Sunday, June 14, 2009

വളയാത്ത നട്ടെല്ല്

തമാശകള്‍ തുടരുകയാണ്....

'പിണറായി മാറിനില്‍ക്കണമെന്ന് വി എസ്' എന്ന വാര്‍ത്താവെളിപാടില്‍ ഒടുങ്ങുന്നില്ല വീരകേസരി പത്രത്തിന്റെ ആഗ്രഹങ്ങള്‍. 'സിപിഐയില്‍ രണ്ടഭിപ്രായം' എന്ന കഥകൂടി മേമ്പൊടി ചേര്‍ത്തിരിക്കുന്നു. ഇത്രനാളും സിപിഐ എമ്മിലെ ഗ്രൂപ്പിസം മതിയായിരുന്നു പിടിച്ചുനില്‍ക്കാന്‍. ഇനി സിപിഐയില്‍, ആര്‍എസ്പിയില്‍, ജോസഫ് ഗ്രൂപ്പില്‍, കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസില്‍-എല്ലാറ്റിലും അല്‍പ്പസ്വല്‍പ്പം ഗ്രൂപ്പിസം കണ്ടെത്തിയാലേ പരിപ്പ് വേവൂ എന്നായിരിക്കുന്നു. സിപിഐ ഒരപരാധം ചെയ്തു. സിപിഐ എം അഭിപ്രായപ്പെട്ടതുപോലെ ഗവര്‍ണറുടേത് കടന്നകൈയാണെന്ന് തുറന്നുപറഞ്ഞുപോയി. ആര്‍എസ്പിയും അതുതന്നെ പറഞ്ഞു. അങ്ങനെ വല്ലതും സംഭവിക്കാന്‍ പാടുള്ളതാണോ? പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുടെ ചുടുചോര ചീറ്റിത്തെറിക്കണം. അതുകണ്ട് ചിലര്‍ക്ക് ചിരിച്ച് അര്‍മാദിക്കണം. സിപിഐ എം അധിക്ഷേപിക്കപ്പെടണം. അത്തരമൊരാഗ്രഹം സാധിക്കാനുള്ള ആര്‍ത്തിക്കിടയില്‍ ഏതുപാര്‍ടിയിലും ഗ്രൂപ്പുണ്ടാക്കാം; ഏതുകുടുംബത്തിലും ഏറ്റവും ദുഃഖകരമായ അവസ്ഥയുണ്ടാക്കാം. കുടിലമായ രാഷ്ട്രീയലക്ഷ്യമാണ് പ്രധാനം. അതിനായി ജീവിതത്തില്‍ ഒരിക്കലും അഴിമതിക്കുനേരെ കണ്ണെറിഞ്ഞിട്ടില്ലാത്ത മനുഷ്യരെ അഴിമതിയുടെ നാറുന്ന കഥകളില്‍ പിടിച്ചുമുക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ തീതീറ്റിക്കുന്നതിനും എന്തിന് മടിച്ചുനില്‍ക്കണം?

എ കെ ബാലന്‍ പറഞ്ഞത് മനോബലം കൊണ്ടാണ് പിണറായി വിജയന്‍ പിടിച്ചുനില്‍ക്കുന്നതെന്നാണ്. കമ്യൂണിസ്റ്റുകാരുടെ മനസ്സിന് നല്ല ബലംതന്നെയുണ്ട്. ഹിമാലയക്കാരന്‍ എവറസ്റ്റുകാരനെ കൊന്നതിന് കൂട്ടുനിന്ന വകയില്‍ പണവും സ്ഥലവും പിടുങ്ങിയതിന്റെ പേരില്‍ ഒരു ഹിന്ദി വാധ്യാര്‍ക്കെതിരെ ചില ആരോപണങ്ങള്‍ വന്നിരുന്നു. അന്ന് ഖദറിട്ട വാധ്യാര്‍ പത്രക്കാരുടെമുന്നില്‍ വിയര്‍ക്കുന്നതും മുഖംതുടയ്ക്കുന്നതും വിളറുന്നതും വിറയ്ക്കുന്നതുമൊക്കെയാണ് നാട്ടുകാര്‍ കണ്ടത്. ഇവിടെ, വരുന്നത് ആരോപണങ്ങളല്ല, നുണകള്‍ കൂട്ടിക്കെട്ടിയ നാപ്പാംബോംബുകളാണ്. ഒന്നിനുപുറകെ ഒന്നായി പൊട്ടുന്നു; ചിതറിത്തെറിക്കുന്നു. പിണറായി വിജയന് ഒരു കുലുക്കവുമില്ല. ആര്‍എസ്എസുകാരന്റെ കത്തിയും വാളും വാടകക്കൊലയാളിയുടെ വെടിയുണ്ടയും ചീറിവരുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വിറച്ചിട്ടില്ല. ഇതിന് മനോബലം എന്നല്ല പറയേണ്ടത്-കരിങ്കല്ലുപോലത്തെ മനസ്സാണോ അത്?

മ രാഷ്ട്രീയക്കളിയുടെ ഉത്സവത്തിനിടയ്ക്ക് നാമെല്ലാം പലതും മറന്നുപോകുന്നു. സമാനതകളില്ലാത്ത വ്യക്തിഹത്യയാണ് നടക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ടിയുടെ അമരക്കാരനായി എന്ന ഒറ്റക്കാരണം കൊണ്ട് ഒരാള്‍ വേട്ടയാടപ്പെടുന്നു. ഒരു വിമാനയാത്രയുടെ പേരില്‍ മാധ്യമങ്ങളും കുത്സിതശക്തികളും കേരളരാഷ്ട്രീയത്തില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ എന്തൊക്കെയാണെന്നോര്‍ത്തു നോക്കൂ. ഡല്‍ഹിയിലേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും തികച്ചും വ്യക്തിപരമായ ആവശ്യത്തിന് ചെന്നൈയില്‍ ഇറങ്ങിയ പിണറായി എത്രവേഗമാണ് വിവാദത്തിലേക്ക് എറിയപ്പെട്ടത്. ശത്രുക്കളുടെ ആക്രമണമുണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തോക്ക് ലൈസന്‍സ് അനുവദിച്ചത്. ആ തോക്കിന്റെ ഉണ്ടകള്‍ അബദ്ധത്തില്‍ ബാഗിലായിപ്പോയി. അതാണ് വിവാദത്തിന്റെ കാട്ടുതീയായി പടര്‍ത്തിയത്. മനസ്സാക്ഷിയില്ലാത്തവര്‍ക്ക് മനസ്സിലാകാത്ത, അല്ലെങ്കില്‍ മനസ്സിലായാലും ഇല്ലെന്ന് ഭാവിക്കുന്ന മാനുഷികമായ, കുടുംബപരമായ കാര്യത്തിന് പുറപ്പെട്ടപ്പോള്‍ ഉണ്ടായ മറവി. അതിന്റെപേരില്‍ ഒസാമ ബിന്‍ലാദനെക്കാളും വലിയ ഭീകരവാദിയായി ഒരുനിമിഷംകൊണ്ട് ആ മനുഷ്യനെ മാറ്റി. പലതവണ കത്തിയും വാളുംതോക്കുമായി കൊല്ലാന്‍ ചെന്നിട്ടുണ്ട്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുമുണ്ട്. ചണ്ഡീഗഢില്‍നിന്ന് പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടത് സുധാകരനും രാഘവനുമാണ്. പണവും തോക്കും കൊടുത്ത് വാടകക്കൊലയാളികളെ വിട്ടു. യാത്ര പൊടുന്നനെ മാറ്റിയതുകൊണ്ട് കൊലയാളികള്‍ക്കുമുന്നില്‍ കിട്ടിയത് ഇ പി ജയരാജനെ. വെടിവച്ചെങ്കിലും മരിച്ചില്ല. ആ കൊലയാളിസംഘം ഇന്നും വേട്ടയാടല്‍ തുടരുന്നു; തോക്കും നാക്കും വാക്കും പേനയുമായി.

