കോണ്‍ഗ്രസില്‍ അങ്ങനെയാണ്. കാസര്‍കോട്ടായാലും വേണ്ടില്ല; കോത്താഴത്തായാലും വേണ്ടില്ല; സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുവന്നാല്‍മതി. ജയിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വോട്ടെടുപ്പുതീയതിയാകുമ്പോഴേക്ക് കച്ചവടം ലാഭത്തിന്മേല് ലാഭമാകും. ഏഴും എട്ടും തവണ തോറ്റവര്‍ രണ്ടും മൂന്നും കോടി തലവരിപ്പണം കൊടുത്ത് സ്ഥാനാര്‍ഥിയാകാന്‍ ചുരംകയറുന്നത് അങ്ങനെയുള്ള ചിലതൊക്കെ കണ്ടിട്ടാണ്.
ഷാഹിദയ്ക്ക് കാസര്‍കോടിനെയും കാസര്‍കോട്ടുകാര്‍ക്ക് ഷാഹിദയെയും അറിയില്ലെങ്കിലും സ്ഥാനാര്‍ഥിയെന്നുകേള്‍ക്കുമ്പോള്‍ ഒഴുകണം കണ്ണില്‍നിന്ന് കണ്ണീര്‍ധാരയെന്ന് മഹാകവി പന്തളം സുധാകരന് പണ്ട് പാടിയിട്ടുണ്ട്. അതുകൊണ്ട്, കേരളത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ രമേശ് ചെന്നിത്തല നല്കിയ സീറ്റിന്റെ വിവരമറിഞ്ഞപ്പോള്‍തന്നെ ആനന്ദക്കണ്ണീര് പൊഴിച്ച ഷാഹിദാ കമാലിനെ വെറുതെ വിടാം. ആ കണ്ണീരിനുവേണ്ടി ലിറ്റര്‍കണക്കിന് സങ്കടക്കണ്ണീര് കുടിച്ചുവറ്റിച്ച ഷാനിമോള്‍ ഉസ്മാനോടാണ് ശതമന്യുവിന്റെ ആഭിമുഖ്യം. ഷാനിമോളെ ചതിച്ചതാരാണ് ? ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അതോ അലുമിനിയം പട്ടേലോ?

ഉമ്മന്‍ചാണ്ടിയുടെ കണ്ണീര് സിദ്ദിഖിന് സീറ്റു കിട്ടാത്തതുകൊണ്ടാണെന്ന് സിദ്ദിഖ് ധരിക്കും. സത്യത്തില്‍ ചെന്നിത്തലയെ വെട്ടാന്‍ പറ്റാത്തതിന്റെ കുശുമ്പന്‍ കണ്ണീരാണത്. ചെന്നിത്തല സിദ്ദിഖിനെ ചതിച്ചപ്പോള്‍ ചെന്നിത്തലയെ ആന്റണി ചതിച്ചു. കൊണ്ടുപോയ ലിസ്റ്റിലെ പാതിപ്പേരും ആന്റണി വെട്ടി. അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയും ഞെളിഞ്ഞുനടക്കേണ്ട എന്നുകരുതിയ ചെന്നിത്തല വെട്ടിയത് 'ഉ'ഗ്രൂപ്പിന്റെ പട്ടികയാണ്. ഒടുവില്‍ സീറ്റുവിഭജനം പൂര്‍ത്തിയായപ്പോള്‍, ഹൈകമാന്‍ഡിന്റെ കണക്കില്‍ ഒന്ന്, വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ തിരുതമീനിന്റെ തൂക്കംനോക്കി ഒന്ന്, എംഎല്‍എമാര്‍ക്ക് മൂന്ന്, ചെന്നിത്തലയെ 'തിരുടാ തിരുടാ' എന്നുമാത്രം വിളിക്കുന്ന കടത്തനാടന്‍ കളരിയിലെ കച്ചക്കാരന് ഒന്ന്, തോല്‍ക്കാനായി ജനിച്ചവന്റെ പേയ്മെന്റ് സീറ്റ് ഒന്ന്, വനിതാ പ്രാതിനിധ്യത്തെ പണ്ടാരമടക്കാന്‍ തോല്‍ക്കുന്ന സീറ്റ് ഒന്ന് എന്നിങ്ങനെ വീതംവച്ചുപോയി.
