പ്രത്യയശാസ്ത്ര സമരമെന്നാല്‍ അപവാദ വ്യവസായമാണെന്നുള്ള തിയറി ഏത് സ്കൂളിന്റെ സംഭാവനയാണെന്ന് തിട്ടമില്ല. ഏത് കോളേജിലാണ് പഠിപ്പിക്കുന്നതെന്നുമറിയില്ല. ഡോക്ടറേറ്റിന്റെ താടി തടവി ചാനലുകളില്‍ കയറിനിരങ്ങി ആചാര്യവേഷം കളിക്കുന്നവരും തൊട്ടിക്കുട്ടന്മാരും ന്യൂസ് അവറിലും പത്രസമ്മേളനത്തിലും വിധികര്‍ത്താക്കളുടെ ചൊറിയന്‍വേഷം കെട്ടുന്ന ചാനല്‍പൈതങ്ങളും പറഞ്ഞാണ് മേല്‍ തിയറിയെക്കുറിച്ച് ശതമന്യു അറിഞ്ഞത്.
സംഗതി ശരിയാണെന്നു തോന്നുന്നു.
ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ ചേരുന്നതിനുമുമ്പ് പൊട്ടിമുളച്ച പോസ്റ്ററുകള്‍ കണ്ടില്ലേ. പ്രകാശ് കാരാട്ട് ഗീബല്‍സാണെന്ന്. അക്ഷരത്തെറ്റും വ്യാകരണപ്പിശകുമാണത്രേ പോസ്റ്ററുകളുടെ സ്പെഷ്യാലിറ്റി. അതു നന്നായി. എഴുതിയവരെ തെരഞ്ഞ് കഷ്ടപ്പെടേണ്ടതില്ലല്ലോ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ആദരിക്കപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിനെ ഗീബല്‍സെന്നു വിളിക്കണമെങ്കില്‍ പോസ്റ്ററൊട്ടിപ്പുകാരുടെ മനഃശാസ്ത്രം ഒന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതുതന്നെയാണ്. ആരൊക്കെ തങ്ങള്‍ക്കെതിരാണോ അവരെയെല്ലാം നാറ്റിക്കുക എന്നതാണാ മനഃശാസ്ത്രം. കേരളത്തില്‍ എം എ ബേബി, തോമസ് ഐസക് എന്നിവര്‍ക്കെതിരെയായിരുന്നു ആദ്യത്തെ 'പ്രത്യയശാസ്ത്ര സമരം'. ബേബിയെ നാലാംലോക വാദിയാക്കി. ഐസക്കിനെ 'വിദേശചാരനാ'ക്കി. അന്ന് പിണറായി വിജയനെതിരെ ആക്രമണമില്ല. അപവാദപ്രത്യയശാസ്ത്രക്കാരുടെ വാക്കുകേട്ട് ബേബിയെയും ഐസക്കിനെയും പിണ്ഡം വയ്ക്കാത്തതാണ് പിണറായിയുടെ ആദ്യത്തെ അപരാധം. അതോടെ പിണറായി മോശക്കാരനായിത്തുടങ്ങി.
'നത്തുമലമ്പുള്ളുകാട്ടുമാക്കാന്‍ മരങ്കൊത്തി പേപ്പട്ടിയെലിയണലി, എട്ടടി മൂര്‍ഖന്‍ വളവളപ്പന്‍, തൊട്ടാരൊട്ടി തേരട്ടയോന്തെട്ടുകാലി എന്നുവേണ്ടെല്ലാ വിഷയിനങ്ങളുമൊന്നിച്ചുചേര്‍ന്ന'ങ്ങനെയുള്ള ഒരു ഗൂഢപരിപാടി തയ്യാറായി. അതേപ്പറ്റി പറയണമെന്ന് നിനച്ചപ്പോഴാണ് ശതമന്യുവിന് ചങ്ങമ്പുഴയെ ഓര്‍മ വന്നത്. പാടുന്ന പിശാച് എന്ന കവിതയില്‍ ചങ്ങമ്പുഴ സംഗതി കൃത്യമായി പറഞ്ഞിട്ടുണ്ട്. പുള്ളിമാന്‍ നന്നല്ല, മാംസഭോജിയാണ്, നീചനാണ്, ചേറ്റിലാണ് വാസം എന്നെല്ലാം പന്നി ചെന്ന് ചെന്നായോട് ഓതി മാനിനെ കൊന്നുതിന്നാന്‍ ഗൂഢാലോചന നടത്തുന്നതാണ് കവി സരസമായി വിവരിക്കുന്നത്. വിദേശയാത്രയില്‍ സഖാക്കള്‍ ഏര്‍പ്പെടുത്തിയ താമസസ്ഥലം, പഴകിയ വീടിന് നടത്തിയ അറ്റകുറ്റപ്പണി, മക്കളെ പഠിപ്പിച്ചത്, മകന്‍ ജോലിക്കിടെ ഉപരിപഠനത്തിനു പോയത്, കുടുംബത്തെയും കൂട്ടി നടത്തിയ യാത്ര-ഇതെല്ലാം പിണറായിക്കെതിരായ അപവാദകഥകളാക്കി രൂപംമാറ്റി. പിണറായിയിലെ പഴയ വീടിന് വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അന്നാട്ടുകാര്‍ക്കറിയാം. ആര്‍ക്കും എപ്പോഴും സഞ്ചരിക്കാവുന്ന വഴിയരികിലാണ് ആ വീട്. ഇന്നുവരെ ഏതെങ്കിലും ഒരുകൂട്ടര്‍ അതിന്റെ ചിത്രം പത്രത്തിലോ ചാനലിലോ കാണിച്ചോ? ഇല്ലേയില്ല. അങ്ങനെ കാണിച്ചാല്‍ അപ്പോള്‍ പൊളിയും തൊണ്ണൂറുലക്ഷത്തിന്റെ വീടെന്ന കള്ളക്കഥ. ബാങ്ക് ലോണെടുത്ത് സ്വന്തം വീട് നന്നാക്കാന്‍ പാടില്ലാപോലും. ഒരുതരത്തിലുള്ള അഴിമതിയോടും സഹിഷ്ണുത കാണിക്കാത്ത, അഴിമതിക്കാരെയും തന്‍കാര്യംനോക്കികളെയും മണിയടിക്കാരെയും ആട്ടിപ്പുറത്താക്കുന്ന സ്വഭാവക്കാരനെന്നാണ് പിണറായി വിജയനെ സിപിഐ എമ്മുകാര്‍ അറിയുന്നത്. കേരളം കണ്ട ഏറ്റവും മിടുക്കനായ വൈദ്യുതമന്ത്രി എന്നാണ് ശത്രുക്കള്‍പോലും വാഴ്ത്തിയത്.
പിന്നെങ്ങനെ ഒരു സുപ്രഭാതത്തില്‍ പിണറായി മോശക്കാരനായി? ഗൂഢാലോചനകള്‍ക്ക് എക്കാലത്തും ഒരേ സ്വഭാവമാണ്. കാട്ടിലായാലും നാട്ടിലായാലും; ഡല്‍ഹിയിലായാലും കോഴിക്കോട്ടായാലും. അതിലെ പങ്കാളികള്‍ക്കും ഒരേ രൂപവും ഭാവവുമാണ്; പന്നിയായാലും മനുഷ്യനായാലും. 'മാനിനെ മാനംകെടുത്തി ഞാനെന്നഭിമാന ഗര്‍വത്തോടിരിക്കുന്ന' പന്നികള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍മാരുണ്ടാകും. സഹായത്തിന് ചെല്ലും ചെലവും കൊടുത്തുവളര്‍ത്തുന്ന ഭൃത്യരുമുണ്ടാകും. അവരുടെ വേലകളാണ് ആദ്യം പിണറായിയെ 'മോശക്കാരനാ'ക്കിയതും ഇപ്പോള്‍ പ്രകാശ് കാരാട്ടിനെ 'ഗീബല്‍സാ'ക്കുന്നതും.
*
'വേലുലാലുവേല' എന്നാല്‍ റെയില്‍വേ ബജറ്റ് തട്ടിപ്പടച്ചുണ്ടാക്കാന്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍ നടത്തിയ വേലയാണെന്ന് ശുദ്ധമനസ്കര്‍ കരുതിയേക്കും. തെറ്റി. യഥാര്‍ഥത്തില്‍ അത് മറ്റൊരു പരിപാടിയാണ്. ഉള്ളതിനെ ഇല്ലാതാക്കുക, ഇല്ലാത്തതിനെ സൃഷ്ടിക്കുക, ക്ഷണിക്കാത്തിടത്ത് ഉണ്ണാന്‍ പോവുക, ഉത്തരം താങ്ങുന്നതായി അഭിനയിക്കുക തുടങ്ങിയ സംയുക്ത പരിപാടികള്‍ക്ക് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലുള്ള വിളിപ്പേരാണ് 'വേലുലാലുവേല' എന്നത്. കൃഷ്ണനാട്ടം, കുമാര സംഭവം തുടങ്ങിയ അപരനാമധേയങ്ങളുമുണ്ട് ഈ കലാപരിപാടിക്ക്. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാന്‍ കഴിയില്ലെങ്കിലും പത്രാധിപര്‍ പിരിഞ്ഞാല്‍ കുപ്പയില്‍കിടക്കുമെന്നത് പുതിയ പഴഞ്ചൊല്ലാണ്.