എന്നാണ് പിണറായി മോശക്കാരനായത്? നിരന്തര പോരാട്ടത്തിലൂടെയും ചിട്ടയായ സംഘാടനത്തിലൂടെയും ആത്മാര്‍ഥതയിലൂടെയും ധീരമായ ഇടപെടലുകളിലൂടെയും കാലികമായ പ്രതികരണങ്ങളിലൂടെയും പ്രസ്ഥാനത്തിനെ ഉത്തരോത്തരം മുന്നോട്ടുനയിച്ചപ്പോള്‍. സ്വന്തം താല്‍പ്പര്യത്തിന് നില്‍ക്കാത്തവരെ ഹിംസിച്ചുകളയാന്‍ മടിക്കാത്ത ചിലരുണ്ട്. ഇന്നയിന്നയാള്‍ എന്നെനോക്കി ചിരിക്കാറില്ല, ഇന്നയാള്‍ അനുസരിക്കാറില്ല-അതുകൊണ്ട് പുള്ളികുത്തി വിടുന്ന അത്തരക്കാരെ നിഗ്രഹിക്കണം എന്ന് അത്തരം വൈരബുദ്ധികള്‍ ഉത്തരവിറക്കുന്നു. പാര്‍ടി സെക്രട്ടറിയായ പിണറായി വിജയന്‍ യുഡിഎഫ് ചൂണ്ടിക്കാട്ടുന്നവരെ കണ്ണുമടച്ച് ആക്രമിക്കാനല്ല, യുഡിഎഫിന്റെ രാഷ്ട്രീയപാപ്പരത്തം തുറന്നുകാട്ടാനാണ് തയ്യാറായത്. കമ്യൂണിസ്റ്റുകാര്‍ എന്തിനെയും എതിര്‍ക്കുന്ന വിദ്വേഷത്തിന്റെ പ്രയോക്താക്കളല്ല; ലോകത്തെ ക്രിയാത്മകവീക്ഷണത്തിലൂടെ കാണുന്ന മഹാമനസ്കരാണ് എന്നാണ് തെളിയിച്ചത്. ആ വീക്ഷണം; തന്റേടം-അത് ചിലര്‍ക്കുരുചിച്ചില്ല. പിണറായി വിജയന്‍ കേരളത്തെ ബംഗാളാക്കാന്‍ പോകുകയാണെന്ന് ചിലര്‍ ഭയന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നോര്‍ത്ത് വിറച്ചു. അവിടെ തുടങ്ങി, പിണറായി വിജയനെ നിഗ്രഹിക്കാനുള്ള പദ്ധതി.

കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളെന്ന് വാഴ്ത്തിയവര്‍ തന്നെ അഴിമതിക്കാരനെന്നും ധാര്‍ഷ്ട്യക്കാരനെന്നും ചാപ്പകുത്താനിറങ്ങി. എന്തൊക്കെ കഥകള്‍ വന്നു. ഓര്‍ത്തുനോക്കൂ. പിണറായി വിജയന്‍ റഷ്യന്‍ സുന്ദരിമാര്‍ക്കൊപ്പം നൃത്തമാടി എന്നുവരെ എഴുതി ക്രൈം നന്ദകുമാര്‍. നൂറുവട്ടം സിംഗപ്പൂരില്‍ പോയയാള്‍-പിണറായി എന്നാണ് മഞ്ഞയല്ലാത്ത, അശ്ളീലമല്ലാത്ത തന്റെ പ്രസിദ്ധീകരണത്തില്‍ എഴുതി കേരളത്തിലാകെ വിതരണംചെയ്തത്. എന്താണ് ക്രൈം നന്ദകുമാറിന് പിണറായി വിജയനോടുള്ള വിരോധം? ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? സ്വയം പരിശോധിച്ചിട്ടുണ്ടോ? എത്ര ലക്ഷങ്ങള്‍-ചിലപ്പോള്‍ കോടികള്‍ വരെ- ചെലവാക്കി ഈ നന്ദകുമാര്‍ കോടതികള്‍ കയറിയിറങ്ങി, പിണറായിക്കെതിരെ അപവാദം പറയാന്‍. പിണറായി വിജയന്റെ ഭാര്യയുടെ പേര് കമല എന്നാണ്. കമലാ ഇന്റര്‍ നാഷണല്‍ എന്നപേരില്‍ സിംഗപ്പൂരില്‍ ഒരു കമ്പനിയുണ്ട്പോലും. അത് പിണറായിയുടെ സ്ഥാപനമാണെന്ന് പറഞ്ഞുനടക്കുന്നവര്‍ ഇന്നുമുണ്ട് നാട്ടില്‍. തുടങ്ങിവച്ചത് ക്രിമിനല്‍ പത്രക്കാരന്‍ തന്നെ. സിംഗപ്പൂരില്‍ പലമട്ടില്‍ അന്വേഷിച്ചിട്ടും അങ്ങനെയൊരു കമ്പനി കാണാനില്ല. ഇന്നാട്ടില്‍ അങ്ങനെയൊരു സ്ഥാപനമേയില്ലെന്ന് അവിടത്തെ കമ്പനികാര്യ സെക്രട്ടറി രേഖാമൂലം പറയുന്നു. സിബിഐയും കേന്ദ്ര ഗവര്‍മെന്റും അന്വേഷിച്ചിട്ടും അങ്ങനെയൊന്ന് കാണാനില്ല. ക്രിമിനല്‍ പത്രക്കാരന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് ലക്ഷ്വറി കാറിലും താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലും. പറയുന്നത് നൂറ്റമ്പതുകോടിയുടെ പ്രോജക്ടിനെപ്പറ്റിയാണ്. എവിടെനിന്ന് ഇതെല്ലാം വരുന്നു? എന്തൊക്കെ മറിമായം സംഭവിക്കുന്നു-ഒരു നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനും അന്വേഷിക്കുന്നില്ല. അടുത്ത് തുടങ്ങാനിരിക്കുന്ന ക്രൈം ചാനലില്‍ തൊഴിലവസരങ്ങള്‍ യഥേഷ്ടം ഉണ്ടാകട്ടെ.

