യൂത്ത് കോണ്‍ഗ്രസില്‍ 'മാതൃകാപരമായ' തെരഞ്ഞെടുപ്പ് നടന്നെന്നാണ് മനോരമ തീര്‍പ്പുകല്‍പ്പിച്ചത്. ഇന്നലെവരെ തമ്മില്‍തല്ലി, പൊലീസ് ബന്തവസില്‍ തെരഞ്ഞെടുപ്പു നടന്നു; ജയിച്ച ആള് പ്രസിഡന്റായി; തോറ്റ ആള് വൈസ്പ്രസിഡന്റായി; ഇനി ഭായി ഭായി. നല്ല തങ്കപ്പെട്ട ജനാധിപത്യം തന്നെ. മനോരമയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ഉമ്മന്‍ചാണ്ടി പക്ഷത്തിന് നാലുവോട്ട് കൂടുതല്‍ കിട്ടിയാല്‍ കണ്ടത്തില്‍ കുടുംബത്തിലാണ് മാവ് പൂക്കുക. ചെന്നിത്തലയെ വിശാലമായ 'ഐ' രക്ഷിക്കുമെന്ന് തോന്നുന്നില്ല. കാരണം മറുപക്ഷത്തിന് 113 വോട്ട് കൂടുതലാണത്രേ. അല്ലെങ്കിലും ചെന്നിത്തലയ്ക്ക് ഇതിലപ്പുറമുള്ളതൊന്നും കിട്ടാനില്ല.
ജനാധിപത്യം കൂടിപ്പോയതുകൊണ്ട് പത്തംഗങ്ങള്‍ വേണ്ട സംസ്ഥാന സമിതിയില്‍ ആറുപേരേ എത്തിയുള്ളൂ. പണ്ട് 30 പേരുണ്ടായിരുന്നു. ആളുകൂടിയാല്‍ പാമ്പ് ചാവില്ലെന്നുണ്ട്. അതുകൊണ്ട് ഇനി ആറേആറുപേര്‍ കൂടിയിരുന്ന് പാമ്പാകാം. മത്സരാര്‍ഥികള്‍ക്ക് മിനിമംവോട്ട് കിട്ടാഞ്ഞതുകൊണ്ടാണത്രേ നാലു സീറ്റ് ഒഴിച്ചിട്ടത്. അതൊരു സൌകര്യമാണ്. മുണ്ടുരിഞ്ഞവരുള്‍പ്പെടെയുള്ള മഹാരഥന്മാര് സെക്രട്ടറി പദത്തിലെത്തിയിട്ടുണ്ട്. നേരിടണമെങ്കില്‍ വല്ല ജാക്കി ചാനെയോ ഗബ്ബര്‍സിങ്ങിനെയോ വരുത്തേണ്ടിവരും.
ആന്റണിയുടെ സഹായമില്ലെങ്കിലും നിലനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചു കഴിഞ്ഞു. കോട്ടയത്തുനിന്നും മലപ്പുറത്തുനിന്നും വരുന്ന പിന്തുണ പുതുപ്പള്ളി വീട്ടിലാണ് സുക്ഷിച്ചുവയ്ക്കുന്നത്. പോഷക സംഘടനകളെല്ലാം ഉമ്മന്‍ചാണ്ടിയെ പോഷിപ്പിക്കുമ്പോള്‍ ചെന്നിത്തലയ്ക്ക് ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. എത്രയും വേഗം മുരളീധരനെ പാര്‍ടിയിലെടുക്കുക. ബാക്കി കാര്യം അദ്ദേഹം നോക്കിക്കൊള്ളും.
*
കണ്ണൂരിലെ കണ്ടല്‍പാര്‍ക്കിനോടും ഇടക്കൊച്ചിയിലെ പുത്തന്‍ സ്റ്റേഡിയത്തിനോടും കേന്ദ്രത്തിലെ പരിസ്ഥിതി ജയരാമനു സമീപനം ഒന്നുതന്നെ. രണ്ടും വേണ്ട എന്ന്. ഇടക്കൊച്ചി പാമ്പായിമൂലയില്‍ ക്രിക്കറ്റുകളിക്ക് മൈതാനമുണ്ടാക്കിയാല്‍ കണ്ടല്‍ നശിച്ചുപോകും. അതുകൊണ്ട് സ്റ്റേഡിയവും കളിയും വേണ്ട കണ്ടല്‍ കണ്ടാല്‍മതി എന്ന്. സംഗതി നല്ലതുതന്നെ. പ്രകൃതിയോടുള്ള അദമ്യമായ പ്രണയം. ഇങ്ങനെ പ്രണയപരവശരായ കുറെയധികം ആളുകളെ കണ്ണൂരില്‍ കണ്ടിരുന്നു. അവിടെ കണ്ടല്‍ സംരക്ഷണപാര്‍ക്ക് തുടങ്ങിയപ്പോള്‍ ഏതോ ഒരു അപ്പൂപ്പന് കണ്ടലിന്റെ എല്ലുപൊട്ടിയെന്നോ കുട്ടിക്കണ്ടലിന്റെ നഖംവെട്ടിയെന്നോ ഒക്കെ വിലപിച്ചായിരുന്നു കവിതാലാപനവും മുദ്രാവാക്യ വിരേചനവും.
കണ്ടല്‍ക്കൂട്ടത്തിലേക്ക് മാലിന്യച്ചാക്കുകള്‍ വലിച്ചെറിയുന്നവരുടെ ശല്യവും ദുര്‍ഗന്ധവും ഒഴിവായതിന്റെ ആശ്വാസത്തിലായിരുന്നു പാപ്പിനിശേരിക്കാര്‍. അത് കെടുത്തി പിന്നെയും മാലിന്യച്ചാക്കുകള്‍ വന്നു. പരിസ്ഥിതി പ്രണയപരവശര്‍ പാപ്പിനിശേരിക്ക് കൂട്ടത്തോടെ വണ്ടികയറി. 'കണ്ടോ കണ്ടോ കണ്ടല്‍ കണ്ടോ' എന്നും 'കണ്ടലേ കണ്ണേ, കനിവുള്ള കണ്ടലേ' എന്നും കവിത-മുദ്രാവാക്യങ്ങള്‍ വിരചിക്കപ്പെട്ടു. നിലമ്പൂരിലെ കാടിന്റെ ഒരുഭാഗം വെട്ടിക്കൊണ്ടുവന്ന് ഉരുപ്പടിയാക്കി വീട് കാടാക്കിയ പരിസ്ഥിതികോകിലത്തിനും കണ്ടലെന്നു കേട്ടപ്പോള്‍ സഹിച്ചില്ല.
കണ്ണൂരിലെ കണ്ടലിനെ ചക്കിലിട്ടാട്ടണമെന്നു കരഞ്ഞ പരിസ്ഥിതിക്കുട്ടന്മാരെ കൊച്ചിയില്‍ മഷിയിട്ടുനോക്കിയാലും കാണാനില്ല. അന്വേഷിച്ചു നടന്നവര്‍ക്ക് ആശ്വാസമായി ഒരു വാര്‍ത്ത വന്നത് ഹൈദരാബാദില്‍നിന്നാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ അവിടെയാണ് നടക്കുന്നത്. സുപ്രസിദ്ധ വിപ്ളവകാരിയും പരിസ്ഥിതി പണ്ഡിതനും സര്‍വോപരി ഇടതുപക്ഷത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ നീലകണ്ഠശാസ്ത്രികള്‍ കാവിയുടുത്ത് പൊട്ടുതൊട്ട് വീണവാദനം നടത്തിയാണ് ആന്ധ്രാവിലെ ആര്‍എസ്എസ് കുഞ്ഞുങ്ങള്‍ക്ക് വിപ്ളവം ഉണ്ടാക്കിക്കൊടുക്കുന്നത്.
തേങ്ങയ്ക്ക് ഒന്നിനു പതിനെട്ട് രൂപയായി. ഉള്ളി വാങ്ങണമെങ്കില്‍ പുരയിടം പണയപ്പെടുത്തണം. പെട്രോളൊഴിച്ച് വണ്ടിയോടിക്കുന്നതിന് ആവതില്ലാതായി. നമുക്കിനി കാടുകയറാം. ഗുഹാവാസവും കിഴങ്ങ്-പച്ചിലത്തീറ്റയും ആവാം. അങ്ങനെ പച്ചില തിന്നാന്‍ തുടങ്ങുമ്പോള്‍ ഇനി ടിയാന് കേരളത്തില്‍ വണ്ടിയിറങ്ങും. പച്ചില നശീകരണത്തിനെതിരെ സമരം നയിക്കാന്‍. കാടേ വീടേ എന്ന കോറസിനും ആളുണ്ടാകും.
