'കപ്പലകത്തൊരു കള്ളനിരുന്നാല്‍ എപ്പൊഴുമില്ലൊരു സുഖമറിയേണം' എന്നൊരു ചൊല്ലുണ്ട്. ശതമന്യു നില്‍ക്കുന്നത് മാധ്യമരംഗം എന്ന കപ്പലിലാണ്. അതില്‍ ഒന്നല്ല ഒരുപാട് കള്ളന്മാരുണ്ടെന്ന തിരിച്ചറിവു മൂലം കണ്ണില്‍ ഇരുട്ടുകയറുന്നു, രക്തസമ്മര്‍ദം കൂടുന്നു; കൈകാലുകള്‍ തളരുന്നു.
കഴിഞ്ഞ ദിവസം ഒരു പത്രാധിപര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്താന്‍ ചെന്നു. താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് എഴുതിത്തന്നാലല്ലാതെ പത്രസമ്മേളനം അനുവദിക്കുന്നില്ലെന്നാണ് പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞത്. പത്രാധിപര്‍ നേരെ 'കേസരി മന്ദിര'ത്തിലേക്ക് കുതിച്ചു. അവിടെ പണമടച്ച് പത്രസമ്മേളനം. പുറത്തുവിട്ടത് പ്രകാശ് കാരാട്ടിനുള്ള 'തുറന്ന' കത്ത്. അതില്‍ പിണറായി വിജയന്‍, എം എ ബേബി, തോമസ് ഐസക് തുടങ്ങിയ സിപിഐ എം നേതാക്കള്‍ക്കെതിരെ പൂരത്തെറി. കേരളീയര്‍ക്ക് സുപരിചിതനായ ദേഹമാണ് പ്രസ്തുത പത്രാധിപന്‍. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ധീരനായകന്‍; സംസ്കാര സമ്പന്നന്‍; സത്യസന്ധന്‍; വിനയാന്വിതന്‍; ലളിതകോമളന്‍; ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തനത്തിന്റെ കാലന്‍. അങ്ങനെയൊരു മഹാന്‍ അഴിഞ്ഞാടുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതുതന്നെ അഭിമാനകിടിലം!
അഴിമതി വിരുദ്ധ പോരാട്ടനായകന്റെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ചില മണിമുത്തുകള്‍ ഓര്‍ത്തുനോക്കൂ-ഒരിക്കല്‍ അദ്ദേഹത്തിന്റെ വാരിക പറഞ്ഞു, കേരളത്തിന്റെ മഹാനടന് എയ്‌ഡ്‌സ് രോഗമാണെന്ന്. പിന്നെ പറഞ്ഞു, നടനും രാഷ്ട്രീയക്കാരനുമായ ദേഹത്തിന് പിതാവില്‍നിന്ന് ആനയെ കിട്ടിയപ്പോള്‍ സ്വന്തമായി എയ്‌ഡ്‌സ് രോഗം സമ്പാദിക്കാനായെന്ന്. നടന്‍ നടിയെ ഗര്‍ഭിണിയാക്കിയെന്നും രഹസ്യമായി ഗര്‍ഭച്ഛിദ്രം നടത്തിയത് കാരക്കാസിലെന്നും മറ്റൊരു വന്‍വാര്‍ത്ത പുറകെവന്നു. ഒരു നടി സ്വന്തം നീലച്ചിത്രം ഒരുകോടി രൂപയ്ക്ക് വിറ്റെന്ന് വേറൊരു വാര്‍ത്ത. മാഷ് ടീച്ചര്‍ക്കെഴുതിയ പ്രണയലേഖനങ്ങള്‍ ഉദ്ധരിച്ച് സാംസ്കാരിക കേരളത്തിനുനേരെ ചാട്ടവാര്‍ വീശിക്കൊണ്ടും വന്നു ഒരുതവണ ക്രിമിനല്‍ നായകന്‍.