വീരപ്പന്‍പരുവത്തില്‍ കേരളത്തെ വിറപ്പിച്ച ഒരു പത്രാധിപര്‍ അടുത്തൂപറ്റി ഡല്‍ഹിയിലേക്ക് ചെന്നിട്ടുണ്ട്. പണ്ട് ഒരു ഗോസായി എംപിയുടെ കാര്യക്കാരനായതുകൊണ്ട് ഉപജാപം, കുടുക്കക്കഷായ നിര്‍മാണം, വ്യാജവാര്‍ത്തോല്‍പ്പാദനം തുടങ്ങിയ ചില്ലറ പരിപാടികളില്‍ അഗ്രഗണ്യനാണ്. പേര് കൃഷ്ണന്റേതെങ്കിലും സ്വഭാവം ശകുനിയുടേത്. ഇപ്പോള്‍ മറ്റു പണിയൊന്നും ഇല്ലാത്തതുകൊണ്ട് 'വേലുലാലുവേല'യിലാണ് കോണ്‍സെന്‍ട്രേഷന്‍. കേരളത്തില്‍നിന്ന് ഇഷ്ടപ്പെട്ട നേതാക്കള്‍ വരുമ്പോള്‍ വേലുവിനെയുംകൂട്ടി ഹാജരാകും. പിന്നെ തകര്‍പ്പന്‍ അഭിനയമാണ്. തങ്ങളാണ് കേരള ഹൌസ് കണ്ടുപിടിച്ചതെന്നുവരെ പറഞ്ഞുകളയും.
ശനിയാഴ്ച രാത്രി പറഞ്ഞത്, എല്ലാം ശരിയാക്കിയിട്ടുണ്ട്, എട്ടരയ്ക്ക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടക്കും എന്നാണ്. പാവങ്ങള്‍ പത്രക്കാര്‍ വിശ്വസിച്ചു. വടിയും കുടയും തല്‍സമയശകടവുമായി കേരളാഹൌസിലേക്ക് മരണപ്പാച്ചില്‍ പാഞ്ഞു. അവിടെച്ചെന്ന് കുറെനേരം തണുപ്പടിച്ചപ്പോഴാണ് അറിയുന്നത്, പത്രസമ്മേളനവുമില്ല, മാങ്ങാത്തൊലിയുമില്ല, എല്ലാം വീരോചിതം രചിപ്പിക്കപ്പെട്ട കൃഷ്ണലീലകളായിരുന്നെന്ന്. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്നു കവി പാടിയത് ഈ പത്രക്കാരെക്കുറിച്ചാണോ? എല്ലാ പ്രതീക്ഷയും തകര്‍ന്നു. ഇനി കിടന്നു മണ്ണുകപ്പുന്നതിനുപകരം പത്രസമ്മേളനങ്ങളെ പ്രകോപന സമ്മേളനങ്ങളാക്കിയാല്‍ മതി. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കണം. പാര്‍ടി ഓഫീസിലേക്ക് പ്രകടനം നടത്തണം. ഇഷ്ടക്കാരോട് നല്ല ചോദ്യങ്ങളും അനിഷ്ടന്മാരോട് ആക്രമണോത്സുക ചോദ്യങ്ങളും ചോദിക്കണം. പ്രകോപനം വരുന്നതുവരെ ചൊറിഞ്ഞുകൊണ്ടേയിരിക്കണം. ചോദ്യം ചോദിച്ച് നമുക്ക് നേതാക്കളെ ഉണ്ടാക്കുകയും സംഹരിക്കുകയും ചെയ്യാം. ചിരിച്ചുകൊണ്ടു മറുപടി പറയുന്നവരെ നോക്കി നിങ്ങള്‍ എന്തിനിങ്ങനെ ക്ഷുഭിതനാകുന്നു എന്ന ചോദ്യം അനിവാര്യം. ആരെങ്കിലും ഏതെങ്കിലും പത്രം ഓഫീസിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെങ്കില്‍ അതിനെയും 'ചോപ്പന്‍'മാരുടെ ആക്രമണമാക്കണം.
സുന്ദരസുരഭില പത്രപവര്‍ത്തനം കൊഴുക്കട്ടെ.
1 comment:
പ്രത്യയശാസ്ത്ര സമരമെന്നാല്‍ അപവാദ വ്യവസായമാണെന്നുള്ള തിയറി ഏത് സ്കൂളിന്റെ സംഭാവനയാണെന്ന് തിട്ടമില്ല. ഏത് കോളേജിലാണ് പഠിപ്പിക്കുന്നതെന്നുമറിയില്ല. ഡോക്ടറേറ്റിന്റെ താടി തടവി ചാനലുകളില്‍ കയറിനിരങ്ങി ആചാര്യവേഷം കളിക്കുന്നവരും തൊട്ടിക്കുട്ടന്മാരും ന്യൂസ് അവറിലും പത്രസമ്മേളനത്തിലും വിധികര്‍ത്താക്കളുടെ ചൊറിയന്‍വേഷം കെട്ടുന്ന ചാനല്‍പൈതങ്ങളും പറഞ്ഞാണ് മേല്‍ തിയറിയെക്കുറിച്ച് ശതമന്യു അറിഞ്ഞത്.
Post a Comment