Sunday, March 20, 2011

വഞ്ചനയുടെ കറുത്ത അടയാളങ്ങള്‍

'ഉപ്പുചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാന്‍ മോഹം' എന്നത്രെ എം വി രാഘവനെ നോക്കി പി പി തങ്കച്ചന്‍ പാടിയത്. രാഘവനും ഗൌരിയമ്മയും വീരേന്ദ്രകുമാരനും ഇരിക്കുന്ന ഇരിപ്പുകണ്ടാല്‍ ശത്രുക്കള്‍ക്കുപോലും സഹിക്കാനാകില്ല. തിന വിതച്ചാല്‍ തിന കൊയ്യാം, വിന വിതച്ചാല്‍ വിന കൊയ്യാം എന്നാണ്. ഇവിടെ വിന വിതച്ച് വിനപോലും കൊയ്യാനാകാതെ കൂനിക്കൂടി ചുക്കിച്ചുളിഞ്ഞിരിപ്പാണ്. ഇടതുപക്ഷ മുന്നണിയില്‍ വല്യേട്ടന്‍ കളി എന്നെങ്കിലും പറയാമായിരുന്നു. ഇതിപ്പോള്‍ വല്യമ്മാവന്‍ കളി എന്നുപോലും പറയാനാകുന്നില്ല. ഞങ്ങള്‍ തരും വേണമെങ്കില്‍ എടുത്തോളൂ എന്നല്ല കോണ്‍ഗ്രസ് വല്യമ്മാവന്‍ പറയുന്നത്. ഏതൊക്കെ തരുമെന്ന് ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ പ്രഖ്യാപിക്കും-അപ്പോള്‍ വേണമെങ്കില്‍ എടുക്കാം; വേണ്ടെങ്കില്‍ ഇട്ടിട്ട് പോകാം എന്നാണ്.

എം വി രാഘവന്‍ സിപിഐ എമ്മിലുണ്ടായിരുന്നപ്പോള്‍ പുലിക്കുട്ടിയായിരുന്നു. യുഡിഎഫില്‍ പുലിക്കുട്ടി വേറെയാണ്. എം വി ആറിനെ എങ്ങനെയെങ്കിലും മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക; മന്ത്രിയാക്കാതിരിക്കുക എന്നതത്രെ ചെന്നിത്തലയുടെ അടവുനയം. പൂലിക്കുട്ടി പൂച്ചക്കുട്ടിയായി അഴീക്കോട് തന്നില്ലെങ്കില്‍ നാഗര്‍കോവിലിലെങ്കിലും ഒരു സീറ്റ് തരൂ എന്ന് ചിനുങ്ങിക്കരയുന്നു. കേരംതിങ്ങും കേരളനാട് ഭരിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന കെ ആര്‍ ഗൌരിക്കുഞ്ഞമ്മയെ സ്വന്തം സീറ്റ് ചോദിക്കാനുള്ള ത്രാണിപോലും ചോര്‍ത്തിയെടുത്ത് ചേര്‍ത്തലയില്‍ ചേര്‍ത്തുകെട്ടി ചെന്നിത്തല. കൃഷ്ണന്‍കുട്ടിയുടെ കഷ്ടപ്പാടു കണ്ടിട്ടും വീരന്റെ വീര്യം ഒട്ടും കൂടുന്നില്ല. പതിനഞ്ചു സീറ്റ് പന്ത്രണ്ടിലേക്ക് താഴ്ന്ന് പിന്നെയും എട്ടുംപൊട്ടും തിരിയാത്ത അവസ്ഥയിലെത്തി. കൂനിനുമേല്‍ തേങ്ങാവീണു. കരയാനും ചിരിക്കാനുമാകുന്നില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറക്കപ്പെടും എന്നായിരുന്നു മാണിസാറിന്റെ വിശ്വാസം. ചോദിച്ചു; കിട്ടിയില്ല. അന്വേഷിച്ചു-എങ്ങും കണ്ടെത്തിയില്ല. മുട്ടിയിട്ടാണെങ്കില്‍ തുറക്കുന്നുമില്ല. എവിടെയൊക്കെ കുഴപ്പമുണ്ടെന്നുപോലും മാണിസാറിന് നിശ്ചയമില്ല. എല്ലാം കൈക്കലാക്കിയ ചെന്നിത്തലയുടെ ചിരി ഇടിമുഴക്കംപോലെ മനസ്സില്‍ മുഴങ്ങുന്നു. കെപിസിസി ആസ്ഥാനത്തുചെന്ന് കൈരണ്ടും കൂപ്പി യാചിക്കേണ്ടിവന്നു ഇത്രയെങ്കിലും തരപ്പെടാന്‍. മലപ്പുറത്തെപ്പോലെ ഇവിടെ ഐസ്ക്രീമിന്റെ മധുരമില്ല; റൌഫിന്റെ ഗാനമേളയില്ല-ആകെ ഉള്ളത് വിമാനക്കഥയും കന്നുകാലി വളര്‍ത്തലിന്റെ സൂക്കേടും മാത്രം. എന്നിട്ടും ചോറ് പടിക്കു പുറത്താണെന്ന്.

