Sunday, December 19, 2010

ഒളിഞ്ഞുനോട്ടം

സാമ്രാജ്യത്വം എന്ന് ആരെങ്കിലും പറഞ്ഞാല്‍ പരമപുച്ഛം. കേരളത്തിലെ ചായക്കടയില്‍ രാഷ്ട്രീയം പറയുന്നത് നോക്കിയിരിക്കുകയല്ലേ അമേരിക്കന്‍ സായ്പിന്റെ പണി. ഇ എം എസ് കേരളം ഭരിച്ചാല്‍ അമേരിക്കയ്ക്ക് പനിപിടിക്കുമോ? സിഐഎ മുഖേന കേരളത്തിലേക്ക് പണമയച്ചിട്ട് അട്ടിമറി സമരം നടത്തിച്ചാല്‍ പനാമ കനാലിലൂടെ പത്തുകപ്പല്‍ അധികം ഓടുമോ? എന്തിനും ഏതിനും അമേരിക്കയെന്നും സാമ്രാജ്യത്വമെന്നും പറയുന്നത് മാര്‍ക്സിസ്റ്റുകാരുടെ അടവാണ്. ഉത്തരം മുട്ടുമ്പോള്‍ വലിച്ചിടുന്ന മുട്ടാപ്പോക്കാണ് അവര്‍ക്ക് അമേരിക്ക.

കേരളമെന്ന ഒരു നാട് ഈ ഭൂലോകത്തുണ്ടെന്നുതന്നെ കേട്ടിട്ടുണ്ടാകില്ല നിക്സണ്‍, കാര്‍ട്ടര്‍, ക്ളിന്റണ്‍, വലിയ ബുഷ്, ചെറിയ ബുഷ് ഇത്യാദി പ്രസിഡന്റുമാര്‍. ഒബാമയാകട്ടെ, ഇന്ത്യയുടെ തെക്കേയറ്റത്ത് ബംഗളൂരുവാണെന്നും അവിടെ കുറെ പയ്യന്‍മാരും പയ്യികളും അമേരിക്കക്കാരന്റെ പണികളയുന്ന ഐടി പണി ഭംഗിയായി എടുക്കുന്നുണ്ടെന്നും മാത്രമേ മനസിലാക്കിയിട്ടുള്ളൂ. മാര്‍ക്സിസ്റ്റ് നേതാക്കള്‍ എന്നൊരു കൂട്ടമുണ്ടെന്നുതന്നെ അറിയില്ല. സാമ്രാജ്യത്വം തുലയട്ടെ എന്ന് തലശേരിയിലെ ഒ വി റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നാല്‍ വിളിക്കുന്നവന്റെ തൊണ്ട പൊട്ടും. മാധ്യമക്കാരില്‍ സിഐഎയുടെ പണംപറ്റുന്നവരുണ്ടെന്ന് പ്രസംഗിച്ചാല്‍ പ്രസംഗിച്ചയാളിന്റെ സൂക്കേട് മാറ്റും. ഇത്രയേ ഉള്ളൂ കാര്യം എന്നാണ് നമ്മോട് മാന്യമഹാഗണത്തില്‍പെടുന്ന കോണ്‍ഗ്രസുകാരും പത്രാധിപന്‍മാരും ഇന്നലെവരെ പറഞ്ഞുകൊണ്ടിരുന്നത്.

ഇന്നിപ്പോള്‍ സംഗതികളില്‍ അല്‍പ്പം മാറ്റമുണ്ടെന്ന് തോന്നുന്നു.

