എന്താണ് ഒരു പത്രാധിപരുടെ ലക്ഷ്യം? ലളിതമായ ഉത്തരമുണ്ട്-
"പത്തുലക്ഷം പത്രം ചേര്‍ക്കണം. പരസ്യ റേറ്റ് കൂട്ടണം. കൊച്ചുമക്കള്‍ക്ക് പത്തുചക്രം മിച്ചം പിടിക്കണം.''
ഇത് ഒരു സിനിമാ ഡയലോഗാണ്. 'പത്രം' എന്ന സിനിമയിലെ പത്രാധിപരച്ചായന്‍ പറയുന്നത്. ആ സിനിമ റിലീസ് ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപി ഭരണമാണ്. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രമോദ് മഹാജന്‍. തട്ടുപൊളിപ്പന്‍ ഡയലോഗുകളും മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളുമായി സിനിമ അരങ്ങുതകര്‍ത്തോടി. (മനോരമയും മാതൃഭൂമിയും അന്ന് ഈ ചിത്രത്തിന്റെ പരസ്യംപോലും പ്രസിദ്ധീകരിച്ചില്ല) പത്രച്ചിത്രം കണ്ട മനോരമകുടുംബത്തിലൊരാള്‍ക്ക് സംശയം. സിനിമയിലെ മുതലാളി നമ്മുടെ അച്ചായന്‍ തന്നല്ല്യോ? ചാരസുന്ദരിമാരുടെ മാദകകഥകളെഴുതിച്ച് സര്‍ക്കുലേഷന്‍ ഡ്രൈവ്നടത്തുന്നത് റബറിന്റെയും ബലൂണിന്റെയും പാരമ്പര്യമുള്ള പത്രം തന്നല്ലേ?
സംശയം സിന്‍ഡിക്കേറ്റുവാര്‍ത്തപോലെ പരന്നു. കണ്ടത്തില്‍ കുടുംബത്തില്‍ തീക്കനലെരിഞ്ഞു. കുടുംബത്തിങ്കല്‍നിന്ന് ഒരു മുതിര്‍ന്ന പൌരന്‍ ഡല്‍ഹിക്ക് പറന്നു. മധ്യസ്ഥന്‍ പഴയ മനോരമ കുടുംബാംഗവും പുതിയ ബിജെപിയുടെ ഉപദേശിയുമായ ഡല്‍ഹിവാല. പ്രമോദ് മഹാജന്റെ ഓഫീസില്‍ മധ്യസ്ഥസാന്നിധ്യത്തില്‍ മനോരമ ആവശ്യംവച്ചു- പത്രം എന്ന സിനിമ നിരോധിക്കണം. ഫയല്‍ തിരിച്ചും മറിച്ചും വായിച്ചുനോക്കി മഹാജന്‍ തീര്‍പ്പുകല്‍പ്പിച്ചു:
"സാധ്യമല്ല''.
സോണിയ ഗാന്ധിയെ വിമര്‍ശിച്ച് 'വീക്കി'ല്‍ ലേഖനമെഴുതിയതിന്റെ പേരില്‍ മനോരമയുടെ പടിയിറങ്ങേണ്ടിവന്ന മധ്യസ്ഥന്റെ ചതിയോ മഹാജന്റെ തന്റേടമോ കാരണമായതെന്നറിയില്ല. ഡല്‍ഹിക്കുപോയ ആള്‍ നൈരാശ്യത്തോടെ കോട്ടയത്തിന് മടങ്ങി.
