Sunday, December 14, 2008

അയ്യേ....യെസ്

"നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല; നിങ്ങളെലികളോ മാനുഷരോ'' എന്ന് കവി ചോദിച്ചത് കാര്യമായി. സത്യത്തില്‍ ഒന്നും മനസ്സിലാകുന്നില്ല. സരസനും കാര്യപ്രാപ്തനും സാമൂഹ്യസേവകനും സത്യസന്ധനും കര്‍മോന്മുഖനും എല്ലാം തികഞ്ഞവനുമായ ഒരാളെ കുരിശിലേറ്റിയതെന്തിന്? ആളുകളുടെ കഴിവ് അളക്കുന്ന യന്ത്രം ഇപ്പോള്‍ സൂക്ഷിക്കുന്നത് ചില മാധ്യമങ്ങളുടെ ഓഫീസിലാണ്. ആള്‍ നേരിട്ടു ചെല്ലണമെന്നില്ല.

"റാത്തല്‍ നൂറെല്ലുംതോലും കുടലും തലച്ചോറും
ചേര്‍ത്തേതാണ്ടിരുപത്തിയാറിഞ്ച് വില്‍ക്കാന്‍ തയ്യാര്‍
എഴുതാന്‍ വായിക്കാനറിയാം സംസാരിപ്പാന്‍.....
വില്‍ക്കാന്‍ തയ്യാറൊരു ദേഹവുമതിനുള്ളില്‍
മുക്കാലും ശ്വാസംമുട്ടിച്ചത്തൊരാത്മാവും....''

എന്നമട്ടില്‍ വിവരങ്ങള്‍ ഇ-മെയില്‍ ചെയ്താല്‍ മതി. അവര്‍ തിരിച്ച് കുറിപ്പടി കൊടുത്തയക്കും. ഇത്ര റാത്തല്‍ തൂക്കമുള്ളയാള്‍ക്ക് ഇത്ര വീപ്പ ആത്മാര്‍ഥതയും ഇത്ര കിലോ സത്യസന്ധതയുമുണ്ട്-ആള്‍ പരമയോഗ്യന്‍; സസ്പെന്‍ഡ് ചെയ്യാന്‍ പാടില്ലാത്തവന്‍ എന്ന്. ഒരാളെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ദൌര്‍ബല്യങ്ങള്‍മാത്രം അളക്കുന്നത് ശരിയല്ല. ജീവിതത്തില്‍ ഓരോരുത്തരും എന്തെല്ലാം ദുഷ്കര്‍മങ്ങള്‍ ചെയ്യുന്നു. അതുകൊണ്ട് അയാള്‍ ഒരാജീവനാന്ത ദുഷ്ടനാണെന്നു പറയരുത്.

"എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം''

എന്നാണ് കവിവചനം. അങ്ങനെ ചില മാത്രകളില്‍ ചെയ്യുന്ന സദ്കര്‍മങ്ങള്‍ ഒരു മനുഷ്യനെ ദൈവതുല്യനാക്കുമെന്നാണ്. അങ്ങനെയുള്ള ദൈവങ്ങള്‍ക്ക് പിന്നെ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. സ്വന്തം പരിധിയിലല്ലാത്ത കാര്യങ്ങളില്‍ ഇടപെടാം; അഭിമുഖങ്ങള്‍ കൊടുക്കാം; ഇരിക്കുന്ന കൊമ്പ് മുറിക്കാം; ആരെയും പറഞ്ഞ് നാറ്റിക്കാം. എല്ലാം കഴിഞ്ഞ് "മലയോടു കല്ലെറിയുന്ന ഈ പഞ്ചപാവത്തിനെ മല പേടിക്കുന്നതെന്തിനെ''ന്ന് പരിഹാസച്ചോദ്യവുമുതിര്‍ക്കാം.

മലയ്ക്ക് കല്ലിനെ തിരിച്ചെറിയാന്‍ തടസ്സങ്ങളുള്ളതുകൊണ്ട് ക്രമസമാധാനം തകരില്ല. .