രാഹുല്‍ ഗാന്ധിയുടെ ലിസ്റില്‍നിന്ന് ചെന്നിത്തല വെട്ടിക്കളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവനന്തപുരത്ത് പൊട്ടിക്കരഞ്ഞു. ചെന്നിത്തലയുടെ പെട്ടിയെടുപ്പുകാര്‍ക്ക് മാത്രമാണ് സീറ്റെന്ന്. ഉമ്മന്‍ചാണ്ടിയുടെ പ്രിയശിഷ്യന്‍ സിദ്ദിഖിനും അതേ അഭിപ്രായം. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാണ്. ലീഗിലാണെങ്കില്‍ ഇന്നലെവരെ കുഞ്ഞാലിക്കുട്ടി കണികണ്ടിട്ടില്ലാത്ത കലാപം. എന്നാലും മനോരമ പറയുന്നു: യുഡിഎഫില്‍ എല്ലാം ഭദ്രമാണെന്ന്. ഭദ്രമായിത്തന്നെ ജനങ്ങള്‍ വോട്ടുംചെയ്യട്ടെ.

*
വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സിപിഐ എം പ്രഖ്യാപിച്ചതോടെ, പ്രകടനങ്ങള്‍ മാത്രമല്ല, ചാനലുകളില്‍ കയറി ചര്‍ച്ച നയിച്ച ചില വിദ്വാന്‍മാരുടെ നാക്കിന്റെ ഇളക്കവും നിലച്ചുപോയി. 'വീരാ ധീരാ വീയെസ്സേ ഇറങ്ങിവരൂ ഞങ്ങടെ കൂടെ' എന്നായിരുന്നു ഇടതുപക്ഷ ഏകോപന സമിതിക്കാരുടെ കോറസ്. വി എസ് പട്ടികയിലില്ലെന്ന് ഏതോ ചാനല്‍ വാര്‍ത്ത വന്നയുടനെ കൈയില്‍കിട്ടിയ കുപ്പായത്തില്‍ വലിഞ്ഞുകയറി ചാനല്‍ സ്റുഡിയോയിലേക്ക് ഓടിയവരാണ്. അപ്പുക്കുട്ടന്‍, എന്‍ എം പിയേഴ്സണ്‍, ആസാദ്, എം ആര്‍ മുരളി, സി ആര്‍ നീലകണ്ഠന്‍, കെ സി ഉമേഷ് ബാബു-ഇങ്ങനെ പോകുന്നു പോക്കണംകോട്ടുകാരുടെ ലിസ്റ്. വി എസ് എന്തിന് ഇനി സിപിഎമ്മില്‍ നില്‍ക്കണം; വരൂ, പോരാട്ടം തുടരൂ, ശരിയായ പാതയില്‍ അണിനിരക്കൂ, ജീര്‍ണിച്ച പാര്‍ടിയെ തട്ടിക്കളയൂ എന്നൊക്കെ കേട്ടു നിലവിളികള്‍. രണ്ടുദിവസം വാര്‍ത്താ ചാനല്‍ തുറന്നാല്‍ ഇടതുപക്ഷ ഏകോപന സമിതിക്കാരുടെ വെപ്രാളപ്രകടനമായിരുന്നു. ഗ്രഹണിപിടിപെട്ട കുട്ടിക്ക് ചക്കപ്പായസം കിട്ടിയതുപോലെ അവര്‍ അതങ്ങ് ആഘോഷിച്ചു. എന്തിനായിരുന്നു ആഘോഷം എന്ന് പക്ഷേ ആര്‍ക്കും അറിയില്ല.