അമേരിക്കക്കാരന്റെ അന്തഃപുരത്തില്‍കയറി അസാഞ്ചെ പൂട്ടുപൊളിച്ച് രഹസ്യം പുറത്തേക്കെടുത്തപ്പോള്‍ ഇന്ത്യയോടും ഇവിടത്തെ മാര്‍ക്സിസ്റ്റുകാരോടുമെല്ലാം പെരുത്ത താല്‍പ്പര്യമാണ് സായ്പിനെന്ന് തെളിഞ്ഞുകാണുന്നു. പ്രകാശ് കാരാട്ട് പിടിച്ചുപറിക്കാരനെന്നാണ് അമേരിക്ക പറയുന്നത്. ഒരു വിരുന്നില്‍ ഭക്ഷണമടിച്ച് രാഹുല്‍ഗാന്ധി പറഞ്ഞ കൊച്ചുവര്‍ത്തമാനവും അമേരിക്കയിലേക്ക് എത്തിയിരിക്കുന്നു. 'ലഷ്കറിനേക്കാള്‍ ഭീകരത ഹിന്ദു തീവ്രവാദികള്‍ക്കാണ്' എന്നത്രെ യുവരാജാവ് അമേരിക്കന്‍ അംബാസഡറോട് പറഞ്ഞത്. അതായത്, ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല, ഇന്ത്യക്കാരന്റെ അനൌപചാരിക സംഭാഷണംപോലും ഒപ്പിയെടുത്ത് പെട്ടിയിലാക്കി അമേരിക്കയിലെത്തിക്കാന്‍ ആളുണ്ടെന്ന്. സോണിയ ഗാന്ധി വലിയ പുള്ളിയാണെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടെങ്കിലും അമേരിക്കന്‍ സായ്പിന് അവര്‍ കഴിവില്ലാത്ത, അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്ന നേതാവുമാത്രം. മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ക്കായി അമേരിക്ക കാതോര്‍ത്തിരിക്കുയാണത്രെ-വല്ലപ്പോഴുമെങ്കിലും ഒന്ന് മിണ്ടും എന്ന പ്രതീക്ഷ നല്ലതുതന്നെ.

ഇന്ത്യയില്‍ ഒരിടത്തും ഒന്നും ഒളിച്ചുവയ്ക്കാന്‍ കഴിയില്ല എന്നായിരിക്കുന്നു. ചിലേടത്ത് ആരോടും ചോദിക്കാതെ കടന്നുചെല്ലാനുള്ള അനുമതി സായ്പിന് മന്‍മോഹന്‍തന്നെ നല്‍കിയിട്ടുണ്ട്. അടുക്കളയിലും തീന്‍മേശയിലും പറയുന്ന കാര്യങ്ങള്‍ അതേപടി കേബിളിലൂടെ അമേരിക്കയിലെത്തിക്കുന്നത് എംബസിയെ ഏല്‍പ്പിച്ച പണിതന്നെയാണത്രെ. ഇതിനെ ചാരപ്രവര്‍ത്തനം എന്നു വിളിക്കാമോ അതല്ല ഒളിഞ്ഞുനോട്ടം എന്ന് വിളിക്കാമോ എന്ന് തിട്ടപ്പെടുത്താനാകുന്നില്ല.

കാരാട്ടിനെ പിടിച്ചുപറിക്കാരന്‍ എന്ന് വിളിക്കുമ്പോള്‍ അമേരിക്കന്‍ സായ്പിന് മാര്‍ക്സിസ്റ്റുകാരോടുള്ള വിരോധം ഊഹിക്കാവുന്നതേയുള്ളൂ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ കൊച്ചുകേരളത്തില്‍ 1957മുതല്‍ അമേരിക്കയുടെ കണ്ണുകളുണ്ടെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞത് അനുഭവംവച്ചാണ്. സിഐഎയുടെ ചാരവലയത്തെക്കുറിച്ചും അത് മാധ്യമ പ്രവര്‍ത്തകരില്‍വരെ നീണ്ടതിനെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ നിങ്ങള്‍ക്ക് സിഐഎയെക്കുറിച്ച് എന്തറിയാം എന്നാണ് പ്രമാണിമാര്‍ ചോദിച്ചത്.