ഇപ്പറഞ്ഞതാണ് മനോരമയുടെ ഇടപെടലിന്റെ കഥ. നന്നാക്കാനും നശിപ്പിക്കാനും ഇടപെടും. പത്മഭൂഷണ്‍ കിട്ടാനും പത്മശ്രീ കിട്ടിക്കാതിരിക്കാനും ഇടപെടും. മണലില്‍ എന്നപേരുള്ള ഒരാളുണ്ട് മനോരമയില്‍. മിക്ക അവാര്‍ഡ് കമ്മിറ്റികളിലും അംഗമാകും പഹയന്‍. ബലൂണ്‍ മാനേജ്മെന്റിന് അസൂയ; ചില്ലറ അസ്വാരസ്യം. ഉടനെ തീരുമാനിച്ചു: ഇനി മനോരമയില്‍ അവാര്‍ഡ് കമ്മിറ്റിക്കാരുടെ പേര് കൊടുക്കാനേ പാടില്ല. ഇങ്ങനെ ചികഞ്ഞെടുക്കാന്‍ ഒരുപാടു കഥകളുണ്ട്. ശതമന്യു ഇതെല്ലാം എടുത്തു പുറത്തിടാന്‍ ആളല്ല. പ്രത്യേകിച്ചും അനന്തപുരിയില്‍ അടുത്തടുത്ത്, അടുപ്പുകൂട്ടിയതുപോലെയാണ് മൂന്നു പത്രമാപ്പീസുകള്‍. മനോരമയുടെ ചില്ലുമേടയില്‍നിന്ന് ഒരു ഏറുവന്നാല്‍ അച്ചായന്റെ ചില്ലുമേടയും പൊളിയും ശതമന്യുവിന്റെ തലയും പൊളിയും. പതിനാറുപേജുള്ള പത്രത്തില്‍ പപ്പാതി മനോരമയും ദേശാഭിമാനിയും പങ്കിട്ടെടുത്ത് അച്ചടിക്കുന്ന മധുരമനോജ്ഞസ്വപ്നമാണ് മനോരമയുടെ എഴുത്താളന്‍മാരുടെ ഡയറക്ടര്‍തന്നെ കണ്ടത്. അങ്ങനെയൊക്കെ സ്വപ്നം കാണുന്നവരെ കുത്തിനോവിക്കാന്‍ പ്രയാസംതന്നെ.
പക്ഷേ ആദര്‍ശം ദുഃഖമാണുണ്ണീ എന്നാണല്ലോ. അതുകൊണ്ട്, ഒരു ചെറിയ ഡോസ്.
ഭൂമാഫിയ, തട്ടിപ്പ് എന്നെല്ലാം എഴുതുന്നുണ്ടല്ലോ. ഭൂമി പ്രശ്നത്തില്‍ ഓര്‍ത്തഡോക്സ് സഭയും മനോരമയും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? സഭ സ്വന്തം പത്രം തുടങ്ങാന്‍ ആലോചിക്കുന്നുണ്ടോ? അതിലേക്ക് ഇരുപത്തഞ്ചുകോടി കൊടുക്കാമെന്നേറ്റയാളെ വിദേശത്തേക്ക് പറന്നുചെന്ന് കണ്ട് മനോരമക്കാരന്‍ സ്നേഹാന്വേഷണം നടത്തിയോ? ഉത്തരത്തിന് ധൃതിയില്ല. പതുക്കെ, ആലോചിച്ചുമതി.
*
മാണി-ജോസഫ് ഡസ്ക് എന്നൊരു സാധനത്തെക്കുറിച്ച് പത്രപ്രവര്‍ത്തകര്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ മനോരമയുടെ കോട്ടയത്തെ ആപ്പീസില്‍ ചെന്നാല്‍മതി- കാണാം. മാണി-ജോസഫ് ലയനത്തിന് നിലമൊരുക്കാനും എതിര്‍പ്പുകള്‍ ലഘൂകരിക്കാനും അച്ചായന്റെ വക പനച്ചിപ്പുറത്തെ സ്പെഷ്യല്‍ ഡസ്ക്. കുഞ്ഞുമാണിയും മാണിക്കുഞ്ഞും തേങ്ങായിടീല്‍ ഉദ്ഘാടനംചെയ്താലും ഓള്‍ എഡിഷന്‍ വര്‍ണവാര്‍ത്ത വരും. പണ്ട് ടി എം ജേക്കബിനോട് ചില്ലറ ലോഹ്യമുണ്ടായിരുന്നു. ഇപ്പോള്‍ ജേക്കബ് എന്ന പേരുകണ്ടാല്‍ വാര്‍ത്ത കുട്ടയിലേക്കുപോകും. സോണിയ, ഉമ്മന്‍ചാണ്ടി, പി ജെ കുര്യന്‍, ശോഭന ജോര്‍ജ്- ഇങ്ങനെ കുറെ നല്ല കുട്ടികളുണ്ട്. അവര്‍ക്കെതിരായ വാര്‍ത്ത വല്ലതും വന്നാല്‍ എഴുതിയവനും കൊടുത്തവനും പട്നയിലോ ഭുവനേശ്വറിലോ പോയി വീഴും.
