കുമ്പസാരം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ല. പുരോഹിതനോട് പാപം ഏറ്റുപറയുന്ന ആചാരമാണത്. വിവാഹത്തിനുമുമ്പ് വധുവും വരനും കുമ്പസാരിക്കണം. അതുവരെ ചെയ്ത പാപങ്ങള്‍ അവിടെ തീരും. കുമ്പസാരം നടത്തിയ വികാരിയല്ല കെട്ടുനടത്തിക്കുന്നതെങ്കില്‍ കുമ്പസാര സര്‍ട്ടിഫിക്കറ്റ് വേണം. സാക്ഷ്യപത്രം ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആഴ്ചപ്പതിപ്പിനും ചാനലിനും ഇന്റര്‍വ്യൂ കൊടുത്തുള്ള കെട്ടുകുമ്പസാരമാകാമെന്നാണ് പുതിയ രീതി. കുമ്പസാരക്കൂട്ടില്‍ കയറിയാല്‍ മനസ്സിലുള്ളതെല്ലാം ഒളിയും മറയുമില്ലാതെ പറഞ്ഞുതീര്‍ക്കണമെന്നാണ്. ചാനല്‍ക്യാമറയ്ക്കു മുന്നിലാകുമ്പോള്‍ എല്ലാം പറയേണ്ട. വേണ്ടതു പറഞ്ഞാല്‍ മതി. അഥവാ അല്‍പ്പം കൂടുതല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എഡിറ്റിങ്ങിനും സാധ്യതയുണ്ട്. തച്ചറിഞ്ഞ് പണിയണമെന്നത് അധ്വാനത്തിന്റെ നിയമമാണ്. എന്താണ് വാര്‍ത്ത എന്നു മനസ്സിലാക്കി വേണം വാര്‍ത്ത കൈകാര്യം ചെയ്യാന്‍. നുണ കവിതയാണ്. ഏത് വിഡ്ഢിക്കും സത്യം പറയാം. നുണ പറയാന്‍ നല്ല ബുദ്ധി വേണം. ഇംഗ്ളീഷില്‍ നല്ല കവിതകള്‍ വരാതായപ്പോള്‍ ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞത്, ഇംഗ്ളണ്ടില്‍ നുണയന്മാരുടെ എണ്ണം കുറഞ്ഞുപോയി എന്നാണ്. വലിയ നുണ സങ്കല്‍പ്പിച്ചെടുക്കാന്‍ വലിയ ബുദ്ധിതന്നെ വേണം. അത് പ്രചരിപ്പിക്കാനും സ്ഥാപിക്കാനും അസാമാന്യവൈഭവം വേണം.
പണ്ടുകാലത്ത് ആള്‍ക്കൂട്ടങ്ങളുടെ അധ്വാനസംബന്ധമായ വിശേഷങ്ങളാണ് വാര്‍ത്തയായി പരന്നത്. നാടോടിക്കഥകള്‍ക്ക് പൊടിപ്പും തൊങ്ങലുമുണ്ടായപ്പോള്‍ നല്ല വിശേഷങ്ങളായി. പിന്നെപ്പിന്നെ മണ്ണില്‍ നട്ടാല്‍ പൊടിക്കാത്ത നുണകള്‍ വാര്‍ത്തകളായി രൂപാന്തരപ്പെട്ടു. ഒരാള്‍ ഒരു നുണ മനസ്സില്‍ കൊരുത്തെടുക്കും. കുറെപ്പേരെ വിളിച്ചുവരുത്തി കുപ്പി പൊട്ടിക്കും. നുണ താലത്തില്‍ വിളമ്പും. കിട്ടിയവര്‍ ഗ്ളാസ് കാലിയാക്കി നുണ മടിയില്‍ തിരുകി സ്ഥലംവിടും. പിറ്റേന്നത്തെ കടലാസുകളില്‍, ഒരേനുണ തൈര്‍ വടയായും സാദാ മെദുവടയായും രസവടയായും സാമ്പാര്‍വടയായും പ്രത്യക്ഷപ്പെടും.