മക്കാര്‍ത്തിയന്‍ സ്വാധീനവും അമേരിക്കന്‍ പണവും വലതുപക്ഷ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും ത്രസിപ്പിച്ച അക്കാലം അങ്ങനെ മറക്കാനാകുമോ? വിമോചന സമരം ഗൂഢാലോചനയുടെ സന്തതിയാണെന്നും അതിന്റെ വേരുകള്‍ പെന്റഗണ്‍ ആസ്ഥാനംവരെ നീളുന്നതാണെന്നും അന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചില്ലേ നമ്മുടെ മഹാ പണ്ഡിതന്‍മാര്‍. സിഐഎ നേരിട്ട് പണമൊഴുക്കിയാണ് അട്ടിമറി സമരം സംഘടിപ്പിച്ചതെന്ന് അന്നത്തെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ മുതല്‍ അന്ന് സമരനേതാവായിരുന്ന വയലാര്‍ രവിവരെ തുറന്നു പറയുകയും അതിനെ സാധൂകരിക്കുന്ന അനേകം തെളിവുകള്‍ പുറത്തുവരികയും ചെയ്തിട്ടും മിണ്ടിയോ കശ്മലന്മാര്‍. ചില മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സിഐഎയുമായി ബന്ധമുണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം ചൂണ്ടിക്കാട്ടിയപ്പോള്‍ വാളെടുത്ത് തുള്ളിയവരെത്ര. അവരൊക്ക ഇനി പറയട്ടെ, അമേരിക്കയ്ക്ക് ഇന്ത്യയോടും കമ്യൂണിസ്റ്റുകാരോടും താല്‍പ്പര്യമുണ്ടോ എന്ന്.

പണം പറ്റുന്നവര്‍ സൂക്ഷിക്കുന്നത് നല്ലതാണ്. മണിച്ചന്റെ ഡയറിപോലെ ചില കേബിളുകള്‍ അമേരിക്കയിലും ഉണ്ടാകും. ഇന്നയിന്നയാള്‍ ഇത്ര പറ്റി എന്ന് ഒരുനാള്‍ പുറത്തുവരും. ഡല്‍ഹിയിലെ ബര്‍ഖയെയും പരമവീരസിംഹനെയും രക്ഷിച്ചപോലെ ഇവിടത്തെ വീരന്‍മാരെ രക്ഷിക്കാന്‍ ആരും ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഒളിഞ്ഞുനോട്ടക്കാര്‍ ചുറ്റും കറങ്ങുന്നുണ്ട്-ചുറ്റിക്കളിക്കാര്‍ ജാഗ്രതൈ.

*
മദ്യപിച്ചുവരുന്നവര്‍ നിയമസഭയിലും ഉണ്ട് എന്നുപറഞ്ഞ കുറ്റത്തിന് ശ്രീമതി ടീച്ചര്‍ക്ക് പമാവധി ശിക്ഷതന്നെ കൊടുക്കണം. കേരള നിയമസഭയുടെ ചരിത്രത്തില്‍ അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ടാ? എംഎല്‍എ ഹോസ്റ്റലില്‍ കുപ്പി കയറ്റാറേയില്ല. രാത്രി അടിച്ചവര്‍ പിറ്റേന്ന് സഭയിലെത്തുമ്പോള്‍ മണം ഉണ്ടാകാറേയില്ല. മത്ത് മാറാതെ അത്തുംപിത്തും പറഞ്ഞ് ഒറ്റയ്ക്ക് ഇറങ്ങിപ്പോക്ക് നടത്തിയ ആള്‍ എംഎല്‍എ എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. വൈകുന്നേരങ്ങളില്‍ ചില മുറികളില്‍ നടക്കുന്ന പാര്‍ടികളില്‍ മദ്യമല്ല, മിനറല്‍ വാട്ടറും കരിങ്ങാലി വെള്ളവുമാണ് വിളമ്പുന്നത്. നാഷനല്‍ ഹൈവേ വഴി ഓടിയെത്തുന്ന വണ്ടിയുടെ പുറത്ത് കന്നാസുണ്ടെങ്കിലും അകത്ത് കുപ്പിയുണ്ടായിരിക്കുമെന്ന് ആരും പറഞ്ഞേക്കരുത്. എല്ലാ എംഎല്‍എമാര്‍ക്കും പാതിരാത്രിയില്‍പോലും അക്ഷരസ്ഫുടതയോടെ 'ധൃതരാഷ്ട്രര്‍' എന്ന് പത്തുവട്ടം പറയാന്‍ കഴിയും. ഇതൊക്കെ അറിയാവുന്ന മന്ത്രി, നിയമസഭയിലെ കള്ളുകുടിയന്മാരെക്കുറിച്ച് മിണ്ടാന്‍ പാടുണ്ടോ?