*****

ഇനി ചില പഴയ കാര്യങ്ങള്‍ ഓര്‍ക്കാം. കമന്റുകളില്ല. നാട്ടിലെ മഹാമാന്യപത്രങ്ങള്‍ എഴുതിയ ചില വാര്‍ത്തകളുടെ ഭാഗങ്ങളിതാ. ആദ്യം കേരള കൌമുദിയാകട്ടെ. 1982 മെയ് 30ന് ആ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:

പി.എസ്.സി മെമ്പര്‍ ആയാല്‍ ഇങ്ങനെ വേണം

"തിരു: മെയ് 29, ഉയര്‍ന്ന ശമ്പളമുള്ള നാല് ഗസറ്റഡ് പോസ്റ്റുകളിലേക്ക് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ തെരഞ്ഞെടുപ്പുകളില്‍ ഒരു പി.എസ്.സി മെമ്പറുടെ മക്കളും മറ്റു കുടുംബാംഗങ്ങളുംതന്നെ ഒന്നാംറാങ്ക് കരസ്ഥമാക്കി. ഒരു പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെമ്പറുടെ തന്നെ മക്കളുടെയും ഉറ്റവരായ മറ്റുചിലരുടെയും അതുല്യമായ പ്രതിഭ തെളിയിക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന റിക്രൂട്ട് മെന്റുകള്‍ക്ക് സാധ്യമായത്, സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്റെ സുദീര്‍ഘ ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടായിരിക്കും. ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടയിലാണ് ഈ നാലുപോസ്റ്റുകളിലേക്കും പി.എസ്.സി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തത്. നാലു തസ്തികകളില്‍ മൂന്നെണ്ണത്തിലും പി.എസ്.സി പരസ്യംചെയ്തിരുന്നത് ഓരോ ഒഴിവുമാത്രമായിരുന്നു. ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് എന്ന തസ്തികയിലേക്ക് ആയിരുന്നു ഒരു റിക്രൂട്ട്മെന്റ്. ........ ഏപ്രില്‍ 26-ാം തീയതി പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ അറുപത്തിയഞ്ചുപേര്‍ ഈ പോസ്റ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷകര്‍ ഇരുപതില്‍ കൂടുതലുണ്ടെങ്കില്‍ എഴുത്തുപരീക്ഷ നടത്തണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. എന്തുകൊണ്ടോ ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഇന്റര്‍വ്യൂവിനെമാത്രമേ നേരിടേണ്ടിവന്നുള്ളൂ. പി.എസ്.സി മെമ്പറുടെ രണ്ടാമത്തെ മകന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയുംചെയ്തു. 800-1550 രൂപ സ്കെയിലുള്ള ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ മെമ്പറുടെ മറ്റൊരു മകന്‍ ഒന്നാം റാങ്ക് നേടി. എഴുത്തുപരീക്ഷ നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ 28 അപേക്ഷകരെ ഇന്റര്‍വ്യൂവിന് പി.എസ്.സി വിളിച്ചിരുന്നു. ഭാഗ്യം കടാക്ഷിച്ചത് മെമ്പറുടെ മകനെത്തന്നെ. ഇക്കഴിഞ്ഞ 14-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്. മെമ്പറുടെ ജാമാതാവിനും പ്രതിഭ ഒട്ടും കുറവായിരുന്നില്ല. മൃഗസംരക്ഷണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്കാണ് അദ്ദേഹം ഒന്നാംറാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടത്...... വെറ്ററിനറി സയന്‍സില്‍ ഡിഗ്രിയാണ് ഈ പോസ്റ്റിനുള്ള പരീക്ഷായോഗ്യത. കഴിഞ്ഞ ചിലവര്‍ഷങ്ങളിലായി തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്യുന്ന ചില വെറ്ററിനറി ഡോക്ടര്‍മാരും ഈ പോസ്റ്റിന് അപേക്ഷിച്ചിരുന്നു. ജാമാതാവുതന്നെ ഒന്നാംറാങ്കുനേടി ജനുവരി 13-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ......ഫൈനാന്‍ഷ്യല്‍ അസിസ്റ്റന്റ് (രണ്ടാംഗ്രേഡ്) എന്ന നാലാമത്തെ പോസ്റ്റിലേക്ക് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത് മെമ്പറുടെ സഹോദരീപുത്രനാണ്. ഏപ്രില്‍ 23-ാം തീയതിയാണ് ഈ പോസ്റ്റിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്.'' അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും, ചൊട്ടയിലെ ശീലം ചുടലവരെ എന്നീ രണ്ടു ചൊല്ലുകള്‍ ഇതോടൊപ്പം വായിക്കണമെന്ന് വായനക്കാരോട് അപേക്ഷിക്കുന്നു.