*
ജീവിച്ചിരിക്കുമ്പോള്‍ ലീഡര്‍ പലതവണ ശ്രമിച്ചിട്ടും മാഡത്തിനെ കാണാനായില്ല. മരിച്ചുകിടക്കുന്ന ലീഡറെ കാണാന്‍ പക്ഷേ മാഡം പറന്നെത്തി. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഇപ്പോള്‍ ലീഡര്‍ മഹാരഥന്; ഭീഷ്മാചാര്യര്‍; അനുകരണീയന്‍. ഇന്നലെവരെ ശല്യക്കാരനായ കിഴവന്-മുതിര്‍ന്ന നേതാവ്.
സ്വഭാവത്തിലെ മാറ്റങ്ങള്‍ വളരെപ്പെട്ടെന്നാണ്. സ്വന്തം നേതാവിനെ പാതാളത്തോളം ചവിട്ടിത്താഴ്ത്തുന്നതു കണ്ടുനിന്ന അനുയായികള്‍ കരുണാകരനുണ്ട്. അവരെയാകെ മൊത്തക്കച്ചവടം ചെയ്യാന്‍ ലീഡറെ ആദരിക്കുന്നു; കണ്ണീരൊഴുക്കുന്നു. ചെന്നിത്തല ഇപ്പോള്‍ പറയുന്നത്, തനിക്കുള്ളതെല്ലാം ലീഡര്‍ തന്നതാണെന്ന്. കെ.എസ്.യു നേതാവാക്കിയത്, എംഎല്‍എയാക്കിയത്, കാറു 'സംഘടിപ്പിച്ചു' കൊടുത്തത്, മന്ത്രിയാക്കിയത്-എല്ലാം ലീഡര്‍. അങ്ങനെയുള്ള ലീഡറെ എന്തിന് തെരുവിലിട്ട് കശക്കിയെന്നതിനും അവസാന കാലത്തുപോലും കാരുണ്യമില്ലാതെ അവഗണിച്ചു എന്നതിനും മറുപടി വേണ്ടേ?
ലീഡറില്ലാത്ത അണികളെ തെളിച്ച് കൂടാരത്തില്‍ കയറ്റാനുള്ള മത്സരമാണിനി നടക്കുക. അക്കൂട്ടത്തില്‍ മുരളീധരന് ആനുകൂല്യം കിട്ടിയേക്കും. കോണ്‍ഗ്രസ് അങ്ങനെയൊക്കെത്തന്നെ. അപ്പോള്‍ കാണുന്നവരെയാണല്ലോ ആദരിക്കേണ്ടത്.
*
പാടത്തും വയലിലും പണിയെടുക്കുകയും അതുകൊണ്ട് ഉപജീവനം നിര്‍വഹിക്കുകയും ചെയ്യുന്ന ആളാണ് കര്ഷകന്. സസ്യങ്ങള്‍ വളര്‍ത്തിയും വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി. എന്നാല്‍, ഈ നിര്‍വചനത്തില്‍ കര്‍ഷകനും കൃഷിയും ഒതുങ്ങിനില്‍ക്കണമെന്നില്ല. മറ്റു പല കൃഷിയിലും മോശമാണെങ്കിലും കേരളത്തില്‍ വിജയകരമായി പരീക്ഷിച്ച ഒരു വിളവും അതിന്റെ ഗുണം അനുഭവിക്കുന്ന മാതൃകാ കര്‍ഷകനും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ട്. അവാര്‍ഡ് എന്നാണ് കാര്‍ഷികവിളയുടെ പേര്. ഇവിടെ കര്ഷകന് സ്വയം അധ്വാനിക്കണമെന്നില്ല. കൂലിക്ക് ആളെ വയ്ക്കും. കാളപൂട്ടുന്നതും വിത്തിടുന്നതും ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതുമെല്ലാം കൂലിക്കാരാകും. കറ്റ മെതിച്ച് നെല്ലു കുത്തി പരുവത്തിലായാല്‍ ചാക്കിനു പുറത്ത് മാതൃകാ കര്ഷകന് വക എന്ന് ട്രേഡ് മാര്‍ക്ക് പതിക്കും.
കൃഷിയിറക്കാന്‍ സര്‍ക്കാര്‍ വകയോ പണ്ടാരം വകയോ പണ്ട് തട്ടിയെടുത്തതോ ആയ ഭൂമി ധാരാളമുണ്ട്. പണിയെടുക്കാത്ത കാലത്തും കൂലി വാങ്ങുന്ന 'അധ്വാനി ഗോസ്റുകള്‍' ഉണ്ട്. സ്വന്തമായി ഉണ്ടാക്കിയെടുത്ത രണ്ടവാര്‍ഡുകള്‍ മാര്‍ക്കറ്റിലുണ്ട്- ഒന്ന് പത്രത്തിന്റെ പേരിലും മറ്റൊന്ന് പിതാവിന്റെ പേരിലും. പരിശുദ്ധാത്മാവിന്റെ പേരില്‍ ഒരെണ്ണം സൃഷ്ടിക്കാനുള്ള പണി അരങ്ങത്തു നടക്കുന്നു. സ്വന്തം പ്രൊഡക്ട് കെട്ടിപ്പെട്ടിയിലാക്കി ആണ്ടോടാണ്ട് ചിലരെയങ്ങ് ഏല്‍പ്പിക്കും. അങ്ങനെ വാങ്ങിപ്പോയവര്‍ അടുത്തകൊല്ലം മുതല്‍ നാടായ നാടുമുഴുവന്‍ നടന്ന് 'അവാര്‍ഡുണ്ടോ...അവാര്‍ഡുണ്ടോ' എന്ന് വിളിച്ചുചോദിക്കുന്നു. ആദായവിലയ്ക്ക് തൂക്കിവാങ്ങുന്ന അവാര്‍ഡുകള്‍ ചാക്കില്‍ കെട്ടി കോഴിക്കോട്ടെത്തിക്കുന്നു. ഇതിനെ 'കൊഞ്ചനെ കൊടുത്ത് കുളവനെ പിടിക്കുന്ന പണി' എന്നും വയനാട്ടുകാര്‍ പറയും. അപ്രതീക്ഷിതമായി വരുന്നതാണ് അവാര്‍ഡുകള്‍ എന്നേ പുറത്തുപറയാവൂ. കഷ്ടപ്പെട്ട് ഡല്‍ഹിയില്‍ പോയി കാലുപിടിച്ചും ഏജന്റിനെ വച്ചും അഭ്യുദയാകാംക്ഷികള്‍ക്ക് പ്രസാധനവരം നല്കി പ്രീണിപ്പിച്ചും തരപ്പെടുന്നതാണ് കേന്ദ്ര അവാര്‍ഡ് എന്നു പറഞ്ഞാല്‍ കേന്ദ്രത്തിനാണ് മോശം. ഇതൊക്കെ വിധിയുടെ കളിയാണ്. വിധിയുടെ വേട്ടമൃഗങ്ങള്‍ പൊറുക്കട്ടെ.
പണ്ട് പ്ളാച്ചിമടയിലെ ജല ചൂഷണത്തിന്റെ ആദ്യവാര്‍ത്ത വന്നപ്പോള്‍ അതെഴുതിയ പയ്യന്റെയും അച്ചടിപ്പിച്ച പത്രാധിപരുടെയും കൊങ്ങയ്ക്ക് പിടിച്ചതാണ്. പിന്നല്ലേ അറിഞ്ഞത്, പ്ളാച്ചിമടയില് ഒരു മഗ്സാസെ അവാര്‍ഡ് ഒളിഞ്ഞുകിടപ്പുണ്ടെന്ന്. അത് കുഴിച്ചെടുക്കാന്‍ ഇനിയും ബാല്യമുണ്ട്. അതാണ് രാമന്റെ ഇപ്പോഴത്തെ ദുഃഖം. പ്രതിഭയുടെ വേരുകള്‍ തേടിയും രോഷത്തിന്റെ വിത്തുപാകിയും ഇനിയുമുണ്ട് ഹൈമവത ഭൂവിലൂടെയുള്ള യാത്ര. അതിനിടയില്‍ ജോസഫ് ഗീബല്‍സ്, മക്കാര്‍ത്തി, കാസനോവ, റാസ് പുട്ടിന് തുടങ്ങിയ നാമധേയങ്ങളിലുള്ള പുരസ്കാരങ്ങള്‍ കിട്ടാനുമുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ബുദ്ധന്റെ ചിരിതന്നെ കാണട്ടെ എന്നാശംസിക്കുന്നു. ജയ് ഭഗവാന്...
അവാര്‍ഡ് കൃഷി വിജയകരമായി നടത്തിയതിനുള്ള കര്‍ഷകശ്രീ അവാര്‍ഡുകൂടി ആരെങ്കിലും ഇക്കൊല്ലം കൊടുക്കണമെന്നപേക്ഷിക്കുന്നു.
