ഭൂമിയും വായുവും ജലവും കാലവും അന്തരീക്ഷവും ദുഷിച്ചാലുള്ള ലക്ഷണങ്ങള്‍ അഷ്ടാംഗസംഗ്രഹത്തില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള രോഗമത്രേ മാണിസാറിനെ പിടികൂടിയത്. യുഡിഎഫിന്റെ അന്തരീക്ഷത്തില്‍ ദുഷിക്കാത്തതായി ഒന്നും ബാക്കിയില്ല. ശാസ്ത്രീയമായ ലയനപ്രക്രിയകൊണ്ടും തിരുമ്മല്‍കൊണ്ടും പി സി ജോര്‍ജിന്റെ നെല്ലിക്കാ ചികിത്സകൊണ്ടുമൊന്നും രോഗാവസ്ഥയ്ക്ക് ശമനമുണ്ടാകുന്നില്ല.
ജീവിതത്തില്‍ അവശേഷിക്കുന്ന പ്രധാന സ്വപ്നം സാക്ഷാല്‍ക്കരിക്കാത്തതുകൊണ്ടാണ് മാണിസാര്‍ സംസാരിക്കുമ്പോള്‍ എല്ലായ്പ്പോഴും നെഞ്ചത്ത് കൈവയ്ക്കുന്നത്. രണ്ടേരണ്ട് ആഗ്രഹങ്ങളേ അവശേഷിക്കുന്നുള്ളൂ. മൂന്നെണ്ണമുണ്ടായിരുന്നു. പി സി ജോര്‍ജ് ഒരു രാത്രി വെളുക്കുംമുമ്പ് മുപ്പതുവട്ടം 'സാറേ സാറേ സാമ്പാറേ' എന്നുവിളിച്ചതോടെ ആദ്യത്തേത് പൂര്‍ത്തിയായി. ഇനി 'കെ എമ്മേ' എന്നുള്ള വിളി 'സി എമ്മേ' എന്നാക്കി മാറ്റുന്ന സുന്ദരസുരഭില നാള് വരണം. അതിനുമുമ്പ് വെറുതെ നടക്കുന്ന പയ്യനെ ഡല്‍ഹിയിലേക്ക് വിമാനം കയറ്റിവിടണം.
പയ്യന്റെ കാര്യത്തില്‍ ചില വേലകളൊക്കെ ഒപ്പിച്ചുവച്ചിട്ടുണ്ട്. 'സി എമ്മി'ന്റെ കാര്യമാണ് പ്രശ്നം. ആ കസേരയില്‍ കയറിപ്പറ്റണമെങ്കില്‍ ആദ്യത്തെ കടമ്പ തെരഞ്ഞെടുപ്പുതന്നെയാണ്. അത് വരണമെങ്കില്‍ ഇനിയും വേണം രണ്ടുരണ്ടരക്കൊല്ലം. അഥവാ പുഴ വറ്റി പട്ടി ഇക്കരേക്ക് വന്നാലോ? അതാ നില്ക്കുന്നു ഉമ്മന്‍ചാണ്ടി! കുഞ്ഞൂഞ്ഞിനുമുമ്പില്‍ കുഞ്ഞുമാണിക്കെന്തുവില. നേരിട്ട് ഏറ്റുമുട്ടാന്‍ ആവതില്ല. എന്നാല്‍, ആവട്ടെ മുഖ്യമന്ത്രിയുടെ ചെലവില്‍ ഒരു കുത്ത് എന്നാണ് കുഞ്ഞു മാണിസാറിന്റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയത്.
നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നു എന്നത് നേര്. പക്ഷേ, അവിടെ ആരും കേട്ടില്ല, മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ അസഭ്യം പറയുന്നത്. കുഞ്ഞുമാണിയുടെ ചെവി പൂച്ചയുടെ ചെവിയാണോ എന്നറിയില്ല. അദ്ദേഹം കേട്ടുവത്രേ, ഉമ്മന്‍ചാണ്ടിയെ വി എസ് അസഭ്യം ദ്യോതിപ്പിച്ച് വിളിക്കുന്നത്! പറയാന്‍ കൊള്ളാത്ത വാക്കാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ അരികില്‍തന്നെ നിന്ന് അത് മാണിസാര്‍ വിസ്തരിച്ച് വിളിച്ചുപറഞ്ഞു. കേട്ടവരെല്ലാം മൂക്കത്ത് വിരല്‍വച്ചു. ഇങ്ങനെയൊരു കള്ളം; ആഭാസവാക്ക് ഇത്ര പരസ്യമായി ഒരു മുതിര്‍ന്ന നേതാവ് പറയുകയോ? അന്തംവിട്ട് നിന്നവര്‍ക്കിടയില്‍ മാണിസാര്‍മാത്രം പൂപ്പുഞ്ചിരി പൊഴിച്ചു. നേരിട്ട് വിളിക്കാനോങ്ങിയത് മറ്റൊരു തരത്തില്‍ ഒപ്പിച്ചതിന്റെ ആശ്വാസത്തോടെ.