അടുത്ത വാര്‍ത്ത മലയാള മനോരമയുടേതാണ്. 1998 ജൂലൈ 21. അതിങ്ങനെ:

ഡിപിഇപി തിരിമറി അന്വേഷിക്കും; ഡയറക്ടറെ ചുമതലയില്‍നിന്നു നീക്കി

"തിരുവനന്തപുരം: ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഫണ്ട് ബാങ്കില്‍നിക്ഷേപിച്ചു നടത്തിയ തിരിമറിയെക്കുറിച്ച് ധനവകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിംഗിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡയറക്ടര്‍ സുരേഷ്‌കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാനും തീരുമാനിച്ചു. അദ്ദേഹത്തിന്റെ ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജയകുമാറിന് നല്‍കും. ഡിപിഇപിയുടെ രണ്ടുകോടിരൂപ ചട്ടം ലംഘിച്ച് സ്ഥിരം നിക്ഷേപമാക്കി 13 ലക്ഷംരൂപയുടെ തിരിമറി നടത്തിയതായി സിബിഐ കണ്ടെത്തിയെന്ന മനോരമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇനി മാതൃഭൂമിയാകട്ടെ. 2001 ജൂലൈ 17ന്റെ രണ്ടു വാര്‍ത്ത.

1.നിയമം എന്റെ കൂടെ- സംഗീത ലക്ഷ്മണ

കൊച്ചി: 'നിയമവും നീതിയും എന്റെ കൂടെയാണ്. നിയമത്തിന്റെ സഹായത്തോടെ എന്റെ കുട്ടികളെ തിരിച്ചുകിട്ടുന്നത് കാത്തിരിക്കുകയാണ് ഞാന്‍...' എറണാകുളത്തെ വസതിയിലിരുന്ന് അഡ്വ. സംഗീത ലക്ഷ്മണ പറഞ്ഞു. ജുഡീഷ്യറിക്കുംമേലെയാണ് താന്‍ എന്ന ധിക്കാരമാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാര്‍ കാട്ടുന്നതെന്നും അദ്ദേഹത്തിന്റെ ആദ്യഭാര്യയായിരുന്ന സംഗീത ആരോപിക്കുന്നു. 'കൈരളി ടിവിയില്‍ എന്നെക്കുറിച്ച് കുട്ടികളെക്കൊണ്ട് പറയിപ്പിച്ചതെല്ലാം കളവാണ്. പതിനാലു ദിവസംകൊണ്ട് സുരേഷ്‌കുമാര്‍ എന്റെ മക്കളെ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണ്...'' സംഗീത പറഞ്ഞു.

2. സുരേഷിനെയും കുട്ടികളെയും കണ്ടെത്താനായില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഒളിവില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാറിനെയും മക്കളെയും കണ്ടെത്താന്‍ കേരളത്തില്‍നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിങ്കളാഴ്ച കഴിഞ്ഞില്ല. കുട്ടികളെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. മക്കളെ തിങ്കളാഴ്ചതന്നെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

തൊട്ടടുത്ത ദിവസത്തെ മാതൃഭൂമി ഒന്നാം പേജ് വാര്‍ത്ത:

സുരേഷ്‌കുമാറിനെ അറസ്റ്റ്ചെയ്യാന്‍ ഉത്തരവ്

കൊച്ചി: കോടതി ഉത്തരവ് ധിക്കരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറിനെ അറസ്റ്റ്ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ മാനേജിങ് ഡയറക്ടറായ സുരേഷ്‌കുമാര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലാണ്. അദ്ദേഹത്തിനുവേണ്ടി കേരള പൊലീസ് അവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. ജൂലൈ 20-ാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളായ അനന്തുവിന്റെയും അഭിമന്യുവിന്റെയും സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കാനാണ് അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

വാര്‍ത്തകള്‍ ഇനിയുമുണ്ട്. അച്ചടിക്കാന്‍ സ്ഥലം പോര.

