മാലപ്പടക്കത്തിന് തീകൊടുത്തപോലെ അങ്ങ് അമേരിക്കാവില് കൂറ്റന്‍ കമ്പനികള്‍ തുരുതുരെ പൊട്ടുകയാണ്. തീപ്പൊരികള്‍ പൊട്ടിച്ചിതറി ഇങ്ങ് മന്മോഹന്ജിയുടെ തലപ്പാവിലുമെത്തുന്നു. ബുഷ് സായിപ്പിന്റെ ഉറക്കംകെടുത്തുന്ന മലവെള്ളപ്പാച്ചില്‍ ലോകത്താകെയുള്ള മാധ്യമങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും റിപ്പോര്‍ട്ടുചെയ്തു. ഇവിടെയിങ്ങ് കേരളാവില് ബുഷിന്റെ ചാര്‍ച്ചക്കാര്‍ നടത്തുന്ന ഒരു പത്രമുണ്ട്. അവര്‍ക്ക് സംഗതി വെറും വാണിജ്യപ്പേജ് വാര്‍ത്തയാണ്. വാഷിങ്ടണിലെ പടക്കം കോട്ടയം പത്രത്തിന്റെ വാലില്‍കിടന്നും പൊട്ടുന്നുണ്ടോ എന്ന് സംശയിക്കണം. വലിയ വാര്‍ത്ത തിരുവനന്തപുരത്തുള്ളപ്പോള്‍ എന്തിന് വാഷിങ്ടണിലേക്കു നോക്കണമെന്ന ന്യായം നല്ലതുതന്നെ.
ശബരീനാഥും കുറെ പെണ്ണുങ്ങളുംകൂടി കൃഷ്ണനും ഗോപികയും കളിച്ചുപൊട്ടിച്ചത് ചില്ലറ കോടികളാണോ. ഒരുകണക്കിന് അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയും ഇതും ഒരുപോലെതന്നെ. ഊഹംവച്ച് കച്ചവടം നടത്തിയതിന്റെ ദുരന്തമാണ് രണ്ടും. ശബരീനാഥിന്റെ ഏജന്റന്മാര് പാല്പുഞ്ചിരിയും ശൃംഗാരചേഷ്ഠകളുമായി വന്നുചോദിച്ചപ്പോള്‍, നൂറ്റുക്ക് നൂറും അതിലേറെയും പലിശ മോഹിച്ച് പെട്ടിതുറന്നു കമഴ്ത്തിയവരാണ് കെണിഞ്ഞത്. പലിശ കിട്ടുമെന്നത് ഒരൂഹം മാത്രം. കിട്ടിയ പണംകൊണ്ട് ചെക്കന് അര്‍മാദിച്ചു. കേരളാ ലോട്ടറിയുടെ പരസ്യം പോലെയാണ് 'പ്രതിഫലം' നല്‍കിയത്. രണ്ടാഴ്ച കൂടെക്കഴിഞ്ഞ നടിക്ക് പത്തുലക്ഷവും കാറുമത്രേ ലോട്ടറിയടിച്ചത്. 'മകള്‍ പ്രേമഭാജനം, അമ്മ ബിസിനസ് താരം' എന്ന നാടകവും അരങ്ങേറി. മാനേജരായി വിലസിയ ചുരിദാറുകാരിക്ക് കുചേലന് കൃഷ്ണന് കൊടുത്തപോലെ കൊടുത്തൂ കൊട്ടാരം രണ്ട്. എറണാകുളത്തെ നടിയുടെ മടിയില്‍നിന്ന് ഒരു മണിക്കൂര്‍കൊണ്ട് തലസ്ഥാനത്തെ വിമാനക്കാരിയുടെ കവിളിലേക്കെത്താന്‍ 16 വണ്ടിയും പറ്റില്ലെന്നായപ്പോള്‍ ചെറുക്കന് ബിഎംഡബ്ളിയൂ എന്ന മുന്തിയ വണ്ടി വാങ്ങി നടയ്ക്കിരുത്തിയത്രേ. പണംകൊണ്ടൊരാറാട്ട്.