Sunday, December 26, 2010
Sunday, December 19, 2010
ഒളിഞ്ഞുനോട്ടം
സാമ്രാജ്യത്വം എന്ന് ആരെങ്കിലും പറഞ്ഞാല്‍ പരമപുച്ഛം. കേരളത്തിലെ ചായക്കടയില്‍ രാഷ്ട്രീയം പറയുന്നത് നോക്കിയിരിക്കുകയല്ലേ അമേരിക്കന്‍ സായ്പിന്റെ പണി. ഇ എം എസ് കേരളം ഭരിച്ചാല്‍ അമേരിക്കയ്ക്ക് പനിപിടിക്കുമോ? സിഐഎ മുഖേന കേരളത്തിലേക്ക് പണമയച്ചിട്ട് അട്ടിമറി സമരം നടത്തിച്ചാല്‍ പനാമ കനാലിലൂടെ പത്തുകപ്പല്‍ അധികം ഓടുമോ? എന്തിനും ഏതിനും അമേരിക്കയെന്നും സാമ്രാജ്യത്വമെന്നും പറയുന്നത് മാര്‍ക്സിസ്റ്റുകാരുടെ അടവാണ്. ഉത്തരം മുട്ടുമ്പോള്‍ വലിച്ചിടുന്ന മുട്ടാപ്പോക്കാണ് അവര്‍ക്ക് അമേരിക്ക.
കേരളമെന്ന ഒരു നാട് ഈ ഭൂലോകത്തുണ്ടെന്നുതന്നെ കേട്ടിട്ടുണ്ടാകില്ല നിക്സണ്, കാര്‍ട്ടര്‍, ക്ളിന്റണ്, വലിയ ബുഷ്, ചെറിയ ബുഷ് ഇത്യാദി പ്രസിഡന്റുമാര്‍. ഒബാമയാകട്ടെ, ഇന്ത്യയുടെ തെക്കേയറ്റത്ത് ബംഗളൂരുവാണെന്നും അവിടെ കുറെ പയ്യന്മാരും പയ്യികളും അമേരിക്കക്കാരന്റെ പണികളയുന്ന ഐടി പണി ഭംഗിയായി എടുക്കുന്നുണ്ടെന്നും മാത്രമേ മനസിലാക്കിയിട്ടുള്ളൂ. മാര്‍ക്സിസ്റ്റ് നേതാക്കള്‍ എന്നൊരു കൂട്ടമുണ്ടെന്നുതന്നെ അറിയില്ല. സാമ്രാജ്യത്വം തുലയട്ടെ എന്ന് തലശേരിയിലെ ഒ വി റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നാല്‍ വിളിക്കുന്നവന്റെ തൊണ്ട പൊട്ടും. മാധ്യമക്കാരില്‍ സിഐഎയുടെ പണംപറ്റുന്നവരുണ്ടെന്ന് പ്രസംഗിച്ചാല്‍ പ്രസംഗിച്ചയാളിന്റെ സൂക്കേട് മാറ്റും. ഇത്രയേ ഉള്ളൂ കാര്യം എന്നാണ് നമ്മോട് മാന്യമഹാഗണത്തില്‍പെടുന്ന കോണ്‍ഗ്രസുകാരും പത്രാധിപന്മാരും ഇന്നലെവരെ പറഞ്ഞുകൊണ്ടിരുന്നത്.
ഇന്നിപ്പോള്‍ സംഗതികളില്‍ അല്‍പ്പം മാറ്റമുണ്ടെന്ന് തോന്നുന്നു.
അമേരിക്കക്കാരന്റെ അന്തഃപുരത്തില്‍കയറി അസാഞ്ചെ പൂട്ടുപൊളിച്ച് രഹസ്യം പുറത്തേക്കെടുത്തപ്പോള്‍ ഇന്ത്യയോടും ഇവിടത്തെ മാര്‍ക്സിസ്റ്റുകാരോടുമെല്ലാം പെരുത്ത താല്‍പ്പര്യമാണ് സായ്പിനെന്ന് തെളിഞ്ഞുകാണുന്നു. പ്രകാശ് കാരാട്ട് പിടിച്ചുപറിക്കാരനെന്നാണ് അമേരിക്ക പറയുന്നത്. ഒരു വിരുന്നില്‍ ഭക്ഷണമടിച്ച് രാഹുല്‍ഗാന്ധി പറഞ്ഞ കൊച്ചുവര്‍ത്തമാനവും അമേരിക്കയിലേക്ക് എത്തിയിരിക്കുന്നു. 'ലഷ്കറിനേക്കാള്‍ ഭീകരത ഹിന്ദു തീവ്രവാദികള്‍ക്കാണ്' എന്നത്രെ യുവരാജാവ് അമേരിക്കന്‍ അംബാസഡറോട് പറഞ്ഞത്. അതായത്, ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല, ഇന്ത്യക്കാരന്റെ അനൌപചാരിക സംഭാഷണംപോലും ഒപ്പിയെടുത്ത് പെട്ടിയിലാക്കി അമേരിക്കയിലെത്തിക്കാന്‍ ആളുണ്ടെന്ന്. സോണിയ ഗാന്ധി വലിയ പുള്ളിയാണെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടെങ്കിലും അമേരിക്കന്‍ സായ്പിന് അവര്‍ കഴിവില്ലാത്ത, അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്ന നേതാവുമാത്രം. മന്മോഹന് സിങ്ങിന്റെ വാക്കുകള്‍ക്കായി അമേരിക്ക കാതോര്‍ത്തിരിക്കുയാണത്രെ-വല്ലപ്പോഴുമെങ്കിലും ഒന്ന് മിണ്ടും എന്ന പ്രതീക്ഷ നല്ലതുതന്നെ.
ഇന്ത്യയില്‍ ഒരിടത്തും ഒന്നും ഒളിച്ചുവയ്ക്കാന്‍ കഴിയില്ല എന്നായിരിക്കുന്നു. ചിലേടത്ത് ആരോടും ചോദിക്കാതെ കടന്നുചെല്ലാനുള്ള അനുമതി സായ്പിന് മന്‍മോഹന്‍തന്നെ നല്‍കിയിട്ടുണ്ട്. അടുക്കളയിലും തീന്മേശയിലും പറയുന്ന കാര്യങ്ങള്‍ അതേപടി കേബിളിലൂടെ അമേരിക്കയിലെത്തിക്കുന്നത് എംബസിയെ ഏല്‍പ്പിച്ച പണിതന്നെയാണത്രെ. ഇതിനെ ചാരപ്രവര്‍ത്തനം എന്നു വിളിക്കാമോ അതല്ല ഒളിഞ്ഞുനോട്ടം എന്ന് വിളിക്കാമോ എന്ന് തിട്ടപ്പെടുത്താനാകുന്നില്ല.
കാരാട്ടിനെ പിടിച്ചുപറിക്കാരന് എന്ന് വിളിക്കുമ്പോള്‍ അമേരിക്കന്‍ സായ്പിന് മാര്‍ക്സിസ്റ്റുകാരോടുള്ള വിരോധം ഊഹിക്കാവുന്നതേയുള്ളൂ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ കൊച്ചുകേരളത്തില്‍ 1957മുതല്‍ അമേരിക്കയുടെ കണ്ണുകളുണ്ടെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞത് അനുഭവംവച്ചാണ്. സിഐഎയുടെ ചാരവലയത്തെക്കുറിച്ചും അത് മാധ്യമ പ്രവര്‍ത്തകരില്‍വരെ നീണ്ടതിനെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ നിങ്ങള്‍ക്ക് സിഐഎയെക്കുറിച്ച് എന്തറിയാം എന്നാണ് പ്രമാണിമാര്‍ ചോദിച്ചത്.
മക്കാര്‍ത്തിയന്‍ സ്വാധീനവും അമേരിക്കന്‍ പണവും വലതുപക്ഷ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും ത്രസിപ്പിച്ച അക്കാലം അങ്ങനെ മറക്കാനാകുമോ? വിമോചന സമരം ഗൂഢാലോചനയുടെ സന്തതിയാണെന്നും അതിന്റെ വേരുകള്‍ പെന്റഗണ്‍ ആസ്ഥാനംവരെ നീളുന്നതാണെന്നും അന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചില്ലേ നമ്മുടെ മഹാ പണ്ഡിതന്മാര്. സിഐഎ നേരിട്ട് പണമൊഴുക്കിയാണ് അട്ടിമറി സമരം സംഘടിപ്പിച്ചതെന്ന് അന്നത്തെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ മുതല്‍ അന്ന് സമരനേതാവായിരുന്ന വയലാര്‍ രവിവരെ തുറന്നു പറയുകയും അതിനെ സാധൂകരിക്കുന്ന അനേകം തെളിവുകള്‍ പുറത്തുവരികയും ചെയ്തിട്ടും മിണ്ടിയോ കശ്മലന്മാര്. ചില മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സിഐഎയുമായി ബന്ധമുണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം ചൂണ്ടിക്കാട്ടിയപ്പോള്‍ വാളെടുത്ത് തുള്ളിയവരെത്ര. അവരൊക്ക ഇനി പറയട്ടെ, അമേരിക്കയ്ക്ക് ഇന്ത്യയോടും കമ്യൂണിസ്റ്റുകാരോടും താല്‍പ്പര്യമുണ്ടോ എന്ന്.