രാഷ്ട്രീയകുതന്ത്രങ്ങളില്‍ അഭയംതേടുമ്പോള്‍ പ്രവൃത്തിയും കെട്ടുപോകും. അപവാദപ്രചാരണം രക്ഷപ്പെടല്‍തന്ത്രമാകും. പിണറായി, വി എസ്, കോടിയേരി, എം എ ബേബി, തോമസ് ഐസക്, ഇ പി ജയരാജന്‍, പി കെ ശ്രീമതി.....സിപിഐ എമ്മിന്റെ നേതൃനിരയിലുള്ളവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും എത്രയെത്ര കഥകള്‍. എല്ലാറ്റിനും ഒരു താളമുണ്ട്. കൂലംകുത്തിമനസ്സുള്ളവര്‍ക്ക് പ്രയാസകരമായ വാര്‍ത്തകളോ സംഭവങ്ങളോ നടന്നു എന്നിരിക്കട്ടെ-ഉടനെ വരും മന്ത്രിപുത്രന്മാര്‍ക്കെതിരെ കഥകളും ചാനല്‍ചര്‍ച്ചയും. സത്യം മറച്ചുവയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഉപാധി 'യഥാര്‍ഥ ഇടതുപക്ഷത്തിന്റെ' വേഷമാണ്. പിണറായി വിജയനെതിരെ എല്ലാ ആക്രമണവും കേന്ദ്രീകരിക്കുന്നതില്‍ അസ്വാഭാവികതയില്ല. അദ്ദേഹത്തെ തകര്‍ത്താലാണ് സിപിഐ എം എന്ന പാര്‍ടിയെ മൂലയ്ക്കിരുത്താന്‍ കഴിയുക എന്നവര്‍ കരുതുന്നു. ഓര്‍ത്തുനോക്കുന്നത് നല്ലതാണ്, എന്തൊക്കെ കഥകള്‍ വന്നു എന്ന്. ദശകോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ മകനെക്കൊണ്ട് പിണറായിയുടെ മകളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് നാടാകെ പാടിയ ഒരു കഥ. മകളുടെ വിവാഹം നടന്നപ്പോള്‍ കഥപൊളിഞ്ഞു; കുപ്രചാരണക്കാര്‍ മിണ്ടിയില്ല. മക്കള്‍ക്ക് നല്‍കിയ വിദ്യാഭ്യാസത്തെക്കുറിച്ച്, ജോലിയുള്ള മകന്‍ ബാങ്ക് വായ്പയെടുത്ത് ഉപരി പഠനത്തിന് പോയതിനെക്കുറിച്ച്....

ഇപ്പോള്‍ പറയുന്നു പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയിട്ടുണ്ടെന്ന്. ഇന്നാട്ടില്‍ ഒരാള്‍ക്ക് വിദേശയാത്രചെയ്യാന്‍ ആവശ്യമുള്ള നടപടിക്രമങ്ങള്‍പോലും അറിയത്തവരാണ് ജനങ്ങള്‍ എന്ന് കരുതുന്ന വിഡ്ഢികളുടെ അപവാദപ്രചാരണം ഏറ്റെടുക്കാനും ഇവിടെ പത്രങ്ങളുണ്ടായിരിക്കുന്നു-കഷ്ടം! കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.

ചെത്തുതൊഴിലാളി കുടുംബത്തില്‍ ജനിച്ച്, കഠിനമായ ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറിയ പിണറായി വിജയന്‍ ഒരുനാള്‍ ഉന്നതങ്ങളിലേക്ക് ചാടിക്കയറിയതല്ല. സഹനങ്ങളുടെയും ത്യാഗങ്ങളുടെയും പ്രോജ്വലമായ പോരാട്ടങ്ങളുടെയും നേതൃപാടവത്തിന്റെയും അനുഭവവുമായാണ് പാര്‍ടിയുടെ ഉന്നതപദവിയിലെത്തിയത്. ആ മനുഷ്യനെ എതിര്‍ക്കാം-പക്ഷേ ഈ വേട്ടയാടല്‍ ഏതു പാതാളത്തിലാണ് നിങ്ങളെ എത്തിക്കുക? രാഷ്ട്രീയം എന്നാല്‍ പച്ചമനുഷ്യന്റെ ജീവിതത്തെയും പച്ചയായ സത്യങ്ങളെയും തമസ്കരിക്കുന്നതാണെന്ന പ്രത്യയശാസ്ത്രം ആരാണ് പടച്ചുവിട്ടത്? കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് സംശയമൊന്നുമില്ല. ഒരിക്കലും ഒരുപിശകും പറ്റാത്ത അമാനുഷനാണ് പിണറായി എന്ന തെറ്റിദ്ധാരണയുമില്ല. തെറ്റിപ്പോകുമ്പോള്‍ സ്വയം വിമര്‍ശിച്ച് തിരുത്താനും പാര്‍ടിക്കു കീഴടങ്ങി പ്രവര്‍ത്തിക്കാനും ശത്രുവിനുമുന്നില്‍ തലഉയര്‍ത്തി നെഞ്ചുവിരിച്ച് നില്‍ക്കാനുമുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തെയാണ് ഇന്നാട്ടിലെ ജനങ്ങള്‍ അംഗീരിക്കുന്നത്. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് മുഖംനോക്കിത്തന്നെ പറയാനും തിരുത്തിക്കാനും അവസരമുള്ള പാര്‍ടിയില്‍ അചഞ്ചലമായി തുടരാന്‍ കഴിയുന്നതിന് കമ്യൂണിസ്റ്റ്ശുദ്ധിവേണം. ആ ശുദ്ധിയാണ്; ആര്‍ജവമാണ് നേതൃത്വത്തിന്റെ കൈമുതല്‍. അത് നാലുപത്രങ്ങളുടെയും ചാനലുകളുടെയും ഗ്വാഗ്വാ വിളിയില്‍ ചുരുങ്ങിപ്പോകുന്നതല്ല; പരിലാളനയില്‍ പുഷ്പിണിയാകുന്നതുമല്ല.

പിണറായി എന്തേ കുലുങ്ങാത്തത് എന്ന് പലരും ചോദിക്കുന്നു. എന്തുകൊണ്ട് മാധ്യമക്കാര്‍ക്കുമുന്നില്‍ കീഴടങ്ങാതെ ധാര്‍ഷ്ട്യം കാണിക്കുന്ന് എന്ന് ചിലര്‍ നെറ്റിചുളിക്കുന്നു. ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടും തളരാത്തതെന്തേ എന്ന് ചോദ്യമുണ്ടാകുന്നു.