വടനിര്‍മാണം താജ്മഹല്‍നിര്‍മാണംപോലെ വലിയ പണിയൊന്നുമല്ല. പക്ഷേ, വടയുണ്ടാക്കുന്നവനും താജ്മഹല്‍ ഉണ്ടാക്കിയ ആളും നിര്‍മാതാവാണ്. രണ്ടു നിര്‍മാതാക്കളും ഒരേപേരില്‍ അറിയപ്പെടും. മൂലം രണ്ടാണ്. ഒന്ന് കാമിനിമൂലം. രണ്ട് കനകംമൂലം. ഒരുപാടു കാലം വടവിറ്റ് നുണതിന്നു ജീവിച്ചവര്‍ക്ക് ഒരുനാള്‍ അതെല്ലാം മടുക്കും. അന്ന് ചിക്കന്‍ഫ്രൈ കഴിക്കണമെന്ന് തോന്നും. വിറ്റ വടയുടെ ട്രേഡ് സീക്രട്ട് അപ്പോഴാണ് വിളിച്ചുപറയുക. അതിനെ കുമ്പസാരമെന്നും വിളിക്കും.
ഇനിയുള്ള കാലത്തെ ജീവിതം ധന്യമാക്കാന്‍ ഒരു 'കെട്ടുകുമ്പസാരം.' നാളെ പുതിയ വീട്ടിലേക്ക്, പുതിയ ജീവിതത്തിലേക്ക് പോകേണ്ടതാണല്ലോ.
*
'നരകത്തീന്നെന്നെ കരകേറ്റീടണേ തിരുവൈക്കം വാഴും ശിവശംഭോ' എന്നു പാടിയാല്‍ അപ്പോള്‍ത്തന്നെ പരമേശ്വരന്‍ കിങ്കരനെ പോത്തും കയറുമായി കരകേറ്റാന്‍ അയക്കും എന്ന് ചിന്തിക്കുന്നത് നല്ല മനോവ്യായാമമാണ്. നില്‍ക്കുന്നിടം നരകമെന്ന് സദാ തോന്നുന്നവര്‍ക്ക് അത്യുത്തമം. ഞാന്‍ മഹാന്‍, ഞാനുണ്ടായിരുന്നപ്പോള്‍ എല്ലാം മഹത്തരം, എന്റെ ഉപദേശം ഉല്‍ക്കൃഷ്ടം, എന്നെ വിട്ടപ്പോള്‍ എല്ലാം പോയി എന്ന് ഒരാള്‍ ചാനലിലും ആഴ്ചപ്പതിപ്പിലും പറയുന്നത് കണ്ടു. അതും ഒരു വ്യായാമംതന്നെ. പിടിച്ചുനില്‍ക്കാന്‍ ഇങ്ങനെ ചില അവതാരങ്ങള്‍ നടത്തുന്ന കോപ്രായങ്ങള്‍ രാഷ്ട്രീയത്തില്‍ പതിവാണ്. ഏതെങ്കിലും നേതാവിനെ ചുറ്റിപ്പറ്റി ഉപഗ്രഹമാര്‍ഗത്തില്‍ അവര്‍ ജീവിക്കും.
തിരുവിതാംകൂറിലെ ഒരു ഖദര്‍കഥ കേട്ടിട്ടുണ്ട്. താന്‍ ഉന്നതനേതാവിന്റെ അടുപ്പക്കാരനാണെന്ന് സദാ പറയും. കാര്യസാധ്യക്കാരെയും കൂട്ടി ഉന്നതന്റെ വീട്ടിലേക്ക് ചെല്ലും. കൂടെ വന്നവരെ പുറത്തുനിര്‍ത്തി നേരെ അടുക്കളയിലേക്ക്. അല്‍പ്പസമയം കഴിഞ്ഞ് കൈയില്‍ പാതി കടിച്ച രസകദളിപ്പഴവുമായി ടിയാന്‍ പുറത്തുവന്ന് പറയും"ലീഡര്‍ പ്രാതല്‍ കഴിക്കുന്നു. ഞാന്‍ കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം ശരിയാക്കാം'' എന്ന്. സംതൃപ്തരായി മടങ്ങുന്ന ശുപാര്‍ശക്കാര്‍ അറിയുന്നില്ല, തൊട്ടടുത്ത മുറുക്കാന്‍കടയില്‍നിന്ന് വാങ്ങി മടിയില്‍ തിരുകിയ രസകദളിപ്പഴമാണ് ലീഡറുടെ പ്രാതല്‍മേശയില്‍നിന്നെന്ന വ്യാജേന കടിച്ചുപിടിച്ചതെന്നും ലീഡറെ ടിയാന്‍ കണ്ടിട്ടേയില്ലെന്നും. ലീഡര്‍ ഒന്നും അറിയുന്നില്ലെങ്കിലും ടിയാന്റെ കാര്യങ്ങള്‍ ഭംഗിയായി നടക്കും.
