Sunday, August 24, 2008

നാട്ടിലാകെ പാട്ടാകും

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരുടെ ഗണത്തിലേക്കുയരാന്‍ പ്രാപ്തിയുള്ള ഒരു ദേഹം കണ്‍മുന്നിലുണ്ടായിട്ടും ആരും ഗൌനിക്കുന്നില്ല. ഓരോ നാളത്തെയും മൊഴിമുത്തുകള്‍ പെറുക്കിയെടുത്ത് കൂട്ടിവച്ചാല്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്റെ ഗീതോപദേശം അതിനടുത്തെങ്ങുമെത്തില്ല. ഹാസ സാഹിത്യത്തിലാണെങ്കില്‍ കുഞ്ചനെയും ഇ വി യെയും എന്തിന്, പത്തനംതിട്ട കലക്ടറെപ്പോലും കടത്തിവെട്ടും. പ്രതിഭയോ? വെള്ളാപ്പള്ളി, നസിറുദ്ദീന്‍, സുകുമാരന്‍നായര്‍ എന്നിങ്ങനെയുള്ള അതുല്യപ്രതിഭകള്‍ നമിച്ചുപോവുകയേ ഉള്ളൂ. സാംസ്കാരിക നായകന്മാരില്‍ നല്ല 'റോള്‍സ് റോയിസു'തന്നെ. അങ്ങനെയൊരു മഹാന്‍ തലപ്പത്തിരിക്കുമ്പോള്‍ കെപിസിസി വളര്‍ന്നുയര്‍ന്ന് വിടര്‍ന്ന് പരിലസിക്കുമെന്നതില്‍ സന്ദേഹമെന്തിന് ഭവാന്മാര്‍ക്ക്?

പണ്ട് നാടകസംഘം നടത്തിയും പാട്ടുപാടിയും കഥാപ്രസംഗം നടത്തിയുമൊക്കെയാണ് കമ്യൂണിസ്റ്റുകാര്‍ പച്ചപിടിച്ചതെന്നും അങ്ങനെയാണ് 'കമ്യൂണിസ്റ്റ് പച്ച' ഉണ്ടായതെന്നും കണ്ടുപിടിച്ചത് ഈയിടെയാണ്. ഇനി കേരളത്തില്‍ 'കോഗ്രസ് പച്ച' വളര്‍ത്തിയേ അടങ്ങൂ എന്ന് തീരുമാനമെടുക്കാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. അല്ലെങ്കിലും പ്രതിഭാശാലികള്‍ കൂടുതല്‍ ആലോചിക്കില്ല; പ്രവര്‍ത്തിക്കുകയേ ഉള്ളൂ. അതുകൊണ്ട്, കെപിസിസി നാടകസംഘത്തിനു പുറമെ ഗായകസംഘവുംകൂടി തുടങ്ങാന്‍പോകുന്നു. ഇനി നാട്ടിലാകെ പാട്ടാകും. സംഗീതം അപാരമായ സാധ്യതയുള്ളതാണ്. മഴപെയ്യിക്കാനും രോഗം ശമിപ്പിക്കാനുമെല്ലാം സംഗീതം പ്രയോജനപ്പെടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ എതിരാളിയെ പാടിത്തോല്‍പ്പിക്കാനുള്ള സാങ്കേതികവിദ്യയും നിലവില്‍ വന്നിട്ടുണ്ടത്രേ. ഗായകസംഘത്തില്‍ ആളെ എടുക്കുന്ന പരിപാടിയാണ് അടുത്തത്. അതിന് ഹൈകമാന്‍ഡില്‍നിന്ന് ലിസ്റ്റ് വേണ്ടിവരും. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്‍തോലുമുള്ള മദ്ദളം വായിച്ചു ശീലമുള്ളവര്‍ കൂട്ടത്തില്‍ ആവശ്യത്തിലേറെയുണ്ട്. തെരഞ്ഞെടുക്കാന്‍ കേന്ദ്രനിരീക്ഷകര്‍ വരേണ്ടിവരും. വായ്പാട്ടുകാരുടെ സ്ഥിതിയും തഥൈവ. ഘനഗംഭീരശബ്ദമുള്ള ഹസ്സൈ ഭാഗവതര്‍, ശാരീര സൌകുമാര്യത്തിന്റെ ഭീഷ്മഗാനാചാര്യന്‍ കരുണാകരമുനി, ആറും രണ്ടും എട്ടുദിക്കും പൊട്ടുമാറ് പാടുന്ന ഷഡ്കാലാര്യാട ഭാഗവതര്‍, കളമൃദുവാണി ഉമ്മുച്ചാണ്ടിക്കുഞ്ഞ് തുടങ്ങിയവരോട് മത്സരിക്കാന്‍ മറ്റൊരു ഗാനകോകിലവും വളര്‍ന്നിട്ടില്ല. പിന്നെയോ? അമ്പട ഞാനേ. ഗായകസംഘത്തെ നയിക്കാന്‍ എന്നെക്കാള്‍ യോഗ്യതയുള്ള മറ്റാരെയും കാണുന്നില്ല. പാടാം നമുക്ക് പാടാം....