വീരഭൂമിയും മനോരമയും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. ആദ്യത്തേത് പരാമര്‍പോലെ ഉടന്‍കൊല്ലിയാണ്. രണ്ടാമത്തേത് സ്ലോ പോയിസണ്‍. പതുക്കെ, അറിയാതെ കയറുന്ന വിഷം. ആദ്യത്തേതില്‍ അപരിഷ്കൃതമായ പ്രസംഗങ്ങളുടെ പൂര്‍ണരൂപം വരും- ഒരേരൂപം നിരന്തരം അച്ചടിച്ചുവരും. ഒന്ന് പരിഷ്കൃതവും മറ്റൊന്ന് പ്രാകൃതവും. രണ്ടും വൈകൃതംതന്നെ. മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ വീരഭൂമി ആഞ്ഞടിക്കുമ്പോള്‍ മനോരമ അതിനേക്കാള്‍ ആഞ്ഞാഞ്ഞ് അടിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
സര്‍ക്കുലേഷന്‍- അതല്ലേ എല്ലാം.
*
വി എസിനെ പിബിയില്‍ തിരിച്ചെടുക്കുന്നു, അതിനായി കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പൊളിറ്റ്ബ്യൂറോ ചേരുന്നു എന്ന വാര്‍ത്തയാണ് മെയ് ആറിന് വൈകുന്നേരം ചാനലുകളില്‍ ഫ്ളാഷായി മിന്നിയത്. ഫ്ളാഷ് പതുക്കെ പ്രധാന വാര്‍ത്തയായി; ചര്‍ച്ചയായി. ഒരു ചാനലിലല്ല, കൈരളിയും പീപ്പിളുമൊഴികെ ഏതാണ്ട് എല്ലാ ചാനലുകളിലും. പിറ്റേന്ന് പത്രങ്ങള്‍ ആ കഥ ഇങ്ങനെ പ്രസിദ്ധീകരിച്ചു:
മനോരമ: വി എസ് പുനഃപ്രവേശം ചര്‍ച്ച ചെയ്തില്ലെന്ന് സിപിഎം
മാതൃഭൂമി: വി എസിന്റെ പിബി പ്രവേശം ചര്‍ച്ച ചെയ്തില്ലെന്ന് നേതൃത്വം
മാധ്യമം: വി എസിന്റെ പിബി പുനഃപ്രവേശന തീരുമാനം പിന്നീട്
ദീപിക: അച്യുതാനന്ദനെ പൊളിറ്റ്ബ്യൂറോയില്‍ തിരിച്ചെടുക്കാന്‍ ആലോചന
ചന്ദ്രിക: പിബിയിലെത്താന്‍ വി എസ് ഇനിയും കാത്തിരിക്കണം
മനോരമ വാര്‍ത്ത ഇങ്ങനെയാണ്:
"മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പൊളിറ്റ്ബ്യൂറോയില്‍ തിരികെയെടുക്കാന്‍ സിപിഎം തീരുമാനിച്ചെന്ന വാര്‍ത്ത ദേശീയ നേതൃത്വം നിഷേധിച്ചു. ഇന്നലെ കേന്ദ്ര കമ്മിറ്റി നേരത്തെ പിരിഞ്ഞതിനുപിന്നാലെ പിബി സമ്മേളിച്ചത് വി എസിന്റെ പുനഃപ്രവേശം ചര്‍ച്ചചെയ്യാനാണെന്ന് ടിവി ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ വിജയവാഡയില്‍ നടക്കുന്ന വിശാല കേന്ദ്രകമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പിബി ചര്‍ച്ചചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വി എസിന്റെ വിഷയം ഉന്നയിക്കപ്പെട്ടാല്‍ ചര്‍ച്ചചെയ്യുമെന്ന് ചില പിബി അംഗങ്ങള്‍ യോഗത്തിനുമുമ്പ് പറഞ്ഞതോടെ ചില ചാനലുകള്‍ വാര്‍ത്ത നല്‍കുകയായിരുന്നു.''