ആരോ കള്ളുകുടിക്കുന്നതുകൊണ്ട് തിരുവഞ്ചൂരിന് വന്ന രോഷം മനസിലാക്കാവുന്നതേയുള്ളൂ. അവകാശ ലംഘനത്തിന് നോട്ടീസ് കൊടുത്താല്‍ പോരാ, കേസും എടുപ്പിക്കണം. യുഡിഎഫ് കണ്‍വീനറും പ്രതിഷേധപ്രസ്താവന ഇറക്കേണ്ടതാണ്. സി ടി അഹമ്മദാലിയുടെ ആവശ്യം കടന്നതായി. മദ്യപിക്കുന്ന എംഎല്‍എമാരുടെ പേര് വെളിപ്പെടുത്തണമത്രെ. മദ്യാസക്തിക്കെതിരെ സിപിഐ എം പ്രചാരണം നടത്തുന്നത് കുറ്റം. നാട്ടില്‍ മദ്യാസക്തി വര്‍ധിക്കുന്നുവെന്നും നിയമസഭയില്‍പോലും മത്തുപിടിച്ചെത്തുന്നവരുണ്ടെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞത് മഹാപരാധം. അങ്ങനെ പറഞ്ഞതുകൊണ്ട് നാളെമുതല്‍ സഭയിലെത്തുമ്പോഴെങ്കിലും ലഹരി പാടില്ല എന്ന് ആരാനും ചിന്തിച്ചുപോയാലോ? അചിന്ത്യം പ്രത്യാഘാതം. ടീച്ചറിന് ശിക്ഷ വിധിക്കുമ്പോഴെങ്കിലും ഒരു ശ്വാസ പരിശോധനാ യന്ത്രം സഭയുടെ കവാടത്തില്‍ സ്ഥാപിക്കണം. തലേന്നത്തെ മത്തിനെയും മണത്തെയും ഒഴിവാക്കുന്ന യന്ത്രം മതി. പകല്‍ അടിച്ചുവീലായി നിയമനിര്‍മാണം നടത്തുന്നവര്‍ ഇല്ലാത്ത സഭയാണിത് എന്ന് അഹങ്കരിക്കാമല്ലോ. 'ഈസ്ഥാപനത്തില്‍ ബാലവേല ഇല്ല' എന്ന് എഴുതിവയ്ക്കുമ്പോലെ.

*
പോയകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സദാ തികട്ടിവരുന്നതും അതില്‍ നീന്തിത്തുടിക്കുന്നതും വര്‍ത്തമാനകാലത്ത് സംഗതികള്‍ പന്തിയല്ലാത്തതുകൊണ്ടാണ്. പണ്ടത്തെ തഴമ്പില്‍മാത്രം അഭിരമിക്കുന്നത് ഒരുതരം രോഗം തന്നെ. എന്റെ അച്ഛന്‍ ഒരു ജില്ലയുടെ ശില്‍പ്പിയാണ്, ഞാനാരാ മോന്‍, പണ്ട് ഇ എം എസിനെവരെ പഠിപ്പിച്ചയാളല്ലേ എന്നൊക്കെ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ അടുത്ത ബന്ധുക്കളെങ്കിലും രോഗം തിരിച്ചറിഞ്ഞ് ചികിത്സ ഏര്‍പ്പാടുചെയ്യണം. മനസ്സ് അശ്ളീലത്തില്‍ മുങ്ങുമ്പോഴാണ് ചിന്തയും പറച്ചിലും പ്രവൃത്തിയുമെല്ലാം ആ വഴിയിലേക്ക് വരുന്നത്.

നല്ലൊരു കാര്‍ട്ടൂണിസ്റ്റിനെ അശ്ളീലവരക്കാരനാക്കാന്‍ അശ്ളീലമനസ്കര്‍ക്കേ കഴിയൂ. അതാണ് ശരിയായ ഞരമ്പുരോഗം. അച്ഛന്റെയും മകന്റെയും സഞ്ചാരവഴികളിലൂടെ കാര്‍ട്ടൂണിസ്റ്റിനെയും അല്‍പ്പനാള്‍ കൊണ്ടുപോകണം. അങ്ങനെ വരുമ്പോള്‍ പുതിയ തെലുങ്ക് സിനിമയെ തോല്‍പ്പിക്കുന്ന രംഗങ്ങള്‍ കാര്‍ട്ടൂണിലേക്ക് പകര്‍ത്താനാകും. പത്രത്തില്‍ സ്ഥലം തികയുന്നില്ലെങ്കില്‍ ക്രൈമിലേക്ക് ബാക്കി മാറ്റാം. വീര്യത്തിന്റെ കളിയാണല്ലോ എല്ലാം.