അങ്ങനെയൊരു മഹാന്, പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയെന്ന വാര്‍ത്ത എഴുതിവിടുന്നതില്‍ മടിയെന്തിന്? ശതമന്യു ഇന്നലെവരെ കരുതിയത്, പത്രപ്രവര്‍ത്തനത്തിന്റെ കുലപതി മേല്‍പറഞ്ഞ മഹാനുഭാവനാണ് എന്നുമാത്രമാണ്. തെറ്റിപ്പോയി. അതിനേക്കാള്‍ മിടുക്കന്മാര്‍ വേറെയുണ്ട് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ആ മിടുക്കിനുമുന്നില്‍ ക്രിമിനല്‍ വാരികയുടെ പത്രാധിപകുമാരന്‍ വെറും അശുമാത്രം. കോടതി പറഞ്ഞതുപോലെ ഒരു സാദാ 'ക്രുക്കഡ്' ഫെലോ.
മാധ്യമപ്രവര്‍ത്തനം പുതിയ മേഖലകളിലേക്കാണ് കടന്നിരിക്കുന്നത്. പണ്ട് ഒരു വാര്‍ത്ത ചോര്‍ത്തണമെങ്കില്‍ എന്തെല്ലാം പാട്. ചോര്‍ത്തിക്കിട്ടേണ്ട കേന്ദ്രത്തെ സ്വാധീനിക്കണം; പ്രലോഭിപ്പിക്കണം; പണം കൊടുക്കണം. ഇന്ന് അതൊന്നും വേണ്ട. വാര്‍ത്ത തനിയേ ചോര്‍ന്ന് ഇങ്ങെത്തിക്കൊള്ളും. സിപിഐ എം കേന്ദ്ര കമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും ചര്‍ച്ചകള്‍ നെഹ്റുട്രോഫി വള്ളംകളിയുടെ ദൃൿസാക്ഷിവിവരണം പോലെയല്ലേ ചാനല്‍കുട്ടന്മാര്‍ നിരന്നുനിന്ന് രണ്ടുദിവസം വിളമ്പിത്തന്നത്. "ഇതാ പിണറായി വന്നു, വിഎസ് വന്നു, കോടിയേരി വന്നു, ബേബി വന്നു-വി എസിന്റെ ശരീരഭാഷയില്‍നിന്ന് ഒന്നും മനസ്സിലാകുന്നില്ല, ഇ പി ജയരാജന്‍ കണ്ണിറുക്കി ചിരിക്കുന്നുണ്ട്, പിണറായി ഗൌരവത്തിലാണ് ''-ഇതാണ് സാമ്പിള്‍. കേന്ദ്രകമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ഓരോരുത്തരും എത്തുന്നത് 'ബ്രേക്കിങ് ന്യൂസ് '. വി എസ് അല്‍പ്പം താമസിച്ചപ്പോള്‍ ഭൂമികുലുങ്ങുമോ എന്ന് സംശയം. യെച്ചൂരി അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങിയപ്പോള്‍, "കാറി ല്‍ കയറിപോയി'' എന്ന് അടുത്ത ഫ്ളാഷ്. ഒടുവില്‍ പറഞ്ഞു, നടപടി പിണറായിക്കും വരുമെന്ന്. എന്തിന് നടപടി, ആര് ആവശ്യപ്പെട്ടു എന്നൊന്നും വിഷയമല്ല. ചാനല്‍പൈതങ്ങള്‍ക്ക് വായ്ക്ക് തോന്നുന്നതുതന്നെ അപ്പപ്പോഴത്തെ പാട്ട്.