ഏതോ ഒരു കുബുദ്ധിയുടെ തലയില്‍ ഉദിച്ച് കൈമാറ്റംചെയ്ത ഭാവനയാണ് ചാനലുകള്‍ വാരിവാരി ഭക്ഷിച്ചതും പിറ്റേന്ന് പത്രങ്ങള്‍ ഏമ്പക്കം വിട്ടതും. ഏതുകേന്ദ്രം, എന്തുദ്ദേശ്യം എന്ന വിഷയങ്ങളൊന്നും ശതമന്യു ചര്‍ച്ചചെയ്യുന്നില്ല. ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഒറ്റക്കാര്യം മാത്രം:
മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊരു സാധനം ഇല്ലേയില്ല. വാര്‍ത്ത ഉണ്ടാകുന്നതും പ്രചരിക്കുന്നതും തീര്‍ത്തും നിഷ്കളങ്കമായ കര്‍ണാടകസംഗീതംപോലെ അനര്‍ഗളനിര്‍ഗളമായ സ്വാഭാവിക പ്രക്രിയയിലൂടെയാണ്.
*
ശതമന്യുവിന്റെ ആരെയും ആരും കെട്ടിയശേഷം ഉപേക്ഷിച്ചിട്ടില്ല. അതുകൊണ്ട് മാതൃഭൂമിയോടും സ്നേഹം, മനോരമയോടും സ്നേഹം, ഏഷ്യാനെറ്റിനോടും ഇന്ത്യാവിഷനോടും പെരുത്ത് സ്നേഹം. ശതമന്യു ആരെയും എന്തും പറയും. വ്യക്തിപരമായി അധിക്ഷേപിക്കും. തിരിച്ചിങ്ങോട്ട് തമാശയ്ക്കുപോലും ഒരക്ഷരം പറയാന്‍ പാടില്ല. കാരണം ശതമന്യു പത്രപ്രവര്‍ത്തനരംഗത്തെ ഒരു വല്യ പുള്ളി ആകുന്നു. മാധ്യമ കിടിലമാകുന്നു. ഞങ്ങള്‍ മാധ്യമ കിടിലങ്ങള്‍ക്ക് എല്ലാ സമയത്തും അലറിയാര്‍ക്കാമെന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പുസ്തകത്തില്‍ എഴുതിവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ എന്തോ പറഞ്ഞ മന്ത്രിയും ഇനി പറയാന്‍ പോകുന്ന മന്ത്രിമാരും ദയവായി ജാഗ്രത പാലിക്കണം. ഞങ്ങള്‍ ഒന്നു തീരുമാനിച്ചിറങ്ങിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെ നിയന്ത്രിക്കാനാകില്ല. പിടിച്ചാല്‍ കിട്ടില്ലെന്നേ.
6 comments:
എന്താണ് ഒരു പത്രാധിപരുടെ ലക്ഷ്യം? ലളിതമായ ഉത്തരമുണ്ട്-
"പത്തുലക്ഷം പത്രം ചേര്‍ക്കണം. പരസ്യ റേറ്റ് കൂട്ടണം. കൊച്ചുമക്കള്‍ക്ക് പത്തുചക്രം മിച്ചം പിടിക്കണം.''