വളര്‍ന്നുവന്ന വഴി തന്നെയാണ് അങ്ങനെയൊരു നട്ടെല്ലുവളയ്ക്കലിന് തടസ്സം. ആര്‍എസ്എസിന്റെ കൊലപാതകരാഷ്ട്രീയത്തിനുമുന്നില്‍, കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയ്ക്കുമുന്നില്‍, അടിയന്തരാവസ്ഥയിലെ പൊലീസ് കരാളതയ്ക്കുമുന്നില്‍-ഒരിടത്തും വളഞ്ഞിട്ടില്ല ആ നട്ടെല്ല്. അങ്ങനെ വളയുന്നതല്ല കമ്യൂണിസ്റ്റുകാരന്റെ ഉരുക്കില്‍തീര്‍ത്ത തണ്ടെല്ല്. സഹകരണമേഖലയില്‍, വൈദ്യുതിരംഗത്ത്, നാടിന്റെ പൊതു വികസനകാര്യങ്ങളില്‍-ഭരണാധികാരി എന്ന നിലയിലും പാര്‍ടി നേതാവെന്ന നിലയിലും ഉയര്‍ന്നുനില്‍ക്കുന്നതുതന്നെയാണ് ആ നട്ടെല്ല്. അത് തച്ചുതകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കാം-പക്ഷേ ഇന്നാട്ടിലെ ആത്മാഭിമാനമുള്ള അവസാനത്തെ കമ്യൂണിസ്റ്റുകാരന്റെയും നെഞ്ചില്‍ കത്തി കയറ്റണം ആ ഔന്നത്യത്തെ തകര്‍ക്കാന്‍.

ഉന്നതമായ കമ്യൂണിസ്റ്റുബോധം നഷ്ടപ്പെടുമ്പോഴാണ് മാധ്യമങ്ങള്‍ക്കും വലതുപക്ഷവൈതാളികര്‍ക്കും മുന്നില്‍ നട്ടെല്ലുകള്‍ വളഞ്ഞുപോകുന്നത്. അത് കേരളത്തിന്റെ രാഷ്ട്രീയമനസ്സിന്റെ ബോധ്യം കൂടിയാണ്.

13 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വസ്തുതാപരമായ ഒരു തെറ്റു മാത്രം ചൂണ്ടിക്കാണിയ്ക്കട്ടെ..പിണറായിയുടെ വീടിരിയ്ക്കുന്നത് പിണറായി ടൌണിൽ നിന്ന് മമ്പറത്തേയ്ക്കു തിരിയുന്ന റോഡിൽ നിന്നു വലതു വശത്തേയ്ക് പോകുന്ന ഒരു കൊച്ചു റോഡിന്റെ വശത്താണ്.ആർക്കും പോകാം, ആർക്കും കാണാം.പിണറായി - മമ്പറം റൂട്ടിൽ പോകുന്ന ബസിൽ ഇരുന്നാലും കാണാമെന്ന് തോന്നുന്നു.

പിണറായി പാറപ്രം സന്ദർശിയ്ക്കാൻ പോയപ്പോൾ കണ്ടതാണു ഈ വീട്.ആരും അവിടെ താമസിയ്ക്കുന്നില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു.

ജനശക്തി said...

അടച്ചിട്ടിരിക്കുകയാണെങ്കില്‍ അകത്ത് കോടികളും ഇറ്റാലിയന്‍ മാര്‍ബിളും സൂക്ഷിച്ചിരിക്കുകയാണെന്ന അടുത്ത കഥ ഇറങ്ങും.

manoj pm said...

വസ്തുതാപരമായ ഒരു തെറ്റു മാത്രം ചൂണ്ടിക്കാണിയ്ക്കട്ടെ..പിണറായിയുടെ വീടിരിയ്ക്കുന്നത് പിണറായി ടൌണിൽ നിന്ന് മമ്പറത്തേയ്ക്കു തിരിയുന്ന റോഡിൽ നിന്നു വലതു വശത്തേയ്ക് പോകുന്ന ഒരു കൊച്ചു റോഡിന്റെ വശത്താണ്.ആർക്കും പോകാം, ആർക്കും കാണാം.പിണറായി - മമ്പറം റൂട്ടിൽ പോകുന്ന ബസിൽ ഇരുന്നാലും കാണാമെന്ന് തോന്നുന്നു.


ഇത് ശരിയാണ്. പിണറായിയുടെ വീടിരിയ്ക്കുന്നത് പിണറായി ടൌണിൽ നിന്ന് മമ്പറത്തേയ്ക്കു തിരിയുന്ന റോഡിൽ നിന്നു വലതു വശത്തേയ്ക് പോകുന്ന കൊച്ചു റോഡിന്റെ വശത്താണ്.ആർക്കും പോകാം, ആർക്കും കാണാം. കമ്പോണ്ടര്‍ മുക്ക് എന്ന് പറയും. അശ്രദ്ധ കൊണ്ട് വന്ന പിശകാണ്. ക്ഷമിച്ചാലും.

Rajeeve Chelanat said...

വലതുപക്ഷത്തിന്റെ ഈ ഇടതുവിരുദ്ധ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുമ്പോള്‍ത്തന്നെ, ആത്മവിമര്‍ശനം നടത്തേണ്ടതും കമ്മ്യൂണിസ്റ്റുകാരുടെ ബാധ്യതയാണ്. ഇവിടെ, തിരഞ്ഞെടുപ്പിലെ പരാജയത്തേക്കാള്‍, ഇടതുപക്ഷത്തിലെ വ്യതിയാനങ്ങളെയാണ് കൂടുതല്‍ വലിയ ചര്‍ച്ചക്ക് വിധേയമാക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതൊന്നുമുണ്ടാകുന്നില്ലെന്നും പറയട്ടെ.

അഭിവാദ്യങ്ങളോടെ

KS Pillai said...

സഖാവ് പിണറായി ഇത്ര വലിയ മഹാന്‍ ആണെന്ന് നിരുവിച്ചിരുന്നില്ല.
ലാല്‍ സലാം...

kaalidaasan said...

ഡല്‍ഹിയിലേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും തികച്ചും വ്യക്തിപരമായ ആവശ്യത്തിന് ചെന്നൈയില്‍ ഇറങ്ങിയ പിണറായി എത്രവേഗമാണ് വിവാദത്തിലേക്ക് എറിയപ്പെട്ടത്.

എന്തായിരുന്നു ആ വ്യക്തിപരമായ ആവശ്യങ്ങള്‍? ചെന്നൈയിലെ ഇതു പോലെയുള്ള വ്യക്തിപരമായ ആവശ്യങ്ങളാണ്, പിണറായി വിവാദങ്ങളിലേക്ക് എറിയപ്പെടാന്‍ പ്രധാന കാരണങ്ങള്‍.

പിണറായി കേരള പര്‍ട്ടി നേതാവാണ്, വീട് പിണറായിയിലും. മക്കള്‍ പഠിക്കുന്നത് കോയംബത്തൂരും ബര്‍മ്മിങ്ഹാമിലും. സ്ഥിരതാമസം തിരുവനന്തപുരത്തും. പിന്നെ എന്താണു ചെന്നൈയില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍?