ഇത് ഒരു സാമ്പിളാണ്. ചിലര്‍ നേതാക്കളുമായി അടുപ്പമുണ്ടെന്ന് കാണിക്കാന്‍ സദാ സന്ദര്‍ഭം സൃഷ്ടിക്കും. അനുചിത സന്ദര്‍ഭത്തില്‍ 'സ്വകാര്യം' പറയും. കുടുംബാംഗങ്ങളെ ചാക്കിടും. ചിലര്‍ അല്‍പ്പംകൂടി കടന്ന്, ഞാനാണ് പുള്ളിക്കാരന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്ന് വീമ്പടിക്കും. നേതാവിന്റെ ഭക്ഷണക്രമം, ദൈനംദിന ശീലങ്ങള്‍ എന്നിവയെല്ലാം ആധികാരിക ഭാവത്തില്‍ പൊതുവേദികളില്‍ വിളമ്പി അടുപ്പം തെളിയിക്കാന്‍ നോക്കുന്നവരുമുണ്ട്. ഇതിന്റെയെല്ലാം മൂര്‍ധന്യമാണ്, 'ഞാനാണ് ബൌദ്ധിക ശില്‍പ്പി' എന്ന ഭാവം. എട്ടരപ്പതിറ്റാണ്ട് ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച, സമരങ്ങളുടെയും സഹനങ്ങളുടെയും പ്രോജ്വല പാരമ്പര്യമുള്ള നേതാവ് കഴിഞ്ഞ പത്തുകൊല്ലംകൊണ്ടാണ് മഹാനായതെന്നും അതിന്റെ കാര്‍മികന്‍ ഞാനായിരുന്നുവെന്നും വെച്ചുകാച്ചിയിരിക്കുന്നു ബൌദ്ധിക പ്രതിഭാസത്തിന്റെ ജനയിതാവ്! ഭീഷണിയാണ്- പലതും പറഞ്ഞുകളയുമെന്ന്. ശാപമാണ്- കരുണാകരന്റേതിനേക്കാള്‍ മോശം അവസ്ഥയിലാകുമെന്ന്. പ്രതീക്ഷയാണ്- തെരഞ്ഞെടുപ്പിനുമുമ്പ് ഒരു മലര്‍പ്പൊടിപ്പാര്‍ടി ഉണ്ടാക്കിക്കളയുമെന്ന്. ആദ്യം അടുപ്പക്കാരനെന്ന് നടിച്ചു. പിന്നെ സ്വന്തം വഴിയേ നടത്താന്‍ നോക്കി. പതുക്കെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടപ്പോള്‍ ഇപ്പോള്‍ തെരുവില്‍നിന്ന് തെറിവിളിക്കുന്നു.
കമ്യൂണിസ്റ്റ് പാര്‍ടിക്കും അതിന്റെ നേതാക്കള്‍ക്കും ഇത്തരം സഹായം വേണ്ടെന്നു പറഞ്ഞ് ഇറക്കിവിട്ടിട്ട് പുഴ കുറെ ഒഴുകി. എന്നിട്ടും ബൌദ്ധിക സ്രഷ്ടാവിന്റെ മോരിന് പുളി പോയിട്ടില്ല! മാധ്യമ സിന്‍ഡിക്കറ്റ് ഇല്ലേയില്ല എന്ന് വിലപിച്ചവര്‍, ഞാനായിരുന്നു ആ സിന്‍ഡിക്കറ്റ് എന്ന ഈ വെളിപ്പെടുത്തല്‍ കേട്ട് മിണ്ടാത്തതെന്താണാവോ.