*

ഗായകരെ വിടുക. നല്ല ചില കഥാകാരന്മാര്‍ സമകാലിക മലയാളം, മാധ്യമം ദിനപത്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'കുടികഴിഞ്ഞൊരു ബീഡിയതും കുടിച്ചടരിനാഞ്ഞുവരും മദപൂരിതന്‍' കണക്കെ ആവേശത്തോടെ സൃഷ്ടികര്‍മം നടത്തുന്ന കഥാകാരന്മാരേ നിങ്ങള്‍ക്ക് നമോവാകം. കള്ളം പറയുന്നതിലുള്ള, അത് നന്നായി പറഞ്ഞു ഫലിപ്പിക്കുന്നതിലുള്ള വിരുതാണ് നിങ്ങളെ ഒരു നല്ല കഥാകൃത്താക്കുന്നതെന്ന് ആധുനിക തലമുറയിലെ പ്രതിഭയുള്ള കവി പറഞ്ഞത് വായിച്ചു. നിങ്ങള്‍ എത്ര കള്ളനും കൌശലക്കാരനും ആയിരിക്കുന്നുവോ അത്രയും നിങ്ങളുടെ കഥയും നന്നായിരിക്കും എന്നാണ് കവിയുടെ സിദ്ധാന്തം. ശരിതന്നെ. നല്ല കഥയ്ക്ക് മണ്ണിന്റെ മണമുണ്ടാകും. രണ്ടാം ഭൂപരിഷ്കരണത്തിന്റെ ചൂരുണ്ടാകും. 'സേവാബലമശക്തര്‍ക്ക്; ശക്തന്മാര്‍ക്കത് ഭൂഷണം, സേവകൊണ്ടു ജയിക്കുന്നു ഭൂമിയും മറ്റു ലോകവും' എന്നാണ് ശുപാര്‍ശാ ശാസ്ത്രം. അങ്ങനെ സേവകൊണ്ടും ശാസ്ത്രബോധംകൊണ്ടും മിടുക്കന്മാരായവര്‍ രചിക്കുന്ന കഥകള്‍ക്ക് പതിനൊന്നാമത്തെ കല്‍പ്പനയുടെ ബലമുണ്ടാകും.

മാധ്യമവീരനായ, സാധുജന ബാന്ധവനായ, പ്രകാശപൂരിതനായ ഒരു കഥാകൃത്ത് തുടര്‍ക്കഥയാണെഴുതിയത്-മൂന്നു ദിവസം. കഥ ചില ചോദ്യങ്ങളുടെ രൂപത്തിലാണ്. ശക്തനായ കഥാകാരന്‍ അതിശക്തമായ വാക്കുകളില്‍ ആജ്ഞാപിക്കുന്നു: "ഈ ഉത്തരങ്ങള്‍ കണ്ടെത്തിക്കൊണ്ടായിരിക്കണം മുതലാളിത്ത വികസനത്തിന് അടിത്തറ ഒരുക്കുന്ന വ്യവസായവല്‍ക്കരണത്തിനു കൃഷിഭൂമി വകമാറ്റേണ്ടത്''! ഉത്തരം കിട്ടിയില്ലെങ്കിലോ? ശിക്ഷിച്ചുകളയും. കുറ്റം നിസ്സാരമല്ല. അതിങ്ങനെ: "അതിനു തയ്യാറാകാതെ ഭൂപരിഷ്കരണത്തിന്റെ തുടര്‍ നടപടികളെ തള്ളിപ്പറയുന്നത് കേരളസമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്''!