**
ഈയിടെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് ചീഫ് ഗാര്‍ഡ് പി വി രാജു തന്റെ എസ്‌പിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗംകൂടി വായിക്കാം:

".......പ്രശാന്തന്‍, സജുകുമാര്‍ എന്നിവര്‍ ഒരു കാറില്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തുകയും അവിടെയുണ്ടായിരുന്ന പട്രോളിങ്ങ് ബോട്ടില്‍ ആരെയോ കാത്തിരിക്കുകയുംചെയ്തു. ഏകദേശം പതിനൊന്നുമണിയോടെ ശ്രീ സുരേഷ് കുമാര്‍ ഐഎഎസ് മധ്യവയസ്കയായ ഒരു സ്ത്രീയോടൊപ്പം മറ്റൊരു കാറില്‍ എത്തി. നേരത്തെ തയ്യാറാക്കിവെച്ച നോണ്‍വെജിറ്റേറിയന്‍ ഭക്ഷണവുമായി അവര്‍ കടലിലേക്കു യാത്ര പോയി....ഒരുമണിയോടെ ആ സ്‌ത്രീക്ക് കടല്‍ച്ചൊരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉല്ലാസയാത്ര മതിയാക്കി ബോട്ട് തിരിച്ചെത്തി....''

ശക്തികുളങ്ങരയില്‍നിന്ന് പന്ത്രണ്ട് മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ശ്രീകൃഷ്ണ എന്ന ബോട്ട് കാണാതായതിനെത്തുടര്‍ന്ന് തെരച്ചിലിന് നിയോഗിക്കപ്പെട്ട സമയത്താണ് മറൈന്‍ എന്‍ഫോഴ്സിന്റെ ബോട്ട് സ്‌ത്രീസമേത ഉല്ലാസ യാത്രയ്ക്ക് ഉപയോഗിച്ചതെന്നും രാജു റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റം ഗുരുതരമാണ്. രണ്ട് കോൺസ്റ്റബിള്‍മാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. അന്വേഷണം എവിടംവരെ ആയി എന്നറിയില്ല. ഇതിലും ശതമന്യുവിന് കമന്റുകളില്ല. ഇദ്ദേഹം വളരെ നല്ല ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ യുഡിഎഫിന്റെ കാലത്ത് രണ്ട് വിജിലന്‍സ് കേസുണ്ടായിരുന്നുവെന്നും അത് അക്കാലത്തുതന്നെ തീര്‍പ്പായി എന്നുമാണ് അദ്ദേഹംതന്നെ പറയുന്നത്. ഉമ്മന്‍ചാണ്ടിക്കുപോലും തൊടാന്‍ ധൈര്യം വന്നിട്ടില്ല. പിന്നല്ലേ ഇപ്പോള്‍!

"കാലമതിന്റെ കനത്ത കരംകൊണ്ടു
ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍
പാടേപതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ-
പാദപപ്പൂക്കളാം താരകള്‍ കൂടിയും''

എന്നാണ്. കാലത്തിന്റെ കരത്തേക്കാള്‍ കനത്ത ഈ കരംകൊണ്ട് കുലുക്കിയാല്‍ നക്ഷത്രങ്ങള്‍ മാത്രമല്ല സൂര്യചന്ദ്രാദി ഗ്രഹങ്ങള്‍വരെ കുതറിയിങ്ങ് വീണാലോ? അതുകൊണ്ട് ആ മഹാത്മാവിനെ തൊടരുത്; നോക്കരുത്; വിമര്‍ശിക്കരുത്; സസ്‌പെന്‍ഡ് ചെയ്യരുത്. കിളിരൂര്‍ കേസിന്റെ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലും അദ്ദേഹം മൊഴിഞ്ഞ വാക്കുകള്‍ അവിശ്വസിക്കാന്‍ ചരിത്രപരമായ കാരണങ്ങളില്ലല്ലോ! ലവന്‍ പുലിയാണ് കേട്ടാ. വെറും പുലിയല്ല, ഒരു സിങ്കം!

*****

വാല്‍ക്കഷണം:

മാണിസാര്‍ കോര്‍ട്ടിലിറങ്ങിയാല്‍ പലതും സംഭവിക്കും. നടുത്തളത്തിലുള്ള കളി പുറത്തളത്തിലേക്ക് മാറ്റേണ്ടിവരും. കോട്ടയത്തെ മുത്തശ്ശിക്കിപ്പോഴും പഥ്യം പാലായില്‍നിന്നുള്ള അവലോസുണ്ടയും പോത്ത് വറുത്തതുംതന്നെ.

7 comments:

ശതമന്യു said...