പണം പറ്റുന്നവര്‍ സൂക്ഷിക്കുന്നത് നല്ലതാണ്. മണിച്ചന്റെ ഡയറിപോലെ ചില കേബിളുകള്‍ അമേരിക്കയിലും ഉണ്ടാകും. ഇന്നയിന്നയാള് ഇത്ര പറ്റി എന്ന് ഒരുനാള്‍ പുറത്തുവരും. ഡല്‍ഹിയിലെ ബര്‍ഖയെയും പരമവീരസിംഹനെയും രക്ഷിച്ചപോലെ ഇവിടത്തെ വീരന്മാരെ രക്ഷിക്കാന്‍ ആരും ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഒളിഞ്ഞുനോട്ടക്കാര് ചുറ്റും കറങ്ങുന്നുണ്ട്-ചുറ്റിക്കളിക്കാര്‍ ജാഗ്രതൈ.
*
മദ്യപിച്ചുവരുന്നവര്‍ നിയമസഭയിലും ഉണ്ട് എന്നുപറഞ്ഞ കുറ്റത്തിന് ശ്രീമതി ടീച്ചര്‍ക്ക് പമാവധി ശിക്ഷതന്നെ കൊടുക്കണം. കേരള നിയമസഭയുടെ ചരിത്രത്തില്‍ അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ടാ? എംഎല്‍എ ഹോസ്റ്റലില്‍ കുപ്പി കയറ്റാറേയില്ല. രാത്രി അടിച്ചവര്‍ പിറ്റേന്ന് സഭയിലെത്തുമ്പോള്‍ മണം ഉണ്ടാകാറേയില്ല. മത്ത് മാറാതെ അത്തുംപിത്തും പറഞ്ഞ് ഒറ്റയ്ക്ക് ഇറങ്ങിപ്പോക്ക് നടത്തിയ ആള് എംഎല്‍എ എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. വൈകുന്നേരങ്ങളില്‍ ചില മുറികളില്‍ നടക്കുന്ന പാര്‍ടികളില്‍ മദ്യമല്ല, മിനറല്‍ വാട്ടറും കരിങ്ങാലി വെള്ളവുമാണ് വിളമ്പുന്നത്. നാഷനല്‍ ഹൈവേ വഴി ഓടിയെത്തുന്ന വണ്ടിയുടെ പുറത്ത് കന്നാസുണ്ടെങ്കിലും അകത്ത് കുപ്പിയുണ്ടായിരിക്കുമെന്ന് ആരും പറഞ്ഞേക്കരുത്. എല്ലാ എംഎല്‍എമാര്‍ക്കും പാതിരാത്രിയില്‍പോലും അക്ഷരസ്ഫുടതയോടെ 'ധൃതരാഷ്ട്രര്‍' എന്ന് പത്തുവട്ടം പറയാന്‍ കഴിയും. ഇതൊക്കെ അറിയാവുന്ന മന്ത്രി, നിയമസഭയിലെ കള്ളുകുടിയന്മാരെക്കുറിച്ച് മിണ്ടാന്‍ പാടുണ്ടോ?
ആരോ കള്ളുകുടിക്കുന്നതുകൊണ്ട് തിരുവഞ്ചൂരിന് വന്ന രോഷം മനസിലാക്കാവുന്നതേയുള്ളൂ. അവകാശ ലംഘനത്തിന് നോട്ടീസ് കൊടുത്താല്‍ പോരാ, കേസും എടുപ്പിക്കണം. യുഡിഎഫ് കണ്‍വീനറും പ്രതിഷേധപ്രസ്താവന ഇറക്കേണ്ടതാണ്. സി ടി അഹമ്മദാലിയുടെ ആവശ്യം കടന്നതായി. മദ്യപിക്കുന്ന എംഎല്‍എമാരുടെ പേര് വെളിപ്പെടുത്തണമത്രെ. മദ്യാസക്തിക്കെതിരെ സിപിഐ എം പ്രചാരണം നടത്തുന്നത് കുറ്റം. നാട്ടില്‍ മദ്യാസക്തി വര്‍ധിക്കുന്നുവെന്നും നിയമസഭയില്‍പോലും മത്തുപിടിച്ചെത്തുന്നവരുണ്ടെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞത് മഹാപരാധം. അങ്ങനെ പറഞ്ഞതുകൊണ്ട് നാളെമുതല്‍ സഭയിലെത്തുമ്പോഴെങ്കിലും ലഹരി പാടില്ല എന്ന് ആരാനും ചിന്തിച്ചുപോയാലോ? അചിന്ത്യം പ്രത്യാഘാതം. ടീച്ചറിന് ശിക്ഷ വിധിക്കുമ്പോഴെങ്കിലും ഒരു ശ്വാസ പരിശോധനാ യന്ത്രം സഭയുടെ കവാടത്തില്‍ സ്ഥാപിക്കണം. തലേന്നത്തെ മത്തിനെയും മണത്തെയും ഒഴിവാക്കുന്ന യന്ത്രം മതി. പകല്‍ അടിച്ചുവീലായി നിയമനിര്‍മാണം നടത്തുന്നവര്‍ ഇല്ലാത്ത സഭയാണിത് എന്ന് അഹങ്കരിക്കാമല്ലോ. 'ഈസ്ഥാപനത്തില്‍ ബാലവേല ഇല്ല' എന്ന് എഴുതിവയ്ക്കുമ്പോലെ.
*
പോയകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സദാ തികട്ടിവരുന്നതും അതില്‍ നീന്തിത്തുടിക്കുന്നതും വര്‍ത്തമാനകാലത്ത് സംഗതികള്‍ പന്തിയല്ലാത്തതുകൊണ്ടാണ്. പണ്ടത്തെ തഴമ്പില്‍മാത്രം അഭിരമിക്കുന്നത് ഒരുതരം രോഗം തന്നെ. എന്റെ അച്ഛന് ഒരു ജില്ലയുടെ ശില്‍പ്പിയാണ്, ഞാനാരാ മോന്, പണ്ട് ഇ എം എസിനെവരെ പഠിപ്പിച്ചയാളല്ലേ എന്നൊക്കെ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ അടുത്ത ബന്ധുക്കളെങ്കിലും രോഗം തിരിച്ചറിഞ്ഞ് ചികിത്സ ഏര്‍പ്പാടുചെയ്യണം. മനസ്സ് അശ്ളീലത്തില്‍ മുങ്ങുമ്പോഴാണ് ചിന്തയും പറച്ചിലും പ്രവൃത്തിയുമെല്ലാം ആ വഴിയിലേക്ക് വരുന്നത്.
നല്ലൊരു കാര്‍ട്ടൂണിസ്റ്റിനെ അശ്ളീലവരക്കാരനാക്കാന്‍ അശ്ളീലമനസ്കര്‍ക്കേ കഴിയൂ. അതാണ് ശരിയായ ഞരമ്പുരോഗം. അച്ഛന്റെയും മകന്റെയും സഞ്ചാരവഴികളിലൂടെ കാര്‍ട്ടൂണിസ്റ്റിനെയും അല്‍പ്പനാള്‍ കൊണ്ടുപോകണം. അങ്ങനെ വരുമ്പോള്‍ പുതിയ തെലുങ്ക് സിനിമയെ തോല്‍പ്പിക്കുന്ന രംഗങ്ങള്‍ കാര്‍ട്ടൂണിലേക്ക് പകര്‍ത്താനാകും. പത്രത്തില്‍ സ്ഥലം തികയുന്നില്ലെങ്കില്‍ ക്രൈമിലേക്ക് ബാക്കി മാറ്റാം. വീര്യത്തിന്റെ കളിയാണല്ലോ എല്ലാം.

Sunday, December 12, 2010
മൂക്കുകയര്‍
കോട്ടയം പാര്‍ടിയുടെ 'ചരിത്രപ്രസിദ്ധമായ' ഒട്ടേറെ ലയന വേര്‍പിരിയല്‍ സമ്മേളനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച തിരുനക്കര മൈതാനിയില്‍ ജോസഫ്-മാണി ലയന സമ്മേളനത്തില്‍ മലയോരപ്പാര്‍ടിയുടെ മഹാനേതാവ് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചത് ഇങ്ങനെയാണ്,
"ഞങ്ങള്‍ കൂട്ടുകൂടാന്‍ കൊള്ളാത്തവരാണെങ്കില്‍ വേണ്ടെന്നേ...........''
അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാണിസാര്‍ ലയനത്തിന്റെ കരുത്തും പുത്തന്‍ സിദ്ധാന്തവുമായി കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് അശ്വമേധം നടത്താനിരുന്നതാണ്. ഈ യാത്രയ്ക്ക് കുഞ്ഞൂഞ്ഞ്-കുഞ്ഞീക്ക സഖ്യം ഇടങ്കോലിട്ടു. മാണിസാറിന്റെ യാത്രയ്ക്കു മുമ്പേ സംയുക്തയാത്ര. ഒറ്റയ്ക്കൊറ്റയ്ക്കുള്ള യാത്ര വേണ്ട. ഒറ്റയ്ക്ക് പോകുമ്പോള്‍ ദുഷ്ചിന്ത ഉണ്ടാവും. അവിയല്‍യാത്രയ്ക്ക് കേരള മോചനയാത്ര എന്നാണ് പേര്. മാണിസാറിനെയും ഔസേപ്പച്ചനെയും ജോര്‍ജിനെയും മുന്നണിയില്‍നിന്ന് മോചിപ്പിക്കുകയാണോ ലക്ഷ്യമെന്ന് മാണിസാര്‍ സംശയിച്ചു. എങ്കിലും ഒരടി പിന്നോട്ടു പോയി. രണ്ടടി മുന്നോട്ടു വയ്ക്കാന്‍. അങ്ങനെ അഭിനവ 'വിമോചന സമരസഖ്യം' ഏച്ചുകെട്ടി യാത്ര തുടങ്ങുന്നു. യാത്രാ പേടകത്തിന്റെ ഫുട്ബോര്ഡില് എം വി രാഘവനും ടി എം ജേക്കബും ഉണ്ടാകുമെന്നുറപ്പില്ല. ഗൌരിയമ്മയെ വേണ്ടാതായിരിക്കുന്നു; പിള്ളയുടെ മാനസം എങ്ങോട്ടെന്നറിയില്ല. ഐഎന്‍എല്‍ ലീഗിന്റെ മടിയില്‍ ഉണ്ടാകില്ലെന്നുറപ്പ്. അവര്‍ക്കുമുണ്ടല്ലോ ദുര്‍ബലമെങ്കിലും നട്ടെല്ലൊന്ന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 'വാരിക്കോരി', പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ 'കുഴിച്ചെടുത്തു' എന്നെല്ലാം പുറമേക്കു പറയുന്നുണ്ടെങ്കിലും ഉള്ളില്‍ തീയാണ്.
അഭ്യുദയകാംക്ഷികള്‍ക്കും പേടി മാറുന്നില്ല. വന്ദ്യവയോധികനായ ഉപദേശിയും സര്‍വകലാവല്ലഭനുമായ കെ എം റോയിച്ചന് പറയുന്നതു നോക്കൂ:
"കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടത്തില്‍ ഐക്യജനാധിപത്യമുന്നണി മൊത്തത്തില്‍ ആഹ്ളാദിക്കുമ്പോള്‍ ജനവികാരമറിയുന്നവരും ജനസമ്പര്‍ക്കമുള്ളവരുമായ പല മുന്നണിനേതാക്കളും തെരഞ്ഞെടുപ്പുഫലത്തിന്റെ കാര്യത്തില്‍ അസ്വസ്ഥരാണെന്നതാണ് പുതിയ രാഷ്ട്രീയ സംഭവവികാസം.... മലപ്പുറവും കോട്ടയവും കേന്ദ്രീകരിച്ചുള്ള മത-ജാതി ശക്തികളുടെ ഒരു പിന്തിരിപ്പന് സഖ്യമാണ് യുഡിഎഫ് എന്ന ധാരണ ഭൂരിപക്ഷം ഹൈന്ദവ വോട്ടര്‍മാരില്‍ അതിവേഗം വളരുന്നുണ്ടോ എന്ന സംശയമാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. മറ്റെല്ലാ ജില്ലകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം യുഡിഎഫ് നേതൃത്വത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് കോഴിക്കോടു ജില്ലയില്‍ ഇടതുപക്ഷമുന്നണി മികച്ച വിജയം കരസ്ഥമാക്കിയത് നിസ്സാര കാര്യമായല്ല ഈ യുഡിഎഫ് നേതാക്കള്‍ കാണുന്നത്''(മംഗളം ദിനപത്രം).
യുഡിഎഫിന്റെ അടുക്കളക്കാര്യങ്ങളും ആത്മവിചാരവും റോയിച്ചനോളം അറിയാവുന്നവര്‍ സിന്‍ഡിക്കറ്റിലേ ഉള്ളൂ. അദ്ദേഹത്തിന് കാര്യം പിടികിട്ടി. ഇങ്ങനെ പോയാല്‍ സംഗതി കുഴപ്പത്തിലാകും. വര്‍ഗീയത കളിച്ച് തെരഞ്ഞെടുപ്പ് തോല്‍ക്കും. അതുകൊണ്ട് ഹിന്ദുവോട്ട് വേഗം പിടിച്ചോളൂ-വിലകൊടുത്തോ വീണ്‍വാക്കു പറഞ്ഞോ വിലക്കപ്പെട്ടതുചെയ്തോ അതു സംഭവിച്ചില്ലെങ്കില്‍ കാര്യം കട്ടപ്പൊകയാകും. ചങ്ങനാശേരിയില്‍ തോറ്റത് അങ്ങനെയല്ലേ എന്ന ചോദ്യവും ഉയര്‍ത്തി റോയിച്ചന്.
ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സ്പെക്ട്രം അഴിമതിയും രാജയുടെ വീടുകളും നീരാ റാഡിയയുടെ മുന്നൂറുകോടിയും അവിടത്തെ റെയ്ഡുമൊന്നും കാണാതെ പത്രങ്ങള്‍ യുഡിഎഫിനെ സേവിക്കുന്നുണ്ട്. കുഴപ്പംചെയ്ത വയനാട്ടിലെ കലക്ടര്‍ കരഞ്ഞുപടിയിറങ്ങിയെന്ന് മാതൃഭൂമിയുടെ സഹതാപവാര്‍ത്ത (ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ). പ്രശ്നം സിപിഐയും സിപിഐ എമ്മും തമ്മിലെന്ന് മനോരമ. ഏതോ കള്ളന്മാര് വ്യാജരേഖ ചമച്ച് ജോലി തരപ്പെടുത്തിയതിന് സിപിഐ എന്തുപിഴച്ചു? അസുരവിത്തുകള്‍ മുളച്ചുപൊന്തിയാല്‍ മൂടോടെ പിഴുതുമാറ്റുകയല്ലാതെ മറ്റെന്തുണ്ട് നിവൃത്തി? അഴിമതിയും തട്ടിപ്പും കണ്ടപ്പോള്‍ സിപിഐ എം മുഖപത്രം പ്രതികരിച്ചതില്‍ എന്ത് അയുക്തി? ഇനി അഥവാ പ്രതികരിച്ചില്ലെങ്കില്‍ സിപിഐ എമ്മിനുമേലും കുതിരകയറാമായിരുന്നു. ഭാര്യയുടെ അമ്മൂമ്മയുടെ അമ്മാവന്റെ ഭാര്യയുടെ മകളുടെ ഭര്‍ത്താവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് എന്നെങ്കിലും എഴുതാമല്ലോ. അങ്ങനെ വാര്‍ത്ത വന്നാലല്ലേ യുഡിഎഫിലെ കുഴപ്പം മൂടിവയ്ക്കാനാവൂ.
*
ഐക്യമേതുമില്ലാത്ത ജനാധിപത്യമുന്നണിയുടെ യോഗം കഴിഞ്ഞ് തങ്കച്ചന് വാര്‍ത്താസമ്മേളനത്തിന് കുപ്പായം മാറ്റുന്നതിനുമുമ്പാണ് മാണിസാര്‍ വെടിപൊട്ടിച്ചത്. എന്ത് മുന്നണി, തങ്ങള്‍തന്നെ പ്രതിപക്ഷം എന്ന പ്രഖ്യാപനമാണ് മുഴങ്ങിയത്. ഒരുമുഴം നീട്ടിയുള്ള ഏറ്. ഏറ് കൊണ്ടിട്ടും യുഡിഎഫിലെ ആരും ഒന്ന് മോങ്ങിയതുപോലുമില്ല. ഗൌരിയമ്മയ്ക്ക് മൂക്കുകയറിടാന്‍ നടക്കുന്ന ചെന്നിത്തലയ്ക്ക് കുഞ്ഞുമാണിയെയും കുഞ്ഞീക്കയെയും പേടിയാണ്. മലപ്പുറത്തെത്തിയാല്‍ കുഞ്ഞീക്ക വിളമ്പുന്ന ഐസ്ക്രീം കഴിക്കും. കോട്ടയത്ത് ചെന്നാല്‍ പോര്‍ക്കിറച്ചിതന്നെ വേണം. ഒരു ലയനത്തിന്റെ ഭാരം വയറ്റിലും മറ്റൊരു ലയനത്തിനായുള്ള കൊതി മനസ്സിലും പേറുന്ന മാണിസാര്‍ അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ രണ്ടാംഭാഗം വാര്‍ത്താസമ്മേളനത്തിലൂടെ കോട്ടയത്ത് പ്രഖ്യാപിച്ചു. ഈ സിദ്ധാന്തമാണ് കോട്ടയം പാര്‍ടിയുടെ അടുത്ത തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ.