4 comments:

ശതമന്യു said...

സാമ്രാജ്യത്വം എന്ന് ആരെങ്കിലും പറഞ്ഞാല്‍ പരമപുച്ഛം. കേരളത്തിലെ ചായക്കടയില്‍ രാഷ്ട്രീയം പറയുന്നത് നോക്കിയിരിക്കുകയല്ലേ അമേരിക്കന്‍ സായ്പിന്റെ പണി. ഇ എം എസ് കേരളം ഭരിച്ചാല്‍ അമേരിക്കയ്ക്ക് പനിപിടിക്കുമോ? സിഐഎ മുഖേന കേരളത്തിലേക്ക് പണമയച്ചിട്ട് അട്ടിമറി സമരം നടത്തിച്ചാല്‍ പനാമ കനാലിലൂടെ പത്തുകപ്പല്‍ അധികം ഓടുമോ? എന്തിനും ഏതിനും അമേരിക്കയെന്നും സാമ്രാജ്യത്വമെന്നും പറയുന്നത് മാര്‍ക്സിസ്റ്റുകാരുടെ അടവാണ്. ഉത്തരം മുട്ടുമ്പോള്‍ വലിച്ചിടുന്ന മുട്ടാപ്പോക്കാണ് അവര്‍ക്ക് അമേരിക്ക.

കേരളമെന്ന ഒരു നാട് ഈ ഭൂലോകത്തുണ്ടെന്നുതന്നെ കേട്ടിട്ടുണ്ടാകില്ല നിക്സണ്‍, കാര്‍ട്ടര്‍, ക്ളിന്റണ്‍, വലിയ ബുഷ്, ചെറിയ ബുഷ് ഇത്യാദി പ്രസിഡന്റുമാര്‍. ഒബാമയാകട്ടെ, ഇന്ത്യയുടെ തെക്കേയറ്റത്ത് ബംഗളൂരുവാണെന്നും അവിടെ കുറെ പയ്യന്‍മാരും പയ്യികളും അമേരിക്കക്കാരന്റെ പണികളയുന്ന ഐടി പണി ഭംഗിയായി എടുക്കുന്നുണ്ടെന്നും മാത്രമേ മനസിലാക്കിയിട്ടുള്ളൂ. മാര്‍ക്സിസ്റ്റ് നേതാക്കള്‍ എന്നൊരു കൂട്ടമുണ്ടെന്നുതന്നെ അറിയില്ല. സാമ്രാജ്യത്വം തുലയട്ടെ എന്ന് തലശേരിയിലെ ഒ വി റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നാല്‍ വിളിക്കുന്നവന്റെ തൊണ്ട പൊട്ടും. മാധ്യമക്കാരില്‍ സിഐഎയുടെ പണംപറ്റുന്നവരുണ്ടെന്ന് പ്രസംഗിച്ചാല്‍ പ്രസംഗിച്ചയാളിന്റെ സൂക്കേട് മാറ്റും. ഇത്രയേ ഉള്ളൂ കാര്യം എന്നാണ് നമ്മോട് മാന്യമഹാഗണത്തില്‍പെടുന്ന കോണ്‍ഗ്രസുകാരും പത്രാധിപന്‍മാരും ഇന്നലെവരെ പറഞ്ഞുകൊണ്ടിരുന്നത്.

ഇന്നിപ്പോള്‍ സംഗതികളില്‍ അല്‍പ്പം മാറ്റമുണ്ടെന്ന് തോന്നുന്നു.

ജനശക്തി said...

നല്ലൊരു കാര്‍ട്ടൂണിസ്റ്റിനെ അശ്ളീലവരക്കാരനാക്കാന്‍ അശ്ളീലമനസ്കര്‍ക്കേ കഴിയൂ. അതാണ് ശരിയായ ഞരമ്പുരോഗം. അച്ഛന്റെയും മകന്റെയും സഞ്ചാരവഴികളിലൂടെ കാര്‍ട്ടൂണിസ്റ്റിനെയും അല്‍പ്പനാള്‍ കൊണ്ടുപോകണം. അങ്ങനെ വരുമ്പോള്‍ പുതിയ തെലുങ്ക് സിനിമയെ തോല്‍പ്പിക്കുന്ന രംഗങ്ങള്‍ കാര്‍ട്ടൂണിലേക്ക് പകര്‍ത്താനാകും. പത്രത്തില്‍ സ്ഥലം തികയുന്നില്ലെങ്കില്‍ ക്രൈമിലേക്ക് ബാക്കി മാറ്റാം. വീര്യത്തിന്റെ കളിയാണല്ലോ എല്ലാം.