സിപിഐ എം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതെങ്ങനെയെന്ന് പിണറായി വിജയന്‍ വിശദമായി പറഞ്ഞിട്ടുണ്ട്. മണ്ഡലം കമ്മിറ്റി മുതല്‍ പൊളിറ്റ് ബ്യൂറോവരെ ഉള്‍ക്കൊള്ളുന്ന നടപടിക്രമമാണത്. അന്തിമ ലിസ്റ് മാര്‍ച്ച് പതിനെട്ടിന് പ്രഖ്യാപിക്കുമെന്നും നേരത്തെ പറഞ്ഞതാണ്. പതിനെട്ടിന് രാവിലെ സെക്രട്ടറിയറ്റ് യോഗം തുടങ്ങി; പന്ത്രണ്ടരയായപ്പാള്‍ അവസാനിച്ചു; എണ്‍പത്തിനാല് സിപിഐ എം സ്ഥാനാര്‍ഥികളെയും ആറ് പാര്‍ടി സ്വതന്ത്രരെയും പ്രഖ്യാപിച്ചു. അതില്‍ വിഎസിന്റെ പേരുണ്ട്. രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് പിന്നീട് തീരുമാനിക്കാനായി മാറ്റിയത്. രണ്ടുദിവസം നാടിളക്കി നടത്തിയ പ്രതിഷേധാഘോഷം എന്തിനെന്ന് ഇനി ചാനലുകാര്‍ പറയട്ടെ. ഏതായാലും സിപിഐ എം പറഞ്ഞിട്ടല്ല വിവാദം ഉണ്ടായത്.

വി എസിനെ സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താഞ്ഞാല്‍ മുന്നണി തോറ്റുപോകുമെന്നും ഇനി ഭരണം കിട്ടില്ല എന്നുമാണ് മേല്‍പ്പറഞ്ഞ ഇടതുപക്ഷ ഏകോപന പണ്ഡിതന്‍മാര്‍ ചാനലില്‍ കരഞ്ഞത്. മാധ്യമങ്ങളും അതേറ്റുപാടി. പട്ടികയില്‍ ഇപ്പോള്‍ വി എസിന്റെ പേരുണ്ട്. അങ്ങനെ വരുമ്പോള്‍ മാധ്യമങ്ങള്‍ ഇനി എല്‍ഡിഎഫ് ജയിക്കും എന്നാണല്ലോ എഴുതേണ്ടത്. നീലകണ്ഠാദി പണ്ഡിതമ്മന്യര്‍ വി എസ് നയിക്കുന്ന മുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയാണല്ലോ വേണ്ടത്. അവര്‍ പക്ഷേ ചര്‍ച്ചയും മടക്കിക്കെട്ടി ഉച്ചയ്ക്കുശേഷം സ്ഥലം വിടുകയായിരുന്നു. പലരെയും പിന്നെ കണ്ടതേയില്ല. സിപിഐ എം വിട്ട് തങ്ങളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കാന്‍ വി എസിനെ ക്ഷണിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഒരു ക്ഷണിതാവ് തിരിച്ച് ഷൊര്‍ണൂരില്‍പോയി യുഡിഎഫ് സ്ഥാനാര്‍ഥിയാവുകയാണ്-ഇടതുപക്ഷ ഏകോപന സമിതിയുടെ മാര്‍പാപ്പ എം ആര്‍ മുരളി. കോണ്‍ഗ്രസിന്റെ ചെലവില്‍ ഇപ്പോള്‍ മുനിസിപ്പാലിറ്റി ഭരിക്കുന്നു. ഇനി അവര്‍ പറഞ്ഞപോലെ സ്ഥാനാര്‍ഥിയാകണം. അല്ലെങ്കില്‍ മുനിസിപ്പല്‍ ഭരണവും പോകും. അഴിമതിക്കെതിരായ പോരാട്ടത്തിലാണത്രെ. പിള്ളയും കുഞ്ഞാലിക്കുട്ടിയും സ്പെക്ട്രവും ആദര്‍ശ് ഫ്ളാറ്റുമുള്ള യുഡിഎഫില്‍ അഴിമതി വിരുദ്ധ പോരാട്ടം തഴച്ചു വളരാനുള്ള വളമുണ്ട്.