വാര്‍ത്താസമ്മേളനത്തില്‍ ശരിക്കുംപറയാന്‍ ഉദ്ദേശിച്ച മറുപടിക്കുള്ള ചോദ്യം ആരും ചോദിച്ചില്ല.(പുതിയ പരിപാടി അങ്ങനെയാണ്. എന്തൊക്കെ ചോദ്യം വേണമെന്ന് ശിങ്കിടിപത്രക്കാരെ ശട്ടം കെട്ടും. ഉത്തരം നേരത്തെ തയ്യാറായിരിക്കും. അത് പിന്നെ വിവാദമാകും. ഇവിടെ മാണിസാറിനെ ശിങ്കിടി പറ്റിച്ചു.)പറയാനുള്ളത് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ വഴിയുണ്ട്- എക്സ്ക്ളൂസീവ് ഇന്റര്‍വ്യൂ. ചാനല്‍ കുട്ടികളെ വിളിച്ചു വരുത്തിയാല്‍ ഏതു വെടിയും പൊട്ടിക്കാം. പത്രസമ്മേളനത്തിന് കാശടയ്ക്കാനുള്ള ചെലവ് ലാഭം. മാണിസാര്‍ അങ്ങനെ വെടിപൊട്ടിച്ചു -
'കോണ്‍ഗ്രസുമായുള്ള പ്രശ്നം തീര്‍ന്നില്ല. കോണ്‍ഗ്രസിലെ രണ്ടാം കക്ഷി തന്റെ പാര്‍ടിതന്നെ.'
ഇത്തവണ ഏറു കൊണ്ടത് മലപ്പുറം പാര്‍ടിക്കാണ്. തങ്ങളുടെ പാര്‍ടിയാണ് ഇരുപത്തിനാലു സീറ്റിന്റെ നേരവകാശികള്‍ എന്ന് കുഞ്ഞാലിക്കുട്ടി. തര്‍ക്കം ഞാനോ നീയോ മുമ്പനെന്ന്. കോട്ടയമോ മലപ്പുറമോ വലുതെന്ന്. മാണിസാര്‍ 'കരുത്താര്‍ജിക്കുന്നതില്‍' ചെന്നിത്തലയ്ക്ക് സന്തോഷം. എല്ലാ ചിന്തയും വര്‍ഗീയത്തില്‍ അവസാനിക്കുന്നു. മാണിസാര്‍ രണ്ടാമനാകുമ്പോള്‍ ഒന്നാംസ്ഥാനം പുതുപ്പള്ളിക്ക് നഷ്ടപ്പെടും. പുര കത്തുമ്പോള്‍ കുലച്ചവാഴ വെട്ടിയെടുക്കാന്‍ എളുപ്പമാകും. കുഞ്ഞുമാണിയെ എറിഞ്ഞ് കുഞ്ഞൂഞ്ഞിനെ വെട്ടാം. രണ്ടാം പാര്‍ടി മലപ്പുറം പാര്‍ടി തന്നെയെന്ന് ചെന്നിത്തലയും പറഞ്ഞു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ പിടിച്ചുനില്ക്കാന് മലബാര്‍ ലീഗ് വേണം; കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ കോട്ടയം പാര്‍ടിയും വേണം. കോണ്‍ഗ്രസിന് സ്ഥാനം ഇവരുടെയൊക്കെ താഴെയേ ഉള്ളൂ. അന്യന്റെ ചെലവില്‍ ജീവിക്കുന്ന പരാന്നപ്പാര്‍ടി. കെ എം റോയി പറഞ്ഞതുപോലെ കോട്ടയത്തിന്റെയും മലപ്പുറത്തിന്റെയും ആശ്രിതത്വം.
കോണ്‍ഗ്രസിലും സംഗതികള്‍ പന്തിയല്ല. വിശാല ഐയും എയും അടി. മുരളി പോയതോടെ ഗ്രൂപ്പ് പോയി എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. മുരളി കൂടി വരട്ടെ, കളികാണാമെന്ന് ചിലര്‍. എന്തിന് മുരളി; പത്മജ പോരേ എന്ന് മറ്റുചിലര്‍. ഉണ്ണിത്താന്, ദീപ്തി മേരി വര്‍ഗീസ്, സിമി റോസ്ബെല്‍ ജോണ്‍ തുടങ്ങിയ സ്ഥാനാര്‍ഥി മോഹികളെക്കൊണ്ട് ചെന്നിത്തലയ്ക്കും ശരണമില്ല; ഉമ്മന്‍ചാണ്ടിക്കും ശരണമില്ല. ഇവര്‍ക്കൊക്കെ ആര് മൂക്കുകയറിടുമോ ആവോ. ഇതൊക്കെയാണെങ്കിലും സ്വപ്നത്തിന് ഒരു പഞ്ഞവുമില്ല. ഭരണം കോട്ടയത്തോ മലപ്പുറത്തോ വെള്ളിത്തളികയില്‍ കൊണ്ടുകൊടുത്താലും വേണ്ടില്ല-നാലു ചക്രമുണ്ടാക്കാനുള്ള അവസരം വന്നാല്‍ എല്ലാ മാനക്കേടും മാറുമല്ലോ.
*
ഷാഹിനയും ജൂലിയന്‍ അസാഞ്ചെയും തമ്മില്‍ താരതമ്യമൊന്നുമില്ല. ഷാഹിന മാധ്യമ പ്രവര്‍ത്തക. എന്തും റിപ്പോര്‍ട്ട് ചെയ്യുന്ന, ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ സമരങ്ങളില്‍ മുന്‍നിരയില്‍ നിന്നിട്ടുള്ള വനിത. അസാഞ്ചെ ഒരു സാഹസികന്; അലച്ചിലുകാരന്‍. രണ്ട് കംപ്യൂട്ടറുംകൊണ്ട് ഉലകം ചുറ്റുന്ന വാലിബന്. അമേരിക്ക കാത്തുസൂക്ഷിച്ച രഹസ്യങ്ങളുടെ കലവറത്താക്കോല്‍ തുറന്നവന്. രണ്ടും രണ്ടുപ്രശ്നങ്ങളെങ്കിലും വേട്ടയാടപ്പെടുന്നതില്‍ ഇരുവരും തുല്യരാണ്.
കേരളത്തില്‍ പൊലീസ് പത്രക്കാരനെ നോക്കി തുമ്മിയാല്‍ വടിയും കൊടിയുമെടുക്കാം. കര്‍ണാടകത്തില്‍ യെദ്യൂരപ്പയുടെ പൊലീസാണ്. മിണ്ടിയാല്‍ കുപ്പായം ഊരിക്കും. കള്ളസാക്ഷികളെ സൃഷ്ടിച്ചാണ് മഅ്ദനിയുടെ പേരില്‍ കേസെടുത്തത് എന്നു തെളിയിച്ചതാണ് ഷാഹിനയുടെ 'കുറ്റം'. ആ കുറ്റത്തിന് അവര്‍ ഭീകരവാദിയായി. അമേരിക്ക കാത്തുസൂക്ഷിച്ച രഹസ്യങ്ങള്‍ക്ക് മടവീഴ്ത്തി പുറത്തേക്കൊഴുക്കിയതാണ് അസാഞ്ചെ ചെയ്ത കുറ്റം. അതിന്റെ പേരില്‍ വിക്കിലീക്സ് തകര്‍ക്കാനാണ് ശ്രമം. അസാഞ്ചെയെ ജയിലിലടച്ചു. കുറ്റം മാനഭംഗം. അതുകേള്‍ക്കുമ്പോള്‍ വലിയ എന്തോ പീഡനമാണെന്നു തോന്നും. സംഗതി അതൊന്നുമല്ല. അസാഞ്ചെയുമായി കിടക്ക പങ്കിട്ട രണ്ട് യുവതികളാണ് പരാതിക്കാര്‍. ഒരാള്‍ക്ക് ഇടയ്ക്കൊരു വിരക്തി തോന്നി. അസാഞ്ചെ അത് കൂട്ടാക്കിയില്ല-അതാണ് ഒരു കുറ്റം. രണ്ടാമത്തെയാള്‍ക്ക് വേണ്ട സുരക്ഷാമാര്‍ഗങ്ങള്‍ അസാഞ്ചെ ഉപയോഗിച്ചിട്ടില്ലേ എന്ന് ഒരിക്കല്‍ സംശയം തോന്നി. അത് രണ്ടാമത്തെ കുറ്റം. രണ്ട് യുവതികളും അസാഞ്ചെയുമായി ഇപ്പോഴും അടുപ്പത്തില്‍തന്നെ. അവിടെ ഇതെല്ലാമാണ് മാനഭംഗം.
സാമ്രാജ്യത്വത്തിന്റെ വേട്ടയാടലിനിരയാകുന്ന അസാഞ്ചെയ്ക്കുവേണ്ടി ലോകത്തെങ്ങുമുള്ള സൈബര്‍ പോരാളികള്‍ രംഗത്തുണ്ട്. ഷാഹിന നേരിടുന്ന ഭരണകൂട വേട്ടയാടലിനെതിരെ പ്രതികരിക്കാന്‍ ക്ഷണിക്കുമ്പോള്‍ പല മുമ്പന്‍മാരുടെയും പ്രതികരണം "ഞാന്‍ എന്തിന്'' എന്നാണത്രെ. മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ മുട്ടോളം തുള്ളുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍ തെളിയിക്കുന്നു. ഷാഹിനയ്ക്ക് ഇപ്പോഴെങ്കിെലും മനസ്സിലായിക്കാണും സഹപ്രവര്‍ത്തകരെ.