ഇനി ചില പഴയ കാര്യങ്ങള്‍ ഓര്‍ക്കാം. കമന്റുകളില്ല. നാട്ടിലെ മഹാമാന്യപത്രങ്ങള്‍ എഴുതിയ ചില വാര്‍ത്തകളുടെ ഭാഗങ്ങളിതാ. ആദ്യം കേരള കൌമുദിയാകട്ടെ. 1982 മെയ് 30ന് ആ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:

പി.എസ്.സി മെമ്പര്‍ ആയാല്‍ ഇങ്ങനെ വേണം

"തിരു: മെയ് 29, ഉയര്‍ന്ന ശമ്പളമുള്ള നാല് ഗസറ്റഡ് പോസ്റ്റുകളിലേക്ക് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ തെരഞ്ഞെടുപ്പുകളില്‍ ഒരു പി.എസ്.സി മെമ്പറുടെ മക്കളും മറ്റു കുടുംബാംഗങ്ങളുംതന്നെ ഒന്നാംറാങ്ക് കരസ്ഥമാക്കി. ഒരു പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെമ്പറുടെ തന്നെ മക്കളുടെയും ഉറ്റവരായ മറ്റുചിലരുടെയും അതുല്യമായ പ്രതിഭ തെളിയിക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന റിക്രൂട്ട് മെന്റുകള്‍ക്ക് സാധ്യമായത്, സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്റെ സുദീര്‍ഘ ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടായിരിക്കും. ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടയിലാണ് ഈ നാലുപോസ്റ്റുകളിലേക്കും പി.എസ്.സി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തത്. നാലു തസ്തികകളില്‍ മൂന്നെണ്ണത്തിലും പി.എസ്.സി പരസ്യംചെയ്തിരുന്നത് ഓരോ ഒഴിവുമാത്രമായിരുന്നു. ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് എന്ന തസ്തികയിലേക്ക് ആയിരുന്നു ഒരു റിക്രൂട്ട്മെന്റ്. ........ ഏപ്രില്‍ 26-ാം തീയതി പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ അറുപത്തിയഞ്ചുപേര്‍ ഈ പോസ്റ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷകര്‍ ഇരുപതില്‍ കൂടുതലുണ്ടെങ്കില്‍ എഴുത്തുപരീക്ഷ നടത്തണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. എന്തുകൊണ്ടോ ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഇന്റര്‍വ്യൂവിനെമാത്രമേ നേരിടേണ്ടിവന്നുള്ളൂ. പി.എസ്.സി മെമ്പറുടെ രണ്ടാമത്തെ മകന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയുംചെയ്തു. 800-1550 രൂപ സ്കെയിലുള്ള ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ മെമ്പറുടെ മറ്റൊരു മകന്‍ ഒന്നാം റാങ്ക് നേടി. എഴുത്തുപരീക്ഷ നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ 28 അപേക്ഷകരെ ഇന്റര്‍വ്യൂവിന് പി.എസ്.സി വിളിച്ചിരുന്നു. ഭാഗ്യം കടാക്ഷിച്ചത് മെമ്പറുടെ മകനെത്തന്നെ. ഇക്കഴിഞ്ഞ 14-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്. മെമ്പറുടെ ജാമാതാവിനും പ്രതിഭ ഒട്ടും കുറവായിരുന്നില്ല. മൃഗസംരക്ഷണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്കാണ് അദ്ദേഹം ഒന്നാംറാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടത്...... വെറ്ററിനറി സയന്‍സില്‍ ഡിഗ്രിയാണ് ഈ പോസ്റ്റിനുള്ള പരീക്ഷായോഗ്യത. കഴിഞ്ഞ ചിലവര്‍ഷങ്ങളിലായി തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്യുന്ന ചില വെറ്ററിനറി ഡോക്ടര്‍മാരും ഈ പോസ്റ്റിന് അപേക്ഷിച്ചിരുന്നു. ജാമാതാവുതന്നെ ഒന്നാംറാങ്കുനേടി ജനുവരി 13-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ......ഫൈനാന്‍ഷ്യല്‍ അസിസ്റ്റന്റ് (രണ്ടാംഗ്രേഡ്) എന്ന നാലാമത്തെ പോസ്റ്റിലേക്ക് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത് മെമ്പറുടെ സഹോദരീപുത്രനാണ്. ഏപ്രില്‍ 23-ാം തീയതിയാണ് ഈ പോസ്റ്റിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്.'' അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും, ചൊട്ടയിലെ ശീലം ചുടലവരെ എന്നീ രണ്ടു ചൊല്ലുകള്‍ ഇതോടൊപ്പം വായിക്കണമെന്ന് വായനക്കാരോട് അപേക്ഷിക്കുന്നു.