വലതുപക്ഷത്തേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ഏജന്‍സിക്ക് ഇടതുപക്ഷ ഏകോപന സമിതി എന്നാണത്രെ പേര്. വി എസ് നടത്തുന്ന പോരാട്ടം കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെയാണ്. അതിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്ന ഏകോപന സമിതിയുടെ പോരാട്ടം കോണ്‍ഗ്രസിന്റെ എളിയിലിരുന്നാണ്. എത്രവലിയ കൊമ്പനായാലും അതെല്ലാം അങ്ങനെതന്നെ. എം വി രാഘവനും ഗൌരിയമ്മയും പോയപ്പോള്‍ വീമ്പുകള്‍ പലതും പറഞ്ഞു-ഇപ്പോള്‍ 'അമ്മാ...വല്ലതും തരണേ.....'എന്ന് യാചിച്ച് കെ പിസിസി ആസ്ഥാനത്തിന്റെ ഗേറ്റിനുവെളിയില്‍ നില്‍ക്കുന്നു ഇന്നലെയുടെ വീര ശിങ്കങ്ങള്‍. അക്കണക്കിന് മുരളി സ്വതന്ത്രനാകുന്നതില്‍ തെറ്റില്ല. മുരളിക്ക് പ്രചാരണം നടത്താന്‍ തളിക്കുളത്തുനിന്നും ഒഞ്ചിയത്തുനിന്നും യഥാര്‍ഥ വിപ്ളവകാരികള്‍ വരിവരിയായി പോകുന്നതുകൂടി കണ്ടിട്ടുവേണം ശതമന്യുവിന് കണ്ണടയ്ക്കാന്‍ എന്നു പറയുന്നില്ല-കാരണം പെട്ടെന്നുള്ള മരണം ആഗ്രഹിക്കുന്നില്ല എന്നതുതന്നെ.

*
'ചുവന്ന അടയാളങ്ങള്‍' എന്ന പുസ്തകം കണ്ടപ്പോള്‍ കൊതിയോടെ ഒന്ന് വാങ്ങി വായിച്ചുനോക്കി. കണ്ടത് കറുത്ത അടയാളങ്ങള്‍ മാത്രമാണ്-അതും കൊടിയ വഞ്ചനയുടെ. നിങ്ങള്‍ ഒരാളെ ശമ്പളം കൊടുത്ത് ജോലിക്ക് വയ്ക്കുന്നു എന്നിരിക്കട്ടെ. അയാള്‍ നിങ്ങളോടൊപ്പം നടക്കുന്നു; അവശ്യം വേണ്ട കാര്യങ്ങള്‍ ചെയ്യുന്നു. അതിനിടയ്ക്ക് നിങ്ങള്‍ ഒരു കുടുംബാംഗത്തിന് രഹസ്യമായി കൊടുക്കേണ്ട ഒരു കത്തെഴുതി ആ വേലക്കാരനെ ഏല്‍പ്പിക്കുന്നു. അയാള്‍ അത് ഭദ്രമായി പോസ്റ് ചെയ്തിട്ടുണ്ടാകും എന്നാണ് നിങ്ങള്‍ ധരിക്കുക. എന്നാല്‍, അയാള്‍ ആ കത്ത് രഹസ്യമായി പൊട്ടിച്ച് ഫോട്ടോസ്റാറ്റെടുത്ത് സൂക്ഷിച്ചാലോ? കുറെക്കാലം കഴിഞ്ഞ് ആ ഫോട്ടോസ്റാറ്റ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച് നിങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാലോ? വി എസ് പാര്‍ടി പിബിക്ക് എഴുതിയത് എന്ന് ഷാജഹാന്‍ അവകാശപ്പെടുന്ന കത്ത് പുസ്തകത്തിലാക്കുന്നതിനെ ഉറപ്പായും വിളിക്കാം-വഞ്ചകനായ വേലക്കാരന്റെ നെറികേട് എന്ന്.