Sunday, December 5, 2010
കുടുംബാധിപത്യം
'തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ടി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പാര്‍ടി. കഷ്ടപ്പെട്ട് വോട്ടുപിടിക്കാനും മുദ്രാവാക്യം വിളിക്കാനും പാര്ടിക്കാര്. ജയിച്ചാല്‍ മന്ത്രിയാക്കണോ എന്ന് തീരുമാനിക്കുന്നത് പാര്‍ടി. എല്ലാം കഴിഞ്ഞ് ഭരണത്തിലേറിയാല്‍ പിന്നെ പാര്‍ടി വേണ്ട-'ഭരണം വേറെ, പാര്‍ടിവേറെ'-ഇതാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടുമ്പോഴൊക്കെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ന്യായം. ഇങ്ങനെയൊരു തൊടുന്യായം പരത്തിയാണ് പണ്ട് സെല്‍ഭരണ സിദ്ധാന്തം കൊണ്ടുവന്നത്. തീരുമാനങ്ങള്‍ പാര്‍ടി ഓഫീസില്‍ ഉണ്ടാകരുത്; ഭരണത്തിന്റെ ഒരുതലത്തിലും പാര്‍ടി ഇടപെടരുത്; ഭരിക്കാന്‍ നിശ്ചയിക്കപ്പെട്ടവര്‍ തന്നിഷ്ടപ്രകാരം ഭരിച്ചുകൊള്ളണമെന്നാണ് ജനാധിപത്യ ലേബലൊട്ടിച്ച് പറഞ്ഞുപരത്തിയത്. ഒരര്‍ഥത്തില്‍ പണ്ട് കരുണാകരനും ആന്റണിയുമെല്ലാം ഭരിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതുതന്നെയായിരുന്നു. കരുണാകരന് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പരിപ്പ് വേവില്ലല്ലോ. ആന്റണി അധികാരത്തിലിരിക്കുമ്പോള്‍ കരുണാകരന് പ്രതിപക്ഷനേതാവിന്റെ റോളിലായിരുന്നല്ലോ. അങ്ങനെ പഴകിയ ശീലങ്ങള്‍ ഇടതുപക്ഷ ഭരണകാലത്ത് മാറുമ്പോള്‍ കോണ്‍ഗ്രസിന് മനംപിരട്ടും. അതുകണ്ട് മാധ്യമങ്ങള്‍ 'സെല്‍ഭരണം' എന്നു കരയും. ഇതെല്ലാം പക്ഷേ പഴയ കഥകളാണ്. ഇനി അങ്ങനെയൊന്ന് ചിന്തിക്കുംമുമ്പ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വടക്കോട്ട് നോക്കണം. അവിടെ അവര്‍ അവ്യക്തമായ ഒരു താടിയും തലേക്കെട്ടും കാണും.
കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ടിയല്ല എന്നതുകൊണ്ട് സാധാരണ പാര്‍ടികള്‍ക്കുള്ള തളപ്പ് ചേരില്ല. കമ്യൂണിസ്റ് നേതാക്കളായ വ്യക്തികള്‍ ഏതു സ്ഥാനത്ത് എത്തിയാലും അവര്‍ക്ക് തന്റെ പാര്‍ടിയോടും അതില്‍ താന്‍ ഉള്‍പ്പെടുന്ന ഘടകത്തോടും ഉത്തരവാദിത്തമുണ്ടാകും. കോണ്‍ഗ്രസില്‍ നാടുവാഴിത്തമാണ്. കുടുംബവാഴ്ച എന്നും പറയും. കാലാകാലത്ത് നാടുവാഴി കുടുംബത്തിലെ മൂപ്പന്മാരും ഇളമുറക്കാരും കോണ്‍ഗ്രസിന്റെ ഭരണാധികാരികളാകും. ബാക്കി എല്ലാവരും പരിചാരകരാണ്. മൂപ്പന്(ത്തി)യാണ് ആരു മന്ത്രിസ്ഥാനത്തിരിക്കണം, ആരു വിറകുവെട്ടണം, ആരുടെ തലയില്‍ ഗവര്‍ണര്‍തൊപ്പി വേണം എന്നെല്ലാം നിശ്ചയിക്കുന്നത്. പണ്ട് അങ്ങനെ രാഷ്ട്രപതിക്കുപ്പായം കിട്ടിയ ഒരാള്‍ പറഞ്ഞത്, എന്റെ മൂപ്പത്തി ചൂലെടുത്ത് തൂക്കാന്‍ പറഞ്ഞാല്‍ താനത് ചെയ്യുമെന്നാണ്. ഡല്‍ഹിയില്‍ ഇന്നു നടക്കുന്നത് ഏതാണ്ട് അതേ കഥ തന്നെ. പ്രധാനമന്ത്രി സ്ഥാനത്ത് ഒരാളുണ്ട്. നെഹ്റുവിനെപ്പോലെ കരുത്തനാണ് താന്‍ എന്നെല്ലാം അദ്ദേഹം സ്വപ്നം കാണാറുണ്ട്-പക്ഷേ കസേരയേ ഉള്ളൂ. അധികാരമില്ല. ചെയ്തികള്‍ പാര്‍ടിയില്‍ ചര്‍ച്ചചെയ്യില്ല എന്നതുമാത്രം ഒരു സൌകര്യം. പകരം നാടുവാഴി കുടുംബത്തെ ബോധ്യപ്പെടുത്തിയാല്‍ മതി, ആജ്ഞകള്‍ അനുസരിച്ചാല്‍ മതി. എത്രകാലം വേണമെങ്കിലും അല്ലലും അലട്ടലുമില്ലാതെ കസേരയില്‍ ഇരിക്കാം. അവിടെ ഭരിക്കുന്നത് കുടുംബം; ഭരിക്കപ്പെടുന്നത് സേവകവൃന്ദം. ഒരുതരം അഡ്ജസ്റ്മെന്റ്.
കോണ്‍ഗ്രസിലെ യജമാനസേവയും കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഉള്‍പ്പാര്‍ടി ജനാധിപത്യവുമായി തട്ടിച്ചുനോക്കാനാവില്ല. ഡല്‍ഹിയില്‍ താടിക്കാരന് ഒന്നും അറിയേണ്ടതില്ല. സ്പെക്ട്രം കുംഭകോണം വന്നപ്പോള്‍ എല്ലാമെല്ലാം രാജയുടെ കളി എന്ന് പറയാം. താന്‍ കൊടുത്ത നിര്‍ദേശങ്ങള്‍ പുല്ലുപോലെ തള്ളിക്കളഞ്ഞാണ് രാജ അഴിമതി നടത്തിയതെന്നു വന്നാലോ? അതും രാജയുടെ കുഴപ്പം. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ തള്ളിയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ലംഘിച്ചും രാജയ്ക്ക് മുന്നോട്ടുപോകാം. രാജയ്ക്കും അറിയാം ചരട് നാടുവാഴി കുടുംബത്തിലാണെന്ന്. അവിടവുമായാണ് രാജയുടെ ഹോട്ട്ലൈന്‍. ഇങ്ങനെ നാണംകെട്ട ഒരു കേന്ദ്രഭരണത്തെയും ഭരണനേതൃത്വത്തെയും വച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഹല്ലേലൂയ്യ പാടുന്ന നമ്മുടെ മാധ്യമങ്ങളെ നമസ്കരിക്കണം. ലോകം കണ്ട ഏറ്റവും വലിയ അഴിമതി മറച്ചുപിടിക്കാന്‍ ഇവിടെ ഈ കേരളത്തില്‍ 'പാര്‍ടി അറിഞ്ഞോ, അറിഞ്ഞില്ലേ' എന്നു ചോദ്യം തിരിച്ചും മറിച്ചും അടിച്ചലക്കുകയാണ് അവര്‍.
ഇടപെട്ടാല്‍ അത് 'സെല്‍ഭരണം'. ഇടപെട്ടില്ലെങ്കില്‍ അത് 'നിഗൂഢതാല്‍പ്പര്യം.' ജനങ്ങളെ ഇങ്ങനെ എത്രകാലം പറ്റിച്ച് മുന്നോട്ടുപോകാനാകും? കൊട്ടാരത്തിലെ കംപ്യൂട്ടറിന്റെ പ്രവചനത്തിനനുസരിച്ചാണ് കോണ്‍ഗ്രസുകാരന്റെ സ്ഥാനലബ്ധിയും നഷ്ടവും എന്നിരിക്കെ, അവര്‍ക്കെന്ത് ജനാധിപത്യം, ഉള്‍പാര്‍ടി ചര്‍ച്ച. മാഡം നിയന്ത്രിച്ചാല്‍ ജനാധിപത്യമെന്നും കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ നയപരമായ തീരുമാനമെടുക്കുന്നത് 'സെല്‍ഭരണം' എന്നും അവര്‍ പറഞ്ഞുതളരട്ടെ. അതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കുണ്ട് നേരം.