ഏതാണ്ട് അതുപോലെതന്നെയാണ് ബുഷ് സായ്പിന്റെ നാട്ടിലെ ബാങ്കുകളും കളിച്ചത്. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവമല്ലേ യഥാര്‍ഥ വാര്‍ത്ത. അതുകൊണ്ട്, ശബരീനാഥിനെയും തോഴിമാരെയും കുറിച്ചുള്ള കഥയും ഉപകഥയും അച്ചായന്റെ പത്രത്തില്‍ വായിച്ചു കോള്മയിര് കൊള്ളുക. ബുഷ് സായ്പിന്റെ ബാങ്കുതകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയുമെല്ലം അറിയാന്‍ ഏതെങ്കിലും മൂരാച്ചിപ്പത്രം നോക്കിപ്പോകുക. എല്ലാ തട്ടിപ്പുകാരും വിജയിക്കട്ടെ!
********
നൂല്കെട്ടി തുമ്പിയെ കളിപ്പിക്കുന്നതും ഞണ്ടിനെ പിടിക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട്. നൂലില്‍ കെട്ടി ഒരു പാര്‍ടിയില്‍ നേതാക്കളെ ഇറക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഇതാദ്യം തന്നെ. കൂടിയ പുള്ളിയാണ് പറഞ്ഞിരിക്കുന്നത്-വി എം സുധീരന്. വാവടുക്കുമ്പോള്‍ ചില അസുഖങ്ങള്‍ വര്‍ധിക്കാറുണ്ട്. അതുപോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ചിലരുടെ അസുഖം വര്‍ധിക്കുക. അന്നേരം ഇമ്മാതിരി ചില അശരീരി പുറത്തുവരും. പ്രസ്താവന പലതും മുമ്പും വന്നിട്ടുണ്ട്. പോകെപ്പോകെ ആരും അത്ര കാര്യമാക്കാറില്ലെന്നു മാത്രം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആരോമല്‍ ചേകവര്‍ സ്റ്റൈലില്‍ സത്യം ചെയ്തത് എത്രതവണയെന്ന് എണ്ണി ഓര്‍മിക്കാനാകുന്നില്ല. 'ഇനി ഞാന്‍ ഇല്ല' എന്നുപറയുമ്പോള്‍ കണക്കാക്കിക്കൊള്ളണം, "ഞാനിതാ ഇവിടെയുണ്ട്, എന്നെ നോക്കൂ, വിളിക്കൂ'' എന്ന രോദനമാണ് അതെന്ന്.
ലാളിത്യമാണ് ജീവിതവ്രതം. എന്നുവച്ച് കുഞ്ഞൂഞ്ഞിനെപ്പോലെ, ഖാദിസ്റ്റോറില്‍ ചെന്ന് രണ്ടുഡസന്‍ കുപ്പായം ഒന്നിച്ചുവാങ്ങി ഓരോന്നിന്റെയും ഓരോയിടത്ത് ബ്ലേഡുവച്ച് കീറി, 'പിന്നിക്കീറിയ' കുപ്പായമിട്ട് ലാളിത്യം കാണിക്കുന്ന പരിപാടിയൊന്നുമില്ല. ലാളിത്യം കാണിക്കേണ്ടപ്പോള്‍ പത്രക്കാരെ വിളിക്കും. മജീഷ്യന്‍ സാമ്രാജിനെപ്പോലെ ലൈവ് ഷോ നടത്തും. ഇപ്പോള്‍, തെരഞ്ഞെടുപ്പിന്റെ ചൂരടിച്ചു തുടങ്ങിയിട്ടുണ്ട്. അപ്പോഴാണ്, നൂലില്‍ കെട്ടിയിറക്കല്‍ സിദ്ധാന്തം പുറത്തെടുത്തത്.