*
ഇവിടെ സഖാക്കള്‍ സമരം നടത്തുമ്പോള്‍ നേതാവ് പേര്‍ഷ്യയില്‍ ഉല്ലാസയാത്ര നടത്തുന്നു എന്നുകേട്ടാല്‍ ആരും ഒന്ന് ശ്രദ്ധിക്കും. ജയില്‍നിറയ്ക്കല്‍ സമരം കീശനിറയ്ക്കല്‍ എന്ന കാര്‍ട്ടൂണ്‍ വര കണ്ടാല്‍ നെറ്റി ചുളിച്ചുപോകും. സമരം വിജയിപ്പിക്കാനാണ് ഇപ്പോള്‍ മനോരമയ്ക്കും മാതൃഭൂമിക്കും താല്‍പ്പര്യം. സമരംമൂലം ജനം വലഞ്ഞു, റോഡ് തടസ്സപ്പെട്ടു, സര്‍ട്ടിഫിക്കറ്റ് നീക്കം അവതാളത്തിലായി എന്നൊന്നുമല്ല, പിണറായി വിജയന്‍ ഇല്ലാത്തതിനാല്‍ സമരക്കാര്‍ വിഷമിച്ചു എന്നാണ് ഇത്തവണത്തെ എഴുത്ത്. ഇടയ്ക്ക് വിദൂഷകവേഷങ്ങളെയും ഇറക്കി. തച്ചങ്കരി എന്തിന് ദുബായില്‍ പോയി എന്നൊരു ചോദ്യശരം. ഉത്തരം പറയാന്‍ പുളിയാര്‍മലയില്‍നിന്ന് ആളെ ഏര്‍പ്പാടുചെയ്തിട്ടുമുണ്ട്. ഇനിയിപ്പോള്‍ ദാവൂദ് ഇബ്രാഹിം, ഒസാമ ബിന്‍ലാദന്‍, ഇത്തിക്കര പക്കി തുടങ്ങിയ മാന്യന്മാരുമായി ദുഫായില്‍ കൂടിക്കാഴ്ച നടത്തി എന്നുകൂടി പറഞ്ഞാല്‍ മതി.
നുണഫാക്ടറികളില്‍ നന്നായി ഉല്‍പ്പാദനം നടക്കുന്നുവെങ്കിലും വിതരണശൃംഖല ഇപ്പോള്‍ ശക്തമല്ല. അതുകൊണ്ട് ചില കടകളിലേ വില്‍പ്പനയുള്ളൂ. ഗള്‍ഫില്‍ പോയത് പിണറായി വിജയന്‍മാത്രമല്ല. സംസ്ഥാനത്തെ ഏറ്റവും സീനിയറായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ പാലോളി മുഹമ്മദുകുട്ടിയുണ്ട്, രാജ്യസഭാംഗം എ വിജയരാഘവനുണ്ട്, മുന്‍ മന്ത്രിയും പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ ടി കെ ഹംസയുണ്ട്. പ്രവാസിമലയാളികളെ നേരില്‍ കണ്ട് സംവദിക്കാനുള്ള യാത്രയ്ക്ക് ആയിരങ്ങളുടെ സ്വീകരണം ലഭിക്കുന്നു. അസൂയ മാനംമുട്ടെ വളരാനുള്ള വകുപ്പുണ്ട്. ഗള്‍ഫില്‍ പോയാല്‍ സെന്റ്, പൌഡര്‍, വാച്ച്, മൊബൈല്‍, ബിസ്കറ്റ്- ഇതൊക്കെ കൊണ്ടുവരാമെന്നാണല്ലോ നാട്ടുനടപ്പ്. അങ്ങനെ കുറെ സാധനങ്ങള്‍ വാരി കൊണ്ടുവരാനുള്ള പോക്കായി ആരെങ്കിലും ധരിക്കുന്നെങ്കില്‍ ആകട്ടെ എന്നാണ് വാര്‍ത്താപ്പടപ്പു വിദൂഷകരുടെ ഉള്ളിലിരിപ്പ്.
ഗള്‍ഫ് രാജ്യങ്ങളില്‍ രാഷ്ട്രീയപാര്‍ടികളുടെ പ്രവര്‍ത്തനവും പരിപാടികളും അനുവദനീയമല്ല. അവിടെ സാംസ്കാരികപരിപാടികളും കൂട്ടായ്മകളുമാണ് നടക്കുക. അതല്ല എന്നുതെളിയിക്കുന്ന ഒരു വാക്ക് എവിടെനിന്നെങ്കിലും വീണുകിട്ടിയാല്‍ അതുവച്ച് പിടിക്കാമെന്നു കരുതുന്ന ബുദ്ധിയെയും നമസ്കരിക്കാം.