പത്രങ്ങളും മോശമാക്കിയില്ല. മനോരമ എഴുതിയത്, പിബി ചര്‍ച്ചയില്‍ വി എസിന്റെ സ്‌കോര്‍ ഒരുഘട്ടത്തില്‍ 10-3 എന്ന തോതില്‍ ഉയര്‍ന്നു എന്നാണ്. ഇതെല്ലാം സഹിക്കാം. രണ്ടുദിവസമായി കാണുന്ന ഒരു ദൃശ്യം അങ്ങനെ സഹിക്കാനാവാത്തതാണ്. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിതരണംചെയ്ത പിബി രേഖ ചില മലയാള ചാനലുകള്‍ 'ചോര്‍ത്തി' വാര്‍ത്തയാക്കിയതിന്റെ ദൃശ്യമാണത്. 'ചോര്‍ത്തി'യ രേഖ അഭിമാനത്തോടെയാണ് ചാനലുകള്‍ കാണിച്ചത്-സ്വന്തം മിടുക്കാണെന്ന് ഭാവിച്ച്. പലരും അമ്പരന്നു-യോഗം തുടങ്ങുമ്പോള്‍തന്നെ രഹസ്യരേഖ ചോര്‍ന്നുപോവുകയോ? എങ്ങനെ, ആര് ചെയ്തു ഈ പാതകം? ചാനല്‍ദൃശ്യങ്ങള്‍ ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ കൈയില്‍വച്ച് വായിക്കുമ്പോള്‍ അവരറിയാതെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന്. യോഗം തുടങ്ങുന്നതിനുമുമ്പുതന്നെ ഹാളില്‍ രേഖ വിതരണം ചെയ്തിരുന്നു. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അകത്തുകയറിയ ചാനല്‍ വിദ്വാന്മാര്‍ പകര്‍ത്തിയത് യോഗമല്ല; യോഗത്തിലിരിക്കുന്നവരുടെ കൈയിലെ കടലാസാണ് ! അങ്ങനെ പാര്‍ടിരേഖ അവര്‍ ചോര്‍ത്തി! പാര്‍ടിയെ ചാനലുകാര്‍ പറ്റിച്ചു! ചിരികളിയോടെ വീട്ടില്‍കയറി കിണ്ടിയും കിണ്ണവും കട്ടെടുക്കുന്ന പരിപാടി. ഇത് ശുദ്ധമായ മോഷണംതന്നെ. ഇത്തരം സ്വഭാവക്കാരെ വിശ്വസിച്ച് വീട്ടില്‍ കയറ്റാന്‍ കൊള്ളുമോ? അങ്ങനെ കയറിയാല്‍ അവരുടെ ക്യാമറ എങ്ങോട്ട് കണ്ണുതുറക്കുമെന്ന് ഉറപ്പിക്കാനാവുമോ? അമ്മമാരും സഹോദരിമാരുമുള്ളവര്‍ മാധ്യമക്കോലങ്ങളെ ഭയപ്പെടേണ്ടിവരില്ലേ? ക്രൈംകുമാരന്‍ വില്‍ക്കുന്നത് മഞ്ഞപ്പത്രമാണെങ്കില്‍, ഈ മാന്യന്മാര്‍ കൊണ്ടുനടക്കുന്നത് മാധ്യമ കുഷ്ഠമാണ്. ഇതിനേക്കാള്‍ നല്ല പണി തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെ പോക്കറ്റടി തന്നെ. ഒളിഞ്ഞുനോട്ടം മാധ്യമപ്രവര്‍ത്തനമാകുമ്പോള്‍ കവലച്ചട്ടമ്പിയെ മര്യാദരാമനെന്നോ വീരകേസരിയെന്നോ വിളിക്കാം.
****
ഇനി ഒരു കത്താണ്. ഒരു സുഹൃത്തിന്റെ ഭാവനയില്‍ വിരിഞ്ഞത്.