ഇതു പോലെയുള്ള പല യാത്രകള്‍ക്കും വ്യക്തമായ കാരണങ്ങള്‍ പിണറായിക്കു നല്‍കുവാന്‍ സാധിച്ചിട്ടില്ല. അതാണു സി ബി ഐ പല ദുരൂഹതകളും പിണറായിയുടെ പെരുമാറ്റത്തില്‍ കണ്ടത്.

manoj pm said...

കാളിദാസന്‍,
പിണറായി വിജയന്‍ ഒരു സാധാരണ മനുഷ്യന്‍ കൂടിയാണ് എന്നാണ് എന്റെ വിശ്വാസം. ചെന്നെയിലെത്തുന്ന സ്വകാര്യ ആവശ്യം എന്തെന്ന് എല്ലാവരോടും പറയുകയോ പത്രക്കുറിപ്പിറക്കുകയോ വേണ്ടതില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അന്ന് അദ്ദേഹം യാത്ര ചെന്നൈവഴിയാക്കിയത് താങ്കളുടെ വാക്കുകളില്‍,'പിണറായിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന' ഉദ്ദേശ്യത്തിനാണെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്യ്രം താങ്കള്‍ക്കുണ്ട്. അന്ന് പിണറായി വിജയന്‍, ഭാര്യ കമല എന്നിവരാണ് ചെന്നൈ വിമാനത്തില്‍ യാത്രചെയ്തിരുന്നത്. കമല ചെന്നൈയില്‍ ഇറങ്ങി. തിരിച്ച് ഡല്‍ഹിയില്‍ നിന്ന് ചെന്നൈ വഴി പിണറായി വന്നതും ഒപ്പം ഭാര്യ ഉണ്ടായിരുന്നതും ചാനലുകളിലെല്ലാം താങ്കളും കണ്ടിട്ടുണ്ടാകുമല്ലോ. ഇത്ര പറഞ്ഞാലും താങ്കള്‍ അടങ്ങില്ലെന്നറിയാം. അതുകൊണ്ട് ഒരു കാര്യം കൂടി. ഭാര്യയുടെ ഗുരുതരമായ ഒരു രോഗലക്ഷണം വിദഗ്ധ പരിശോധന നടത്തി ചികിത്സ തുടങ്ങാനായിരുന്നു അന്ന് യാത്ര ചെന്നൈവഴി ആക്കിയത്. ഇനി, അവര്‍ക്ക് എന്ത് അസുഖം, ഏതൊക്കെ മരുന്ന് കഴിക്കുന്നു എന്നുകൂടി അറിഞ്ഞാലേ തൃപ്തിയാകൂ എന്നുണ്ടെങ്കില്‍ ഞാന്‍ നിസ്സഹായനാണ്. കാരണം വിവാദം ഭക്ഷിച്ചുജീവിക്കുന്നവര്‍ക്ക് അത്രയുംകൊണ്ട് വിശപ്പടങ്ങാന്‍ പോകുന്നില്ല.
സ്വന്തം ഭാര്യയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത് സ്വകാര്യകാര്യമെന്നല്ലാതെ മറ്റെന്താണ് കാളിദാസാ പറയുക? അത്തരം സ്വകാര്യതകള്‍ ഒരാളെ വിവാദത്തിലേക്ക് വലിച്ചിയ്െക്കുമെങ്കില്‍ പിന്ന കാളിദാസനോട് വാദിച്ചിട്ടെന്താണ് കാര്യം. ഇക്കാര്യത്തില്‍ വാദപ്രതിവാദം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ ചര്‍ച്ച ഇവിടെ തീരും.

KS Pillai said...

1 - ഒളിയമ്പുകള്‍ , ജനശക്തി, തുടങ്ങിയ ബ്ലോഗുകളില്‍ സഖാവ് പിണറായിയെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റ വിമുക്തനക്കുന്നുണ്ട് ...അപ്പോള്‍ പിന്നെ എന്തിനു പിണറായി വിചാരണയെ ഭയക്കുന്നു...? എന്തിനു സി ബി ഐ അന്വേഷണം വേണ്ട എന്ന് പറഞ്ഞു...അതും പൊതു ഖജനാവിലെ കാശു കൊടുത്തുകൊണ്ട് ?..

2- ഭരണ ഘടന പ്രകാരം, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഉന്നത അധികാരം ആണ് legislature നു നല്‍കിയിരിക്കുന്നത്...legislature എടുത്ത ഏതെങ്കിലും തെറ്റായ തീരുമാനത്തിന്‍ ഒരു recovery action ഉണ്ടായാല്‍ അത് ബാധിക്കുന്നത് legislature നെ ഉപദേശിക്കേണ്ട executive ( secretary, or implementation officers .. etc) പേരില്‍ ആണ്... അപ്പോള്‍ ശിക്ഷിക്കപെടാനുള്ള സാധ്യത വിരളം ആണ്... ഇത്രയും സുരക്ഷിതമായ ഒരു ഭരണ ഘടന ചട്ടകൂടില്‍ നില്‍കുന്ന പിണറായി എന്തിനു അന്വേഷണത്തെയും, വിചാരനയെയും ഭയക്കുന്നു ?.

3 - ഇന്ത്യ യിലെ നീതിന്യായ വ്യവസ്ഥയില്‍ കുറ്റവാളികള്‍ ശിക്ഷിക്കപെടുന്നത് 7% ( ഏഴു ശതമാനം) മാത്രം ആണ് ..പിന്നെയും എന്തിനാണ് നിരപരാധി ആയ സഖാവിനു അന്വേഷണത്തെയും വിചാരനയെയും ഭയം ?..

4 - ഇത് വിജിലന്‍സ്‌ അന്വേഷിച്ചു 8 പേര്‍ക്ക് കുറ്റപത്രം നല്‍കിയ കേസ് അല്ലെ ?...പിന്നെ തുടര്‍ അന്വേഷനതിനല്ലേ വിജിലന്‍സ്‌ ശുപാര്ശ ചെയ്തത് ?. ഇത് വ്യക്തമാക്കുന്നത് ഈ ഇടപാടില്‍ അഴിമതി നടന്നു എന്നല്ലേ ?...monetary benefit, അല്ലേല്‍ commission kick-backs ഉണ്ടാകാത്ത ഏതേലും "അഴിമതി" കേസുകള്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോ ?...ഉണ്ടേല്‍ ഒന്ന് പറഞ്ഞു താ?.

5- എല്ലാ അഴിമതിയുടെയും പൊതു സ്വഭാവം, നിലവില്‍ ഉള്ളതിലും കൂടിയ നിരക്കില്‍ കരാര്‍ കൊടുക്കുക എന്നതാണ് ?...ശരി അല്ലെ മനോജേ ?.. അത് ലാവ്‌ലിന്‍ ഇടപാടിലും നടന്നിട്ടില്ലേ ?..