എന്തായാലും പിണറായിക്കും സംഘാംഗങ്ങള്‍ക്കും നേട്ടംതന്നെ. ചെലവില്ലാതെ കിട്ടിയ പരസ്യമെത്ര. പര്യടനത്തിന്റെ ഇനിയുള്ള നാളുകളില്‍ ജനക്കൂട്ടത്തിന്റെ വലുപ്പം കൂടും. 'ആരിസ്സഖാക്കള്‍ നാടെങ്ങും പ്രസംഗിച്ചു നടക്കുവോര്‍ ഉത്തമാംഗം മനുഷ്യനു വയറെന്നു നിനയ്ക്കുവോര്‍' എന്നാണ് സഞ്ജയന്‍ പറഞ്ഞത്. ആ വിശേഷണം അങ്ങനെത്തന്നെ കിടക്കട്ടെ. പ്രവാസികളുടെ പ്രശ്നങ്ങള്‍ (തീര്‍ച്ചയായും വയറിന്റെ) മനസ്സിലാക്കി സഖാക്കള്‍ അങ്ങനെ പൊയ്ക്കോട്ടെ. എല്ലാവരും അറിഞ്ഞുള്ള യാത്രയാണല്ലോ. പിന്നാലെ വീരേന്ദ്രകുമാറിന്റെ ക്രൈം സ്നിഫറുകള്‍ കുതിക്കട്ടെ.
ചീവീട് ചെറുതെങ്കിലും അതിന്റെ ഒച്ച വലുതാണ്. രാഷ്ട്രീയത്തിലും വേണം ചില ചീവീടുകള്‍- വെറുതെ ഒച്ച ഉണ്ടാക്കാന്‍. അയ്യയ്യേ...ഇതെന്തൊരു വ്യക്തിവിരോധം എന്നൊന്നും ശതമന്യുവിന് തോന്നുന്നില്ല. സ്വന്തം സഹോദരിയെ അപമാനിക്കാന്‍ ആട്ടുകല്ലുമുക്ക് സ്ഥാപിച്ച ദുഷ്ടമനസ്സിന് ഏതുമോശത്തരവും വഴങ്ങും. സീറ്റ് കിട്ടാത്തതിന് കാരണക്കാരന്‍ പിണറായിയാണെന്ന് സങ്കല്‍പ്പിച്ച് എന്ത് വൃത്തികേടും പറയും. അത് അങ്ങനെയൊരു ജന്മം. ഓടക്കുഴലില്‍ പന്തീരാണ്ടുകിടന്നാലും നിവരാത്തത്.
4 comments:
നുണഫാക്ടറികളില്‍ നന്നായി ഉല്‍പ്പാദനം നടക്കുന്നുവെങ്കിലും വിതരണശൃംഖല ഇപ്പോള്‍ ശക്തമല്ല. അതുകൊണ്ട് ചില കടകളിലേ വില്‍പ്പനയുള്ളൂ. ഗള്‍ഫില്‍ പോയത് പിണറായി വിജയന്‍മാത്രമല്ല. സംസ്ഥാനത്തെ ഏറ്റവും സീനിയറായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ പാലോളി മുഹമ്മദുകുട്ടിയുണ്ട്, രാജ്യസഭാംഗം എ വിജയരാഘവനുണ്ട്, മുന്‍ മന്ത്രിയും പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ ടി കെ ഹംസയുണ്ട്. പ്രവാസിമലയാളികളെ നേരില്‍ കണ്ട് സംവദിക്കാനുള്ള യാത്രയ്ക്ക് ആയിരങ്ങളുടെ സ്വീകരണം ലഭിക്കുന്നു. അസൂയ മാനംമുട്ടെ വളരാനുള്ള വകുപ്പുണ്ട്. ഗള്‍ഫില്‍ പോയാല്‍ സെന്റ്, പൌഡര്‍, വാച്ച്, മൊബൈല്‍, ബിസ്കറ്റ്- ഇതൊക്കെ കൊണ്ടുവരാമെന്നാണല്ലോ നാട്ടുനടപ്പ്. അങ്ങനെ കുറെ സാധനങ്ങള്‍ വാരി കൊണ്ടുവരാനുള്ള പോക്കായി ആരെങ്കിലും ധരിക്കുന്നെങ്കില്‍ ആകട്ടെ എന്നാണ് വാര്‍ത്താപ്പടപ്പു വിദൂഷകരുടെ ഉള്ളിലിരിപ്പ്.
സെൻസസ്സിൽ പോലും പ്രവാസിയെ കയറ്റുകയില്ല പിന്നെയാ സംവദിക്കൽ...
പിണറായിയായാലും ചെന്നിത്തലയായാലും ഇതൊക്കെ തന്നെ....