മഹാന്മാര് ഇങ്ങനെ പലപ്പോഴും ചെയ്തിട്ടുണ്ട്. പണ്ട് ധര്‍മപുത്രര്‍ അശ്വത്ഥാമാവ് മരിച്ചുപോയെന്ന പച്ചക്കള്ളം പറഞ്ഞിട്ടുണ്ട്. ശ്രീകൃഷ്ണന് അതിന് അരുനിന്നിട്ടുണ്ട്. നേരിട്ട് പറയാതെ, വ്യംഗ്യംകൊണ്ട് കാര്യം സാധിക്കുന്നതില്‍ കുഞ്ചന്‍നമ്പ്യാരും ബഹുമിടുക്കനായിരുന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ പണ്ടാല അരി നിഷേധിച്ചപ്പോള്‍,
'രണ്ടേകാലെന്നുകല്‍പ്പിച്ചു
രണ്ടേകാലെന്നിതയ്യനും
ഉണ്ടോ കാലെന്നു പണ്ടാല
ഉണ്ടീലിന്നിത്രനേരവും' എന്നാണ് നമ്പ്യാര്‍ പാടിയത്.
കുഞ്ഞുമാണി നമ്പ്യാരെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ലെങ്കിലും,
‘ഗുരുവരകരുണ ലേശമുണ്ടെന്നുവന്നാല്‍
ഒരുവനുമൊരുകാര്യം സാധ്യമല്ലാതെയുണ്ടോ’ എന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ടാകണം.
പഠിച്ച സ്കൂള്‍ അതാണല്ലോ. അതുകൊണ്ട്, അടുത്ത കുത്തിനായി കുഞ്ഞൂഞ്ഞിന് കരുതലോടെയിരിക്കാം.
*******
പൂച്ചയെക്കുറിച്ച് ഒരുപന്യാസം രചിക്കാന്‍ നിയോഗിക്കപ്പെട്ടു എന്നു കരുതുക. ഇങ്ങനെ എഴുതാമെന്ന് തോന്നുന്നു: പൂച്ചയുടെ ശാസ്ത്രീയ നാമം ഫെലിസ് കാതുസ് എന്നാണ്. എലിയെ പിടിക്കാന്‍ പണ്ട് മനുഷ്യര്‍ പൂച്ചയെ വളര്‍ത്തിയിരുന്നുവെങ്കില്‍, എലിപ്പാഷാണവും എലിക്കെണിയും വ്യാപകമായി വന്നതുകൊണ്ട് ഇപ്പോള്‍ പ്രധാനമായും ഓമനിക്കാനാണ് പൂച്ചവളര്‍ത്തല്‍. മനുഷ്യനുമായി 9500-ഓളം വര്‍ഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. പട്ടികളെപ്പോലെ പൂച്ചകളും ഉപ്പൂറ്റി നിലത്തൂന്നാതെയാണ് നടക്കുക. കൃത്യമായ ചുവടുവയ്പുകളോടുകൂടിയുള്ള ആ നടത്തത്തിന്റെ സവിശേഷത ടിവി ചാനലുകളില്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാം.
പിന്കാലുകള് മുന്കാല് വച്ചയിടത്തുതന്നെയാണ് വയ്ക്കുക. പൂച്ചയ്ക്കും നഖങ്ങള്‍ കാലിന്റെ അകത്തേക്കും പുറത്തേക്കും ആവശ്യാനുസരണം നീക്കാന്‍ കഴിയും. വിശ്രമിക്കുന്ന അവസ്ഥയില്‍ നഖങ്ങള്‍ അകത്തേക്ക് വലിഞ്ഞിരിക്കും. അപ്പോള്‍ എത്രതന്നെ വീര്യം അകത്തുണ്ടെങ്കിലും പുറത്ത് ഒന്നുമറിയില്ല. പൊതുവെ കടലിനെ പേടിയാണെങ്കിലും മീനിനോടുള്ള ആര്‍ത്തിമൂലം കടലിലേക്ക് പോകുന്ന ബോട്ടുകളില്‍ പൂച്ച ഇണകളോടൊപ്പം ചാടിക്കയറാറുണ്ട്.