കേംബ്രിഡ്ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠിക്കാന്‍പോയ രാജീവ്ഗാന്ധിയെ പ്രണയിച്ച് ഭാര്യാപദമേറ്റെടുത്ത യോഗ്യതയുംകൊണ്ടാണ് ഇപ്പോഴത്തെ ഹൈക്കമാന്‍ഡ് നൂലിലൂടെ കോണ്‍ഗ്രസിലേക്ക് ഇറങ്ങിവന്നത്. ലോകബാങ്കിനും ഐഎംഎഫിനും വേണ്ടി കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ നൂലുണ്ട നിവര്ത്തിയെടുത്ത് ഞാന്നു കോണ്‍ഗ്രസിലെത്തിയതാണ് ഇന്ന് നാടുഭരിക്കുന്ന പ്രധാനമന്ത്രി. പുതിയ താരോദയമായ രാഹുല്‍ജിയാകട്ടെ, കൊളമ്പിയക്കാരി കാമുകിയെയുംകൊണ്ട് ഊരുചുറ്റി പാട്ടുപാടി ആട്ടമാടുന്നതിനിടെ ആരോ പറഞ്ഞതുകേട്ട് അതിനേക്കാള്‍ സുഖമുള്ളത് അധികാരമാണെന്നു തിരിച്ചറിഞ്ഞ് നൂലില്‍ തൂങ്ങി എഐസിസി ഓഫീസിലിറങ്ങിയതാണ്. കാണാപ്പാഠം പഠിച്ചുള്ള പ്രസംഗം, വെള്ള പൈജാമയും കുര്‍ത്തയും, ആളുകള്‍ കൂടിനില്‍ക്കുന്നതുകണ്ടാല്‍ ഉറുമ്പുകടിയേറ്റതുപോലുള്ള പാച്ചിലും ഈച്ചയെ ആട്ടുന്നതുപോലുള്ള കൈവീശലും, പത്രക്കാര് മുന്നിലെത്തുമ്പോള്‍ വിഡ്ഢിത്തം വിളമ്പല്‍-ഇതാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന് യുവരാജാവ് ട്യൂഷന് ക്ലാസില്‍ പഠിച്ചിട്ടുണ്ട്. കൂടുതലെന്തുവേണം. നൂലിലൂടെ ഇറങ്ങിവന്നവര്‍ കോണ്‍ഗ്രസിന്റെ ഭാവി സുരഭിലമാക്കിക്കൊണ്ടിരിക്കയല്ലേ.
ഇനി തെരഞ്ഞെടുപ്പുവരുമ്പോള്‍ കുറെ നൂല് ഇറങ്ങിവരും. അറ്റത്ത് ആളുമുണ്ടാകും. വടക്കനും തെക്കനും ചാനലുള്ളവനും ഇല്ലാത്തവനുമൊക്കെ ഇപ്പോള്‍തന്നെ കാര്യം സാധിച്ചെന്നാണ് അറിവ്. പേമെന്റ്, റിസര്‍വേഷന്‍, കൈമണി തുടങ്ങിയ കാറ്റഗറികളില്‍ സീറ്റുണ്ടല്ലോ. വടക്കന്‍ ഇപ്പോള്‍ത്തന്നെ നൂലില്‍ ഞാന്ന് ഇടയ്ക്കിടെ നിലംതൊടുകയും പൂരനഗരിയില്‍ ചുറ്റിത്തിരിയുന്നുമുണ്ട്. ഈ ഹൈടെക്ക് നൂലുകാര്‍ക്കിടയില്‍ പഴയ മുച്ചീട്ടുകളി, നാടകുത്ത് തുടങ്ങിയ അഭ്യാസങ്ങളൊന്നും വിലപ്പോകുന്നില്ല. വരട്ടെ, വാവിങ്ങെത്തുമ്പോള്‍ ഇനിയും സിദ്ധാന്തങ്ങളവതരിപ്പിക്കാം. ആപദ് ബാന്ധവനേ, ആന്റണിയേ ശരണം! അളമുട്ടിയാല്‍, നൂലാണ് കോണ്‍ഗ്രസിന്റെ രക്ഷ എന്നും നൂലില്‍ ജനിച്ചവരാണ് രക്ഷകരെന്നും പാടാം. മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കാന്‍ കൈയില്‍ ഇത്തരം അഭിപ്രായങ്ങളല്ലേ ഉള്ളൂ!