പ്രിയപ്പെട്ട മാധ്യമങ്ങളെ,
ആരാലുമറിയാതെ പോവുമായിരുന്ന കേന്ദ്രകമ്മിറ്റി യോഗത്തെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആക്കിത്തന്നതിന് നന്ദി. യോഗത്തിനുവന്ന ഓരോ അംഗത്തിന്റെയും ഓരോ ചലനവും ഒപ്പിയെടുത്ത് റിപ്പീറ്റ് കാണിച്ചതിന് നന്ദി. അവരുടെ ചലനങ്ങള്‍, നോട്ടങ്ങള്‍, കണ്ണിമയ്ക്കലുകള്‍, വാക്കുകള്‍, മൌനങ്ങള്‍ എല്ലാം ഒപ്പിയെടുത്ത് എല്ലാവരെയും ഒരു ‘സംഭവം’ ആക്കിത്തീര്‍ത്തതിന് നന്ദി. ഇടതുകാലു വച്ചാണ് ഒരു നേതാവ് പുറത്ത് വന്നതെങ്കില്‍ അകത്തും, വലതുകാല്‍ വച്ചാണ് പുറത്ത് വന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെതന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ. ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ടുതന്നെ പുറത്തേക്കു വരുമ്പോള്‍ കാണുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം. മനോവിശ്ളേഷണ രംഗത്ത് ഒരുê പുതിയ അധ്യായം ഈ “ദന്തവൈദ്യ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.
ചിലര്‍ മടങ്ങാനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്ന വിമാനത്തിന്റെ ഫയല്‍ഫോട്ടോ പ്രക്ഷേപണം ചെയ്തതിലൂടെ ബ്രേക്കിങ് ന്യൂസ് മേഖലയില്‍ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറക്കാന്‍ നിങ്ങള്‍ക്കായി. ടിക്കറ്റിന്റെ ഫോട്ടോ സ്റാറ്റും ടിക്കറ്റ് നമ്പരിന്റെ ന്യൂമറോളജിക്കല്‍ വിശകലനവുംകൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി സയന്റിഫിക്കാകാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എന്ന് സി.സി വിലയിരുത്തുന്നു. കല്ലച്ചിലെ തെളിയാത്ത അക്ഷരങ്ങളില്‍നിന്ന് മാധ്യമലോകം എത്രമാത്രം വളര്‍ന്നിരിക്കുന്നു.
ഇനിമുതല്‍ പിബിയും കേന്ദ്രകമ്മിറ്റിയും കൂടാനുള്ള ദിവസങ്ങളും ഗണിച്ച് ബ്രേക്കിങ് ന്യൂസ് ആയി നല്‍കുന്ന പുത്തന്‍ സാങ്കേതികവിദ്യ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്കാവും എന്ന് സി.സിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഊഹിച്ചെഴുതുന്നതിന് പകരമായി, വെര്‍ച്ച്വല്‍ പിബിയും കേന്ദ്രകമ്മിറ്റിയും ഉണ്ടാക്കുവാനും ലൈവ് ആയി വെര്‍ച്ച്വല്‍ പിബി, വെര്‍ച്ച്വല്‍ സിസി ചര്‍ച്ചകള്‍ പ്രക്ഷേപണം ചെയ്യുവാനും അനതിവിദൂര ഭാവിയില്‍ നിങ്ങള്‍ക്കാകട്ടെ എന്ന് സിസി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
ഞങ്ങള്‍ എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഞങ്ങളേക്കാള്‍ മുന്നേ കൂട്ടായിരുന്ന് തീരുമാനിക്കുകയും ബ്രേക്കിങ് ന്യൂസ് നല്‍കുകയും ചെയ്യുന്ന നടപ്പ് രീതികളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അത്തരമൊരു സാങ്കേതികവിദ്യാവികാസം. വികസിത, അതിവികസിത രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഇത്തരം ഇന്നോവേഷന്‍സ് മലയാള മാധ്യമരംഗത്തിന് അന്താരാഷ്ട്ര ഖ്യാതി നേടിത്തരും എന്നതില്‍ സിസി ഏകാഭിപ്രായക്കാരാണ്.
എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണിനിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സിസി ശ്ളാഘിക്കുന്നു. ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാൻ നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
ഒരു ചെറിയ വിമര്‍ശനംകൂടി പറഞ്ഞുകൊണ്ട് ഈ കത്ത് അവസാനിപ്പിക്കട്ടെ.. ഞങ്ങള്‍ ഇന്ന രീതിയില്‍ തീരുമാനിക്കും എന്ന് പറഞ്ഞ് നിങ്ങള്‍ കൊടുക്കുന്ന പരസഹസ്രം വാര്‍ത്തകളില്‍ ഏതെങ്കിലും ഒരെണ്ണം, ഏതെങ്കിലും മാധ്യമങ്ങളിലോ, ഏതെങ്കിലും ചാനലുകളിലോ, എന്നെങ്കിലും തെറ്റുകയാണെങ്കില്‍ (ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു) ഒരു ചെറിയ തിരുത്ത് കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇന്ന് നിങ്ങള്‍ പുലര്‍ത്തിവരുന്ന അസൂയാവഹമായ സത്യസന്ധതയ്ക്ക് അതൊരു മകുടം ചാര്‍ത്തലായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.
സത്യസന്ധതയുടേതും, ഉയര്‍ന്ന പ്രൊഫഷണലിസത്തിന്റേതുമായ പാതയിലൂടെ ഇന്ന് ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്...
നിങ്ങളുടെ സ്വന്തം സി.സി
2 comments:
അഴിമതി വിരുദ്ധ പോരാട്ടനായകന്റെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ചില മണിമുത്തുകള്‍ ഓര്‍ത്തുനോക്കൂ-ഒരിക്കല്‍ അദ്ദേഹത്തിന്റെ വാരിക പറഞ്ഞു, കേരളത്തിന്റെ മഹാനടന് എയ്‌ഡ്‌സ് രോഗമാണെന്ന്. പിന്നെ പറഞ്ഞു, നടനും രാഷ്ട്രീയക്കാരനുമായ ദേഹത്തിന് പിതാവില്‍നിന്ന് ആനയെ കിട്ടിയപ്പോള്‍ സ്വന്തമായി എയ്‌ഡ്‌സ് രോഗം സമ്പാദിക്കാനായെന്ന്. നടന്‍ നടിയെ ഗര്‍ഭിണിയാക്കിയെന്നും രഹസ്യമായി ഗര്‍ഭച്ഛിദ്രം നടത്തിയത് കാരക്കാസിലെന്നും മറ്റൊരു വന്‍വാര്‍ത്ത പുറകെവന്നു. ഒരു നടി സ്വന്തം നീലച്ചിത്രം ഒരുകോടി രൂപയ്ക്ക് വിറ്റെന്ന് വേറൊരു വാര്‍ത്ത. മാഷ് ടീച്ചര്‍ക്കെഴുതിയ പ്രണയലേഖനങ്ങള്‍ ഉദ്ധരിച്ച് സാംസ്കാരിക കേരളത്തിനുനേരെ ചാട്ടവാര്‍ വീശിക്കൊണ്ടും വന്നു ഒരുതവണ ക്രിമിനല്‍ നായകന്‍.
അങ്ങനെയൊരു മഹാന്, പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയെന്ന വാര്‍ത്ത എഴുതിവിടുന്നതില്‍ മടിയെന്തിന്? ശതമന്യു ഇന്നലെവരെ കരുതിയത്, പത്രപ്രവര്‍ത്തനത്തിന്റെ കുലപതി മേല്‍പറഞ്ഞ മഹാനുഭാവനാണ് എന്നുമാത്രമാണ്. തെറ്റിപ്പോയി. അതിനേക്കാള്‍ മിടുക്കന്മാര്‍ വേറെയുണ്ട് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ആ മിടുക്കിനുമുന്നില്‍ ക്രിമിനല്‍ വാരികയുടെ പത്രാധിപകുമാരന്‍ വെറും അശുമാത്രം. കോടതി പറഞ്ഞതുപോലെ ഒരു സാദാ 'ക്രുക്കഡ്' ഫെലോ.
CPI(M) വിരുദ്ധ പ്രകടനങ്ങലുടെ പിന്നില്‍ ആര്‍?
http://www.youtube.com/watch?v=c-IcJ3ZS47c
Post a Comment