ഇര തേടുമ്പോഴും പ്രതിരോധം ആവശ്യമാകുമ്പോഴും മരംകയറുമ്പോഴും മിനുസപ്രതലത്തില്‍ നടക്കുമ്പോഴും നഖങ്ങള്‍ പുറത്തേക്ക് നീട്ടും. ഇക്കാരണത്താല്‍ പരവതാനിയിലും മറ്റും നടക്കുമ്പോള്‍ വളഞ്ഞ് പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന നഖങ്ങള്‍ നൂലിലോ മറ്റോ കുടുങ്ങി അപകടവും സംഭവിക്കാറുണ്ട്. അപകടമൊഴിവാക്കാന്‍ ഓവര്‍കോട്ട്, റെയിന്‍ ഷൂ തുടങ്ങിയവ പൂച്ചകള്‍ക്കുമാത്രമായി വിപണിയിലിറങ്ങിയിട്ടുണ്ട്. കാലിന്റെ മുകളിലും താഴെയുമായി പതിയെ അമര്‍ത്തുകയോ പ്രകോപനപരമായ ശബ്ദമുണ്ടാക്കുകയോ ചെയ്താല്‍ നമുക്ക് അവയുടെ നഖങ്ങള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും.
മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ പൂച്ചയ്ക്ക് കേള്‍ക്കാം. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകള്‍ അനുസരിക്കുന്ന രീതിയില്‍ പരിശീലിപ്പിക്കാം. മാംസാഹാരപ്രിയരായ പൂച്ചയ്ക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് കുറവാണ്. മധുരം തിരിച്ചറിയാനും ഇവയ്ക്ക് കഴിവില്ല. ആയതുകൊണ്ടുതന്നെ പച്ചക്കറി തീറ്റിച്ചോ പാല്‍മിഠായി നല്‍കിയോ വശപ്പെടുത്താനാകില്ല. നല്ല കരിമീന്‍, കടല്‍മീന്‍, താറാവ്, കപ്പ തുടങ്ങിയ ആഹാര പദാര്‍ഥങ്ങളും അവ എരിവോടെ കിട്ടുന്ന ഇടങ്ങളും കടക്കണ്ണേറുകളുമാണ് പൂച്ചയെ നേര്‍വഴിക്ക് നടത്താനുള്ള ഉപാധിയെന്ന് ഇയ്യിടെ ഏതോ ഒരിംഗ്ളീഷ് ചാനലില്‍ പറയുന്നത് കേട്ടിരുന്നു. ഈ പൂച്ചയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന മറ്റൊരു പൂച്ചയും തമ്മില്‍ എന്തൊക്കെ താരതമ്യങ്ങളുണ്ടെന്ന് പെട്ടെന്ന് പറയാനാകില്ല. എന്തായാലും നമ്മുടെ പൂച്ചയുടെ കാല് എവിടെയൊക്കെയോ കുരുങ്ങിയിരിക്കുന്നു. രക്ഷപ്പെടാനുള്ള വെപ്രാളം കൂടുതല്‍ കുഴപ്പത്തിലേക്ക് ചാടിക്കുന്നതാണ് ചാനലുകളില്‍ കാണുന്നത്. അതെന്തോ ആകട്ടെ. പൂച്ചയല്ലേ. നാലുകാലിലേ വീഴൂ എന്ന് സമാധാനിക്കാം.