!!

dileep kumar said...

വീര്യത്തിന്റെ കളിയാണല്ലോ എല്ലാം......!!!!!!!

ഒരു വീര കൃതിയം നോക്കൂ ...
---------
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ വീരേന്ദ്രകുമാറിന്‌

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ എഴുത്തുകാരനും മാതൃഭൂമി ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ എം.പി. വീരേന്ദ്രകുമാറിന്‌. ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണ്‌ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‌പവുമടങ്ങുന്നതാണ്‌ അവാര്‍ഡ്‌. മലയാളഭാഷയിലെ ഒരു യാത്രാവിവരണത്തിന്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിക്കുന്നത്‌ ഇതാദ്യമായാണ്‌.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹൈമവതഭൂവില്‍ ഡല്‍ഹി മുതല്‍ ഹിമാലയസാനുക്കള്‍ വരെയുള്ള ധ്യാനാത്മകമായ യാത്രയുടെ സജീവമായ ആഖ്യാനമാണ്‌. ഭാരതീയ സംസ്‌കൃതിയിലേക്കും ഐതീഹ്യങ്ങളിലേക്കും മുത്തശ്ശിക്കഥകളിലേക്കും ചരിത്രസത്യങ്ങളിലേക്കും നാടോടിശീലുകളിലേക്കുമുള്ള സഫലമായ അന്വേഷണമാണ്‌ ഈ കൃതി. 2007ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഇരുപത്തിയൊന്നിലധികം പതിപ്പുകള്‍ ഇതിനോടകം പുറത്തിറങ്ങി. വെള്ളിപനിമലയിന്‍മീതെ എന്ന പേരില്‍ പുസ്‌തകത്തിന്റെ തമിഴ്‌ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്''''
--------
ഇതൊക്കെ വീരന്നു എഴുതി കൊടുക്കുന്നത് ആരാണെന്ന വസ്തുത സ്വദേശാഭിമാനിയുടെ പരമ്പരിയം കാത്തുസൂക്ഷിക്കുന്ന പത്രപ്രവര്‍ത്തകര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണം.സര്‍ഗത്മകതക്കും എഴുത്തുകാര്‍ക്കും സാഹിതിയ പ്രതിഭകള്‍ക്കും നേരയുള്ള ഒരു നൂറാംകിട കച്ചവടക്കരെന്റെ കടന്നുകയറ്റം എന്തുകൊണ്ടും സാംസ്‌കാരിക കേരളം ഗൌരവത്തോടെ ചര്ച്ചചെയ്തെ പറ്റു .. ഇതിലുടെ ഒരു ശുദ്ടികലശം കൂടി നടക്കും...

ഹമ്മ.. ഹമ്മ... ഈ കാട്ടു പോത്തിന്റെ തൊലിക്കട്ടി അപാരം തന്നെ ....!!!!!!!!!!!

dileep kumar said...

കാട്ടുകള്ളന്‍വീരപ്പന് യാത്ര വിവരണത്തിനുള്ള ഈ വര്‍ഷത്തെകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌.മരണാനന്തര ബഹുമതിയയാണ്‌ കേന്ദ്ര സാഹിത്യ അകാദമി വീരപ്പന് ഇത് നല്‍കുന്നത് ...!

കര്‍ണാടകയിലെ സത്യമംഗലം കടുകളിലുടെയുള്ള ധ്യാനാത്മകമായ യാത്രയുടെ സജീവമായ ആഖ്യാനമാണ്‌വീരപ്പന്റെ കൃതി.ഭാരതീയ സംസ്‌കൃതിയിലേക്കും ഐതീഹ്യങ്ങളിലേക്കും മുത്തശ്ശിക്കഥകളിലേക്കും ചരിത്രസത്യങ്ങളിലേക്കും നാടോടിശീലുകളിലേക്കുമുള്ള സഫലമായ അന്വേഷണമാണ്‌ ഈ കൃതി...!