ആ തെറ്റിനുള്ള ശിക്ഷയെന്തെന്നോ-പിണറായി, തോമസ് ഐസക് തുടങ്ങിയ കുറ്റക്കാരെ പിടിച്ച് നാലാം ലോകത്തിന്റെ കുരിശില്‍ തറയ്ക്കുകയും വലതുപക്ഷത്തിന്റെ മുള്‍ക്കിരീടം ചൂടിക്കുകയും ആഗോളവല്‍ക്കരണത്തിന്റെ ചാട്ടയ്ക്കടിക്കുകയും ചെയ്യും. ആള്‍ നല്ല കഥാകാരനാണ്. കഥയ്ക്കാധാരമായ മിച്ചഭൂമിക്കണക്ക് സ്വന്തമായുണ്ടാക്കും. 110 ലക്ഷം പേര്‍ക്ക് നാട്ടില്‍ ഭൂമിയില്ലെന്ന് സമര്‍ഥിക്കും. അവര്‍ക്കെല്ലാം ഒരേക്കര്‍വീതം കൊടുക്കാന്‍ ഭൂമിക്ക് ചന്ദ്രനിലോ ചൊവ്വയിലോ പോകേണ്ടിവരുമെന്നതിനാല്‍, തല്‍ക്കാലം ചെങ്ങറയിലെ ളാഹക്കുട്ടികള്‍ക്ക് കൊട് അഞ്ചേക്കര്‍ വീതം എന്നാണ് കഥാകാരന്റെ ആജ്ഞ. കല്ലേപ്പിളര്‍ക്കുന്ന ആജ്ഞയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ആരാണീ കഥാകാരന്‍? തൊടുപുഴയിലും തിരുവനന്തപുരത്തും നേരിട്ടും അല്ലാതെയും അദ്ദേഹം നടത്തിയ അധ്വാനത്തിന്റെ ഫലമല്ലിയോ ഈ സര്‍ക്കാര്‍തന്നെ. അതുകൊണ്ട് ആ മഹാപ്രതിഭയുടെ പിറക്കാതെ പോയ കുഞ്ഞാണല്ലോ സര്‍ക്കാരേ നീ. അച്ഛന്‍ പറയുന്നത് അനുസരിക്കണ്ടായോ?

ഈ കഥാകാരന്റെ ഉടപ്പിറന്നോന്‍ സമകാലിക മലയാളദേശത്ത് ആസ്ഥാന മുഖക്കുറിപ്പെഴുത്തുകാരനാണ്. ടിയാനാണ് പണ്ട് 'ചോറിങ്ങും കൂറങ്ങും' എന്ന തീസിസ് അവതരിപ്പിച്ച് വിപ്ളവാവേശം തെളിയിച്ചത്. ഇപ്പോള്‍ ചോറും കൂറും ഒരിടത്തുതന്നെയായതുകൊണ്ട് തലയില്‍ മുണ്ടിട്ട് സഹകരണബാങ്കില്‍ പോയി ചെക്ക് മാറി കച്ചവടം പൊലിപ്പിക്കേണ്ടതില്ല. പണം രൊക്കമായി ഗോയങ്ക കൊടുക്കും. അതുകൊണ്ട്, ഒരിടത്തിരുന്ന് ഗവേഷണംതന്നെയാണ്. ഒടുവിലത്തെ പ്രബന്ധം 'തോമസ് ഐസക്കിന്റെ നിയോ ലിബറല്‍ നയരേഖ' എന്നാണ്. "ഗവമെന്റിന്റെ അധീനതയിലുള്ള മിച്ചഭൂമി വ്യവസായികള്‍ക്കു നല്‍കാനുള്ളതാണെന്നും ഒരിഞ്ചു മണ്ണിനുവേണ്ടി കാത്തുകഴിയുന്നവര്‍ക്ക് നല്‍കാനുള്ളതല്ലെന്നും'' സിപിഎം ഒരു നയരേഖയിറക്കിയിട്ടുണ്ടെന്നാണ് തീസിസ്. ഈ സിപിഎം ഏതു സിപിഎമ്മാണ്? കേരളത്തിലെ സിപിഐ എം ഇറക്കിയ ഒരു രേഖയിലും എത്ര മുങ്ങിത്തപ്പിയിട്ടും ശതമന്യു അങ്ങനെയൊന്ന് കാണുന്നില്ല. അതോടെയാണ് മനസ്സിലായത്, നല്ല കഥാകാരന്‍ നല്ല കള്ളം പറയുന്ന മിടുക്കന്‍ തന്നെയെന്ന്. "വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന അവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഹോ കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ'' എന്നാണ് ക്ളൈമാക്സില്‍ കഥാകൃത്ത് എഴുതുന്നത്. അതുതന്നെ ശതമന്യുവിനും തോന്നുന്നു. അഹോ കഷ്ടം.