6- ഒരു ഓഫീസില്‍ ഏതേലും ക്ലാസ്സ്‌ ഫോര്‍ ജീവനക്കാരന്‍ ആരുമറിയാതെ പത്തോ നൂറോ കൈകുലി മേടിക്കുന്ന പോലത്തെ ലാഖവമുള്ള ഒരു ഇടപടാണോ ഇത്. ...രാഷ്ട്രീയ കാരോ, legislature ഓ അറിയാതെ , അല്ലേല്‍ അവരുടെ പിന്തുണ ഇല്ലാതെ ഇത്തരം ഒരു അഴിമതി നടക്കും എന്ന് വിശ്വസിക്കാന്‍ പറ്റുമോ ?..

7- പിണറായിയുടെ വിവാദമായ Singapore trip ഒരു Free ticket ( complimentary ) ഇല്‍ ആയിരുന്നു....എപ്പോഴാണ് വിമാന കമ്പനികള്‍ free tickets കൊടുക്കുന്നത് ... ഒന്ന് പറയാമോ മനോജേ ?...ഞാന്‍ പറഞ്ഞുതരാം ... കൂടുതല്‍ വിമാന യാത്ര നടത്തുന്നവര്‍ക്ക്...ശരിയല്ലേ മനോജേ ?... സഖാവ് പിണറായിക്ക് എന്തായിരുന്നു ഇത്ര അധികം സിങ്കപ്പൂര്‍ സന്ദര്‍ശിക്കേണ്ട വന്നത് ?.. ( തീര്‍ച്ചയായും weekend ( Saturday night) il Orchard road ആസ്വദിക്കാന്‍ ആയിരിക്കില്ല....., പിന്നെ എന്തിനു ?)

8- സഖാവിനു വേണേല്‍ അന്വേഷണത്തില്‍ നിന്നോ , വിചാരണയില്‍ നിന്നോ മാറി നില്‍കാന്‍ വേണ്ടി എന്ത് വഴികളും തേടാം...അതിനു കുറ്റപെടുത്താന്‍ കഴിയില്ല...കാരണം വ്യക്തിപരമായ തീരുമാനം ആണ് ....അതിനു സര്‍ക്കാര്‍ , ജനങ്ങളുടെ നികുതി പണം മുടക്കണോ ?.അതും ലക്ഷങ്ങള്‍ ..?..

9- സഖാവെ.. ലെനിനിസ്റ്റ്‌ ( എന്താണാവോ അത് ) രീതികളില്‍ ബൂര്‍ഷ്വാ കോടതികളെ ബഹുമാനിക്കേണ്ട കാര്യം ഇല്ല എന്നുണ്ടോ ?.... അഥവാ നമ്മുടെ ബൂര്‍ഷ്വാ കോടതികളില്‍, സഖാവ് പിണറായിയെ വിചാരണ ചെയ്തു പോയാല്‍ എന്ത് ആപത്താണ് പാര്‍ട്ടിക്ക് സംഭവിക്കുക... ?. ആകാശം വല്ലതും ഇടിഞ്ഞു വീഴുമോ ?....

10- പഴയ isro ചാര കേസില്‍ ശ്രി കരുണാകരനും , രാമന്‍ ശ്രിവസ്തവയും ഉള്‍പെട്ടു എന്നായിരുന്നില്ലേ ആരോപണം.... അത് cpm ഏറ്റുപിടിക്കുകയും ചെയ്തതല്ലേ ?.. പിന്നീട് ..എങ്ങിനെ ആണ് അവര്‍ നിരപരാധികള്‍ എന്ന് തെളിഞ്ഞത് ?.....അന്ന് അന്വേഷണം വേണ്ട എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞിരുന്നേല്‍ CPM അനുകുലിക്കുമായിരുന്നൊ ?....

ഈ ലാവലിനും അതുപോലത്തെ ഒരു ചാര കേസ് ആവട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ട് ...

manoj pm said...

എസ്എന്‍സി ലാവലിന്‍ കേസ് സിബിഐ കെട്ടിപ്പൊക്കിയത് പച്ചക്കള്ളങ്ങളുടെയും കേട്ടുകേള്‍വികളുടെയും അടിസ്ഥാനത്തിലാണെതിന് വേറെ തെളിവുവേണ്ട. ഇന്നുവരെ ലാവലിന്‍ എന്ന് ഉച്ചരിക്കുമ്പോഴെല്ലാം വരദാചാരിയുടെ പേരും പറഞ്ഞിരുന്നു. ലാവലിന്‍ കരാറിനെതിരെ വരദാചാരി അഭിപ്രായം പറഞ്ഞപ്പോഴാണ്, ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആ മനുഷ്യന്റെ തലപരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ എഴുതിവെച്ചത് എന്നാണ് പറഞ്ഞുപരത്തിയ കഥ.

പിണറായി അത് സിബിഐ മുമ്പാകെ നിഷേധിച്ചെങ്കിലും അദ്ദേഹത്തെ കുടുക്കാന്‍ തക്കംപാര്‍ത്ത അന്വേഷക സംഘം ആ നിഷേധം തള്ളി. തെളിവൊന്നുമില്ലെങ്കിലും സീനിയര്‍ ഉദ്യോഗസ്ഥരുടെ മൊഴി വിശ്വസിക്കാമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ എഴുതിവെച്ചു.
ഇപ്പോഴിതാ, മനോരമ, മാതൃഭൂമി, കേരള കൌമുദി എന്നീ പത്രങ്ങള്‍ എഴുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. പഞ്ചായത്തിന്റെ മിച്ചഫണ്ട് സഹകരണ ബാങ്കുകള്‍ക്ക് കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍, സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കും പഞ്ചായത്തുകള്‍ക്കും ഒരേപോലെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് അന്ന് സഹകരണമന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്നോട്ടുവെച്ച നിര്‍ദേശം. അതിനോട് വരദാചാരി പ്രതികരിച്ചത്, സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടാണ്.

അത്തരമൊരു വിചിത്രമായ വാദം വന്നപ്പോള്‍, കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവാത്ത വങ്കത്തം പറഞ്ഞ വരദാചാരിയുടെ ബുദ്ധി പരിശോധിക്കേണ്ടതുതന്നെയാണെന്ന് തോന്നുന്നത് സ്വാഭാവികം മാത്രം. പിണറായിക്കും അതുതന്നെ തോന്നി. അക്കാര്യം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുകയും ചെയ്തു.

അതോടെ ചില ഐഎഎസുദ്യോഗസ്ഥര്‍ പ്രതിഷേധവുമായിറങ്ങി. അന്ന് അതുസംബന്ധിച്ച വാര്‍ത്തകള്‍ മനോരമയും മാതൃഭൂമിയും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതുമാണ്.(1997 സെപ്തംബര്‍ 11 മുതല്‍ 14വരെ).