കെ എം ഷാജഹാന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ പഴയ സഹായി ഇത്തരം 'വെളിപ്പെടുത്ത'ലുകളുടെ പുസ്തകവുമായി വരുമ്പോള്‍ അഞ്ചുകൊല്ലം മുമ്പ് സിപിഐ എം പറഞ്ഞത് ശരിയാവുകയാണ്-പാര്‍ടിരഹസ്യങ്ങളും പാര്‍ടിയെക്കുറിച്ചുള്ള വേണ്ടാതീനങ്ങളും പത്രമോഫീസുകളിലേക്ക് ചുമന്നുകൊണ്ടുപോയി കൊടുത്തത് അയാളായിരുന്നു എന്ന്. വി എസ് എന്ന ജനനായകനെ സൃഷ്ടിച്ചത് താനാണെന്നുവരെ പറയാന്‍ മടിക്കുന്നില്ല ഈ അഭിനവ ഷാജഹാന്‍-തന്റെ പ്രായത്തേക്കാള്‍ ഏറെ മുന്നിലാണ് വി എസിന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യം എന്നുപോലും മറന്ന്. സഹികെട്ട് വി എസിനുതന്നെ പറയേണ്ടിവന്നു-അയാള്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന്.

വെട്ടുകിളിശല്യം രൂക്ഷമാണ്. വിളഞ്ഞ പാടത്ത് കൂട്ടത്തോടെ പറന്നുവരാന്‍ തയ്യാറെടുക്കുന്ന അത്തരം വെട്ടുകിളികളുടെ ആട്ടവും പാട്ടും ഏതാണ്ട് കഴിഞ്ഞു. തനിക്കുള്ള ബലം മുമ്പേ നിനയ്ക്കേണം മനക്കാമ്പില്‍, തനിക്കൊത്ത ജനത്തോടേ പിണക്കത്തിനടുക്കാവൂ എന്നാണ്. ശതമന്യു അതുകൊണ്ട് വലതുപക്ഷ റിക്രൂട്ടിങ് സമിതിയോട് മാത്രം പിണക്കത്തിനുമില്ല; തര്‍ക്കത്തിനുമില്ല.

*
യുഡിഎഫിന് പറ്റിയ അമളിയാണ് യഥാര്‍ഥ അമളി. ആദ്യം വിഎസിനെ പ്രകീര്‍ത്തിച്ച് പാര്‍ടിയെ അടിച്ചു. വി എസ് തന്നെ വീണ്ടും വരുമെന്ന് കണ്ടപ്പോള്‍ ആക്രമണം വി എസിനെതിരെയായി. വി എസ് സ്ഥാനാര്‍ഥിയാകില്ലെന്ന് ആരോ പറഞ്ഞുകേട്ടപ്പോള്‍ വി എസില്ലെങ്കില്‍ ഇടതുമുന്നണിയുടെ കാര്യം പോക്കാണെന്നായി. വി എസ് തന്നെ സ്ഥാനാര്‍ഥിയെന്ന് വന്നപ്പോള്‍ ഇനി എന്ത് പറയും? എല്‍ഡിഎഫ് ജയിക്കുമെന്നും ഭരിക്കുമെന്നും പറയേണ്ടതല്ലേ?

3 comments:

ശതമന്യു said...

യുഡിഎഫിന് പറ്റിയ അമളിയാണ് യഥാര്‍ഥ അമളി. ആദ്യം വിഎസിനെ പ്രകീര്‍ത്തിച്ച് പാര്‍ടിയെ അടിച്ചു. വി എസ് തന്നെ വീണ്ടും വരുമെന്ന് കണ്ടപ്പോള്‍ ആക്രമണം വി എസിനെതിരെയായി. വി എസ് സ്ഥാനാര്‍ഥിയാകില്ലെന്ന് ആരോ പറഞ്ഞുകേട്ടപ്പോള്‍ വി എസില്ലെങ്കില്‍ ഇടതുമുന്നണിയുടെ കാര്യം പോക്കാണെന്നായി. വി എസ് തന്നെ സ്ഥാനാര്‍ഥിയെന്ന് വന്നപ്പോള്‍ ഇനി എന്ത് പറയും? എല്‍ഡിഎഫ് ജയിക്കുമെന്നും ഭരിക്കുമെന്നും പറയേണ്ടതല്ലേ?

o v suresh said...

shajahan... itharam aalukale mukkaaliyil ketti adikkanam
vs neppolulla jananayakare srishtichathu thananenennu ahankarikkunnavar....?

msntekurippukal said...

ദയവായി ഈ പോസ്റ്റൊന്ന് ശ്രദ്ധിക്കൂ
http://msntekurippukal.blogspot.com/2011/03/blog-post_20.html