*

ഇനി ഒരു പോസ്റ്റ്മോര്‍ട്ടമാണ്. രാഷ്ട്രീയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് പങ്കില്ല എന്ന ശീര്‍ഷകത്തില്‍ 'പച്ചക്കുതിര' മാസികയില്‍ വന്ന ഒരഭിമുഖത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

" വാര്‍ത്താ മാധ്യമങ്ങള്‍ അവരുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങളും മറ്റു പലതരത്തിലുള്ള അറിവുകളും വച്ചുകൊണ്ടായിരിക്കും റിപ്പോര്‍ട്ടെഴുതുക. നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുണ്ട്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം മുറിയിലെ വിവരങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത മനോരമയുടെ ലേഖകരാരുംതന്നെ സംഭവദിവസം മോര്‍ച്ചറിയില്‍ എത്തിയിരുന്നില്ല എന്നാണ് എനിക്കു ലഭിച്ച അറിവ്. ശനിയാഴ്ച സംഭവിച്ച മരണം മറ്റെല്ലാ മാധ്യമങ്ങളും അവരവരുടെ ലേഖകരെ നേരിട്ട് നിയമിച്ചാണ് വിവരം ശേഖരിച്ചത്. അവര്‍ ശേഖരിച്ച് കൈമാറിയ വിവരങ്ങളില്‍ ശരിയുണ്ടാകാം; തെറ്റുണ്ടാകാം. പക്ഷേ ലേഖകനെ അയക്കാതിരുന്ന പത്രത്തിന് ആരാണ് റിപ്പോര്‍ട്ടുണ്ടാക്കിക്കൊടുത്തതെന്ന് എനിക്കറിയില്ല. ഒരു ലേഖകനെ അയക്കാന്‍ പിശുക്കുകാണിച്ച ഈ പത്രം പക്ഷേ അധ്യാപകന്റെ മരണത്തിന്റെ അനുബന്ധ വാര്‍ത്തകള്‍ക്ക് സ്ഥലംകൊടുക്കാന്‍ യാതൊരു പിശുക്കും കാണിച്ചില്ല. സ്ക്വയര്‍ ഫൂട്ട് കണക്കിലാണ് സ്ഥലം അനുവദിച്ചത്. രണ്ടാംതരം വാര്‍ത്തകള്‍ എങ്ങനെയുണ്ടാകും എന്ന പത്രപ്രവര്‍ത്തനരീതിയുടെ ഉദാഹരണമായിട്ടേ ഞാനിതിനെ കാണുന്നുള്ളൂ.''

സന്ദര്‍ഭം ജെയിംസ് അഗസ്റ്റിന്‍ എന്ന അധ്യാപകന്റെ മരണമാണ്. ലീഗുകാരുടെ അടിയും തൊഴിയുമേറ്റ് 'എത്തേണ്ടിടത്ത് എത്തി' എന്ന് വീക്ഷണം പത്രം കണ്ടെത്തിയ അതേ ജെയിംസ് അഗസ്റ്റിന്‍ മരണം. മനോരമ എഴുതിയത്, അന്ന് പോസ്റ്റ് മോര്‍ട്ടം ടേബിളിനരികെ മന്ത്രി എം എ ബേബി ചെന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ്. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും അതേറ്റുപാടി. അതിനു മറുപടിയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ. ഷര്‍ലി വാസു പറഞ്ഞത്. ഇപ്പോള്‍ മനസ്സിലായില്ലേ, കഥാകാരന്മാര്‍ക്കു മാത്രമല്ല, മനോരമയ്ക്കും മിടുക്കും കൌശലവുമുണ്ടെന്ന്. അതുകൊണ്ടാണല്ലോ ജനലക്ഷങ്ങള്‍ അണിചേര്‍ന്ന പണിമുടക്കിനെ അപമാനിക്കാന്‍ ഒരമ്മയുടെ പുത്രവിയോഗ ദുഃഖം വില്‍പനച്ചരക്കാക്കിയത്. അര്‍ബുദം ബാധിച്ച് കുഞ്ഞ് മരിച്ചതിന്റെ വേദനയില്‍ വിങ്ങിപ്പൊട്ടിയ അമ്മയുടെ കണ്ണുനീര്‍ പണിമുടക്കിനെതിരായ കണ്ണീരാക്കി മാറ്റാന്‍ അച്ചായന്റെ കുഞ്ഞുങ്ങള്‍ കാട്ടിയ ആവേശം കണ്ടപ്പോള്‍ പലരും ധരിച്ചുപോയത്, ആ കുഞ്ഞിനെ പണിമുടക്കുകാര്‍ കൊന്നതാണോ എന്നാണ്. ഉമ്മന്‍ചാണ്ടി ആഹ്വാനം നല്‍കിയ ഹര്‍ത്താലില്‍ റോഡില്‍ കുടുങ്ങി പാവപ്പെട്ട ഗര്‍ഭിണി മരിച്ചപ്പോഴുണ്ടാകാത്ത വ്യഥ അച്ചായനും കുട്ടികള്‍ക്കുമുണ്ടാകുമ്പോള്‍ മനസ്സിലാക്കിക്കൊള്ളണം ഏതോ തെരഞ്ഞെടുപ്പ് അടുത്തുവരികയാണെന്ന്.