ഇത് ഒരു സിനിമാ ഡയലോഗാണ്. 'പത്രം' എന്ന സിനിമയിലെ പത്രാധിപരച്ചായന്‍ പറയുന്നത്. ആ സിനിമ റിലീസ് ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപി ഭരണമാണ്. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രമോദ് മഹാജന്‍. തട്ടുപൊളിപ്പന്‍ ഡയലോഗുകളും മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളുമായി സിനിമ അരങ്ങുതകര്‍ത്തോടി. (മനോരമയും മാതൃഭൂമിയും അന്ന് ഈ ചിത്രത്തിന്റെ പരസ്യംപോലും പ്രസിദ്ധീകരിച്ചില്ല) പത്രച്ചിത്രം കണ്ട മനോരമകുടുംബത്തിലൊരാള്‍ക്ക് സംശയം. സിനിമയിലെ മുതലാളി നമ്മുടെ അച്ചായന്‍ തന്നല്ല്യോ? ചാരസുന്ദരിമാരുടെ മാദകകഥകളെഴുതിച്ച് സര്‍ക്കുലേഷന്‍ ഡ്രൈവ്നടത്തുന്നത് റബറിന്റെയും ബലൂണിന്റെയും പാരമ്പര്യമുള്ള പത്രം തന്നല്ലേ?
പുതിയ കെട്ടിടം മനോരമയുടെയും മംഗളത്തിന്റെയും നടുക്കാണെന്ന് ജയരാജന്‍ സഖാവ് പറയുന്നതു കേട്ടു. കുരിശിലേറുമോ ? ;))))))
കുരിശിലേറുമോ ?
:)
പ്രിയ ശതമന്യു ,
കേരളത്തിലെ കച്ചവട മാധ്യമങ്ങളുടെ കപടവേഷ പിച്ചിച്ചിന്തന്‍ ,സാധാരണക്കാരെന്റെ ശുദ്ധ മനസിലേക്ക് കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ മാരക വിഷം ദിവസേനെഎന്നോണം സംക്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഇ തെമ്മാടിക്കുട്ടത്തെ എന്നെനെക്കുമായി നാടുകടത്താന്‍.... സ്വദേശാഭിമാനി രാമ കൃഷ്ണ പിള്ളയെയും വക്കം മൌലവിയും അഭിമാനെതോടെ കൊണ്ടുന്നടന്ന കേരളിയെന്റെ സ്വത്വബോധം തിരിച്ചു പിടിക്കാന്‍... തൂലിക പടവാളാക്കി ഇനിയും അക്ഷീണം എഴുതുക . .
അഭിവാധ്യങ്ങളോടെ..
ഇന്നത്തെ യേശുദാസന്റെ കുമ്പസാരവും കൂടി ചേര്‍ത്തുവായിക്കണം. കേരളത്തെ ബാധിച്ചിട്ടുള്ള എല്ലാ പിന്തിരിപ്പന്‍ സ്വഭാവങ്ങളുടെയും ഉറവിടം ഈ മുത്തശ്ശി തന്നെയാണ്!
'..വാര്‍ത്ത ഉണ്ടാകുന്നതും പ്രചരിക്കുന്നതും തീര്‍ത്തും നിഷ്കളങ്കമായ കര്‍ണാടകസംഗീതംപോലെ അനര്‍ഗളനിര്‍ഗളമായ സ്വാഭാവിക പ്രക്രിയയിലൂടെയാണ്..'
തന്നെ തന്നെ. മനോരമക്കും വീരവാനരന്മാര്‍ക്കു ഈ സ്വാഭാവിക പ്രക്രിയ ചിലപ്പോഴൊക്കെ അപ്പിയിടാനിരിക്കുമ്പോള്‍ പോലും സംഭവിക്കും :)
Post a Comment