ഇടതുപക്ഷ മുന്നണിക്കാര്‍ ഹൈകമാന്‍ഡിനോട് ആളറിയാതെയെങ്കിലും നന്ദി പറയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചപോലെ തൂത്തുവരാന്‍ ഇക്കുറി എല്‍ഡിഎഫ് പ്രയാസപ്പെടുമെന്ന് എല്ലാവരും ഭയന്നതാണ്. ആ ഭയം മാറ്റുന്നതായി ഹൈകമാന്‍ഡിന്റെ സ്ഥാനാര്‍ഥിപ്പട്ടിക. സുധീരന് പിണങ്ങി പിന്മാറി. ഉണ്ണിത്താന് ഉണ്ണാവ്രതത്തിനൊരുങ്ങുന്നു. സിദ്ദിഖ് സിദ്ധികൂടി. വടക്കന്‍ വെടക്കായി. നാടുനീളെ കോലം കത്തുകയും പ്രകടനം നടക്കുകയുമാണ്. നൂലില്‍കെട്ടിയിറക്കിയ തലസ്ഥാനത്തെ സ്ഥാനാര്‍ഥിയോടൊപ്പം വോട്ടുചോദിച്ച് നടക്കുന്നത് 'ഖദറില്‍പൊതിഞ്ഞ മാംസപിണ്ഡങ്ങ'ളാണ്.
സ്ഥാനാര്‍ഥിയുടെ പുസ്തകം മുഴുവന്‍ വായിച്ചാല്‍ കോണ്‍ഗ്രസിനോട് നല്ല മതിപ്പാണ് തോന്നുക. ഇന്ദിരയുടെ പാഴ്സിക്കാരനായ ഭര്‍ത്താവിന് കുലത്തൊഴിലിന്റെ ഭാഗമായി കിട്ടിയ പേരായ 'ഗാന്ധി'എന്നത് 'ടോഡിവാല'(കള്ളുകച്ചവടക്കാരന്) എന്നായിരുന്നെങ്കില്‍ രാജ്യത്തിന്റെ ചരിത്രം എന്താകുമായിരുന്നു എന്നാണ് മേല്‍പ്പടി സ്ഥാനാര്‍ഥിയുടെ സംശയം. ടോറിനോയിലെ കരാറുകാരന്റെ മകളായ സോണിയക്ക് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് എന്തു വിവരമെന്നും ചോദിക്കുന്ന സ്ഥാനാര്‍ഥിയെയും പേറി തിരുവനന്തപുരത്ത് വോട്ടുതെണ്ടാന്‍ നടക്കുന്ന കോണ്‍ഗ്രസുകാര്‍ ഒഴുക്കുന്നതാണ് ഗതികേടിന്റെ കണ്ണീര്.
ആര്‍ക്കും വേണ്ടാത്ത സ്ഥാനാര്‍ഥികളുമായി കേരളത്തിലാകെ ഗതികിട്ടാതലയുന്ന കോണ്‍ഗ്രസുകാരുടെ കണ്ണീരുപോലെയല്ല മാണിസാറിന്റെ പാലാഴിപ്പൂങ്കണ്ണീര്‍. 'എടാ മോനേ, നിന്നെ ഞാന്‍ ഒക്കത്തുകൊണ്ടുനടന്നതല്ലേ, എന്നിട്ടും നീ അച്ചായനെതിരെ പറയാമോടാ' എന്നാണ് മാണിസാര്‍ പത്രക്കാര്‍ക്കുമുന്നില്‍ വാവിട്ട് നിലവിളിച്ചത്. അഴിമതി ആരോപണം ഹിമാലയയുടെ രൂപത്തില്‍ വന്നപ്പാള്‍ ഒരു നേതാവിന്റെ മത്തങ്ങാമുഖം തക്കാളിപോലെ ചുവക്കുന്നതും വിയര്‍പ്പ് ധാരധാരയായി ഒഴുകുന്നതും കേരളീയര്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു പൂങ്കണ്ണീരുകാണുന്നത് ആദ്യമായാണ്. അധ്വാനവര്‍ഗ സിദ്ധാന്തിയും ധീരശൂരപരാക്രമിയുമായ മാണിസാര്‍ സ്വന്തം നേര്‍ക്കു വരുന്ന ഏതാക്രമണവും തടുക്കും. അതുപോലെയാണോ പൊന്നുമോന്റെ നേര്‍ക്കുവന്നാല്‍? പിതൃഹൃദയത്തിന്റെ ആകുലതകള്‍ അറിയാത്തവരേ പാലാഴിപ്പൂങ്കണ്ണീരിന്റെ പേരില്‍ മാണിസാറിനെ കുറ്റപ്പെടുത്തൂ.