******
പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തെന്ത് കാര്യം എന്നു പണ്ട് കാരണവന്മാര് ചോദിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലെ കാക്കത്തൊള്ളായിരത്തിലൊരുവന്‍ ചാനലായ ചാനലിലെല്ലാം കയറി സിപിഐ എമ്മിനെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ ആപ്പീസിനെക്കുറിച്ചും വിടുവായത്തം വിളമ്പുന്നത് കേട്ടപ്പോള്‍ ശതമന്യു അന്തിച്ച് നിന്നുപോയി. സര്‍ക്കാര്‍ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന് പത്രക്കാരെ വിളിച്ച് സര്‍ക്കാര്‍ കാര്യം പറയണമെങ്കില്‍ മേലാവില്‍നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. സര്‍ക്കാരുദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടവും ഇന്ത്യന്‍ ഭരണഘടനയുടെ 310, 311 വകുപ്പുകളുമെല്ലാം അതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇവിടെ അനുവാദവും വേണ്ട, മാങ്ങാത്തൊലിയും വേണ്ട, എനിക്ക് തോന്നുന്നത് ഞാന്‍ പറയും; എവിടെയും പറയും എന്നാണത്രേ മേപ്പടി വിദ്വാന്റെ പ്രമാണം.
സിപിഐ എം എന്ന ഭരണകക്ഷിയുടെ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ വന്നു എന്ന് ആരോപിക്കപ്പെടുന്ന ചര്‍ച്ചയ്ക്ക് മറുപടിയെന്ന നിലയിലാണ് തലയില്‍ മൂന്നക്ഷരം പേറുന്ന കക്ഷിയുടെ മാധ്യമാധിനിവേശം! പാര്‍ടി കമ്മിറ്റിയില്‍ വന്ന ചര്‍ച്ചകള്‍ എന്നപേരില്‍ ഏതൊക്കെയോ പത്രങ്ങള്‍ എഴുതിയതിന് മറുപടിയാണുപോല്‍! കമ്മിറ്റിയില്‍ പലതും പറയും. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഏത് നേതാവിനുമെതിരെ ഉചിതമായ ഘടകത്തില്‍ വിമര്‍ശമുന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ പുറത്തറിയിക്കേണ്ട വല്ലതുമുണ്ടെങ്കില്‍ പാര്‍ടിതന്നെ പറഞ്ഞുകൊള്ളും.മുഖ്യമന്ത്രിയുടെ ആപ്പീസിനകത്ത് താനിരിക്കുമ്പോള്‍ നടന്നതെന്നനിലയിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും കമ്മിറ്റിയില്‍ പറഞ്ഞതായി പത്രങ്ങളില്‍ വന്നതിന് മറുപടിയെന്ന നിലയിലും ഉദ്യോഗസ്ഥപ്പൂച്ച വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്ക് അതുമായി ബന്ധമില്ല.
ഈ പൂച്ചയ്ക്ക് ഇവിടെ ഒരു കാര്യവുമില്ല. സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ സ്വന്തം ഘടകത്തില്‍ പറഞ്ഞതായി പത്രത്തില്‍ വാര്‍ത്തവന്നയുടനെ ചാടിക്കയറി നിഷേധം നടത്താനും വേണ്ടാതീനങ്ങളെഴുന്നള്ളിക്കാനും ഒരുദ്യോഗസ്ഥന് തയ്യാറാകുന്നുണ്ടെങ്കില്‍ ഭരണഘടനാ ബാഹ്യമായ എന്തൊക്കെയോ തന്നില്‍ ഉണ്ടെന്ന മിഥ്യാധാരണയാകാം അയാളെ നയിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് താനാണ് സഹായം നല്കുന്നതെന്നു പ്രഖ്യാപിക്കാന്‍ ഇയാള്‍ക്കാരാണാവോ അനുവാദം കൊടുത്തത് ? മറ്റൊരു ഐഎഎസുകാരനുമില്ലാത്ത കൊമ്പ് ഈ ദേഹത്ത് എങ്ങനെയാണ് പൊട്ടിമുളച്ചത്? കേരളത്തിലെ ജനങ്ങളോടും അവര്‍ ജയിപ്പിച്ച് അധികാരത്തിലെത്തിച്ച സമുന്നത നേതാക്കളോടും വെല്ലുവിളി മുഴക്കുന്ന ഈ മഹാന് മനുഷ്യനോ അതോ ദിവ്യാവതാരമോ? വെറുതെയല്ല, മലയാളികള്‍ മലയോളം ക്ഷമയുള്ളവരുമാണെന്ന് പറയുന്നത്. ഇതിനെയെല്ലാം കുറിച്ച് പറഞ്ഞാല്‍പ്പോലും നാറും.
