ് പൊതുയോഗങ്ങളില്‍ മൈക്ക് ഭക്ഷിക്കുന്ന പതിവുകാരും. 'ജനലക്ഷങ്ങളെ' ഉച്ചഭാഷിണിയിലൂടെ ക്ഷണിച്ചുകൊണ്ടിരുന്നു. ആരും കയറിയില്ല. സമയം പത്തായപ്പോഴാണ് തരൂരിന്റെ രോദനം
ഏതു റിപ്പോര്‍ട്ട് പറഞ്ഞെന്നു? ഐ ബിയൊ? ഇപ്പൊ റിപ്പോര്‍ട്ടെല്ലാം കാലാവസ്ത പ്രവചനം പോലൊക്കെ തന്നെയല്ലേ? അതൊ മാറ്റം വന്നൊ?
ഐ ബി റിപ്പോര്‍ട്ടില്‍ സീറ്റിന്റെ എണ്ണാം കുറച്ചു കൂട്ടിപ്പറയാമായിരുന്നു എന്തായാലും പാര്‍ട്ടി ചാനലും പത്രവും മാത്രമറിഞ്ഞ റിപ്പോര്‍ട്ട്, സീറ്റിന്റെ കാര്യത്തില്‍ പിശുക്കു കാട്ടിയത് ശരിയായില്ല. അതും സഖാക്കളുടെ അക്രമ പരന്ബര അരങ്ങേറിയ ദിവസം...70 നു കൂടുതല്‍ കിട്ടുമെന്നു പാര്‍ട്ടി ചാനലും ,പത്രവും പറയുന്ന ആ സീറ്റുകളുടെ കാര്യത്തില്‍ ഇന്നുതന്നെ ഏകദേശം തീരുമാനമായി :)
ആക്രമണത്തിന്റെ കഥകള്‍ ഇവിടെ ഉണ്ട് പാഞ്ഞിരപാടം..http://jagrathablog.blogspot.com/2011/04/blog-post_1941.html
Post a Comment