Joker said...

ഉള്ളത് പറയുന്നത് തുടരട്ടെ..

അഭിവാദ്യങ്ങള്‍.

The Kid said...

ഉള്ളത് പറയണം, ഉള്ളതെല്ലാം പറയണം. ഇപ്പോള്‍ "നേതാക്കന്‍മാര്‍" എന്ന ലേബലോടെ നടക്കുന്നവരുടെയും അവരുടെ മക്കള്‍-ഭാര്യമാരുടേയും ചരിത്രം പരിശൊധിച്ചാല്‍ ഇതിനേക്കാള്‍ പതിന്‍ മടങ്ങ് നാറുന്ന കഥകള്‍ കിട്ടും. അധികം പിന്നോട്ട് പൊവേണ്ട, സന്തോഷ് മാധവന്‍ മുതല്‍ തുടങ്ങിയാല്‍ മതി. അപ്പോള്‍ മനസിലാവും മലക്കു പിറകില്‍ ആരൊക്കെയാണ് ഒളിച്ചിരിക്കുന്നതെന്ന്. വൃത്തികേടുകള്‍ കാനിക്കാനുള്ള ഒരു നല്ല മറയായി ഇവര്‍ മലയെ ഉപയോഗിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തം.

Anonymous said...

ശതമന്യു ഉള്ളതെല്ലാം,പ്രസക്തമായത് പറഞ്ഞിട്ടുണ്ട്.ഇല്ലാത്തത് ഭാവനക്കനുസച്ച്ചു പറയാന്‍ അദ്ദേഹം 'പൊതു താല്പര്യ' ഹരജിക്കാരനല്ലല്ലോ.ആ ഫണ്ടും കിട്ടുന്നുണ്ടാവില്ല(ഇന്നത്തെ കാലത്ത് കോടതി ചെലവൊക്കെ എത്ര്യാന്ന വിചാരം!!!)
ട്രൌസര്‍ ഇടാതെ ഒരുപാടു പേര്‍ മലക്ക് മുന്നില്‍ നിന്നു തന്നെ കച്ചോടം ചെയ്യമ്പോള്‍ പിന്നിലുള്ളവരെ കുറിച്ചു "മാത്രം" എന്താ ഇത്ര ആധി.മുന്നിലുള്ളവരെയും ഒന്നു ഗൌനിക്ക് സാര്‍.

Anonymous said...

ഒരുദ്യോഗസ്ഥന്‍ ഇത്ര വലിയ ചരിത്രമുള്ളവനാകുന്നത് കണ്ടപ്പോള്‍ അത്ഭുതം. ഡെപ്യൂട്ടി കലക്ടറായത് അച്ഛന്റെ വഴിവിട നീക്കത്തിലൂടെ. ഐഎഎസ് നേടിയതെങ്ങനെയെന്ന് ആര്‍ക്കറിയാം.
രാം വിലാസ് പസ്വാന്റെ പാര്‍ട്ടിയുടെ നേതാവായ രമാ ജോര്‍ജാണ് കടല്‍ച്ചൊരുക്കനുഭവപ്പെട്ട് കരയിലെത്തിയ സുന്ദരിയെന്ന് കേസ് ഡയറിയിലുണ്ട്. അവര്‍ക്ക് വയസ്സ് നാല്‍പതായെങ്കിലും മധ്യവയസ്കയെന്ന് പറയാന്‍ പ്രായമായിട്ടില്ല.

Anonymous said...

ദേശാഭിമാനി ഇതിന് അനുബന്ധമായി ഒരു കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതും കൂടി വായിച്ചാല്‍ പൂര്‍ണ്ണമാകും.