*
മാതൃഭൂമി പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. 'മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയെച്ചൊല്ലി എഴുത്തുകാരന് സക്കറിയ രോഷം പൂണ്ടു. പത്രത്തിനും ലേഖകനുമെതിരെ അരമണിക്കൂറോളം പുലഭ്യം പറഞ്ഞ സക്കറിയ, സംഘാടകരുടെ അനുമതിയോടെ മറുപടി പറയാനെത്തിയ ലേഖകനെ അതിനനുവദിക്കാതെ സ്തോഭപ്രകടനം നടത്തി.'
സക്കറിയ മഹാനായ മനുഷ്യനാണെന്ന കാര്യത്തില്‍ ശതമന്യു ഒരിക്കലും സന്ദേഹിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ മര്യാദ പാലിച്ചില്ലെങ്കില്‍ പ്രതികരിക്കാനുള്ള അവകാശം സക്കറിയക്കുണ്ട്. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ രോഷത്തോടെയുള്ള പ്രതികരണമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു സിനിമ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുന്നു. മുല്ലത്തീവിലെ വിശേഷങ്ങളാണ് സിനിമയില്‍. അത് സംവിധാനം ചെയ്തത് ശ്രീലങ്കക്കാരന്. മാതൃഭൂമിയില്‍ 'തമിഴ് ദേശീയതയ്ക്കായി പ്രചാരണം, തലസ്ഥാനത്ത് അന്വേഷണം തുടങ്ങി' എന്നാണ് അതിന്റെ വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ടാണ് സംഗതി പൊലീസ് അറിഞ്ഞതത്രേ. സിനിമ പ്രദര്‍ശിപ്പിച്ച ചെറുപ്പക്കാര്‍ 'പുലി'കളായി. പൊലീസ് അന്വേഷണമായി, ചോദ്യംചെയ്യലായി. നടന്നതെന്തെന്നും തങ്ങള്‍ ആരെന്നും വിശദീകരിക്കാന്‍ ചെറുപ്പക്കാര്‍ 1500 രൂപ അടച്ച് പ്രസ്ക്ളബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. അവിടെ അവര്‍ പറഞ്ഞതിന് മാതൃഭൂമിക്കാരന് അപ്പോള്‍തന്നെ മറുപടി പറയണമത്രേ (അരിയും തിന്ന് വീട്ടുകാരിയെയും കടിച്ച് പിന്നെയും മറുമുറുപ്പ്). സക്കറിയ അല്ല ആരായാലും കോപിച്ചുപോകും.
ഇതുതന്നെയാണ് മുമ്പ് പയ്യന്നൂരിലും സംഭവിച്ചത്. സക്കറിയ മൈക്കിനുമുന്നില്‍ കയറി മാതൃഭൂമി കളിച്ചു. കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവുജീവിതത്തിന്റെ മറവിലും സുഖത്തിലുമായിരുന്നെന്ന് സിദ്ധാന്തിച്ചു കളഞ്ഞു. അടിയും ഇടിയും വെടിയും അതിജീവിച്ച് പട്ടിണികിടന്നും നരകയാതന സഹിച്ചും ഒളിവുജീവിതം നയിച്ച മഹാന്മാരെ അധിക്ഷേപിച്ചപ്പോള്‍ കേട്ടുനിന്നവര്‍ക്ക് സഹിച്ചില്ല. ഇപ്പോള്‍ സക്കറിയ മാതൃഭൂമിക്ക് കൊടുത്തത് അന്ന് ചെറുപ്പക്കാര്‍ സക്കറിയക്ക് കൊടുത്തു. അന്ന് സക്കറിയയെ 'കൈയേറ്റം ചെയ്ത'തിനെതിരെ മാതൃഭൂമി. ഇന്ന് സക്കറിയ പുലഭ്യം പറഞ്ഞതിനെതിരെ മാതൃഭൂമി. എന്നും ഇതൊക്കെ സഹിക്കാനാണ് കഥാകാരന് യോഗം. ആവിഷ്കാര സ്വാതന്ത്ര്യം അപരന്റെ മൂക്കിന്റെ തുമ്പുവരെയേ ഉള്ളൂ എന്ന് എല്ലാവരും ഓര്‍ക്കണം എന്ന് ഗുണപാഠം.
*
സക്കറിയക്ക് ഇതെല്ലാം മനസ്സിലാകും. മനുഷ്യര്‍ അങ്ങനെയാണ്. എന്നാല്‍, നമ്മുടെ മാധ്യമപ്രവര്‍ത്തകരാകുന്ന മഹദ്ഗണത്തെ അക്കൂട്ടത്തില്‍പ്പെടുത്താനാകില്ല. അതുകൊണ്ട് അവര്‍ക്കുവേണ്ടി പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ പോകുകയാണത്രേ പത്രാധിപഗില്‍ഡ്. ഏതെല്ലാം വ്യവസായികളെ സേവിക്കാം, അവരില്‍നിന്ന് എന്തൊക്കെ സൌജന്യം പറ്റാം, ഒരുദിവസം എത്ര മന്ത്രിമാരില്‍ സ്വാധീനം ചെലുത്താം, എത്ര പണച്ചാക്കുകള്‍ക്കുവേണ്ടി വാര്‍ത്ത ഉണ്ടാക്കാം എന്നൊക്കെ തിട്ടപ്പെടുത്തുന്ന ഒന്നാകും അതെന്ന് പ്രതീക്ഷിക്കാം. ഏതായാലും പെരുമാറ്റച്ചട്ടവും മാതൃഭൂമിക്ക് ബാധകമല്ലെന്ന് ഇപ്പോള്‍തന്നെ പറഞ്ഞേക്കാം. അത് പത്രത്തോടൊപ്പം വ്യത്യസ്തമായ ഒരു സംസ്കാരവും ചവച്ചുതിന്നുന്ന കക്ഷികളാണ്.
ഇല്ലാത്ത ലോകമേളയ്ക്ക് വല്ലാത്ത 'ശാസ്ത്രസിദ്ധി'യുമായി പോകുന്ന പെണ്‍കുട്ടിയുടെ സചിത്ര കഥ മാതൃഭൂമി പ്രസിദ്ധീകരിക്കും. അക്കഥ തട്ടിപ്പാണെന്നു തെളിഞ്ഞാല്‍ സ്വയം തിരുത്തില്ല-ആരെക്കൊണ്ടെങ്കിലും കത്തെഴുതിക്കും. ഐഎഎസ് പരീക്ഷ പാസായിട്ടും ക്യാന്‍സര്‍ ബാധമൂലം പോകാന്‍ കഴിയില്ലെന്ന കഥപരത്തി തട്ടിപ്പുകാരനു പണം പിരിച്ചുകൊടുക്കും. അക്കഥയും തട്ടിപ്പെന്നു തെളിഞ്ഞാല്‍ മിണ്ടാതെയിരിക്കും. അബ്ദുനാസര്‍ മഅ്ദനി ഭീകരപ്രസ്ഥാനത്തിന്റെ പാപ്പാനാണെന്നു പറയുകയും അങ്ങനെ തെളിയിക്കാന്‍ പൊലീസിന്റെ പണിയെടുക്കുകയും ചെയ്യും. മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കാന്‍ കള്ളസാക്ഷികളെയാണ് ഉണ്ടാക്കിയതെന്ന് വിവരം വന്നാല്‍ പൂഴ്ത്തും. അക്കഥ സത്യസന്ധമായി അവതരിപ്പിച്ച പത്രപ്രവര്‍ത്തകയെ കര്‍ണാടക പൊലീസ് വേട്ടയാടിയാല്‍ മാതൃഭൂമിക്ക് പത്രപ്രവര്‍ത്തന സ്വാതന്ത്ര്യവും വേണ്ട മണ്ണാങ്കട്ടയും വേണ്ട. തെഹല്‍ക്ക ലേഖിക ഷാഹിനയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തപ്പോള്‍ പൊലീസിന്റെ വഴിയേ നടന്നു മാതൃഭൂമി. ഇതെന്ത് പത്രപ്രവര്‍ത്തനം എന്ന് ചോദിക്കേണ്ടിവന്നു അഭ്യുദയകാംക്ഷികള്‍ക്കുപോലും.
ഇങ്ങനെയൊക്കെയാണ് നാട്ടിലെ സമാചാരം. അതുകൊണ്ട് നമുക്ക് പിണങ്ങിപ്പോയ ജനാധിപത്യ കക്ഷികളെ ഓടിച്ചിട്ട് പിടിക്കുന്നതിനെക്കുറിച്ചും കോടതിയിലുള്ള കേസില്‍ നിയമം എത്ര കഴഞ്ച് വേണം എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കാം.

Subscribe to:
Posts (Atom)