ഇടതുസര്‍ക്കാര്‍ പ്രവാസികള്‍ക്കായി കൊണ്ടുവന്ന പദ്ധതികളെക്കുറിച്ച് ഇവിടെ ഉണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എടുക്കുന്ന നടപടികളിലെ അന്തരം കുറെയൊക്കെ ഇതില്‍ നിന്ന് മനസ്സിലാകും. കാടടച്ച് എല്ലാം കണക്കെന്നു പറയുന്നത് ഒന്നും ചെയ്യാത്തവനെ രക്ഷിക്കുന്നതിനു തുല്യം.
പിണറായിയെ കുറിച്ച് കുറച്ചു നാളായി വാര്‍ത്തകള്‍ ഒന്നും ഉണ്ടാക്കാന്‍ പറ്റുനില്ല എന്നതിനാല്‍ മാധ്യമ syndicate ആകെ മൊതേം വെപ്രാളത്തില്‍ ആണ്. തിരെഞ്ഞുടുപ്പുകള്‍ വരാന്‍ പോവുകയാണ് ..
കഴിഞ്ഞപന്ത്രണ്ടുവര്‍ഷത്തിലതികമായികാലത്താല്‍ നടത്തി വരാറുള്ള പിണറയി വിരുദ്ധ മാധ്യമ കളിയാട്ട മഹോത്സവം മുടങ്ങരുതല്ലോ ..! അങ്ങനെയിരിക്കെ ഹൈകാമാണ്ട് കൂടി,വീരേന്ദ്രകുമാറിന്റെ കര്മികത്യ്തില്‍.. .ഷാജഹാന്‍ വീ എസ് തുടങ്ങിയ താരങ്ങളെ അണിനിരത്തി ഒരു കയികുടി നോക്കാമെന്ന്... ക്രൈം നന്ദ കുമാറിനെ പിറകെയും .....
ലാവ്‌ലിന്‍, കോടികളുടെ കൊട്ടാരം, കമല ഇന്റര്‍നാഷണല്‍ വരധാചാരിയുടെ തല.... തുടങ്ങി എല്ലാവിധ പടങ്ങളും പൊട്ടി പളിസായി... ഇനി മൌരിശ്യെസ് യാത്ര(?) അപ്പോള്‍ അദ്ദേഹം ഉടുത്ത പാന്റ്സ്.... ഷര്‍ട്ട് എന്നിവേ വെച്ച് ഒരു കളി...... കഥ എങ്ങനെയോക്കെയവം..... ഉടുതെ പാന്റ്സിന്റെ തുണി, വിമല്‍ കമ്പനിയുടെ ബ്രാന്‍ഡ് ആണെന്നും, അത് അംബാനിയുടെ താനെന്നും ... അംബാനിയുമയുള്ള അവിഹിത ബന്ധത്തിലുടെ സമ്പതിച്ചതനെന്നു .... !!!! മൌരെഷ്യത്തില്‍(?) ടൂറിനു പോയെത് "" കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ "" എന്നാ ബിസിനസ് സാമ്രാജിയം പടുതുയാര്തനെന്നും.... ഇനി നമുക്ക് ഫ്ലാഷ് ന്യൂസ് യും വോട്ട് ആന്‍ഡ് ടോക്ക് യും ന്യൂസ് അവരുകളയും പത്ര സമ്മേലനെങ്ങള്‍യും കേട്ട് കൊണ്ടെയിരിക്കാം ... ഇതുവരെ ആരും കാണാത്ത ഷാജഹാനെ മനോരമ ചാനെല്‍ അരമണിക്കൂര്‍ ഇടവിട്ട് ലൈവ് ആയി കനിച്ചുകൊണ്ടെയിരിക്കുന്നു...
എന്റെ ശതമന്യുവേ ... ആ കോഴിക്കോട് സീറ്റ് എങ്ങാനും കൊടുതിരുനെങ്കില്‍ തീരുന്ന ദാര്‍ശനിക സമസ്യ , അനന്തരം രമേന്റെ ദുഖം പോയിട്ട് വീരെന്റെ ദുഖംവും ..മീരയുടെ സ്വപ്നവും ഷാജഹാന്റെസ്വപ്നസ്ഘലനവും.. നന്ദകുമാറിന്റെ നീലച്ചിത്രവും.. എല്ലാം കാണേണ്ടി വന്നില്ലേ എന്റെ പുളിയര്‍മലയപ്പ ......!
Post a Comment