ആ പിഎസ്സി മെമ്പര്‍ ആര്?
തിങ്കളാഴ്ചത്തെ പത്രത്തില്‍ അയ്യേ..യെസ് എന്ന തലക്കെട്ടില്‍ വന്ന ശതമന്യുവിന്റെ പ്രതിവാര കോളത്തിലെ ചില ഭാഗങ്ങള്‍ സാധാരണവായനക്കാര്‍ക്ക് ദുര്‍ഗ്രാഹ്യമാണ്. ഉദാഹരണത്തിന്, 1982 മെയ് 30ന് കേരള കൌമുദി പത്രത്തില്‍ വന്ന 'പിഎസ്സി മെമ്പര്‍ ആയാല്‍ ഇങ്ങനെ വേണം' എന്ന വാര്‍ത്ത എന്തിനാണ് പുനഃപ്രസിദ്ധീകരിച്ചത് എന്ന് ന്യായമായും ആരും സംശയിക്കും. ഇക്കഴിഞ്ഞ ദിവസം സുരേഷ്കുമാര്‍ സസ്പെന്‍ഷനിലായപ്പോള്‍ ആ നടപടി ദളിത് പീഡനമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് കെ വി കുമാരന്‍ പ്രസ്താവന ഇറക്കിയതുകണ്ടു. അതേ കെ വി കുമാരനാണ് 1982ലെ പി എസ്സി മെമ്പര്‍ എന്നും അദ്ദേഹത്തിന്റെ കാലത്ത് നടന്ന നിയമനങ്ങളില്‍, "800-1550 രൂപ സ്കെയിലുള്ള ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ മെമ്പറുടെ മറ്റൊരു മകന്‍ ഒന്നാം റാങ്ക് നേടി. എഴുത്തുപരീക്ഷ നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ 28 അപേക്ഷകരെ ഇന്റര്‍വ്യൂവിന് പിഎസ്സി വിളിച്ചിരുന്നു. ഭാഗ്യം കടാക്ഷിച്ചത് മെമ്പറുടെ മകനെത്തന്നെ. ഇക്കഴിഞ്ഞ 14-ാം തീയതിയാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്.'' എന്നു കൌമുദി പരാമര്‍ശിക്കുന്നത് സുരേഷ് കുമാറിനെ തന്നെയാണെന്നും ശതമന്യുവിന്റെ കോളം വായിച്ച് മനസ്സിലാക്കാന്‍ പ്രയാസമാണ്. അതേ സുരേഷ് കുമാറാണ് പിന്നീട് ഐഎഎസ് കണ്‍ഫര്‍ ചെയ്യപ്പെട്ട് മത്സ്യഫെഡിലും ഡിപിഇപിയിലും ലോട്ടറിയിലും കാര്‍ഷിക വികസന ബാങ്കിലും മൂന്നാര്‍ ദൌത്യസംഘത്തിലുമെല്ലാം പ്രവര്‍ത്തിച്ചത്.
ഇപ്പോള്‍ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ച് കൊട്ടിഘോഷിക്കുന്ന സുരേഷ്കുമാര്‍ ഇന്നലെകളിലും വാര്‍ത്താ പുരുഷനായിരുന്നുവെന്നും ആ വാര്‍ത്തകളിലൊന്നും അദ്ദേഹത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന കാര്യങ്ങള്‍ കാണാനാകില്ലെന്നും ഓര്‍മിപ്പിക്കുന്നതായി ശതമന്യുവിന്റെ കോളം. എങ്കിലും കാര്യങ്ങള്‍ അല്‍പ്പംകൂടി വിശദീകരിച്ച് എഴുതുന്നത് നല്ലത്.
-അനില്‍കുമാര്‍,
കരിമുളയ്ക്കല്‍

Anonymous said...