എന്നാല്‍, ലാവലിന്‍ കേസ് കെട്ടിപ്പൊക്കുകയും അത് പിണറായി വിജയനെ വേട്ടയാടാനുള്ള ഗൂഢാലോചനയാക്കി മാറ്റുകയും ചെയ്തപ്പോള്‍ പത്രങ്ങള്‍ സത്യം മറച്ചു. കഥ പുതിയതുവന്നു. വരദാചാരിയുടെ തലപരിശോധന ലാവലിന്‍ ഫയലിലാക്കി. കേസ് പിന്നീട് നുണകളുടെ കൂമ്പാരമായി മാറിയപ്പോള്‍ വരദാചാരിയും സിബിഐക്ക് മൊഴിനല്‍കി-തലപരിശോധനാ കുറിപ്പ് ലാവലിന്‍ ഫയലിലാണെന്ന്. ആ ഉദ്യോഗസ്ഥപ്രമുഖന്‍ തന്റെ വൃത്തികെട്ട പകയും വിദ്വേഷവും പിണറായിയെ കേസില്‍കുടുക്കാന്‍ ഉപയോഗിക്കുകയായിരുന്നു. സിബിഐ അത് വേദവാക്യമായെടുത്ത് കേസ് റിപ്പോര്‍ട്ടും കുറ്റപത്രവുമുണ്ടാക്കി. പത്രങ്ങള്‍ അതുവെച്ച് പിന്നെയും കഥകള്‍ മെനഞ്ഞു.

എല്ലാം ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു-കേസ് മാത്രമല്ല, മാധ്യമങ്ങളുടെയും പിണറായി വിരുദ്ധ മാഫിയയുടെയും വിശ്വാസ്യതയും. ഇതിലൂടെ തകര്‍ന്നുപോകുന്നത് ലാവലിന്‍ എന്ന കള്ളക്കേസിന്റെ അടിത്തറതന്നെയാണ്് .

manoj pm said...

പിണറായി വിചാരണ നേരിടുന്നതില്‍ എന്താണ് തെറ്റ്?

നിഷ്കളങ്കമെന്ന് തോന്നുന്ന ചോദ്യമാണിത്. കേസിനെ രാഷ്ട്രീയമായി നേരിടുന്നതെന്തിന്, നിയമപരമായല്ലേ നേരിടേണ്ടത് എന്ന മറ്റൊരു ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

രാഷ്ട്രീയമായി കെട്ടിച്ചമച്ച; ഗൂഢാലോചനയിലൂടെയും ഉപജാപങ്ങളിലൂടെയും കരുപ്പിടിപ്പിച്ച കേസിന്റെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാനും രാഷ്ട്രീയത്തിന്റെ വഴിതന്നെ വേണം. പിണറായി വിജയനെ രാഷ്ട്രീയമായി അവസാനിപ്പിക്കാനും സിപിഎമ്മിനെ കരിതേച്ചു കാണിക്കാനും കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന യാഥാര്‍ത്ഥം ജനങ്ങള്‍ അറിഞ്ഞേതീരൂ എന്നതാണ് പാര്‍ട്ടിയുടെ നിലപാട്.

അതേസമയം തന്നെ കേസിന്റെ നിയമപരമായ വശങ്ങളെ അതിന്റെ വഴിയിലൂടെതന്നെ നേരിടണം. അതുതന്നെയാണ് തുടക്കംമുതല്‍ പാര്‍ട്ടിയുടെ നിലപാട്. അതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.

പിണറായി വിജയനെ വിചാരണ ചെയ്യുക എന്നത് ഈ കേസ് മെനഞ്ഞവരുടെ ഉദ്ദേശമാണ്.
എന്തിന് നിങ്ങള്‍ വിചാരണയില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു, വിചാരണ നേരിട്ട് 'അഗ്നിശുദ്ധി വരുത്തൂ' എന്നാണ് നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുംവിധം ഉയര്‍ത്തുന്ന വാദം. ചില ശുദ്ധാത്മാക്കള്‍ അത് വിശ്വസിച്ച് ആ വാദത്തിന്റെ വക്താക്കളായിട്ടുമുണ്ട്.

ഒരു വ്യക്തിയെ വ്യാജമായ ആരോപണങ്ങള്‍കൊണ്ടുമൂടിയശേഷം, ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയണമെങ്കില്‍ കോടതിയില്‍ പോയി കൂട്ടില്‍ കയറിനില്‍ക്കണം എന്നാണ് പറയുന്നത്. ലാവ്ലിന്‍ കേസ് വന്ന വഴി ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ക്കറിയാം. ചുരുങ്ങിയത് നാലുകൊല്ലം കഴിഞ്ഞാലേ സിബിഐ ഈ കേസ് വിചാരണക്കെടുക്കാന്‍ പോകുന്നുള്ളൂ എന്ന് മാതൃഭൂമി വാര്‍ത്തയെഴുതുമ്പോള്‍ 'വിചാരണവാദ'ക്കാരുടെ ഉദ്ദേശ്യവും വ്യക്തമാകുന്നുണ്ട്്. അഴിമതി, സംസ്ഥാന താല്‍പ്പര്യം തുടങ്ങിയവയൊന്നുമല്ല ഇത്തരം തല്‍പ്പരകക്ഷികളുടെ ലക്ഷ്യമെന്ന് വ്യക്തമായ മറ്റൊരു സംഗതി, ഗവര്‍ണറുടെ തീരുമാനം വന്നയുടനെ അവര്‍ തുടങ്ങിവച്ചത്, സിപിഐ എമ്മിന്റെ സെക്രട്ടറി മാറുമോ എന്ന ചര്‍ച്ചയാണ്. ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലേ?

രാഷ്ട്രീയമായും നിയമപരമായും ഈ കടന്നാക്രമണത്തെ നേരിടും എന്നാണ് സിപിഐ എമ്മിന്റെ തീരുമാനം. നിയമപരമായി നേരിടുകയെന്നാല്‍, നേരെ സിബിഐയുടെ കോടതിയില്‍ ചെന്ന് കൂട്ടില്‍ കയറി നില്‍ക്കലല്ല. സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിലാണ് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിണറായി വിജയന്‍ ഇടപെട്ടത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണത്. അതിന് നിയമപരമായ പരിരക്ഷയുണ്ട്. അതിനുവേണ്ടിയാണ് പ്രോസിക്യൂഷന്‍ അനുമതി എന്ന വ്യവസ്ഥ.

നിയമപരമായി ഈ കേസിനെ നേരിടുന്നതിന്റെ ഭാഗമാണ് അതെന്നര്‍ഥം. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം ചെലുത്തി ഗവര്‍ണറെ സ്വാധീനിച്ച് നിയമത്തെ മറികടക്കുകയാണ് യുഡിഎഫ് ചെയ്തത്്. ഈ നിയമവിരുദ്ധ നടപടികളെ ചോദ്യംചെയ്യലാണ് കേസിന്റെ അടുത്ത ഘട്ടം. അതുകൊണ്ട്, നിയമപരമായിത്തന്നെയാണ് ഈ കേസില്‍ സിപിഐ എം മുന്നോട്ടുപോകുന്നത് എന്നതാണ്, 'എന്തുകൊണ്ട് പിണറായി വിചാരണ നേരിടുന്നില്ല' എന്ന നിഷ്കളങ്ക ചോദ്യക്കാര്‍ക്കുള്ള മറുപടി. നിയമവിധേയമല്ലാത്ത ഒന്നും സിപിഐ എമ്മില്‍നിന്നുണ്ടായിട്ടില്ല.