മറ്റൊരുതരം കണ്ണീര് ഒലിച്ചിറങ്ങുന്നത് അങ്ങ് മലപ്പുറത്താണ്. പച്ചപ്പേടിക്കണ്ണീര്‍. പണ്ട് ഒരു തെറിച്ചപെണ്ണ് ഒക്കത്തൊരു കുഞ്ഞുമായി ചാനലില്‍ കയറിയിരുന്ന് ഗീര്‍വാണപ്രസംഗം നടത്തിയിട്ടുകൂടി ലീഗ് കണ്ണീരണിഞ്ഞിട്ടില്ല. കുറ്റിപ്പുറത്തെ വിദ്വാന് സീറ്റ് തട്ടിത്തെറിപ്പിച്ചപ്പോഴും മഞ്ചേരിക്കാര്‍ ഹംസക്കയെ തലയില്‍കയറ്റിയിരുത്തിയപ്പോഴും ഒരിറ്റ് കണ്ണീരുവന്നു. കണ്ണുതുടച്ചുകൊണ്ട് 'അയമ്മദ് സായ്വ്' പൊന്നാനിയില്‍നിന്ന് ഓടുകയുംചെയ്തു. എന്നിട്ടും മാറുന്നില്ല കുറ്റിപ്പുറം ബാധ. മലപ്പുറം ജില്ലതന്നെ കുറ്റിപ്പുറമാകുമെന്നാണ് പേടി. അതിന്റെ വേവലാതിമൂത്ത കണ്ണീരാണ് ലീഗിന്റെ കണ്ണില്‍നിന്ന് അനര്ഗളനിര്ഗളം പ്രവഹിക്കുന്നത്.
വിമതക്കണ്ണീര്‍ എന്ന ഒരു സവിശേഷ ഇനമുണ്ട്. ബിരിയാണിയില്‍ ഉപ്പുപോരാ, ചോറിന് വേവുപോരാ, താടിക്ക് മാര്‍ക്സിന്റെയത്ര മുറ്റുപോരാ എന്നൊക്കെയുള്ള സങ്കടവുംപേറി നടക്കുന്നവരുടെ കണ്ണീരാണത്. അതിന്റെ ഒഴുക്കിന് ശക്തിയും പോരാ. സിനിമാക്കൊട്ടകയില്‍ കയറി കൂവിവിളിക്കുന്നവരുടെ പ്രത്യയശാസ്ത്ര ധര്‍മം അനുഷ്ഠിച്ച് ആ കണ്ണീര് അങ്ങനെ വന്നുംപോയുമിരിക്കും-ഇഗ്നോറബിള്.
***
ഡല്‍ഹിയില്‍ ഒരു രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്. എലിപ്പനി, പക്ഷിപ്പനി എന്നെല്ലാം പറയുന്നതുപോലെ മലയാളിമാധ്യമപ്പനി എന്നാണതിന്റെ പേര്. ഈ പനിപടര്‍ത്തുന്ന മലയാളിമാധ്യമക്കൊതുകുകളുടെ ശല്യംകാരണം ഡല്‍ഹിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക്; പ്രത്യേകിച്ച് ഇടതുപക്ഷ നേതാക്കള്‍ക്ക് നേരേചൊവ്വെ നടക്കാന്‍ കഴിയുന്നില്ല. വായിന്റെ സ്ഥാനത്ത് രക്തം ഊറ്റിക്കുടിക്കാനുള്ള കുഴലുംവച്ച് അതിരാവിലെ എ കെ ജി ഭവന്റെയും അജോയ് ഭവന്റെയും മുറ്റത്ത് കൊതുകുകള്‍ പറന്നുകളിക്കുന്നു. നേതാക്കള്‍ വന്നിറങ്ങുമ്പോള്‍ മൂളല്‍തുടങ്ങും. "രാവിലെ കഴിച്ചത് ഇഡ്ഡലിയോ ദോശയോ?''ഒരുകൊതുകിന്റെ നീട്ടിപ്പിടിച്ച പാട്ട്. "ഏതായാലും നിങ്ങള്‍ക്കെന്തുകാര്യം'' എന്ന് മറുപടിയുണ്ടായെന്നിരിക്കട്ടെ. 'സിപിഐ എം നേതാക്കള്‍ രാവിലെ ഇഡ്ഡലിയോ ദോശയോ കഴിച്ചതെന്ന് പറയാന്‍ എസ് രാമചന്ദ്രന്‍പിള്ള വിസമ്മതിച്ചു. സിപിഐ എം നേതാക്കള്‍ എന്തും കഴിക്കുമെന്നും അത് മറ്റാരുടെയും കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി' -എന്നാവും വാര്‍ത്ത. കേരളത്തില്‍ മഴപെയ്യുമ്പോള്‍ ഡല്‍ഹിയില്‍ കുടപിടിക്കുന്നത് മാധ്യമങ്ങള്‍ ഒരു ശീലമാക്കിയിരിക്കുന്നു.