സുരേഷ്കുമാര്‍ പറഞ്ഞത് നുണയെന്ന് രേഖകള്‍
പ്രത്യേക ലേഖകന്‍

തിരു: കിളിരൂര്‍കേസ് ഫയല്‍ പൂഴ്ത്തിയെന്ന കെ സുരേഷ്കുമാറിന്റെ ആരോപണം നുണയെന്ന് രേഖകള്‍. ഈ നുണ ഏറ്റുപിടിച്ചാണ് ആരോഗ്യമന്ത്രി പി കെ ശ്രീമതിക്കും മറ്റുമെതിരെ ഒരു വക്കീല്‍ കോടതിയിലെത്തിയത്. പരാതി കേട്ടയുടന്‍ കോടതി കേസെടുക്കുകയുംചെയ്തു. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം കേസില്‍ അന്വേഷണം ശക്തമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഉയര്‍ന്ന സിബിഐ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് രണ്ടുവട്ടം കത്തെഴുതി. ശാരിയുടെ അച്ഛന്റെ നിവേദനം കിട്ടിയോ എന്നും എന്തു നടപടിയെടുത്തെന്നും ആരാഞ്ഞ് വിവരാവകാശ കമീഷണര്‍ക്ക് ഡി ബി വിനു എന്നയാള്‍ കത്ത് കൊടുത്തിരുന്നു. കമീഷന്‍ വിവരം ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് ആഭ്യന്തരസെക്രട്ടറി 2008 മെയ് മൂന്നിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് കത്ത് നല്‍കി. സെക്രട്ടറി മെയ് അഞ്ചിന് കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിക്ക് നല്‍കി. മെയ് 24ന് പ്രൈവറ്റ് സെക്രട്ടറി വിശദമായ മറുപടി കൊടുക്കുകയുംചെയ്തു. ശാരിയുടെ അച്ഛന്റെ നിവേദനത്തിന്റെ പകര്‍പ്പും കൊടുത്തു. ആഭ്യന്തരസെക്രട്ടറി ജൂ 11ന് വിവരാവകാശ കമീഷണര്‍ക്ക് മറുപടി കൊടുത്തു. ഇതെല്ലാം രേഖകളിലുണ്ട്. എന്നിട്ടും ഫയലുകള്‍ പൂഴ്ത്തിയതായി പ്രചരിപ്പിച്ച് ആരോഗ്യമന്ത്രിയുെം എല്‍ഡിഎഫ് സര്‍ക്കാരിനെയും വേട്ടയാടാന്‍ കോപ്പുകൂട്ടുകയാണ് ഗൂഢാലോചനക്കാര്‍. യുഡിഎഫ് ഭരണകാലത്താണ് ശാരി പീഡിപ്പിക്കപ്പെടുന്നതും മരിച്ചതും. ഈ കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത് അന്ന് പുറത്തുവന്നതാണ്. ഹൈക്കോടതി അന്ന് യുഡിഎഫ് സര്‍ക്കാരിനെയും പൊലീസിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു. കുട്ടിയുടെ പ്രായം മറച്ചുവച്ചതിനും കേസ് ഡയറി കീറിയതിനുമാണ് രൂക്ഷമായി വിമര്‍ശിച്ചത്. പിന്നീട് ഹൈക്കോടതി ഉത്തരവു പ്രകാരം കേസ് സിബിഐക്ക് വിട്ടു. യുഡിഎഫിന്റെ പങ്ക് മറച്ചുപിടിച്ച് പി കെ ശ്രീമതിയെ വേട്ടയാടാന്‍ വന്‍ ഗൂഢാലോചന തന്നെ നടന്നു. ഒരു പറ്റം മാധ്യമങ്ങളുടെ പിന്തുണയോടെ അവരെ നിരന്തരം ആക്രമിച്ചു. നിയമസഭാതെരഞ്ഞെടുപ്പ് വേളയില്‍ ആക്രമണം രൂക്ഷമായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും ആരോപണം പൊട്ടിപ്പുറപ്പെട്ടത് ഉന്നതങ്ങളിലെ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. കിളിരൂര്‍ കേസ് സിബിഐക്ക് വിടണമെന്ന ഫയല്‍ പൂഴ്ത്തിയെന്നാണ് പ്രചാരവേല. കേസ് അട്ടിമറിച്ച് വേണ്ടപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച യുഡിഎഫിന്റെ തനിനിറം തുറന്നുകാട്ടിയ ഹൈക്കോടതി ഉത്തരവിട്ടതുപ്രകാരം, അവരുടെ ഭരണകാലത്തുതന്നെ സിബിഐ കേസ് ഏറ്റെടുത്തതാണ്. കേസ് ഡയറിയും മറ്റു രേഖകളുമെല്ലാം സിബിഐയുടെ കൈയിലാണ്. എന്നിട്ടും എല്‍ഡിഎഫിനെതിരെ ആക്രോശിക്കുകയാണ് യുഡിഎഫും മാധ്യമങ്ങളും. സുരേഷ്കുമാറിനെ ആരോപണവുമായി വേഷം കെട്ടിയിറക്കിയാല്‍ ജനം വിശ്വസിച്ചുകൊള്ളുമെന്ന മൌഢ്യമാണ് അവരെ നയിച്ചത്.