'അന്തികാലത്തുവന്നിട്ടന്തിനേരം വരുമ്പോള്‍
അന്തികേ നടുമുറ്റത്തു കുന്തവുമായി നില്ക്കും' എന്ന് ഗുളികന്‍തോറ്റത്തില്‍ പറയുന്നതാരെയോ, അതുതാനല്ലയോ ഇത് എന്നാണ് ശതമന്യുവിന്റെ ശങ്ക.
5 comments:
ജീവിതത്തില്‍ അവശേഷിക്കുന്ന പ്രധാന സ്വപ്നം സാക്ഷാല്‍ക്കരിക്കാത്തതുകൊണ്ടാണ് മാണിസാര്‍ സംസാരിക്കുമ്പോള്‍ എല്ലായ്പ്പോഴും നെഞ്ചത്ത് കൈവയ്ക്കുന്നത്. രണ്ടേരണ്ട് ആഗ്രഹങ്ങളേ അവശേഷിക്കുന്നുള്ളൂ. മൂന്നെണ്ണമുണ്ടായിരുന്നു. പി സി ജോര്‍ജ് ഒരു രാത്രി വെളുക്കുംമുമ്പ് മുപ്പതുവട്ടം 'സാറേ സാറേ സാമ്പാറേ' എന്നുവിളിച്ചതോടെ ആദ്യത്തേത് പൂര്‍ത്തിയായി. ഇനി 'കെ എമ്മേ' എന്നുള്ള വിളി 'സി എമ്മേ' എന്നാക്കി മാറ്റുന്ന സുന്ദരസുരഭില നാള് വരണം. അതിനുമുമ്പ് വെറുതെ നടക്കുന്ന പയ്യനെ ഡല്‍ഹിയിലേക്ക് വിമാനം കയറ്റിവിടണം.
പണ്ടൊരു പൂച്ച പുലിയായെന്ന് സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്നും എഴുന്നേറ്റ പൂച്ച ചോദിച്ചുവത്രെ..ഞാന്‍ ആര്? പുലിയായെന്ന് സ്വപ്നം കണ്ട പൂച്ചയോ, പൂച്ചയാണെന്ന് സ്വപ്നം കണ്ടു കൊണ്ടിരിക്കുന്ന പുലിയോ?
അസ്തിത്വപ്രതിസന്ധി. എക്സിസ്റ്റന്‍ഷ്യല്‍ കൊണന്‍ഡ്രം..
സുരേഷ് കുമാര്‍ അദ്ദേഹത്തിന്റെ റിസ്കില്‍
കുറച്ചു സത്യം പറയുംബോള് അതിന്റെ
ഭവിഷ്യത്ത് അനുഭവിക്കാന്‍ അയാള്‍
തയ്യാറായിട്ടുണ്ടാകും.നന്മയുടെ വ്യാപനത്തിന് അത്തരം ത്യാഗങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതുമാണ്.
ഒരു സര്ക്കാരുദ്ദ്യോഗസ്ഥന് അങ്ങനെ
പറയാമോ എന്നൊക്കെ
ചോദ്യമുന്നയിക്കുന്നത് സത്യം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തോടുള്ള തോന്നുന്ന
പ്രതികാരദാഹം കൊണ്ടാണ്.
ഒരു മസിലുരുട്ടല്‍!
ആശയവിനിമയത്തിനിടക്ക് എല്ലാവരും തുല്യരാണ്.
ഒരാളെ അയോഗ്യപ്പെടുത്താന് അയാളുടെ
വേരും,കെട്ടുപാടുകളും(ജോലി,വീട്,കുടുംബം തുടങ്ങിയവ) ഓര്‍മ്മപ്പെടുത്തുന്നത്
സത്യ നിഷേധത്തിനുള്ള സ്വാര്ത്ഥവാസനയായാണ് ചിത്രകാരന്
മനസ്സിലാക്കുന്നത്.
ഒരു പരംബരാഗതമായ നാട്ടുനടപ്പ് !!!
സീപീഎമ്മിനെതിരെ ആരെന്ത് പറഞ്ഞാലും സത്യമാണെന്ന് കണക്കാക്കാം. പിന്നെ മറുചോദ്യം വേണ്ട. അനാലിസിസ് വേണ്ട.വിധിപ്രസ്താവനമാത്രം മതി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ച് ആരെങ്കിലും അങിനെയെങ്കിലും നല്ലവാക്ക് ഓതുന്നുണ്ടല്ലോ.
Yes....അസ്തിത്വപ്രതിസന്ധി.
Post a Comment