ലാവ്ലിന്‍ കേസ് നിയമപരമേയല്ല. രാഷ്ട്രീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ചതാണത്. നിയമത്തിന്റെ ഒരു കണക്കിലും പെടുത്തിയല്ല വിജിലന്‍സ് അന്വേഷണത്തിന്മേല്‍ യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഒരു പൈസയുടെ അഴിമതി സിബിഐ കണ്ടെത്താത്ത കേസ് കൂറ്റന്‍ അഴിമതിയെന്ന് സംഘടിതമായി പ്രചരിപ്പിക്കുന്നത് നിയമവും വകുപ്പും നോക്കിയല്ല. ഇപ്പോള്‍ ഗവര്‍ണര്‍ മന്ത്രിസഭയെ വെല്ലുവിളിച്ചുകൊണ്ട് സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതും നിയമത്തെയും ഭരണഘടനയെയും മാനിച്ചുകൊണ്ടല്ല. യുഡിഎഫും തല്‍പ്പരകക്ഷികളാകെയും ഗവര്‍ണറെയും അദ്ദേഹവുമായി ബന്ധമുള്ള മറ്റുചിലരെപ്പോലും സ്വാധീനിച്ചതും ഭീഷണിപ്പെടുത്തിയതും പ്രലോഭിപ്പിച്ചതും ഒരു നിയമത്തിന്റെയും ആനുകൂല്യത്തിലല്ല. എല്ലാറ്റിലും കളിച്ചത് രാഷ്ട്രീയമാണ്. സിപിഐ എമ്മിനെ തകര്‍ത്തുകളയണമെന്ന് മോഹിക്കുന്ന ആ രാഷ്ട്രീയത്തോട് രാഷ്ട്രീയമായിത്തന്നെ പ്രതികരിച്ചേ തീരൂ.

kaalidaasan said...

മനോജ്,

പിണറായി വിജയന്‍ എന്നെയോ മനോജിനേപ്പോലെയോ ഒരു സാധാരണ മനുഷ്യന്‍ അല്ല. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സെക്രട്ടറിയാണ്, മൂന്നാമത്തെ പ്രാവശ്യം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആളാണ്, പോളിറ്റ് ബ്യൂറൊ അംഗമാണ്, മുന്‍ മന്ത്രിയാണ്, അതിലുപരി എല്ലാ ചലനങ്ങളും കഴിഞ്ഞ 10 വര്‍ഷത്തോളമായി കേരളീയ സമൂഹം ശ്രദ്ധയോടെ പിന്തുടരുന്ന വ്യക്തിയുമാണ്.

യാത്ര ചെന്നൈ വഴിയാക്കിയതല്ല വിവാദമായത്. എത്രയോ ആളുകള്‍ ചെന്നൈ വഴി ഡെല്‍ഹിക് പോകുന്നു. അദേഹത്തിന്റെ ബാഗില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുണ്ട കണ്ടെടുത്തതാണ്. അതു കൈവശം വക്കാനുള്ള രേഖകള്‍ അദ്ദേഹത്തിന്റെ കയ്യിലില്ലായിരുന്നു. അതു കൊണ്ട് അത് വിവാദമായി. ഭാര്യ കൂടെയുണ്ടായിരുന്നത് വേറൊരു വിവാദമായി. എന്തിനാണു ചെന്നൈയില്‍ വന്നതെനു പത്രക്കാര്‍ ചോദിച്ചപ്പോള്, അതിനു വിശ്വസനീയമയ ഒരു ഉത്തരം നല്‍കിയില്ല. അതുകൊണ്ടാണാ സംഭവം വിവാദമായത്.

ഭാര്യയുടെ ചികിത്സയ്ക്കായാണ്, ചെന്നൈയില്‍ പോയതെന്ന്, ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. അന്ന് പിണറായി അത് പറഞ്ഞിരുന്നെങ്കില്‍ ആ പ്രശ്നം വിവാദമാകില്ലായിരുന്നു.

അസുഖം സ്വകാര്യതയാണോ അല്ലയോ എന്നത് പിണറായി തീരുമാനിക്കുമ്പോലെയേ ഉള്ളു. ഇതിനു മുമ്പും മറ്റു പലരും ചികിത്സയ്ക്കായി വിദേശത്തു വരെ പോയിട്ടുണ്ട്. അതവരാരും മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചില്ല. എന്തൊക്കെ മറച്ചു വക്കാന്‍ ശ്രമിക്കുന്നുവോ അതൊക്കെ വിവദമാകും. ഭാര്യയുടെ അസുഖം ചികിത്സിക്കനാണ്, ചെന്നൈ വഴി ഡെല്‍ഹിക്കു പോയതെന്ന് ജനങ്ങളോടു തുറന്നു പറയുന്നതില്‍ എന്താണിത്ര പ്രശ്നം? അതു പറഞ്ഞിരുന്നെങ്കില്‍ അതൊരു വിവാദമാകില്ലായിരുന്നു.

manoj pm said...

കാളിദാസന്‍ സ്വന്തം പേര് എന്തിനു മറച്ചു വെക്കുന്നു? എന്തെങ്കിലും ഗുരുതരമായ കുഴപ്പം താങ്കള്‍ക്ക് ഉണ്ടോ?

Vinu Vikram said...

"1 - ഒളിയമ്പുകള്‍ , ജനശക്തി, തുടങ്ങിയ ബ്ലോഗുകളില്‍ സഖാവ് പിണറായിയെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റ വിമുക്തനക്കുന്നുണ്ട് ...അപ്പോള്‍ പിന്നെ എന്തിനു പിണറായി വിചാരണയെ ഭയക്കുന്നു...? എന്തിനു സി ബി ഐ അന്വേഷണം വേണ്ട എന്ന് പറഞ്ഞു...അതും പൊതു ഖജനാവിലെ കാശു കൊടുത്തുകൊണ്ട് ?.." നാട്ടിൽ ഒരു കത്തി കുത്ത് നടന്നു. വെറുതെ വീട്ടിൽ കിടന്നു ഉറങ്ങുകയായിരുന്ന എന്നെ വന്നു വിളിച്ച് എണീപിച്ചിട്ട് പറയുന്നു നീയാണ് കുത്തിയത്. നീ കുത്തിയതല്ലെങ്കിൽ തെളിയിച്ചോ എന്ന്. എന്തുവാടെ ഇതൊക്കെ?