കേരളത്തിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന് വയറ്റിളക്കംപിടിപെട്ടാല്‍ അതിന് ഡല്‍ഹിയില്‍നിന്ന് പ്രതികരണം വേണമെന്ന് നിര്‍ബന്ധമാണ്. ആ വയറ്റിളക്കം സിപിഐ എമ്മിന്റെ ആഭ്യന്തരപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നാവും ചോദ്യം. പ്രതികരണം എന്തായാലും വാര്‍ത്ത. ഒന്നും മിണ്ടിയില്ലെങ്കില്‍ കേന്ദ്രനേതൃത്വം പ്രതികരിച്ചില്ലെന്നും വാര്‍ത്ത! ഏതു പോക്കണംകെട്ടവനും ചെയ്യാന്‍കഴിയുന്ന കാര്യമാണ് ഒരു കടലാസെടുത്ത് അതില്‍ കുത്തിക്കുറിച്ച് പൊതുചുമരില്‍ ഒട്ടിക്കുക എന്നത്. ഡല്‍ഹിയില്‍നിന്ന് അടുത്തകാലത്ത് എത്രയെത്ര'പോസ്റ്റര്‍ പ്രചാരണ' വാര്‍ത്തകള്‍ വന്നു എന്നാലോചിച്ചുനോക്കൂ. കണ്ണൂരില്‍ സിപിഐ എം ഓഫീസിനുപുറത്ത് ഒരു ചാനല്‍ലേഖകന്‍ സ്വയം പോസ്റ്ററൊട്ടിച്ച് വാര്‍ത്തയുണ്ടാക്കിയതാണ് പിടിക്കപ്പെട്ടതെങ്കില്‍, ഡല്‍ഹിയില്‍ പോസ്റ്റര്‍സേവനം ചെയ്യുന്ന മനോരോഗികളെ ചിലകേന്ദ്രങ്ങള്‍ ചൊല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നുണ്ട്. അവര്‍ ഒട്ടിക്കും; മാധ്യമക്കുട്ടികള്‍ വാര്‍ത്തയാക്കും. അതേ തല്ലിപ്പൊളിപ്പണി മറ്റാരും ചെയ്യാത്തതുകൊണ്ട് നാട്ടുകാര്‍ക്ക് ആശ്വാസം.
മുംബൈയില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയുടെ ചിതയ്ക്ക് മകന് ആകാശ് തീകൊളുത്താന്‍ നില്‍ക്കവെ, 'എന്തുതോന്നുന്നു' എന്നാണ് ഒരു ചാനലുകാരന് ചോദിച്ചത്. അതിലും വലിയ ഔചിത്യമില്ലായ്മയല്ല ഡല്‍ഹിയിലേത് എന്നാശ്വസിക്കാം. എന്നാലും സഹികെടുത്തുന്ന ചൊറിച്ചിലുകാരായി മാധ്യമ പ്രവര്‍ത്തകര്‍ മാറുകയും അത് നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ശല്യമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്യുകയാണ്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഈ പണിയെ എന്താണാവോ വിളിക്കേണ്ടത്?
***
വടക്കന്‍ എങ്ങോട്ടുപോയെന്നറിയില്ല. പകരം ഒരു തെക്കന്‍ തിരുവനന്തപുരത്തുവന്നിറങ്ങിയത് ആശ്വാസം. 'മല്യാലം'കേള്‍പ്പിക്കാന്‍ ഒരാളെങ്കിലും വേണമല്ലോ. യൂത്ത്- കെഎസ്യൂ നിരാശാ ബാധിതര്‍ക്കും മീശയേതുമില്ലാത്ത കോമള വദനാംബുജം കണ്ട് ആശ്വാസംകൊള്ളാം. ആ മുടിവെട്ടിപ്പിലെങ്കിലും അല്‍പ്പം യുവത്വമുണ്ട്.