*

ബീജിങ് ഒളിമ്പിക്സില്‍ അഞ്ജു ബോബി ജോര്‍ജിന്റെ ചാട്ടം പിഴച്ചു. അത് ഒരു മാര്‍ക്സിസ്റ്റ് ഗൂഢാലോചനയാകാന്‍ വഴിയുണ്ട്. ചൈനയിലെ സഖാക്കളും കേരളത്തിലെ സഖാക്കളും ഒത്തുകളിച്ച് ചാട്ടം പിഴപ്പിച്ചതാകാം. പ്രതിഭാശാലികളായ പത്രകഥാകൃത്തുക്കളേ, അച്ചായന്റെ പൊന്നുമക്കളേ, ആ വഴിക്ക് ചിന്തിക്കുക.

4 comments:

ശതമന്യു said...

ബീജിങ് ഒളിമ്പിക്സില്‍ അഞ്ജു ബോബി ജോര്‍ജിന്റെ ചാട്ടം പിഴച്ചു. അത് ഒരു മാര്‍ക്സിസ്റ്റ് ഗൂഢാലോചനയാകാന്‍ വഴിയുണ്ട്. ചൈനയിലെ സഖാക്കളും കേരളത്തിലെ സഖാക്കളും ഒത്തുകളിച്ച് ചാട്ടം പിഴപ്പിച്ചതാകാം. പ്രതിഭാശാലികളായ പത്രകഥാകൃത്തുക്കളേ, അച്ചായന്റെ പൊന്നുമക്കളേ, ആ വഴിക്ക് ചിന്തിക്കുക.

Anonymous said...

എല്ലാം കൂടി കൂട്ടിക്കുഴച്ച് കമന്‍റെഴുതാന്‍ ഉള്ള താത്പര്യവും ഇല്ലാതാക്കി.

Anonymous said...

മാത്തുക്കുട്ടിച്ചായന്റെ കടലാസിന്റെ പ്രൊഫഷണലിസം അറിയാത്തതുകൊണ്ടാണ് ശതമന്യു റിപ്പോര്‍ട്ടറില്ലാതെ വാര്‍ത്തയുണ്ടാക്കിയതിനെ കളിയാക്കുന്നത്. ദാരിദ്യം മാറാത്ത വികസനവും, തൊഴിലില്ലാത്ത വളര്‍ച്ചയും, പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാത്ത ജനാധിപത്യവും ഉള്ള നാട്ടില്‍ വാര്‍ത്തക്കെന്തിനാ ശതമന്യൂ റിപ്പോര്‍ട്ടര്‍? അയാളെങ്ങാനും വല്ല സത്യോം പറഞ്ഞാ പോയില്ലെ കഥാന്ത്യം.

എന്‍.സി.പിയിലെ കുട്ടന്‍ ചുളുവിലക്കൊരു ചാനല്‍ സംഘടിപ്പിച്ചല്ലോ. 20 കോടി. പീനട്ട്സ് എന്ന് സായിപ്പ് പറയുന്ന തുക. തുക ചെറുതായതു കൊണ്ട് ആരും അറിഞ്ഞില്ല, കാശെവിടുന്നാ കുഞ്ഞേ എന്നു ചോദിച്ചുമില്ല. ശതമന്യു പോലും. അപ്പോ ഇത്രയേ ഉള്ളൂ സ്നേഹം.

പുരുഷ വനിതാ അമേരിക്കന്‍ റിലേ ടീമുകളുടെ ബാറ്റണ്‍ തെറിപ്പിച്ചതിനു പിന്നിലും ഒരു സാമ്രാജ്യത്വവിരുദ്ധ ഗൂഢാലോചന ഉണ്ടെന്നു കേള്‍ക്കുന്നു. ശരിയാണോ?

neerkkuneer said...

കോണ്‍ഗ്രസ് ഗായക സംഘം തുടങ്ങുന്നെങ്കില്‍ തുടങ്ങട്ടെ. ബദലുക്ക് ബദല്‍ വേണ്ടാമാ?