വാല്‍കഷ്ണം:
ഇന്ത്യാവിഷന് നഷ്ടത്തിലായത് അതിന്റെ ചെയര്മാന് ഒരു കൊഞ്ഞാണനായതുകൊണ്ടെന്ന് അതേ ചാനലില്‍ അവലോകനം. ബക്കറ്റുപിരിവും അതുപോലുള്ള ധനസമ്പാദനവും ചെയര്മാന് വശമില്ലത്രേ. ചാനല്‍ തുടങ്ങുമ്പോള്‍ സാമര്‍ഥ്യവും കഴിവുമുള്ളവര്‍ ഏറെക്കഴിയുമ്പോള്‍ കൊഞ്ഞാണന്‍മാരാകുമെന്ന് ഗുണപാഠം. കൊഞ്ഞാണന് ഗുണവാനാകണമെങ്കില്‍ ഭരണം വരണം; പൊതുമരാമത്ത് വകുപ്പും കിട്ടണം. അല്ലെങ്കില്‍ വാരാന്തക്കാരന്‍ ചെയര്‍മാനാകും; ചെയര്മാന് പിന്നെയും കൊഞ്ഞാണനാകും.
7 comments:
നൂല്കെട്ടി തുമ്പിയെ കളിപ്പിക്കുന്നതും ഞണ്ടിനെ പിടിക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട്. നൂലില്‍ കെട്ടി ഒരു പാര്‍ടിയില്‍ നേതാക്കളെ ഇറക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഇതാദ്യം തന്നെ. കൂടിയ പുള്ളിയാണ് പറഞ്ഞിരിക്കുന്നത്-വി എം സുധീരന്. വാവടുക്കുമ്പോള്‍ ചില അസുഖങ്ങള്‍ വര്‍ധിക്കാറുണ്ട്. അതുപോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ചിലരുടെ അസുഖം വര്‍ധിക്കുക. അന്നേരം ഇമ്മാതിരി ചില അശരീരി പുറത്തുവരും. പ്രസ്താവന പലതും മുമ്പും വന്നിട്ടുണ്ട്. പോകെപ്പോകെ ആരും അത്ര കാര്യമാക്കാറില്ലെന്നു മാത്രം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആരോമല്‍ ചേകവര്‍ സ്റ്റൈലില്‍ സത്യം ചെയ്തത് എത്രതവണയെന്ന് എണ്ണി ഓര്‍മിക്കാനാകുന്നില്ല. 'ഇനി ഞാന്‍ ഇല്ല' എന്നുപറയുമ്പോള്‍ കണക്കാക്കിക്കൊള്ളണം, "ഞാനിതാ ഇവിടെയുണ്ട്, എന്നെ നോക്കൂ, വിളിക്കൂ'' എന്ന രോദനമാണ് അതെന്ന്.
കലക്കന്‍.
അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നതു സോഷ്യലിസം അല്ലേ ? മൂന്നാം ലോക രാജ്യങ്ങളില്‍ ചെന്നു എല്ലാം പ്രൈവറ്റ് ആക്കാന്‍ ശ്രമിക്കുന്ന അമേരിക്ക സ്വന്തം കാര്യം വന്നപ്പോള്‍ എല്ലാം നാഷനലൈസ് ചെയ്തു.
http://mridul.co.in/Aviyalism/America_goes_socialist_USA_the_next_socialist_superpower
ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നല്ലേ.
ചിരിക്കുന്നു.
നന്നായിരിക്കുന്നു
ഉറി തന്നെ ഞാനും.
Post a Comment